Middle East

മദീനയില്‍ 36 പേരുടെ മരണത്തിനിടയാക്കിയ ഉംറ ബസപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വീണ്ടും ഉംറ തീര്‍ഥാടകരുടെ ബസില്‍ ട്രെയിലര്‍ ഇടിച്ച് അപകടം. റിയാദില്‍ നിന്ന് 700 കിലോമീറ്ററര്‍ അകലെ അതിവേഗ പാതയില്‍ തായിഫിന് സമീപം അല്‍മോയയിലുണ്ടായ അപകടത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ മരിച്ചു. പത്തിലേറെ മലയാളികള്‍ക്ക് പരിക്കേറ്റു.

ദമ്മാമില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടത്. മദീനാ സന്ദര്‍ശനം കഴിഞ്ഞ് മക്കയിലത്തെി ഉംറ നിര്‍വഹിച്ച ശേഷം തിരികെ ദമ്മാമിലേക്കുള്ള മടക്കയാത്രയിലാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വിശ്രമത്തിനായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ട്രെയിലര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലര്‍ പൂര്‍ണമായും തകര്‍ന്നു.

ബസിലുണ്ടായിരുന്നവരില്‍ പരിക്കേറ്റവരെ ഉടന്‍ അല്‍മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സക്കായി തായിഫ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ബസ് ഡ്രൈവര്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും യാത്രക്കാരനായ തൃശൂര്‍ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കര്‍ കിങ് ഫൈസല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

മഞ്ഞിൽ കുളിച്ച് നിൽക്കുന്ന ദുബായ്​യുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ഒട്ടേറെ പ്രവാസികളുടെ സൈബർ വാളുകളിൽ. ഇൗ ചിത്രങ്ങൾ പങ്കുവച്ചതാകട്ടെ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
അദ്ദേഹം ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ നിന്നു വീഡിയോയും പടങ്ങളും പകർത്തുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

ഇന്നു പുലർച്ചെ ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം ഇന്റർനാഷനൽ വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം, അബുദാബി–അൽഎെൻ റോഡ്, അജ്മാൻ, സ്ൈഹാൻ, മിൻഹാദ് തുടങ്ങിയ ഇടങ്ങളിലൊക്കെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയടക്കം മൂടൽമഞ്ഞിൽ കുളിച്ചു നിൽക്കുന്നത് ചിത്രങ്ങളിലും വിഡിയോയിലും കാണാം

 

 

View this post on Instagram

 

Today #Dubai looks like this #Goodmorning 🌬☁️

A post shared by Fazza (@faz3) on

ഷാര്‍ജയില്‍ ആദ്യ ഭാര്യയായ ഇന്ത്യന്‍ യുവതിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഇന്ത്യൻ ദമ്പതികൾക്ക് ഷാർജ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ ഇന്ത്യൻ യുവാവിന്റെ ആദ്യ ഭാര്യയെയാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാൻ വിസമ്മതിച്ചതോടെയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. 2018 ഏപ്രിലിൽ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. വീട് പൂട്ടിയശേഷം വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കിയിരിക്കുകയായിരുന്നു ഇവിടെ. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ ആഴമില്ലാത്ത കുഴിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയ ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്നു വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. മരണം നടന്നിട്ട് ഒരു മാസത്തിലധികം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ ധാരാളം മുറിവുകളുടെ അടയാളമുണ്ടായിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയെ തുടർന്നാണ് കേസിൽ വിശദമായ അന്വേഷണം നടന്നത്. സഹോദരിയെ കുറിച്ച് കുറേ ദിവസമായി വിവരമൊന്നും ഇല്ലെന്നും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു പരാതി. ദമ്പതികളും രണ്ടു മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. മലയാളികളടക്കം അനേകം ഇന്ത്യക്കാര്‍ താമസിക്കുന്ന നിരവധി വില്ലകളാണ് മൈസലൂണ്‍ ഭാഗത്തുള്ളത്.

എടത്വാ:ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിർത്തുന്നതിന് നിലകൊള്ളുന്ന ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ *കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തിന്* ചങ്ങനാശേരി സമരിറ്റൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ലീലാമ്മ ജോർജ് അർഹയായി.

ആറാമത് വാർഷികത്തിന്റെ ഭാഗമായിട്ട് ആതുര ശുശ്രുഷ രംഗത്ത് മികച്ച സംഭാവനകൾ നല്കുന്നവർക്ക് വേണ്ടി ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ പുരസ്ക്കാരത്തിനാണ് ഡോ. ലീലാമ്മ ജോർജ് അർഹയായത്. ഫലകവും,10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകൻ അഭി.മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത പുരസ്ക്കാരവും പ്രശസ്തി പത്രം യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇൻറർനാഷണൽ ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫും ഒക്ടോബർ 19ന് എടത്വായിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.പ്രസിഡന്റ് ബിൽബി മാത്യം അദ്ധ്യക്ഷത വഹിക്കും.

അബുദാബി സിറ്റി മെഡിക്കൽ സെന്ററിന്റെ ഡയറക്ടർ കൂടിയായ ഡോ. ലീലാമ്മ ജോർജ് കേരളത്തിലെ വിവിധ ജില്ലകളിൽ സാധാരണക്കാർക്ക് വേണ്ടി നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, സാമൂഹ്യ ക്ഷേമ ജീവകാരുണ്യ ആതുര സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.കൂടാതെ പഠനത്തിൽ സമർത്ഥരും നിർധനരുമായ അനേകം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ക്കോളർഷിപ്പും നല്കി വരുന്നു. ചങ്ങനാശേരിയിലെ അതിപുരാതനമായ ഡോക്ടേർസ് ടവറിന്റെ ഉടമ കൂടിയാണ്.

1978 മുതൽ അബുദാബിയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളെ പരിഗണിച്ച് അബുദാബി – കേരള മുസ്ലീം കൾച്ചറൽ സെൻറർ മികച്ച സേവനത്തിനുളള പുരസ്ക്കാരം നല്കി ആദരിച്ചിരുന്നു.

ഡോ.ജോർജ് പീടിയേക്കൽ ആണ് ഭർത്താവ്.താക്കോൽ ദ്വാരം ശസ്ത്ര ക്രിയയിൽ വിദഗ്ദ്ധനായ പ്രൊഫ. ഡോ.റോബിൻസൺ ജോർജ് ,കോസ്മറ്റോളജിസ്റ്റ് ആയ ഡോ. എലിസബത്ത് അനിൽ, സന്ധി മാറ്റൽ ശസ്ത്രത്രക്രിയയിൽ വിദഗ്ദ്ധനായ ഡോ.ജഫേർസൺ ജോർജ് എന്നിവർ മക്കളും ഷിനോൾ റോബിൻസൺ, ഡോ.അനിൽ ഏബ്രഹാം, ഡോ.നിഷാ ജഫേഴ്സൻ മരുമക്കളും ആണ്.

കഴിഞ്ഞ 4 പതിറ്റാണ്ടായി സാമുഹ്യ-ക്ഷേമ – ജീവകാരുണ്യ ആതുര ശുശ്രുഷ രംഗത്ത് നിലകൊള്ളുന്ന ഡോ.ലീലാമ്മ ജോർജ് എടത്വാ സെന്റ് അലോഷ്യസ് കോളജ് പൂർവ്വ വിദ്യാർത്ഥിനി കൂടിയാണ്.വീണ്ടും ദൈവകൃപയിൽ ആശ്രയിച്ച് അശരണരായവർക്ക് പരമാവധി സേവനം ചെയ്യുവാനാണ് ഡോ. ജോർജ് – ലീലാമ്മ കുടുംബം ലക്ഷ്യമിടുന്നത്. സാമൂഹ്യ പ്രവർത്തകനും വള്ളംകളി പ്രേമിയും ആയിരുന്ന പരേതനായ കെ.എം തോമസിന്റെ (പാണ്ടിയിൽ കുഞ്ഞച്ചൻ) മകളാണ് ഡോ. ലീലാമ്മ ജോർജ്.

മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന ഗൾഫ് രാജ്യമാണ് ദുബായ്. ഒരു വിഭാഗം ആളുകൾ ജോലിയ്ക്കായി ദുബായിൽ പോകുമ്പോൾ മറ്റൊരു വിഭാഗം വിനോദസഞ്ചാരത്തിനായാണ് ദുബായിയെ തിരഞ്ഞെടുക്കുന്നത്. ദുബായിൽ താമസിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് വിസിറ്റിങ് വിസയിൽ പോകുന്നവരും വിവിധ ട്രാവൽ ഏജൻസികളുടെ പാക്കേജുകൾ എടുത്തു പോകുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇങ്ങനെ വിസിറ്റിങ്ങിനായി ദുബായിൽ എത്തുന്നവർ അവിടെ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഒന്നു നോക്കാം.

