കേരളത്തിലേതിന് സമാനമായി യുഎഇയിലും കനത്ത മഴ. എല്ലാ എമിറേറ്റുകളിലും പുലർച്ചെ മുതൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു.യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ പ്രവചനം പോലെ അബുദാബിയും ദുബായും ഉൾപ്പെടെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെത്തുടർന്നു യുഎഇയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ഗതാഗതം തടസപ്പെടുത്തി.
ദൂരക്കാഴ്ച കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നിർദേശം. ഷാർജയിൽ ടാക്സി സർവീസുകളും ഫെറി സർവീസുകളും തടസപ്പെട്ടു. കനത്തമഴയിൽ പെട്ടെന്നു വെള്ളക്കെട്ടുകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ വടക്കൻ എമിറേറ്റുകളിലെ മലമ്പ്രദേശങ്ങളിൽ വിനോദസഞ്ചാരം പൊലീസ് നിരുത്സാഹപ്പെടുത്തുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിൻറെ പ്രവചനം.
റിയാദ്: രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ മലയാളി യുവാവിന് 29 ലക്ഷം രൂപ പിഴ വിധിച്ച് സൗദി അറേബ്യയിലെ കോടതി. വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് സൗദി പൗരന്മാർ മരിച്ച സംഭവത്തില്‍ രണ്ടുവർഷത്തിന് ശേഷമാണ് വിധി. റിയാദിന് സമീപം ദവാദ്മിയിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് വന്‍തുക പിഴ ശിക്ഷ ലഭിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഈ തുക നൽകിയാല്‍ മാത്രമാണ് വിപിന് ജയിലിൽ നിന്ന് മോചനം ലഭിക്കൂ. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിന്‍റെ ഡ്രൈവറായിരുന്നു വിപിൻ. സിഗ്നലിൽ ടാങ്കര്‍ നിര്‍ത്തിയപ്പോൾ പിന്നിൽ രണ്ട് പിക്കപ്പ് വാനുകൾ വന്ന് ഒന്നിന് പിറകെ ഒന്നായി ഇടിച്ചാണ് അപകടമുണ്ടായത്. ഏറ്റവും പിന്നിലെ വാഹനം നല്ല വേഗതയിലായതിനാൽ നടുക്ക് പെട്ട പിക്കപ്പിലെ ഡ്രൈവറും സഹയാത്രികനും തൽക്ഷണം മരിക്കുകയായിരുന്നു.
പിന്നിലിടിച്ച വാഹനത്തിന്‍റെ ഡ്രൈവർക്കാണ് സാധാരണഗതിയിൽ കേസ് വരേണ്ടതെങ്കിലും അയാളുടെ വാഹനത്തിന് ഇൻഷുറൻസുണ്ടായിരുന്നത് കൊണ്ട് അയാൾ രക്ഷപ്പെടുകയും ഇൻഷുറൻസ് ഇല്ലാത്ത ടാങ്കറിന്‍റെ ഡ്രൈവർ എന്ന നിലയിൽ വിപിൻ കേസിൽ പ്രതിയാവുകയുമായിരുന്നു. വിപിന്‍റെ മോചനത്തിന് വേണ്ടി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ദവാദ്മി യൂണിറ്റ് പ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്. ആറുവർഷമായി സൗദിയിലുള്ള വിപിൻ നാല് വർഷം മുമ്പ് നാട്ടിൽ പോയി പുതിയ വിസയിൽ തിരിച്ചുവന്നതായിരുന്നു.
12 ചുവപ്പുസിഗ്നലുകൾ മറികടന്ന് പാഞ്ഞ യുവാവിനെ അതിസാഹസികമായി പിടികൂടി ഷാർജ പൊലീസ്. മണിക്കൂറിൽ 160 വേഗതയിൽ കാർ ഓടിച്ച ലാൻഡ് ക്രൂയിസർ പ്രാഡോയിലാണ് 28കാരൻ ചീറിപ്പാഞ്ഞത്. യുവാവിനെ ക്രിമിനൽ കോടതിയിൽ ഹാജരാക്കി.
അജ്മാനിലെ വ്യവസായ മേഖലയിൽ വാഹനപരിശോധന ഭയന്നാണ് യുവാവ് ഷാർജ ഭാഗത്തേക്ക് കുതിച്ചത്. ഇയാളെ പൊലീസ് പിന്തുടരുകയായിരുന്നു. പലയിടങ്ങളിലും അപകടമുണ്ടാകേണ്ടതായിരുന്നു എന്ന് പൊലീസ് പറയുന്നു. വാഹനം നിര്‍ത്താൻ ആവശ്യപ്പെട്ടെങ്കിലും അമിതവേഗത്തിൽ കുതിക്കുകയായിരുന്നു യുവാവ്.
സ്വന്തം നാട്ടുകാരനായ മറ്റൊരാളും യുവാവിനൊപ്പമുണ്ടായിരുന്നു. 10 പട്രോൾ ടീമുകളെ കൂടി വ്യന്യസിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ് ഡിവൈഡറിലിടിച്ച് വാഹനം നിന്നപ്പോൾ മുന്നിലെത്തിയ പൊലീസിനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുപോകാൻ ശ്രമിച്ചെങ്കിലും തങ്ങൾ ടയറിന്റെ കാറ്റഴിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പട്രോൾ സംഘത്തിൽ നിന്ന് രക്ഷപ്പെടാനാണ് താൻ വാഹനം അമിതവേഗത്തിലോടിച്ചതെന്ന് യുവാവ് സമ്മതിച്ചു.
മലയാളി കുടുംബത്തിലെ ഒൻപത് മാസം പ്രായമുള്ള കുട്ടിയെ റാസൽഖൈമ വില്ലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ മാതാവിനെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതര നിലയിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.
തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂടാതെ, അടുത്ത ബന്ധുക്കളും ഇതേ വില്ലയിലെ തന്നെ വിവിധ മുറികളിൽ താമസിക്കുന്നു. ഭർത്താവ് സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവമെന്ന് പറയുന്നു.
യുവതിയുടെ നാലു വയസുകാരനായ മൂത്ത കുട്ടി ഫ്ലാറ്റിൽ യാതൊന്നുമറിയാതെ മരിച്ച കുട്ടിക്കടുത്ത് ഇരിക്കുകയായിരുന്നുവത്രെ. ഭർത്താവിനെയും മറ്റു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കുവൈറ്റിൽ വിനോദയാത്രക്കിടെ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മുങ്ങി മരിച്ചത്. കടലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ കുട്ടികള്‍ തിരമാലകളില്‍ അകപെടുകയും കുട്ടികളെ രക്ഷിക്കാനായി ഉടനെ കടലിലിറങ്ങിയ സനില്‍ കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെതിച്ചു.
എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ തിരമാലകളിൽ പെട്ട് കടലിലിൽ കുടുങ്ങുക്യുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുടുംബത്തോടൊപ്പമായിരുന്നു സനിൽ വിനോദ യാത്രക്ക് എത്തിയത്.
ഭാര്യ സിമി തോമസ് സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് . മക്കള്‍ അമേയ എലിസബത്ത് സനില്‍, അനയ മേരി സനില്‍
മൂന്നു മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണ നോട്ടീസ് നല്‍കിയതിനു പിന്നാലെ കുവൈത്ത് മന്ത്രിസഭ രാജീവച്ചു. പ്രധാനമന്ത്രി ഷേഖ് ജാബൈര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബായുടെ നേത്യത്വത്തിലുള്ള സര്‍ക്കാറാണ് ഇന്ന് അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ അബയക്ക് രാജി സമര്‍പ്പിച്ചത്. രണ്ടാഴ്ച മുമ്പാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്.
ആഭ്യന്തര വകുപ്പ് മന്ത്രി അടക്കം മൂന്ന് മന്ത്രിമാര്‍ക്ക് എതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജിനാന്‍ ബൂഷഹരി രാജി വച്ചിരുന്നു. ഇന്നലെ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരെയും കുറ്റവചാരണയക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റവിചാരണ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലുമാണ് ഇന്ന് പെടുന്നനെ മന്ത്രിസഭയുടെ രാജി പ്രധാനമന്ത്രി അമീറിന് സമര്‍പ്പിച്ചത്.
മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുന -ക്രമീകരിക്കുന്നതിനായി സര്‍ക്കാരിന്റെ രാജി പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അമീറിന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസാറം അറിയിച്ചു
ഷാർജയിൽ നിന്നും രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ച് വീട്ടമ്മയുടെ വീഡിയോ വന്നതിന് പിന്നാലെ ഭർത്താവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ട്വിറ്ററിൽ സഹായം തേടി വീട്ടമ്മ വീഡിയോ സന്ദേശം പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവച്ചത്. ജാസ്മിൻ സുൽത്താന എന്ന സ്ത്രീയാണ് ട്വിറ്ററിലൂടെയാണ് സഹായം ആവശ്യപ്പെട്ടത്. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നുമാണ് ഇവർ വീഡിയോയിൽ അഭ്യർത്ഥിച്ചത്.
മര്‍ദ്ദനമേറ്റ് കലങ്ങിയ കണ്ണുകളുമായാണ് യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മുഖത്ത് മര്‍ദനമേറ്റ പാടുകള്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണാനാവുന്നുണ്ട്. കൂടാതെ കലങ്ങിയ കണ്ണില്‍ നിന്നും രക്തവും ഒഴുകുന്നുണ്ട്. ‘അടിയന്തിരമായി സഹായം വേണം. എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന. ഞാന്‍ യുഎഇയിലെ ഷാര്‍ജയില്‍ താമസിക്കുന്നു. എന്റെ ഭര്‍ത്താവിന്റെ പേര് മൊഹമ്മദ് ഖിസര്‍ ഉല്ല. എന്നെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു. സഹായിക്കണം’ എന്നായിരുന്നു പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. കരഞ്ഞുകൊണ്ടാണ് ഇവര്‍ രക്ഷ തേടിയത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. കൂടാതെ വിദേശകാര്യ വകുപ്പിന്റെ സഹായവും തേടിയിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവരുടെ പേജുകളിലും ആവശ്യവുമായി നിരവധി പേർ എത്തി.
താന്‍ ബംഗളുരുവില്‍ നിന്നുള്ളതാണെന്നും ഭര്‍ത്താവിനൊപ്പം ഇനിയും യുഎഇയില്‍ താമസിക്കാനാവില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. അഞ്ച് വയസും 17 മാസവും പ്രായമുള്ള തന്റെ രണ്ട് മക്കള്‍ക്കൊപ്പം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധിപ്പേര്‍ ഇവരുടെ സന്ദേശം ട്വിറ്റില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ട്വിറ്ററിലൂടെ ഷാര്‍ജ പൊലീസിന്റെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മന്ത്രിമാരുടെയും സഹായവും തേടി. രണ്ട് വീഡിയോകളാണ് യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതില്‍ ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം ഏറ്റതായും പറയുന്നുണ്ട്. മുഹമ്മദ് ഖിസറുള്ള എന്നാണ് ഭര്‍ത്താവിന്റെ പേരെന്നും ട്വീറ്റില്‍ പറയുന്നു.
ട്വിറ്ററിൽ ഈ വീഡിയോ പ്രചരിപ്പിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. യുവതിക്ക് ചികിത്സ നൽകിയതായും പൊലീസ് അറിയിച്ചു. അതേസമയം, ദൃശ്യങ്ങൾ ഇനി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ദുബായ് അല്‍ഐനില്‍ മലയാളികള്‍ക്ക് നേരെ വാഹനം പാഞ്ഞുകയറി ഒരാള്‍ മരിച്ചു. അവധിയാഘോഷിക്കാന്‍ ദുബായിലെത്തി മടങ്ങുന്നതിനിടെയാണ് ദുരന്തം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകൻ രാജേഷ് ബാബു (കണ്ണൻ–31) ആണ് മരിച്ചത്. മാവേലിക്കര സ്വദേശി വിനു എ.തോമസ് (28), അനുരാജ് (32), സിബി (30) എന്നിവരെ ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ച രണ്ടിന് ദുബായ്–അൽഐൻ റോഡിലാണ് അപകടം. റോഡിന് കുറുകെ മാൻ ഒാടിയതിനെ തുടർന്ന് ഒരു വാഹനം അപകടത്തിൽപ്പെടുകയും ഇതു നോക്കാൻ തങ്ങളുടെ കാർ നിർത്തി ചെന്ന കണ്ണനും മറ്റു മൂന്നു പേർക്കും നേരെ മറ്റൊരു വാഹനം പാഞ്ഞ് കയറുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാജേഷ് തത്ക്ഷണം മരിച്ചു.
അൽഐനിലെ ഒരു സ്വകാര്യ കെട്ടിട നിർമാണ കരാർ കമ്പനിയിലെ ജീവനക്കാരാണ് നാലു പേരും. വിനു എ.തോമസിന്റെ തലയ്ക്കാണ് പരുക്കേറ്റതെന്ന് സഹോദരൻ അജീഷ് പറഞ്ഞു.
കുവൈറ്റ്: ഇന്നലെ രാത്രിയില്‍ (09/11/2019) നാല്‍പതാം നമ്പര്‍ റോഡില്‍ വെച്ച് ഉണ്ടായ വാഹന അപകടത്തില്‍ മേഴ്‌സി ബിജുവിന് ദാരുണാദ്യം. ജോലിക്കായി KOC ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയില്‍ ഉണ്ടായ അപകടത്തില്‍ ആണ് മേഴ്‌സിക്ക് ജീവഹാനി സംഭവിച്ചത്. മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.
നെല്ലിക്കുന്ന് നെട്ടാറ വീട്ടില്‍ (അതിര്‍ത്തിയില്‍) സമുവേലിന്റെയും എലിക്കുട്ടിയുടെയും മകനായ ബിജു സാമുവേലിന്റെ ഭാര്യ ആണ് മരണമടഞ്ഞ മേഴ്‌സി. ഏകമകള്‍ പന്ത്രണ്ടു വയസുള്ള ബെറ്റി നാട്ടിലാണ്. കൊട്ടാരക്കര കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റിത്തു കുടുംബാംഗമാണ്.
അബ്ബാസിയയില്‍ നിന്നും അദാന്‍ ഹോസ്പിറ്റല്‍, കെ.ഒ.സി ഹോസ്പിറ്റല്‍, അഹമ്മദി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് നടത്തുന്ന അലന്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ വണ്ടി ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ തെറിച്ചു വീണ മേഴ്‌സിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി എന്നാണ് പുറത്തുവന്ന വിവരം.
ഇനി റിട്ടേൺ ടാക്സി നിങ്ങളെ തേടി വീട്ടിൽ എത്തും. കൊച്ചി ഇന്റർനാഷണൽ എയർ പോർട്ടിലെ ടാക്സി ഓപ്പറേറ്റർ സൊസൈറ്റിയാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷൻ വഴിയായി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മുൻ കൂട്ടി ടാക്സി ബുക്ക് ചെയ്യാൻ സാധിക്കും.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത കൊച്ചി എയർപോർട്ടിൽ നിന്ന് സേവനം നല്ലകുന്നത് കൂടാതെ മടക്ക യാത്രയിലും താമസസ്ഥലത്തുനിന്നും എയർ പോർട്ടിലേയ്ക്ക് ഉള്ള യാത്രയിലും ഈ സേവനം ലഭ്യമാവും എന്നുള്ളതാണ്. ഇത് യാത്രകാർക്ക് സാമ്പത്തികമായ നേട്ടം ഉണ്ടാക്കും എന്നതിനപ്പുറം സുരഷിതമായ യാത്രയ്ക്കും വഴിയൊരുക്കും.