ആമസോൺ സിഇ ഒ ജെഫ് ബെസോസിൻ്റെ ഫോൺ സൗദി കിരീടാവകാശി ചോർത്തി. മുഹമ്മദ് ബിൻ സൽമാൻ അയച്ച വാട്സ് ആപ് സന്ദേശത്തിന് പിന്നാലെ ജെഫ് ബെസോസിൻ്റെ ഫോണിൽനിന്നുള്ള നിരവധി വിവരങ്ങൾ ചോർത്തപ്പെട്ടതായി ഫോറൻസിക്ക് പരിശോധനയിൽ കണ്ടെത്തി. ദി ഗാർഡിയൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി കിരീടാവകാശിയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
മുഹമ്മദ് ബിൻ സൽമാൻ ഉപയോഗിച്ച നമ്പറിൽ നിന്നുള്ള വാട്സ് ആപ് സന്ദേശത്തിലൂടെ ബെസോസിന്റെ ഫോണിലേക്ക് ഒരു ചാര ഫയൽ നുഴഞ്ഞു കയറിയെന്ന് പരിശോധന ഫലങ്ങൾ സൂചിപ്പിക്കുന്നതായി ഗാർഡിയൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു വീഡിയോ ഫയലാണ് സല്മാന് ബെസോസിന് അയച്ചത്. സംഭവം നടന്ന 2018 മെയ് 1-ന് ഇരുവരും സാധാരണപോലെ സൗഹൃദപരമായി വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. അതിനിടയിലാണ് വീഡിയോ ഫയല്‍ അയക്കുന്നത്. തുടര്‍ന്ന് ബെസോസിന്റെ ഫോണിൽ നിന്ന് വലിയ അളവിലുള്ള ഡാറ്റ മണിക്കൂറുകൾക്കുള്ളിൽ ചോര്‍ത്തപ്പെട്ടതായാണ് കണ്ടെത്തിയത്. . എന്നാല്‍ എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയത്, അത് പിന്നീട് എന്തിനാണ് ഉപയോഗിച്ചത് എന്നതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വാഷിംങ്ടൺ പോസ്റ്റ് പത്രത്തിൻ്റെ ഉടമകൂടിയാണ് ബെസോസ്.
അമേരിക്കക്കാരനായ ആമസോണ്‍ മേധാവിയെ നിരീക്ഷിക്കാന്‍ സൗദി രാജാവ് നേരിട്ട് രംഗത്തിറങ്ങിയെന്നത് വാൾസ്ട്രീറ്റ് മുതല്‍ സിലിക്കൺ വാലിവരെ ഞെട്ടലോടെയാണ് കേട്ടത്. കൂടുതൽ പാശ്ചാത്യ നിക്ഷേപകരെ സൗദി അറേബ്യയിലേക്ക് ആകർഷിക്കാൻ കിരീടാവകാശി നടത്തുന്ന ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തും. തന്റെ വിമർശകരെയും എതിരാളികളേയും അടിച്ചമര്‍ത്തുന്നതിനു മേൽനോട്ടം വഹിച്ചും, രാജ്യത്തെ സാമ്പത്തികമായി പരിവർത്തനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തയാളാണ് സല്മാന്.
ഫോൺ വിവരങ്ങൾ ചോർത്തിയതിന് ശേഷം നടന്ന ഒൻപത് മാസങ്ങൾക്ക് ശേഷം ബെസോസിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അമേരിക്കന്‍ പത്രമായ നാഷണൽ എൻക്വയററില്‍ എങ്ങിനെ എത്തി എന്നത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ സന്ദേശങ്ങള്‍ വരെ ഉള്‍പ്പെടുത്തിയാണ് എൻക്വയററില്‍ വാര്‍ത്ത വന്നിരുന്നത്. 2018 ഒക്ടോബറിൽ കൊല്ലപ്പെട്ട വാഷിംഗ്ടൺ പോസ്റ്റ് ജേണലിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് മുമ്പുള്ള മാസങ്ങളിൽ കിരീടാവകാശിയും അദ്ദേഹത്തിനോട് അടുപ്പമുള്ളവരും എന്തുചെയ്യുകയായിരുന്നു എന്നതിനെകുറിച്ചും പുതിയ പരിശോധനയ്ക്കും ഇത് കാരണമായേക്കാം. ഖഷോഗി കൊല്ലപ്പെടുന്നതിന് മുമ്പായിരുന്നു ഫോൺ ചോർത്തൽ.
ബെസോസിൻ്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ നാഷണൽ എൻക്വയറിൽ പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷമാണ് ഡിജിറ്റൽ ഫോറൻസിക് ടീം അദ്ദേഹത്തിൻ്റെ ഫോൺ പരിശോധിച്ചത്. ജെഫ് ബെസോസിൻ്റെ വിവാഹേതര ബന്ധമടക്കമുള്ള കാര്യങ്ങളായിരുന്നു അന്ന് പുറത്തുവന്നത്. നാഷണൽ എൻക്വയറിൻ്റെ സിഇഒയുമായി ഡേവിഡ് പെക്കറുമായി സൗദി കിരീടാവകാശി വാർത്ത പുറത്തുവരുന്നതിന് മുമ്പ് അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ബെസോസിൻ്റെ സുരക്ഷാ തലവൻ ഗവിൻ ഡെ ബെക്കർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചും സൗദിയെ കുറിച്ചുള്ള റിപ്പോർട്ടുകളുമായിരിക്കാം ബെസോസിനെതിരെ ചാര പണി നടത്താൻ കാരണമായതെന്നാണ് റിപ്പോർട്. ഇതേക്കുറിച്ചൊന്നും ഇതുവരെ സൗദി പ്രതികരിച്ചിട്ടില്ല
നേപ്പാളില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഠ്മണ്ഡവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് പറഞ്ഞു.
തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശിയും ദുബായില്‍ എഞ്ചിനീയറുമായ പ്രവീണ്‍ കൃഷ്ണന് നായര്‍ ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരാണ് ദാരുണമായി മരിച്ചത്. രഞ്ജിതിന്റെ മൂത്ത മകന് ആറുവയസുള്ള മാധവ് സുഹൃത്തിന്റെ കുടുംബത്തിനൊപ്പം മറ്റൊരു മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പ്രവീണും രഞ്ജിത് ഉള്‍പ്പെടെ 15 പേരടങ്ങുന്ന നാലു കുടുംബങ്ങള്‍ ശനിയാഴ്ചയാണ് നേപ്പാളിലെത്തിയത്. ഇന്നലെ രാത്രി 9.30ഓടെ കാഠ്മണ്ഡുവില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തു. കടുത്ത തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ റൂം ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.
ഒരുമുറിയില്‍ കിടന്നിരുന്ന എട്ടുപേരെ ഇന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹീറ്ററില്‍ നിന്ന് പുറത്തേക്ക് വന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് അറിയിച്ചു.
രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദാരുണമരണം വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് കോഴിക്കോട് കുന്ദമംഗലത്തെ ബന്ധുക്കളും നാട്ടുകാരും. മരണ വിവരം ഇപ്പോഴും രഞ്ജിത്തിന്റെ അച്ഛനെയും അമ്മയെയും അറിയിച്ചിട്ടില്ല. കോളേജ് ഗെറ്റ് ടുഗെതറിന്റെ ഭാഗമായാണ് രഞ്ജിത്ത് ഡൽഹിയിലേക്കും അവിടെ നിന്നും നേപ്പാളിലേക്കും പോയത്.
കുന്നമംഗലത്തെ തറവാട് വീട്ടിലെത്തി നാട്ടിലെ ഉത്സവം കൂടിയ ശേഷമാണ് രഞ്ജിത്തും ഭാര്യയും രണ്ടു മക്കളും വെള്ളിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്. സഹപാഠികൾക്കൊപ്പം എല്ലാവർഷവും പതിവുള്ള ഒത്തുചേരലിനായി ഡൽഹിയിലേക്കു പോയവർ അവിടെ നിന്ന് പെട്ടെന്നെടുത്ത തീരുമാനപ്രകാരമാണ് നേപ്പാളിലേക്ക് പോയത്. ആ യാത്ര മരണത്തിലേക്കായിരുന്നുവെന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും കവർന്നത് വിശ്വസിക്കാനായിട്ടില്ല.
ടെക്നോപാർക്കിൽ ഐ.ടി ഉദ്യോഗസ്ഥനായിരുന്ന രഞ്ജിത്ത് അടുത്തകാലത്താണ് കോഴിക്കോട് സ്വന്തമായി ഐ.ടി കമ്പനി തുടങ്ങിയത്. ഭാര്യ ഇന്ദുലക്ഷ്മി സഹകരണ ബാങ്കിൽ ജീവനക്കാരിയാണ്. അച്ഛനും അമ്മയും കൂടാതെ ഒരു സഹോദരനും സഹോദരിയും അടങ്ങുന്നതാണ് രഞ്ജിത്തിന്റെ കുടുംബം. ഒരുമിച്ചുപോയ യാത്രയിൽ രണ്ടാം ക്ലാസ്സുകാരൻ മാധവ് മാത്രം മടങ്ങിയെത്തുമ്പോൾ അച്ഛനും അമ്മയും സഹോദരനും എന്നെന്നേക്കുമായി പോയ യാത്രയെ.
അതേസമയം, ദാമനയിലെ പനോരമ റിസോര്‍ട്ടിലെ സര്‍വീസിനെക്കുറിച്ച് മുന്‍പ് അവിടെ താമസിച്ചവര്‍ മോശം അഭിപ്രായമാണ് ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നരമാസം മുന്‍പ് അവിടെ താമസിച്ച ഓസ്ട്രേലിയയില്‍ നിന്നുള്ള വിനോദ സഞ്ചാരി ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി കുറിച്ചിട്ടുണ്ട്. തകരാറിലായിരുന്ന ഹീറ്ററിലെ വിഷപുക ശ്വസിച്ചാണോ മരണം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ.
യുഎഇയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഒമാനിലെ ഗംദ പ്രദേശത്തുനിന്നാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയതെന്ന് റാസല്‍ഖൈമ പൊലീസ് സ്ഥിരീകരിച്ചു. യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കഴിഞ്ഞ 11-ാം തീയ്യതി റാസല്‍ഖൈമയിലെ വാദി അല്‍ ബീഹില്‍ നിന്നാണ് കാണാതായത്.
ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്താനായതെന്ന് പൊലീസ് അറിയിച്ചു. ജനുവരി 11 മുതല്‍ തന്നെ റാസല്‍ഖൈമ പൊലീസ്, ദുബായ് പൊലീസ് എന്നിവര്‍ ഒമാന്‍ അധികൃതരുമായി ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയായിരുന്നു.
യുഎഇയിലെ ശക്തമായ മഴ കാരണമുണ്ടായ പ്രളയത്തില്‍ ഇയാളുടെ കാര്‍ ഒഴുകിപ്പോവുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു. ആറ് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ഗംദ ഏരിയയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒാരോ വീട്ടിലെയും മേശകളും അലമാരകളും നോക്കിയാൽ ഇരിപ്പുണ്ടാവും വാങ്ങിച്ചിട്ട് ഉപയോഗിക്കാതെ വെച്ച മരുന്നുകളുടെ കുപ്പികളും സ്ട്രിപ്പുകളും. ചിലത് പിന്നീട് നോക്കുേമ്പാൾ ഉപയോഗിക്കാൻ കഴിയാത്തവയായിട്ടുണ്ടാവും. എന്നാൽ, ഭൂരിഭാഗവും ഉപയോഗസമയം ബാക്കിയുള്ളതായിരിക്കും. അത്തരം മരുന്നുകൾ കൃത്യമായി ശേഖരിച്ചാൽ എത്രയധികം മനുഷ്യർക്കാണ് ഉപകാരപ്പെടുക എന്നാലോചിച്ചിട്ടുണ്ടോ?. ഇൗ ലക്ഷ്യവുമായി ദുബൈ ഹെൽത്ത് അതോറിറ്റി കഴിഞ്ഞ വർഷം നടത്തിയ ക്ലീൻ യുവർ മെഡിസിൻ കാബിനറ്റ് എന്ന കാമ്പയിൻ വഴി 12 ദശലക്ഷം ദിർഹമിെൻറ മരുന്നുകളാണ് ശേഖരിച്ചത്. കാലാവധി തീരാത്ത മരുന്നുകൾ ശേഖരിച്ച് അവയുടെ ഗുണനിലവാര പരിശോധന നടത്തിയ ജീവകാരുണ്യ സംഘങ്ങൾക്ക് കൈമാറുകയാണ് രീതി.
ഉപയോഗയോഗ്യമല്ലാത്ത മരുന്നുകൾ കൈമാറാനും ഡി.എച്ച്.എ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ നശിപ്പിക്കാൻവേണ്ടിയാണിത്. 2013 മുതൽ 2019 വരെ ഡി.എച്ച്.എ ഫാർമസി ഡിവിഷൻ 29.5 ദശലക്ഷം ദിർഹം മൂല്യമുള്ള മരുന്നുകളാണ് ശേഖരിച്ച് വിതരണം ചെയ്തത്. ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ലത്തീഫ, റാഷിദ്, ഹത്ത, ദുബൈ ആശുപത്രികളിലും ഡി.എച്ച്.എയുടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും എത്തിച്ചാൽ അവർ ഉത്തരവാദിത്തപൂർവം തരംതിരിച്ച് കൈമാറും.
കൂടുതൽ ആളുകൾ ഇൗ വർഷം ഇൗ ഉദ്യമവുമായി സഹകരിക്കും എന്ന പ്രതീക്ഷയിലാണ് ആരോഗ്യ അതോറിറ്റി. അടുത്ത തവണ ഡി.എച്ച്.എ ആശുപത്രികളിൽ വരുേമ്പാൾ വീടുകളിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന മരുന്നുകൾ കൂടെ കരുതിയാൽ അവ അർഹരായ ആളുകളിലേക്കോ അല്ലെങ്കിൽ ഉചിതമായ സംസ്കരണത്തിനോ വേണ്ടി കൈമാറാൻ കഴിയുമെന്ന് ഡി.എച്ച്.എ ഫാർമസ്യൂട്ടിക്കൽ സർവിസ് ഡയറക്ടർ ഡോ. അലി സയ്യദ് പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം രാവിലെയുണ്ടായ അപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശി സി.വി വര്‍ഗീസാണ് ചൊവ്വാഴ്ച രാവിലെ മസ്കത്തിലെ ഗാലയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് താഴെവീണ് മരിച്ചത്.
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്യുന്ന വര്‍ഗീസ്, അല്‍ സവാഹിര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷത്തോളം സലാലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മസ്കത്തിലെത്തിയത്. വിസ മാറുന്നതിനായി ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മലയാളി നഴ്സ് സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരൻ ജോജോയുടെ ഭാര്യയുമായ (34) മേരി ഷിനോയാണു മരിച്ചത്.
സൗദി അറേബ്യയിലെ ദമാമിന് സമീപം അൽ-ഖഫ്ജിൽ വെച്ചുണ്ടായ വാഹാനാപകടത്തിൽ ആണ് സ്റ്റാഫ് നേഴ്സ് മേരി ഷിനോ കൊല്ലപ്പെട്ടത്.ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മേരി ഷിനോ സംഭവസ്ഥലത്തു തന്നെ മരിച്ചു.സഫാനിയയിലെ എം ഒ എച്ച് ക്ലിനിക്കിൽ നാലു വർഷമായി നഴ്സായിരുന്നു മേരി ഷിനോ.
റിയാദ് : മലയാളി നഴ്സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരന് ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34) യാണ് മരിച്ചത്. കിഴക്കന്‍ സൗദിയിലെ ഖഫ്ജിയില്‍ യുവതി സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
സഫാനിയയിലെ എംഒഎച്ച് ക്ലനിക്കില്‍ നാല് വര്‍ഷമായി നഴ്സായിരുന്നു മേരി ഷിനോ. ഷിനോയുടെ സഹോദരന് ബിനോയ് കുരുവിള ദമാമിലെ നാപ്കോ കമ്പനി ജീവനക്കാരനാണ്.
മസ്ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.
ഒമാന്‍ ഭരണാധികാരിയുടെ മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അടുത്ത 40 ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്.
അവിവാഹിതനായ ഇദ്ദേഹത്തിന് സഹോദരങ്ങളുമില്ല. ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ഒമാൻ ഭരണഘടന അനുസരിച്ച് ഭരണാധികാരി മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ മൂന്നു ദിവസത്തിനകം പിൻഗാമിയെ കണ്ടെത്തണം.
