രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ളയും, കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ളയുമാണ് കൊവിഡ് ബാധിച്ച മരിച്ചത്.
ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ള ദുബായിലാണ് മരിച്ചത്. 61 വയസായിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ള സൗദി അറേബ്യയിലെ റിയാദില്‍ വച്ചാണ് മരിച്ചത്. രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവിങ് പരിശീലകന്‍ ആയി ജോലി ചെയ്യുകയായിരുന്നു.
ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 81 ആയി. യുഎഇയില്‍ മാത്രം 53 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഒരാഴ്ചയായി കാണാതായ പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ തടപ്പറമ്പ് വീട്ടില്‍ മുച്ചുണ്ടി തൊടിയില്‍ മുഹമ്മദ് സലീമിനെ(39)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ല. ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ മരണകാരണം വ്യക്തമല്ല. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് ദമാമില്‍ താമസിച്ചിരുന്നത്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കും. ഭാര്യ: ഹൈറുന്നീസ, മകന്‍: മുഹമ്മദ് നാസിഫ്.
സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിച്ച് 10 പ്രവാസികള്‍ കൂടി മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം 302 ആയി.മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 30നും 60നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍.
രോഗികളുടെ എണ്ണത്തിലും വീണ്ടും വലിയ വര്‍ധനവുണ്ടായി. 2804 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞ് 51980ലെത്തി.
ഇതിനൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്നുണ്ട്. 1797 പേര്‍ക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 23,666 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 28,048 ആണ്. ഇതില്‍ 166 പേരുടെ നില ഗുരുതരമാണ്.
യുഎഇയിൽ വളരെ അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ഡോക്ടർമാരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിരോധ മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം കൊറോണ ഭീഷണിയിലാണ് സമൂഹം. രോഗം വരാതെ സൂക്ഷിക്കുക എന്നതാകണം ഓരോരുത്തരുടെയും കടമയെന്ന് ആരോഗ്യ വിദഗ്ദർ ഓർമ്മിപ്പിച്ചു.
കൊവിഡ് പടരുന്നത് രോഗ ലക്ഷണില്ലാത്തവരിലൂടെ കൂടിയാണ്. കൊവിഡ് പ്രതിരോധത്തിൽ ഇത് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് പരമാവധി വീടുകളിൽ തന്നെ തുടരുക.
അടിയന്തരാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക. കുട്ടികളെയും പ്രായമായവരെയും യാതൊരുകാരണവശാലും പുറത്തിറക്കരുതെന്നും യുഎഇ ആവർത്തിച്ച് നിർദേശിക്കുന്നു.
സൗദിയിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന കോഴിക്കോട് സ്വദേശി മലയാളി യുവാവിന്റെ ഭാര്യയും ആറുമാസം പ്രായമുള്ള കുഞ്ഞിനേയും ആണ് ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്. യുവതി മണിപ്പുർ സ്വദേശിനിയാണ്.
നാലു ദിവസം മുൻപ് മുക്കിനു അസുഖം ബാധിച്ചതിനെ തുടർന്നാണ് കോഴിക്കോട് സ്വദേശി ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വീട്ടുകാർക്ക് കാര്യങ്ങളെ പറ്റി ഒന്നും അറിയില്ലായിരുന്നു. ബിജുവിന്റെ സഹോദരി സുഹൃത്തുക്കളെ വിളിച്ചു അന്വേഷിച്ചതിന്റെ ഫലമായി ആണ് ബിജു അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുന്ന വിവരം അറിയാൻ കഴിഞ്ഞത്. ബിജു കോവിട് ബാധിതനാണ് എന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം ബിജുവിന്റെ ‘അമ്മ ഫ്ലാറ്റിനു പുറത്തു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ അന്വേഷിച്ചപ്പോൾ ആണ്, ബിജുവിന്റെ ഭാര്യ അകത്തു കയറി കുറ്റിയിട്ടു എന്ന് വെളിപ്പെടുത്തിയത്.തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോൾ ആണ് അമ്മയും കുട്ടിയേയും ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്.
എട്ടുവർഷമായി മദിന എയർ പോർട്ടിൽ ബെൽറ്റ് ടെക്‌നീഷൻ ആയി ജോലി ചെയ്തുവരികയായിരുന്നു ബിജു. കഴിഞ്ഞ ദിവസം ബിജുവിന് പിരിച്ചുവിടൽ നോട്ടീസ് കിട്ടിയത്. ഭാര്യയെ കുറിച്ച് ബിജുവിന്റെ സുഹൃത്തുക്കൾക്കും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അറിയാവുന്ന ബിജു ആണെങ്കിൽ അത്യാസന്ന നിലയിലും. യുവതിയുടെയും കുട്ടിയുടെയും മരണം ആത്മഹത്യ ആണെന്ന് പ്രാഥമിക വിവരം.
ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസ ലോകത്തിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ് കൊല്ലംങ്കോട് സ്വദേശിയായ വിജയകുമാര്‍. പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാന്‍ ദിവസങ്ങള്‍ കാത്തിരിക്കുന്ന വിജയകുമാര്‍ കരളലിയിക്കുന്ന കാഴ്ചയായിരിക്കുകയാണ്.
കോവിഡ് കാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നു അകാലത്തില്‍ പൊലിഞ്ഞ ഗീതയുടെ മരണം ഇന്ന് നാടിന്റെ മുഴുവന്‍ വേദനയായിരിക്കുകയാണ്. ഭാര്യയെ അവസാനമായി ഒരു നോക്കു കാണാന്‍ ഒരു വിമാന ടിക്കറ്റിനായി കരഞ്ഞു കണ്ണു കലങ്ങിയ വിജയകുമാറിന്റെ ചിത്രം പ്രവാസലോകത്തിന്റെ കണ്ണീരാണ്.
പ്രിയതമയുടെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാന്‍ വിജയകുമാറിന് ഇനിയും അഞ്ച് ദിനം കാത്തിരിക്കണം. 17നെങ്കിലും വിജയകുമാറിനു നാട്ടിലെത്തിയേ തീരു…പ്രിയപ്പെട്ടവള്‍ക്ക് അന്ത്യചുംബനം നല്‍കി യാത്രയാക്കാന്‍. ദുബായിലുള്ള വിജയകുമാറിന്റെ ആഗ്രഹ സഫലീകരണത്തിനായി ഒരു നാട് മൂഴുവന്‍ പ്രാര്‍ഥനയിലാണ്.
മേയ് ഒമ്പതിനാണ് വിജയകുമാറിന്റെ ഗീത (40) ഹൃദയാഘാതം മൂലം മരിച്ചത്. ദുബായില്‍ ഇലക്ട്രീഷ്യനായ ഭര്‍ത്താവ് വിജയകുമാറിന് നാട്ടിലെത്താന്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ടിക്കറ്റ് ശരിയാവാത്തതിനാല്‍ മൃതദേഹം പാലക്കാട് ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മേയ് 12ന് 172 യാത്രക്കാരുമായി കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ കയറാനുള്ള ശ്രമം പരാജയപ്പെട്ടു. മേയ് 17ന് നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷ. വിജയകുമാറിനെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ വകുപ്പ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒടുവില്‍ മെയ് 17ന് ദുബായ്-കൊച്ചി വിമാനത്തില്‍ വരാനുള്ള രേഖകള്‍ ശരിയായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
18 വര്‍ഷമായി വിവാഹിതരായ വിജയകുമാര്‍ – ഗീത ദമ്പതികള്‍ക്ക് മക്കളില്ല. ഗള്‍ഫില്‍ വിജയകുമാറിനൊപ്പം ഉണ്ടായിരുന്ന ഗീത രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്.
സൗദി അറേബ്യയില്‍ മേയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈദ് ഉല് ഫിത്തര്‍ അവധി ദിവസങ്ങളിലാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത്. രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പ്രവശ്യകളിലും നഗരങ്ങളിലും ഇത് ബാധകമായിരിക്കും. ആളുകള്‍ സാമൂഹിക അകലം പാലിക്കണമെന്നും അഞ്ചോ അതില്‍ അധികമോ ആളുകള്‍ കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മക്കയിലേക്കു പോകുന്നതിനും മക്കയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതിനും വിലക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസി ഇന്ത്യക്കാരെ രാജ്യത്തേക്ക് മടക്കി കൊണ്ടു വരാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ വന്ദേഭാരതിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോകത്തിലെ 31 രാജ്യങ്ങളിൽ നിന്നായി 145 ഫ്‌ളൈറ്റുകളിൽ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയർഇന്ത്യയും ചേർന്ന് തയ്യാറാക്കിയിട്ടുള്ളതെന്ന് വി മുരളീധരൻ അറിയിച്ചു.
ഗൾഫിലെ ഓരോ രാജ്യത്തുനിന്നും കേരളത്തിലെ ഓരോ വിമാനത്താവളത്തിലേക്കും ചുരുങ്ങിയത് ഒരു വിമാനമെങ്കിലും ഒരു ദിവസം വരിക എന്നാണ് ഞാൻ മുന്നോട്ട് വെച്ചിട്ടുള്ള നിർദേശം. അങ്ങനെ നോക്കുമ്പോൾ ഓരോ വിമാനത്താവളത്തിലും ചുരുങ്ങിയത് ആറ് വിമാനമെങ്കിലും ദിവസവും വരും. അങ്ങനെ ദിവസം തോറും വിമാനം വരികയാണെങ്കിൽ തിരക്ക് കുറയും.
കേരളത്തിലേക്ക് 36 സർവീസുകളാണ് രണ്ടാം ഘട്ടത്തിൽ ചാർട്ട് ചെയ്തിട്ടുളളത്. എന്നാൽ കേരളത്തിലേക്കുള്ള വിമാനസർവീസ് വർധിപ്പിക്കണം എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുരളീധരൻ വ്യക്തമാക്കി.
വിമാനങ്ങളുടെ ലഭ്യതയിൽ കുറവില്ല, സംസ്ഥാന സർക്കാർ ക്വാറന്റൈൻ സൗകര്യങ്ങളും ആളുകളെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പും സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഇടയിൽ നടന്നിട്ടുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 45 വിമാനങ്ങൾ വരെ കൊണ്ടുവരാമെന്ന് ധാരണയായിട്ടുള്ളത്. സംസ്ഥാന സർക്കാർ അതിൽക്കൂടുതൽ ആളുകളെ കൊണ്ടുവരാൻ അനുവദിക്കുകയാണെങ്കിൽ അതിൽ കൂടുതൽ ആളുകളെ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
നാട്ടിലേക്ക് വിമാനം കുറവായതുകൊണ്ടാണ് ആദ്യത്തെ വിമാനത്തിൽ കയറാൻ വേണ്ടിയുള്ള തിരക്ക് ഉണ്ടാകുന്നത്. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ വരാം എന്ന് ഒരു വിശ്വാസം അവരിൽ ഉണ്ടാക്കാൻ സാധിച്ചാൽ അത്യാവശ്യക്കാർക്ക് ആദ്യം കയറി വരാൻ കഴിയുന്ന സ്ഥിതിയുണ്ടാകും. അനർഹരായ ആളുകൾ വലിയതോതിൽ വരുന്നു എന്ന പരാതിയിൽ തെളിവുകൾ കിട്ടായാൽ പരിശോധിക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എല്ലാവരും നാട്ടിലേക്ക് വരാൻ അർഹതയുള്ളവരാണെന്നും അഭിപ്രായപ്പെട്ടു.
എയർഇന്ത്യയേക്കാൾ കുറഞ്ഞ തുകയ്ക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ് ആരും സിവിൽ ഏവിയേഷനെ സമീപിച്ചതായി അറിവില്ലെന്നും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് ഒരു വിമാനകമ്പനിയും അറിയിച്ചിട്ടില്ലെന്നും മുരളീധൻ പറഞ്ഞു.
ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രവാസി മലയാളി ദുബായിയില്‍ കുടുങ്ങി. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറിനാണ് ഭാര്യയെ അവസാനമായി ഒരുനോക്കുകാണാന്‍ നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിക്കാതിരുന്നത്.
ഹൃദയാഘാതം മൂലമാണ് വിജയകുമാറിന്റെ ഭാര്യ ഗീത (40) മരിച്ചത്. മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ വിജയകുമാര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും മറുപടി ലഭിച്ചില്ല. ഫോണിലും നേരിട്ടും ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.
ഒടുവില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നേരിട്ടെത്തിയും വിജയകുമാര്‍ നാട്ടിലെത്താന്‍ ശ്രമം നടത്തിയിരുന്നു. യാത്രാനുമതി ലഭിച്ചവരില്‍ ആര്‍ക്കെങ്കിലും യാത്ര ചെയ്യാന്‍ സാധിക്കാതെവന്നാല്‍ പകരം പോകാമല്ലോ എന്ന പ്രതീക്ഷയിലാണ് വിമാനത്താവളത്തിലേക്കെത്തിയത്.
എന്നാല്‍ ആ അവസരവും ലഭിച്ചില്ല. ഒടുവില്‍ നിരാശയോടെ മടങ്ങേണ്ടിയും വന്നു. ഭാര്യ മരിച്ചതോടെ പ്രായമായ അമ്മ മാത്രമാണു നാട്ടിലുള്ളത്.
കൊറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. കുഞ്ഞപ്പന്‍ ബെന്നി (53), ബാലന്‍ ഭാസി (60) എന്നിവരാണ് മരിച്ചത്. ഇരുവരും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
എറണാകുളം മുളന്തുരുത്തി സ്വദേശിയാണ് കുഞ്ഞപ്പന്‍ ബെന്നി. തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശിയാണ് പട്ടിയാമ്പുള്ളി ബാലന്‍ ഭാസി. ഇരുവരെയും കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.
അതിനിടെയാണ് മരണം സംഭവിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലാണ് ഇരുവരുടെയും മരണം നടന്നത്. മരിച്ച രണ്ടുപേരും വര്‍ഷങ്ങളായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ ദമ്മാമില്‍ കൊറോണ ബാധിച്ച മരിച്ച മലയാളികള്‍ മൂന്നായി.
രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നു.ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്.
1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29 വയസ്സ്)
2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41)
3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്)
4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57 വയസ്സ്)
5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്)
6.ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56)
7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59)
8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46)
9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43),
10.ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.