ഷെറിൻ പി യോഹന്നാൻ

വളരെ സിംപിളാണ് കപ്പേള. കുടുംബത്തെ കൂട്ടി ഒരു പടത്തിന് പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് കപ്പേള തിരഞ്ഞെടുക്കാം. വയനാട്ടിലെ പൂവർമല എന്ന മലയോര ഗ്രാമത്തിൽ നിന്ന് തുടങ്ങി കോഴിക്കോടെന്ന നഗരത്തിൽ അവസാനിക്കുന്ന ചിത്രം. ഇതിനിടെ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെ ഗൗരവമേറിയ ഒരു കഥ പറയുകയാണ് നവാഗത സംവിധായകൻ മുഹമ്മദ്‌ മുസ്തഫ. പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത കഥയാണെങ്കിൽ കൂടി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കപ്പേളയ്ക്ക് കഴിയുന്നുണ്ട്.

1 മണിക്കൂർ 53 മിനിറ്റിൽ തീരുന്ന ചിത്രം പ്രധാനമായി ജെസ്സിയുടെ ജീവിതത്തിലെ ചില സംഭവങ്ങളെയാണ് കാട്ടിത്തരുന്നത്. ഒരു മലയോരഗ്രാമത്തിലെ പെൺകുട്ടിയുടെ പ്രണയവും അതുവഴി അവൾ എത്തിപ്പെടുന്ന സാഹചര്യങ്ങളും ഒരു നഗരമധ്യത്തിൽ അവൾ നേരിടേണ്ടിവരുന്ന സംഘർഷങ്ങളും ആണ് ചിത്രം പ്രധാനമായി കാണിച്ചുതരുന്നത്. അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് സിനിമയിൽ എടുത്തുപറയേണ്ടത്. ജെസ്സിയെ അവതരിപ്പിച്ച അന്ന ബെന്നും വിഷ്ണുവിനെ അവതരിപ്പിച്ച റോഷൻ മാത്യുവും റോയിയെ അവതരിപ്പിച്ച ശ്രീനാഥ്‌ ഭാസിയും ഗംഭീരമായി തങ്ങളുടെ വേഷം മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ ഇഷ്ടപ്പെട്ട വേഷങ്ങളിൽ ഒന്ന്. ഗ്രാമത്തിലെ മനോഹര കാഴ്ചകളെ ജിംഷി ഖാലിദ് എന്ന ഛായാഗ്രാഹകൻ സ്‌ക്രീനിൽ നിറച്ചിട്ടുണ്ട്. ചിത്രത്തിലെ ‘കപ്പേള’ വളരെയധികം ഇഷ്ടപ്പെട്ടു. സുഷിൻ ശ്യാമിന്റെ സംഗീതവും മികച്ചുനിന്നു. പ്രണയത്തിലെ ചതിക്കുഴികളെ പറ്റി പറയുന്നതോടൊപ്പം മൂന്നു സാഹചര്യത്തിൽ നിന്നുള്ളവർ ഒരിടത്തേക്ക് എത്തുന്ന കാഴ്ചകളെ ബോറടിപ്പിക്കാത്ത വിധം സ്‌ക്രീനിൽ നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മാസ്സും മസാലയും നിറച്ച കഥപറച്ചിലിന് ഈ ചിത്രത്തിൽ സ്ഥാനമില്ല.

ഏവർക്കും അറിവുള്ള, എന്നാൽ ഇന്നും ഇങ്ങനെയൊക്കെ സംഭവിക്കുന്ന ഒരു വിഷയത്തെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ പുതമയുള്ള കഥാസന്ദർഭങ്ങൾ സിനിമയിൽ ഇല്ല. മോശമല്ലാത്ത ഒന്നാം പകുതിയോടൊപ്പം കുറച്ചു ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും ചേരുമ്പോൾ ഒരു ആവറേജ് സിനിമ ആയാണ് കപ്പേള എനിക്കനുഭവപ്പെട്ടത്. റിയലിസ്റ്റിക് ആയി അവതരിപ്പിക്കുമ്പോൾ തന്നെ അവതരണത്തിൽ പിന്നോട്ട് വലിയുന്നുണ്ട് ചിത്രം. ഇക്കാലത്തും ‘സ്മാർട്ടഫോൺ എന്താണെന്ന് ‘ ചോദിക്കുന്ന സീനിലെ വിശ്വാസ്യതയും ആലോചിച്ചുപോകും. എന്നാൽ ഒരു മലയോര ഗ്രാമത്തിലെ കഥ എന്ന നിലയ്ക്ക് അവയെ മറന്നുകളയാം. ക്ലൈമാക്സ്‌ രംഗങ്ങളിൽ ഫീൽ ഗുഡ് എലമെന്റ് കുത്തികയറ്റാൻ ശ്രമിച്ചതായും അനുഭവപ്പെട്ടു.

കപ്പേള പറയുന്നത് പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്. പ്രണയത്തിലെ ചതികുഴികളോടൊപ്പം നിഗൂഢതകൾ ഒളിപ്പിക്കുന്ന മനുഷ്യസ്വഭാവത്തെയും സിനിമ കാട്ടുന്നു. കണ്ടിരിക്കാവുന്ന ചിത്രമായാണ് കപ്പേള അനുഭവപ്പെട്ടത്. ഗംഭീരമെന്ന് പറയാനാവില്ലെങ്കിലും ഇത്തരം കൊച്ചു സിനിമകളും തിയേറ്ററിൽ വിജയിക്കട്ടെ.