പ്രിയദര്‍ശന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ ഈ മാസം 23ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസാവുകയാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ മലയാളിയായ സംഗീത സംവിധായകന്‍ റോണി റാഫേല്‍ തനിക്ക് കിട്ടിയ അവസരത്തെ കുറിച്ച് പറയുകയാണ്.
അനുഗ്രഹീത സംഗീത പ്രതിഭ ഒ.വി റാഫേലിന്റെ മകന്‍ റോണി റാഫേല്‍ ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ വന്ന ഈ വലിയ നേട്ടത്തിന് പിന്നില്‍ സംവിധായകന്‍ പ്രിയദര്‍ശനാണെന്ന് റോണി റാഫേല്‍ പറയുന്നു.
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അഞ്ചുഭാഷകളില്‍ റിലീസിന് ഒരുങ്ങിയപ്പോള്‍ ചിത്രത്തിലെ അഞ്ച് ഗാനങ്ങള്‍ക്കും സംഗീതം നിര്‍വ്വഹിച്ചത് റോണി റാഫേലാണ്. പിന്നാലെയാണ് പ്രിയദര്‍ശന്റെ ഹംഗാമ 2-വിനും റോണി റാഫേല്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
റോണി റാഫേലിന്റെ വാക്കുകള്‍:
പ്രിയന്‍ സാറിന്റെ സീ 5-ല്‍ റിലീസ് ചെയ്ത 40 മിനിട്ടുള്ള ‘അനാമിക’യ്ക്ക് വേണ്ടി സംഗീതം നിര്‍വ്വഹിച്ചപ്പോഴാണ് മരയ്ക്കാറിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ സാര്‍ എനിക്ക് അവസരം നല്‍കിയത്. പ്രിയന്‍ സാറിലേക്ക് ഞാന്‍ അടുക്കുന്നത് എം.ജി ശ്രീകുമാര്‍ചേട്ടന്‍ വഴിയാണ്. അതുപോലെ തന്നെ എം.ജി രാധാകൃഷ്ണന്‍ ചേട്ടന്റെ മകന്‍ രാജകൃഷ്ണനും എനിക്കേറെ സഹായകമായി നിന്നിട്ടുണ്ട്.
മരക്കാറിലെ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്ന് പ്രിയന്‍ സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ അന്ന് അതെനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശരിക്കും ഞെട്ടിപ്പോയി. പക്ഷേ അദ്ദേഹം നല്ല സപ്പോര്‍ട്ട് ചെയ്തു. ഗാനങ്ങളെ കുറിച്ച് നല്ല ധാരണയുണ്ട് സാറിന്. എല്ലാം കൃത്യമായിട്ട് പറഞ്ഞു തരും.
മറ്റു സംവിധായകരില്‍ കാണാത്ത ഒട്ടേറെ സവിശേഷതകള്‍ ഇക്കാര്യങ്ങളില്‍ പ്രിയന്‍ സാറിനുണ്ട്. ടെന്‍ഷനില്ലാതെ നമുക്ക് വര്‍ക്ക് ചെയ്യാം. എന്തു വേണം എന്തു വേണ്ട എന്ന് സാറിനറിയാം ഒട്ടും പേടി വേണ്ട. സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല പോസിറ്റീവ് എനര്‍ജിയാണ്. അങ്ങനെയാണ് ഞാന്‍ മരയ്ക്കാറിലെ പാട്ടുകള്‍ ചെയ്തത്.
അഞ്ച് ഭാഷകളിലുള്ള ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്കും ഞാന്‍ തന്നെയാണ് സംഗീതമൊരുക്കിയത്. പ്രിയന്‍സാറിനൊപ്പം ഞാന്‍ അഞ്ച് ചിത്രങ്ങളില്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്തു. അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ പ്രിയന്‍സാര്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ഹംഗാമ 2-വിന്റെ പശ്ചാത്തല സംഗീതമൊരുക്കാനും എനിക്ക് അവസരം കിട്ടി.
ഹംഗാമ 2-വില്‍ വെസ്റ്റേണ്‍ സ്‌റ്റൈലിലാണ് സംഗീതം ഒരുക്കിയത്. എല്ലാം പ്രിയന്‍ സാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. അതു കൊണ്ടു തന്നെ ആ വര്‍ക്കും ഏറെ ആത്മവിശ്വാസത്തോടും സംതൃപ്തിയോടും കൂടി എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന നിമിഷങ്ങളാണിത്.
ശരിക്കും ദൈവവിളി പോലെയാണ് പ്രിയന്‍ സാര്‍ എന്നെ വിളിച്ചത്. വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ വലിയ ഉത്തരവാദിത്വം കൂടിയാണത്. അങ്ങനെ ജീവിതത്തില്‍ വലിയൊരു ടേണിംഗ് പോയിന്റ് എനിക്ക് ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനോടും പ്രിയന്‍ സാറിനോടും നന്ദി പറയുന്നു.
