Movies

താര സംഘടനയായ അമ്മ നിര്‍മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്നും മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റുമോ എന്നുമുള്ള സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ ഡബ്ല്യുസിസി. പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ച സംഘടന അവള്‍ മരിച്ചിട്ടില്ല, അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നുവെന്നും അറിയിച്ചു. ഫേസ്ബുക്കിലാണ് സംഘടനയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്

അവള്‍ മരിച്ചിട്ടില്ല!

അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! ‘മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ‘ എന്ന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

മാധ്യമങ്ങള്‍ ‘ഇര’യായി കണ്ടവളെ ‘അതിജീവിച്ചവളാണെന്ന് ‘പറഞ്ഞു കൊണ്ടായിരുന്നു ഡബ്ല്യുസിസി ചേര്‍ത്തു പിടിച്ചത്. എന്നാല്‍ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമര്‍ശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും വെളിവാക്കുന്നതായിരുന്നു.

നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത്.

ആ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പലതരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.

സോഷ്യല്‍ മീഡിയയില്‍ എ എം.എം.എയുടെ എക്‌സികൂട്ടിവ് അംഗമായ നടന്‍ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പര്‍ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചര്‍ച്ചയില്‍ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടന്‍ സിദ്ധിഖിന്റെ വിശദീകരണത്തില്‍ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയില്‍ എന്തെങ്കിലും ആവാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും, ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും, ഈ തൊഴിലിടത്തിന്റെ ജീര്‍ണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.

ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എഎംഎം.എ എന്ന സംഘടനയും ഒരു പോലെ മല്‍സരിക്കുകയാണ്.

ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എഎംഎംഎ നിര്‍മ്മിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആണ്‍കോയ്മയുടെ ബലത്തിലുമാണ് എന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അമ്മ അംഗമായിരുന്ന പ്രസിദ്ധ നടന്‍ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.

പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങള്‍ ഉറച്ച ശബ്ദത്തില്‍ വീണ്ടും പറയുന്നു.

അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവള്‍ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തില്‍ പോരാടാനുള്ള ശക്തി പകര്‍ന്നു കൊണ്ട് ഡബ്ല്യുസിസി കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂടിന് അഭിനന്ദനവുമായി നടന്‍ ഷെയ്ന്‍ നിഗം. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം നേര്‍ന്ന് രംഗത്തെത്തിയത്. ഇഷ്‌ക്കിലെ അഭിനയത്തിന് ഷെയ്ന്‍ നിഗവും സുരാജിനൊപ്പം അവസാന ഘട്ട മത്സരത്തിലുണ്ടായിരുന്നു.

‘അര്‍ഹതപ്പെട്ട അംഗീകാരം… മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജ് ഏട്ടന് ആശംസകള്‍. ഒത്തിരി സ്നേഹം അതിലേറെ സന്തോഷം.’ ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുരസ്‌കാരം നേടിക്കൊടുത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷെയ്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സാംസ്‌ക്കാരിക മന്ത്രി എകെ ബാലനാണ് 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായത്. ‘ബിരിയാണി’ എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

https://www.facebook.com/ShaneNigamOfficial/posts/204377804383547

എഎംഎംഎ നിര്‍മിക്കുന്ന ട്വിന്റി ട്വിന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാമുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ ഉത്തരം വലിയ വിവാദത്തിലേയ്ക്കാണ് കൂപ്പുകുത്തിയത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വെച്ചവരും സിനിമയില്‍ ഉണ്ടാകില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.

പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനം നടത്തി നടി പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതോടെ ഇടവേള ബാബുവിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അതേസമയം, പരാമര്‍ശം വിവാദം കത്തിയതോടെ ട്വന്റി 20 എന്ന ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചതായാണ് കാണിക്കുന്നതെന്നും അതാണ് മരിച്ചവര്‍ എന്ന തരത്തില്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ന്യായീകരണവുമായി ഇടവേള ബാബു രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇതോടെ തെറ്റ് ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയയും രംഗത്തെത്തി. ട്വന്റി ട്വന്റിയില്‍ ഭാവന അവതരിപ്പിച്ച അശ്വതി നമ്പ്യാര്‍ എന്ന കഥാപാത്രം കോമയിലാണ്, മരിച്ചതല്ലെന്ന് സോഷ്യല്‍മീഡിയ തെറ്റ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ കൂടാതെ, ട്വന്റി ട്വന്റിയുെട രണ്ടാം ഭാഗമല്ല അമ്മ നിര്‍മിക്കുന്നതെന്ന ചിത്രമെന്നും വിവാദ അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നുണ്ട്.

തിരുവനന്തപുരം∙ 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനുള്ള പുരസ്കാരം നേടി. ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി. കുമ്പളങ്ങി നൈറ്റ്സിലെ വില്ലൻ കഥാപാത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനായും, ബിരിയാണി എന്ന ചിത്രത്തിലൂടെ സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലന്‍), പ്രിയംവദ കൃഷ്ണൻ എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

മധു സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്സാണ് കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് പൊതുവാൾ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. സുഷിൻ ശ്യാമാണ് മികച്ച സംഗീത സംവിധായകൻ. ചിത്രം കുമ്പളങ്ങി നൈറ്റ്സ്. നടൻ വിനീത് കൃഷ്ണൻ ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെ മികച്ച ഡബ്ബിങ് ആർടിസ്റ്റിനുള്ള പുരസ്‌കാരം നേടി. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കിരൺ ദാസ് മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം നേടി. നജിം അർഷാദാണ് മികച്ച ഗായകൻ. മധുശ്രീ മികച്ച ഗായികയായി.

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ്​ ആശുപത്രി വിട്ടു. ടൊവിനോയുടെ ആരോഗ്യനില പൂർണമായും തൃപ്​തികരമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു. കുറച്ചുദിവസത്തേക്ക്​ കൂടി വിശ്രമം നിർദേശിച്ചിട്ടുണ്ട്​.

പിറവത്ത്​ ‘കള’ എന്ന സിനിമയുടെ സെറ്റിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ ടൊവിനോക്ക്​ വയറിന്​ പരിക്കേറ്റത്​. കടുത്ത വയറുവേദനയെത്തുടർന്ന്​ ബുധനാഴ്​ച കൊച്ചിയ​ിലെ റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിശോധനയിൽ നേരിയ തോതിൽ ആന്തരിക രക്​തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന്​ 48 മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക്​ പരിക്കില്ലെന്ന്​ കണ്ടെത്തി. പ്രേക്ഷകരുടെ സ്​നേഹത്തിനും പിന്തുണക്കും ആശുപത്രി വിടുന്നതിന്​ മുമ്പ്​ ടൊവിനോ വീഡിയോ സന്ദേശത്തിലൂടെ നന്ദി പറഞ്ഞു. ഒരുപാട് പേരുടെ സ്നേഹം തിരിച്ചറിഞ്ഞു. വിചാരിച്ചതിനെക്കാൾ ആളുകൾ തന്നോട് സ്നേഹം കാണിക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ടൊവീനോ പറഞ്ഞു.

ഇടവേള ബാബു രാജിവെക്കണം, മനസ്സാക്ഷിയുള്ള എത്രപേർ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരുമെന്ന്​ ഉറ്റുനോക്കുന്നു

താരസംഘടന അമ്മയില്‍ നിന്നും രാജി പ്രഖ്യാപിച്ച്​ നടി പാര്‍വ്വതി തിരുവോത്ത്. നടി ഭാവനയെക്കുറിച്ചുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവി​െൻറ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. അതോടൊപ്പം ഇടവേള ബാബു രാജി വെക്കണമെന്നും മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരുമെന്ന്​ ആകാംക്ഷയോടെ നോക്കി കാണുന്നു എന്നും പാർവ്വതി ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന തലക്കെട്ടോടെ ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖം നേരത്തെ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വൻറി 20യില്‍ പ്രധാന വേഷത്തില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, ഇത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ട്വൻറി 20യില്‍ നല്ല റോള്‍ ഭാവന ചെയ്തിരുന്നല്ലോ എന്ന ചോദ്യത്തിന് അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

പാർവ്വതിയുടെ ഫേസ്​ബുക്ക്​ പോസ്റ്റി​െൻറ പൂർണ്ണരൂപം

2018 ൽ എ​െൻറ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവി​െൻറ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.

ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.

