ഒരുകാലത്ത് മലയാളികള്ക്കിടയില് വലിയ ചര്ച്ചാ വിഷയമായ ഒന്നായിരുന്നു തിലകന് സിനിമാ സംഘടനകള് ഏര്പ്പെടുത്തിയ വിലക്ക്. 2010 ഏപ്രിലിലാണ് തിലകനെ അമ്മ താരസംഘടനയില് നിന്നും പുറത്താക്കിയത്. അച്ഛന് വിലക്ക് ഏര്പ്പെടുത്തിയ ഫെഫ്ക യോഗത്തില് പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് തിലകന്റെ മകന് ഷോബി തിലകന്.
കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന് പ്രതികരിച്ചത്. അച്ഛന് വിലക്ക് ഏര്പ്പെടുത്തിയ ഫെഫ്ക യോഗത്തില് പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ ഉണ്ടായിട്ടുണ്ട്. ഫെഫ്കയുടെ ജനറല് കൗണ്സില് മീറ്റിംഗില് ഡബ്ബിംഗ് ആര്ട്ടിസ്റ്റ് യൂണിയനെ പ്രതിനിധീകിരിച്ചാണ് തനിക്ക് പങ്കെടുക്കേണ്ടി വന്നത്. അന്ന് അച്ഛനെ വിലക്കാന് പാടില്ല എന്ന് ആവശ്യപ്പെട്ട അഞ്ച് പേരില് ഒരാള് താനായിരുന്നു.
അച്ഛന് എന്തു കൊണ്ടാണ് അങ്ങനെയുളള പരാമര്ശങ്ങള് നടത്തിയത് എന്നതിന് താന്‍ വിശദീകരണം നല്കി. എന്നാല്‍ പക്ഷേ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് അച്ഛനെതിരെ ഫെഫ്കയുടെ വിലക്ക് വരികയായിരുന്നു. ആ നടപടി ഫെഫ്കയ്ക്ക് പിന്നീട് തെറ്റായി തോന്നുകയും അവരത് പിന്വലിക്കുകയും ചെയ്തു. എന്നാല്‍ അമ്മ സംഘടന അച്ഛന് ഏര്പ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ മരണശേഷവും പിന്വലിച്ചില്ല.
സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്ത്തിച്ചു എന്ന പേരിലാണ് അച്ഛനെ പുറത്താക്കിയത്. ഷമ്മി ചേട്ടനും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫൈറ്റ് ചെയ്യുന്നു. അച്ഛനെ പുറത്താക്കിയത് വേണമെങ്കില് മരണാനന്തരമെങ്കിലും തിരിച്ചെടുക്കാം. ഒരു സിമ്പോളിക്ക് ആയിട്ട്. തിലകന് ഇപ്പോഴും അമ്മയിലുണ്ട് എന്ന ലെവലില് തിരിച്ചെടുക്കാം. അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില് നിന്ന് വരെ അച്ഛന്റെ പേര് വെട്ടി എന്ന് താന്‍ കേട്ടിരുന്നു എന്നും ഷോബി പറഞ്ഞു.
തമിഴ് ചലച്ചിത്രതാരവും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. ജാതി അധിക്ഷേപം നടത്തിയ കേസിലാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം താരത്തെ അറസ്റ്റ് ചെയ്തത്. ജാതി അധിക്ഷേപം നടത്തിയതിന് പിന്നാലെ തമിഴ് നാട്ടിൽ നിന്നും മുങ്ങിയ താരം ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള താരം വിവാദമുണ്ടാക്കി ശ്രദ്ധ നേടുന്നത് നിത്യ സംഭവമായിരുന്നു. അത്തരത്തിൽ വിവാദമുണ്ടാക്കാനായി സോഷ്യൽ മീഡിയയിലൂടെ ദളിത് വിഭാഗങ്ങൾ ക്രിമിനലുകളാണെന്ന് പറയുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു.
