ഖത്തറിലെ 2020-21 തണുപ്പുകാല ക്യാമ്പിങ്ങ് സീസണിന് ഒക്ടോബര്‍ പതിനൊന്ന് മുതല്‍ തുടക്കമാവും. കുടുംബവുമൊത്ത് പ്രകൃതിഭംഗി ആസ്വാദിച്ച് ഭക്ഷണം പാകം ചെയ്തും മീന്‍പിടുത്തം, ഒട്ടക സവാരി തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമാണ് ശൈത്യ കാല സീസണുകളിലെ പ്രധാന ആഘോഷങ്ങള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഖത്തറികളുടെ ജീവിത രീതിയുടെ ഒരു ആധുനിക പതിപ്പെന്ന് വേണമെങ്കില്‍ ഈ ക്യാമ്പിങ്ങിനെ വിശേപ്പിക്കാം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമ്പുകള്‍ക്കുള്ള നിരക്കുകള്‍ നിശ്ചയിച്ചു കഴിഞ്ഞു. ബീച്ചുകള്‍, സീസൈഡ്‌സ്, നാച്ചുറല്‍ റിസര്‍വ്‌സ് എന്നിവിടങ്ങളിലെ ക്യാനുകള്‍ 10,000 റിയാലാണ്. സീസണോട് അനുബന്ധിച്ച് ടെന്റ് ഉപകരണങ്ങളുടെ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാന്‍, ചൈന, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഇവ എത്തുന്നത്.
രാജ്യത്തെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ശൈത്യകാലത്ത് മരുഭൂമിയിലും, കടത്തീരത്തും ഒക്കെ ടെന്റ് കെട്ടി ആസ്വാദിക്കാനായിട്ടുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായിട്ടുള്ള കാര്യങ്ങള്‍ക്കുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പര്‍മാര്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്നും കര്‍ശനമായി നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഈ ശൈത്യകാല സീസണില്‍ രാജ്യത്തെ വിവധയിടങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ടൂറിസ്റ്റുകള്‍ക്ക് ക്യാമ്പിങ്ങിന് അനുമതി നല്‍കുക. ആദ്യഘട്ടം ഒക്ടോബര്‍ 11ന് രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് ഒക്ടോബര്‍ 13 മുതല്‍ ക്യാമ്പിങ്ങ് നടത്താന്‍ അനുമതി ലഭിക്കും. അല്‍ശമാല്‍, അല്‍ഗശമിയ, സീലൈന്‍, റാസ് മത്ബക്, അറദ, സിക്രീത്ത്, അല്‍ നഗ്‌യാന്‍, അല്‍ കറാന, അഷര്‍ജി, ഉം അല്‍ മാ എന്നീ സഥലങ്ങളിലാണ് അനുമതി.
രണ്ടാഘട്ടം ഒക്ടോബര്‍ 14നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവര്‍ക്ക് ഓക്ടോബര്‍ 16 മുതല്‍ ക്യാമ്പ് ചെയ്യാനുള്ള അനുമതി ലഭിക്കും. അല്‍റീം റിസര്‍വ്, അല്‍ മറൂന, അല്‍ മസുറാ, ഉം അല്‍ അഫഇ, അല്‍ ഹാഷിം, അബൂദലൗഫ്, അല്‍ സുബാറ, അല്‍ ഉദൈ, സൗത്ത് അല്‍ ഖറാജ്, അബു സംറ എന്നീ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാം.
മൂന്നാംഘട്ടം ഓക്ടോബര്‍ 18നാണ്, ഇവര്‍ക്ക് ഒക്ടോബര്‍ 20 മുതല്‍ ക്യാമ്പ് അനുമതി ലഭിക്കും. റൗദത് റഷിദ്, റൗദത് അയിഷ, അല്‍ ഖോര്‍, അല്‍വാബ്, മുഖിത്‌ന, അല്‍ഗരിയ, അല്‍ മുഫൈര്‍, റാസ് അല്‍ നൗഫ്, അല്‍ അദുരിയ, അല്‍ സന, വെസ്റ്റ് അല്‍ റയിസ് തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാന്‍ സാധിക്കും.
നിങ്ങൾക്കും രജിസ്റ്റര്‍ ചെയ്യാം….. – www.mme.gov.qa
അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാന്‍ പോയ പ്രവാസി മലയാളി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി സ്വദേശി മൂന്നാക്കല്‍ മുഹമ്മദലിയാണ് ജിദ്ദക്കടുത്ത ശുഹൈബയില്‍ മരിച്ചത്. 48 വയസ്സായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു മുഹമ്മദലി. അതിനിടെയാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. ഇതോടെ എല്ലാവരും വാഹനത്തിനു സമീപത്തേക്ക് തിരിച്ചെങ്കിലും അവിടെയെത്തിയപ്പോഴാണ് മുഹമ്മദലി കൂടെയില്ലെന്ന് മനസിലാകുന്നത്.
പരസ്പരം കാണാന്‍ കഴിയാത്ത കാറ്റായിരുനെങ്കിലും പരിസരത്ത് തിരച്ചില്‍ നടത്തി. മീന്‍ പിടിക്കാനിരുന്നിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ചൂണ്ടയും മാസ്‌കും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷത്തിലാണ് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മക്കയിലെ ബജറ്റ് റെന്റ് എ കാര്‍ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ മൂന്നാക്കല്‍ സൂപ്പി, ഉമ്മ: ഖദീജ വഴിപ്പാറ, ഭാര്യ: പാലത്തിങ്ങല്‍ റജീന പെരിന്തല്‍മണ്ണ, മക്കള്‍: ജിന്‍സിയ, സിനിയ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.
പക്ഷാഘാതത്തെ തുടർന്ന് അൽനാദയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി പ്രവാസിയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു. പാലക്കാട് താമസിക്കുന്ന കൊടുങ്ങല്ലൂർ പുതിയ കോവിലകത്ത് നാരായണ സ്വാമി അയ്യരെയാണ് (58) കഴിഞ്ഞദിവസം കോൺസുലേറ്റ് മെഡിക്കൽ വിങ്ങിന്റെ സഹായത്തോടെ യാത്രയാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കാണ് യാത്രയായത്.
കാർഗോ ലോജിസ്റ്റിക് ക്ലിയറൻസ് രംഗത്ത് പ്രവർത്തിക്കുന്ന നാരായണ സ്വാമി ഓഗസ്റ്റ് 13നാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഷാർജ അൽ ഖാസിമി ആശുപത്രിയിലാക്കി. രക്തം കട്ട പിടിച്ചതിനാൽ തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയയും നടത്തി. ഡോ.സതീഷിന്റെ അടിയന്തര ഇടപെടൽ കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്നു നാരായണ സ്വാമിയെ സഹായിക്കാൻ നേതൃത്വം നൽകിയ മുകേഷ്, ഷാജി നമ്പ്യാർ എന്നിവർ പറയുന്നു.
തുടർന്ന് മൂന്നാഴ്ചയോളം ഇദ്ദേഹം ഐസിയുവിലായിരുന്നു. തുടർന്ന് അയ്യപ്പസേവാ സംഘത്തിന്റെ വിശാഖ്, രാകേഷ് എന്നിവർ വഴി കോൺസുലേറ്റിന്റെ മെഡിക്കൽ വിങ്ങുമായി ബന്ധപ്പെട്ടു. കോൺസുലേറ്റിന്റെ ഇടപെടൽ മൂലം അൽഖാസിമി ആശുപത്രിയിലെ 20 ലക്ഷത്തോളം രൂപയും ഇളവു ചെയ്തു നൽകി.
വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കും ഒമാനും ഇടയില്‍ എയര്‍ ബബ്ള്‍ കരാര്‍ നിലവില്‍ വന്നു. കെനിയ, ഭൂട്ടാന്‍ എന്നിവരുമായി എയര്‍ ബബിള്‍ ക്രമീകരണം സ്ഥാപിച്ച ശേഷമാണ് പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യ ഇപ്പോള്‍ ഒമാനുമായി കരാര്‍ ഉണ്ടാക്കിയത്. ഇത് പ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനാകും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ വിവിധ രാഷ്ട്രങ്ങളുമായി ഇന്ത്യ എയര്‍ ബബ്ള്‍ പ്രകാരം വിമാന സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്.നിലവില്‍ വന്ദേ ഭാരത് മിഷന്‍ സര്‍വീസുകളും ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തിവരുന്നത്. എന്നാല്‍, ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാന്‍ സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എയര്‍ ബബ്ള്‍ വിമാനങ്ങളില്‍ ഒമാനിലെത്തുന്നവരും രാജ്യത്തെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ബബിള്‍ ക്രമീകരണം സ്ഥാപിച്ച പതിനാറാമത്തെ രാജ്യമാണ് ഒമാന്‍. അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാഖ്, ജപ്പാന്‍, മാലിദ്വീപ്, നൈജീരിയ, ഖത്തര്‍, യുഎഇ, കെനിയ, ഭൂട്ടാന്‍, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദുബായ്-ഷാര്‍ജ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. ദുബായ്-ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ സഹകരിച്ച് നടത്തുന്ന മൂന്ന് ബസ് റൂട്ടുകളാണ് പുനഃരാരംഭിച്ചിരിക്കുന്നത്. രണ്ട് റൂട്ടുകളില്‍ കഴിഞ്ഞ ദിവസം സര്‍വീസ് തുടങ്ങി. മൂന്നാമത്തെ റൂട്ടില്‍ രണ്ടാഴ്ചക്കുള്ളില്‍ ബസുകള്‍ ഓടിതുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
ദുബായ് യൂനിയന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അല്‍ ജുബൈ ബസ് സ്റ്റേഷനിലേക്കും ദുബായ് അബൂഹൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേക്കുമുള്ള സര്‍വീസുകളാണ് ഇപ്പോള്‍ പുനഃരാരംഭിച്ചത്. ഇത്തിസാലാത്ത് മെട്രോസ്റ്റേഷനില്‍ നിന്ന് ഷാര്‍ജ മുവൈല ബസ് സ്റ്റേഷനിലേക്കുള്ള ബസ് സര്‍വീസ് രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്നാണ് ആര്‍ടിഎ പ്ലാനിങ് ഡയറക്ടര്‍ അദെല്‍ ഷര്‍കി പറഞ്ഞത്
കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴ ഈടാക്കാന്‍ തീരുമാനം. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് 250,000 ദിര്‍ഹം വരെ പിഴയായി ചുമത്തുമെന്നാണ് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്(അഡെക്)അറിയിച്ചിരിക്കുന്നത്. കൊവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നിലപാട് കൈകൊണ്ടിരിക്കുന്നത്.
പൊതുപരീക്ഷയുടെയും ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് ഒമ്പത് മുതല്‍ 12 വരെ ഗ്രേഡുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 27 മുതല്‍ സ്‌കൂളുകളിലെത്തി പഠനം തുടരാനുള്ള അനുമതി നല്‍കിയത്.
ആറുമാസത്തിന് ശേഷം ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകളും ഞായറാഴ്ച തുറന്നിരുന്നു. യൂണിവേഴ്സിറ്റി പഠനത്തിനായുള്ള പരീക്ഷ എഴുതേണ്ടാത്ത ആറ് മുതലുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇ ലേണിങ് തുടരാമെന്ന് അധികൃതര്‍ അറിയിച്ചു.
മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ സഞ്ചാരത്തിന് വിലക്ക്. മൂടല്‍ മഞ്ഞുള്ളതിനാല്‍ റോഡില്‍ ദൂരക്കാഴ്ച കുറയുന്നത് കാരണമായി അപകടങ്ങളുണ്ടാവാതിരിക്കാനാണ് ഹെവി വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം കൈകൊണ്ടത്.
പ്രധാന റോഡുകള്‍ക്ക് പുറമേ ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും നിയന്ത്രണം ബാധകമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ പ്രത്യേക അറിയിപ്പും അബുദാബി പോലീസ് നല്‍കുകയും ചെയ്തു.
മൂടല്‍മഞ്ഞ് നീങ്ങി റോഡുകളില്‍ സാധാരണ കാഴ്ച സാധ്യമാകുന്നത് വരെ വലിയ ഹെവി വാഹനങ്ങളുടെ യാത്രയ്ക്ക് വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് തീരുമാനം. നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ദമാം ദഹ്റാന്‍ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കള്‍ മരിച്ചത്. വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22) , കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22) , മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.
സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങി വരുന്ന വഴിക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ആണ് അപകടം ഉണ്ടായത്. മൂവരും ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
മൂന്ന് പേരും അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മൂന്ന് പേരുടെയും കുടുംബാംഗങ്ങള്‍ ദമാമില്‍ തന്നെയുണ്ട്..
മലയാളി യുവാവ് ദുബായിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീന്തല്‍ക്കുളത്തിലാണ് അജീര്‍ പാണൂസാ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 വയസായിരുന്നു. കാസര്‍കോട് ചെങ്കള സ്വദേശിയാണ് മരണപ്പെട്ട അജീര്‍. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ് അജീര്‍. ഭാര്യ: ഫര്‍സാന. മകള്‍: ഫില ഫാത്തിമ. അജീറിന്റെ സഹോദരന്‍ ഹാരിസ് പാണൂസ് ഈ വര്‍ഷമാണ് ജനുവരിയില്‍ മരണപ്പെട്ടത്. ദുബായിയില്‍ വെച്ച് തന്നെയായിരുന്നു മരണം. ഒരാളെ വിട്ടു പിരിഞ്ഞതില്‍ നിന്നും മുക്തമാകുന്നതിന് മുന്‍പാണ് മറ്റൊരു സഹോദരനെ കൂടി ഇവര്‍ക്ക് നഷ്ടമായത്. മറ്റു സഹോദരങ്ങള്‍: സാജിദ്, അബ്ദുല്‍ റഹ്മാന്‍, സുഫൈര്‍.
ദുബായ് ∙ ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് യുഗേഷ് അപ്പീൽ കോടതിയെ സമീപിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43)ന് ജീവപര്യന്തം (25 വർഷം) തടവും തുടർന്ന് നാടുകടത്തലുമായിരുന്നു ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് മേൽക്കോടതിയെ സമീപിക്കുന്നത്. കേസിന്റെ പുനർവിചാരണ ഒാഗസ്റ്റ് 20ന് ആരംഭിക്കുമെന്ന് പ്രതിഭാഗം നിയമ പ്രതിനിധി അഡ്വ.മീരാ അലി ജല്ലാഫ് അറിയിച്ചു.
2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഒാണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊല. സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഒാഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോവുകയും ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തു. മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
16 വർഷം മുൻപ് വിവാഹിതരായ ഇരുവരും തമ്മിൽ ആദ്യകാലം മുതലേ സ്വരച്ചേർച്ചയിലായിരുന്നില്ല. യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. രണ്ട് പെൺമക്കളോടും സ്നേഹത്തോടെ പെരുമാറിയിരുന്നില്ല. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. കൊലയ്ക്ക് 11 മാസം മുൻപായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്.
ഭർത്താവിന്റെ പിന്തുണയില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി നാട്ടിലെ ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടക്കാനാണ് ദുബായിൽ ജോലിക്ക് ശ്രമിച്ചത്. ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയിരുന്നു. മക്കളായ ശ്രദ്ധ, വരദ എന്നിവരുടെ സ്കൂള്‍ സംബന്ധമായ കാര്യങ്ങൾക്കാണ് പോയത്. കൊലയ്ക്ക് ഒരു മാസം മുൻപാണ് യുഗേഷ് ദുബായിലെത്തിയത്. ഇത് വിദ്യക്ക് അറിയാമായിരുന്നു. നേരത്തെ ഒന്നിലേറെ പ്രാവശ്യം പ്രതി വിദ്യയെ തേടി അവർ ജോലി ചെയ്യുന്ന ഒാഫീസിലെത്തിയിരുന്നു.
വിദ്യ ജോലി ചെയ്യുന്ന കമ്പനി ഉടമയായ തമിഴ്നാട്ടുകാരനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ഇദ്ദേഹത്തെ കോടതി വിസ്തരിച്ചിരുന്നു. ഫെബ്രുവരി 13നായിരുന്നു വിചാരണ ആരംഭിച്ചത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിച്ചു.