ഷെറിൻ പി യോഹന്നാൻ

പ്രസവിക്കാൻ തീരെ താല്പര്യം ഇല്ലാത്ത ആളാണ് സാറാ. സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക്‌ ചെയ്തതിനു ശേഷം സ്വന്തമായി തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യാൻ സാറാ ഒരുങ്ങുകയാണ്. അതാണ് അവളുടെ ലക്ഷ്യം. എന്നാൽ അതിന് മുമ്പ് തന്നെ അവളുടെ വിവാഹം നടക്കുന്നു. വിവാഹശേഷം നമ്മുടെ നാട്ടിൽ ഉയരുന്ന സ്ഥിരം ചോദ്യം സാറായുടെ ജീവിതത്തിലും ഉയരുന്നു. “വിശേഷം ഒന്നും ആയില്ലേ മോളെ?”

ജൂഡ് ആന്തണിയുടെ മറ്റു രണ്ട് ചിത്രങ്ങളിളെയും (ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ) പോലെ തന്നെ സ്ത്രീപക്ഷത്തുനിന്നുള്ള കഥപറച്ചിലാണ് ‘സാറാ’യും നടത്തുന്നത്. സമൂഹം ഇന്ന് ചർച്ച ചെയ്യുന്ന വിഷയത്തെ രസകരമായി, എന്നാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. “ഒരു ചെറു ചിത്രം പ്രതീക്ഷിച്ചു പ്ലേ ബട്ടൺ ഞെക്കുക” എന്ന സംവിധായകന്റെ വാക്ക് പരിഗണനയിലെടുത്ത് പ്രതീക്ഷയുടെ അമിതഭാരം ഒഴിവാക്കി സമീപിച്ചാൽ ‘സാറാസ്’ തൃപ്തികരമായ ചലച്ചിത്രാനുഭവം ആയി മാറും.

അന്ന ബെന്നിന്റെ മികച്ച പ്രകടനമാണ് സിനിമയുടെ ജീവൻ. ജീവിതത്തിൽ ലക്ഷ്യങ്ങളുള്ള, പ്രതിസന്ധികളിൽ അടിപതറാത്ത സാറായെ മികച്ചതായിട്ടുണ്ട് അന്ന. ആധുനിക കാലത്തെ ഒരു ശരാശരി മലയാളി പുരുഷന്റെ പ്രതീകമാണ് സാറായുടെ ഭർത്താവ് ജീവൻ. പുരോഗമനപരമായി നീങ്ങുമ്പോഴും ചുറ്റുമുള്ള സമൂഹത്തിന്റെ സ്വാധീനത്തിൽ അയാൾ പെട്ടുപോകുന്നുണ്ട്. ആന്റണിയിൽ നിന്നും ജീവനിലേക്ക് എത്തുമ്പോൾ സണ്ണി വെയ്ൻ മെച്ചപ്പെട്ടിട്ടുണ്ടെന്നതു തന്നെ ആശ്വാസം. മല്ലിക സുകുമാരൻ, ധന്യ വർമ തുടങ്ങിയവരുടെ പ്രകടനങ്ങളും നന്നായിരുന്നു.

മാതൃത്വം, പേരന്റിങ്ങ് എന്നിവയെക്കുറിച്ച് ഗൗരവമായി സംസാരിക്കുമ്പോഴും കഥയുടെ രസച്ചരട് മുറിഞ്ഞുപോകാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. മികച്ച പ്രമേയവും പ്രകടനങ്ങളും മോശമല്ലാത്ത മേക്കിങ്ങും ചിത്രത്തിന്റെ നല്ല വശങ്ങളിൽ പെടുന്നു. രണ്ടാം പകുതിയിലെ ചില രംഗങ്ങളും ഗാനങ്ങളും അനാവശ്യമാണെന്ന് തോന്നിയാലും പൂർണമായ കാഴ്ചയിൽ ആ കുറവ് മറന്നുകളയാവുന്നതേ ഉള്ളൂ. സിദ്ധിഖ് കഥാപാത്രത്തിന്റെ ക്ലൈമാക്സ്‌ സന്ദേശം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ അതൊരു കല്ലുകടിയായി തോന്നിയതുമില്ല.

സ്വഭാവികമായി, പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന ചിത്രമാണ് ‘സാറാസ്’. ഒട്ടേറെ ജീവിതങ്ങളെ സ്വാധീനിക്കാനും അവരുമായി കണക്ട് ആവാനും ശക്തിയുള്ള ചിത്രം. കുറവുകൾ നിലനിൽക്കുമ്പോഴും പ്രമേയ സ്വീകരണത്തിലും വിഷയാവതരണത്തിലും കൈവന്ന ക്വാളിറ്റി ചിത്രത്തെ മനോഹരമാക്കുന്നു, പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു.