Movies

വിഷുവിന് പൂക്കാതിരിക്കാനാവാത്ത കണിക്കൊന്നയെപ്പോലെയാണ് ചിലപ്പോൾ പേനയും – ചില സിനിമകൾ കണ്ടാൽ അതേപ്പറ്റി എഴുതാതിരിക്കാനാവില്ല..! അത്തരമൊരു സിനിമയാണ് ‘ഫൈനൽസ്’. ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടതാണ് ഇത് കാണണം എന്ന്; കാരണം രജിഷ വിജയൻ എന്ന ‘ഉറപ്പ്’ തന്നെ… തിയേറ്ററിൽ പൊതുവേ ആളു കുറവായപ്പോൾ തന്നെ തീർച്ചയായി, ചിത്രം വളരെ നല്ലതായിരിക്കുമെന്ന്! (അല്ല, അതാണല്ലോ പൊതുവേയുള്ള ഒരു രീതി; പിന്നീട് അഭിപ്രായങ്ങളൊക്കെ വന്ന ശേഷമേ മിക്ക നല്ല പടങ്ങളും വിജയിച്ചിട്ടുള്ളൂ…) ഈ റിവ്യൂ മുഴുവൻ വായിക്കാൻ മടിയുള്ളവർക്കു വേണ്ടി ആദ്യം തന്നെ പറയാം, നിങ്ങൾ ഈ സിനിമ കണ്ടില്ലെങ്കിൽ അതൊരു തീരാ നഷ്ടമായിരിക്കും, തീർച്ച…

ഇനി, തുടർന്നു വായിക്കാൻ താൽപര്യമുള്ളവർക്കു വേണ്ടി:
രജിഷയുടെ സിനിമയെന്നു പറഞ്ഞു ടിക്കറ്റെടുക്കുന്നവരെക്കൊണ്ട് സുരാജ് വെഞ്ഞാറമൂടിന്റെ സിനിമയെന്നു മാറ്റിപ്പറയിക്കുന്ന ഒരു സിനിമ – അതാണ് ‘ഫൈനൽസ്’… ടിനി ടോമിന്റെ ഒരു കരിയർ ബെസ്റ്റ് എന്നു പറയാവുന്ന സിനിമ; നിരഞ്ജ് മണിയൻ പിള്ള രാജു എന്ന പയ്യൻ മലയാള സിനിമക്ക് ഒരു വാഗ്ദാനമാണെന്നു വെളിവാക്കുന്ന സിനിമ; ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണേണ്ടുന്ന ഒരു സ്പോർട്സ് സിനിമ – ഇതൊക്കെയാണ് ഫൈനൽസ്..! ഒരു വ്യക്തിയെ, അതിലൂടെ ഒരു സമൂഹത്തെ, സ്വപ്നങ്ങളെ, ഒക്കെയും രാഷ്ട്രീയ താൽപര്യങ്ങളും മാധ്യമ മുൻവിധികളും എത്രത്തോളം സ്വാധീനിക്കുന്നു എന്ന് അക്കമിട്ടു നിരത്തുന്ന ഈ സിനിമ ചെയ്യാൻ ധൈര്യം കാണിച്ച സംവിധായകനും നിർമ്മാതാക്കൾക്കുമിരിക്കട്ടെ ആദ്യ കൈയടി…
നമ്മുടെ രാഷ്ട്രീയ – സാമൂഹിക – മാധ്യമ വ്യവസ്ഥിതികളോടുള്ള രോഷ പ്രകടനമാണ് ‘ഫൈനൽസ്’ എന്നും വേണമെങ്കിൽ പറയാം…

