Middle East

ദുബായിൽ മിനി ബസ് അപകടത്തിൽ മരിച്ച എട്ട് പേരിൽ ഏഴു പേർ ഇന്ത്യക്കാർ. ഒരാൾ പാക്കിസ്ഥാനിയാണ്. പരുക്കേറ്റ ആറ് ഇന്ത്യക്കാരിൽ 3 പേരുടെ നില ഗുരുതരമാണ്. ഇവർ റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ 4.54ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു അപകടമെന്ന് ദുബായ് പൊലീസ് അറിയിച്ചു. തൊഴിലാളികളുമായി ഷാർജ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന 14 പേർക്ക് യാത്ര ചെയ്യാവുന്ന മിനി ബസ് മിർദിഫ് സിറ്റി സെൻ്റർ എക്സിറ്റിന് മുൻപായി റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. ബസ് ഡ്രൈവറടക്കം എട്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മൃതദേഹങ്ങർ പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചവരിലോ പരുക്കേറ്റവരിലെ മലയാളികളുണ്ടോ എന്ന് അറിവായിട്ടില്ല. അപകട കാരണം അന്വേഷിച്ചുവരികയാണെന്ന് ദുബായ് പൊലീസ് സെക്യുരിറ്റി മീഡിയാ ഡയറക്ടർ കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു.

സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദിന്റെ പ്രധാന അംഗരക്ഷകരിലൊരാൾ വെടിയേറ്റ് മരിച്ചു. മേജർ ജനറൽ അബ്ദുൾഅസീസ് അൽ ഫഖാം ആണ് വെടിയേറ്റു മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് വെടി വെക്കുകയായിരുന്നെന്നാണ് വിവരം. ഇതൊരു വ്യക്തിപരമായ തർക്കത്തിനു പിന്നാലെയാണെന്ന് ദേശീയ ടെലിവിഷൻ പറഞ്ഞു.

വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ല. അവ്യക്തമായ കാര്യങ്ങളാണ് സോഷ്യല്‌ മീഡിയയിൽ പ്രചരിക്കുന്നത്. സൽമാൻ രാജാവിനോട് മേജർ ജനറൽ അബ്ദുൾഅസീസ് പുലർത്തിയിരിന്ന വിധേയത്വം വ്യക്തമാക്കുന്ന ഫോട്ടോകളും ആദരാഞ്ജലിക്കുറിപ്പുകളും പ്രചരിക്കുന്നുണ്ട്.

സൗദി സ്റ്റേറ്റ് ടെലിവിഷൻ ഒരു ട്വീറ്റിലൂടെയാണ് മരണം അറിയിച്ചത്. ജിദ്ദയിൽ വെച്ച് ഒരു വ്യക്തിപരമായ തർക്കത്തിനിടെ വെടിയേറ്റു മരിച്ചു എന്ന് ചുരുങ്ങിയ വാക്കുകളിലായിരുന്നു ട്വീറ്റ്.

മേജർ ജനറൽ അബ്ദുൾഅസീസിന്റെ ഒരു സുഹൃത്താണ് വെടി വെച്ചതെന്ന് സൗദ് പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഒരു സൗദി പൗരനും ഒരു ഫിലിപ്പിൻ പൗരനും പരിക്കേറ്റതായും ഈ റിപ്പോർട്ട് പറഞ്ഞു. വെടി വെച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യാക്രമണത്തിൽ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കുണ്ട്.

രാജാക്കന്മാരുടെ സൂക്ഷിപ്പുകാരൻ എന്നാണ് മേജർ ജനറൽ അബ്ദുൾഅസീസിനെ ഒകാസ് പത്രം വിശേഷിപ്പിച്ചത്.

ചൂട് പ്രശ്നമാക്കാതെ മെഡൽ ലക്ഷ്യമിട്ട് ഖലീഫ സ്റ്റേഡിയത്തിൽ അത്‍ലിറ്റുകൾ കുതിപ്പ് തുടങ്ങി. ആദ്യദിനം യോഗ്യതാ മത്സരങ്ങളായിരുന്നു കൂടുതൽ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മീറ്റ് ഉദ്ഘാടനം ചെയ്തു. പുരുഷ 100 മീറ്റർ ഉൾപ്പെടെ ഇന്ന് 4 ഫൈനലുകളുണ്ട്. ഇന്ത്യൻ താരം ദ്യുതി ചന്ദ് വനിതാ 100 മീറ്ററിന്റെ ആദ്യ റൗണ്ടിൽ ഇറങ്ങും. മിക്സ്ഡ് റിലേയുടെ ആദ്യ റൗണ്ടും ഇന്നാണ്.

ശ്രീശങ്കർ പുറത്ത്

പുരുഷ ലോങ്ജംപിൽ മലയാളിതാരം എം.ശ്രീശങ്കർ ഫൈനലിലെത്താതെ പുറത്തായി. 26 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ താരം 22–ാമതായിപ്പോയി. തന്റെ ആദ്യ ലോക ചാംപ്യൻഷിപ്പിന് ഇറങ്ങിയ ശ്രീശങ്കർ ആദ്യ ശ്രമത്തിൽ 7.52 മീറ്റർ ചാടി. രണ്ടാം ശ്രമത്തിൽ 7.62 മീറ്റർ. മൂന്നാം ശ്രമം ഫൗളായി. ക്യൂബയുടെ യുവാൻ മിഗ്വേൽ എച്ചെവറിയ 8.40 മീറ്റർ ചാടി യോഗ്യതാ റൗണ്ടിൽ ഒന്നാമനായി ഫൈനലിലെത്തി.

യുഎസിന്റെ ജെഫ് ഹെൻഡേഴ്സൻ (8.12 മീ), ജപ്പാന്റെ യുകി ഹഷിയോക (8.07), യുഎസിന്റെ സ്റ്റെഫിൻ മക്കാർട്ടർ (8.04), ദക്ഷിണാഫ്രിക്കയുടെ റസ്‌വാൾ സമായി (8.01), സ്പെയിനിന്റെ യൂസെബിയോ കാസെറസ് (8.01) എന്നിവർക്കു മാത്രമാണ് 8 മീറ്റർ കടക്കാനായത്. മലയാളിതാരത്തിന്റെ പേരിലുള്ള ഏറ്റവും മികച്ച പ്രകടനം 8.20 മീറ്ററിന്റെ ദേശീയ റെക്കോർഡാണ്. ഈ സീസണിലെ മികച്ച പ്രകടനമായ 8 മീറ്ററിലും താഴെയുള്ള പ്രകടനമാണു ശ്രീശങ്കർ ഇന്നലെ നടത്തിയത്.

ചരിത്ര റിലേ

ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി 4–400 മീറ്റർ മിക്സ്ഡ് റിലേ ഇന്നു ട്രാക്കിലെത്തും. ആദ്യ റൗണ്ടാണ് ഇന്ന്. 2 വീതം പുരുഷ, വനിതാ താരങ്ങളാണ് ഓരോ ടീമിലും ഉണ്ടാവുക. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മലയാളിതാരം വൈ.മുഹമ്മദ് അനസ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം 5–ാം സ്ഥാനത്തുണ്ട്.

പോളണ്ട്, ബഹ്റൈൻ, യുഎസ്, ഇറ്റലി ടീമുകളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. 2017ലെ ലോക റിലേ ചാംപ്യൻഷിപ്പിലാണ് മിക്സ്ഡ് റിലേ ആദ്യമായി സീനിയർ തലത്തിൽ പരീക്ഷിക്കുന്നത്. ബഹാമാസ് ആയിരുന്നു ആദ്യ ജേതാക്കൾ. ഈ വർഷത്തെ ലോക റിലേയിൽ യുഎസ് ഒന്നാമതെത്തി. കഴിഞ്ഞ ജക്കാർ‌ത്ത ഏഷ്യൻ ഗെയിംസിൽ ബഹ്റൈനു പിന്നിൽ ഇന്ത്യ വെള്ളി നേടിയിരുന്നു.

