Movies

പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന പേരിൽ ചിത്രീകരിക്കുന്ന ചിത്രം ചിത്രീകരണം പൂർത്തിയായാലും പ്രദർശിപ്പിക്കാൻ താൻ അനുവദിക്കില്ല എന്ന് കടുവാക്കുന്നേൽ കുറുവച്ചൻ. എന്നാൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം സാങ്കൽപികമാണെന്നും യഥാർഥ കുറുവച്ചനുമായി ബന്ധമില്ലെന്നും കടുവ സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം. നിയമ പോരാട്ടങ്ങൾക്കൊടുവിൽ പൃഥ്വിരാജ് നായകനാകുന്ന സിനിമക്ക് ചിത്രീകരണത്തിന് കോടതി അനുമതി നൽകുകയും സുരേഷ്‌ഗോപി ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.

സുരേഷ്‌ഗോപി ചിത്രവും പൃഥ്വിരാജ് ചിത്രവും തന്റെ ജീവിതകഥ‌യാണ് തിരക്കഥയാക്കിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടു സിനിമയുടെയും തിരക്കഥ തനിക്ക് കാണണം എന്ന് പറഞ്ഞു ‍കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ കഥ വായിച്ചു, എന്നാൽ അതിൽ എന്റെ ജീവിത കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമമുണ്ട്. എന്റെ യഥാർത്ഥ ജീവിതത്തിലെ കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സുപ്രീം കോടതിയടക്കമുള്ള നീതിന്യായപീഠങ്ങൾക്കു മുമ്പിൽ രേഖാമൂലം വെളിവാക്കപ്പെട്ടതാണ്.

കടുവ എന്ന ചിത്രവുമായി അതിന്റെ അണിയറ പ്രവർത്തകർ മുന്നോട്ടു പോവുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഷൂട്ട് തുടങ്ങാൻ പോകുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ സമ്മതമില്ലാതെ എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥ സിനിമയാക്കുന്ന നടപടികളുമായി മുന്നോട്ടു പോയാൽ സിനിമ പൂർത്തിയാക്കാൻ കഴിയാതെ വരും. സിനിമ പൂർത്തിയായാലും അത് തീയറ്ററിൽ എത്തിക്കാൻ ഞാൻ സമ്മതിക്കില്ല. കോടതിയിൽ നിന്നും തിരക്കഥ ഔദ്യോഗികമായി ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. എന്റെ അനുവാദത്തോടെ ‘ഗ്യാങ്സ് ഓഫ് കിനോ’ എന്ന യൂട്യൂബ് ചാനൽ എന്റെ ജീവചരിത്രം എട്ടു എപ്പിസോഡുകളിൽ ചിത്രീകരിക്കുന്നുണ്ട്. അതിന്റെ പേര് ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നുതന്നെയാണ്. എന്റെ അനുവാദമില്ലാതെ എന്റെ കഥ ചിത്രീകരിക്കാൻ ആരെയും അനുവദിക്കില്ല. അഭിഭാഷകരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.

കടുവയുടെ കഥ അദ്ദേഹം വായിച്ചിട്ടുണ്ട് എന്നു പറയുന്നു. അങ്ങനെ വായിക്കാൻ ആ കഥ ഞാൻ എവിടെയും പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിട്ടില്ല. ചിലപ്പോൾ കടുവയുടെ കഥ ഇതാണെന്ന് പറഞ്ഞ് ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു സാമ്യവുമില്ലെന്ന് കടുവയുടെ സംവിധായകൻ തന്നെ വ്യക്തമാക്കിയതാണ്. ഇതു തികച്ചും സാങ്കൽപിക കഥാപാത്രമാണ്.

എന്റെ ചുറ്റുപ്പാടുകളിലും വളർന്ന സാഹചര്യങ്ങളിലും കണ്ടതും കേട്ടതും അനുഭവച്ചറിഞ്ഞതുമായ കാര്യങ്ങളാണ് തിരക്കഥയായി എഴുതുക. അതല്ലാതെ ശൂന്യതയിൽ നിന്നും കഥ എഴുതാനുള്ള വിദ്യ എനിക്കറിയില്ല. എന്റെ കഥാപാത്രത്തിന് കടുവാക്കുന്നേൽ കുറുച്ചവൻ എന്ന പേര് എങ്ങനെ വന്നു എന്നതിനുള്ള കൃത്യമായ ഉത്തരം തിരക്കഥയിലുണ്ട്. അത് സിനിമയായി വരുമ്പോൾ നിങ്ങൾക്കും മനസിലാകും. അതല്ലാതെ, ഞങ്ങൾ ആരുടെയും ജീവിതം വികലമായി ചിത്രീകരിച്ചിട്ടില്ല. മാത്രമല്ല അങ്ങനെ ഒരു ആരോപണം ഉന്നയിക്കാൻ അദ്ദേഹത്തിന് എന്ത് തെളിവാണുള്ളത്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിയുമായി എന്റെ നായകനോ സിനിമയ്ക്കോ യാതൊരു ബന്ധവുമില്ല.

പിന്നെ പേരിന്റെ കാര്യം. കുര്യൻ, കുര്യോക്കാസ് എന്നിങ്ങനെ േപരുള്ള ആളുകളെ കുറുവച്ചൻ, കുറുവാച്ചൻ എന്നൊക്കെ വിളിക്കാറുണ്ട്. അതുപോലെ ജോസഫ്എന്നു പേരുള്ള ആളെ ഔസേപ്പേട്ടാ എന്നാകും നാട്ടിൽ ചിലർ വിളിക്കുക. ഇതൊക്കെ എങ്ങനെയാണ് ഒരാളുടെ മാത്രം സ്വന്തമാണെന്ന് പറയാനാകുക. ഞങ്ങൾ ആവർത്തിച്ച് പറയുന്നു, ഇതൊരു സാങ്കൽപിക കഥാപാത്രമാണ്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച് വേണമെങ്കിലും സിനിമയാക്കാം. സുരേഷ് ഗോപിയോ, അർണോൾഡ് ഷ്വാർസ്നെഗറോ ആരുവേണമെങ്കിലും അതിൽ നായകനാകട്ടെ. അത് നല്ല കാര്യം. ഇനിയും ഈ തെറ്റിദ്ധാരണയും വച്ച് നിയമപരമായി മുന്നോട്ടുപോകാനാണെങ്കിൽ അതിലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. എല്ലാ സഹകരണവും ഉണ്ടാകും.

നൂറുകോടിക്ക് മുകളിൽ ചെലവഴിച്ച് നിർമിച്ച ബ്രഹ്മാണ്ഡ സെറ്റിൽ വീണ്ടും ഷൂട്ടിങ് ആരംഭിച്ച് എസ്.എസ് രാജമൗലി. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഷൂട്ടിങ് നിർത്തിയിരുന്നു. ഇന്നലെ സെറ്റ് വീണ്ടും തുറക്കുന്ന വിഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു. മാസങ്ങളോളം അടച്ചിട്ടതോടെ സെറ്റ് പൂർണമായും പൊടി പിടിച്ച നിലയിലായിരുന്നു. സെറ്റ് വൃത്തിയാക്കാൻ തന്നെ ഒരുദിവസം വേണ്ടി വന്നതായി അണിയറപ്രവർത്തകർ പറയുന്നു. ഏകദേശം നൂറ് കോടിക്ക് മുകളിലാണ് കൂറ്റൻ സെറ്റിന്റെ നിർമാണ ചിലവ്.

ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുക. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം.

തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരൻ. നടി തന്നെയാണ് വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയിൽ വച്ചാണ് വിവാഹം.

അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

ഇരുവരുടേതും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ. 2004ൽ ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജൽ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറി.

മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിലൂടെ ഒരു കാലത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് ഇബ്രാഹിംകുട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ എന്ന നിലയിലാണ് മലയാളികൾക്ക് ഇദ്ദേഹത്തെ കൂടുതൽ അറിയുക. ഇബ്രാഹിംകുട്ടിയുടെ യൂ ട്യൂബ് വ്ലോകും ഏറെ ശ്രദ്ധേയമായാണ്. ഇബ്രുസ് ഡയറി ബൈ ഇബ്രാഹിംകുട്ടി എന്ന യൂ ട്യൂബ് ചാനലിൽ വളരെ രസകരമായ വീഡിയോകളാണ് അദ്ദേഹം ചെയ്യാറുള്ളത്. പുതിയ എപ്പിസോഡിൽ മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ എന്ന് സിനിമ പ്രേമികളും ആരാധകരും വിശേഷിപ്പിക്കുന്ന മോഹൻലാലിനെ കുറിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. ഒരു എപ്പിസോഡ് പൂർണ്ണമായും മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളിൽ ലഭിച്ച അനുഭവങ്ങളും ഇബ്രാഹിംകുട്ടി തുറന്ന് പറയുന്നുണ്ട്.

മോഹൻലാലിന്റെ വ്യക്തിത്വവും കുട്ടിത്തം മാറാത്ത ഭാവങ്ങളും ഏതൊരു വ്യക്തിയെ സ്വാധീനിക്കുമെന്ന് ഇബ്രാഹിംകുട്ടി വ്യക്തമാക്കി. നരസിംഹത്തിലെ മോഹൻലാലിനെക്കാൾ നാടോടികാറ്റിലെ മോഹൻലാലിനെ ആയിരിക്കും പലർക്കും ഇഷ്ടമെന്ന് അദ്ദേഹം പറയുകയുണ്ടായി. ക്ലൈമാക്സ് കാണാത്ത ഒരുപാട് മോഹൻലാൽ ചിത്രങ്ങൾ ഉണ്ടെന്നും ക്ലൈമാക്സിലെ കഥാപാത്രത്തിന്റെ പ്രകടനം കണ്ട് സങ്കടം വരും എന്ന് അറിയുന്നത്കൊണ്ടാണ് താൻ അത് കാണാത്തതെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു അഭിനയിച്ച ഒരുപാട് ചിത്രങ്ങളുടെ ലൊക്കേഷനിൽ പോകാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മോഹൻലാൽ നമ്മുടെ അടുത്ത് വന്നിട്ട് പോയാൽ ഒരു പ്രെസൻസ് കുറെ നേരത്തേക്ക് ഫീൽ ചെയ്യുമെന്നും ഒരുപാട് പോസിറ്റീവ് എനർജി നൽകുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി വ്യക്തിമാക്കി.

മമ്മൂട്ടി ഷൂട്ട് കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ബാപ്പ സിനിമകളുടെ വിശേഷങ്ങൾ ചോദിക്കാതെ മോഹൻലാൽ കൂടെ ഉണ്ടായിരുന്നോ എന്നും അവന്റെ വീട്ടിലും ഇതുപോലെ അച്ഛനും അമ്മയും അവനെ കാത്തിരിപ്പുണ്ടായിരിക്കുമല്ലേ എന്ന് പലപ്പോഴായി പറയാറുണ്ടെന്ന് ഇബ്രാഹിംകുട്ടി തുറന്ന് പറയുകയുണ്ടായി. ഭഗവാൻ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ഒരു ചമ്മൽ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളത്തിലെ സകല ബോക്‌സോഫീസ് റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ദൃശ്യം’. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

ഇപ്പോഴിതാ ചിത്രീകരണത്തിനിടയില്‍ നിന്നും ജോര്‍ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം പകര്‍ത്തിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മക്കള്‍ രണ്ട് പേരും വളര്‍ന്ന് വലുതായെങ്കിലും ജോര്‍ജുകുട്ടിക്കും റാണിയും ഇന്നും ചെറുപ്പം തന്നെയാണ്.

കടുത്ത കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിദ്ദിഖ്, ആശാ ശരത്ത് എന്നിവര്‍ക്ക് പുറമെ സായ്കുമാര്‍, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്.

https://www.facebook.com/JeethuJosephOnline/posts/988220184988213

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ടിന്റെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെയും റിലീസ് അടുത്ത വർഷത്തേക്ക് നീട്ടിയതിന് പിന്നാലെ സിനി വേൾഡ് തിയേറ്ററുകൾ അടിച്ചുപൂട്ടുന്നതായി അറിയിപ്പ്. യുകെയിലെയും അയർലൻഡിലെയും 128 തിയേറ്ററുകളാണ് അടച്ചുപൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമ തീയേറ്റർ ശൃംഖല അടച്ചുപൂട്ടുനത്തോടെ ലോക സിനിമ വ്യവസായത്തിന്റെ ഭാവി തുലാസിലാക്കുകയാണ്. ബിഗ് ബജറ്റ് റിലീസുകൾ നീട്ടിവെക്കാനുള്ള ഫിലിം സ്റ്റുഡിയോകളുടെ തീരുമാനം കാരണം വ്യവസായം അസാധ്യമാണെന്ന് സിനി വേൾഡ് മേധാവികൾ അറിയിച്ചു. വാരാന്ത്യത്തിൽ ബോറിസ് ജോൺസണിനും കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡണിനും അവർ കത്തെഴുതുകയുണ്ടായി. ഈ ആഴ്ച ഉടൻ തന്നെ യുകെയിലെ എല്ലാ സൈറ്റുകളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും അവർ വ്യക്തമാക്കി. ഇതിലൂടെ 5, 500 പേരുടെ തൊഴിലുകളാണ് നഷ്ടമാവുന്നത്.

എന്നാൽ സിനി‌വേൾഡ് തിയേറ്ററുകൾ അടുത്ത വർഷം വീണ്ടും തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് ഏറ്റവും പുതിയ ജെയിംസ് ബോണ്ട്‌ ചിത്രമായ ‘നോ ടൈം ടു ഡൈ’യുടെ റിലീസ് ഇപ്പോൾ രണ്ടുതവണ മാറ്റിവച്ചു. 2021 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം തിയേറ്ററുകൾ അടയ്‌ക്കേണ്ടിവന്നതിനാൽ ഈ വർഷം ആദ്യ പകുതിയിൽ 1.3 ബില്യൺ പൗണ്ടിന്റെ നഷ്ടം ഉണ്ടായതായി സിനിവേൾഡ് റിപ്പോർട്ട്‌ ചെയ്തു.

ലോക്ക്ഡൗൺ മൂലം അടച്ചിട്ട തിയേറ്ററുകൾ ജൂലൈ 10ന് തുറക്കാൻ ഒരുങ്ങിയെങ്കിലും കാലതാമസം നേരിട്ടു. സുരക്ഷാനടപടികൾ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകിയത്. എങ്കിലും നേരിട്ട വലിയ നഷ്ടം നികത്താൻ കഴിയാതെവന്നത്തോടെയാണ് അടച്ചുപൂട്ടാൻ ഉടമകൾ തയ്യാറാവുന്നത്. ആറായിരത്തോളം പേർക്ക് ഇപ്പോൾ ജോലികൾ നഷ്ടമാകുമെങ്കിലും അടുത്ത വർഷം വീണ്ടും തുറക്കുമ്പോൾ തൊഴിലാളികൾക്ക് തിരിച്ചെത്താവുന്നതാണ്.

വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത കേസില്‍ ഒരു ഡോക്‌ടറും സീരിയല്‍ നടനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബു, സീരിയല്‍ നടന്‍ ജസ്‌മീര്‍ ഖാന്‍, മൊബൈല്‍ കടയുടമ ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തത്.

വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്‌ത ചിത്രമാണ് പ്രതികള്‍ പ്രചരിപ്പിച്ചത്. വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്ബത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്‌തിരുന്നതായി പരാതിയുണ്ടായിരുന്നു.

വീട്ടമ്മയുടെ സഹോദരിയുടെ മകനാണ് കേസിലെ ഒന്നാംപ്രതിയും ദന്തഡോക്‌ടറുമായ സുബു. ഇയാളാണ് മുഖ്യ ആസൂത്രകന്‍. സുബുവിന്റെ ആവശ്യപ്രകാരമാണ് സീരിയല്‍ നടന്‍ ജസ്‌മീര്‍ ഖാന്റെ ഫോണില്‍ നിന്ന് മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച്‌ ജസീര്‍ ഖാന് സിം കാര്‍ഡ് എടുത്തുനല്‍കിയതാണ് ശ്രീജിത്തിനെതിരെയുള്ള കുറ്റം. പരാതി ലഭിച്ച്‌ രണ്ട് ദിവസത്തിനുള്ളിലാണ് പൊലീസ് നടപടി.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതികൾ സൂര്യയും ഇഷാനും. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ സൂര്യയെ എല്ലാവർക്കും പരിചിതമാണ്. രണ്ട് വർഷം മുൻപ് ആണ് ഇരുവരുടെയും വിവാഹം നടന്നത്. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികൾ എന്ന വിശേഷണം കൂടി ഇവർക്ക് ഉള്ളതുകൊണ്ട്, ഏറെ ആഘോഷിക്കപ്പെട്ട വിവാഹം കൂടി ആയിരുന്നു ഇവരുടേത്.

രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇവർ ഇപ്പോൾ. ഇതിൻറെ ഭാഗമായി എടുത്തിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

രണ്ടാം വിവാഹ വാർഷികം ജീവിതകാലം മുഴുവൻ ഓർത്തിരിക്കണം എന്ന തരത്തിലുള്ള ചിത്രങ്ങൾ എടുക്കണം എന്ന നിർബന്ധം ഉള്ളതുകൊണ്ടാണ് ഇരുവരും ആലുവ പുഴയുടെ തീരങ്ങളിൽ ചെന്നത്. ഇവിടെ വെച്ചാണ് മനോഹരമായ ഒരുപാട് ചിത്രങ്ങൾ ഇരുവരും പകർത്തിയത്. ഗ്രാമീണതയും ഹരിതാഭയും നിറഞ്ഞ ചിത്രങ്ങളാണ് ഇവർ പകർത്തിയത്. ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയത്.

സ്വന്തം ചോരയിൽ ഒരു കുഞ്ഞ് വേണം എന്നതാണ് ഇപ്പൊൾ ഇരുവരുടെയും സ്വപ്നം. ഇതിനുള്ള സാധ്യതകൾ തേടുകയാണ് ഇവർ രണ്ടുപേരും ഇപ്പോൾ.

 

ഫേസ്ബുക്ക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.സ്ത്രീകളെക്കുറിച്ചു അശ്ളീല പരാമര്‍ശം നടത്തി വീഡിയോകള്‍ ചെയ്യുന്ന വിജയ് പി നായരേ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യ ലക്ഷ്മിയ്ക്ക് അനുകൂലമായും പ്രതികൂലമായും ഉള്ള പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.അതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ഈ പ്രതികരണവും.സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്നും ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഭാഗ്യലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കേൾക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവർക്ക് ആരാധകർ ഏറി വരുന്നതും.

അതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുടെയും പങ്ക് വളരെ വലുതാണെന്ന് ഈ സംഭവത്തിന്‌ ശേഷം കുറേക്കൂടി വ്യക്തമായി..

ഈ സംഭവം നടന്ന പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത്,(സ്ത്രീ ) എന്റെ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരാണവർ, എന്നെ വിളിച്ച് പറഞ്ഞു ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കൾ ഉണ്ട്, അവർ പറഞ്ഞു അമ്മ ആന്റീ യെ വിളിക്കണം സപ്പോർട്ട് അറിയിക്കണം, ഞങ്ങൾ ഉണ്ട് കൂടെ, എന്ന് പറഞ്ഞു ഫോൺ വെച്ച അവർ നേരെ പോയി ഫേസ്ബുക്കിൽ എഴുതി. ഭാഗ്യലക്ഷ്മി എന്റെ 30വർഷത്തെ സുഹൃത്താണ് പക്ഷെ എനിക്കവരുടെ നിലപാടുകളോട് യോജിക്കാനാവില്ല, എന്ന് തുടങ്ങി എന്റെ സ്വകാര്യ ജീവിതവും പറയുന്നു. അവരുടെ pro pic പോലും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ്