പൂനെയിലും സലാലയിലുമായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനായിരുന്നു. ഇന്ത്യയുമായി എക്കാലത്തും സവിശേഷബന്ധം പുലര്‍ത്തിപ്പോന്ന ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്.
ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി.
യുഎഇയിലും ഒമാനിലും കനത്ത മഴ തുടരുന്നു. ശക്തമായ തണുത്ത കാറ്റുവീശുന്ന സാഹചര്യത്തിൽ അന്തരീക്ഷ താപനില താഴ്ന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു അധികൃതർ നിർദേശിക്കുന്നു.
ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴയിൽ താഴ്ന്ന മേഖലകൾ പലതും വെള്ളത്തിലായി. പ്രധാന റോഡുകളിലടക്കം വെള്ളക്കെട്ടുണ്ടായി. തിങ്കൾ വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികൾക്കു സമീപത്തു നിന്നു വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. മുന്നിലുള്ള വാഹനവുമായി നിർബന്ധമായും സുരക്ഷിത അകലം പാലിക്കണം. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ പുലർച്ചെ നല്ല മഴ ലഭിച്ചു. വടക്കൻ എമിറേറ്റുകളിലെ താഴ്ന്ന മേഖലകളിൽ വെള്ളം കയറി. റാസൽഖൈമ ജബൽ ജൈസ് മലനിരകളിലേക്കുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്.
പർവതമേഖലകളിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇന്നലെ വൈകുന്നേരം മുതൽ അഞ്ചു തവണ കൃതൃമമഴയ്ക്കായി ക്ളൌഡ് സീഡിങ് നടത്തിയതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഒമാനിലെ മുസണ്ടം, ബുറൈമി, ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖ് ലിയ ഗവർണറേറ്റുകളിൽ ഇടിയോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഒമാനിലും ഞായറാഴ്ച വരെ മഴയ്ക്കു സാധ്യതയുണ്ട്.
കുവൈത്തില്‍ 3000 യുഎസ് സൈനികര്‍ എത്തി. 700 സൈനികര്‍ ഈയാഴ്ച ആദ്യം വന്നതിനു പുറമെയാണിത്. ഇറാനുമായുള്ള സംഘര്‍ഷം കനക്കുന്നതിനിടെയാണ് നടപടി.
ഇറാന് രഹസ്യസേനാ തലവന്‍ ഖാസി സുലൈമാനിയെ വധിച്ചതിനുപിന്നാലെ ബഗ്ദാദില്‍ വീണ്ടും യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു.
ഇറാന് പിന്തുണയുള്ള ഇറാഖ് പൗരസേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യയില്‍ അമേരിക്ക മൂവായിരം സൈനികരെ അധികമായി വിന്യസിച്ചിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖാസിം സുലൈമാനിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഖാസിം സുലൈമാനിയെ വധിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് വടക്കന്‍ ബഗ്ദാദില്‍ പൗര സേനാംഗങ്ങളുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ പൗരസേന കമാന്‍ഡര്‍ അടക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് ബഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനാണ് സുലൈമാനിയെ വധിച്ചതെന്ന് സൈനിക നടപടിക്ക് ശേഷം മാധ്യമങ്ങളെ കണ്ട യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ വിവിധ സ്ഥലങ്ങളിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് സുലൈമാനി.
ഇറാന് രഹസ്യസേനയുടെ പുതിയ തലവനായി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മയില്‍ ഖ്വാനിയെ നിയമിച്ചു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്കെതിരെ മാരകമായ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന് പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതകണ്ട് പശ്ചിമേഷ്യയില്‍ അമേരിക്ക മൂവായിരം സൈനികരെ പുതിയതായി വിന്യസിച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് രാജ്യാന്തരവിപണിയില്‍ എണ്ണവില ഉയരുകയാണ്. നാളെ മുതല്‍ ഇരുപത് ദിവസത്തേക്ക് ദോഹയില്‍ നടത്താനിരുന്ന ഫുട്ബോള്‍ പരിശീലന ക്യാംപ് അമേരിക്ക ടീം റദ്ദാക്കി.