ഞാന്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനാകണമെന്ന് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. ദൈവം ഇന്നീ സൗഭാഗ്യങ്ങള്‍ തന്നപ്പോള്‍ അത് കാണാന്‍ അമ്മ കൂടെയില്ല. ഈ സന്തോഷത്തിനിടയിലും ആ ഒരു ദുഖം മാത്രം മനസിലുണ്ട്. ഒട്ടേറെ പുതിയ പ്രോജക്റ്റുകള്‍ എന്നെ തേടിയെത്തിയിട്ടുണ്ട്. എല്ലാം സന്തോഷത്തിന്റെ വഴികള്‍, അനുഗ്രഹത്തിന്റെ വഴികള്‍.
1994 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മിന്നാരത്തിന്റെ റീമേക്കാണ് ഹംഗാമ 2. മോഹന്‍ലാലും ശോഭനയും അവതരിപ്പിച്ച ബോബി, നീന എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഹംഗാമ 2 ന്റെ കഥ വികസിക്കുന്നത്. ജൂലൈ 23 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 300 കോടിക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.
ഷെറിൻ പി യോഹന്നാൻ
ഹിന്ദിയിലും തമിഴിലുമായി നിരവധി ആന്തോളജികൾ പുറത്തിറങ്ങിയ ഈ ഒടിടി കാലത്ത് മനസ്സിൽ തോന്നിയ ആഗ്രഹം ആയിരുന്നു മലയാളത്തിൽ നിന്നൊരു ആന്തോളജി ഇറങ്ങണമെന്നത്. അധികം വൈകാതെ തന്നെ മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഒത്തുചേർന്ന് മലയാളത്തിലും ഒരു ആന്തോളജി പുറത്തിറങ്ങി – ‘ആണും പെണ്ണും’. എന്നാൽ തീയേറ്ററിൽ അർഹിച്ച വിജയം നേടാതെയാണ് ചിത്രം കഴിഞ്ഞ ദിവസം ഒടിടി റിലീസ് ചെയ്തത്. അരമണിക്കൂർ വീതമുള്ള മൂന്നു കഥകളും മൂന്നു കാലത്തെ സ്ത്രീ ജീവിതങ്ങളെ പറ്റി ചർച്ച ചെയ്യുന്നു.
സാവിത്രി – സ്വാതന്ത്ര്യത്തോട് അടുക്കുന്ന കാലത്തിലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഭീകര അവസ്ഥകളാണ് ജെയ് കെ സംവിധാനം ചെയ്ത ‘സാവിത്രി’ തുറന്നിടുന്നത്. ജന്മിത്ത വ്യവസ്ഥിതി ചൂഷണത്തിനുള്ള വഴി ഒരുക്കുമ്പോൾ അതിനെ സധൈര്യം നേരിടാൻ ശ്രമിക്കുന്ന പെണ്ണിനെയാണ് ജെയ് കെ ആവിഷ്കരിക്കാൻ ശ്രമിച്ചതെങ്കിലും ആ ഒരു ശക്തി കഥയിൽ കണ്ടില്ല. ലളിതമായ കഥാഖ്യാനമാണ് ചിത്രം പിന്തുടരുന്നത്. ആർട്ട് വർക്കും പ്രകടനങ്ങളും നന്നായിരുന്നുവെങ്കിലും കഥപറച്ചിൽ ശക്തമല്ലാത്തതിനാൽ ശരാശരി അനുഭവം മാത്രമായി ഒരുങ്ങുന്നു.
രാച്ചിയമ്മ – സ്ത്രീമനസിന്റെ നിഗൂഢതയെപ്പറ്റിയും സാർവലൗകികത്വത്തെപ്പറ്റിയും പറയുന്ന ഉറൂബിന്റെ കഥയുടെ ചലച്ചിത്രവിഷ്കാരമാണ് ഇത്. വേണു സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതിയും ആസിഫ് അലിയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നിസ്വാർത്ഥമായ സ്ത്രീമനസിന്റെ ഉദാഹരണമാണ് രാച്ചിയമ്മ. ഭൗതികമായ സ്വന്തമാക്കലല്ല, ആത്മീയമായ ഉൾച്ചേരലാണ് യഥാർത്ഥ സ്നേഹമെന്ന് രാച്ചിയമ്മ പറയുന്നു. “നമ്മൾ മനുഷ്യരല്ലേ?” എന്ന് പറഞ്ഞുള്ള രാച്ചിയമ്മയുടെ വിങ്ങൽ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ മാതൃക ആവുന്നുണ്ട്. ചിത്രത്തിലെ ഫ്രെയിമുകളും മനോഹരം.