വസ്ത്രധാരണം – തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ പോകുന്നതു പോലെ എന്തുതരം വസ്ത്രങ്ങളും ധരിച്ച് ദുബായിൽ പുറത്തിറങ്ങരുത്. എല്ലാവർക്കും ആവശ്യത്തിനു സ്വാതന്ത്ര്യം ദുബായിൽ ലഭിക്കുന്നുണ്ട്. എന്നാൽ മോസ്‌ക്കുകൾ പോലുള്ള സ്ഥലങ്ങളിൽ സന്ദർശകർക്ക് പ്രത്യേകം പറഞ്ഞിരിക്കുന്ന ചില ഡ്രസ്സ് കോഡുകളുണ്ട്. അവ പാലിക്കുക തന്നെ വേണം. ബീച്ചുകളിൽ ഉല്ലസിക്കുവാനും കുളിക്കുവാനുമൊക്കെ പോകുമ്പോൾ സ്വിമ്മിങ് സ്യൂട്ട് ധരിക്കാമെങ്കിലും മാന്യമായി വേണം എല്ലാം. ഒന്നോർക്കുക ഡ്രസ്സ് കോഡ് തെറ്റിക്കുന്നവർക്ക് ഒരു മാസത്തെ ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം.

സ്ത്രീകളുമായുള്ള ഇടപെടൽ – ദുബായിൽ ചെല്ലുന്നവർ അപരിചിതരായ സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെ ശ്രദ്ധിക്കണം. ചിലരൊക്കെ നമ്മുടെ നാട്ടിൽ ചെയ്യുന്നതുപോലെ സ്ത്രീകളെ തുറിച്ചു നോക്കാനോ കമന്റ് അടിക്കാനോ അനാവശ്യമായി പിന്തുടരാനോ പാടില്ല. അന്യ സ്ത്രീകളുമായി ഇടപെടേണ്ട ആവശ്യം വന്നാൽ അവരുടെ അനുവദമില്ലാതെ ഒരിക്കലും ഷേക്ക് ഹാൻഡിനായി കൈ നീട്ടരുത്. സംസാരിക്കുമ്പോൾ ഒരു നിശ്ചിത അകലം പാലിക്കുകയും വേണം.

അസഭ്യ വാക്കുകളുടെ ഉപയോഗം – നമ്മുടെ നാട്ടിൽ ഹോട്ടലുകളിൽ ഭക്ഷണം വൈകിയാൽ പോലും ചിലർ വെയിറ്ററുടെ മെക്കിട്ടു കയറുന്നത് കാണാം. ചിലപ്പോൾ അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ഈ സ്വഭാവമുള്ളവർ ദുബായിൽ ഇതൊന്നും പുറത്തെടുക്കാതിരിക്കുക. പൊതുവെ ദുബായിലുള്ളവർ വളരെ സൗഹാർദ്ദപരമായി ഇടപെടുന്നവരാണ്. അതുകൊണ്ട് നമുക്ക് എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ അസഭ്യവാക്കുകൾ പറഞ്ഞു തർക്കിക്കാൻ നിൽക്കാതെ മാന്യമായി ഇടപെടുക.

പുകവലിയും മദ്യപാനവും – മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമാണ്. എങ്കിലും ദുബായിൽ ഇവ രണ്ടും നിരോധിച്ചിട്ടില്ല. എന്നു കരുതി പൊതുസ്ഥലങ്ങളിൽ മദ്യപിക്കാനോ പുകവലിക്കുവാനോ (നിരോധനമുള്ളയിടത്ത്) പാടില്ല. ഇവ രണ്ടും ഉപയോഗിക്കുന്നതിനു മുൻപായി അവിടത്തെ നിയമങ്ങൾ ഒന്നറിഞ്ഞിരിക്കുക.

ഫോട്ടോഗ്രാഫി – ദുബായിൽ എത്തുന്ന സഞ്ചാരികൾക്ക് തങ്ങളുടെ ക്യാമറയിൽ പകർത്തുവാൻ തക്കവിധത്തിലുള്ള ധാരാളം ഫ്രയിമുകളും കാഴ്ചകളും അവിടെ കാണാം. പക്ഷേ അപരിചിതരുടെ ഫോട്ടോകൾ അവരുടെ അനുവാദം കൂടാതെ എടുക്കുവാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് സ്ത്രീകളുടെ. പിടിക്കപ്പെട്ടാൽ പണിപാളും. അതുപോലെ ഫോട്ടോഗ്രാഫി നിരോധിച്ച സ്ഥലങ്ങൾ ഏതൊക്കെയെന്നു ആദ്യമേ അറിഞ്ഞിരിക്കുക.

മരുന്നുകൾ – നിങ്ങൾ സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ആണെങ്കിൽ നിങ്ങളുടെ കൂടെ ഇപ്പോഴും കഴിക്കുന്ന മരുന്നുകളും ഉണ്ടാകുമല്ലോ. ഈ മരുന്നുകൾ ദുബായിൽ നിരോധിച്ചിട്ടുള്ളവയാണോ എന്ന് പോകുന്നതിനു മുൻപായി പരിശോധിക്കേണ്ടതാണ്. നിരോധിച്ച മരുന്നുകൾ യാതൊരു കാരണവശാലും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുവാൻ പാടുള്ളതല്ല. അതിപ്പോൾ ഇവിടത്തെ ഡോക്ടറുടെ കുറിപ്പ് കയ്യിൽ ഉണ്ടെങ്കിലും കാര്യമില്ല.

ഡ്രൈവിംഗ് – ഇന്ത്യയിൽ നന്നായി കാർ ഓടിക്കുമെന്നു കരുതി ദുബായിൽ ചെന്നു ഡ്രൈവിംഗ് ഒന്നു പരീക്ഷിക്കണം എന്നു തോന്നിയാൽ അതിനു മുതിരാതിരിക്കുകയാണ് നല്ലത്. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് നല്ല പിഴയും തടവും ഒക്കെയാണ്.

ഇതൊക്കെ കേട്ട് നിങ്ങൾ പേടിക്കുകയൊന്നും വേണ്ട. ഇവയെല്ലാം ഒന്നു ശ്രദ്ധിച്ചാൽ ദുബായ് നിങ്ങൾക്ക് നല്ല കിടിലൻ അനുഭവങ്ങളായിരിക്കും നൽകുക. ഒന്നോർക്കുക ഇത്രയേറെ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ഗൾഫ് രാജ്യം ദുബായ് അല്ലാതെ വേറെയില്ല. അവധിക്കാലം അടിച്ചുപൊളിക്കുവാനായി വേണ്ടതെല്ലാം ദുബായിലുണ്ട്. ഒരു കാര്യം മാത്രം ഓർത്താൽ മതി – ‘Give respect and take respect.’

അബുദാബി- ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ മൂലധനം കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും വിശ്വാസ്യതയുമാണ്. മലയാളികള്‍ വിശ്വസ്തരും സത്യസന്ധരുമാണെന്ന് അറബികള്‍ വിശ്വസിക്കുന്നു. ആ വിശ്വാസമാണ് ലക്ഷക്കണക്കിന് റിയാലിന്റെ ബിസിനസുകളില്‍പോലും അവരെ പങ്കാളികളാക്കാന്‍ അറബികളെ പ്രേരിപ്പിക്കുന്നത്. ഇതിന് ഇടിവു തട്ടിയാല്‍ തകരുന്നത് ഗള്‍ഫ് എന്ന അഭയകേന്ദ്രമായിരിക്കും.
യു.എ.ഇ പൗരനായ ജമാല്‍ സാലിം ഹുസൈന്‍ എന്ന 43 കാരന്റെ അനുഭവം ഗള്‍ഫിലെങ്ങുമുള്ള മലയാളികളെ ബാധിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാം, എന്നാല്‍ അതുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായിരിക്കും. ജമാലിന്റെ ജീവിതം പോലും താളംതെറ്റുന്ന തരത്തില്‍ അയാളെ മൂടോടെ കൊള്ളയടിച്ചു മുങ്ങിയ മലയാളിയായ ജാവേസ് മാത്യു(36) വിനെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കേണ്ടത് ഓരോ മലയാളിയുടേയും ബാധ്യത കൂടിയായിരിക്കുന്നു.