ദളിത് വിഭാഗത്തിലെ സംവിധായകന്മാരെയും നടി, നടന്മാരെയും തമിഴ് സിനിമയിൽ നിന്നും പുറത്താക്കണമെന്നും മീര മിഥുൻ വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. വീഡിയോ വൈറലായതോടെ ദളിത് സംഘടനകൾ പ്രതിഷേധവുമായെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ് കെസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’യുടെ അന്യഭാഷാ റീമേക്കുകള് തടഞ്ഞ് കോടതി. തെലുങ്ക് ഭാഷയിയല് ഉള്പ്പെടെ ഒരുങ്ങുന്ന റീമേക്കുകളാണ് തടഞ്ഞത്. തങ്ങളുടെ അനുവാദമില്ലാതെയാണ് റീമേക്ക് ശ്രമങ്ങള് നടത്തുന്നതെന്ന് ചിത്രത്തിന്റെ രചയിതാക്കളായ സുദാസ്, നിഖില് എന്നിവര് പ്രതികരിച്ചു. നേരത്തെ തന്നെ തങ്ങളുടെ പേര് സിനിമയില്‍ നിന്നും ഒഴിവാക്കാന് ശ്രമം നടന്നിരുന്നതായും ഇവര് പറയുന്നു.
കപ്പേളയുടെ ഷൂട്ടിംഗിന് മുമ്പും ശേഷവും രചയിതാക്കള് എന്ന ക്രെഡിറ്റില് നിന്നും തങ്ങളുടെ പേരുകള് മാറ്റാനുള്ള ബുദ്ധിയുമായാണ് നിര്മ്മാതും സംവിധായകനും നീങ്ങിയത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോള് വ്യക്തമായ മറുപടി തരാതെ ഒരാള് മറ്റൊരാളെ കുറ്റം പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ചെയ്തിരുന്നത്. ഒരു കഥയും തിരക്കഥയും മാത്രം പോരല്ലോ ഒരു കഥയും സിനിമയാവാന്, അതിനു പണവും ആവശ്യമുണ്ട്.
കഴിഞ്ഞ രണ്ടു വര്ഷത്തോളമായി സിനിമാ മേഖലയിലുള്ള തകര്ച്ച നേരില് കണ്ടത് കൊണ്ടാണ് ‘കപ്പേള’ എന്ന സിനിമയുടെ മലയാള പതിപ്പിനു നേരെ ഒരു തരത്തിലുള്ള നിയമനടപടികള്ക്കും മുതിരാതിരുന്നത്. ഇപ്പോള്‍ മറ്റു ഭാഷകളിലേക്കുള്ള കപ്പേളയുടെ റീമേക്കുകള് രചയിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വില്ക്കാന് തുടങ്ങുമ്പോള് അതില് തങ്ങള് ചതിക്കപ്പെടുന്നത് പണത്തില് മാത്രമല്ല, അവകാശം കൂടെയാണ് സംരക്ഷിക്കാതെ പോവുന്നത്.
അത്തരമൊരു നീക്കത്തിനുപകരം തങ്ങളെ അതില് നിന്നും ഒഴിവാക്കാന് ശ്രമിച്ചതു കൊണ്ടാണ് നീതിക്കായി കോടതിയില്‍ എത്തിയത് എന്ന് രചയിതാക്കള് പറഞ്ഞു. അന്ന ബെന്, റോഷന് മാത്യു, ശ്രീനാഥ് ഭാസി എന്നിവര് കേന്ദ്ര കഥാപാത്രങ്ങളായ കപ്പേള 2020ല് ആണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില് അനിഖ സുരേന്ദ്രന് ആണ് നായികയാവുന്നത്.
മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം മലയാള സിനിമയില്‍ പ്രസിദ്ധമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഗൗരവത്തിനും ശുണ്ഠിക്കുമൊപ്പം ചെറിയ കുറുമ്പുകളും മമ്മൂട്ടിക്കുണ്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.
ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കയ്ക്കുണ്ട്. അത് താന്‍ പലപ്പോഴും കണ്ടുപിടിച്ചിട്ടുമുണ്ട്. ഉദാഹരണം പറയാം, നമുക്ക് അടുത്ത 16-ാം തീയതി മമ്മൂട്ടിയെ ഒരു കാര്യത്തിന് ആവശ്യമുണ്ട്. പതിനാറാം തീയതി ഒന്ന് വരുമോ എന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം എന്ന ‘ഇല്ല, അന്ന് പറ്റില്ല എന്നായിരിക്കും’.
അതുകൊണ്ട് ഒരിക്കലും 16-ാം തീയതിയാണ് നമ്മുടെ ആവശ്യം എന്ന് പറയരുത്. മറിച്ച് ആദ്യം 12-ാം തീയതിയോ 13-ാം തീയതിയോ ചോദിക്കുക. പറ്റില്ല എന്ന് പറയും. അപ്പോള്‍ 16-ാം തീയതി എന്ന് ചോദിക്കുക. അത് ഓക്കെയിരിക്കും. നമുക്ക് ആവശ്യമുള്ളതും അന്നു തന്നെയാണ്. ഇതിനെ സ്‌നേഹ കുറുമ്പ് എന്നാണ് താന്‍ വിളിക്കാറുള്ളത് എന്നും മോഹന്‍ലാല്‍ പറയുന്നു.
