Middle East

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരെ അവരറിയാതെ മയക്കുമരുന്നുകള്‍ കടത്താന്‍ ഉപയോഗിക്കുകയും തിരിച്ച് ഇന്ത്യയിലേക്ക് സ്വര്‍ണം കള്ളക്കടത്ത് നടത്തിക്കുന്നതുമൊക്കെ നിരവധി തവണ വാര്‍ത്തകളായിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള മുഹമ്മദ് ഷരീഖ്, ഒനിബ ഖുറേഷി ദമ്പതികള്‍ ഇത്തരമൊരു ചതിയില്‍ കുടുങ്ങി ഖത്തറിലെ ജയിലില്‍ കഴിയുന്നതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബമെന്ന്പറയുന്നു.

2018-ല്‍ വിവാഹം കഴിഞ്ഞ ഷരീഖും ഒനിബയും തങ്ങളുടെ ഹണിമൂണിനായി ബാങ്കോക്കില്‍ പോയിരുന്നു. ഒരു ജാപ്പനീസ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷരീഖ്. ഒനിബ മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അസി. മാനേജരായും. 2019 ജൂലൈയിലാണ് ഇവരുടെ ജീവിതം ആകെ മാറിമറിയുന്ന സംഭവമുണ്ടാകുന്നത്. ഒരിക്കല്‍ കൂടി ഹണിമൂണിനു പോകാന്‍ ഷരീഖിന്റെ പിതാവിന്റെ സഹോദരി തബസും റിയാസ് ഖുറേഷി ദമ്പതികളെ നിര്‍ബന്ധിച്ചു. വിവാഹ സമ്മാനമായി അവര്‍ തന്നെ ട്രിപ്പ്‌ സ്പോണ്‍സര്‍ ചെയ്യുകയും ചെയ്തു. സ്‌നേഹത്തോടെയുള്ള ഈ നിര്‍ദേശം മനസില്ലാമനസോടെയെങ്കിലും ഇരുവരും സ്വീകരിച്ചു. എന്നാല്‍ ഖത്തറിലേക്ക് പോകേണ്ടതിന് രണ്ടു ദിവസം മുമ്പാണ് ഒനിബ ഗര്‍ഭിണിയായി എന്ന വിവരമറിയുന്നത്. ഇതോടെ യാത്ര പൂര്‍ണമായും വേണ്ടെന്ന് വയ്ക്കാനായിരുന്നു ഇവരുടെ ആലോചന. എന്നാല്‍ തബസുമിന് അതത്ര ഇഷ്ടപ്പെട്ടില്ല. ഇരുവര്‍ക്കും വേണ്ടി താന്‍ അതിനകം ധാരാളം പണം ഖത്തറില്‍ ചെലവഴിച്ചു കഴിഞ്ഞെന്നും ഇനി പോകാതിരുന്നാല്‍ തന്റെ പണം മുഴുവന്‍ നഷ്ടപ്പെടുമെന്നുമായിരുന്നു തബസും പറഞ്ഞത്.

നിര്‍ബന്ധം കൂടിയതോടെ ഒനിബയുടെ അമ്മയും പോയി വരാന്‍ മകളോട് പറഞ്ഞു. ജൂലൈ ആറിന് ഇരുവരും പോകുന്നതിനു മുമ്പ് തബസും അവരെ ഒരു ബാഗ് ഏല്‍പ്പിച്ചു. അതില്‍ പുകയില ആണെന്നും ഖത്തറിലെത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞാല്‍ ഒരാള്‍ അവിടെ വന്ന് ബാഗ് വാങ്ങിക്കൊണ്ടു പോകും എന്നുമായിരുന്നു തബസും പറഞ്ഞത്. ഇരുവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാകട്ടെ ബംഗളുരു വിമാനത്താവളത്തില്‍ നിന്നും. മുംബൈയില്‍ നിന്ന് ബസില്‍ ബംഗളുരുവിലെത്തി ഇരുവരും ഖത്തറിലേക്ക് പറന്നു. അവിടെ അവരെ കാത്തിരുന്നതാകട്ടെ ജയിലും.

