Middle East

കോവിഡ് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതി ഒരു മാസം പിന്നിടുമ്പോൾ കേരളത്തിലേക്ക് കുടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഒരുങ്ങുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ജൂണ്‍ ഒമ്പത് മുതലുള്ള ദിവസങ്ങളിൽ പ്രതിദിനം 12 വിമാനങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്നായി കേരളത്തിലെത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വന്ദേ ഭാരത് ദൗത്യത്തിന് പുറത്ത് 420 ചാര്‍ട്ടേഡ് വിമാനങ്ങളും പ്രവാസികളുമായി നാട്ടിലെത്തും. കണക്കുകൾ പ്രകാരം ജൂൺമാസത്തിൽ പ്രവാസികളുടെ വലിയൊരു സംഘം കേരളത്തിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നല്‍കുന്ന സൂചന. ഈ സാഹചര്യത്തിൽ കൂടുതല്‍ പേരെ സ്വീകരിക്കാനും ഇവർക്ക് വേണ്ട സൗകര്യങ്ങൾ തയ്യാറെടുക്കുന്നതിനും ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒരു വിമാനത്തിൽ ശരാശരി 170 പേര്‍ എത്തിയാൽ 40,800 പേർ വന്ദേ ഭാരത് ദൗത്യം മുഖേന മാത്രം കേരളത്തിലെത്തും. പുറമെയാണ് വിവിധ കെഎംസിസി ഉൾപ്പെടെ ഒരുക്കുന്ന ചാർട്ടേ‍ഡ് വിമാനങ്ങൾ. 420 വിമാനങ്ങളിൽ ഇത് പ്രകാരം 71,000 ആളുകളും നാട്ടിലെത്തും. അതായത് ജൂൺ മാസത്തിൽ ഒന്നേക്കാൽ ലക്ഷത്തോളം പേർ വിദേശരാജ്യങ്ങളിൽ നിന്ന് മാത്രം നാട്ടിലെത്തും.

ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ രാജ്യത്തിന് പുറത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി ആകെ 1,79,294 പേരാണ് കേരളത്തിൽ എത്തിയത്. എയര്‍പോര്‍ട്ടുകൾ വഴി 43,901 പേരും കപ്പല്‍ മാര്‍ഗ്ഗം 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,17,232 പേരും ട്രെയിന്‍ മാർഗ്ഗം 16,540 പേരും സംസ്ഥാനത്ത് ഒരുമാസത്തിനിടെ എത്തിയിട്ടുണ്ട്. ട്രെയിൻ സർവീസുകളും, പൊതുഗതാഗതവും, അന്തർ സംസ്ഥാന യാത്രകളും ഇളവുകൾക്ക് പിന്നാലെ വര്‍ദ്ധിക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണവും കൂടും.

കഴിഞ്ഞ ഒരുമാസം ഉണ്ടായ പ്രവാസികളുടെ മടക്കത്തോടെ കേരളത്തിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണവും ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‌ 1029 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1615 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഈ കണക്ക് പരിശോധിച്ചാൽ കേരളത്തിലെ രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധന വരുമാസങ്ങളിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടിവരും.

ഈ സാഹചര്യം ഉൾപ്പെടെ കണക്കിലെടുത്താണ് ക്വാറന്റീന്‍, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. തദ്ദേശ, ആരോഗ്യ, ദുരന്തനിവാരണ വകുപ്പുകളോടാണ് ചീഫ് സെക്രട്ടറി ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം കൂടന്ന സാഹചര്യത്തിൽ താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റീൻ കേന്ദ്രങ്ങളാക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുന്നത്. ആശുപത്രികൾക്കുപുറമേ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ തുറക്കും. കോവിഡ് സമൂഹവ്യാപനം പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായാണ് (സി.എഫ്.ടി.സി.) തദ്ദേശസ്ഥാപനങ്ങൾ സജ്ജീകരിക്കുക. രോഗം സ്ഥികരിച്ചവർക്ക് ഐസൊലേഷനുള്ള സൗകര്യവും, നിരീക്ഷണത്തിലുള്ളവർക്ക് വാർഡുമാണ് ഇതിലുണ്ടാവുക. ആവശ്യമെങ്കിൽ 48 മണിക്കൂറിനുള്ളിൽ കേന്ദ്രങ്ങൾ സജ്ജമാക്കാനാണു നിർദേശം. ഹോസ്റ്റലുകൾ, അടഞ്ഞുകിടക്കുന്ന ആശുപത്രികൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ആയുർവേദകേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, മത-സമുദായ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കുക.

കെട്ടിടം സൗജന്യമായിട്ടായിരിക്കും ദുരന്തനിവാരണനിയമപ്രകാരം ഏറ്റെടുക്കുക. ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് മുറികൾ, നിരീക്ഷണ മുറികൾ, ഫാർമസി, സ്റ്റോർ, ഫ്രണ്ട് ഓഫീസ്, നഴ്‌സിങ് സ്റ്റേഷൻ, സ്റ്റാഫ് റൂം. വാർഡിനുപുറമേ കുളിമുറി, കക്കൂസ് സൗകര്യമുള്ള മുറികൾ എന്നിവയും ഒരുക്കും.

എന്നാൽ, പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യം പ്രതീക്ഷിച്ച വിജയമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ദൗത്യം ഒരുമാസം പിന്നിടുമ്പോൾ. നാല് ലക്ഷം മലയാളികളാണ് നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ നാട്ടിലെത്തിയത് 22,483 പ്രവാസികൾ മാത്രം. ആകെ 133 വിമാനങ്ങളാണ് ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നും സർവീസ് നടത്തിയത്. യുഎഇ- 12,929, സൗദി അറേബ്യ 1,500, ഒമാൻ- 3,186, ഖത്തർ- 1,770, ബഹ്റീൻ- 1,456, കുവൈത്ത്- 1,650. അതായത് നാട്ടിലേക്ക് മടങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ചവരിൽ 5.6 ശതമാനത്തിന് മാത്രമാണ് ഇതുവരെ കേരളത്തിലെത്താൻ കഴിഞ്ഞത്. സർവീസുകൾ ഈ നിലയിൽ തുടർന്നാൽ ഒരു വർഷം എടുക്കും ഇപ്പോൾ രജിസ്റ്റർ ചെയ്തവർ മാത്രം നാട്ടിലെത്താൻ എന്നാണ് വിവരം.

അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിർഹം (24.6 കോടി രൂപ) മലയാളിക്ക്. അജ്മാനിലെ അൽഹുദ ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈൻ മുഴിപ്പുറത്താണ് കോടിപതിയായത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നുവെന്നും 27 വർഷമായി യുഎഇയിലുള്ള തനിക്ക് ദൈവം തന്ന റിട്ടയർമെന്റ് സമ്മാനമാണിതെന്നും അസ്സൈൻ  പറഞ്ഞു. നാലാം തവണ ടിക്കറ്റെടുത്തപ്പോഴാണ് ഭാഗ്യംകൂടെ വന്നത്.

സമ്മാനം ലഭിച്ച വിവരം ഭാര്യ ഷരീഫയെ വിളിച്ചറിയിച്ചെങ്കിലും തമാശയായാണ് അവർ കരുതിയത്. വയനാട്ടിൽ എൻജിനീയറിങിന് പഠിക്കുന്ന മക്കളായ സന ഫാത്തിമ അസ്സൈൻ, എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുന്ന അലാ ഫാത്തിമ അസ്സൈൻ എന്നിവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് പ്രഥമ പരിഗണന. അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കും. ശേഷിച്ച തുക കൊണ്ട് നാട്ടിൽ സ്വന്തമായൊരു ബിസിനസ് അതാണ് മനസിലെ പദ്ധതി, അസ്സൈൻ വിശദീകരിച്ചു.

20–ാം വയസിൽ സൂപ്പർമാർക്കറ്റിൽ കുറഞ്ഞ ശമ്പളത്തിനു ജോലിക്കെത്തിയതു മുതൽ ജീവകാരുണ്യ പ്രവർത്തനം ജീവിതത്തിന്റെ ഭാഗമാണ്. പിന്നീട് ലൈസൻസെടുത്ത് ഡ്രൈവറായി ജോലി മാറി. ഈ ബേക്കറിയിൽ 20 വർഷത്തിലേറെയായി. കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന 3000 ദിർഹത്തിലും ഒരു വിഹിതം ജീവകാരുണ്യത്തിന് മാറ്റിവയ്ക്കാറുണ്ട്. അതിനിയും തുടരുമെന്നും സൂചിപ്പിച്ചു.

ആകെയുള്ള ഏഴു സമ്മാനങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ നാലും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. സമ്മാനം നേടിയ മറ്റു ഇന്ത്യക്കാർ: ശ്രീഹർഷ പ്രഭാകർ (100,000 ദിർഹം), ഷജീന്ദ്ര ദാസ് (60,000 ദിർഹം), ഗോകുൽദേവ് വാസുദേവൻ (50,000 ദിർഹം). രണ്ട് പാക്കിസ്ഥാൻ സ്വദേശികളും ഒരു ഈജിപ്ത് പൗരനുമാണ് സമ്മാനം നേടിയ മറ്റുള്ളവർ.

താമസസ്ഥലത്തുവെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് കുടുംബം. കഴിഞ്ഞ മുപ്പതിന് മരിച്ച കൊച്ചി കുമ്പളം സ്വദേശി ഗണേഷ് മനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് അമ്മ മുഖ്യമന്ത്രിയെ സമീപിച്ചു. കട്ടിലിൽ നിന്നും വീണ് ഗണേഷ് മനു മരിച്ചുവെന്നാണ് സുഹൃത്തുക്കൾ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

കൂടുതൽ വിവരങ്ങളൊന്നും അറിയാതെ കരഞ്ഞു കലങ്ങിയ കണ്ണുകളും സ്വരമടഞ്ഞ വാക്കുകളുമായി ഈ അമ്മ കാത്തിരിക്കുകയാണ്. മകനെ അവസാനമായി ഒരു വട്ടംകൂടി കാണാൻ. കഴിഞ്ഞ മുപ്പതിന് രണ്ടുതട്ടായുള്ള കട്ടിലിന്റെ മുകളിൽനിന്ന് ഉറക്കത്തിൽ മനു താഴെവീഴുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നുമാണ് സുഹൃത്തുക്കൾ ഫോൺ വഴി അറിയിച്ചത്. നിലത്തുവീണ മനു രാത്രി മുഴുവൻ അവിടെ കിടന്നിട്ടും അറിഞ്ഞില്ലെന്ന സുഹൃത്തുക്കളുടെ വാദം സംശയമുണർത്തുകയാണ്.

അതേസമയം, മരിക്കുന്നതിന് തലേദിവസം മുറിയിൽവച്ച് കയ്യേറ്റമുണ്ടായതായി മനു വീട്ടിലറിയിച്ചിരുന്നു. പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞെങ്കിലും താമസസ്ഥലം മാറാൻ അമ്മ പറയുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടതിന്റെ അങ്കലാപ്പിലാണ് എല്ലാവരും. ദുബായിലെ ഗ്രാഫിക് ഡിസൈൻ കമ്പനിയിലാണ് മനു ജോലി ചെയ്തിരുന്നത്. മരണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്ന ആവശ്യവും ബന്ധുക്കൾക്കുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് സഹപ്രവർത്തകർ അറിയിച്ചെങ്കിലും അത് പൂർണമായും വിശ്വസിക്കുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

അവസാന ആഗ്രഹവും ബാക്കി വച്ചു പ്രവാസി മലയാളി കൊവിഡിന് കീഴടങ്ങി.
വീഡിയോ കോളില്‍ ഭാര്യയുമായി സംസാരിക്കണമെന്നും കുഞ്ഞിനെ കാണണമെന്ന മോഹവും ബാക്കിയാക്കി പി സി സനീഷ് യാത്രയായി. ഷുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി നഴ്‌സിനോട് വീഡിയോ കോള്‍ ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടി കഴിയുന്നതിന് മുമ്പ് ഫോണുമായി നഴ്‌സ് സനീഷിന്റെ അടുത്ത് എത്തി. അപ്പോഴേക്കും സനീഷിനെ മരണം കീഴടക്കിയിരുന്നു. മുഹമ്മദ് അല്‍ റാഷിദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന രക്താണു (പ്ലേറ്റ്‌ലറ്റ്) കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. മജ്ജ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. ഇതിനിടെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും സനീഷിന് രക്തം ദാനം നല്‍കിയിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഷുമൈസി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുജിഷയാണ് ഭാര്യ. മൂന്നുവയസുളള വിഹാന്‍ വ്യാസ് മകനാണ്. പിതാവ്: രാജന്‍, മാതാവ്: സരോജിനി, ജമ്മുവില്‍ സൈനിക സേവനം ചെയ്യുന്ന സജീഷ് സഹോദരനാണ്. പിതൃസഹോദരന്റെ മകന്‍ രമേശന്‍ റിയാദിലുണ്ട്. അതേ സമയം ഇതോടെ സഊദിയിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 26 ആയി.ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 138 ആയി ഉയർന്നു. ഇവരിൽ എൺപതിലേറെ പേരും യു.എ.ഇയിലാണ് മരിച്ചത്.

ഏപ്രിൽ ഒന്നിന് യു.എ.ഇയിലാണ് കൊവിഡ് ബാധിച്ചുള്ള ആദ്യ മലയാളി മരണം. തൃശൂർ മൂന്നുപീടിക സ്വദേശി പരീതാണ് അന്ന് മരിച്ചത്. തുടർന്ന് രണ്ട് മാസം തികയാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ, ഗൾഫിൽ കോവിഡ് മൂലമുള്ള മലയാളി മരണം 138 ൽ എത്തി നിൽക്കുകയാണ്. 85 ഓളം മലയാളികള്‍ മരിച്ചത് യു.എ.ഇയിലാണ്. സഊദിയിലും കുവൈത്തിലുമായി 47 മരണങ്ങൾ. ഒമാനിൽ രണ്ടും ഖത്തറിൽ ഒന്നുമാണ് മലയാളി മരണ സംഖ്യ. ബഹ്റൈൻ മാത്രമാണ് ഗൾഫിൽ കൊവിഡ് മൂലം മലയാളി മരിക്കാത്ത രാജ്യം.

തക്ക സമയത്ത് മെച്ചപ്പെട്ട ചികിൽസയും പരിചരണവും ലഭ്യമാക്കുന്നതിൽ സംഭവിക്കുന്ന അപാകത ഉൾപ്പെടെ പലതും മരണ കാരണമായി വിലയിരുത്തപ്പെടുന്നു. മരിച്ചവരിൽ രണ്ട് നഴ്സുമാരും ഒരു ഡോക്ടറും ഉൾപ്പെടും. ഭൂരിഭാഗം കുടുംബങ്ങളുടെയും ഏക അവലംബം കൂടിയാണ് നഷ്ടമായത്. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും ഇനിയും ഉണ്ടായിട്ടില്ല

സൗദി അറേബ്യയില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം സ്വദേശി പ്രദീപിനെയാണ് കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. 42 വയസ്സായിരുന്നു. സൗദിയിലെ റിയാദിലാണ് സംഭവം.

വ്യാഴാഴ്ചയാണ് പ്രദീപിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം കാറ് വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്വദേശികള്‍ കാറ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറില്‍ പ്രദീപിനെ കണ്ടത്.

കുറേ തവണ വിളിച്ചിട്ടും പ്രദീപ് ഉണര്‍ന്നില്ല. തുടര്‍ന്ന് സ്വദേശികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് പരിശോധന നടത്തി.

മരിച്ച ആളെ തിരിച്ചറിഞ്ഞ ശേഷം പോലീസാണ് വിവരം സ്‌പോണ്‍സറെ അറിയിച്ചത്. റിയാദില്‍ ഡ്രൈവറായിരുന്നു പ്രദീപ്. അവിവാഹിതനാണ്. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൊറോണ വൈറസിന്റെ വ്യാപനം ഗൾഫ് രാജ്യങ്ങളിൽ പിടിമുറുക്കുകയാണ്. ഇതിനോടകം ഒരുപിടി മലയാളികൾ മരണപ്പെടുകയും ചെയ്‌തു. ഇന്ന് കുവൈറ്റിൽ മരിച്ചത് തിരുവല്ല സ്വദേശിനി റിയ എബ്രഹാം ആണ് (58 വയസ്സ്). വിടപറഞ്ഞ റിയ, എബ്രഹാം കോശിയുടെ ഭാര്യയാണ്.

കുടുംബസമേതം കുവൈറ്റിൽ ആയിരുന്ന ഇവർ രോഗം പിടിപെട്ട് വെന്റിലേറ്ററിൽ കഴിയവെയാണ് മരണം കീഴ് പ്പെടുത്തുന്നത്. ഇന്ന് പ്രാദേശിക സമയം വെളിപ്പിന് ആണ് സംഭവിക്കുന്നത്. ഇന്ന് തന്നെ കുവൈറ്റിൽ ശവസംസ്ക്കാരം നടക്കുന്നു. ഒരു മകളാണ് ഇവർക്കുള്ളത്. ബാംഗ്ലൂരിൽ ആണ് മകൾ ഇപ്പോൾ ഉള്ളത്. ഭർത്താവ് എബ്രഹാം കുവൈറ്റ് ഹെൽത്ത് മിനിസ്ട്രിയിലെ പ്രോഗ്രാമർ ആണ്.

റിയയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെ അറിയിക്കുകയും ചെയ്യുന്നു.

നഴ്‌സുമാർക്ക് അവസരമൊരുക്കി സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രി. സ്ഥാപനത്തിലേക്ക് സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും.

നഴ്‌സിങിൽ ബിരുദമുള്ള (ബിഎസ്‌സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3500 മുതൽ 4050 സൗദി റിയാൽ വരെ ( ഏകദേശം 70000 രൂപ മുതൽ 80000 രൂപ വരെ ) ലഭിക്കും.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലായ ഗള്‍ഫ് രാജ്യങ്ങള്‍ ഇതില്‍ നിന്നെല്ലാം ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായതോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടമാവുമെന്ന ആശങ്കയിലായി. അനേകം പേര്‍ക്ക് ഇതിനോടകം തന്നെ തൊഴില്‍ നഷ്ടമായിട്ടുമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണംകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

ഇതില്‍ പ്രതികരിക്കുകയായിരുന്നു യൂസഫലി. ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെ അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും കനത്ത പ്രതിസന്ധിയാണ് ഉള്ളത്. ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുമെന്ന്
എംഎ യൂസഫലി വ്യക്തമാക്കുന്നു.

കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണയുടെ വില കുത്തനെ ഉയര്‍ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ജനങ്ങള്‍ വലിയ ഭീതിയിലായിരുന്നു. അന്ന് ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുന്നതാണ് നാം കണ്ടത്.

അന്ന് നാട്ടിലേക്ക് മടങ്ങിയ ലക്ഷണക്കിന് ആളുകള്‍ ഗള്‍ഫിലേക്ക് വീണ്ടും തിരിച്ചെത്തി. അതുപോലെ ഈ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. വൈറസ് വ്യാപനത്തിന് പ്രതിവിധി കണ്ടുപിടിക്കുന്നത് വരെ മനുഷ്യര്‍ സുരക്ഷിതരല്ലെന്ന് വേണം കരുതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. വിദേശങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും യൂസഫലി പറഞ്ഞു.

ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോകുന്നവരുടെ ഭാവിയെകുറിച്ച് ആശങ്കയുണ്ട്. പല കമ്പനികളും ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചു. ശമ്പളവും ജോലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരും ഏറെയാണ്. 80 ശതമാനം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീണ്ടു പോയാല്‍ ഇതിലും വലിയ പ്രയാസമായിരിക്കും പലരും അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയിലെ റിയാദിൽ കോവിഡ് ബാധിച്ച് മലയാളി നേഴ്‌സ് നിര്യാതയായി .കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് റിയാദ് കുബേരയിലെ താമസസ്ഥലത്ത് മരിച്ചത് . റിയാദ് പഴയ സനയ്യയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഇവർക്ക് നേരത്തെ തന്നെ പ്രമേഹം സംബന്ധമായ അസുഖം ഉണ്ടായിരുന്നു . ഇന്നലെ ഉച്ചയോടെ ആണ് കോവിഡ് സ്ഥിരീകരിച്ചത് .