ഇതെന്ത് തരം സമീപനമാണ്, ഞാൻ പരാതിപ്പെട്ട 2 വ്യക്തികൾ എന്റെ സുഹൃത്തുക്കൾ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവർ. പക്ഷെ ഇവർ എന്റെ സുഹൃത്തെന്നു പറഞ്ഞുകൊണ്ടാണ് ലൈക്സ് നും കമന്റിനും വേണ്ടി മാത്രം ഇങ്ങനെ എഴുതിയത്. പാവം. എത്ര ചെറിയ മനസും ലോകവുമാണ് അവരുടേത്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിലൂടെ പറയുന്നവർ അവരുടെ ജീവിതത്തെ പറ്റി പറയാനുള്ള ധൈര്യം കാണിക്കുമോ?
ഞാൻ എടുത്ത നിലപാടിനോട് യോജിക്കാത്ത വ്യക്തിയുടെ എഴുത്തിനെതിരെ കമന്റ്‌ ഇട്ടവരെ അവർ block ചെയ്യുന്നു. അതുപോലും സഹിക്കാനാവാത്തവരാണ് പറയുന്നത് എന്റെ നിലപാടിനോട് യോജിക്കുന്നില്ല എന്ന്.

എന്നെ ആക്രമിക്കുന്നവർ എനിക്ക് പരിചയമില്ലാത്തവരാണ്. അതിലെനിക്ക് പരിഭവമില്ല. പക്ഷെ 30 വർഷത്തെ സുഹൃത്താണ് ഈ ഇരട്ടത്താപ്പ് നിലപാട് എടുത്തത് എന്ന് ആലോചിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്… എല്ലാത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഞാൻ. ആ എന്നെ ഇങ്ങനെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതും ഈ ആക്രമിക്കുന്നവരാണ്..
നാളെ ഓരോരുത്തർക്കും ഇതരത്തിലൊരു സൈബർ ആക്രമണം വരുമ്പോൾ ശിക്ഷിക്കാനൊരു ശക്തമായ നിയമം ഇവിടെ ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ പോരാടിയത്.. അത് മനസിലാക്കാൻ സ്ത്രീകൾക്ക് പോലും സാധിക്കുന്നില്ലെങ്കിൽ……….

ഇത് പറയാൻ വേണ്ടി മാത്രം വന്നതാണ്… ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ല.. വരാതിരിക്കാൻ ശ്രമിക്കും.

ആരുടേയും പിന്തുണക്കോ രാഷ്ട്രീയ ലക്ഷ്യത്തിനോ വേണ്ടിയല്ല ഇതിനു ഇറങ്ങിതിരിച്ചത്.. എന്റെ മനസാക്ഷിക്കു വേണ്ടിയാണ്‌.. ഒരുപാടു പേരുടെ കണ്ണുനീർ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ഒരു അക്രമണവും എന്നെ ബാധിക്കില്ല.
സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്ന് ചിന്തിച്ചു പോയി.ഇത്തിരി സങ്കടം വന്നു. 30 വർഷത്തെ കള്ളത്തരം ഓർത്ത്.

അതേസമയം വിജയ് പി നായർക്കെതിരെയുള്ള പരാതിയിൽ സൈബർ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലിൽ തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി കൈമാറി. അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്ത 3 പേരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചു.

ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബർ പൊലീസ് ‍ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു.

ബംഗാളി നടി മിഷ്തി മുഖര്‍ജി അന്തരിച്ചു. 27 വയസായിരുന്നു. കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.

‘മേം കൃഷ്ണ ഹൂം’, ‘ലൈഫ് കി തോ ലഗ് ഗയീ’ എന്നീ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി അഭിനയിച്ചിട്ടുണ്ട്. താരം ശരീരഭാരം കുറയ്ക്കുന്നതിനായി കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയത്.

‘കീറ്റോ ഡയറ്റിനെ തുടര്‍ന്ന് അവളുടെ വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാവില്ല’ എന്നാണ് കുടുംബാംഗങ്ങള്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

RECENT POSTS
Copyright © . All rights reserved