Movies

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ മലയാള സിനിമയിലെ വിവേചനത്തെ കുറിച്ചും മേധാവിത്വത്തെ കുറിച്ചും തുറന്നടിച്ചിരിക്കുകയാണ് നടന്‍ നീരജ് മാധവ്. ചുരുങ്ങിയ കാലത്തെ സിനിമാജീവിതം കൊണ്ട് താന്‍ മനസ്സിലാക്കിയ സിനിമയിലെ അലിഖിത നിയമങ്ങളെ കുറിച്ചും മാറ്റിനിര്‍ത്തപ്പെടലുകളെ കുറിച്ചുമാണ് നടന്‍ പ്രതികരിക്കുന്നത്.

നീരജ് മാധവിന്റെ കുറിപ്പ്:

‘സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ‘, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, ”അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു ഹൈറാര്‍ക്കി സംമ്പ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്‌നം. കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം, സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍. നമ്മള്‍ കാഷ്വല്‍ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. എക്‌സ്ട്രീംലി ജഡ്ജ്‌മെന്റല്‍ ആയിട്ടുള്ള ഒരു പറ്റം കൂട്ടര്‍.

വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ്, എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടില്‍ പോവുക. എന്നാല്‍ നിങ്ങളെ അടുത്ത പടത്തില്‍ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയില്‍ അല്‍പം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ ഗുഡ് ബുക്‌സില്‍ ഞാന്‍ കേറിപറ്റിയിട്ടില്ല. അല്പം ഡിമാന്റിങ് ആയതിന്റെ പേരില്‍ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാന്‍ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്‌നവുമാണ് എന്നിരിക്കെ, സിനിമയില്‍ മുന്നേറാന്‍ നമ്മള്‍ക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു ഷോ ബിസിനസ് കൂടിയാണ്, അപ്പോള്‍ കൂടുതല്‍ ശമ്പളം മേടിക്കുന്നവര്‍ ആണ് താരങ്ങള്‍. നായികയുടെ ഹെയര്‍ ഡ്രെസറിന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാന്‍ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കില്‍ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളില്‍ നിന്ന് ചുവട് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. സാറ്റലൈറ്റ് വാല്യു മുതല്‍ സിനിമയ്ക്കു നല്ല തീയറ്ററുകള്‍ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത് പടം തീയറ്ററില്‍ എത്തിച്ചാല്‍ നിങ്ങളില്‍ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം എബൗവ് ആവറേജ് ആയാലും പോരാ, എക്‌സെപ്ഷണല്‍ ആണേല്‍ ഞങ്ങള്‍ വിജയിപ്പിക്കാം. അല്ലേല്‍ വിമര്‍ശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകള്‍ പോലും ഇക്കൂട്ടര്‍ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തില്‍ എന്താണ് ഇത്ര കാര്‍ക്കശ്യം ? ആരോട് പറയാന്‍…

ഇത്രയൊക്കെ എഴുതാന്‍ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച സുശാന്ത് സിങ് രജ്പുത് എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റണൗട്ട്് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. ബോളിവുഡില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത സുശാന്തിന്റെ ഇന്‍ഡസ്ട്രിയിലെ ചെറുത്ത് നില്‍പ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇന്‍ഡസ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. ഫാമിലി മാനിനു വേണ്ടി (അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം) മുംബയില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകന്‍ നിതെഷ് തിവാരി ചിച്ചോരയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്, സ്‌ക്രീന്‍ ടെസ്റ്റും മേക്കപ്പ് ചര്‍ച്ചയും എല്ലാം കഴിഞ്ഞു ജോയിന്‍ ചെയ്യാന്‍ ഇരിക്കെയാണ് ഡേറ്റ് ക്ലാഷ് മൂലം അത് കൈവിട്ടു പോയത്, അതില്‍ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയില്‍ അഭിനയിച്ചിരുന്നേല്‍ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചേനെ, സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്‌നവും ഒരുപാട് റിലേറ്റ് ചെയ്യാന്‍ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയേനെ…

ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങള്‍ ആണ്, ഇപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവര്‍ നേരിടാന്‍ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാന്‍ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാല്‍, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്‌നവും ഉള്ളവര്‍ നിലനില്‍ക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവര്‍ക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന സച്ചിദാനന്ദന്‍ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തില്‍. മറ്റൊരു ആശുപത്രിയില്‍ നിന്നും ഇന്ന് രാവിലെ ജൂബിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ നില ഗുരുതരാവസ്ഥയിലാണ് എന്ന് ആശുപ്രത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നട്ടെല്ലിന്റെ ശസ്ത്രക്രിയയെ തുടര്‍ന്നു നേരിട്ട ശാരീരികാസ്വാസ്ഥങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും തലച്ചോറിനെ ബാധിക്കുയും ചെയ്തതായി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

പൃഥ്വിരാജിനെ നായകനാക്കി സച്ചിയും സേതുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ‘ചോക്ക്ലേറ്റ്’ മുതല്‍ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ‘അയ്യപ്പനും കോശിയും’ വരെ ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ സ്വന്തമായുള്ള കലാകാരനാണ് സച്ചി.

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ വെച്ചാണ് സുധാദേവി മരിച്ചത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. സുശാന്തിന്റെ മരണ വാര്‍ത്ത കേട്ടതിന് പിന്നാലെ സുധാദേവി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സുശാന്തിന്റെ ശവസംസ്‌കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണം സംഭവിച്ചത്.

സുശാന്തിന്റെ മരണവിവരം അറിഞ്ഞതു മുതല്‍ ഇവര്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. യുവ നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദുഃഖാചരണങ്ങള്‍ നടന്നു.

മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സുശാന്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. നടനെ ഒരുനോക്ക് കാണാനും അവസാന യാത്ര പറയാനും. കനത്ത മഴയ്ക്കിടയിലും നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയില്‍ വിറങ്ങലിച്ച ബോളിവുഡ് ചലച്ചിത്രലോകത്തിന് വീണ്ടുമൊരു ഞെട്ടല്‍ കൂടി. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു.

സുശാന്ത് സിങ്ങിന്റെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇത് കൊലപാതകമാണ്. അതിനാല്‍ തന്നെ സിബിഐ അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം. സുശാന്തിന്റെ മാതൃസഹോദരന്‍ പറഞ്ഞു.

അതേസമയം സുശാന്ത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും ആന്റി ഡിപ്രഷന്‍ ഗുളികകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് പറയുന്നു. കോവിഡ് പരിശോധനയ്ക്ക് ശേഷമാകും സംസ്‌കാരം. ഇന്നലെ രാത്രി വൈകി പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക.
സുശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്‍ മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തതും സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ചെമ്പൻ വിനോദിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്. 45 വയസുള്ള ചെമ്ബന്‍ വിനോദ് ജോസും 25 വയസുള്ള മറിയവും തമ്മിലുള്ള പ്രായ വ്യത്യാസത്തെമുന്‍നിര്‍ത്തിയായിരുന്നു പലരും ഈ വിവാഹത്തെ പരിഹസിച്ചത്. ഇപ്പോഴിതാ ഇത്ര ചെറിയ പെണ്ണിനെ ആണോ താന്‍ കല്യാണം കഴിക്കുന്നത് എന്ന ചോദ്യത്തിന് ചെമ്ബന്‍ വിനോദ് നല്‍കിയ മറുപടി ശ്രദ്ധനേടുന്നു.

‘വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലെന്ന് ആരെങ്കിലും പറയുമോ.ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളര്‍ന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണെന്നുള്ള ചോദ്യം ഞങ്ങള്‍ക്കിടയില്‍ വന്നത്. അതിനെ പറ്റിയുള്ള ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. അതൊരു കുടുംബകലഹത്തിലേക്ക് പോകും എന്ന് തോന്നിയപ്പോള്‍ നിര്‍ത്തി. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യം.

എന്റെയും മറിയത്തിന്റെയും വീട്ടില്‍ വന്നു തീരുമാനം മാറ്റാന്‍ ശ്രമിച്ചവരുണ്ട്. ‘ഇത്ര ചെറിയ പെണ്ണിനെ ഇവന്‍ കെട്ടുന്നത് ശെരിയാണോ’ എന്ന ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് ‘ എത്രകാലം അവന്‍ ഒറ്റക്ക് ജീവിക്കും.? അവനു ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ ‘എന്നായിരുന്നു . ആളുകളെ കൊണ്ട് നല്ലത് പറയിക്കാമെന്നു വിചാരിച്ചാലും സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. പക്ഷെ ഞങ്ങള്‍ക്ക് പരസ്പരം തൃപ്തിപ്പെടുത്താന്‍ പറ്റും, സമൂഹത്തെ ബുദ്ധിമുട്ടിക്കാതെ ‘ വിനോദ് പറയുന്നു.

ലോക്ക്ഡൗൺ കാലത്തെ രണ്ടാമത്തെ താരവിവാഹമായിരുന്നു ചെമ്പൻ വിനോദിന്റെത്. ഏപ്രിൽ 26 ന് നടൻ മണികണ്ഠൻ ആചാരിയും വിവാഹിതനായിരുന്നു. ലോക്ക്‌ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവാഹത്തിന് സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ അടക്കം നിരവധിപേര് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു.

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്. ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പൻ വിനോദിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചെമ്പൻ വിനോദ് ചിത്രം.

സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തകയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ സപ്ന ഭവാനി. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ബോളിവുഡ് ഇന്‍ഡസ്ട്രിക്കകത്തെ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്ന ഭവാനി പറഞ്ഞു. ബോളിവുഡ് ഇന്ഡസ്ട്രീക്കകത്ത് ആരും തന്നെ സുഹൃത്തുക്കളായി കാണില്ലെന്നും സപ്‌ന പറഞ്ഞു. ട്വീറ്റിലൂടെയാണ് സപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്.

മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. 34 വയസ്സായിരുന്നു. ‘പവിത്ര രിഷ്ട’ എന്ന ടെലിവിഷന്‍ സീരീയലിലൂടെയാണ് സുശാന്ത് സിങ് അഭിനയരംഗത്തേക്കെത്തുന്നത്.

2019 ല്‍ പുറത്തിറങ്ങിയ ഡ്രൈവ് ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. . 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയെന്ന സൂചനയാണ് സപ്ന ഭവാനി നല്‍കുന്നത്.

ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി.

 

അരമതിലില്‍ കൂളിംഗ് ഗ്ലാസിട്ട് നില്‍ക്കുന്ന ആള്‍ക്ക് എതിര്‍വശത്തായി എന്തോ ചര്‍ച്ചയിലാണ്ട മമ്മൂട്ടി. ഒറ്റനോട്ടത്തില്‍ മമ്മൂട്ടിയാണോ എന്ന് പിടികിട്ടാത്ത ഫോട്ടോ. ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സിനിമാ പ്രോമോഷണല്‍ പേജുകളിലും ചര്‍ച്ചയായ ഈ ചിത്രം ഇതിന് മുമ്പ് പലരും കണ്ടിരിക്കാനും വഴിയില്ല. അടുത്ത് ഇരിക്കുന്ന ആളുടെ വാക്കുകള്‍ സദയം ശ്രദ്ധയോടും ഗൗരവത്തോടുകൂടിയും കേട്ടിരിക്കുന്ന ചെറുപ്പക്കാരനായ മമ്മൂട്ടി. 20 വയസിനപ്പുറം ആ ചിത്രത്തില്‍ മമ്മൂട്ടിക്ക് പ്രായമില്ല. സിനിമയില്‍ എത്തുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ഒരു ചിത്രമാണിത്. സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ആ ചിത്രത്തിന് പിന്നാലെ പോയപ്പോള്‍ തെളിഞ്ഞത് മമ്മൂട്ടി എന്ന നടന്റെ കൗമാരകാലത്തെ ചങ്ങാത്തത്തിന്റെ കഥ.

മുഹമ്മദ് റഫീഖും സഹോദരങ്ങളും തങ്ങളുടെ മുഖപുസ്തക ചുവരില്‍ പതിച്ച ആ ചിത്രം ഇത്ര ഫേമസ് ആയിത്തീരുമെന്ന് അവര്‍ പോലും കരുതിയില്ല. ആരാണ് അന്നത്തെ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിക്കൊപ്പം ആ അരമതില്‍പുറത്തിരിക്കുന്നത്? മമ്മൂക്ക ഗൗരവത്തോടുകൂടി കേട്ടിരിക്കുന്ന വാക്കുകള്‍ ആരുടേതാണ്?