നിര്‍ബന്ധം കൂടിയതോടെ ഒനിബയുടെ അമ്മയും പോയി വരാന്‍ മകളോട് പറഞ്ഞു. ജൂലൈ ആറിന് ഇരുവരും പോകുന്നതിനു മുമ്പ് തബസും അവരെ ഒരു ബാഗ് ഏല്‍പ്പിച്ചു. അതില്‍ പുകയില ആണെന്നും ഖത്തറിലെത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞാല്‍ ഒരാള്‍ അവിടെ വന്ന് ബാഗ് വാങ്ങിക്കൊണ്ടു പോകും എന്നുമായിരുന്നു തബസും പറഞ്ഞത്. ഇരുവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാകട്ടെ ബംഗളുരു വിമാനത്താവളത്തില്‍ നിന്നും. മുംബൈയില്‍ നിന്ന് ബസില്‍ ബംഗളുരുവിലെത്തി ഇരുവരും ഖത്തറിലേക്ക് പറന്നു. അവിടെ അവരെ കാത്തിരുന്നതാകട്ടെ ജയിലും.

“ഒനിബയ്ക്ക് പോകണമെന്നില്ലായിരുന്നു. പക്ഷേ ഷരീഖിന്റെ അമ്മായി അവര്‍ക്കുള്ള വിവാഹ സമ്മാനമാണ് യാത്രയെന്നും പോകണമെന്നും നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാനും പറഞ്ഞു അവളോട് പൊയ്‌ക്കൊള്ളാന്‍. അവളെ പോകാന്‍ അനുവദിക്കാതിരുന്നെങ്കില്‍…”, ഒനിബയുടെ അമ്മ പര്‍വീണ്‍ പറഞ്ഞു. തങ്ങളുടെ മക്കള്‍ നിരപരാധികളാണെന്ന് അറിയാവുന്നതിനാല്‍ ഇരുവരുടേയും കുടുംബം കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രി, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയവര്‍ക്കെല്ലാം അപേക്ഷകള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒനീബയുടെ പിതാവ് ഷക്കീല്‍ അഹമ്മദ് ഖുറേഷി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് തബസുമിനും അവരുടെ കൂട്ടാളിയായ കാരയ്ക്കും എതിരെ പരാതി നല്‍കി. ഖത്തറിലേക്ക് പോകാന്‍ തന്റെ മരുമകനെ തബസും വൈകാരികമായി സമ്മര്‍ദ്ദം ചെലുത്തിയതിന്റെ തെളിവുകളും അദ്ദേഹം കൈമാറി. തുടര്‍ന്ന് ഏറെ നാളെത്തെ നിരീക്ഷണത്തിനു ശേഷം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആറു പേരെ അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 14-ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കാരയെ പിടികൂടിയപ്പോള്‍ ഷരീഖിനേയും ഒനിബയേയും കുടുക്കിയതാണെന്ന് സമ്മതിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരും ഖത്തറിലെ ഇന്ത്യന്‍ എംബസിയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഇരുവരെയും മോചിപ്പിക്കാന്‍ ഇപ്പോള്‍ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരത്തില്‍ നിരവധി പേരാണ് ചതിയില്‍ പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നതെന്നും കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ട്. യാതൊരു വിധത്തിലും സംശയം ജനിപ്പിക്കാത്തവരെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് നടത്തുന്നത് കൂടിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുംബൈ, ബംഗളുരു, പൂനെ തുടങ്ങിയ വിമാനത്താളവങ്ങളില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷം മുമ്പ് ഖത്തറിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ 27-കാരിയില്‍ നിന്ന് 23.35 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മൂന്ന് പുസ്തങ്ങളുടെ കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലും 13 ജോഡി വളകള്‍ക്കുള്ളിലും ലഗേജ് ബാഗിന്റെ കൈപ്പിടികള്‍ക്കുള്ളിലുമായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. ചതിവില്‍ പെടുത്തി മയക്കുമരുന്ന് കടത്താന്‍ നോക്കിയ സംഭവമായിരുന്നു ഇതെന്നും പോലീസ് പറയുന്നു. ഇത്തരത്തില്‍ വിദേശത്തേക്ക് പോകുന്നവരെ കണ്ടെത്താനും അവര്‍ക്ക് ടിക്കറ്റ് അടക്കമുള്ളവ ഏര്‍പ്പാടാക്കാനും കമ്മീഷന്‍ വ്യവസ്ഥയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നുണ്ട് എന്നാണ് പോലീസ് പറയുന്നത്. തിരികെ വരുന്ന ഇവരെ സ്വര്‍ണം കടത്താനും ഉപയോഗപ്പെടുത്തും.

ഒമാനില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ 2,63,000 പ്രവാസികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ(എന്‍സിഎസ്‌ഐ) കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 118,000 ത്തിലധികം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് എന്‍സിഎസ്‌ഐ റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്ത് പ്രവാസികളുടെ എണ്ണത്തില്‍ 16.4 ശതമാനത്തിന്റെ കുറവുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്.

