യു.എ.എയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ടോജോ മാത്യു നാട്ടിലേക്ക് മടങ്ങിയത് 13 കോടിയുടെ ഭാഗ്യവുമായി. ഡൽഹിയിൽ ഭാര്യയുമായി നിൽക്കുമ്പോഴാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 13 കോടിയിലേറെ രൂപ(ഏഴ് ലക്ഷം ദിർഹം) സമ്മാനം ലഭിച്ചെന്ന വിവരം ടോജോ അറിയുന്നത്.
സഹോദരൻ ടിറ്റോ മാത്യുവടക്കം 18 പേരുമായി ചേർന്നാണ് ടോജോ ടിക്കറ്റെടുക്കുന്നത്. ജ്യേഷ്ഠൻ ടിറ്റോയ്ക്കാണ് സമ്മാനം ലഭിച്ച വിവരം ആദ്യം ലഭിച്ചത്. അദ്ദേഹം ഉടൻ ടോജോയെ അറിയിക്കുകയായിരുന്നു. വർഷങ്ങളോളം അബുദാബിയിൽ സിവിൽ സൂപ്പർവൈസറായ 30കാരൻ സമ്മാനം ഏറ്റുവാങ്ങാനായി വീണ്ടും യു.എ.ഇയിലെത്തും. ടോജോയുടെ ഭാര്യ മിനു ഡൽഹിയിൽ നഴ്സാണ്.
കുവൈത്തിൽ നിയമലംഘനം കാരണം നാടുകടത്തപ്പെട്ട വിദേശികളിൽ കൂടുതൽപേരും ഇന്ത്യക്കാരെന്ന് സർക്കാർ റിപ്പോർട്ട്. കഴിഞ്ഞ ആറുമാസത്തിനിടെ നാടുകടത്തിയ എണ്ണായിരത്തിഅഞ്ഞൂറ്റിഅൻപത്തിരണ്ട് വിദേശികളിൽ രണ്ടായിരത്തിഒരുന്നൂറ്റിനാൽപ്പത്തിയേഴ് പേരും ഇന്ത്യക്കാരാണ്.
നിയമലംഘനങ്ങൾക്ക് പിടിയിലായവർ, വിവിധ കേസുകളിൽ കോടതി വിധി പ്രകാരം നാടുകടത്തൽ വിധിക്കപ്പെട്ടവർ തുടങ്ങിയവരെയാണ് രാജ്യത്ത് നിന്നും പറഞ്ഞുവിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ നാടുകടത്തിയ ആയിരത്തിഎൺപത്തിനാല് വിദേശികളിൽ ഇരുന്നൂറ്റിനാൽപ്പത്തിയെട്ട് പേർ ഇന്ത്യക്കാരാണ്. സ്വകര്യവൽക്കരണം ശക്തമാക്കുന്നതിനിടെ മൂന്നുവർഷത്തിനിടെ 9,13000 വിദേശികളാണ് കുവൈത്തിൽ ജോലി തേടിയെത്തിയത്. മലേരിയ, ഹെപറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ള ആയിരക്കണക്കിന് ആളുകൾക്ക് കമ്പനികൾ ആരോഗ്യക്ഷമതാ സർട്ടിഫിക്കറ്റ് നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, കുവൈത്തിലേക്ക് എത്താനുള്ളവർക്കായി ഇന്ത്യ അടക്കം വിവിധ ജ്യങ്ങളിൽ നടത്തുന്ന വൈദ്യപരിശോധന തൃപ്തികരമെന്ന് സർക്കാർ വ്യക്തമാക്കി.
റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ കാര്യാലയം അറിയിച്ചു. റാസൽഖൈമയിൽ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും.
മയ്യത്ത് നമസ്കാരം നാളെ രാത്രി എട്ടിന് ഷെയ്ഖ് സായിദ് പള്ളിയിൽ നടക്കും. അൽ ഖവാസിം ശ്മശാനത്തിലാണ് കബറടക്കം. ഷെയ്ഖ് ഹമദിന്റെ കുടുംബത്തിന് ഷെയ്ഖ് സൗദ് അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങൾ അൽ ദിയാഫ മജ് ലിസിൽ രാത്രി ഒൻപത് മുതൽ അർധരാത്രി 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയും മൂന്ന് ദിവസം അനുശോചനം സ്വീകരിക്കും.
സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യാക്കാരിയെന്ന നേട്ടത്തിന് ഉടമയായി മലയാളി നഴ്‌സ്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മാത്യു.ടി.തോമസിന്റെ ഭാര്യ സാറാമ്മ തോമസാണ് (34) ഈ നേട്ടത്തിന് അര്‍ഹയായി മാറിയത്. ഇന്നലെയാണ് സാറാമ്മയ്ക്ക് ലൈസന്‍സ് ലഭിച്ചത്. ഒമ്പത് വര്‍ഷമായി സൗദി ദമാം ജുബൈല്‍ കിങ് അബ്ദുള്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയില്‍ നഴ്‌സായി സേവനം അനുഷ്ഠിക്കുകയാണ് സാറാമ്മ.
ഈ മാസം 24 നാണ് സൗദിയില്‍ വനിതകളുടെ ഡ്രൈവിങ് വിലക്കിന് ഔചാരികമായി അന്ത്യം കുറിച്ചത്. കാലങ്ങളായി പല കോണുകളില്‍ നിന്നും ആവശ്യമയുര്‍ന്ന തീരുമാനമാണ് ജൂണ്‍ 24ന് സൗദി യഥാര്‍ത്ഥ്യമാക്കിയത്. അധ്യാപികമാരുടെ വാഹനങ്ങള്‍, സ്ത്രീകളുള്ള ടാക്സികള്‍, പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവ ഓടിക്കുന്നതിന് വനിതകള്‍ക്ക് രാജ്യം അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ സൗദിയില്‍ കാര്‍ റെന്റല്‍ സര്‍വീസുകള്‍ നടത്താനും വനിതകള്‍ക്ക് സാധ്യമായി.
രാജ്യത്ത് പ്രൈവറ്റ് ലൈസന്‍സ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 17 വയസ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും. ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ഉടമകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ വ്യവസ്ഥകള്‍ തന്നെയായിരിക്കും വനിതകള്‍ക്കും ബാധകമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിച്ചിരുന്നു. എന്നാല്‍ വിദേശ ലൈസന്‍സിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹന പരിശീലനത്തിന് രാജ്യത്തെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്.
സൗദി രാജാവ് സല്‍മാന്‍ 2017 സെപ്തംബര്‍ 27-ന് രാജകല്‍പനയിലുടെയാണ് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുന്ന ചരിത്രം തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് നിലവില്‍ വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നല്‍കുന്ന അഞ്ച് കേന്ദ്രങ്ങളാനുള്ളത്. വിദേശത്ത് നിന്നും ഡ്രൈവിംഗില്‍ ലൈസന്‍സ് നേടിയ സൗദി വനിതകളാണ് ഇവിടെ അധ്യാപികമാരായി ജോലി ചെയുന്നത്.
എയർ ഇന്ത്യയുടെ നെറ്റ് വർക്കിലുണ്ടായ തകരാറിനേത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുൾപ്പെടെ 23 വിമാനങ്ങൾ പുറപ്പെടാൻ വൈകി. ചെക്ക് ഇൻ സോഫ്റ്റ്വേറിലുണ്ടായ തകരാറിനെത്തുടർന്ന് 23 വിമാനങ്ങൾ പുറപ്പെടാൻ 15 മുതൽ 30 മിനിറ്റ് വൈകിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതൽ 2.30 വരെയാണ് സോഫ്റ്റ്വേർ തകരാറുണ്ടായത്. ഇതിനെത്തുർന്ന് ചെക്ക് ഇന്നും മറ്റു സേവനങ്ങളും കംപ്യൂട്ടർ സഹായമില്ലാതെ ചെയ്യേണ്ടിവന്നു. എയർ ഇന്ത്യയുടെ ചെക്ക് ഇൻ, ബോർഡിംഗ്, ബാഗേജ് ട്രാക്കിംഗ് ടെക്നോളജി എന്നിവ കൈകാര്യം ചെയ്യുന്നത് എസ്ഐടിഎയാണ്.
തൃശൂര്‍/കൊടുങ്ങല്ലൂര്‍: ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക് തമീം ബിന്‍ അല്‍താനിയുടെ പൂര്‍ണകായ ചിത്രം സ്വര്‍ണം പൂശി വരപ്പിക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെന്ന വ്യാജ ഇമെയില്‍ അയച്ച് ഖത്തര്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ അഞ്ചു കോടി രൂപ തട്ടിയെടുത്ത മലയാളി പോലീസ് പിടിയിലായി. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളയ്ക്കല്‍ സുനില്‍ മേനോനെ (47)യാണ് കൊടുങ്ങല്ലൂര്‍ സി.ഐ: പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നാണു പിടികൂടിയത്.
വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. സ്വയം ഉണ്ടാക്കിയ ആപ്പ് ഉപയോഗിച്ച് കൊടുങ്ങല്ലൂരിലെ വീട്ടിലിരുന്നായിരുന്നു തട്ടിപ്പ്. ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക് തമീം ബിന്‍ അല്‍താനിയുടെ പൂര്‍ണകായ ചിത്രം േലാകത്തെ വിഖ്യാത ചിത്രകാരന്‍മാരെക്കൊണ്ട് സ്വര്‍ണം പൂശി വരപ്പിക്കാന്‍ അമേരിക്കന്‍ ഓണ്‍െലെന്‍ കമ്പനിയായ ജെറോം നെപ്പോളിനെ എല്‍പ്പിച്ചിട്ടുണ്ടെന്നും പത്തു ചിത്രങ്ങള്‍ വരയ്ക്കാന്‍ 10.40 കോടി രൂപയാണു പ്രതിഫലമെന്നും മുന്‍കൂറായി 5.20 കോടി കൈമാറണമെന്നും പറഞ്ഞ് ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരിലുള്ള വ്യാജ ഇമെയിലിലൂടെ ഖത്തര്‍ മ്യൂസിയം വകുപ്പിന് ഇ-മെയില്‍ സന്ദേശം അയച്ചു.
രാജകുടുംബത്തിന്റെ പേരിലുള്ള സന്ദേശമായതിനാല്‍ ഖത്തര്‍ മ്യൂസിയത്തിലെ ധനകാര്യ ഉദ്യോഗസ്ഥന്‍ സംശയിച്ചില്ല. മെയിലില്‍ പറഞ്ഞിരുന്ന അക്കൗണ്ടിലേക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ പണം കൈമാറി. പിന്നീട് അമേരിക്കന്‍ കമ്പനിയുമായി ഇമെയില്‍ മുഖേന ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിക്കാതായതോടെയാണു തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഖത്തര്‍ ഐ.ടി. വകുപ്പിലെ ഉദ്യോഗസ്ഥന്‍ കൊടുങ്ങല്ലൂരിലെത്തി പോലീസിന് പരാതി നല്‍കിയിരുന്നു. എസ്.ബി.ഐയുടെ കൊടുങ്ങല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് അക്കൗണ്ട് വഴിയാണു പണം സ്വീകരിച്ചത്. 5.20 കോടി രൂപയില്‍ നാലരക്കോടി സുനില്‍ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചു. 23 ലക്ഷം രൂപയ്ക്ക് പുതിയ ജീപ്പ് വാങ്ങി. 15ലക്ഷത്തോളം രൂപ ബന്ധുക്കള്‍ക്ക് വായ്പ നല്‍കുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
സുനില്‍ ദീര്‍ഘകാലം ഖത്തറിലെ കമ്പനികളില്‍ അക്കൗണ്ടന്റായിരുന്നു. നാട്ടില്‍ വന്ന ശേഷം ഓണ്‍െലെന്‍ ബിസിനസുകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഖത്തറിലെ ചില സൂഹൃത്തുക്കളുടെ സഹായത്തോടെ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെയും ഖത്തര്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥരുടെയും ഇ-മെയില്‍ വിലാസം കണ്ടെത്തി. പിന്നീട് ജെറോം നെപ്പോളിന്‍ എന്ന പേരില്‍ വ്യാജ ഇ-മെയില്‍ വിലാസം ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. രണ്ടു വര്‍ഷത്തോളം ഗവേഷണം നടത്തിയാണു തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ഇ-മെയില്‍ ഐഡിയില്‍നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് അനധികൃതമായി ഇ-മെയില്‍ അയയ്ക്കണമെങ്കില്‍ സ്ഥാപനത്തിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്യണം. അതിനു പകരം ഒരു ആപ്പ് വഴിയാണു സുനില്‍ തട്ടിപ്പ് നടത്തിയത്. ഈ ആപ്പ് ഉപയോഗിച്ച് ആരുടെ പേരില്‍ വേണമെങ്കിലും ഇ-മെയില്‍ അയയ്ക്കാം. ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരിലുള്ള സന്ദേശം ഈ ആപ്പ് ഉപയോഗിച്ച് ഖത്തര്‍ മ്യൂസിയത്തിന്റെ ഇ-മെയിലിലേക്ക് അയച്ചായിരുന്നു തട്ടിപ്പ്.
കുവൈത്ത്: കുവൈത്തിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. കണ്ണൂര്‍ കടന്‍കോഡ് സ്വദേശി പൊട്ടന്‍തവിട അബൂബക്കര്‍ (38) ആണ് മരിച്ചത്. സാല്‍മിയ മൈദാന്‍ ഹാവല്ലിയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ഇയാൾ മരിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൈദാന്‍ ഹവാലിയില്‍ ഒരു റെസ്റ്റോറന്റില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതുദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെ എംസിസി ഹെല്പ് ഡെസ്ക്കിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു
ന്യൂസ് ഡെസ്ക്
വ്യവസായി അറ്റ് ലസ് രാമചന്ദ്രൻ മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായി. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. രണ്ടു ദിവസം മുമ്പ് ജയിൽ മോചിതനായെന്നാണ് വിവരം. നൽകിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദുബായിലെ 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസുനൽകിയിരുന്നത്.
ഈ ബാങ്കുകളുമായി ധാരണയിലെത്തിയതോടെയാണ് ജയിൽ മോചനത്തിന് വഴിതുറന്നത്. 2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. രാമചന്ദ്രന്റെ മകൾ മഞ്ചുവും അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. ഭാര്യ ഇന്ദു രാമചന്ദ്രനാണ് ഇവരുടെ മോചനത്തിനായി ശ്രമിച്ചുവന്നത്.
എന്നാല്‍ കേന്ദ്ര സർക്കാരിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഡൽഹിയിലുള്ള ഒരു സ്വർണ വ്യാപാരിയുമായാണ് ഒടുവിൽ ഒത്തുതീർപ്പിലെത്തിയത്. യുഎഇ വിടാതെ കടബാധ്യത തീര്‍ക്കാമെന്നാണ് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്.
3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായി കോടതി ശിക്ഷിച്ചത്. അറ്റ്ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്.
ദുബായ്: ഭിക്ഷാടനം നിരോധിച്ച ദുബായിൽ റംസാൻ മാസം മുതലെടുത്ത് യാചക സംഘങ്ങൾ പെരുകുന്നുവെന്ന് റിപ്പോർട്ട്. ഇത്തരക്കാരെ സൂക്ഷിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധനം ലംഘിച്ച് ഭിക്ഷാടനം നടത്തുകയായിരുന്ന മുന്നൂറോളം പേരെ ഇതുവരെ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഒരാൾ കാറിൽ കറങ്ങി പെട്രോൾ അടിക്കാൻ പണം യാചിക്കുന്നതിനിടെ പൊലീസ് പിടിയിലായിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാനെന്ന വ്യാജേന പണം പിരിച്ച ഇയാൾക്ക് മിക്ക സ്ഥലങ്ങളിൽ നിന്നും ധാരാളം പണം ലഭിച്ചതായി ദുബായ് പൊലീസ് ഡയറക്ടർ അലി സലീം പറഞ്ഞു.
സമാനമായ മറ്റൊരു കേസിൽ ആശുപത്രിക്ക് സമീപം ഭിക്ഷാടനത്തിലേർപ്പെട്ട കുടുംബത്തേയും പൊലീസ് അറസ്റ്റ് ചെയ്തു. അസുഖമുള്ള കുട്ടിക്ക് 800 ദിർഹം വേണം എന്നതായിരുന്നു ഇവരുടെ ആവശ്യം. മരുന്ന് വാങ്ങി നൽ കിയെങ്കിലും, മരുന്ന് ഫാർമസിയിൽ തിരിച്ച് നൽകി പണം വാങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.
ഇത്തരക്കാർ കാരണം യഥാർത്ഥ്യത്തിൽ പണം ആവശ്യമുള്ളവർ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം പേഴ്സ് കളഞ്ഞ് പോയ പാക്കിസ്ഥാനി സ്വദേശിയെ സഹായിച്ചതായി പൊലീസ് കേണൽ അറിയിച്ചു. സംഭവം സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ സഹായിച്ചത്.
മെക്കുനു കൊടുങ്കാറ്റില്‍ സലാലയിലുണ്ടായത് വന്‍ നാശനഷ്ടങ്ങള്‍. ഒരു ബാലിക അടക്കം രണ്ട് സ്വദേശികള്‍ മരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു. മറ്റൊരു സംഭവത്തില്‍ മൂന്ന് വദേശികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സലാലയിലും പരിസരങ്ങളിലുമായി നിരവധി കെട്ടിടള്‍ക്ക് നാശനഷ്ടം സംഭവിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് വാദികളില്‍ ഒലിച്ചുപോയത്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മേഖലയില്‍ കാറ്റ് വീശുന്നുണ്ട്. പൊലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ ആളുകളെ കാണതായതായി പ്രചാരണമുണ്ടെങ്കിലും പോലീസ് സ്ഥിരീകരണമുണ്ടായിട്ടില്ല. കൃഷിയിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്.
സലാലക്ക് സമീപം സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് വീണാണ് 12 വയസ്സുകാരി മരിച്ചത്. ശക്തമായ കാറ്റില്‍ ചുമര്‍ തകര്‍ന്ന് ബാലികയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍ ഔഖദില്‍ വാദിയില്‍ കുടുങ്ങിയ കാറിനകത്ത് പെട്ടാണ് സ്വദേശിക്ക് മരണം സംഭവിച്ചത്.
ദോഫാര്‍ ഗവര്‍ണറേറ്റില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് രാജകീയ ഉത്തരവ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. മൂന്ന് ദിവസങ്ങളില്‍ കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാലാണ് അവധി അനുവദിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലും അവധി അനുവദിക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയവും നിര്‍ദേശം നല്‍കി.
കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചിട്ട സലാല അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച രാത്രി 12 മണി മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ നടക്കുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. മസ്‌കത്തില്‍ നിന്ന് രാത്രി 1.40നുള്ള ഒമാന്‍ എയര്‍ വിമാനമാണ് ആദ്യ സര്‍വ്വീസ്. വെള്ളിയാഴ്ച രാത്രി 12 മുതല്‍ 24 മണിക്കൂര്‍ വിമാനത്താവളം അടച്ചിടുകയായിരുന്നു. കാലാവസ്ഥ മോശമായതോടെ 24 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു.