Filim Review

ഷെറിൻ പി യോഹന്നാൻ

മാക്ബത്ത് – മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെയും അധികാരവാഞ്ചയുടെയും ആവിഷ്കാരമാണ് ഷേക്സ്പിയറിന്റെ ഈ ദുരന്ത നാടകം. ട്രാജഡി ഓഫ് അംബീഷൻ എന്നാണ് മാക്ബത്തിനെ വിശേഷിപ്പിക്കുന്നത്. മാക്ബത്തിനെ അടിസ്ഥാനമാക്കി ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്നു എന്നറിയുമ്പോഴേ പ്രതീക്ഷകൾ ഉയരും. പോത്തേട്ടനും ശ്യാം പുഷ്കരനും ഷൈജു ഖാലിദും ഫഹദും മാക്ബത്തും ഒരുമിക്കുമ്പോൾ ഒരു മോഡേൺ മാസ്റ്റർപീസ് ആണ് മലയാളികൾക്ക് ലഭിക്കുന്നത്.

പനച്ചേൽ കുടുംബത്തിൽ അപ്പനാണ് സർവ്വശക്തൻ. മൂന്ന് ആൺമക്കളിൽ മൂത്ത രണ്ട് പേരും കച്ചവടവുമായി മുന്നോട്ട് പോകുമ്പോൾ ഇളയവനായ ജോജിക്ക് അതിലൊന്നും വലിയ താല്പര്യമില്ല. എങ്കിലും മനസിലെ ആഗ്രഹങ്ങൾക്ക് (അത്യാഗ്രഹങ്ങൾക്ക്) യാതൊരു കുറവുമില്ല. ഇതൊരു ഒടിടി ചിത്രം ആണെന്ന് ആദ്യമേ ഉറപ്പിച്ചാണ് പോത്തേട്ടൻ സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകന് കയ്യടിക്കാൻ സീനുകൾ ഇട്ടുനൽകേണ്ട ആവശ്യമില്ലായിരുന്നു. ജോജി ഒരു ട്രാജഡിയാണ്. പെർഫെക്ട് ട്രാജഡി…!

പ്രകടനങ്ങളിൽ ഫഹദ് തന്നെയാണ് ഗംഭീരം. ദിലീഷ് – ഫഹദ് തുടർച്ചയായി മൂന്നാമത്തെ ചിത്രത്തിലും ഒന്നിക്കുമ്പോൾ മുൻ ചിത്രങ്ങളിലെ പ്രകടനത്തോട് സാമ്യം തോന്നാതിരിക്കുക എന്നതാണ് പ്രധാനം. വളരെ സുന്ദരമായാണ് ജോജിയിൽ അത് പരിഹരിക്കപ്പെടുന്നത്. ജോജി മുണ്ടക്കയം എന്ന നടന്റെ പ്രകടനമാണ് പിന്നീട് എടുത്തുപറയേണ്ടത്. ബാബുരാജ്, ബേസിൽ, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവരും ഗംഭീരപ്രകടനം. ലേഡി മാക്ബത്തിന്റെ സ്ഥാനമാണ് ഉണ്ണിമായയ്ക്ക്. കഥ നടക്കുന്ന ഇടങ്ങളെ കൃത്യമായി എസ്റ്റബിളിഷ് ചെയ്യാൻ ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്. ഷേക്സ്പിയർ ദുരന്ത നാടകങ്ങളിലെ സംഗീതത്തോട് സാമ്യം തോന്നിയ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കൃത്യമായ രാഷ്ട്രീയം ഉള്ളിലൊളിപ്പിക്കുന്ന കഥയിലെ ചില സംഭാഷണങ്ങൾ തീവ്രമാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയുടെ ശക്തി പ്രേക്ഷകൻ അനുഭവിക്കുന്നത് കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറിയിലൂടെയാണ്.

Spoiler Alert

“നീ ഒരു മാസ്ക് എടുത്ത് വച്ചിട്ട് വാ” എന്ന് ബിൻസി പറയുമ്പോഴുള്ള ഫഹദിന്റെ പ്രകടനവും ഇന്റൻസായ പശ്ചാത്തലസംഗീതവും ശ്രദ്ധിച്ചാൽ സിനിമയുടെ റേഞ്ച് മനസിലാകും. “നിനക്കൊക്കെ എന്നും സ്ലാബിന്റെ മേളിൽ ഇരുന്ന് കഴിക്കാനാ വിധി”.. ഈ സംഭാഷണത്തിലൊക്കെ സിനിമ കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ട്. സ്ലോ ആയ കഥപറച്ചിൽ ഒരിടത്തും പകച്ചുനിൽക്കുന്നതായി തോന്നിയില്ല. അത് ജോജിയുടെ വിടർന്നു വരുന്ന കണ്ണുകൾ വരെയും.

മൂന്നാമതും ഒരു പോത്തേട്ടൻ ബ്രില്ല്യൻസ്. ദിലീഷ് പോത്തന്റെ മറ്റു രണ്ട് ചിത്രങ്ങളെയും അധികം ഇഷ്ടപെടുന്ന ഒരാൾ ആയതിനാൽ തന്നെ ജോജിയും അതിനൊപ്പം ചേരാൻ അർഹതയുള്ള ചിത്രമാണ്. ജോജിയിൽ നിറയുന്നത് നമ്മുടെ സമൂഹമാണ്. ജോജിയിലെ ഏതെങ്കിലുമൊരു കഥാപാത്രം ഞാൻ ആണ്.. നീയുമാണ്. ഒറ്റപെട്ട വീടും, അപ്പനും മക്കളും അവരുടെ ബന്ധവുമൊക്കെ കെ ജി ജോർജിന്റെ ഇരകളെ ഓർമിപ്പിച്ചു. 85ൽ ഇറങ്ങിയ ഇരകൾ ഒരു ക്ലാസ്സിക്‌ ആണെങ്കിൽ ഇതൊരു മോഡേൺ ക്ലാസിക് ആണ്…

ദിലീപ് വി കെ

മാടനെ പിടിക്കാന്‍ ചെന്ന തിരുമേനിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അപരിഷ്‌കൃതരുടെ മൂര്‍ത്തിയായ മാടനെ പരിഷ്‌കൃതനായ ബ്രാഹ്മണന് പിടിച്ചു കെട്ടിയേ തീരൂ. എന്നാല്‍ താന്‍ പിടിക്കാന്‍ ചെന്നവനെയും ചുമന്നുകൊണ്ട് അറ്റമില്ലാവഴികളിലൂടെയുള്ള യാത്ര ആസ്വദിക്കുകയാണ് തിരുമേനി ഇപ്പോഴും. നിയമവാഴ്ച്ചയുടെ പ്രതിരൂപങ്ങളാണ് എന്ന് പറയാവുന്ന പോലീസുകാരും, ചുരുളിയില്‍ ചെന്ന് ചെയ്യുന്നതു തങ്ങളുടെ വന്യവാസനകളെ കയറൂരിവിടുകയാണ്. കാടുകയറുമ്പോള്‍, ഓരോ മനുഷ്യനും തന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് മാറുന്നുവെന്നതാണ് തുടർന്നുള്ള കാഴ്ചയില്‍ തെളിയുന്നത്.