2019 അവസാനത്തോടെ രാജ്യത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്‌രതിരുന്ന 1,712,798 പ്രവാസി ജീവനക്കാരില്‍ 2020 സെപ്റ്റംബറില്‍ ഇത് 1,449,406 എന്ന നിലയിലായി. 2020 ല്‍ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ കണക്കെടുത്തപ്പോഴാണ് 263,392 പ്രവാസികള്‍ ഒമാന്‍ വിട്ടതായി കണ്ടെത്തിയത്. അതേസമയത്ത് പൊതു-സ്വകാര്യ മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ക്കും തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ ഒന്‍പത് മാസങ്ങളിലായി സര്‍ക്കാര്‍ മേഖലയില്‍ 22.4 ശതമാനവും സ്വകാര്യ മേഖലയില്‍ 17.1 ശതമാനവും പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായി. അതായത്, നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ 54,687 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42,989 പേരാണുള്ളത്. സ്വകാര്യ മേഖലയില്‍ 13,63,955ല്‍ നിന്നും പ്രവാസികളുടെ എണ്ണം 11,48,177 ആയി കുറഞ്ഞു.

രാജ്യത്ത് താമസിക്കുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മടങ്ങിപ്പോയ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്. രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 20.5 ശതമാനത്തിന്റെ കുറവുണ്ടായി. ബംഗ്ലാദേശ് സ്വദേശികളാണ് ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവുമധികം ഉള്ളത്.

യെമനില്‍ വധശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതോടെ ദയാധനം ഉള്‍പ്പെടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.

2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണു നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. നഴ്‌സായ നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാലിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ സഹായത്തിന്റെ മറവില്‍ ക്ലിനിക്കിലെ പണം തട്ടിയെടുക്കാനുള്ള തലാലിന്റെ ശ്രമം നിമിഷ ചോദ്യം ചെയ്തത് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇതിനിടെ, വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്‌തെന്നു കാണിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡീപ്പികയും ചെയ്തു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയായി. കൊടിയ പീഡനങ്ങള്‍ക്കൊടുവിലായിരുന്നു തലാലിനെ നിമിഷ കൊലപ്പെടുത്തിയത്. നിമിഷയെ സഹായിച്ച നഴ്സ് ഹനാന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

സാഹചര്യങ്ങളും അനുഭവിച്ച പീഡനങ്ങളും ചൂണ്ടിക്കാട്ടി, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ സമര്‍പ്പിച്ച അപ്പീല്‍ ആഗസ്റ്റ് 26ന് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തു. 90 ദിവസത്തിനകെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വധശിക്ഷക്കെതിരെ നിമിഷയുടെ അഭിഭാഷകര്‍ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനു മുന്നില്‍ വാദിക്കണം. തലാലിന്റെ കുടുബവുമായി സംസാരിച്ച് ദയാധനം ലഭ്യമാക്കി കേസ് തീര്‍പ്പാക്കുന്നതിനാണ് എംബസി ഉദ്യോഗസ്ഥരും സാമുഹിക പ്രവര്‍ത്തകരും ശ്രമിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരമേറിയ ജലധാര എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡിന് അര്‍ഹമായി ദുബായിലെ പാം ഫൗണ്ടന്‍.പാം ജുമേരയിലെ നഖീല്‍ മാളിന്റെ ഉടമസ്ഥതയിലുള്ള ദ പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ഈ ജലധാരയുള്ളത്. ഇവിടെ 105 മീറ്റര്‍ വരെ ഉയരത്തില്‍ ജലധാര ഉയര്‍ന്ന് പൊങ്ങും. 14,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പാം ഫൗണ്ടന്‍ മൂവായിരത്തിലേറെ എല്‍.ഇ.ഡി. ലൈറ്റുകളുടെ പ്രകാശത്തോടെയാണ് മുകളിലേക്ക് ഉയരുന്നത്. ഫൗണ്ടനിലെ വെള്ളത്തിന്റെ നിറം ഇഷ്ടാനുസരണം മാറ്റാനും സംവിധാനമുണ്ട്.