റാണി – ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’ എന്ന കഥയിൽ നിന്നാണ് ആഷിക് അബു ഈ ചിത്രം നിർമിച്ചത്. ഇത്തരമൊരു കഥയെ എങ്ങനെ ചലച്ചിത്ര രൂപത്തിലേക്ക് എത്തിക്കുമെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. കഥയോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രമാണ് ‘റാണി’. ബാഹ്യമായി ലിബറൽ എന്ന് വിശ്വസിക്കുകയും ഉള്ളിൽ പാരമ്പര്യത്തെ പുൽകുകയും ചെയ്യുന്ന നായകൻ. അവനെക്കാൾ ധൈര്യമുള്ള, പ്രണയത്തിൽ സ്വന്തന്ത്രമായി വർത്തിക്കുന്ന നായിക. സദാചാരവും സമൂഹവും സെക്സും ഇവിടെ പ്രമേയങ്ങളായി എത്തുന്നു. റോഷൻ, ദർശന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ അവതരണവും റാണിയെ ഒരു പെർഫെക്ട് സെഗ്മെന്റ് ആക്കി മാറ്റുന്നുണ്ട്. ലൈംഗിക ചർച്ചയിലൂടെ സംതൃപ്തി നേടുന്ന വൃദ്ധ ദമ്പതികളും പ്രണയാർദ്രമായി പറയുന്ന വാക്കുകളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുന്ന റാണിയും കഥയിൽ ഡാർക്ക് ഹ്യൂമർ എലമെന്റുകൾ നിറയ്ക്കുന്നു.
‘ആണും പെണ്ണും’ നല്ലൊരു ആന്തോളജിയാണ്. പല കാലങ്ങളിലെ കഥ പറയുന്നതിനോടൊപ്പം പെണ്ണിനെയും പ്രകൃതിയെയും കൂട്ടിയിണക്കുന്നുണ്ട് ചിത്രം. ഡയറക്റ്റ് ഒടിടി റിലീസ് ചെയ്തിരുന്നെങ്കിൽ ഇതിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമ.
അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള ആഢംബര ബംഗ്ലാവ് ‘പ്രതീക്ഷ’യുടെ ഒരു ഭാഗം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്.
2017ല്‍ റോഡ് വീതികൂട്ടല്‍ നിയമപ്രകാരം നല്‍കിയ നോട്ടീസിന്റെ തുടര്‍നടപടികള്‍ ബിഎംസി ആരംഭിച്ചതായും ബംഗ്ലാവിന്റെ ഒരു ഭാഗം ഉടന്‍ തന്നെ പൊളിച്ചുനീക്കുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബച്ചനെ കൂടാതെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയടക്കമുള്ള മറ്റ് ആറ് പേര്‍ക്ക് കൂടി ബിഎംസി 2017ല്‍ നോട്ടീസ് നല്‍കിയിരുന്നതായും എന്നാല്‍, അതില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ കൗണ്‍സിലര്‍ എഎന്‍ഐയോട് പ്രതികരിച്ചു.
ബച്ചനെതിരേ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ തുലിപ് ബ്രയാന്‍ മിറാന്‍ഡയാണ് ഇപ്പോള്‍ പ്രശ്‌നം ഉന്നയിച്ചത്. പ്രശ്നത്തില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടപടിയെടുക്കുന്നില്ലെന്നും മിറാന്‍ഡ ആരോപിച്ചു.
”നോട്ടീസ് നല്‍കിയിട്ടും എന്തുകൊണ്ടാണ് അതില്‍ നടപടിയെടുക്കാത്തത്, സാധാരണക്കാരന്റെ ഭൂമിയായിരുന്നെങ്കില്‍ ബിഎംസി പെട്ടന്ന് തന്നെ ഏറ്റെടുക്കുമായിരുന്നു… നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കില്‍ റോഡ് വീതികൂട്ടല്‍ പദ്ധതിക്ക് അപ്പീല്‍ അവശ്യമില്ലെന്നും” കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.
റോഡ് വീതികൂട്ടുന്നതിന് പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിര്‍ണയിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പദ്ധതിക്കാവശ്യമായ മറ്റ് പ്ലോട്ടുകള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു.
ബച്ചന്‍ ജൂഹുവില്‍ വാങ്ങിയ ആദ്യത്തെ ബംഗ്ലാവാണ് പ്രതീക്ഷ. പിതാവായ ഡോ. ഹരിവന്‍ഷ് റായ് ബച്ചന്‍, മാതാവായ തേജി ബച്ചന്‍ എന്നിവരോടൊപ്പം അദ്ദേഹം അവിടെ താമസിച്ചിരുന്നു. മകന്‍ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹം 2007ല്‍ നടന്നത് അവിടെ വച്ചായിരുന്നു.
ബച്ചന് പ്രതീക്ഷ എന്ന മാളിക കൂടാതെ മുംബൈയില്‍ ജല്‍സ, ജനക്, വത്സ തുടങ്ങിയ അഞ്ച് ബംഗ്ലാവുകള്‍ കൂടിയുണ്ട്. നഗരത്തിലെ മറ്റ് സമ്ബന്ന മേഖലകളിലായി നിരവധി ഫ്‌ളാറ്റുകളും, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഫാം ഹൗസുകളുമുണ്ട്.
ബോളിവുഡിലെ താര ദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. 22 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. എല്ലാ ദമ്പതികളേയും പോല ഇവരുടേയും ജീവിതം കയറ്റിറക്കങ്ങളുടേതായിരുന്നു.
എന്നാല്‍ തങ്ങള്‍ക്കിടയിലുണ്ടായ പ്രശ്നങ്ങളെ നേരിട്ടും അതിജീവിച്ചും താരങ്ങള്‍ മുന്നോട്ട് പോവുകയാണ്. ഇതിനിടെയായിരുന്നു ഇരുവരുടേയും വിവാഹത്തെ തന്നെ ബാധിക്കുന്ന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. സംഭവങ്ങള്‍ തുടങ്ങുന്നത് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. ചിത്രത്തില്‍ അജയ് ദേവ്ഗണിന്റെ നായികയായിരുന്നു കങ്കണ റണാവത്. ഗോസിപ്പ് കോളങ്ങള്‍ പ്രകാരം സിനിമയിലെ ബന്ധം ഇവരെ ജീവിതത്തിലും അടുപ്പിച്ചുവെന്നാണ്.
അജയ് ദേവ്ഗണും കങ്കണയും തമ്മിലുള്ള അടുപ്പം ശക്തമായതോടെ ഇത് വിവാഹ ബന്ധത്തെ സാരമായി തന്നെ ബാധിച്ച് തുടങ്ങി. തേസ്, റാസ്‌കല്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളോട് കങ്കണയെ കാസ്റ്റ് ചെയ്യാന്‍ അജയ് തന്നെ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആ ബന്ധം വളരുന്നത് കണ്ട് കാജോള്‍ കുട്ടികളേയും കൊണ്ട് വീട് വിട്ടുപോകുമെന്ന് അജയ് ദേവ്ഗണിനെ ഭീഷണിപ്പെടുത്തിയെന്നാണ് ചില ഗോസിപ്പ് കോളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭാഗ്യവശാല്‍ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. അതേസമയം വിവാഹേതര ബന്ധങ്ങളെ കുറിച്ച് അജയ് ദേവ്ഗണന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. വിവാഹേതര ബന്ധങ്ങള്‍ നടക്കില്ലെന്ന് താന്‍ പറയില്ല. എന്നാല്‍ രണ്ടു പേരെ ഒരുമിച്ച് കാണുമ്പോള്‍ മാധ്യമങ്ങളാണ് തെറ്റിദ്ധരിക്കുന്നതെന്നായിരുന്നു അജയ് പറഞ്ഞത്. തനിക്ക് വീടും ജോലിയും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ തന്റെ പേര് ആര്‍ക്കൊപ്പവും വരാതെ താന്‍ എപ്പോഴും ശ്രദ്ധിക്കുമെന്നും അജയ് പറഞ്ഞിരുന്നു.
1999 ലായിരുന്നു കജോളും അജയ് ദേവ്ഗണും വിവാഹിതരാകുന്നത്. 1994 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഗുണ്ടാരാജ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. അക്കാലത്ത് ഇരുവരും തമ്മില്‍ ജോഡിപ്പൊരുത്തമില്ലെന്ന് വരെ ചില മാധ്യമങ്ങള്‍ എഴുതിയിരുന്നു. തന്റെ കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കെ വിവാഹജീവിതത്തിലേക്ക് ചുവടു വച്ചതിനും കജോളിനെ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. രണ്ട് കുട്ടികളാണ് താരദമ്പതികള്‍ക്കുള്ളത്. നൈസ ആണ് മൂത്തമകള്‍. യുഗ് ആണ് മകന്‍.
വിവാഹ ശേഷം ഇടവേളയെടുത്ത കജോള്‍ പിന്നീട് അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. ത്രിഭംഗയാണ് അവസാനം അഭിനയിച്ച സിനിമ. ദ ബിഗ് ബുള്‍ ആണ് അജയ് ദേവ്ഗണ്‍ അവസാനം അഭിനയിച്ച സിനിമ. സൂര്യവംശി, ഗംഗുബായ് കത്തിയാവാഡി, ആര്‍ആര്‍ആര്‍, മൈദാന്‍, ഭുജ്, താങ്ക് ഗോഡ്, മെയ് ഡെ എന്നീ ചിത്രങ്ങളാണ് അജയ് ദേവ്ഗണിന്റേതായി പുറത്തിറങ്ങാനുള്ളത്.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഫഷനൽ നാടക-സീരിയൽ-സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ-47) അന്തരിച്ചു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.
തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടികൊടുത്തത്.
നാടകരംഗത്ത് ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിന്‍റെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയിൽകോവിലകം പൊതുശ്മശാനത്തിൽ.
ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്‌മോര്‍ണിംഗ് മെസേജ് അയച്ച ചേട്ടന്‍ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോള്‍ താങ്ങാന്‍ ആവുന്നില്ല… എന്നാണ് നടി സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
വാക്കുകള്‍ കിട്ടുന്നില്ല വിടപറയാന്‍. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്ന് വിളിച്ചുകൊണ്ടു തമാശ പറഞ്ഞു എപ്പോഴും ഖനഗംഭീര ശബ്ദത്തില്‍ എല്ലാവരോടും സ്‌നേഹത്തോടെ നിറഞ്ഞു നിന്നു മുഖം നോക്കാതെ ചിലപ്പോള്‍ പെരുമാറും. കുറച്ചു കഴിഞ്ഞാല്‍ പറയും അപ്പോള്‍ അങ്ങനെ അങ്ങ് പറഞ്ഞു പോയി ഒന്നും മനസ്സില്‍ വയ്ക്കരുത് എന്നാണ് നടി ഉമ നായര്‍ കുറിച്ചിരിക്കുന്നത്.
മണി മായമ്പിള്ളിയെ കുറിച്ച് നീണ്ട കുറിപ്പാണ് നടന്‍ ആനന്ദ് നാരായന്‍ പങ്കുവച്ചത്. പ്രണാമം മണി ചേട്ടായെന്ന് പറഞ്ഞാണ് ആനന്ദ് നാരായന്റെ കുറിപ്പ് തുടങ്ങുന്നത്. മണി മായമ്പള്ളി എന്ന എന്റെ മണി ചേട്ടന്‍ ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല എനിക്ക്. എനിക്ക് എന്നല്ല മണി ചേട്ടനെ അറിയാവുന്നവര്‍ക്ക് എല്ലാം ഒരു കൂട്ടുകാരനായിരിന്നു അദ്ദേഹം.
മണിച്ചേട്ടന്റെ സ്വന്തം ശൈലിയില്‍ ഉള്ള ഒരു ചിരി ഉണ്ട് ഉള്ളു കൊണ്ടു മനസ്സു നിറഞ്ഞു ചിരിക്കുന്ന ഒരു ചിരി, ആ ചിരിയും തമാശയും ചേട്ടന്റെ ആ ശബ്ദവും ലൊക്കേഷനില്‍ നിറഞ്ഞു നില്‍ക്കും. ഏതാണ്ട് ഒരേ ടൈമില്‍ ഷൂട്ട് നടന്നുകൊണ്ടിരുന്ന രണ്ടു സീരിയലുകള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു.
സ്വാതി നക്ഷത്രം ചോതി ഇവിടെ തിരുവന്തപുരം ലൊക്കേഷനില്‍ നിന്നും ഉണ്ണിമായ എറണാകുളം ലൊക്കേഷനിലേയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് എന്റെ കാറില്‍ ആണു യാത്ര, നാല് മണിക്കൂര്‍ ഡ്രൈവ് എനിക്ക് വെറും 40 മിനിറ്റു ഡ്രൈവ് ആയി തോന്നിയ നാളുകള്‍, മണി ചേട്ടന്‍ പറയാറുണ്ട് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തട്ടേല്‍ വീണു മരിക്കണം അതാണ് ഒരു നടന് ദൈവം തരുന്ന ഓസ്‌കര്‍ എന്ന്.
പരിചയപെട്ട ആ നാള്‍ മുതല്‍ (ജൂണ്‍ 2)ഇന്നലെ വരെ മണി ചേട്ടന്‍ മെസ്ജ് അയക്കാത്ത ദിവസങ്ങള്‍ ഇല്ല, രാവിലെ ഫോണ്‍ എടുക്കുമ്പോ ആദ്യം കാണുന്നത് മേന്‍നെ,, നെ എന്നൊരു നീട്ടി വിളിയുടെ വോയിസ് മെസ്ജ് അല്ലേല്‍ ഗുഡ് മോര്‍ണിംഗ്, സുപ്രഭാതം ഇതൊക്കെ ആണു. ഇന്നലെ മണിച്ചേട്ടന്‍ നമ്മളെ ഒക്കെ വിട്ടു പോയി എന്ന് കേട്ടപ്പോള്‍ തന്നെ എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യം നാളെ മുതല്‍ എനിക്ക് മണി ചേട്ടന്റെ മെസ്ജ് ഇല്ലഎന്നായിരുന്നു.
പക്ഷെ ഇന്നും( 03/06/21)പതിവ് പോലെ എനിക്ക് ഒരു മെസ്ജ് വന്നു മണി ചേട്ടന്‍ ഈ ലോകത്ത് ഇല്ലല്ലോ എന്ന് ചിന്തിച്ച എനിക്ക് എന്റെ മണി ചേട്ടന്റെ ആത്മാവ് മകനിലൂടെ അയച്ച മെസേജ്. ചേട്ടാ, ചേട്ടന്‍ മരിച്ചിട്ടില്ല ചേട്ടാ. ഞങ്ങളുടെ ഒക്കെ മനസ്സില്‍ മണി ചേട്ടന് ഞങ്ങള്‍ മരിക്കും വരെയാണു ആയുസ്സ്. മണി ചേട്ടന് ആയിരം പ്രണാമമെന്നുമായിരുന്നു ആനന്ദ് കുറിച്ചത്.
മക്കളെ സ്‌നേഹിക്കുന്നതില്‍ ഒരു പരിധിയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്. ‘മകനെയും മകളെയും സ്‌നേഹിക്കുന്നതില്‍ ഒരു പരിധിയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന്’ ലാലേട്ടന്‍ പറയുന്നു. ‘അതില്‍ കൂടുതല്‍ എപ്പോഴും അവരെ കുറിച്ച് വിചാരിച്ച്, അവരില്‍ നിന്നും ഒരു മോശം പ്രതികരണം നമുക്കുണ്ടായാല്‍ നമ്മള്‍ കൂടുതല്‍ വേദനയിലേക്ക് പോകും’.അദ്ദേഹം പറയുന്നു.
‘അവര്‍ക്ക് അവരുടെതായ ജീവിത ശൈലി ഉണ്ടാവട്ടെ എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. അവരുടെ ബുദ്ധിയില്‍ നിന്നും അവര് കണ്ടെത്തട്ടെ. നമുക്ക് അവരെ ഗൈഡ് ചെയ്യാനെ പറ്റൂളളൂ’, മോഹന്‍ലാല്‍ പറയുന്നു. ‘ഇപ്പോ എന്റെ കാര്യത്തില്, എന്റെ അച്ഛന് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമാണോ അല്ലയോ എന്നുളളത് എനിക്കറിയില്ലായിരുന്നു.
ഞാന്‍ പോയി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നീ നിന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്യൂ. എന്നിട്ട് നിന്റെ ഇഷ്ടം പോലെ ചെയ്യു എന്നാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ബാലതാരമായി തുടങ്ങി പിന്നീട് നായകനടനായി മാറിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് നിലവില്‍ പ്രണവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
മകള്‍ വിസ്മയ എഴുത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ആമിര്‍ ഖാന്‍ വിവാഹ മോചനത്തിലേക്ക്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും ഇവര്‍ പറഞ്ഞു.
മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും തങ്ങള്‍ ഒരുമിച്ച് തന്നെ അവനെ മുന്നോട്ടു വളര്‍ത്തുമെന്നും ആമിറും കിരണും പറയുന്നു.
നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍, സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍.
1986ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആമിറും നടി റീന ദത്തയും വിവാഹിതരാകുന്നത്. ശേഷം 2002ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.
2018 മുതൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവവമായ താരമാണ് കനി കുസൃതി. സജിൻ ബാബു സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ താരത്തിന് സാധിച്ചു.
ഇതേ ചിത്രത്തിന് 2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടുവാനും താരത്തിന് സാധിച്ചു. തിരുവനന്തപുരത്ത് ജനിച്ചു വളർന്ന താരം 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
സിനിമയിലെത്തുന്നതിന് മുൻപ് തന്നെ താരം നാടകങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും താരം സജീവമാണ്.
2010 ൽ അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത് അനൂപ് മേനോൻ നായകനായെത്തിയ കോക്റ്റൈൽ എന്ന ചിത്രത്തിൽ സെക്സ് വർക്കറുടെ വേഷത്തിലാണ് കനി അഭിനയിച്ചത്. ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കനി കുസൃതിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ വർഷം തന്നെ മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ നെക്സലായിറ്റ് ആയും താരം മികച്ച പ്രകടനം കാഴ്ച വച്ചു. നത്തോലി ഒരു ചെറിയ മീനല്ല, തീകുച്ചിയും പനിത്തുള്ളിയും, ഡോൾഫിൻ തുടങ്ങി നിരവധി ചിത്രങ്ങളിലും കനി കുസൃതി അഭിനയിച്ചു.
ഇപ്പോഴിതാ സിനിമയോടുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗതെത്തിയിരിക്കുകയാണ് താരം. താൻ പാരിസിൽ പഠിക്കുന്ന സമയത്ത് നിരവധി ഓഫറുകൾ തന്നെ തേടിയെത്തിയിരുന്നെന്നും എന്നാൽ അതെല്ലാം നിരസിക്കുകയായിരുന്നുവെന്നാണ് കനി പറയുന്നത്. അഭിനയം എന്നത് തനിക് തീരെ ഇഷ്ട്ടമല്ലാത്ത കാര്യമാണെന്നും എന്നാലും ഫിസിക്കൽ ആർട്ട് ഇഷ്ട്ടമുള്ളതുകൊണ്ടാണ് നാടകം എന്ന കലയിലേക്കിറങ്ങിയത് എന്നും താരം പറയുന്നു.
2000 കാലഘട്ടങ്ങളിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും താൻ കാണാറുണ്ടായിരുന്നുവെന്നും എന്നാൽ അന്നൊന്നും അഭിനയിയ്ക്കാൻ തനിക് തലപ്പര്യം ഉണ്ടായിരുന്നില്ലെന്നുമാണ് താരം പറയുന്നത്. പിന്നീട് താൻ അഭിനയിച്ച സിനിമകളൊക്കെ പണത്തിനു വേണ്ടിയായിരുന്നു വെന്നും കഥയും കഥാപാത്രങ്ങളുമൊക്കെ തനിക്ക് ഇഷ്ട്ടപെടാറില്ലെങ്കിലും പണത്തിന് വേണ്ടി മാത്രം അത്തരം സിനിമകൾ താൻ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു.
സിനിമ നിർമ്മാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഒരിക്കൽ താരം രംഗത്തെത്തിയിരുന്നു. ചിലർ കിടപ്പറ പങ്കിടാൻ ആവശ്യപെട്ടിരുന്നു. തന്നെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയവർ ഇതേ ആവശ്യവുമായി തന്റെ അമ്മയെയും സമീപിച്ചിരുന്നെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സിനിമ ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നെന്നും താരം പറയുന്നു.
സിനിമാപ്രേമികള്‍ നെഞ്ചിലേറ്റിയ ദൃശ്യം ടൂവിന് ശേഷം ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ത്രില്ലറുമായെത്തുന്നുവെന്ന് റിപ്പോര്‍ട്ട് . ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും.ജീത്തുവിന്റെ സിനിമയ്ക്ക് ശേഷം മാത്രമായിരിക്കും പൃഥ്വിരാജിന്റെ ബ്രോ ഡാഡിയില്‍ മോഹന്‍ലാല്‍ അഭിനയിക്കുക.
മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ജീത്തു ചിത്രമൊരുക്കുന്നത്. നേരത്തെ ദൃശ്യവും ദൃശ്യം ടൂവും മികച്ച വിജയമായിരുന്നു നേടിയിരുന്നത്. ദൃശ്യം തീയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആമസോണ്‍ പ്രൈമിലായിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിില്‍ ആരാധകര്‍ ചര്‍ച്ചചെയ്യുന്നത് ഈ സിനിമ ദൃശ്യത്തിന്റെ മൂന്നാം ഭാഗം തന്നെയാണോ എന്നാണ്.
ജീത്തു-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഷെറിൻ പി യോഹന്നാൻ
വിവാഹം കഴിഞ്ഞ ശേഷം കാടിനുള്ളിലുള്ള മാടത്തി കോവിലിൽ പോകുന്ന ദമ്പതികളിലൂടെയാണ് ‘മാടത്തി’ കഥ പറഞ്ഞാരംഭിക്കുന്നത്. വഴിയിൽ വച്ച് ഭാര്യയ്ക്ക് ആർത്തവം ഉണ്ടാകുന്നതോടെ മാറാനൊരു തുണി തേടി ഭർത്താവ് അവിടെ കാണുന്ന കുടിലിനുള്ളിലേക്ക് കയറുന്നു. ഏറെ നേരമായിട്ടും തിരികെ വരാത്ത ഭർത്താവിനെ തേടി കുടിലിനുള്ളിലേക്ക് കയറുന്ന ഭാര്യ പലതരം ചിത്രങ്ങൾ വരച്ച് അവിടെ തൂക്കിയിട്ടിരിക്കുന്നതായി കാണുന്നു. കുടിലിനുള്ളിലുള്ള കുട്ടി അവളെ ആ ചിത്രങ്ങൾക്കുള്ളിലൂടെ ഒരു ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ഒരു യക്ഷിക്കഥയെന്ന രീതിയിൽ കഥപറഞ്ഞു തുടങ്ങുന്ന ‘മാടത്തി’ പതിയെ യാഥാർഥ്യത്തിലേയ്ക്കും പ്രതിരോധത്തിലേയ്ക്കും തിരിച്ചടികളിലേയ്ക്കും വഴിമാറി സഞ്ചരിക്കുന്നുണ്ട്. തിരുനൽവേലിക്ക് സമീപം കഴിയുന്ന പുതിരൈ വണ്ണാര്‍ സമുദായത്തിന്റെ ജീവിതമാണ് ലീന മണിമേഖല സ്‌ക്രീനിൽ നിറയ്ക്കുന്നത്. ദളിതരിൽ ദളിതരെന്ന് വിശേഷിപ്പിക്കപ്പെടുന്നവർ. മേൽജാതിക്കാരുടെ മുമ്പിൽ നിൽക്കാൻ കഴിയില്ല, പകൽവെളിച്ചത്തിൽ വഴിനടക്കാൻ കഴിയില്ല. മേൽജാതിക്കാരുടെ കാൽപെരുമാറ്റം കേട്ടാൽ ഓടിയൊളിച്ചോണം. ഈയൊരു സാഹചര്യത്തിലാണ് പന്നീറും വേണിയും യോസനയെ വളർത്തികൊണ്ട് വരുന്നത്. ഗ്രാമത്തിൽ നിന്നകലെ ഒളിച്ചു പാർക്കുകയാണെന്ന് പറയാം. ശവം പൊതിഞ്ഞ തുണിയും മേൽജാതിക്കാരുടെ ആർത്തവതുണിയും കഴുകിയാണ് അവർ ജീവിക്കുന്നത്.
ആകുലതകൾ നിറഞ്ഞ ജീവിതമാണ് വേണിയുടേത്. മകളെ സംരക്ഷിച്ചു നിർത്തണം. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിൽക്കുന്ന സമൂഹത്തിൽ നിന്ന് യോസനയെ മറച്ചുപിടിക്കേണ്ടതുണ്ട്. എന്നാൽ തങ്ങൾക്ക് വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ തിടുക്കം കാട്ടുന്ന യോസനയാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. അരുവിയിൽ മുങ്ങി നിവരുന്നു, മീൻകുഞ്ഞുങ്ങളെ കയ്യിൽ കോരിയെടുക്കുന്നു, പാറക്കെട്ടുകളുടെ ദൃഢതയിലും കാടിന്റെ വന്യതയിലും അവൾ തന്നെതന്നെ പ്രതിഷ്ഠിക്കുന്നു. അരുവിയിൽ നീന്തിതുടിക്കുന്ന ആണിന്റെ നഗ്നശരീരം അവൾ ആസ്വദിക്കുന്ന രംഗം, ജാതി – ലിംഗ വ്യവസ്ഥയിൽ സ്വാതന്ത്ര്യം നഷ്ടപെട്ട ഒരു പെണ്ണിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഭാഗം ആവുന്നുണ്ട്. ആണിടങ്ങളിൽ മാത്രം നിറയുന്ന ചില ഒളിച്ചുനോട്ടങ്ങളെ കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്.
ജാതീയതയെ പച്ചയായി ആവിഷ്കരിക്കുമ്പോൾ തന്നെ പെണ്ണിന് ഇടം നിഷേധിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നേർക്കും ക്യാമറ തിരിച്ചുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ആ കാഴ്ച കൂടുതൽ തീവ്രമാകുന്നുണ്ട്, കാഴ്ചക്കാരനെ ഭയപ്പെടുത്തുന്നുണ്ട്. പെണ്ണായി പിറന്നപ്പോൾ തന്നെ നിന്നെ കൊല്ലണമെന്ന് പലരും പറഞ്ഞിരുന്നതായി മകളോട് വേണി വെളിപ്പെടുത്തുന്നു. കാമത്തിന് മാത്രം ജാതീയത ഇല്ലെന്നിരിക്കെ ലൈംഗികപരമായി തന്നെ ചൂഷണം ചെയ്ത ഉപരിവർഗ സമൂഹത്തെ വേണി ചീത്ത പറയുന്നത് അവരുടെ തുണി കല്ലിൽ ആഞ്ഞടിച്ചുകൊണ്ടാണ്. അവരുടെ ആർത്തവ തുണികൾ വേണി ചവിട്ടി കഴുകുമ്പോൾ പുഴയിലേക്ക് പടരുന്നത് പാപക്കറയാണ്.
സ്വാതന്ത്ര്യം തേടിയിറങ്ങുന്ന യോസനയെ കാത്തിരുന്നത് പാറക്കെട്ടിനുള്ളിലെ അരണ്ട വെളിച്ചത്തിൽ മാറിമാറി വന്ന പുരുഷ ലിംഗങ്ങളായിരുന്നു. യോസനയിൽ നിന്നും മാടത്തിയെന്ന ദൈവത്തിലേക്കുള്ള സഞ്ചാരമാണ് പിന്നീട് സിനിമ അടയാളപ്പെടുത്തുന്നത്. ജാതി-ലിംഗ വിവേചനങ്ങൾ സൃഷ്ടിക്കുന്ന അന്ധത കഥാന്ത്യത്തിൽ സ്ക്രീനിലാകെ നിറയുന്നു. ഇതൊരു യാഥാർഥ്യമാണ്. ഇന്നിന്റെ സാമൂഹിക സാഹചര്യങ്ങളോട് ചേർത്തുനിർത്തി വായിക്കാവുന്ന ചലച്ചിത്രം. ശക്തമായ തിരക്കഥയിലൂടെയും ഗംഭീര പ്രകടനങ്ങളിലൂടെയും സിനിമ സംസാരിക്കുന്ന വിഷയം തീവ്രമാകുന്നുണ്ട്. വസ്ത്രാലങ്കാരവും എഡിറ്റിങ്ങും ഛായാഗ്രഹണവും അവതരണത്തെ കൂടുതൽ സുന്ദരമാക്കുന്നു. തുറന്നു പറച്ചിലിലൂടെയും തുറന്നവതരണത്തിലൂടെയും സിനിമ സ്വന്തമാക്കുന്ന സൗന്ദര്യത്തിന് മറ്റൊരുദാഹരണം – മാടത്തി