55 ലക്ഷം ദിര്‍ഹമാണ് തൃശൂര്‍ പീച്ചി സ്വദേശിയായ ജാവേസും ഭാര്യ ശില്‍പയും കൂടി ജമാലില്‍നിന്നും ഭാര്യയില്‍നിന്നുമായി തട്ടിയെടുത്തത്. ഏകദേശം 10 കോടി രൂപ.

ജമാലില്‍നിന്ന് തട്ടിയെടുത്ത പണവുമായി ബിസിനസ് തുടങ്ങിയ ശേഷം വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് ജാവേസ് മുങ്ങിയതെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി ജമാല്‍ പറഞ്ഞു. ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യു.എ.ഇയില്‍ പണം കവര്‍ച്ചയടക്കം 16 കേസുകള്‍ ജാവേസിന്റെ പേരിലുണ്ട്. ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ കേരളത്തിലെ പോലീസും സര്‍ക്കാരും ഇടപെടാതെ ഇയാളെ പിടികൂടാനാവില്ലെന്ന് ജമാല്‍ പറയുന്നു.

ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലാണ്. 2015 ല്‍ അബുദാബിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാളി സുഹൃത്തായ രാകേഷാണ് ജാവേസിനെ ജമാല്‍ സാലിമിന് പരിചയപ്പെടുത്തുന്നത്. ചെക്ക് കേസില്‍പ്പെട്ടിരുന്ന ജാവേസിനെ രക്ഷപ്പെടുത്താന്‍ ജമാല്‍ സഹായിച്ചതോടെ ഇരുവരും സൗഹൃദത്തിലായി. ബിസിനസ് തുടങ്ങാമെന്ന് മോഹിപ്പിച്ചാണ് ജമാലിനെ ജാവേസ് കുരുക്കിയത്. ജാവേസിനെ വിശ്വസിച്ച ജമാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ദുബായ് ഖിസൈസില്‍ ഐഡിയസ് എന്ന പേരില്‍ പ്രിന്റിംഗ് കമ്പനി ആരംഭിച്ചു.

ആദ്യകാലത്ത് വലിയ വിശ്വസ്തത നടിച്ച ജാവേസ്, ജമാലിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ബിസിനസ് നന്നായതോടെ കൂടുതല്‍ വികസിപ്പിക്കാനായി നൂതന സാമഗ്രികള്‍ വാങ്ങണമെന്ന് പറഞ്ഞ് വന്‍ തുക വാങ്ങി. ജാവേസിന്റെ ഭാര്യ ശില്പ ജമാലിന്റെ ഭാര്യയോടും പണം വാങ്ങിച്ചുകൊണ്ടിരുന്നു. ആകെ 55 ലക്ഷം ദിര്‍ഹമാണ് ഇരുവരും നല്‍കിയത്. 2017 ല്‍ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയ ജാവേസും ശില്‍പയും തിരിച്ചുവന്നില്ല. സംശയം തോന്നിയ ജമാല്‍, ജാവേസിന്റെ യാത്രാ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അയാള്‍ 16 കേസുകളിലെ പ്രതിയാണെന്നും യാത്രാ വിലക്കുള്ളതിനാല്‍ രാജ്യം വിട്ടുപോകാന്‍ സാധിക്കില്ലെന്നും ഞെട്ടലോടെ തിരിച്ചറിഞ്ഞത്. യഥാര്‍ഥ പാസ്‌പോര്‍ട് ദുബായ് കോടതിയിലിരിക്കെ ദുരൈ സ്വാമി ധര്‍മലിംഗം എന്ന പേരില്‍ തമിഴ് നാട്ടിലെ മേല്‍വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലേക്ക് മുങ്ങിയതെന്നും മനസിലായി.

ജാവേസിനെ അന്വേഷിച്ച് തൃശൂരെത്തിയ ജമാല്‍ ഇയാളെ കണ്ടെത്തി. അലിവുള്ള ഹൃദയത്തിനുടമായ ജമാലിന്റെ കാലുപിടിച്ചും മാപ്പു പറഞ്ഞും ഉടന്‍ പണം മടക്കിത്തരാമെന്ന് പറഞ്ഞ് മുങ്ങിയ ജാവേസിനെ പിന്നീട് ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ജാവേസിനെ ഫോണിലൂടെപോലും ബന്ധപ്പെടാനാകുന്നില്ല. തിരുവനന്തപുരത്ത് പോലീസ് അധകൃതരെ കണ്ടിരുന്നെങ്കിലും അവര്‍ ഇടപെടാന്‍ തയാറായില്ലെന്ന് ജമാല്‍ പരാതിപ്പെട്ടു. ഇന്റര്‍പോളില്‍ പരാതി നല്‍കിയെങ്കിലും കേസ് മുന്നോട്ടുപോയിട്ടില്ല. 33 പേര്‍ ജോലി ചെയ്യുന്ന കമ്പനി നടത്തിക്കൊണ്ടു പോകാനാണ് ജോലി ഉപേക്ഷിച്ചത്. എന്നാല്‍, കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ജമാല്‍ ദാരിദ്ര്യത്തിലായിരിക്കുകയാണ്. മൂത്ത മകന്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. മറ്റൊരു ജോലി കണ്ടെത്താന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ജമാല്‍ പറയുന്നു. ജാവേസിനെ കണ്ടെത്തി തന്റെ പണം ഈടാക്കാന്‍ മലയാളികളും കേരള സര്‍ക്കാരും സഹായിക്കുമെന്നാണ് ജമാലിന്റെ പ്രതീക്ഷ.

ഖത്തറിൽ കനത്ത ചൂടില്‍ പണിയെടുക്കുന്ന ഇതരരാജ്യ തൊഴിലാളികൾ മരണമടയുന്നതായി റിപ്പോർട്ട്. ദി ഗാർഡിയൻ നൽകുന്ന റിപ്പോർട്ട് പ്രകാരം നൂറുകണക്കിനാളുകളാണ് ഇതിനകം ചൂട് അതിജീവിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്. ഇത് വർഷാവർഷം നടക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫിഫ ലോകകപ്പ് അടുക്കുന്നതോടെ ഖത്തറിലെ നിർമാണ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പത്ത് മണിക്കൂറോളം നീളുന്ന തൊഴിൽസമയത്തിൽ ഭൂരിഭാഗവും 45 ഡിഗ്രി സെൽഷ്യസ്‍ കവിയുന്ന ചൂടിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത്.

എന്നാൽ, തൊഴിലാളികള്‍ക്ക് വേണ്ട മാനുഷിക പരിഗണന തങ്ങൾ നൽകുന്നുണ്ടെന്നാണ് ഖത്തർ അധികാരികളുടെ അവകാശവാദം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തുള്ള ജോലികൾക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 11.30 മുതൽ ഉച്ചതിരിഞ്ഞ് 3 മണിവരെ പുറത്ത് തൊഴിലെടുപ്പിക്കുന്നതിന് നിരോധനമുണ്ടെന്ന് അധികാരികൾ പറയുന്നു. ഇതല്ലാതെ മറ്റേതെങ്കിലും നടപടികൾ ഇക്കാര്യത്തിൽ അധികൃതർ എടുത്തിട്ടുള്ളതായി വ്യക്തമല്ല.

ഈ നിരോധനം കാര്യക്ഷമമാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു കാരണം, മറ്റു സമയങ്ങളിലും ചൂടിന് കുറവില്ല എന്നതാണ്. ജൂണിനും സെപ്തംബറിനുമിടയിലുള്ള കാലയളവിൽ താപ സമ്മർദ്ദം അതിജീവിക്കുക പ്രയാസമാണെന്ന് ഹൃദ്രോഗവിദഗ്ധർ പറയുന്നു. തണുപ്പുള്ള മാസങ്ങളിലും പകൽസമയങ്ങളിൽ പുറത്ത് പണിയെടുക്കുന്നവർ കഠിനമായ വെയിലിനെ നേരിടേണ്ടി വരുന്നുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് പറയുന്നു.

ഉയര്‍ന്ന ചൂട് ഹൃദയവും രക്തക്കുഴലുകളുമടങ്ങുന്ന ശരീരസംവിധാനത്തെയാണ് ഏറെ ബാധിക്കുക. 25നും 35നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് മരിക്കുന്നവരിലധികവും. ഏല്ലാവർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളാണ് കണ്ടുവരുന്നത്.

പഠനസമയത്ത് ആദ്യം വല്ലാത്ത ടെൻഷനായിരുന്നു. ഹെവി ബസ് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന യുഎഇയിലെ ആദ്യ വനിതയാണ് ഞാനെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും ഇൻസ്ട്രക്ടറുമെല്ലാം ഇടയ്ക്കിടെ പറയുമ്പോൾ അത് ഇരട്ടിയാകും. പക്ഷേ, പതിയെ ടെൻഷനെല്ലാം പോയി. എങ്കിലും ഡ്രൈവിങ് ടെസ്റ്റ് ആറു പ്രാവശ്യം കൊടുത്തപ്പോഴും സുന്ദരമായി പൊട്ടി. ഏഴാം തവണ വിജയം നേടി.

ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കുന്ന ആദ്യത്തെ വനിതയാണ് സുജ തങ്കച്ചൻ എന്ന് അൽ അഹ്‌ലി ഡ്രൈവിങ് സെന്റർ അവരുടെ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. മാനേജിങ് പാർട്ണർ ആദിൽ നൂറി, അഡ്മിനും ലീഗൽ മാനേജറുമായ വഹാബ്, സെയിൽസ് ആൻഡ് ഡെവലപ്മെന്റ് മാനേജർ അംജത്, കസ്റ്റമർ സർവീസ് മാനേജർ ഗസ്സാൻ, അക്കൗണ്ട്സ് മാനേജർ ഷര്‍മിള തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സുജ തങ്കച്ചനെ ആദരിച്ചു.

നാട്ടിൽ സ്കൂട്ടർ ഒാടിച്ച പരിചയമേയുള്ളൂ, ദുബായ് ഖിസൈസിലെ സ്വകാര്യ സ്കൂൾ ബസ് കണ്ടക്ടറായ സുജ തങ്കച്ചന്.  എന്നാൽ, വളയം തിരിക്കുന്ന ജോലി ഇൗ കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലമേറെയായിരുന്നു. അതാണ് തിങ്കളാഴ്ച ദുബായിലെ ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കിയതിലൂടെ യാഥാർഥ്യമായിരിക്കുന്നത്.

ബസിൽ ജോലി ചെയ്യുമ്പോൾ സുജയുടെ ഒരു കണ്ണ് ഡ്രൈവറുടെ കൈകളുടെ ചലനത്തോടൊപ്പം കറങ്ങും. പക്ഷേ, ആ സീറ്റിലിരിക്കാൻ ഏറെ പരിശ്രമം വേണമെന്നും 32കാരിക്ക് അറിയാമായിരുന്നു. ആത്മാർഥ പരിശ്രമുണ്ടെങ്കിൽ എന്തും നേടിയെടുക്കാമെന്നാണല്ലോ, ഒടുവിൽ സുജ ഹെവി ബസ് ഡ്രൈവിങ്ങിനുള്ള സൈലൻസ് സ്വന്തമാക്കി.

സുജയുടെ അമ്മാവൻ നാട്ടിൽ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹം ഒാടിക്കുന്നത് കണ്ടതു മുതല്‍ കൊച്ചുമനസിൽ ആ ആഗ്രഹം മൊട്ടിട്ടു–എങ്ങനെയെങ്കിലും അതുപോലത്തെ വാഹനം ഒാടിക്കുന്ന ഡ്രൈവറാവുക. പക്ഷേ, കോളജ് പഠനത്തിന് ശേഷം മൂന്നു വർഷം മുൻപ് ജോലി തേടി യുഎഇയിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസിലെ കണ്ടക്ടർ ജോലിയായിരുന്നു. അന്നുമുതൽ ചിന്തിച്ചു തുടങ്ങിയതാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസ് നേടുക എന്നത്. ഇക്കാര്യം ദുബായിൽ നഴ്സായ സഹോദരൻ ഡൊമിനിക്കിനോടും പിതാവ് തങ്കച്ചൻ, അമ്മ ഗ്രേസി എന്നിവരോടും പങ്കുവച്ചപ്പോൾ അവരുടെ ഭാഗത്ത് നിന്നും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും പൂർണ പിന്തുണ ലഭിച്ചു.

പ്രിൻസിപ്പൽ അംബിക ഗുലാത്തി, അധ്യാപകരായ ശ്രീജിത്, റീത്ത ബെല്ല, ബസ് ഡ്രൈവർമാർ, മറ്റു ജീവനക്കാർ എന്നിവരെല്ലാം നിറഞ്ഞ പ്രോത്സാഹനം നൽകി. ഒൻപത് മാസം മുൻപ് ദുബായിലെ അൽ അഹ് ലി ഡ്രൈവിങ് സെന്ററിൽ ചേർന്നപ്പോൾ ഡ്യൂട്ടി സമയവും പഠന സമയവും തമ്മിൽ പ്രശ്നമായി. സ്കൂൾ എംഎസ്ഒ അലക്സ് സമയം ക്രമീകരിച്ചു തന്നതോടെ ആ കടമ്പയും കടന്നു. ഖിസൈസിലെ സ്കൂളിൽ നിന്ന് അൽ ഖൂസിലെ ഡ്രൈവിങ് സ്കൂൾ വരെ ചെന്നു തിരിച്ചുപോരാൻ നിത്യേന 32 ദിർഹം വേണമായിരുന്നു. എന്നാല്‍, ഇൻസ്ട്രക്ടർ ഗീവർഗീസിന്റെ സഹകരണം കൊണ്ട് ക്ലാസുകൾ പെട്ടെന്ന് പൂർത്തീകരിച്ചു. അൽ അഹ്‌ലി സ്കൂള്‍ അധികൃതരും ജീവനക്കാരും പിന്തുണച്ചു.

ജീവിക്കാന്‍ വേണ്ടിയാണ് അബുദാബിയിലെത്തിയതെന്നും ഭീകരവാദ സംഘത്തില്‍ ചേരാനല്ലെന്നും ഡല്‍ഹിയില്‍നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി. സെപ്റ്റംബര്‍ 18നാണ് കോഴിക്കോട് സ്വദേശിയും സിയാനി ബെന്നിയെന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിയാനിയെ തട്ടിക്കൊണ്ട് പോയതാണെന്നും ഭീകര സംഘടനയില്‍ ചേരാന്‍ യുഎഇയിലേക്ക് കടന്നതാണെന്നുമുള്ള പ്രചരണങ്ങള്‍ എത്തിയിരുന്നു.

19-കാരിയായ പെണ്‍കുട്ടി തനിക്ക് പ്രായപൂര്‍ത്തിയായതായും സ്വന്തം ഇഷ്ടപ്രകാരം യുഎഇയിലെത്തിയതാണെന്നുമാണ് ഗള്‍ഫ് ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് നിന്ന് പെണ്‍കുട്ടിയുടെ പിതാവും മാതാവും സഹോദരനും ഇവരെ കാണാന്‍ യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം തിരിച്ച് പോകില്ലെന്നും വിവാഹിതയായി അബുദാബിയില്‍ കഴിയാനാണ് താല്‍പര്യമെന്നുമാണ് യുവതി പറയുന്നത്. 24ാം തീയതി അബുദാബി കോടതിയില്‍ ഹാജരായ സിയാനി സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്നും ആയിഷ എന്ന പേര് സ്വീകരിച്ചിരിക്കുന്നുവെന്നും അറിയിച്ചിരുന്നു.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുമായി സിയാനി കഴിഞ്ഞ ഒമ്പത് മാസമായി പ്രണയത്തിലായിരുന്നുവെന്നും അബുദാബിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ അടുത്തേക്കാണ് സിയാനി എത്തിയതെന്നുമാണ് വിവരങ്ങള്‍. ഡല്‍ഹി ജീസസ് ആന്റ് മേരി കോളേജില്‍ പഠിച്ചിരുന്ന സിയാനി 18-ാം തീയതി വരെ ക്ലാസില്‍ എത്തിയിരുന്നു. അതിനുശേഷമാണ് യുഎഇയിലേക്ക് പോയത്.

(വീഡിയോ കാണാം – ciyani benny)

ശക്തമായ മഴയും പൊടിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയെന്ന് സൗദി അധികൃതര്‍. പ്രളയ സാധ്യത കണക്കിലെടുത്ത് സൗദിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സൗദി അറേബ്യയിലെ ജിസാനില്‍ ശക്തമായ മഴയും പൊടിക്കാറ്റുമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സൗദി പ്രകൃതി സംരക്ഷണകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ നടപടി.അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും താഴ്‌വരകളില്‍ നിന്നും അകലം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

RECENT POSTS
Copyright © . All rights reserved