മാന്ത്രിക വെടിക്കെട്ട് പ്രദര്‍ശനം ഉള്‍പ്പെടെയുള്ള തത്സമയ വിനോദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരിപാടി. മധ്യപൂര്‍വ ദേശത്തെ ഏറെ പ്രിയപ്പെട്ടതും അവാര്‍ഡ് നേടിയതുമായ ഡിസ്‌നി ഗാനങ്ങളില്‍ രണ്ടെണ്ണം – ലെറ്റ് ഇറ്റ് ഗോ ഫ്രോസണ്‍, അലാഡിനില്‍ നിന്നുള്ള എ ഹോള്‍ ന്യൂ വേള്‍ഡ് എന്നിവയും അവതരിപ്പിച്ചു. ജലധാരയുടെ പതിവ് പരിപാടിയുടെ ഭാഗവുമാണിത്. വര്‍ഷം മുഴുവനും സൂര്യാസ്തമയം മുതല്‍ അര്‍ധരാത്രി വരെ ഈ ജലധാര പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു, ഖലീജി, പോപ്പ്, ക്ലാസിക്, ഇന്റര്‍നാഷനല്‍ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഗാനങ്ങളുടെ ഒരു നിരയിലേക്ക് അഞ്ച് വ്യത്യസ്ത വ്യതിയാനങ്ങളുള്ള 20-ലധികം ബെസ്പോക്ക് ഷോകള്‍ സന്ദര്‍ശകരെ ആനന്ദിപ്പിക്കും.

ഷോകള്‍ മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുകയും ഓരോ 30 മിനിറ്റിലും നടത്തുകയും ചെയ്യും. ഫൗണ്ടന്‍ പൊതുജനങ്ങള്‍ക്കും കാണാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയത്തായിരിക്കും ഫൗണ്ടന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് നഖീല്‍ മാള്‍ അധികൃതര്‍ അറിയിച്ചു.

 

 

View this post on Instagram

 

*⁣⁣⁣⁣ تعرفوا معنا على أكبر نافورة في العالم والتي تمتد على مساحة 7,327 متر مربع.⁣ ⁣ عملت “نخيل” على تشيد النافورة العملاقة والتي تدعى “نافورة النخلة” في “النخلة جميرا” في إمارة #دبي.⁣ ⁣ كما تتميز النافورة بوجود 3 آلاف مصباح ومضخات عملاقة تقذف الماء إلى ارتفاع 105 أمتار مضيئة بأنوارها سماء المدينة.⁣ ⁣ هل ستقومون بزيارة نافورة النخلة؟⁣ ⁣ ⁣ ⁣ Discover the world’s largest fountain measuring at a whopping 7,327 m² by @nakheelofficial (UAE).⁣ ⁣ The record-breaking fountain named “The Palm Fountain” was designed with different color and brightness controls. ⁣ ⁣ Located at @thepointepalm at Palm Jumeirah, #ThePalmFountain show creates harmony while dancing to songs from all around the world.⁣ ⁣ The fountain is capable of blasting water up to 105 meters high! with 3,000 LED lights, the dancing fountain lights up the skies.⁣ ⁣ Will you visit the Palm Fountain?⁣ ⁣ _______________________⁣ ⁣ #GUINNESSWORLDRECORDS #GWR #OFFICIALLYAMAZING #fountain #water #travel #photography #city #art #waterfountain #mall #Dubai #UAE⁣ #غينيس_للأرقام_القياسية #أرقام_قياسية

A post shared by Guinness World Records Arabia (@gwrarabia) on

കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിദേശ സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് പുനഃരാരംഭിക്കുന്നു. ലോകത്തൊട്ടാകെയായി 33 ഇടങ്ങളിലേക്കാണ് നവംബറില്‍ സര്‍വീസ് പുനഃരാരംഭിക്കുക എന്നാണ് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ആദ്യ ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ് എല്ലാ വിമാന സര്‍വീസും ഓപ്പറേറ്റ് ചെയ്യുക. ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.

യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക് അനുവദിക്കുക. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക എന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

കുവൈറ്റില്‍ ജനസംഖ്യ സന്തുലിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള കരട് നിയമത്തിന് കുവൈറ്റ് ദേശീയ അസംബ്ലിയുടെ ഏകകണ്ഠമായ അംഗീകാരം. വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന കരട് ബില്‍ സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു.

പ്രവാസി പൗരത്വത്തിനായി മുമ്പ് നിര്‍ദ്ദേശിച്ച ക്വാട്ട സമ്പ്രദായം നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികള്‍ അവതരിപ്പിച്ച ശേഷമാണ് പുതിയ നിയമനിര്‍മാണം പാര്‍ലമെന്റ് പാസാക്കിയത്. നിര്‍ദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തു നിന്നുമുള്ള വിദേശികളുടെ പരമാവധി എണ്ണം എന്നിവ നിര്‍ണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും.

അടുത്ത 12 മാസത്തിനുള്ളില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കണമെന്ന് നിയമം അനുശാസിക്കുന്നുവെന്ന് പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ജനസംഖ്യാ സന്തുലനം നടപ്പിലാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്ന വ്യവസ്ഥയോട് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് നിലവില്‍ തുടരുന്ന ജനസംഖ്യയില്‍ വിദേശി അനുപാതം കുറയക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകളാണ് കരട് നിയമത്തില്‍ ഉള്‍പ്പെടുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിന്റെ സുപ്രധാന ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിലെ എല്ലാ പ്രവാസി ജോലികളും മാറ്റിസ്ഥാപിക്കാന്‍ കുവൈറ്റ് എംപിമാര്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനിലെയും (കെപിസി) അനുബന്ധ സ്ഥാപനങ്ങളിലെയും പ്രവാസികളുടെ തൊഴില്‍ 2020-21 വര്‍ഷത്തേക്ക് നിരോധിക്കുമെന്ന് ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ പ്രവാസി ജോലിക്കാരെയും ഉടന്‍ പിരിച്ചുവിട്ട് പകരം കുവൈറ്റികളെ നിയമിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയും മെയ് മാസത്തില്‍ അറിയിച്ചിരുന്നു. അതേസമയം വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നതിനെതിരെ വിവിധ മേഖലകളില്‍ നിന്നും എതിര്‍ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

സലാല ∙ ഒമാനില്‍ കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവത്തും കടവില്‍ മുരളീധരന്‍ (67) ആണ് മരിച്ചത്. ഒരു മാസത്തോളമായി ചികിത്സയില്‍ ആയിരുന്നു.

കോവിഡ് ബാധിച്ച് ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

45 വര്‍ഷമായി മുരളീധരന്‍ സലാലയില്‍ പ്രവാസിയാണ്. സലാല ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ആയിരുന്നു. ഭാര്യ: സത്യ മുരളി. മക്കള്‍: പ്രശാന്ത്, അമിത്. ഭാര്യയും ഒരു മകനും സലാലയിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സലാലയില്‍ സംസ്‌കരിക്കും.

അബുദാബിയില്‍ വാഹനാപകടത്തില്‍ തൃശുര്‍ സ്വദേശിക്ക് ദാരുണാന്ത്യം. മണലൂര്‍ ഗവ. ഐടിഐക്കു സമീപം അതിയുന്തന്‍ ആന്റണിയുടെ മകന്‍ ലിനിനാണ് മരിച്ചത്. 27 വയസ്സായിരുന്നു. ശവ സംസ്‌കാരം നാളെ പത്തിനു കാരമുക്ക് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് പള്ളിയില്‍.

കഴിഞ്ഞ ശനി പുലര്‍ച്ചെ നാലിനായിരുന്നു അപകടം സംഭവിച്ചത്. ജോലിസ്ഥലത്തേക്കു പോകുന്നിതിനിടെ ലിനിന്‍ സഞ്ചരിച്ച മിനി ബസ് കാറിലിടിച്ചു മറിയുകയായിരുന്നു. ഉടന്‍ തന്നെ ലിനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബുദാബി മഹാവി അഡ്‌നോക്കിലെ സ്റ്റാര്‍ ബാര്‍ക്‌സിലെ ജീവനക്കാരനാണ്.

കുവൈത്ത് സിറ്റി : മലയാളി നഴ് സ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. ഹോം കെയർ നഴ്സായിരുന്ന റാന്നി കുടമുരട്ടി സ്വദേശിനി സുമകുമാരിയാണ് (48 ) മരിച്ചത്. അബ്‌ദുല്ല അൽ മുബാറക് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ മാസമാണ് കുവൈത്തിലെത്തിയത്.മൃതദേഹം പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്‌കരിക്കും.

സുമകുമാരിയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

കാഞ്ഞിരത്താനം: അറയ്ക്കപറമ്പിൽ ജിജി സ്കറിയായുടെ (കെഒസി, കുവൈത്ത്) ജാൻസിയുടെയും(എംഒഎച്ച്, കുവൈത്ത്) മകൾ ജ്യോതിസ് ജിജി (കുക്കു – 19) അന്തരിച്ചു. സംസ്കാരം ഇന്ന് 10 .30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ജ്യോതിസ് കൊച്ചിയിൽ സി എ വിദ്യാർത്ഥിനിയായിരുന്നു.

RECENT POSTS
Copyright © . All rights reserved