കോവിഡ് 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിന്റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് മുന്നിലുണ്ട്.

രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നല്‍കുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തേകും

കൊറോണ വൈറസ് ബാധിച്ച് യുഎഇയില്‍ അഞ്ച് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം. അബ്ദുല്‍ സമദ് (58), ആര്‍. കൃഷ്ണപിള്ള (61), കുഞ്ഞാമദ് (56), അബ്ബാസ് (45), ചനോഷ് (33) എന്നിവരാണ് കൊറോണ ബാധിച്ച് കഴിഞ്ഞദിവസം യുഎഇയില്‍ മരിച്ചത്.

അഞ്ചുപേരും കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കണ്ണൂര്‍ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശിയാണ് മരിച്ച അബ്ദുല്‍ സമദ്. അജ്മാന്‍ ഇറാനി മാര്‍ക്കറ്റില്‍ ഷോപ്പ് നടത്തുകയായിരുന്ന അബ്ദുല്‍ സമദ് രണ്ടാഴ്ചയായി ചികിത്സിയിലായിരുന്നു. ഭാര്യ: കുഞ്ഞാമിന. ഖബറടക്കം യു.എ.ഇയില്‍.

ആലപ്പുഴ സ്വദേശിയാണ് കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍. കൃഷ്ണപിള്ള. ദുബായിയിലായിരുന്ന കൃഷ്ണപിള്ളയുടെ കൊറോണ പരിശോധന ഫലം ശനിയാഴ്ച രാത്രിയാണ് പുറത്തുവന്നത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

കാഞ്ഞങ്ങാട് സ്വദേശിയായ മടിക്കൈ അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് അബൂദബി മഫ്‌റഖ് ആശുപത്രിയിലാണ് മരിച്ചത്. അവധിക്ക് നാട്ടില്‍ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുമ്പാണ് വിസ പുതുക്കാനായി തിരിച്ചെത്തിയത്. അതിനിടെയാണ് കൊറോണ ബാധിച്ചത്.

അബൂദബി ബനിയാസ് വെസ്റ്റില്‍ ബദരിയ ഗ്രോസറി നടത്തി വരികയായിരുന്നു അദ്ദേഹം. മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. വര്‍ഷങ്ങളോളമായി ബനിയാസില്‍ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഗ്രോസറി നടത്തി വരികയായിരുന്നു.

ഭാര്യ: ടി.കെ. സീനത്ത് കൂളിയങ്കാല്‍. മക്കള്‍: ശഹര്‍ബാന ശിറിന്‍, ശര്‍മിള ശിറിന്‍, ഷഹല. സഹോദരങ്ങള്‍: മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, പരേതയായ ബീഫാത്തിമ, സുബൈദ (തൈകടപ്പുറം), സഫിയ (കല്ലൂരാവി), സീനത്ത് (കുശാല്‍നഗര്‍). ബനിയാസില്‍ ഖബറടക്കി.

കാസര്‍കോട് തലപ്പാടി സ്വദേശിയായ അബ്ബാസ് അബൂദബി മഫ്റഖ് ആശുപത്രിയിലാണ് മരിച്ചത്. ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: കുബ്റ, സിനാന്‍. അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ലാ ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍ മൂല, സെക്രട്ടറി അനീസ് മാങ്ങാട്, മഞ്ചേശ്വരം മേഖലാ പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശ്ശൂര്‍ കുന്നംകുളം സ്വദേശി പാര്‍ളിക്കാട് കുന്നുശ്ശേരി ചനോഷ് (33) തുമ്പയ് അജ്മാന്‍ ഹോസ്പിറ്റലിലാണ് മരിച്ചത്. അവിവാഹിതനാണ്. മാതാവ്: ലത. സഹോദരന്‍: രമേഷ്.

RECENT POSTS
Copyright © . All rights reserved