മുഹമ്മദ് റഫീക്ക് റഹീം പറയുന്നത്

ഞാന്‍ മുഹമ്മദ് റഫീഖ് റഹീം. മമ്മൂട്ടിയുടെ ഉമ്മയുടെ വീടിനടുത്താണ് ഞങ്ങളുടെ വീട്. ചന്തിരൂരില്‍. എന്റെ വാപ്പ ആണ് ആ ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം കാണുന്ന വ്യക്തി. മമ്മൂക്ക ചന്തിരൂരിലെ ഉമ്മയുടെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണിത്. എന്റെ സഹോദരന്‍ അബ്ദുള്‍ റാസിഖിന് മമ്മൂട്ടിയുടെ ഉമ്മയുടെ ബന്ധുക്കളില്‍ നിന്ന് ഈയടുത്ത കാലത്ത് കിട്ടിയതാണ് ഈ ഫോട്ടോ. ഞങ്ങളത് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഷെയര്‍ ചെയ്തു. പക്ഷേ അത് ഇത്ര വലിയ ചര്‍ച്ച ആകുമെന്ന് കരുതിയില്ല. ഫോട്ടോയുടെ കാപ്ഷന്‍ വാപ്പച്ചി എന്ന് എഴുതിയതോടെ അത് ഗുലുമാലുമായി. പല പ്രമുഖരടക്കം ആ ഫോട്ടോ ഞങ്ങളുടെ കാപ്ഷനോടുകൂടി തന്നെയാണ് ഷെയര്‍ ചെയ്തത്.

മമ്മൂട്ടിക്ക് ഇത്രയും മക്കളുണ്ടോ, മമ്മൂട്ടിയുടെ മകന്‍ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പിന്നാലെ വരാന്‍ തുടങ്ങി. എന്തുകണ്ടാലും പൊങ്കാല ഇടാന്‍ ഇരിക്കുന്ന കുറെ പേരുണ്ടല്ലോ. പലതരത്തിലുള്ള കമന്റുകള്‍ ഞങ്ങള്‍ക്കും നേരിടേണ്ടിവന്നു. മമ്മൂക്കയോടൊപ്പം കൂളിംഗ് ഗ്ലാസിലുള്ളതാണ് എന്റെ വാപ്പ. പലര്‍ക്കും ഇപ്പോഴും കിട്ടാത്ത ഭാഗ്യം ഞങ്ങളുടെ വാപ്പയ്ക്കും കിട്ടി, അതാണ് ആ ചങ്ങാത്തം.

മമ്മൂക്ക അദ്ദേഹത്തിന്റെ ഉമ്മവീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വരുമ്പോഴൊക്കെ ഞങ്ങളുടെ വാപ്പച്ചിയുടെ അടുത്തു വരും. വാപ്പയെ വലിയ കാര്യമായിരുന്നു മമ്മൂക്കയ്ക്ക്, തിരിച്ചും അങ്ങനെ തന്നെ. അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തെടുത്ത ഫോട്ടോയാണിത്, ഏറിപ്പോയാല്‍ ഒരു 20 വയസ്സ്. ഞങ്ങളുടെ വാപ്പ നാട്ടില്‍ അത്യാവശ്യം അറിയപ്പെടുന്ന ആളായിരുന്നു. മമ്മൂക്കയുടെ അമ്മാവന്‍മാരില്‍ ആരോ ഒരാള്‍ എടുത്ത ഫോട്ടോയാണ് അത്. അവരില്‍ പലരും ഗള്‍ഫിലൊക്കെയായിരുന്നു അന്ന്. ഞാനൊന്നും അന്ന് ജനിച്ചിട്ടുപോലുമില്ല. ഒരു 40 വര്‍ഷത്തില്‍ കൂടുതല്‍ ആ ഫോട്ടോയ്ക്ക് പഴക്കമുണ്ട്. മമ്മൂക്കയുടെ അത്രയും പഴയ ഫോട്ടോ ചിലപ്പോള്‍ ഇന്ന് കാണാന്‍ കൂടി കിട്ടില്ല.

കൂളിംഗ് ഗ്ലാസ് മമ്മൂക്കയുടേത് അല്ല

ഫോട്ടോ വൈറലായപ്പോള്‍ കമന്റ് ഇട്ടവരില്‍ പലരും ചോദിച്ചു. വാപ്പച്ചിയിട്ടിരിക്കുന്ന ആ കൂളിംഗ് ഗ്ലാസ് മമ്മൂക്കയുടെ ആണോ എന്നൊക്കെ. അല്ല, അത് വാപ്പയുടെ തന്നെയാണ്. കാരണം റഹീം മാഷ് എന്ന വാപ്പയുടെ ഐഡന്റിറ്റി ആയിരുന്നു കൂളിംഗ് ഗ്ലാസും വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും പിന്നെ സിഗരറ്റും. വാപ്പയെ അങ്ങനെയല്ലാതെ ആരും കണ്ടിട്ടുണ്ടാകില്ല. മമ്മൂക്ക സിനിമയിലെത്തിയിട്ടില്ലാത്ത സമയത്തെ ആണ് ഊ ഫോട്ടോ. പിന്നീട് അദ്ദേഹം ഉമ്മവീട്ടില്‍ വരുമ്പോഴൊക്കെയും അദ്ദേഹം വാപ്പയെ കാണാന്‍ വരുമായിരുന്നു. വലിയ സിനിമാനടന്‍ ആയതിനുശേഷവും ഞങ്ങളെക്കുറിച്ച് വിളിച്ചന്വേഷിക്കുമായിരുന്നു അദ്ദേഹം.

മമ്മൂട്ടി അദ്ദേഹത്തിന്റെ കല്യാണം നേരിട്ട് വന്നാണ് ഞങ്ങളുടെ വീട്ടില്‍ പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ഞാനും വാപ്പയും പോയിട്ടുണ്ട്. ശരിക്കും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഞങ്ങള്‍. വാപ്പ ഒന്‍പത് വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയം റ അമ്മാവന്‍ വഴി മമ്മൂക്ക എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും സഹായം വേണമെങ്കില്‍ പറയണം എന്ന് ഞങ്ങളോട് പറയുകയും ചെയ്തിരുന്നു. ബാപ്പ മരിച്ച വിവരം ഞാന്‍ മെസ്സേജ് ചെയ്തപ്പോള്‍ ഷൂട്ടിങ്ങിനായി ഒരു ദ്വീപിലാണെന്നും വരാന്‍ ശ്രമിക്കാം എന്നും അദ്ദേഹം മറുപടി തന്നു പക്ഷേ അന്ന് വരാന്‍ പറ്റിയില്ല.

മമ്മൂക്കയുടെ അമ്മാവന്മാര്‍ എപ്പോഴും പറയുമായിരുന്നു അദ്ദേഹത്തിന് ബാപ്പയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും അദ്ദേഹം ഒരിക്കലും വാപ്പച്ചിയെ മറക്കില്ലെന്നും. എന്താണ് അതിന്റെ കാരണം എന്ന് ഞങ്ങള്‍ ആരും ഇന്നേവരെ തിരക്കിയിട്ടില്ല. അത് അവര്‍ തമ്മില്‍ മാത്രമുള്ള ബന്ധമാണ്. ഒരു യഥാര്‍ത്ഥ ആത്മബന്ധം. ഉമ്മവീട് സ്ഥിതിചെയ്യുന്ന ചന്തീരൂരിലെ സ്‌കൂളില്‍ വച്ചാണ് മമ്മൂട്ടി ആദ്യമായി സ്ത്രീവേഷത്തില്‍ നാടകത്തില്‍ അഭിനയിക്കുന്നത്.

ആ പടം മമ്മൂക്കയുടെ അടുക്കലുമെത്തി

മമ്മൂട്ടി പഠിച്ച അതേ സ്‌കൂളില്‍ തന്നെയാണ് മുഹമ്മദ് റഫീഖ് പഠിച്ചത്. സ്‌കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനുമാണ് റഫീഖ്. ഒരു ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അത് കാണുകയും അദ്ദേഹം മമ്മൂട്ടിയെ കാണിച്ചു കൊടുക്കുകയും ചെയ്‌തെന്ന് റഫീക്ക്.. ഫോട്ടോ കണ്ട മമ്മൂക്ക ഇത് എവിടുന്ന് കിട്ടി എന്നാണ് ആദ്യം ചോദിച്ചിരുന്നുവെന്നും റഫീക്ക് പറയുന്നു. തമാശരൂപേണ അതിന്റെ കോപ്പി എനിക്കും കിട്ടുമോ എന്ന് ചോദിച്ചു എന്നും മുഹമ്മദ് റഫീഖ് പറയുന്നു. റഫീഖ് വാപ്പയുടെ ചങ്ങാതിയായ മമ്മൂട്ടിയോടൊപ്പം ഒരു സിനിമയിലും അഭിനയിച്ചു. ഹരികൃഷ്ണന്‍സില്‍. റഹീം മാഷിന് റഫീഖ് അടക്കം നാല് മക്കളാണ്. അബ്ദുള്‍ റാസിഖ്, റസിയ, റസീല.

ജീവിതം സിനിമയാക്കുകയാണെങ്കിൽ ആരെ നായകനാക്കണം എന്ന ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് സുരേഷ് റെയ്ന .

ദുൽഖർ സൽമാനോ ഷാഹിദ് കപൂറോ നായകനായാൽ നന്നാകും എന്ന അഭിപ്രായമാണ് സുരേഷ് റെയ്‌ന പങ്കുവെച്ചത്. താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഡിക്യു ആരാധകർ.

ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയിൽ ഉത്തർ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയിൽ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ റെയ്ന അവശ്യമുള്ളപ്പോൾ ഉപകരിക്കുന്ന ബൗളറുമാണ്.അദ്ദേഹം ഐ പി എൽ ടീം ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ വൈസ് ക്യാപ്ടനുമാണ്

നീണ്ട ഇടവേളക്ക് ശേഷം ബാബു നായകനാകുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍.ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് ഒമര്‍ ലുലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയാണ് പവർസ്റ്റാർ.
കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ ബാക്ക്ഡ്രോപ്പ്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍”ഒമർലുലു പറഞ്ഞു.ബാബു ആന്റണി നായകനാകുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് യുവ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ മരണം. മുംബൈ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.

മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘ഡ്രൈവ്’ എന്ന ചിത്രത്തിലാണ്. ‘കൈ പോ ഛെ’ എന്ന ചിത്രത്തില്‍ തുടങ്ങി ‘ശുദ്ദ് ദേശി റൊമാന്‍സ്,’ ‘പി കെ,’ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി,’ തുടങ്ങിയ ചിത്രങ്ങളില്‍ സുശാന്ത് അഭിനയിച്ചു. ‘ദില്‍ ബേചാര’ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ നായകനായത് സുശാന്ത് സിങ്ങാണ്. ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകന്‍ നീരജ് പാണ്ഡെ തന്നെ ഒരവസരത്തില്‍ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.

ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്നും നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ചവച്ചത്. ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി.

പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്‌പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് ‘പവിത്ര റിഷ്‌ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ശുദ്ധ് ദേശി റൊമാൻസ് (2013), ആക്ഷൻ ത്രില്ലർ ഡിറ്റക്ടീവ് ബയോംകേഷ് ബക്ഷി എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്‌ചവച്ചത്.

താരത്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അകാലത്തിൽ മരിച്ചു പോയ അമ്മയെ കുറിച്ചാണ് ജൂൺ മൂന്നിന് ഷെയർ ചെയ്ത പോസ്റ്റിൽ സുശാന്ത് പറയുന്നത്.

“നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു. ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ…. സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്…. നിങ്ങള്‍ ഓർക്കുന്നുവോ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്തു തന്നെയായാലും ഞാൻ പുഞ്ചിരിക്കുമെന്ന് ഞാൻ നിങ്ങൾക്കും വാക്കു തന്നിരുന്നു. നമുക്ക് രണ്ടു പേർക്കും തെറ്റിപ്പോയെന്നു തോന്നുന്നു അമ്മാ..,” അമ്മയെ കുറിച്ച് ഒരിക്കൽ സുശാന്ത് എഴുതിയ വരികൾ ഇങ്ങനെ.

അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോള്‍, 2002ലാണ് സുശാന്ത് സിങ് രാജ്പുതിന്റെ അമ്മ മരിക്കുന്നത് അമ്മയുടെ മരണം കുടുംബത്തെ ആകെ തളർത്തിയ സംഭവമാണ്. അതോടെയാണ് സുശാന്തും കുടുംബവും സ്വദേശമായ പാട്ന വിട്ട് ദില്ലിയിലേക്ക് കൂടു മാറിയത്. തുടര്‍ന്ന് എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിച്ച സുശാന്ത്, അത് പൂര്‍ത്തിയാക്കാതെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.

അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. പാട്നയിലാണ് സുശാന്ത് ജനിച്ചു വളർന്നത്. സുശാന്തിന്റെ സഹോദരിമാരിൽ ഒരാളായ മിതു സിംഗ് സംസ്ഥാനതല ക്രിക്കറ്റ് പ്ലെയറാണ്.

 

RECENT POSTS
Copyright © . All rights reserved