പാർവതി തിരുവോത്ത്‌

സെലിബ്രിറ്റികൾക്ക് പൊതുവെ വാഹനഭ്രമം വളരെ കൂടുതലായിരിക്കും. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഫഹദ് ഫാസിലും നസ്രിയ നസീമും കഴിഞ്ഞ ദിവസം ഒരു പുതിയ കാർ വാങ്ങിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

പോർഷെ 911 മോഡൽ കാർ ആണ് ഇരുവരും സ്വന്തമാക്കിയത്. പൈത്തൺ ഗ്രീൻ കളറിലുള്ള കാറാണ് ഇരുവരും തിരഞ്ഞെടുത്തത്. ഇന്ത്യയിൽ തന്നെ ഈ കളർ ഉള്ള ഏക ഉടമകൾ ഇനി ഇവർ ആണ്. ഒരുകോടി 90 ലക്ഷം രൂപയാണ് കാറിൻറെ എക്സ് ഷോറൂം വില. എല്ലാ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വലിയ കൗതുകത്തോടെ ആണ് എല്ലാവരും ഈ വാർത്ത ഏറ്റെടുത്തതും.

കാർ എടുത്തതിന് എല്ലാവരും ഒരുപോലെ അഭിനന്ദനമാണ് അറിയിച്ചത് എങ്കിലും ചിലർ അനാവശ്യ ആർഭാടമാണ് ഇത് എന്ന് ചൂണ്ടിക്കാണിക്കുകയും ഉണ്ടായി. എന്നാൽ ഇതിനു താഴെ വന്ന ഒരു കമൻറ് ആണ് എല്ലാവരെയും ഇപ്പോൾ ചിരിപ്പിക്കുന്നത്. ഒരു മൂത്ത സഹോദരി എന്ന നിലയിൽ ഫഹദിനെയും നസ്രിയയെയും ഉപദേശിക്കുന്ന ഒരു പാവം സഹോദരിയെ ആണ് കമന്റിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

കല്യാണം കഴിഞ്ഞിട്ട് ഏട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പോലും ഇതുവരെ ഒരു കുഞ്ഞിക്കാൽ വേണമെന്ന ആഗ്രഹം നിങ്ങൾക്ക് ഇല്ലേ എന്നാണ് പാവം സഹോദരി പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചത്. ഒരു മൂത്ത സഹോദരിയുടെ സ്നേഹവും കരുതലും എല്ലാം നമുക്ക് ഇവരുടെ വാക്കുകളിൽ നിന്നും കാണാം.

“രണ്ടു കോടിയുടെ കാർ വാങ്ങുന്നതിലും കോടികൾ സമ്പാദിക്കുന്നതിലും അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്. ആറേഴു വർഷം കഴിഞ്ഞല്ലോ കല്യാണം കഴിഞ്ഞിട്ട്, എന്തെ അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ?” – ഇതായിരുന്നു സഹോദരിയുടെ കമന്റ്‌.

ഒരുപാട് ആളുകളാണ് സഹോദരിയുടെ കമന്റിനെ എതിർത്തുകൊണ്ടും പിന്തുണച്ചുകൊണ്ടും രംഗത്തെത്തുന്നത്. ഇത് ഫെയ്ക്ക് ഐഡി ആണ് എന്ന് വാദിക്കുന്നവർ ആണ് അധികവും. ഫെയ്ക്ക് ഐഡി ആണെങ്കിൽ പോലും ഇവർ പറഞ്ഞതിൽ കാര്യമുണ്ട് എന്നാണ് വേറെ ഒരു വിഭാഗം ആളുകളുടെ അഭിപ്രായം.

ഹാസ്യ വേഷങ്ങളിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ സലിം കുമാര്‍ തനിക്ക് ഏത് വേഷവും ചേരുമെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ച നടന്‍ കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. സലീം കുമാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കുവെച്ച കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

രാജ്യത്തെ മികച്ച നടനായും മലയാളികളുടെ പ്രിയതാരമായും കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നതിനു മുന്‍പ് ഞങ്ങള്‍ തമ്മില്‍ അത്രയേറെ അടുപ്പമായിരുന്നു.ജി.കാര്‍ത്തികേയനും എം ഐ ഷാനവാസും ഞാനുമൊക്കെ അടങ്ങുന്ന ചങ്ങാതികൂട്ടായ്മയില്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു സലിം എന്ന് രമേശ് ചെന്നിത്തല പറയുന്നു.

ഒരു കോണ്‍ഗ്രസുകാരനാണ് താനെന്നു ഹൃദയത്തില്‍ തൊട്ട് സലിംകുമാര്‍ പലവേദികളിലും പറയാറുണ്ട്.നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വേദികളില്‍ ചിരിയും ചിന്തയും ഉണര്‍ത്തി എനിക്കായി വോട്ട് പിടിക്കാന്‍ എത്തുന്ന സലിംകുമാറിന്റെ വാക്കുകളെ ഓരോ ഹരിപ്പാട്ടുകാരും നിറഞ്ഞ സ്നേഹത്തോടെയാകും ഓര്‍ത്തെടുക്കുന്നത്.-രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

സുഖത്തിലും ദു:ഖത്തിലും പ്രിയ സലിം എന്നും എന്നോടൊപ്പമുണ്ട്. സലിംകുമാറിനോട് എത്ര സംസാരിച്ചാലും മതി വരില്ല. ചിരിയും ചിന്തയും വാരി വിതറുന്ന, പോസിറ്റീവ് ആയി മാത്രം ഓരോ കാര്യങ്ങളെയും സമീപിക്കുന്ന സുഹൃത്താണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തെന്നിന്ത്യൻ സിനിമാലോകത്തെ കണ്ണീരിലാക്കിയ മരണമായിരുന്നു ചിരഞ്ജീവി സർജയുടേത്. അതിനൊപ്പം മലയാളികളെ ഏറെ വേദനിപ്പിച്ചത് നടി മേഘ്നയുടെ കണ്ണീരാണ്. കുടുംബത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുമ്പോഴാണ് സർജയുടെ അപ്രതീക്ഷിത മരണം എത്തുന്നത്.

തളർന്നിരുന്ന മേഘ്നയുടെ മുഖം മലയാളിക്ക് വിങ്ങലായി. കടന്നുപോയ നിമിഷങ്ങളെ കുറിച്ചും സർജയുടെ മരണത്തെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മേഘ്ന ഇതാദ്യമായി തുറന്നുപറഞ്ഞു.

‘ഒരു സാധാരണ ഞായറാഴ്ച്ചയായിരുന്നു. സഹോദരൻ ധ്രുവിനും ഭാര്യയ്ക്കും ഒപ്പം വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ചീരു കുഴഞ്ഞു വീണെന്ന് അകത്ത് നിന്ന് അച്ഛൻ വിളിച്ച് പറയുന്നത്. ഇടയ്ക്ക് ബോധം വന്നെങ്കിലും പെട്ടെന്ന് വീണ്ടും ബോധം പോയി. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്ന് തന്നെ എമർജൻസി റൂമിലേക്ക് അദ്ദേഹത്തെ കയറ്റി. അപ്പോഴാണ് ഹൃദയാഘാതമാണെന്ന് അറിയുന്നത്. വീട്ടിൽ വച്ച് ബോധം വന്ന ആ ചെറിയ നിമിഷവും നീ വിഷമിക്കരുതെന്നാണ് ചീരു എന്നോട് പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ’ മേഘ്ന പറയുന്നു.

ഈ കോവിഡ് കാലത്താണ് ഞങ്ങൾ ഒരുമിച്ച് ഒട്ടേറെ സമയം ചെലവഴിച്ചതെന്നും മാർച്ച് മുതൽ അവസാന നാൾ വരെ ഓരോ നിമിഷവും ഞങ്ങൾ ഒരുമിച്ചായിരുന്നെന്നും മേഘ്ന കോവിഡിനോട് കടപ്പെട്ടു െകാണ്ട് പറയുന്നു.

1921ലെ മലബാര്‍ മാപ്പിള ലഹളയുടെ പിന്നിലെ യഥാർത്ഥ ചരിത്രം പറയുന്ന കഥയാണ് താൻ സിനിമയാക്കുന്നത് എന്ന് സംവിധായകൻ അലി അക്ബർ. വാരിയംകുന്നൻ സ്വാതന്ത്ര്യസമര സേനാനിയല്ലെന്നും, തന്റെ സിനിമ ഒരു മതത്തിനുമെതിരല്ലെന്നും അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു. താൻ പ്രഖ്യാപിച്ച സിനിമയ്ക്ക് മൂലധനം കണ്ടെത്താൻ ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നും തന്നെ സഹായിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു.

സിനിമയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ

മാധവൻ നായർ, നെടുങ്ങാടി എന്നിവരുടേതു ഉൾപ്പടെ നാല് പുസ്തകങ്ങളെ ആസ്പദമാക്കിയാണ് ഞാൻ 1921 ലെ ചരിത്രം സിനിമയാക്കുന്നത്. ചരിത്രസംഭവത്തിൽ വെള്ളം ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 1921 ൽ കേരളത്തിലെ മലബാർ പ്രവിശ്യയിൽ, ഭാരതപ്പുഴ മുതൽ ചാലിയാർ വരെയുള്ള സ്ഥലങ്ങളിൽ മാപ്പിളമാർ നടത്തിയ ഹിന്ദു വംശഹത്യയും ഹിന്ദുക്കളെ ഇസ്ലാമിക മതത്തിലേക്ക് പരിവർത്തനം ചെയ്തതും ഭാരതത്തിന്റെ ചരിത്രത്തിലെ ഇരുണ്ട എപ്പിസോഡായി തുടരുന്നു. ഈ അതിക്രമങ്ങളെ അപലപിച്ച് ഗാന്ധിജി, അംബേദ്കർ, ആനി ബെസന്റ് എന്നിവർ എഴുതിയ വാക്കുകളും നമുക്ക് വായിക്കാനുണ്ട്, പക്ഷേ സ്വാതന്ത്ര്യാനന്തരം നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അവരുടെ വോട്ട് ബാങ്കിനെ വേദനിപ്പിക്കാൻ ആഗ്രഹിച്ചില്ല. മാപ്പിള കലാപത്തെ അവർ ഒരു സ്വാതന്ത്ര്യസമരമായും കർഷകസമരമായും ചിത്രീകരിച്ചു. നിസ്സഹായരായ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ബലമായി പരിവർത്തനം ചെയ്യുകയും ചെയ്തവർക്ക് അവർ പെൻഷൻ അനുവദിച്ചു. ഇതെല്ലാം കണ്ട ഹിന്ദുക്കൾ അനുഭവിച്ച വേദനയോട് നീതി പുലർത്താൻ ഒരു വാക്കിനും കഴിയില്ല.

കലാപത്തിന് ഇരയായവരുടെ ചില കുടുംബാംഗങ്ങൾ അതിജീവിച്ചത് ഈ കഥകൾ ഞങ്ങളോട് പറയാൻ വേണ്ടിയാണ്. അവരുടെ കുടുംബങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇസ്ലാമിക തീവ്രവാദികൾ ഇപ്പോൾ ഒരു പടി കൂടി മുന്നോട്ട് പോയി. ഈ ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമരസേനാനികളെന്നു വാഴ്ത്തി മഹത്വപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ വ്യാജ കഥക്ക് പിന്നിലെ യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരാൻ നമുക്കും ഒരു സിനിമ എടുക്കാതിരിക്കാൻ കഴിയില്ല. വസ്തുതകളെ അടിസ്ഥാനമാക്കി സത്യം പറയുന്ന സിനിമ. ഈ ജനതയെ സ്നേഹിക്കുന്ന എല്ലാവരുടെയും പിന്തുണയോടെ അത് സാക്ഷാത്കരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മതപരമായ സമർപ്പണങ്ങളെക്കാൾ മരണത്തിന് മുൻഗണന നൽകിയവർക്കായി സ്മാരകങ്ങളൊന്നും നിർമ്മിച്ചിട്ടില്ല. ഈ സിനിമ ആ ജീവിതങ്ങൾക്കായി സമർപ്പിതമാണ്. 1921 ലെ കൂട്ടക്കൊല ഒരിക്കലും ആവർത്തിക്കരുത്. ഇത് ഉറപ്പ് വരുത്താൻ, ഞങ്ങൾ ഉറക്കെ സത്യം സംസാരിക്കണം. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ഒരു സിനിമ ഉണ്ടായിരിക്കണം. നുണയിൽ നെയ്‌തെടുക്കുന്ന കഥകൾ വിശ്വസിക്കാതെയിരിക്കാൻ ഞങ്ങളോടൊപ്പം അണിചേരാൻ എല്ലാ രാജ്യസ്നേഹികളോടും അഭ്യർത്ഥിക്കുകയാണ്. ചെറുതോ വലുതോ ആയ സംഭാവനകൾ നൽകി എല്ലാവരും ഈ ദൗത്യത്തോടൊപ്പം പങ്കു ചേരും എന്ന് ഞങ്ങൾ കരുതുന്നു.

പണത്തേക്കാൾ ഏറെ ജനപങ്കാളിത്തമാണ് ഞങ്ങൾക്ക് വേണ്ടത്, ആയിരവും രണ്ടായിരവും ആൾക്കാരായിരുന്നു ഓരോ ലഹളയിലും ഉണ്ടായിരുന്നത്. അപ്പോൾ അത്രയും ജനക്കൂട്ടം ഷൂട്ടിങ്ങിന് വേണ്ടി വരും. ഇതിനോടകം തന്നെ വളരെയധികം ആളുകൾ പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. മേജർ രവിയും മകനും എന്നോടൊപ്പം ഉണ്ടായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. അൻപതോളം തടിപ്പണിക്കാർ പിന്തുണ അറിയിച്ചിട്ടുണ്ട്. ബാക്കി സന്നദ്ധരായവരുടെ പേരുകൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ല. പേര് പറഞ്ഞ ചിലർ ഇപ്പോൾ ഭീഷണി നേരിടുന്നുണ്ട്. സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ പിന്തുണ പ്രഖ്യാപിച്ച ആളാണ് സീനിയർ സിനിമാട്ടോഗ്രാഫർ ഉത്പൽ വി നായനാർ, അദ്ദേഹം ക്യാമറ കൈകാര്യം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. മറ്റൊരു ക്യാമറാമാൻ ചെന്നൈയിൽ നിന്നാണ്, മേജർ രവിയുടെ മകൻ ആണ് ഒരു ക്യാമറ മാൻ. പിന്നെ പഴയ കാലത്തെ പ്രോപ്പർട്ടീസ് ഒരുപാട് ആവശ്യമായി വരും. ചാലി സമുദായക്കാരെ ഒന്നാകെ കുടിലുകളിൽ കുന്തം കൊണ്ട് കുത്തി തള്ളി ഇട്ടു കത്തിക്കുകയായിരുന്നു ചെയ്തത്. അതൊക്കെ ചിത്രീകരിക്കണമെങ്കിൽ കുടിലുകൾ നിർമ്മിക്കണം. അതുപോലെ അന്ന് ഉപയോഗിച്ച കവചിത വാഹനങ്ങളും, ഫോർഡ് കാറും മറ്റു വാഹനങ്ങളുമൊക്കെ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്‌. അതൊക്കെ അവസാന ഘട്ടത്തിൽ ചെയ്യാം എന്നാണ് കരുതുന്നത്. 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്ഷണത്തിനും അത്യാവശ്യം പ്രോപ്പർട്ടിക്കും വേണ്ടി മാത്രമാണ് തുക ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത് ബാക്കി ജനപങ്കാളിത്തമാണ്. ‌മൂന്നു കോടി രൂപയാണ് കൈക്കാശായി വേണ്ടത്. അതിൽ ഒരുകോടി രൂപയോളം ഇതുവരെ സഹായമായി എത്തിയിട്ടുണ്ട്.

ഞങ്ങൾ എടുക്കാൻ പോകുന്നത് ഏതെങ്കിലും ഒരു മതത്തിനെതിരായ സിനിമയല്ല. മറിച്ച് കേരളത്തിൽ നടന്ന ഒരു വിശ്വാസ വഞ്ചനയുടെ ചരിത്രമാണ്. ചിലർക്ക് വേണ്ടത് സത്യമല്ല, വാര്യംകുന്നനെ മഹത്വവൽക്കരിക്കൽ ആണ്. ചരിത്രം മനസ്സിലാക്കുന്നവർക്ക് അറിയാം വാര്യംകുന്നൻ ഒരു സ്വാതന്ത്ര്യ സമര സേനാനി അല്ല എന്ന്. നിലമ്പൂർ കോവിലകത്തെ എല്ലാവരെയും രക്ഷിച്ചു കോഴിക്കോട് എത്തിച്ച ഒരു ഇസ്ലാം യോദ്ധാവ് ഉണ്ടായിരുന്നു. ഇവിടെ കൊലചെയ്യപ്പെട്ട ക്രിസ്ത്യാനികളും ഉണ്ട്. തിരൂർ ഭാഗത്തു ഓട്ടു കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂവായിരത്തോളം ക്രിസ്ത്യാനികളെയാണ് ഇവിടെ നിന്ന് ഓടിച്ചത്. അന്ന് വെട്ടിപ്പൊളിച്ച വീടുകൾ ഇപ്പോഴും അവിടങ്ങളിൽ ഉണ്ട്. 1950 നു മുൻപ് എഴുതിയ പുസ്തകങ്ങൾ വായിച്ചു നോക്കണം, ഇതുവരെ പുറത്തുവരാത്ത ഒരു പുസ്തകം ഈയിടെ വെളിച്ചം കണ്ടിട്ടുണ്ട്. സത്യസന്ധമായി കാര്യങ്ങൾ അതിൽ എഴുതിയിട്ടുണ്ട്. ഒരുപാടു യഥാർത്ഥ രേഖകൾ എന്റെ കൈവശം ഉണ്ട്. സ്വന്തം തറവാട് നശിപ്പിച്ച് സ്വന്തം ആൾക്കാരെ വെട്ടിക്കൊന്ന കുടുംബത്തിൽ സ്വാതന്ത്ര്യ സമര പെൻഷൻ കൊണ്ട് കൊടുക്കാൻ വിധിക്കപ്പെട്ട ഒരു പോസ്റ്റ്മാൻ ഉണ്ട്. ആ പോസ്റ്റ് മാന്റെ മകൾ എന്നെ വിളിച്ചിരുന്നു. എല്ലാവരും മനസിലാക്കേണ്ടത് ഇത് ഒരു ആന്റി മുസ്ലിം സിനിമ അല്ല എന്നുള്ളതാണ്. അന്ന് ചതിയിൽ പെട്ടവരെ സഹായിക്കാൻ അന്നത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങൾ വരെ ഉണ്ടായിരുന്നു. അവരെയൊന്നും മറന്നിട്ടില്ല.

വിദേശത്തുനിന്നൊക്കെ ആളുകൾ വിളിച്ചു പിന്തുണ അറിയിച്ചിട്ടുണ്ട്, ഇത് ഞങ്ങളുടെ കഥയാണ് ഞങ്ങൾ ഇത് സാക്ഷാത്കരിക്കാൻ ഒപ്പം ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ എന്നൊരു വ്യക്തി ആഹ്വനം ചെയ്തിട്ട് ഇത്രയും പണം എത്തിയിട്ടുണ്ടെങ്കിൽ ഈ ചരിത്രം വെളിപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരുപാടു ആളുകൾ ഉണ്ടെന്നു വേണം മനസിലാക്കാൻ. 1921–ൽ കൈപ്പടയിൽ എഴുതിയ രേഖകൾ എന്റെ കൈവശം ഉണ്ട്. ഈ സിനിമ പുറത്തു വന്നാൽ സത്യം അറിയാതെ ലഹള ഉണ്ടാക്കുന്നവർ സത്യം മനസ്സിലാക്കും എന്നാണു എന്റെ കണക്കുകൂട്ടൽ. മനുഷ്യർക്ക് പരസ്പരം തിരിച്ചറിയാൻ പറ്റും. എനിക്ക് ഭീഷണി ഉണ്ടെന്ന് എറണാകുളം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും അറിയിച്ചു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും ആള് വന്നു പറഞ്ഞു കടുത്ത ഭീഷണി ഉണ്ട് കരുതിയിരിക്കണം എന്ന്. ഭീഷണി ഫോൺ സന്ദേശങ്ങളും എത്തുന്നുണ്ട്. പക്ഷെ ഞാൻ പിറകോട്ട് പോകാൻ തയ്യാറല്ല. എനിക്ക് എന്ത് സംഭവിച്ചാലും ചരിത്രത്തിൽ എന്താണ് സംഭവിച്ചതെന്ന് പൊതുജനങ്ങൾ അറിയണം. എന്റെ ഫോൺ ടാപ്പ് ചെയ്യുന്നുണ്ട്. സിനിമയുടെ സ്ക്രിപ്റ്റ് മൂന്നിടത്ത് സൂക്ഷിച്ചിട്ടുണ്ട്. എനിക്ക് എന്ത് സംഭവിച്ചാലും ഈ സിനിമ പുറത്തു വരണം. വരുന്ന ഫെബ്രുവരി 20 നു ഷൂട്ടിങ് തുടങ്ങണം എന്നാണു ആഗ്രഹിക്കുന്നത്. ഏപ്രിലിൽ ഷൂട്ടിങ് തീർക്കണം, ജൂലൈയോടെ പോസ്റ്റ് ഷൂട്ടിംഗ് വർക്ക് ആഗസ്റ്റ് 20–ന് ആണ് ലഹള തുടങ്ങിയത് അന്ന് റിലീസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ചരിത്രം എന്താണെന്ന് അറിയാൻ എല്ലാവരുടെയും പിന്തുണ ഉണ്ടായിരിക്കും എന്ന് കരുതുന്നു.

Copyright © . All rights reserved