വെള്ളിത്തിരയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായും മോഹന്‍ലാല്‍ എത്തിയിരുന്നു. താരത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ആശംസ.
സിനിമ ചിത്രീകരണത്തിനിടെ നടന്‍ ബാലയ്ക്ക് പരിക്കേറ്റെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയില്‍ ലക്നോവില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതുകണ്ണിന് അടിയേല്‍ക്കുകയായിരുന്നു. ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്നമില്ലെന്നും ബാല അറിയിച്ചതായി രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തു. ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടതയാണ് വിവരം.
സണ്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.
‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്നു. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
അതേസമയം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കേരളത്തില്‍ വെച്ചു തന്നെയായിരിക്കുമെന്നാണ് സൂചന.
നാദിര്‍ഷ ചിത്രം ‘ഈശോ’യ്ക്ക് എതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കിയെന്ന കാരണത്താല്‍ വിഷയത്തില്‍ ഇടപെടാനാകില്ല എന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്ന ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോറമാണ് ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി വിധിയില്‍ സന്തോഷം അറിയിച്ച് നാദിര്‍ഷ രംഗത്തെത്തി. ദൈവം വലിയവനാണ് എന്നാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയ വിവരം പങ്കുവെച്ച് നാദിര്‍ഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈശോ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന പോസ്റ്റര്‍ റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ പേരിനെതിരെ ചില ക്രൈസ്തവരും സംഘനകളും രംഗത്തെത്തിയത്.
മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമയുടെ പേര് എന്ന് ആരോപിച്ചാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ചിത്രം ഈശോയുമായി ബന്ധപ്പെട്ടല്ല, പേര് മാറ്റില്ല എന്ന് വ്യക്തമാക്കി നാദിര്‍ഷ രംഗത്തെത്തിയിരുന്നു. സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി.സി പ്രതികരിച്ചിരുന്നു.
കെസിബിസി, കത്തോലിക്ക കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംവിധായകനും വൈദികനുമായ ഫാ. വര്‍ഗീസ് ലാല്‍ അടക്കമുള്ളവര്‍ നാദിര്‍ഷയെ പിന്തുണച്ചും എത്തി. കലാപം സൃഷ്ടിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഫാദര്‍ പറഞ്ഞിരുന്നു.
തെന്നിന്ത്യൻ സിനിമാതാരം ബാല വിവാഹിതനാകുന്നു. സെപ്തംബർ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തിൽ വച്ചുതന്നെയായിരിക്കും കല്യാണം എന്നാണ് സൂചന.
ബാലയുടെ രണ്ടാം വിവാഹമാണിത്.
രജനികാന്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ലഖ്‌നൗ ലൊക്കേഷനിലാണ് ബാല ഇപ്പോഴുള്ളത്. ചിത്രീകരണത്തിന് ശേഷം നാട്ടിലെത്തിയാൽ വിവാഹം നടക്കുമെന്നാണ് വിവരം.
ഗായിക അമൃത സുരേഷാണ് ബാലയുടെ മുൻഭാര്യ. ഇരുവരും പ്രണയിച്ച് വിവാഹിതരായ ഇവർ പിന്നീട് വിവാഹ മോചിതരായി. ഈ ദാമ്പത്യത്തിൽ ഒരു മകളുണ്ട്.
ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിര്‍മ്മാതാക്കള്‍ സിനിമാ ചിത്രീകരണ വേളയില്‍ തങ്ങളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചെന്ന് സിഎംഐ സഭയുടെ കീഴിലുള്ള രാജഗിരി ആശുപത്രി. സിനിമയുടെ ചിത്രീകരണം നടന്നത് രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു.
ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന് സമ്മതപത്രത്തില്‍ ഒപ്പുവച്ച നിര്‍മ്മാണ കമ്പനി കരാറിനു ഘടക വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജഗിരി ഹോസ്പിറ്റല്‍ അധികൃതര്‍ സീന്യൂസിനോട് പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് ഹോസ്പിറ്റല്‍.
ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജീവന്റെ മൂല്യങ്ങള്‍ സംരക്ഷിച്ചും അവ ഉയര്‍ത്തിപ്പിടിച്ചുമുള്ള പാരമ്പര്യമാണ് ക്രൈസ്തവ സമൂഹത്തിന്റേത്. നിശബ്ദ ജീവനുകളെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ കൊല ചെയ്യുന്ന ഭ്രൂണഹത്യയെ ഏറ്റവും വലിയ പാപമായാണ് ക്രൈസ്തവ സഭ കരുതിപ്പോരുന്നത്.
ഷൂട്ടിംഗിന് മുന്‍പ് തന്നെ രാജഗിരിയുമായുണ്ടാക്കിയ കരാറിനു വിപരീതമായാണ് തിരക്കഥ ഒരുങ്ങിയത്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും ഗര്‍ഭനിരോധനം, ഗര്‍ഭഛിദ്രം എന്നിവ കത്തോലിക്കാ സഭയും സിഎംഐ സമൂഹവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അറിയാമെന്നും അതിനാല്‍ ഇവ തങ്ങളുടെ സിനിമയില്‍ ഉണ്ടാകില്ലെന്നുമാണ് നിര്‍മ്മാതാക്കളായ ആനന്ദ് വിഷന്‍ രാജഗിരിയ്ക്ക് കരാറില്‍ എഴുതി നല്‍കിയ ഉറപ്പ്.
എന്നാല്‍ സിനിമ പുറത്തു വന്നതോടെ ചലച്ചിത്രത്തിലെ ഗര്‍ഭഛിദ്ര അനുകൂല നിലപാട് വിവാദമായി. ഇതോടെയാണ് നിര്‍മ്മാണ കമ്പനി കരാര്‍ ലംഘനം നടത്തിയെന്ന വ്യക്തമായ തെളിവുകളുമായി രാജഗിരി ഹോസ്പിറ്റല്‍ രംഗത്ത് വന്നത്. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ ആനന്ദ വിഷനോട് വിശദീകരണം ആവശ്യപ്പെട്ടത്.
തമിഴ് സിനിമാലോകത്തെ താരസംവിധായകൻ ആറ്റ്‌ലിയുടെ അടുത്ത ചിത്രത്തിൽ ഷാരൂഖ് ഖാനും നയൻതാരയും ഒന്നിക്കുന്നു. ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ഇത്. നയൻതാരയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റവും കൂടിയാണ് ‘സാങ്കി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം.
വൻ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് അവസാനത്തോടെ മുംബൈയിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. നിരവധി ഷെഡ്യൂളുകളിലായാണ് ചിത്രം പൂർത്തിയാക്കുക. ഓഗസ്റ്റ് 15ന് ടീസർ റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഐപിഎൽ കാലത്ത് ഷാരൂഖ് ഖാനും ആറ്റ്‌ലീയും സ്റ്റേഡിയത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഉയർന്ന അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.
കിംഗ് ഖാൻ ഇരട്ടവേഷത്തിലായിരിക്കും എത്തുക. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമ്മിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
അടുത്തിടെ ഷാരൂഖ് ഖാനും നയൻതാരയും ഒരുമിച്ച് ചിത്രത്തിനായുള്ള ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ആറ്റ്‌ലി ഒരുക്കുന്ന ചിത്രം കൂടിയാണിത്. 2019ൽ പുറത്തിറങ്ങിയ ബിഗിലാണ് ആറ്റ്‌ലിയുടെ അവസാന ചിത്രം.
ഫൈസൽ നാലകത്ത്
ലോകസിനിമയ്ക്ക് ഇന്ത്യൻ വെള്ളിത്തിരയുടെ വരദാനമായ മഹാനടൻ മമ്മൂട്ടിയുടെ അമ്പത് വർഷമെത്തിയ അത്യുജ്ജ്വലമായ അഭിനയസപര്യക്ക് തികച്ചും വ്യത്യസ്തമായ ഒരു ആരാധക സമർപ്പണം. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അതുല്യനിമിഷങ്ങൾ കോർത്തിണക്കി 7 ഭാഷകളിൽ ആദ്യമായി ഒരു മ്യൂസിക് ആൽബം തയ്യാറാക്കിയിരിക്കുന്നു. പ്രമുഖരുടെ സോഷ്യൽ മീഡിയ പേജുകൾ വഴി ഈ വീഡിയോ ആൽബം ഉടനെ പുറത്തിറങ്ങും.
പഴയ തലമുറക്കാരുടെ നായകസങ്കല്പത്തിന്റെയും പുതുതലമുറക്കാരുടെ സിനിമയെന്ന സ്വപ്നസാക്ഷൽക്കാരത്തിന്റെയും സൂര്യതേജസ്സായ മമ്മൂട്ടിയുടെ അഭിനയജീവിതം ഈ പാട്ടിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ കാരുണ്യപ്രവർത്തനങ്ങളടക്കം അദ്ദേഹത്തിന്റെ മാതൃകാപരമായ സാമൂഹ്യഇടപെടലുകളും വ്യക്തിജീവിതവും പാട്ടിന്റെ ഉള്ളടക്കത്തിലുണ്ട്. പി.ജെ.ആന്റണിക്കും ഭരത് ഗോപിക്കും ബാലൻ കെ.നായർക്കും പ്രേംജിക്കും പിന്മുറക്കാരനായി ദേശിയ പുരസ്‌കാര ബഹുമതി മൂന്ന് തവണ നേടിയെടുത്തുകൊണ്ട് ഇന്ത്യൻ സിനിമയുടെ നിറുകയിൽ മലയാളത്തെ സ്ഥാപിച്ച പ്രതിഭാപുണ്യത്തിനുള്ള സ്നേഹസമർപ്പണമാണ് ഈ ആൽബം..
“സമഗ്ര സുഭഗമായ അഭിനയം! കാലം കണ്ടെത്തിയ നടൻ” എന്ന് സാക്ഷാൽ എം.ടി. വാസുദേവൻ നായർ പറഞ്ഞത് ഒരേയൊരു അഭിനേതാവിനെ കുറിച്ചാണ്. തന്റെ സംഭാഷണങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ ഏറ്റവും വിജയിച്ച നടനെന്നും എം ടി ഉറക്കെ പറഞ്ഞ ആ മഹാത്ഭുതത്തിന്റെ പേരാണ് മമ്മൂട്ടി. എം ടി മാത്രമല്ല, കെ ബാലചന്ദർ, അടൂർ ഗോപാലകൃഷ്ണൻ, കെ ജി ജോർജ്ജ്, ഷാജി എൻ കരുൺ, ബാലു മഹേന്ദ്ര, മണിരത്നം, ജബ്ബാർ പട്ടേൽ പോലുള്ള എത്രയോ ലെജന്റുകളും ഇന്ത്യൻ സിനിമാലോകവും പ്രേക്ഷകരും, ഏറെ ആദരവോടെയും സ്നേഹത്തോടെയും ആരാധനയുടെയും കാണുന്ന മമ്മൂട്ടി എന്ന മഹാനടൻ മനോഹരമായ 50 ചലച്ചിത്ര വർഷങ്ങളാണ് നമുക്ക് തന്നത്.
ഈ സുവർണജൂബിലി വേളയിൽ ഈ നടനവിസ്മയത്തിന് ആശംസകൾ നൽകിക്കൊണ്ട്, 7 ഭാഷകളിൽ 14 ഗായകരെ അണിനിരത്തികൊണ്ടുള്ള ഈ സംഗീത ആൽബം റിലീസിന് തയ്യാറായി. സെലിബ്രിഡ് ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം, മമ്മൂട്ടി ഫാൻസ് & വെൽഫെയർ ഇന്റർനാഷണലിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്. ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍. ദൃശ്യാവിഷ്‌കാരം നിർവഹിച്ചിട്ടുള്ളത് യൂസഫ് ലെൻസ്മാനാണ്. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്സൽ ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ്, സന്നിധാനന്ദൻ, സച്ചിൻ വാര്യർ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവും, സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ (ഉർദു ), സുരേഷ് കുമാർ രവീന്ദ്രൻ (തമിഴ്), വിനോദ് വിജയൻ (തെലുങ്ക്, കന്നഡ), യഹിയ തളങ്കര (ഉർദു), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ അസീസ് (അറബിക്) തുടങ്ങിയവരുടെ രചനയിൽ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമർപ്പണം. അവതരിപ്പിച്ചിട്ടുള്ളത്. 14 ഗായകർക്കൊപ്പം പ്രശസ്ത മോഡലും ബാലതാരവുമായ ഇവാനിയ നാഷും ,കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും നിരവധി കുട്ടികളും, ദുബായ് ജാസ് റോക്കേഴ്സിലെ 20 നർത്തകരും ഈ ആൽബത്തിലുണ്ട്.
കെ കെ മൊയ്തീൻ കോയ, ഫൈസൽ നാലകത്ത്, റസൽ പുത്തൻപള്ളി, ഷംസി തിരൂർ, നാഷ് വർഗീസ് , ഷൈൻ റയാംസ് ,സിഞ്ചോ നെല്ലിശ്ശേരി, സണ്ണി മാളിയേക്കൽ യൂ.എസ്.എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ.