സച്ചിയുടെ ജീവൻ രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും വിഫലമായതിന്റെ സങ്കടത്തിലാണു സംവിധായകരായ ബി.ഉണ്ണികൃഷ്ണനും രഞ്ജിത്തും നടൻമാരായ പൃഥ്വിരാജും ബിജുമേനോനുമുൾപ്പെടെയുളള സച്ചിയുടെ സുഹൃദ്‌വലയം. സച്ചിയുടെ നില ഗുരുതരമായതു മുതൽ മെഡിക്കൽ റിപ്പോർട്ടുകൾ വിദഗ്ധർക്കു ലഭ്യമാക്കുകയും ഉപദേശം തേടുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.

ഒരു ഘട്ടത്തിൽ ബെംഗളൂരുവിലെ നിംഹാൻസിലേക്ക് സച്ചിയെ എയർ ലിഫ്റ്റ് ചെയ്യാനും സുഹൃത്തുക്കൾ ആലോചിച്ചിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പരിശോധിച്ച നിംഹാൻസിലേയും മറ്റു വിദഗ്ധ ഡോക്ടർമാരിൽ നിന്നു പ്രതീക്ഷ പകരുന്ന മറുപടിയല്ല ആ ഘട്ടത്തിൽ ലഭിച്ചതെന്നു ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്തെങ്കിലും അത്ഭുതം സംഭവിക്കണമേയെന്ന പ്രാർത്ഥനയിലായിരുന്നു ഏവരും. നേരിയ പുരോഗതി പോലും സച്ചിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുമെന്ന പ്രതീക്ഷയിൽ എല്ലാവരും കാത്തിരുന്നെങ്കിലും വിധി മറിച്ചായിരുന്നു.

‘പോയി’. ഈ ഒറ്റവാക്കിൽ ആണ് പൃഥ്വി സച്ചിയെ നെഞ്ചിലടക്കിയത്. സച്ചിയുടെ ഏറ്റവും അടുത്തയാളെന്ന് ആരാധകര്‍ സനേഹത്തോടെ പറയുന്ന ബന്ധം. ഫെയ്സ്ബുക്കിൽ സച്ചിയുടെ സൗഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുമ്പോൾ പൃഥ്വിയുടെ വാക്കിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം അത്ര ആഴത്തിലാണെന്ന് അവരുടെ കൂട്ടുകെട്ടുകൾ പലയാവർത്തി തെളിയിച്ചതാണ്. എന്നാൽ അതിനെയെല്ലാം സച്ചിയുടെ ചിത്രം പങ്കുവച്ച് മുകളിൽ ‘പോയി’ എന്ന വാക്ക് മാത്രമാണ് അദ്ദേഹം കുറിച്ചത്.

പോസ്റ്റിന്റെ കമന്റില്‍ പ്രേക്ഷകരും പൃഥ്വിയുടെ വേദന പങ്കുവയ്ക്കുകയാണ്. സന്ദീപ് ദാസ് എന്നയാള്‍ കുറിച്ചത് ഇങ്ങനെ: ‘താങ്കളുടെ മനസ്സിലെ സങ്കടക്കടൽ കാണാനാവുന്നുണ്ട്… പോയി എന്ന ഒരൊറ്റ വാക്ക് മാത്രം… ഏറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോവുമ്പോൾ അങ്ങനെയാണ്… ഒന്നും മിണ്ടാനാവില്ല… വാക്കുകൾ പുറത്തുവരില്ല… പ്രിയ സച്ചിയ്ക്ക് ആദരാഞ്ജലികൾ.’

ജീവിതത്തിൽ എത്രത്തോളം സ്നേഹിച്ചിരുന്നോ അത്രത്തോളം ഇനിയും സ്നേഹിക്കുമെന്ന് ബിജു മേനോൻ കുറിച്ചു.