ചൂടറിയാൻ തെർമോമീറ്റർ ഗുളിക!

കത്തുന്ന ചൂട് അത്‍ലിറ്റുകളെ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാൻ മാരത്തൺ ഓട്ടക്കാർക്കും നടത്തക്കാർക്കും രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘പിൽ തെർമോമീറ്ററാ’ണിത്. ഇതു വിഴുങ്ങിയാൽ അത്‍ലിറ്റിന്റെ ശരീരം ചൂടിനോട് എങ്ങനെയാണു പ്രതികരിക്കുന്നതെന്നു ഗുളികയ്ക്കുള്ളിലുള്ള പ്രത്യേക ചിപ്പിലൂടെ പുറത്തറിയാം.

ഗുളികയിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം വൈദ്യസംഘത്തിന്റെ കയ്യിലുണ്ടാകും. വിഴുങ്ങി 2 മണിക്കൂർ കഴിയുമ്പോൾ ചിപ്പ് വിവരങ്ങൾ അയച്ചുതുടങ്ങും. 18 മുതൽ 30 മണിക്കൂർവരെ ശരീരത്തിനുള്ളിൽ തെർമോമീറ്റർ പ്രവർത്തിക്കും. പിന്നീട് വൻകുടലിലൂടെ പുറന്തള്ളപ്പെടും. ദോഹയിലെ പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസാണ്. അർധരാത്രിയിൽ ചൂട് 30 ഡിഗ്രി ആകുമ്പോഴാണു മാരത്തൺ, നടത്ത മത്സരങ്ങൾ നടത്തുന്നത്.

ദുബായിലെ അല്‍ ഖുസൈസ് നഗരത്തില്‍ വന്‍ തീ പിടിത്തം. ഷാര്‍ജ അതിര്‍ത്തിക്ക് സമീപം അല്‍ ഖുസൈസിലെ ടയര്‍ ഗോഡൗണുകള്‍ക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അറിയിച്ച അഗ്‌നിശമന സേന, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അറിയിച്ചു.

തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത പുക നിറഞ്ഞു. ഉച്ചയ്ക്ക് 2.31നാണ് തങ്ങള്‍ക്ക് തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ ഖുസൈസ്, അല്‍ ഹംരിയ, അല്‍ കരാമ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി. പിന്നീട് അല്‍ അല്‍ ബര്‍ഷ, നാദ് അല്‍ ഷെബ, അല്‍ മെസെര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകളെത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണുകളിലും പരിസരത്തും ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷതമായി ഒഴിപ്പിക്കാന്‍ സാധിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

 

ബഹിരാകാശത്തേക്ക് ആദ്യ സഞ്ചാരിയെ അയയ്ക്കുകയെന്ന യു.എ.ഇ.യുടെ സ്വപ്നം ഇന്ന് പൂവണിയും. യു.എ.ഇ.യുടെ കൊടിനാട്ടാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെടുമ്പോൾ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടിയും ഒപ്പമുണ്ടാകും.

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള അഭിമാനക്കുതിപ്പിന് യുഎഇ ഒരുങ്ങി. സെപ്‌തംബർ 25 ബുധനാഴ്ച വൈകിട്ട് 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെടും. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ.

യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. യാത്രയ്ക്കുള്ള സോയുസ് എംഎസ് 15 പേടകം സജ്ജമായി. വിക്ഷേപണത്തിനുള്ള സോയുസ് എഫ്ജി റോക്കറ്റ് ബൈക്കന്നൂർ കോസ്മോഡ്രോമിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽ എത്തിച്ചു.

സോയുസ് എംഎസ് 15 പേടകത്തിന് 7.48 മീറ്റർ നീളവും 2.71 മീറ്റർ വ്യാസവുമുണ്ട്. 6 മണിക്കൂർകൊണ്ട് ബഹിരാകാശ നിലയത്തിൽ എത്താമെന്നു പ്രതീക്ഷിക്കുന്നു. അടുത്തമാസം നാലിനാണ് ഐഎസ്എസിൽ നിന്നുള്ള മടക്കയാത്ര. യു.എ.ഇ.യുടെ കൊടിനാട്ടാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെടുമ്പോൾ ഒപ്പം യു.എ.ഇ.യുടെ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടി കൂടിയുണ്ടാവും. ഇൻറർനാഷനൽ സ്‌പേസ് സെന്ററിൽ ആദ്യമായി അറബ് ലോകത്തുനിന്നൊരാൾ എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെതാരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം.

ഷാർജ ∙ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് യുഎഇയിലെത്തുന്ന ഇന്ത്യൻ തൊഴിലാളികളുടെ ദുരിത കഥ തുടരുന്നു. ഏറ്റവുമൊടുവിൽ, ഷാർജ ഖാലിദ് തുറഖമത്തോടു ചേർന്നുള്ള കോർണിഷിൽ ഇരുപതിലേറെ ഇന്ത്യക്കാർ ഭക്ഷണമോ മറ്റോ ഇല്ലാതെ കടുത്ത ചൂടു സഹിച്ച് നാളുകൾ തള്ളിനീക്കുന്ന കാഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിയ യുവാക്കളാണ് എന്തു ചെയ്യമമെന്നറിയാതെ അൽ മജർറ കോർണിഷിലെ റാഡിസൺ ബ്ലൂ ഹോട്ടലിനടുത്തെ പള്ളിക്കരികിലെ പുൽമേട്ടിൽ തുണി വിരിച്ച് മരത്തിനു ചുവട്ടിൽ കിടന്ന് രാപ്പലുകൾ ചെലവിടുന്നത്. ലക്നോ സ്വദേശി കുന്ദർ ഷാ (22), ബിഹാര്‍ സ്വദേശികളായ വിക്കി (23), രഞ്ജിത് യാദവ് (24), മുഹമ്മദ് യൂനസ് (24), അഹമദ് (22), സമീൽ അൻസാരി (24), പഞ്ചാബ് സ്വദേശി വിക്കി (22) തുടങ്ങിയവർ ഇവരിൽ ചിലർമാത്രം. എന്തെങ്കിലും ഭക്ഷണം കിട്ടുമോ എന്നറിയാൻ തമിഴ്നാട്ടുകാരായ ചിലർ അവിടെ നിന്ന് പോയിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.

ഏജന്റിന് ഒരു ലക്ഷത്തോളം രൂപ നൽകിയാണ് പലരും സന്ദർശക വീസയിൽ ഇവിടെ എത്തിയിട്ടുള്ളത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ ഏജന്റുമാരാണ് യുഎഇയിലെ വിവിധ കമ്പനികളുടെ പേരിൽ ഇവർക്ക് സന്ദർശ വീസ നൽകി പറഞ്ഞയക്കുന്നത്. കമ്പനികളിൽ മികച്ച ശമ്പളത്തിന് ഹെൽപർ ജോലി, താമസം, ഭക്ഷണം, ട്രാൻസ്പോർടേഷൻ തുടങ്ങിയവ ഇവർ വാഗ്ദാനം ചെയ്യുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള യുവാക്കൾ ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ചാണ് പലരിൽ നിന്നും കടം വാങ്ങിയും വീട്ടുകാരുടെയും ബന്ധുക്കളുടെയും പൊൻതരി പണയം വച്ചും ബാങ്ക് വായ്പയെടുത്തും ഉത്തരവാദിത്തത്തിന്റെ ഭാരവും പേറി വിമാനം കയറിയത്. എന്നാൽ ഇവിടെയെത്തിയപ്പോൾ ഇവരെ ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ഒടുവിൽ പരിചയക്കാരുടെ സഹായത്താൽ ചിലർ ചില കമ്പനികളിൽ ജോലിക്ക് കയറിയെങ്കിലും ശമ്പളം ലഭിക്കാത്തതിനാലും തൊഴിൽ വീസയിലേയ്ക്ക് മാറ്റാത്തതിനെതുടർന്നും അവിടെ നിന്ന് പുറത്തുചാടുകയായിരുന്നു. പലരുടെയും സന്ദർശക വീസാ കാലാവധി കഴിഞ്ഞ് മാസങ്ങളായി. വൻതുക പിഴ ഒടുക്കേണ്ടതിനാൽ നാട്ടിലേയ്ക്ക് പോകാനുള്ള വഴികളും അടഞ്ഞു.

കോർണിഷിൽ രാപ്പകലുകൾ ചെലവിടുന്ന ഇന്ത്യൻ യുവാക്കളിൽ ഭൂരിഭാഗവും മാസങ്ങൾക്ക് മുൻപാണ് ഇവിടെ എത്തിയത്. ഇവരുടെ ദുരവസ്ഥ കണ്ട് ആരെങ്കിലും എന്തെങ്കിലും വാങ്ങിച്ചു നൽകിയാൽ ഒരു നേരത്തേയ്ക്ക് ഒപ്പിക്കും. പതിവായി ഇവിടെയെത്തുന്ന പാക്കിസ്ഥാനി യുവാവ് ഷംസീർ ആലം തങ്ങൾക്ക് ഇടയ്ക്കിടെ റൊട്ടി കൊണ്ടുത്തരുമെന്നും അതുമാത്രമാണ് ഭക്ഷണമെന്നും കുന്ദർ ഷാ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ഇതുപോലെ വീസാ ഏജന്‍റിന്റെ ചതിയിൽപ്പെട്ട് പട്ടിണിയും പരിവട്ടവുമായി കഴിയുന്ന യുവതികളടക്കമുള്ള ഇന്ത്യക്കാർ ഒട്ടേറെയുണ്ട്. നാട്ടിൽ അധികൃതരുടെ ഒത്താശയോടെയാണ് ഏജന്റുമാർ പണം പിടുങ്ങി പാവങ്ങളെ വഞ്ചിക്കുന്നത്. ഇവിടെയെത്തിയാലോ തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ ദുരിതത്തിലുമാകുന്നു. മാധ്യമ വാർത്തകൾ കണ്ട് മനസിൽ കരുണ വറ്റിയിട്ടില്ലാത്ത മലയാളികളടക്കം ചിലർ ചെന്നു കണ്ട് നൽകുന്ന ഭക്ഷണവും മറ്റു സഹായവുമാണ് ഇവര്‍ക്ക് പിന്നീട് രക്ഷയാകുന്നത്. എങ്കിലും കടം വാങ്ങിയ പണം തിരിച്ചു നൽകാതെ നാട്ടിലേയ്ക്ക് പോയാലുള്ള അവസ്ഥയോർത്ത് പലരും ആശങ്കയിലാകുന്നു.

ദുബായിലെ ഷോപ്പിങ് മാളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അഞ്ചു വയസ്സുകാരനെ പൊലീസ് കണ്ടെത്തി സംരക്ഷിക്കുന്നതിന്റ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 10 ദിവസമായിട്ടും കുട്ടിയെ തേടി ആരുമെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കളെ കണ്ടെത്താൻ പൊതുസമൂഹത്തിന്റെ സഹായം ദുബായ് പൊലീസ് തേടിയിരുന്നു. ഇപ്പോഴിതാ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ദുബായി പൊലീസ്.

കുട്ടിയെ പ്രസവിച്ച വിദേശ യുവതി അഞ്ച് വര്‍ഷം മുന്‍പ് രാജ്യം വിട്ടുപോയെന്നും പിന്നീട് തിരികെ വന്നിട്ടില്ലെന്നും ദുബായ് പൊലീസ് കണ്ടെത്തി. പ്രവാസിയായിരുന്ന ഇവര്‍ കുഞ്ഞിനെ സ്വന്തം രാജ്യക്കാരിയായ മറ്റൊരു സ്ത്രീയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു രാജ്യം വിട്ടത്. പിന്നീട് തിരികെ വന്നിട്ടില്ല.

കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ദുബായ് പൊലീസ്, എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്ത് ആദ്യ 90 മിനിറ്റിനുള്ളില്‍ തന്നെ തങ്ങള്‍ക്ക് ആദ്യ ഫോണ്‍ കോള്‍ ലഭിച്ചുവെന്ന് അല്‍ മുറഖബ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗനം അറിയിച്ചു. കുട്ടിയെ തനിക്ക് അറിയാമെന്നും ഷാര്‍ജയിലുള്ള ഒരു സ്ത്രീയ്ക്കൊപ്പമാണ് അവന്‍ താമസിച്ചിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

 

ദുബായ് പൊലീസും ഷാർജ പൊലീസും ചേർന്ന് ഈ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവർ പറഞ്ഞത് അത് തന്റെ മകനല്ലെന്നും അവന്റെ അമ്മ തന്നെ ഏൽപ്പിച്ചിട്ട് അഞ്ച് വർഷം മുമ്പ് നാടു വിട്ടു എന്നുമാണ് രാജ്യം വിട്ട അമ്മ പിന്നീടൊരിക്കലും തിരികെ എത്തിയില്ല. ഇവരുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ യാതൊരു വിവരവും തനിക്ക് അറിയില്ലെന്നും സ്ത്രീ പറയുന്നു. അമ്മ തിരിച്ചു വരുമെന്ന് കരുതി അധികാരികളെ അറിയിക്കാതെ 5 വർഷമായി കുട്ടിയെ പരിപാലിക്കുക ആയിരുന്നു. പക്ഷേ കുട്ടിയെ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിനും നല്ല ചിലവ് ഉണ്ടാകുന്നുവെന്നും താങ്ങാവുന്നതിനുമപ്പുറം ആയപ്പോൾ സുഹൃത്തിനോട് സഹായം ആവശ്യപ്പെട്ടു.

സുഹൃത്ത് കുട്ടിയെ മറ്റൊരു സ്ത്രീക്ക് നൽകണമെന്ന് ഉപദേശിച്ചു. അൽ മുത്തീന പ്രദേശത്ത് താമസിച്ചിരുന്ന മറ്റൊരു സ്ത്രീ കുറച്ചുകാലം കുട്ടിയെ പരിപാലിച്ചുവെങ്കിലും പിന്നീട് അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവരും അവരുടെ ഒരു സുഹൃത്തിനോട് ചോദിച്ചു. അങ്ങനെയാണ് കുട്ടിയെ മാളിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതെന്ന് സ്ത്രീ പൊലീസിനോട് വ്യക്തമാക്കുന്നു.

നാല് സ്ത്രീകളുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഇവരാരും കുഞ്ഞിന്റെ അമ്മയല്ലെന്ന് തെളിഞ്ഞതായി ദുബായ് പൊലീസ് അറിയിച്ചു. സെപ്റ്റംബർ ഏഴിനാണ് ദേരയിലെ അൽ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീൻ സ്വദേശി കണ്ടെത്തി അൽ മുറഖബ പോലീസിൽ ഏൽപ്പിക്കുന്നത്.മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി

കാണാതായി പതിനൊന്ന് ദിവസമായിട്ടും അഞ്ചുവയസ്സുകാരനെ തേടി ആരുമെത്താത്തതിൽ ദുരൂഹതയേറുന്നു. കുട്ടിയുടെ രക്ഷിതാക്കൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയിപ്പോൾ ദുബായ് ഫൗണ്ടേഷൻ ഫോർ വുമൻ ആൻഡ് ചിൽഡ്രന്റെ സംരക്ഷണയിലാക്കി.

സെപ്റ്റംബർ ഏഴിനാണ് ദേരയിലെ അൽ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീൻ സ്വദേശി കണ്ടെത്തി അൽ മുറഖബ പോലീസിൽ ഏൽപ്പിക്കുന്നത്. കുട്ടിയെക്കുറിച്ച് നാളിതുവരെയായിട്ടും ഒരു വിവരവും ലഭിക്കാത്തിനാൽ സംഭവത്തിൽ ദുരൂഹതയേറുകയാണ്.

മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. അതിനപ്പുറത്തേക്ക് മാതാപിതാക്കളെക്കുറിച്ച് അവന് യാതൊരു അറിവുമില്ല. കുഞ്ഞിന്റെ രക്ഷിതാക്കൾ മനപൂർവ്വം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. കുട്ടിയെ ഈ വിധം പറഞ്ഞുപഠിപ്പിച്ചതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അല്ലെങ്കിൽ മാതാപിതാക്കളുടെ പേരുപോലും അറിയാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നത്.

കുട്ടിയെയോ കുടുംബത്തെയോ പരിചയമുള്ളവർ പോലീസുമായി ബന്ധപ്പെട്ട് വിവരം നൽകണമെന്നും പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. 901-ലോ 055526604-ലോ വിളിക്കുകയോ അൽ മുറഖബ പോലീസ് സ്റ്റേഷനിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.

അബുദാബി: യാത്രക്കാരന്റെ ടാബ്‍ലറ്റ് ഡിവൈസില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. അബുദാബിയില്‍ നിന്ന് വാഷിങ്ടണ്‍ ഡിസിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ.വൈ 131 വിമാനമാണ് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ അടിയന്തരമായി ഇറക്കിയത്.

അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനം സുരക്ഷിതമായി ഡബ്ലിനില്‍ ഇറക്കിയ ശേഷം ടാബ്‍ലറ്റ് ഡിവൈസ് വിമാനത്തില്‍ നിന്നുമാറ്റി. തുടര്‍ന്ന് യാത്ര തുടരുകയായിരുന്നു.

ബാറ്ററികളില്‍ നിന്ന് തീപിടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ആപ്പിള്‍ മാക്ബുക്ക് പ്രോ കംപ്യൂട്ടറുകളുടെ ചില മോഡലുകള്‍ക്ക് നേരത്തെ വിവിധ വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും വിമാനം വഴിതിരിച്ചുവിട്ടതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഇത്തിഹാദ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

അബുദാബി: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് മത്സ്യവും മത്സ്യ ഉത്പ്പന്നങ്ങളും വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോരിറ്റി. ഷോപ്പിങില്‍ ഏറ്റവും അവസാനം മാത്രമേ മത്സ്യം വാങ്ങാവൂ എന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.

കൃഷി-ഭക്ഷ്യ സുരക്ഷാ അതോരിറ്റി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച വീഡിയോ ക്ലിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷോപ്പിങ് തുടങ്ങുമ്പോള്‍ തന്നെ മത്സ്യം വാങ്ങിവെയ്ക്കുന്നത് അവ കേടാകാന്‍ കാരണമാകുമെന്നും സാധ്യമാവുന്നിടത്തോളം സമയം അവ റഫ്രിജറേറ്ററില്‍ തന്നെ സൂക്ഷിക്കണമെന്നും വീഡിയോയില്‍ പറയുന്നു. ആദ്യം തന്നെ മത്സ്യം വാങ്ങി റഫ്രിജറേറ്ററിന് പുറത്ത് ഏറെനേരം സൂക്ഷിക്കുന്നത് അതിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

വീഡിയോ കാണാം…

 

RECENT POSTS
Copyright © . All rights reserved