സംഭാഷണങ്ങളെക്കാളേറെ, മൗനമാണ് ഈ ചിത്രത്തിൽ സ്‌കോർ ചെയ്തിരിക്കുന്നത്!
‘ഇന്റർവെൽ’ എന്ന് സ്ക്രീനിൽ തെളിയുമ്പോൾ പ്രേക്ഷകർ വാച്ചിൽ നോക്കി ‘ഇത്ര പെട്ടെന്നോ’ എന്നൊരു ചോദ്യം ചോദിക്കും, ഉറപ്പ്. രണ്ടാം പകുതിയിൽ തുടക്കം കുറച്ചു ‘വലിച്ചിഴച്ചു’ എന്ന് പറയാതെ വയ്യ. സെന്റിമെൻസ് വർകൗട് ആകണമെങ്കിൽ വലിച്ചു നീട്ടണം എന്ന സംവിധായകന്റെ മിഥ്യാ ധാരണയാവാം ഒരുപക്ഷേ അങ്ങനെയൊന്നിന്‌ കാരണമായത്! ചില സ്ഥലങ്ങളിൽ പശ്ചാത്തല സംഗീതം അരോചകമായി തോന്നി… ക്യാമറാമാനും സംവിധായകനും തമ്മിലുള്ള ഒരു ആരോഗ്യകരമായ മത്സരം സിനിമയിലുടനീളം കാണാം. രണ്ടുപേരും വിജയിക്കുന്ന ഒരു മത്സരം! ഇടക്ക് തോന്നുന്ന ‘ലാഗ്’ ‘ആവിയായി’ പോകുന്ന ഒരു മാന്ത്രികതയാണ് ക്ളൈമാക്സിനപ്പുറം സ്ക്രീനിൽ തെളിയുന്ന ചില വാർത്താ ചിത്രങ്ങൾ…(അത് നിങ്ങൾ തിയേറ്ററിൽ കാണുക). രജിഷയെപ്പറ്റി ഒന്നും പറയാത്തത്, അങ്ങനെയൊരു പറച്ചിലിന്റെ ആവശ്യമുണ്ടെന്ന് തോന്നാത്തതുകൊണ്ടാണ് – അത്രമേൽ തന്മയത്വത്തോടെ തന്റെ കഥാപാത്രമായി രജിഷ മാറിയിരിക്കുന്നു… ആവർത്തിക്കുന്നു, താര രാജാക്കന്മാർ അരങ്ങു വാഴുന്നില്ല എന്ന ഒറ്റക്കാരണത്താൽ ‘ഫൈനൽസും’ ‘അത്ര പോരാ’ എന്ന പാഴ് വാക്കിലൊതുക്കി പരാജിത ചിത്രങ്ങളുടെ ‘ഹിറ്റ് ലിസ്റ്റിൽ’ എഴുതിച്ചേർക്കരുത്; ഇതൊരു അപേക്ഷയാണ്…

 

 

റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.

 

 

ജയഭാരതി മാത്രമാണ് അന്തരിച്ച നടൻ സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് രണ്ടാം ഭാര്യ നസീം ബീന. സത്താറിന്റെ മൃതദേഹത്തിന്റെ അരികിൽ നിൽക്കാൻ പോലും ബന്ധുക്കൾ അനുവദിച്ചില്ല. ജയഭാരതിയുടെയും മകൻ കൃഷ് സത്താറിന്റെയും നടുവിലാണ് താൻ നിനന്നത് എന്നാൽ മാധ്യമങ്ങൾ എത്തിയപ്പോൾ ചില ബന്ധുക്കൾ തന്നെ പിന്നിലേക്ക് തള്ളിമാറ്റി. നിർബന്ധപൂർവ്വം തന്നെ മുറിയിൽ ഇരുത്തിയെന്നും നസീം ബീന പറഞ്ഞു. 30 വർഷം മുൻപാണ് ജയഭാരതിയുമായുള്ള വിവാഹ ബന്ധം സത്താർ വേർപ്പെടുത്തുന്നത്.

താൻ സത്താറിനെ വിവാഹം കഴിച്ചത് പണമോ പദവിയോ മോഹിച്ചല്ല. സിനിമയോ സീരിയലോ ഇല്ലാതെ സ്വന്തം സഹോദരന്റെ വീട്ടില്‍ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോഴാണ് താന്‍ സത്താറിനെ വിവാഹം കഴിച്ചത്. അവിടെ നിന്ന് കൊടുങ്ങല്ലൂരെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിയേണ്ടിവന്നയാളാണ് താനെന്ന് സത്താര്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ നാലായിരം രൂപയും ഒരു ജ്യേഷ്ഠന്‍ തന്റെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശയായി നല്‍കുന്ന നാലായിരം രൂപയും ചേര്‍ത്ത് എട്ടായിരം രൂപ മാത്രം വരുമാനമുള്ളപ്പോഴാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. ജയഭാരതിയും മകനും സത്താർ അവശനിലയിലായപ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും നസീം ബീന ആരോപിച്ചു.

മകൻ പണം തരാൻ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സത്താർ കരൾ മാറ്റിവെയ്ക്കാൻ സത്താർ തയാറാകാതെയിരുന്നത്. ജോലിയില്ലാതിരുന്നതിനാൽ പ്രത്യേകിച്ച് വരുമാനമൊന്നുമില്ലായിരുന്നു. 2011ലാണ് നസീം ബീനയെ സത്താർ വിവാഹം കഴിക്കുന്നത്. ആരും നോക്കാനില്ലാത്തതിനെ തുടർന്നായിരുന്നു ഈ വിവാഹം. ഈ ഏഴ് വർഷവും സത്താറിനെ നോക്കിയത് താൻ മാത്രമാണെന്നും നസീം ബീന അവകാശപ്പെടുന്നു.

സോഷ്യൽ മീഡിയയിലൂടെ അനേകലക്ഷം ആസ്വാദകർ ഹൃദയത്തിലേറ്റിയ അനുഗ്രഹിത ഗായകൻ അഭിജിത്ത് വിജയന്‍ (അഭിജിത്ത് കൊല്ലം) വിവാഹിതനാകുന്നു. വധു വിസ്മയ ശ്രീ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

യേശുദാസുമായുള്ള ശബ്ദ സാമ്യത കൊണ്ടാണ് യുവ ഗായകന്‍ അഭിജിത്ത് വിജയന്‍ ആദ്യം ശ്രദ്ധ നേടിയിരുന്നത്.

പത്ത് വര്‍ഷത്തിലേറെയായി സോഷ്യല്‍ മീഡിയയിലും ഗാനമേള വേദികളും നിറസാനിധ്യമായി നില്‍ക്കുന്ന അഭിജിത്ത് അടുത്തിടെയാണ് സിനിമകളില്‍ പാടിത്തുടങ്ങിയത്.

 

 ജയഭാരതി ഏറെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സത്താറുമായുള്ള വിവാഹം. താരതമ്യേന പുതുമുഖമായ സത്താർ ജയഭാരതിയെ വിവാഹം ചെയ്തത് പലരെയും അമ്പരപ്പിച്ചു. സത്താറിന് സിനിമയിൽ വേഷങ്ങൾ കുറഞ്ഞു. പല സിനിമകളിൽ നിന്നും സത്താറിനെ ഒഴിവാക്കി. എന്നാൽ അതൊന്നും സത്താറിനെ ബാധിച്ചില്ല. തമിഴ് സിനിമാലോകത്തേക്ക് സത്താർ കടന്നു. മലയാള സിനിമകളിൽ നിർമാതാവായി. എന്നാൽ, ഈ ശ്രമങ്ങൾ പലതും പരാജയത്തിലാണ് കലാശിച്ചത്. അതു വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു. ജീവിതത്തിൽ കഷ്ടപ്പാട് അറിയാതെ വളർന്നു വന്ന സത്താർ വിവാഹത്തിനു ശേഷം വന്ന പ്രതികൂല സാഹചര്യങ്ങളിൽ പതറിപ്പോയി. ജയഭാരതിയുമായുള്ള വേർപിരിയലിലാണ് അത് അവസാനിച്ചത്.

ജയഭാരതിയുമായുള്ള തകർച്ചയെപ്പറ്റി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സത്താർ പറഞ്ഞത് ഇങ്ങനെ: വെറും നിസ്സാരം. അന്നു തോന്നിയ ചില വാശിയും… ഈഗോയും എല്ലാം ചേർന്നപ്പോൾ അത് സംഭവിച്ചു. ജീവിതത്തിൽ ഒരു കഷ്‌ടപ്പാടും ബാധ്യതയും ഇല്ലാതെ ജീവിച്ച ഒരാളായിരുന്നു ഞാൻ. ആ ജീവിതത്തിൽ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോൾ ചില അസ്വസ്‌ഥതകൾ ഉണ്ടായി. ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു. അവിടെ പോകരുത്… അതുചെയ്യരുത്… തുടങ്ങിയ വിലക്കുകൾ. ആ വിലക്കുകൾ എന്റെ ഈഗോ തകർക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഞാൻ മാറിനിന്നത്.

 

വേർപിരിഞ്ഞെങ്കിലും ജയഭാരതിയോടുള്ള ഇഷ്ടം സത്താറിൽ നിന്നു വിട്ടുപോയില്ല. യൗവനത്തിന്റെ വാശിപ്പുറത്ത് എടുത്ത പല തീരുമാനങ്ങളും സങ്കടമായി മനസിൽ ശേഷിച്ചു. അതിൽ വലിയൊരു സങ്കടം ജയഭാരതി ആയിരുന്നു. നാലു പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനൊടുവിലും അതു മാത്രം ഒരു സ്വകാര്യ സങ്കടമായി സത്താർ മനസിൽ സൂക്ഷിച്ചു. ചില തിരിച്ചു പോക്കുകൾ ഒരിക്കലും സംഭവിക്കില്ലെന്ന തിരിച്ചറിവായിരിക്കാം ആ സങ്കടത്തിന് പിന്നിൽ!

പ്രമുഖ നടൻ സത്താർ (67)അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി കരള്‍ രോഗത്തെത്തുടര്‍ന്ന്  ചികില്‍സയിലായിരുന്നു മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങി.

തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം എന്നിങ്ങനെ 80കളിലെ ഹിറ്റ്ചിത്രങ്ങളിൽ അഭിനയിച്ചു. 1976ൽ പുറത്തിറങ്ങിയ അനാവരണമാണ് നായകനായി എത്തിയ ആദ്യ ചിത്രം. 2014ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവച്ചത്’ ആണ് അവസാന ചിത്രം.

1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1976ല്‍ അനാവരണത്തിലൂടെ നായകനായി. വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി.  കബറടക്കം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

ആലുവ യുസി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് കൊടുങ്ങല്ലൂരുകാരന്‍ സത്താറിനെ സിനിമയിലെ താരമാക്കിയത്. നായകനായും വില്ലനായും സിനിമയില്‍ നിന്നത് നാലുപതിറ്റാണ്ടുകാലം. ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും പരാതികളില്ലാതെ സിനിമയ്ക്കൊപ്പം സഞ്ചരിച്ച സത്താറിനെ ഓര്‍ക്കാന്‍ നിരവധി കരുത്തുറ്റ വേഷങ്ങളുണ്ട് പ്രേക്ഷകമനസ്സില്‍.

പ്രേംനസീര്‍ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. ആ അപേക്ഷ പരിഗണിക്കപ്പെട്ടത് വിന്‍സെന്റ് മാഷിന്റെ അനാവരണത്തിലെ നായകവേഷത്തിലേക്ക്. എഴുപതുകളുടെ മധ്യത്തിലെത്തിയ ചിത്രത്തിന്റെ വിജയം സത്താറിന്റെ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. തുടര്‍ന്നെത്തിയ യത്തീമിലെ അസീസിലൂടെ പ്രേക്ഷകരെ ഒപ്പം നിര്‍ത്തി. തുടര്‍ന്ന് നായകനായും പ്രേംനസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞുനിന്നു. ശരപഞ്ജരത്തില്‍ നായകവേഷം പങ്കിട്ട ജയന്‍ സൂപ്പര്‍താരമായി മാറിയതോടെ ഇരുവരും ഒന്നിച്ച് സിനിമകളുണ്ടായി. അതിനിടെയാണ് ബീനയില്‍ കൂടെ അഭിനയിച്ച മുന്‍തിര നായിക ജയഭാരതി ജീവിതസഖിയാകുന്നത്.

എണ്‍പതുകളില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദ്വയങ്ങളുടെ കടന്നുവരവോടെ സത്താര്‍ വില്ലന്‍വേഷങ്ങളിലേക്ക് മാറി. തൊണ്ണൂറുകളുടെ മധ്യത്തിലെത്തിയ ലോ ബ‍ഡ്ജറ്റ് കോമഡി സിനിമകളില്‍ സത്താര്‍ സ്ഥിരം സാന്നിധ്യമായി. തമിഴില്‍ മയില്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ ചെയ്തു. 2012 ലെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം സത്താറിന്റെ മടങ്ങിവരവായിരുന്നു. കാഞ്ചി, നത്തോലി ചെറിയ മീനല്ല പോലുള്ള സിനിമകള്‍ സത്താറിലെ അഭിനേതാവിനെ പുതിയ തലമുറയ്ക്കും പരിചിതമാക്കി.

 

 

പുതിയ ചിത്രമായ ‘ധമാക്ക’യിൽ നടൻ മുകേഷിനെ ശക്തിമാനാക്കി ചിത്രീകരിച്ചതിൽ പരാതിയുമായി ഒറിജിനൽ ശക്തിമാൻ രംഗത്ത്. ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവിനെതിരെ ഫെഫ്ക യൂണിയൻ പ്രസിഡണ്ട് രഞ്ജി പണിക്കർക്കാണ് പരാതിക്കത്തയച്ചത്.

ഭീഷ്മ് ഇൻറർനാഷണലിന്റെ ബാനറിൽ 1997ൽ ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്ന ‘ശക്തിമാനി’ലെ നടനും നിർമാതാവുമായ മുകേഷ് ഖന്നയാണ് പരാതി നൽകിയത്. ശക്തിമാന്റെ പകർപ്പാവകാശം തനിക്കാണെന്നും ഒമർലുലു അനുമതിയില്ലാതെയാണ് മുകേഷിനെ ശക്തിമാനാക്കിയതെന്നും പരാതിയിൽ പറയുന്നു.

സംവിധായകൻ ഒമർ ലുലു ഇതിൽ നിന്ന് പിൻമാറണമെന്നും ഖന്ന ആവശ്യപ്പെടുന്നു. മറിച്ചാണെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.

മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ടോപ് സിംഗറില്‍ അതിഥിയായി പങ്കെടുത്തിരുന്നു. എം ജി ശ്രീകുമാറിനും വിധു പ്രതാപിനും അനുരാധ ശ്രീറാമിനും കുരുന്നുഗായകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹം. തിരുവോണനാളിലായിരുന്നു ഈ പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്തത്. മോഹന്‍ലാലിന്റെ വരവും കുരുന്ന് ഗായകര്‍ക്കൊപ്പമുള്ള പാട്ടുമൊക്കെ കണ്ടപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു.

പുത്തന്‍ സിനിമകളുമായി മറ്റ് ചാനലുകള്‍ ഓണക്കാഴ്ചയൊരുക്കിയപ്പോള്‍ കംപ്ലീറ്റ് ആക്ടറിനേയും കുരുന്ന ഗായകരേയും ഒരുമിച്ച് അണിനിരത്തുകയായിരുന്നു ഫ്‌ളവേഴ്‌സ് ചാനല്‍. പ്രിയപ്പെട്ട പാട്ടുകള്‍ പാടി ലാലേട്ടനെ സന്തോഷിപ്പിച്ചതിനോടൊപ്പം അദ്ദേഹത്തോട് ചോദ്യം ചോദിക്കാനും കുരുന്നുകള്‍ മുന്നിലുണ്ടായിരുന്നു. ഇതുവരെ ചെയ്ത സിനിമകളെക്കുറിച്ചും അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ചും സംവിധാനം ചെയ്യുന്ന സിനിമകളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു താരത്തിന് നേരെ ഉയര്‍ന്നുവന്നത്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാനുള്ള പ്രത്യേക വൈഭവമുണ്ട് മോഹന്‍ലാലിന്. ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളിലൊന്നായ ടോപ് സിംഗേഴ്‌സിലെ കുട്ടികള്‍ക്കൊപ്പം അദ്ദേഹമെത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകക്കും സന്തോഷമായിരുന്നു. തുറന്ന ജീപ്പിലായിരുന്നു അദ്ദേഹത്തിന്റെ വരവ്. കുട്ടികളെല്ലാം അദ്ദേഹത്തെ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു. കുരുന്ന് ഗായകരേയും വണ്ടിയില്‍ കയറ്റിയായിരുന്നു അദ്ദേഹം എത്തിയത്.

പ്രണവിനെയാണോ ദുല്‍ഖര്‍ സല്‍മാനെയാണോ കൂടുതല്‍ ഇഷ്ടമെന്ന തരത്തിലുള്ള ചോദ്യവും മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും പ്രണവും തന്റെ മക്കള്‍ തന്നെയാണെന്നും തനിക്ക് കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഈ മറുപടി കേട്ടതോടെ എല്ലാവരും ചിരിക്കുകയായിരുന്നു. എംജി ശ്രീകുമാറിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. തന്നേയും മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും ആര്‍ക്കും തെറ്റിക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കായി പൂക്കുറ്റി അടിക്കുമെന്നുമായിരുന്നു എംജി ശ്രീകുമാറിന്റെ കമന്റ്.

നാട്ടിലുള്ളപ്പോഴെല്ലാം അമ്മയ്‌ക്കൊപ്പമാണ് താന്‍ ഓണം ആഘോഷിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അമ്മ ഏത് വിഭവം ഉണ്ടാക്കിയാലും അത് തനിക്ക് പ്രിയപ്പെട്ടതാണ്. ഇത്തവണ അമ്മയ്ക്ക് വയ്യാത്ത അവസ്ഥയാണ്. അമ്മയുടെ പ്രായത്തിലുള്ളവരെ കാണുന്പോഴെല്ലാം താന്‍ അമ്മയും ഇത് പോലെ നടന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്നായ അമ്മമഴക്കാര്‍ എന്ന ഗാനവും മത്സരാര്‍ത്ഥികളിലൊരാള്‍ ആലപിച്ചിരുന്നു.

സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആരെയാണ് നായകനാക്കുന്നതെന്നുള്ള ചോദ്യവും കുരുന്നുഗായകര്‍ ചോദിച്ചിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ താന്‍ തന്നെയാണെന്നും അത് അങ്ങനെ വന്നാലേ ശരിയാവൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബറോസ് എന്ന സിനിമയുമായി താനെത്തുന്നുണ്ടെന്ന് മുന്‍പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നാല് പതിറ്റാണ്ടായി തുടരുന്ന സിനിമാജീവിതത്തിനിടയില്‍ എന്നാണ് സംവിധാനം എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഏറെ പ്രിയപ്പെട്ട സിനിമയും കഥാപാത്രവും ഏതാണെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു കഥാപാത്രത്തെക്കുറിച്ച് മാത്രം പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ സിനിമയും തനിക്ക് പ്രധാനപ്പെട്ടതാണ്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്കായി ചൈനീസ് ഭാഷ പഠിച്ചെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ്അത് എളുപ്പമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഫ്‌ളവേഴ്‌സിന്റെ പരിപാടിയിലേക്കുള്ള മോഹന്‍ലാലിന്റെ വരവും പാട്ടും കുരുന്ന് ഗായകരുമായുള്ള സംവാദവുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരെക്കുറിച്ചും തനിക്ക് അറിയാമെന്നും അവരുടെ കാര്യങ്ങളെക്കുറിച്ച് ശ്രീക്കുട്ടന്‍ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ലാലേട്ടനെ നേരില്‍ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നും കുട്ടിയായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഓണസദ്യ കഴിക്കുന്നതിന് മുന്നോടിയായി കലവറയിലേക്കും അദ്ദേഹം എത്തിയിരുന്നു. വലിയ കുക്കൊന്നുമല്ല എന്നാലും താന്‍ പാചകം ചെയ്യാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. സദ്യയിലെ വിഭവങ്ങളെക്കുറിച്ചും അമ്മ ഏത് ഭക്ഷണം തന്നാലും കഴിക്കുന്നയാളാണ് താനെന്നുമായിരുന്നു താരത്തിന്റെ മറുപടി. കുരുന്ന് ഗായകര്‍ പാട്ടുമായി എത്തിയപ്പോള്‍ ആ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു.

ഇതുവരെ ആഘോഷിച്ചതിൽ വെച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത്. മകൾ അവന്തികക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് നടൻ ബാല.
”ഇത് വരെയുള്ളതിൽ വച്ചേറ്റവും നല്ല ഓണം.

പണം എന്നത് വെറും ഭൗതിക വസ്തു മാത്രമാണ്. ദൈവത്തിൽ വിശ്വസിക്കൂ. സ്നേഹത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. എന്റെ മകളാണ് മാലാഖ….വീഡിയോയ്ക്കൊപ്പം ബാല കുറിച്ചു. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക.

2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി തമ്മിൽ പിരിഞ്ഞു താമസിക്കുകയാണ്.ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്. മകൾക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ അമൃതയും പങ്കുവെച്ചിട്ടുണ്ട്.

മമ്മൂട്ടിയെ തനിക്ക് ഒരു കാലത്ത് ഇഷ്ടമല്ലായിരുന്നുവെന്ന് പി ശ്രീകുമാര്‍. എന്നാല്‍ പിന്നീട് താന്‍ വെറുത്ത മനുഷ്യന്‍ തന്നെ തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായി ഭവിച്ചെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായും തിരക്കഥാകൃത്തായും എല്ലാത്തിലുമുപരി നടനായും തന്റെ സാന്നിദ്ധ്യം അറിയിച്ച പി. ശ്രീകുമാര്‍.

മമ്മൂട്ടിയെ എനിക്കിഷ്ടമല്ലായിരുന്നു. തുടക്കത്തിലേ അയാളോട് ഒരു ഡേറ്റ് ഇഷ്യൂവിന്റെ പേരില്‍ പിണങ്ങിയിരുന്നു. പിന്നീട് പല സെറ്റിലും വെച്ച് മമ്മൂട്ടി സംസാരിക്കാന്‍ വന്നെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു സിനിമകളൊക്കെ പൊട്ടി, സ്വത്തുക്കളൊക്കെ വില്‍ക്കേണ്ടി വന്നു. ഞാന്‍ സാമ്പത്തികമായി തകര്‍ന്ന ഒരവസ്ഥയിലേക്കെത്തി പെട്ടെന്നൊരു ദിവസം വീടിന് മുന്നിലൊരു കാറ് വന്ന് നിര്‍ത്തി.

വേണു നാഗവളളി പറഞ്ഞു വിട്ട വണ്ടിയാണെന്നും ആലപ്പുഴയെത്താനും പറഞ്ഞു. സത്യത്തില്‍ വേണുവില്‍ നിന്ന് എന്റെ ദുരവസ്ഥ മനസ്സിലാക്കി വണ്ടി വിട്ടത് സാക്ഷാല്‍ മമ്മൂട്ടിയായിരുന്നു. അയാളുടെ മുറിയുടെ തൊട്ടടുത്ത് എനിക്കൊരു മുറിയെടുത്ത് തന്ന് അവിടെ താമസിക്കാന്‍ പറഞ്ഞു. ഞാന്‍ ശത്രുവിനെ പോലെ കാണുന്ന ഇയാളെന്താ ഇങ്ങനെയെന്ന് ഞാന്‍ ചിന്തിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു സഹികെട്ട് ഒരു ദിവസം ഞാന്‍ മമ്മൂട്ടിയോട് കയര്‍ത്തു.

‘നിങ്ങളുടെ പണവും പ്രതാപവും കാണിക്കാനാണോ എന്നെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്, എന്റെ അവസ്ഥ ഭയങ്കര മോശമാണ് ‘ അയാള്‍ ഒന്ന് ചിരിച്ച് എന്റെ തോളില്‍ കൈയിട്ട് കൊണ്ട് ചോദിച്ചു ‘ ശ്രീകുമാറിന്റെ കൈയില്‍ കഥ വല്ലതും ണ്ടോ? ‘ ഞാനൊന്ന് പതറി .. അയാളൊരു കസേര വലിച്ചിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. കസേരയില്‍ യാന്ത്രികമായി ഇരുന്ന ഞാന്‍ ഒറ്റ വീര്‍പ്പില്‍ ‘ വിഷ്ണു ‘ എന്ന എന്റെ സിനിമയുടെ കഥ പറഞ്ഞ് തീര്‍ത്തു. കഥ കേട്ടയുടനെ അങ്ങേരെനിക്ക് കൈ തന്നിട്ട് പറഞ്ഞു. ഈ സിനിമ നമ്മള് ചെയ്യുന്നു. അവിടെ നിന്നാണ് തകര്‍ന്ന് തരിപ്പണമായിരുന്ന ശ്രീകുമാര്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത്.

ബിഗ് ബി അമിതാഭ് ബച്ചന് ഗുരുതര കരൾ രോഗമായ ലിവർ സിറോസിസ്. തന്‍റെ കരൾ 75 ശതമാനം പ്രവർത്തനരഹിതമാണെന്ന് ബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്. 25 ശതമാനം മാത്രം പ്രവർത്തിക്കുന്ന കരളുമായാണ് താന്‍ ജീവിക്കുന്നതെന്നും ഇത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചൻ പറയുന്നു.

ക്ഷയരോഗത്തില്‍ നിന്നുവരെ ജീവിതത്തിലേക്ക് തിരികെ എത്തിയായാളാണ് താന്‍. ഇത്തരം സാഹചര്യങ്ങള്‍ ആരുടെ ജീവിതത്തിലും വരാമെന്നും ബച്ചന്‍ പറയുന്നു.

മദ്യപിക്കുന്നവർക്കാണ് പ്രധാനമായും ലിവർ സിറോസിസ് ബാധിക്കുന്നത്. മദ്യപനല്ലാത്ത അമിതാഭ് ബച്ചന് രോഗം പിടിപ്പെട്ടത് മറ്റൊരു രീതിയിലാണ്. 1982 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക് പറ്റിയിരുന്നു. ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവന്നു. ആ രക്തത്തിലൂടെ പകർന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവർ സിറോസിസിന് കാരണമായതെന്ന് ബച്ചൻ പറയുന്നു.

RECENT POSTS
Copyright © . All rights reserved