കുറ്റവാളിയെയും കുറ്റകൃത്യത്തെയും പിന്തുടര്‍ന്നാണ് ആന്റണിയും ഷാജീവനും (വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്) ചുരുളിയിലെത്തുന്നത്. തങ്കന്റെ പറമ്പില്‍ റബ്ബറിന് കുഴിവെട്ടാന്‍ എന്നും പറഞ്ഞാണ് യാത്ര. ദുര്‍ഘടമായ മലമ്പാതയും താണ്ടി ചുരുളാളം പറയുന്നവരുടെ മൂടല്‍ മഞ്ഞു പോലെ നിഗൂഢതകള്‍ തങ്ങി നില്‍ക്കുന്ന ചുരുളിയില്‍ അവരെത്തി ചേരുന്നു. വഴിയിലെ പൊളിഞ്ഞു വീഴാറായ മരപ്പാലം പുറംലോകവും ചുരുളിയും തമ്മിലുള്ള ഏക ബന്ധമാണ്. പരിഷ്‌കാരത്തിന്റെ ഭാണ്ഡങ്ങള്‍ ജീപ്പിറങ്ങി പാലം നടന്നു കയറുമ്പോള്‍ പുറത്തേക്കെറിയപ്പെടുന്ന കാഴ്ച പുറംലോകത്തിന്റെ കെട്ടുകാഴ്ചകൾക്കു ചുരുളിയിൽ സ്ഥാനമില്ല എന്ന് പറഞ്ഞുവെക്കുന്നു. ജീപ്പ് ആ പാലം കടന്നു പോകുന്ന കാഴ്ചപോലും വന്യമായ ഒരു ലോകത്തേക്കാണ് തങ്ങളുടെ യാത്രയെന്ന് പ്രേക്ഷകന് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മെെലാടും പറമ്പിൽ ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് ചുരുളിയിൽ എത്തുന്ന പൊലീസ്‌ ഉദ്യോഗസ്ഥരായ ഷാജീവനും ആന്റണിയും തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്തെയാണ് അവിടെ കാണുന്നത്. അവർക്കൊപ്പം ചുരുളിയിലേക്ക് എത്തുന്നവർ ആരംഭത്തിൽ സാധാരണ മനുഷ്യരാണ്. എന്നാൽ ചുരുളിയിൽ എത്തുന്ന നിമിഷം മുതൽ അവർ ചുരുളി മലയാളത്തിൽ കേട്ടാലറയ്ക്കുന്ന തെറി പറയുന്നവരും, അക്രമാസക്തരുമായി മാറുന്നു. ഇവിടെയുണ്ടാകുന്ന ഭാവമാറ്റം ചുരുളിയുടെ ലോകത്തെപ്പറ്റിയുളള ഒരു മുന്നറിയിപ്പ് കൂടിയാണ്. ആ അരുവിക്കു കുറുകെയുള്ള മരപ്പാലം അവര്‍ക്കും നമുക്കും പരിചിതമായ ചുറ്റുപാടിന്റെ അവസാനമാണ്. ചുരുളിക്കാടുകളുടെ വന്യത യാത്രക്കാരെ ആവേശിക്കുന്ന നിമിഷത്തില്‍ ആന്റണിക്കൊപ്പം നമ്മളും ഞെട്ടുന്നുണ്ട്. ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ ശബ്ദങ്ങളും അപരിചിതത്വത്തിന്റെ അങ്കലാപ്പ് തരുന്നുണ്ട്. ചീവീടും രാപ്പക്ഷികളും ഇലയ്ക്കു മീതെ പെയ്യുന്ന മഴയും കൂവലുകളുടെ പ്രതിധ്വനികളുമൊക്കെ പകരുന്ന ഭയപ്പെടുത്തുന്ന വന്യത പക്ഷെ ചുരുളിക്കാരുടെ പെരുമാറ്റങ്ങള്‍ക്ക് വല്ലാത്തൊരു സാധൂകരണം നല്‍കുന്നുണ്ട്. ചുരുളിയിൽ എത്തുന്നവർ തങ്ങൾ ഇത്രയും കാലം ചുരുളിയിൽ തന്നെ ജീവിച്ചിരുന്നു എന്ന് കരുതി പോകുന്നവരാണ്. മാടന്റെയും നമ്പൂതിരിയുടെയും കഥയിൽ തുടങ്ങി അതേ കഥയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ കുട്ടയിൽ ഉള്ളത് മാടൻ തന്നെയാണ് എന്ന് തിരിച്ചറിയാത്ത നമ്പൂതിരിയും അന്വേഷിച്ചു ചെന്ന കുറ്റവാളികൾ തങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടെന്നു തിരിച്ചറിയാത്ത നിയമപാലകരും ചുരുളിക്കുള്ളിൽ ഒന്ന് തന്നെയാണ്. അവിടെ കാലം ആവർത്തിക്കപ്പെടുകയാണ്.

കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനോയ് തോമസിന്റെ കഥയാണ് ചിത്രത്തിനാധാരം. എസ്. ഹരീഷിന്റേതാണ് തിരക്കഥ. പെല്ലിശേരിയുടെ സിനിമകളിലെ ദൃശ്യ, ശബ്ദ ഭംഗികള്‍ പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. കാടിന്റെ കാഴ്ചകള്‍ക്ക് മധു നീലകണ്ഠന്റെ ക്യാമറയില്‍ അസാധാരണ സൗന്ദര്യമുണ്ടായിരുന്നു. സംഗീതമൊരുക്കിയ ശ്രീരാഗ് സജിയും എഡിറ്റര്‍ ദീപു ജോസഫും ആസ്വാദനത്തെ നിലവാരമുള്ളതാക്കുന്നുണ്ട്. അഭിനേതാക്കള്‍ ഓരോരുത്തരും അവരുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാരേക്കാളും മികവുറ്റതായി തോന്നിയത് വിനയ് ഫോര്‍ട്ടിന്റെ പ്രകടനമാണ്. ഷാജിവന്റെ ഭയവും ആകുലതകളും പിന്നീട് അയാളില്‍ ഉണ്ടാവുന്ന ഭാവ മാറ്റങ്ങളും എത്ര കയ്യടക്കത്തോടെയാണ് അയാള്‍ കാഴ്ച വെച്ചത്. ശുദ്ധനായ പോലീസുകാരനില്‍ നിന്നുള്ള വളര്‍ച്ച വിനയ് ഫോര്‍ട്ട് മികവുറ്റതാക്കി.

ഒറ്റക്കാഴ്ചയില്‍ കുരുക്കഴിക്കാവുന്നതല്ല ഈ ചിത്രം. ജെല്ലിക്കെട്ടിന്റെ ക്ലൈമാക്സിലെ പോലെ താൻ ഉദ്ദേശിച്ചത് എന്തെന്ന് ലിജോ പക്ഷെ ചുരുളിയിൽ പറഞ്ഞു വെക്കുന്നില്ല. അത് സിനിമയുടെ ചുഴിയിൽ അകപ്പെട്ടുപോയ പ്രേക്ഷകന് തീരുമാനിക്കാവുന്നതാണ്. കുറ്റവാളികളും കുറ്റാന്വേഷകരും തമ്മിലുള്ള അതിര് വരമ്പുകളുടെ നിസ്സാരത ബോധ്യപ്പെടുത്തുന്നതോടൊപ്പം തന്നെ അധികാരവും അധികാരമില്ലായ്മയും അഴിയാത്ത ചുരുളുകളുമായി സമന്വയം പ്രാപിക്കുന്നതും പ്രേക്ഷകന്റെ മുൻപിലേയ്ക്കുള്ള സംവിധായകന്റെ ചോദ്യമായി പരിഗണിക്കാം.

ദിലീപ് വി കെ:  കാസർഗോഡ് സ്വദേശി, തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് പ്രൊഫസർ.

ഷെറിൻ പി യോഹന്നാൻ

രോഹിത് വി എസ് എന്ന സംവിധായകന്റെ ക്രാഫ്റ്റ് കാണാനുള്ള താല്പര്യമാണ് മറ്റു റിലീസുകൾക്കിടയിലും കള തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. അദ്ദേഹത്തിന്റെ ഇബ്‌ലീസ് തിയേറ്ററിൽ ആസ്വദിച്ചത് ഇപ്പോഴും ഓർമയിലുണ്ട്. ക്‌ളീഷേകൾ അരങ്ങുവാഴുന്ന മലയാള സിനിമയിൽ ഇത്തരം പരീക്ഷണ ചിത്രങ്ങളുമായി മുന്നോട്ടു വരുന്നത് ധീരമായ ശ്രമമാണ്. ഇവിടെ കള വെറുതെ വളർന്നു പൊന്തുകയല്ല, ‘കള’ കളം മാറ്റി ചവിട്ടൽ കൂടിയാകുകയാണ്.

എന്നുമുതലാണ് കള കളയായത് ? മനുഷ്യൻ ഭൂമി വെട്ടിപിടിച്ചും കെട്ടിതിരിച്ചും കൃഷി ആരംഭിച്ചപ്പോൾ മുതലാണ്. അപ്പോൾ കളയുടെ സ്ഥാനം എവിടെയാണ്? അവർ എവിടെയാണ് വളരേണ്ടത്? ചെറിയൊരു കഥയെ വളരെ ആഴത്തിൽ അവതരിപ്പിച്ചതുകൊണ്ടാണ് കള ശക്തമായ ചലച്ചിത്രാനുഭവം ആവുന്നത്. വന്യം എന്ന ഗാനം പശ്ചാത്തലമായുള്ള ഗ്രാഫിക്കൽ സ്റ്റോറിയിലുണ്ട് ചിത്രത്തിന്റെ ജീവൻ. ഒരു സമ്പന്ന കുടുംബത്തിലേയ്ക്കും അവരുടെ ഒരു ദിവസത്തിലേക്കും വെറുതെ ക്യാമറ തിരിച്ചുവയ്ക്കുകയല്ല. വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്… വന്യമായ ചിലത്.

ടോവിനോയുടെയും സുമേഷ് മൂറിന്റെയും ഗംഭീര പ്രകടനത്തോടൊപ്പം ശക്തമായ പശ്ചാത്തലസംഗീതവും സൂക്ഷ്മമായ ഛായാഗ്രഹണവും ക്വാളിറ്റി മേക്കിങ്ങും ചേർന്ന് വരുമ്പോഴാണ് കള തീവ്രമായ കഥപറച്ചിൽ ഒരുക്കുന്നത്. രണ്ടാം പകുതിയിൽ പ്രേക്ഷകൻ അത് അനുഭവിച്ചറിയുന്നുമുണ്ട്. ചിത്രത്തിൽ മൂറിന്റെ സ്ഥാനം ക്രെഡിറ്റ്‌ കാർഡിൽ വ്യക്തമായി കാണാം. സൈക്കോളജിക്കൽ മൂഡ് ഒരുക്കി ആരംഭിക്കുന്ന ചിത്രം പിന്നീട് വളരെ വേഗമാണ് നീങ്ങുന്നത്.

A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമായതിനാലും വയലൻസ് രംഗങ്ങളാൽ സമ്പന്നമായ ചിത്രമായതിനാലും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടണമെന്നില്ല. സ്പൂൺ ഫീഡിങ് ഇല്ലാതെ, ബീപ് ഇല്ലാതെ, വളരെ റിയലിസ്റ്റിക് ആയി ഇത്തരമൊരു കഥയെ അവതരിപ്പിച്ച സംവിധായകനൊരു സല്യൂട്ട്. ടെക്‌നിക്കലി ബ്രില്ലിയന്റ് ആയ ചിത്രം തിയേറ്ററിൽ തന്നെയാണ് കാണേണ്ടത്. അവിടെയാണ് ഇത് പൂർണമായും അനുഭവിക്കേണ്ടത്. പല ലെയറുകളിലൂടെ ചിത്രം കഥ പറയുന്നുണ്ട്. അത് മനസ്സിലാക്കി എടുക്കേണ്ടത് പ്രേക്ഷകനാണെന്ന് മാത്രം.

Last Word – കളയായി പിഴുതെറിയപ്പെട്ടവന്റെ തിരിച്ചടിയാണ് പ്രമേയം. അത് ആഴത്തിൽ അറിയേണ്ടതാണ്. വലിയ കഥയോ കാര്യങ്ങളോ പ്രതീക്ഷിച്ചു സമീപിക്കേണ്ട ചിത്രമല്ല കള. മലയാള സിനിമയിലെ നായകസങ്കല്പങ്ങളെ കൂടി തച്ചുടയ്ക്കുകയാണ് രോഹിത്. തിയേറ്റർ വാച്ച് അർഹിക്കുന്ന മികച്ച ചിത്രം.

ഷെറിൻ പി യോഹന്നാൻ

സെക്കന്റ്‌ ഷോയ്ക്ക് അനുമതി നൽകിയതോടെ കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും അതിന് തികച്ചും സഹായകമാകുന്ന റിലീസ് ആയിരുന്നു മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്.’ ടീസറുകൾ നൽകിയ പ്രതീക്ഷ വലുതായതുകൊണ്ട് തന്നെ ഒരു ക്വാളിറ്റി മിസ്റ്ററി ത്രില്ലർ പ്രേക്ഷകർ തീർച്ചയായും പ്രതീക്ഷിക്കും.

ഫാ. കാർമെൻ ബനഡിക്ട്, പേരിൽ മാത്രമാണ് പുരോഹിതൻ. അദ്ദേഹം ഏറ്റവും താല്പര്യത്തോടെ ചെയ്യുന്ന പ്രവൃത്തി കുറ്റാന്വേഷണമാണ്. മിക്ക കേസുകളിലും പോലീസിനെ സഹായിക്കുന്നുമുണ്ട്. ആ പുരോഹിതന് അതാണ് ദൈവവഴി. അങ്ങനെ ഒരുനാൾ ഫാ. ബനഡിക്ടിനെ തേടി ഒരു കേസ് എത്തുന്നു… നിഗൂഢതകൾ നിറഞ്ഞ ഒന്ന്.

Positives – ക്വാളിറ്റി മേക്കിങ്ങും മികച്ച പശ്ചാത്തലസംഗീതവുമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകങ്ങൾ. സിനിമയിലെ പല രംഗങ്ങൾക്കും ജീവൻ നൽകുന്നത് രാഹുൽ രാജിന്റെ ബിജിഎം ആണ്. മമ്മൂട്ടി, മഞ്ജു വാരിയർ ,ബേബി മോണിക്ക, നിഖില തുടങ്ങിയ പ്രധാന താരങ്ങളുടെ പ്രകടനം നന്നായിരുന്നു. പോസ്റ്റ്‌ ക്ലൈമാക്സ്‌ സീൻ ഊഹിച്ചിരുന്നെങ്കിലും അതിന്റെ പ്ലേസ്‌മെന്റ് കൃത്യമായതിനാൽ മൊത്തത്തിൽ ഒരു ക്ലൈമാക്സ്‌ പഞ്ച് സിനിമ സമ്മാനിക്കുന്നുണ്ട്. ഇന്റർവെൽ ബ്ലോക്ക്‌ ബനഡിക്ടിനെ ശക്തമാക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ അത് നിലനിന്നോയെന്ന കാര്യം സംശയമാണ്. ‘നസ്രത്തിൻ നാട്ടിലെ’ എന്ന ഗാനം തിയേറ്ററിൽ കേട്ടപ്പോൾ കൂടുതൽ നന്നായിതോന്നി.

Negatives – ഹൊറർ ചിത്രങ്ങളിൽ പതിവായി കണ്ടുവരുന്ന പല ക്‌ളീഷേ സംഗതികളും ഈ ചിത്രത്തിലുമുണ്ട്. പ്രെഡിക്റ്റബിൾ സീനുകൾ നിറഞ്ഞ ആദ്യപകുതി അവസാനിക്കുന്നത് പ്രതീക്ഷകൾ നൽകികൊണ്ടാണെങ്കിലും ആ സാധ്യതകളെയൊന്നും ഉപയോഗപ്പെടുത്താതെ ചിലരിലേക്ക് മാത്രം ഒതുങ്ങിപോവുകയാണ് പിന്നീടുള്ള കഥ. രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്കും കൺവിൻസിംഗ് ആയി തോന്നിയില്ല. പലയിടത്തും കഥ വലിച്ചുനീട്ടിയതായും അനുഭവപ്പെട്ടു. കഥപറച്ചിൽ വിരസമാകുമ്പോഴും ചിത്രത്തെ താങ്ങിനിർത്തുന്നത് പ്രകടനങ്ങളും മേക്കിങ്ങുമാണ്.

Last Word – കളർ ടോണിലും ട്രീറ്റ്‌മെന്റിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പുത്തൻ ദൃശ്യാനുഭവമൊന്നും പ്രീസ്റ്റ് സമ്മാനിക്കുന്നില്ല. പ്രൊഡക്ഷൻ ക്വാളിറ്റി ഒക്കെ മുന്നിട്ടു നിൽക്കുന്നതിനാൽ തന്നെ നല്ലൊരു തിയേറ്ററിൽ ആസ്വദിച്ചാൽ നിരാശപ്പെടേണ്ടി വരില്ല.

ഷെറിൻ പി യോഹന്നാൻ

പല രാജ്യങ്ങളിലായി, വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമെന്ന നിലയിൽ മാത്രമല്ല ദൃശ്യം ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു ഫാമിലി ഡ്രാമ പ്രതീക്ഷിച്ചുപോയവരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ജീത്തു ജോസഫ് കഥ പറഞ്ഞത്. ‘ദൃശ്യം എഫക്ട്’ പിന്നീട് വന്ന മലയാള സിനിമകളെയും സ്വാധീനിച്ചിരുന്നു. ഒരു മാസ്റ്റർപീസ് സിനിമയുടെ സീക്വലുമായി അതെ സംവിധായകൻ എത്തുമ്പോൾ ആ ആത്മവിശ്വാസത്തെ കുറച്ചുകാണരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നു. യഥാർത്ഥത്തിൽ ദൃശ്യം 2 ന്റെ വിജയം അവിടുന്നാണ് ആരംഭിച്ചത്.

positives : രണ്ടാം ഭാഗത്തിന്റെ ഭൂരിഭാഗവും ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ ആണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് ‘ഇനിയെന്ത്’ എന്നുള്ള ചോദ്യം തന്നെയാണ്. ആദ്യപകുതിയുടെ അവസാനം മുതലുള്ള സീനുകൾ എൻഗേജിങ് ആയിരുന്നു. പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ തന്നെയാണ് ഈ സിനിമയുടെ ശക്തിയും. അത് അനുയോജ്യമായ സമയത്ത് പ്ലേസ് ചെയ്തതുകൊണ്ടാണ് ചിത്രം കൂടുതൽ ശക്തമായത്. ആദ്യപകുതിയിൽ അപ്രധാനമെന്ന് തോന്നിയ പലതും ക്ലൈമാക്സിൽ വളരെ സുപ്രധാന സംഗതികളായി മാറ്റിയെടുക്കാൻ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.

വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിട്ടും സിംപിൾ ആയ മേക്കിങ് സ്റ്റൈൽ, നല്ല സബ്പ്ലോട്ടുകൾ, ക്ലാസ്സ്‌ ബിജിഎം, കഥാഗതിയെ നിർണയിക്കുന്ന ശക്തമായ പ്രകടനങ്ങൾ എന്നിവ ദൃശ്യം 2നെ തൃപ്തികരമാക്കി മാറ്റുന്നു. കണ്ടിന്യൂവിറ്റി അടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മമായി ശ്രദ്ധ ചെലുത്തിയാണ് ചിത്രം ഒരുക്കിയെടുത്തിട്ടുള്ളത്. മോഹൻലാലിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പഴയ ലാലേട്ടനെ അതേപടി തിരിച്ചുകിട്ടിയെന്ന് പറയുന്നവരോട് വ്യക്തിപരമായി യോജിപ്പില്ല. ക്ലൈമാക്സിൽ നായകനെ വെള്ളപൂശി കാണിക്കാനുള്ള ശ്രമവും നടന്നിട്ടില്ല.

 

negatives : ചിത്രത്തിന്റെ തുടക്കം മികച്ചതായി തോന്നിയില്ല. ജോർജ്കുട്ടിയുടെ വക്കീലിന്റെ കോർട്ട് റൂം പെർഫോമൻസ്, ഔട്ടോ ഡ്രൈവർമാരുടെ പ്രകടനം എന്നിവ നന്നായിരുന്നില്ല. പല ട്വിസ്റ്റുകളും അൺറിയലിസ്റ്റിക് പാതയിലൂടെ സഞ്ചരിച്ചതായി അനുഭവപ്പെട്ടു. എന്നാൽ ആദ്യകാഴ്ചയിൽ അതൊരു പോരായ്മയായി തോന്നില്ല.

last word – ദൃശ്യത്തെക്കാൾ മികച്ചതെന്ന് അവകാശപ്പെടാനില്ല. എന്നാൽ ആദ്യ ഭാഗത്തോട് നീതി പുലർത്തിയ രണ്ടാം വരവ്. കണ്ടിരിക്കേണ്ട ചിത്രം.

സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഇറക്കിയാൽ തീരാവുന്ന അയിത്തമേ ഒടിടിയോട് ഉള്ളൂ എന്നതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രൈം മെമ്പർഷിപ്പ് എടുത്തവരുടെ എണ്ണം. ഇൻഡസ്ട്രി ഹിറ്റ് ആവേണ്ട ചിത്രമായിരുന്നുവെന്ന വിലാപം മുഴക്കി ടെലിഗ്രാം തേടിപോകുന്നവരുടെ എണ്ണവും ചെറുതല്ല. ഈ ചിത്രം കാശ് മുടക്കിതന്നെ കാണുക. ആ വിജയം ജീത്തു ജോസഫും ദൃശ്യം 2വും അർഹിക്കുന്നുണ്ട്.

ഷെറിൻ പി യോഹന്നാൻ

വാലന്റൈൻസ് ഡേ വീക്കെൻഡ് റിലീസ് ആയി കേരളത്തിൽ എത്തിയ ചിത്രമാണ് ‘കുട്ടി സ്റ്റോറി.’ GVM ന്റേതടക്കം നാല് കുട്ടി കഥകളാണ് ചിത്രത്തിൽ. മറ്റ് ആന്തോളജികൾ ഒടിടി റിലീസ് എന്ന വഴി തിരഞ്ഞെടുത്തപ്പോൾ അതിന് നിൽക്കാതെ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു ചിത്രം. നാല് കഥകളിലെയും പ്രധാന തീം ഒന്നുതന്നെ ; പ്രണയം

GVM ന്റെ സംവിധാനത്തിൽ അദ്ദേഹം തന്നെ നായകനായി എത്തുന്ന ‘എതിർപ്പാറാ മുത്തം’ മനോഹര ചിത്രമാണ്. Can a man and woman remain just friends for life? എന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ആദിയുടെയും മീരുവിന്റെയും കഥയാണ് പറയുന്നത്. മികച്ച പ്രകടനങ്ങൾ കൊണ്ടും പശ്ചാത്തലസംഗീതം കൊണ്ടും അവതരണ രീതികൊണ്ടും തൃപ്തിപ്പെടുത്തുന്ന ചിത്രം. Gvm ന്റെ കംഫർട് സോണിൽ നിന്നുകൊണ്ടുള്ള ചിത്രം.

വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം, അബോർഷൻ എന്നീ വിഷയങ്ങൾ കൂട്ടിച്ചേർത്തൊരുക്കിയ വിജയ്യുടെ ‘അവനും നാനും’ നല്ല രീതിയിൽ തുടങ്ങി മെലോഡ്രാമയിലേക്ക് വഴുതിവീണ ഒന്നാണ്. ശക്തമല്ലാത്ത തിരക്കഥ ചിത്രത്തെ ബാധിക്കുമ്പോൾ തന്നെ മേഘയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.

ഗെയിമേഴ്സിന്റെ കഥ പറയുന്ന ‘ലോഗം’ വളരെ ഇന്റെറസ്റ്റിംഗ്‌ ആയ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വെങ്കട്ട് പ്രഭുവാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ഒരു ഗെയിം വേൾഡിലാണ് നടക്കുന്നത്. Adam-Eve എന്നീ ഗെയിമേഴ്സിന്റെ ബന്ധവും പറഞ്ഞുവയ്ക്കുന്നു. വിഎഫ്എക്സ് ഒക്കെ ഉഗ്രൻ ആയതിനാൽ കണ്ടിരിക്കാം. കഥയില്ലായ്മ ഉണ്ടെങ്കിലും ബോറടിയൊന്നുമില്ല.

സേതുപതി നായകനായി എത്തുന്ന നളൻ കുമാരസ്വാമി ചിത്രം ‘ആടൽ പാടൽ’ ഭാര്യ – ഭർതൃ ബന്ധത്തിലെ വിള്ളലുകളാണ് തുറന്നവതരിപ്പിക്കുന്നത്. സേതുപതി, അതിഥി എന്നിവരുടെ മികച്ച പ്രകടനത്തിനൊപ്പം കഥപറച്ചിൽ രീതിയും മുന്നിട്ടുനിൽക്കുന്നു. ക്ലൈമാക്സിൽ നല്ലൊരു ഫീൽ സമ്മാനിക്കുന്ന ചിത്രം.

Last Word – റൊമാന്റിക് ചിത്രങ്ങൾ ആസ്വദിക്കുന്നവരാണെങ്കിൽ തിയേറ്ററിൽ തന്നെ കണ്ടുനോക്കുക. അല്ലാത്തപക്ഷം ഒടിടി ആവും മികച്ച മാർഗം. പേർസണൽ ഫേവറൈറ്റ് Gvm ന്റേതുതന്നെ

ഷെറിൻ പി യോഹന്നാൻ

318 ദിവസങ്ങൾക്ക് ശേഷമാണ് ഒരു മലയാളം ചിത്രം തിയേറ്ററിൽ എത്തുന്നത്. അതുതന്നെ വലിയ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത ക്യാപ്റ്റനുശേഷം പ്രജേഷ് സെൻ- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ‘വെള്ള’വും യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണ്. മുഴുക്കുടിയനായ മുരളിയുടെ ആത്മഹത്യാ ശ്രമത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടുന്ന് പിറകിലേക്ക് സഞ്ചരിക്കുന്ന സിനിമ, പ്രേക്ഷകൻ ചിന്തിക്കുന്ന പാതയിൽ നിന്നുകൊണ്ടാണ് കഥ പറയുന്നത്. കുടിച്ചു കുടിച്ച് അവസാനം ഒന്നുമില്ലാത്തവനായി പോയ മുരളിയുടെ കഥ.

പോസിറ്റീവ്സ്– ജയസൂര്യ എന്ന നടന്റെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയ വേഷം ഇതാണെന്ന് പറയാം. നോട്ടത്തിലും സംസാരത്തിലും നടത്തത്തിലുമെല്ലാം കഥാപാത്രത്തെ പെർഫെക്ട് ആക്കിയിട്ടുണ്ട് ജയസൂര്യ. നല്ലൊരു ആദ്യപകുതിയാണ് ചിത്രത്തിനുള്ളത്. ഷാപ്പിലെ പാട്ടും നഷ്ടപ്രണയത്തിന്റെ ഫ്ലാഷ്ബാക്ക് സീനുകളും ഒഴിവാക്കിയാൽ തൃപ്തികരമായ ആദ്യപകുതി. ബിജിബാലിന്റെ സംഗീതം പതിവ് പാറ്റേണിൽ തന്നെയാണെങ്കിലും ഷഹബാസ് അമൻ പാടിയ ഗാനം മനോഹരമായിരുന്നു.

നെഗറ്റീവ്സ് – റിയൽ ലൈഫ് സ്റ്റോറി എന്ന് കരുതിയാലും പ്രെഡിക്റ്റബിൾ സീനുകളുടെ പെരുമഴയാണ് രണ്ടാം പകുതിയിൽ. യാതൊരു ഇമ്പാക്റ്റും സൃഷ്ടിക്കാതെ കടന്നുപോയ രംഗങ്ങളും നിരവധിയാണ്. ഇടയ്ക്കിടെ കുത്തികയറ്റിയ പുരോഗമന സീനുകൾ ഒക്കെ കല്ലുകടിയായി നിലനിൽക്കുന്നു. മാറ്റമില്ലാതെ തുടരുന്ന പല ക്ലീഷേ സംഗതികളും രണ്ടാം പകുതിയെ വലിച്ചുനീട്ടുന്നതിൽ സഹായിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ‘മാസ്സ്’ സീനുകൾ ഒക്കെ ആരോചകമായി തോന്നി. സിനിമയുടെ താളം തെറ്റിക്കുന്ന ഒരു ക്ലൈമാക്സ്‌ !

അവസാന വാക്ക്– പ്രെഡിക്റ്റബിൾ ആയൊരു കഥയെ തന്റെ ഗംഭീര പ്രകടനം കൊണ്ട് ജയസൂര്യ താങ്ങിനിർത്തിയിട്ടുണ്ട്. പറയാൻ ഉദ്ദേശിച്ച വിഷയവും ഉപദേശവുമൊക്കെ നല്ലതുതന്നെ. എന്നാൽ ഒരു സിനിമയുടെ രൂപത്തിലെത്തുമ്പോൾ പ്രേക്ഷകന് പൂർണതൃപ്തി നൽകാൻ കഴിയാതെപോകുന്നു. മൊത്തത്തിൽ ഒരു ആവറേജ് അനുഭവം.

ഷെറിൻ പി യോഹന്നാൻ

പുതുമയുള്ള കാഴ്ചകളൊന്നും ചിത്രത്തിലില്ല. നാം എന്നും രാവിലെ മുതൽ രാത്രി വരെ ‘കണ്ട്’ മാത്രം അറിയുന്ന കാഴ്ചകൾ. ആ കാഴ്ചകളെയാണ് വളരെ മനോഹരമായി ജിയോ ബേബി അവതരിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലെത്തുന്ന പെണ്ണിനെ കാത്തിരുന്നത് അടുക്കളയാണ്; ‘മഹത്തായ ഭാരതീയ അടുക്കള.’ പേരിനുള്ളിലെ ഈ സർക്കാസം ചിത്രത്തിലുടനീളം തെളിഞ്ഞുകാണം. കിടപ്പറയിൽ പോലും തന്റെ ഇഷ്ടം തുറന്നുപറയാൻ പാടുപെടുന്ന നായിക അടുക്കളയിൽ മാത്രമായി തളച്ചിടപ്പെട്ടിരിക്കുകയാണ്.

ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു സ്വാന്തന്ത്ര്യത്തിലേക്ക് അവൾ നടന്നുകയറുന്ന കാഴ്ചകൾ മനോഹരമാണ്. ചിത്രത്തിന്റെ അവസാന പത്തു മിനിറ്റിൽ പ്രേക്ഷകന് ആ സന്തോഷം അനുഭവിക്കാം. പ്രകടനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നിമിഷയുടെതാണ്. ഇമോഷൻസ് എല്ലാം പ്രേക്ഷകനിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ നിമിഷ വിജയിച്ചിട്ടുണ്ട്. സുരാജും അച്ഛനായി അഭിനയിച്ച നടനും സിദ്ധാർഥ് ശിവയും പ്രകടനങ്ങളിൽ മികച്ചുനിൽക്കുന്നു.

ആവർത്തിച്ചു കാണുന്ന അടുക്കള ദൃശ്യങ്ങൾ വിരസമായി തോന്നിയാൽ ആവർത്തനങ്ങളുടെ അടുക്കളയിൽ കുടുങ്ങി പോകുന്ന സ്ത്രീയുടെ വിരസത എത്രത്തോളമാണെന്ന് ഓർത്താൽ മതിയാവും. “വെള്ളം നിനക്ക് തന്നെ എടുത്ത് കുടിച്ചൂടെടാ” എന്ന സംഭാഷണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ മികച്ച രീതിയിൽ ഒരുക്കിയ സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്.

ആർത്തവത്തെ അശുദ്ധിയായി കാണുന്ന, പൊടിപിടിച്ചു പഴകിപോയ ചിന്തകൾ പേറുന്ന കുടുംബത്തിലെ കാഴ്ചകൾ അവസാനിക്കുന്നില്ല.. പല തലമുറകളിലായി തുടരുകയാണ്. കഥാപാത്രങ്ങളുടെ പേരുകൾക്ക് ചിത്രത്തിൽ പ്രസക്തിയില്ല. കാരണം ചിത്രത്തിലുള്ളത് നാം ഓരോരുത്തരും ആണ്. കണ്ട് മനസിലാക്കുക…. മനോഹരം

ഷെറിൻ പി യോഹന്നാൻ

മലയാളത്തിലെ ആദ്യ ഒടിടി റിലീസ്. വിജയ് ബാബുവിന്റെ നിർമാണത്തിൽ ഇന്ന് പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും.’ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു പ്രതീക്ഷയും വയ്ക്കാതെ തന്നെ കാണാൻ ഇരുന്നതിനാൽ മനോഹര കാഴ്ചയായാണ് സൂഫിയുടെയും സുജാതയുടെയും പ്രണയകഥ എനിക്കനുഭവപ്പെട്ടത്. 10 വർഷത്തിന് ശേഷം തന്റെ ഗുരുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്ന സൂഫിയിലൂടെയാണ് കഥ ആരംഭിക്കുന്നത്. സൂഫിയുടെ ബാങ്ക് വിളിയിലാണ് ആ ഗ്രാമം അന്ന് ഉണർന്നത്. പലതും ഉള്ളിലൊളിപ്പിച്ച സൂഫി പ്രേക്ഷകനെ 10 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്നു. അവിടെ നമ്മൾ സുജാതയെ കണ്ടുമുട്ടുന്നു.

കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ നിന്നുകൊണ്ടാണ് ചിത്രം ഇറക്കുന്നതെന്ന് വിജയ് ബാബു തന്നെ പറഞ്ഞിട്ടുണ്ട്. അതിനെയാദ്യം അഭിനന്ദിക്കണം. വ്യത്യസ്ത മതത്തിൽ നിന്നുള്ള രണ്ട് പേരുടെ പ്രണയകഥ പുതുമയാർന്ന ഒരു വിഷയം അല്ല. എന്നാൽ ഇമ്പമാർന്ന ഗാനങ്ങളിലൂടെയും അഭിനയങ്ങളിലൂടെയുമൊക്കെ ഈ കൊച്ചു ചിത്രത്തെ മനോഹരമാക്കി തീർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

എടുത്ത പറയേണ്ട പ്രകടനം അതിഥി റാവുവിന്റേതാണ്. ഒരു നർത്തകിയായും പ്രണയിനിയായുമൊക്കെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സപ്പോർട്ടിങ് റോളിൽ വന്ന ജയസൂര്യ, സിദ്ദിഖ്, ഉസ്താദ് ആയി വേഷമിട്ട സ്വാമി, സൂഫിയായി അഭിനയിച്ച ദേവ് മോഹൻ തുടങ്ങിയവരെല്ലാം തന്നെ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എം ജയചന്ദ്രന്റെ ഗാനങ്ങൾ ചിത്രത്തിന്റെ ആസ്വാദനതലത്തിന് ശക്തിപകർന്നിട്ടുണ്ട്. ഇടയ്ക്കിടെ വന്നുപോകുന്ന റൂഹ് എന്ന ഗാനവും വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനവും നന്നായിരുന്നു.

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയരംഗങ്ങൾ പ്രേക്ഷകനുള്ളിലേക്ക് കയറികൂടുന്ന വിധത്തിൽ ഒരുക്കിയെടുത്തിരിക്കുന്നു. സാധാരണപോലെ അവസാനിക്കുമെന്ന് കരുതിയെങ്കിലും അവസാന 20 മിനിറ്റ് വ്യത്യസ്തമാക്കി തീർത്തു. അതാണ് കൂടുതൽ ഇഷ്ടമായതും. ഗംഭീര സിനിമയെന്ന് അവകാശപ്പെടാനില്ലെങ്കിലും സമയനഷ്ടം തോന്നാത്ത വിധത്തിൽ ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രമാണിത്.

ഒരു പ്രണയകഥ സുന്ദരമാവുകയാണ്; ഒരുപാട് ഗാനങ്ങളിലൂടെയും കൊച്ചു കൊച്ചു കഥാസന്ദർഭങ്ങളിലൂടെയും. തങ്ങളുടെ മറക്കാനാവാത്ത പ്രണയത്തിൽ സൂഫിയും സുജാതയും ലയിച്ചുചേരട്ടെ. ഒരു മാലയിൽ കൊരുത്ത മുത്തുപോലെ.. ! ഗംഭീര സിനിമയല്ലെങ്കിലും നിരാശ സമ്മാനിക്കാത്ത ചലച്ചിത്ര കാഴ്ചയാണ് ‘സൂഫിയും സുജാതയും.’ മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എല്ലാംകൊണ്ടും തൃപ്തികരം. കണ്ടുനോക്കുക !

ഷെറിൻ പി യോഹന്നാൻ

വളരെ സിംപിളാണ് കപ്പേള. കുടുംബത്തെ കൂട്ടി ഒരു പടത്തിന് പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് കപ്പേള തിരഞ്ഞെടുക്കാം. വയനാട്ടിലെ പൂവർമല എന്ന മലയോര ഗ്രാമത്തിൽ നിന്ന് തുടങ്ങി കോഴിക്കോടെന്ന നഗരത്തിൽ അവസാനിക്കുന്ന ചിത്രം. ഇതിനിടെ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെ ഗൗരവമേറിയ ഒരു കഥ പറയുകയാണ് നവാഗത സംവിധായകൻ മുഹമ്മദ്‌ മുസ്തഫ. പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത കഥയാണെങ്കിൽ കൂടി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കപ്പേളയ്ക്ക് കഴിയുന്നുണ്ട്.

1 മണിക്കൂർ 53 മിനിറ്റിൽ തീരുന്ന ചിത്രം പ്രധാനമായി ജെസ്സിയുടെ ജീവിതത്തിലെ ചില സംഭവങ്ങളെയാണ് കാട്ടിത്തരുന്നത്. ഒരു മലയോരഗ്രാമത്തിലെ പെൺകുട്ടിയുടെ പ്രണയവും അതുവഴി അവൾ എത്തിപ്പെടുന്ന സാഹചര്യങ്ങളും ഒരു നഗരമധ്യത്തിൽ അവൾ നേരിടേണ്ടിവരുന്ന സംഘർഷങ്ങളും ആണ് ചിത്രം പ്രധാനമായി കാണിച്ചുതരുന്നത്. അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് സിനിമയിൽ എടുത്തുപറയേണ്ടത്. ജെസ്സിയെ അവതരിപ്പിച്ച അന്ന ബെന്നും വിഷ്ണുവിനെ അവതരിപ്പിച്ച റോഷൻ മാത്യുവും റോയിയെ അവതരിപ്പിച്ച ശ്രീനാഥ്‌ ഭാസിയും ഗംഭീരമായി തങ്ങളുടെ വേഷം മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ ഇഷ്ടപ്പെട്ട വേഷങ്ങളിൽ ഒന്ന്. ഗ്രാമത്തിലെ മനോഹര കാഴ്ചകളെ ജിംഷി ഖാലിദ് എന്ന ഛായാഗ്രാഹകൻ സ്‌ക്രീനിൽ നിറച്ചിട്ടുണ്ട്. ചിത്രത്തിലെ ‘കപ്പേള’ വളരെയധികം ഇഷ്ടപ്പെട്ടു. സുഷിൻ ശ്യാമിന്റെ സംഗീതവും മികച്ചുനിന്നു. പ്രണയത്തിലെ ചതിക്കുഴികളെ പറ്റി പറയുന്നതോടൊപ്പം മൂന്നു സാഹചര്യത്തിൽ നിന്നുള്ളവർ ഒരിടത്തേക്ക് എത്തുന്ന കാഴ്ചകളെ ബോറടിപ്പിക്കാത്ത വിധം സ്‌ക്രീനിൽ നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മാസ്സും മസാലയും നിറച്ച കഥപറച്ചിലിന് ഈ ചിത്രത്തിൽ സ്ഥാനമില്ല.

ഏവർക്കും അറിവുള്ള, എന്നാൽ ഇന്നും ഇങ്ങനെയൊക്കെ സംഭവിക്കുന്ന ഒരു വിഷയത്തെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ പുതമയുള്ള കഥാസന്ദർഭങ്ങൾ സിനിമയിൽ ഇല്ല. മോശമല്ലാത്ത ഒന്നാം പകുതിയോടൊപ്പം കുറച്ചു ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും ചേരുമ്പോൾ ഒരു ആവറേജ് സിനിമ ആയാണ് കപ്പേള എനിക്കനുഭവപ്പെട്ടത്. റിയലിസ്റ്റിക് ആയി അവതരിപ്പിക്കുമ്പോൾ തന്നെ അവതരണത്തിൽ പിന്നോട്ട് വലിയുന്നുണ്ട് ചിത്രം. ഇക്കാലത്തും ‘സ്മാർട്ടഫോൺ എന്താണെന്ന് ‘ ചോദിക്കുന്ന സീനിലെ വിശ്വാസ്യതയും ആലോചിച്ചുപോകും. എന്നാൽ ഒരു മലയോര ഗ്രാമത്തിലെ കഥ എന്ന നിലയ്ക്ക് അവയെ മറന്നുകളയാം. ക്ലൈമാക്സ്‌ രംഗങ്ങളിൽ ഫീൽ ഗുഡ് എലമെന്റ് കുത്തികയറ്റാൻ ശ്രമിച്ചതായും അനുഭവപ്പെട്ടു.

കപ്പേള പറയുന്നത് പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്. പ്രണയത്തിലെ ചതികുഴികളോടൊപ്പം നിഗൂഢതകൾ ഒളിപ്പിക്കുന്ന മനുഷ്യസ്വഭാവത്തെയും സിനിമ കാട്ടുന്നു. കണ്ടിരിക്കാവുന്ന ചിത്രമായാണ് കപ്പേള അനുഭവപ്പെട്ടത്. ഗംഭീരമെന്ന് പറയാനാവില്ലെങ്കിലും ഇത്തരം കൊച്ചു സിനിമകളും തിയേറ്ററിൽ വിജയിക്കട്ടെ.

RECENT POSTS
Copyright © . All rights reserved