Movies

കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ ദിവസം അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ‘ആടൈ’ തിയേറ്ററുകളില്‍ എത്തി. രത്‌നകുമാര്‍ സംവിധാനം ചെയ്ത ചിത്രം അമല പോളിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. ‘കാമിനി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘ആടൈ’യുടെ രണ്ട് മിനിറ്റ് 31 സെക്കന്റ് ദൈര്‍ഘ്യമുള്ള സ്‌നീക് പീക്ക് പുറത്തു വിട്ടിരിക്കുകയാണ് മൂവീ ബഫ്.

സ്‌നീക് പീക്കില്‍ വിവസ്ത്രയായി ശരീരം ഒരു കണ്ണാടി കൊണ്ട് മറച്ചിരിക്കുന്ന അമലയെയാണ് കാണാന്‍ കഴിയുക. താന്‍ എവിടെയാണെന്ന് അറിയാതെയോ മറ്റോ നടക്കുന്ന കഥപാത്രം. വീഡിയോയ്ക്ക് താഴെ ചിത്രത്തെ കുറിച്ച് നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. മികച്ച ചിത്രം എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ‘Arrogant, Audacious and Artistic’ എന്നീ വാക്കുകളും പോസ്റ്ററിൽ ഹൈലൈറ്റ് ചെയ്തിരുന്നു.സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ച സമയത്താണ് ആടൈ തന്നെ തേടി എത്തിയത് എന്ന് അമല പോൾ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

“സിനിമ വിടണമെന്ന് ആഗ്രഹിച്ചു തുടങ്ങിയപ്പോഴാണ് ‘ആടൈ’ തേടിയെത്തിയത്. നായികാപ്രാധാന്യമുള്ള തിരക്കഥകളാണെന്നും പറഞ്ഞ് നിരവധി സംവിധായകർ എന്നെ സമീപിച്ചിരുന്നു, പക്ഷേ ഒന്നും അത്ര രസകരമായി തോന്നിയില്ല. എന്നാൽ ധീരമായൊരു വിഷയവുമായി ‘ആടൈ’ വന്നപ്പോൾ ആ ചിത്രത്തിന്റെ കഥയുമായി ഞാൻ പ്രണയത്തിലായി. ഇതൊരു തമിഴ് ചിത്രമാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല,” അമലയുടെ വാക്കുകൾ.

“പൂർണ്ണമായും ഒരു പരീക്ഷണമായിരുന്നു ‘ആടൈ’ എനിക്ക്. ഒരു നായികയും അത്തരമൊരു വേഷം ചെയ്യാൻ ധൈര്യപ്പെട്ടെന്നു വരില്ല,” ചിത്രത്തെ കുറിച്ച് അമല ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പ്രതികരിച്ചു. രത്ന കുമാർ സംവിധാനം ചെയ്യുന്ന ‘ആടൈ’ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലെ വിവാദപരമായ രംഗവും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. തന്റെ ടീമിനെയും ഷൂട്ടിംഗ് ക്രൂവിനെയും താൻ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ആ സീനിൽ താൻ അഭിനയിക്കുകയില്ലായിരുന്നുവെന്നാണ് ചിത്രത്തിലെ രംഗത്തെ കുറിച്ച് അമല പറയുന്നത്. “എനിക്ക് ഒരേസമയം ടെൻഷനും അസ്വസ്ഥതയും തോന്നി. സെറ്റിൽ 15 ടെക്നീഷൻമാരോളം ഉണ്ടായിരുന്നു. ആളുകൾ നമ്മളെ തെറ്റിദ്ധരിച്ചാലും ‘ആടൈ’ ഒരു സത്യസന്ധമായ ശ്രമമാണ്,” അമല പറഞ്ഞു.

വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.

ലോക സിനിമ മേഖലയെ തന്നെ ഞെട്ടിച്ചു കൊണ്ട് ഉയര്‍ന്നു വന്ന മീടൂ ക്യാംപെയിന്‍ മലയാള സിനിമയില്‍ എത്തിയപ്പോള്‍ നടന്‍ അലന്‍സിയറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ഏറെ അപ്രതീക്ഷിതമായിരുന്നു. അലന്‍സിയറില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യാ ഗോപിനാഥാണ് രംഗത്തെത്തിയത്. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്സൈറ്റില്‍ അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ച് പേര് വെളിപ്പെടുത്താതെ ദിവ്യ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ ലേഖനം താനാണ് എഴുതിയതെന്ന് ഫെയ്സ്ബുക്ക് പേജില്‍ ലൈവായി ദിവ്യ അറിയിക്കുകയായിരുന്നു. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് ദിവ്യയോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞു.

ഏറെ നാളുകള്‍ക്ക് ശേഷം താന്‍ അന്ന് കടന്നു പോയ മാനസികാവസ്ഥയെ കുറിച്ചും അനുഭവങ്ങളെ കുറിയ്യും മനസ് തുറക്കുകയാണ് അലന്‍സിയര്‍. സൗഹൃദം വെറും തേങ്ങയല്ല എന്ന് മനസിലാക്കിയത് ആ നാളുകളിലായിരുന്നു എന്ന് അലന്‍സിയര്‍ പറയുന്നു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വാര്‍ത്ത അറിയുന്നത് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണെന്ന് അലന്‍സിയര്‍ പറയുന്നു. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍ സുധി കോപ്പ തുടങ്ങിയവരൊക്കെ നല്‍കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം എന്ന് അലന്‍സിയര്‍ പറയുന്നു. കൊമേഴ്‌സ്യല്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ തന്നെയും തന്റെ കുടുംബത്തേയും വിളിച്ച് പിന്തുണ അറിയിച്ചിരുന്നു എന്നും അലന്‍സിയര്‍ വ്യക്തമാക്കുന്നു.

മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതെന്നും അത് ഏറെ മനപ്രയാസം ഉണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ ബിജു മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഒരു വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നും, മറിച്ച് ഹോട്ടലില്‍ ആയിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്നും അലന്‍സിയര്‍ പറയുന്നു.

അലന്‍സിയറിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് ദിവ്യയ്ക്ക് പിന്തുണയുമായി അലന്‍സിയറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയവരില്‍ പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ഉണ്ടായിരുന്നു. മീടൂ ആരോപണം വന്നപ്പോള്‍ സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തനിക്കവിടെ സൗഹൃദം ആയിരുന്നില്ല വലുതെന്നുമായിരുന്നു ശ്യാം പുഷ്‌കരന്റെ പ്രതികരണം.

‘മീടൂ വളരെ സീരിയസ്സായി കാണേണ്ട ഒട്ടും തമാശയല്ലാത്ത ഒരു മൂവ്മെന്റാണ്. ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തിന്റെ കൂടെ രണ്ട് മൂന്ന് സിനിമകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മീടൂ ആരോപണം വന്നപ്പോള്‍ അദ്ദേഹം വിളിച്ചു. സന്ധി സംഭാഷണത്തിന് വേണ്ടിയാണ് വിളിച്ചത്. അതിന് ഞങ്ങള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്. അക്രമത്തിനിരയായ പെണ്‍കുട്ടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ ഒരു സൗഹൃദസംഭാഷണത്തിനുമില്ല. സൗഹൃദം തേങ്ങയാണ്. ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. വേറൊന്നുമില്ല,’ എന്നായിരുന്നു ശ്യാം അന്ന് പറഞ്ഞത്. എന്നാല്‍ സൗഹൃദം വെറും തേങ്ങയല്ല എന്ന് തിരിച്ചറിഞ്ഞത് ആ ദിവസങ്ങളില്‍ ആയിരുന്നു എന്നാണ് അലന്‍സിയര്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്.

‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പുതിയ ലുക്കും എത്തി. കുങ്ഫു വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സമാനമായ ലുക്കിലുള്ള ചിത്രം മുൻപും പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

‘ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.

കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.

നേരത്തെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം മോഹൻലാൽ തന്നെ പുറത്ത് വിട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അത്. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. . 1985 ല്‍ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും ‘വാചാലമെന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

അമല പോൾ നായികയാകുന്ന തമിഴ് ചിത്രം ‘ആടൈ’ വിലക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയനേതാവും സാമൂഹ്പ്രവർത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്. അന്യസംസ്ഥാനത്തുനിന്നും വരുന്ന അമലക്ക് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രിയ ആരോപിക്കുന്നു. അമലക്കെതിരെയും ചിത്രത്തിനെതിരെയും പ്രിയ ഡിജിപിക്ക് പരാതി നൽകി.

ആടൈ സിനിമയിലെ നഗ്ന രംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കുമെന്നും പ്രിയ പറഞ്ഞു.

”ഈ സിനിമയുടെ ടീസറും പോസ്റ്ററും കണ്ട് പെൺകുട്ടികൾ തന്നെ ഞെട്ടിപ്പോയിരുന്നു. ചിത്രം നാളെ റിലീസിനു തയാറെടുക്കുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിനെതിരെ ഡിജിപിക്ക് ഞങ്ങൾ പരാതി നൽകി. നഗ്നത ഉപയോഗപ്പെടുത്തി ഈ ചിത്രം പ്രചാരണം ചെയ്യരുതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവർ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്. അതിനെതിരെ നടപടി എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്നരംഗങ്ങൾ ഉപയോഗിക്കരുതെന്നും അവർ അത് ചെയ്യില്ലെന്നും ഞങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

അമലയുടെ ആ നഗ്നരംഗം ചിത്രത്തില്‍ നിന്നും ഇനി നീക്കാൻ കഴിയില്ല. കാരണം സെൻസർ ബോർഡ് ആ രംഗത്തിനു എ സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞു. കുട്ടികളെപോലും വഴിതെറ്റിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ടീസറുകളുമാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയത്.

തമിഴിൽ നല്ല കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച നടിയാണ് അമല പോൾ. നമ്മുടെ മനസ്സിലും അവർക്ക് അങ്ങനെയൊരു സ്ഥാനമാണ്. അങ്ങനെയുള്ള നടി ഇത്തരമൊരു സിനിമയിൽ അഭിനയിച്ചതിന്റെ കാരണമെന്താണ്. പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് അമല ഈ ചിത്രത്തിൽ അഭിനയിച്ചത്. ലോകം മുഴുവൻ ഇനി ഈ ചിത്രത്തെപറ്റി ചർച്ച ചെയ്യും. അതാണ് അവരുെട ലക്ഷ്യവും.

തമിഴ് സംസ്കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവർ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെൺകുട്ടികളെപറ്റിയും അവർക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യും. ആടൈ പോസ്റ്റർ കാണുന്ന പത്തുവയസ്സുകാരന്റെ ചിന്ത എന്താകും. ഇതാണ് ഞങ്ങൾ എതിര്‍ക്കുന്നത്.

തന്റെ നഗ്നത മറയ്ക്കാൻ പതിനഞ്ച് പുരുഷന്മാർ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോൾ പറയുകയുണ്ടായി. ഇത്തരം പ്രസ്താവനകളെ അവഗണിക്കണം. പതിനഞ്ച് പേരെ ഭർത്താക്കന്മാരായി കണ്ടെന്നായിരുന്നു നടി പറഞ്ഞത്. മാത്രമല്ല പാഞ്ചാലിയെക്കുറിച്ചും നടി പറയുകയുണ്ടായി. പാഞ്ചാലിയെക്കുറിച്ച് പറയാൻ അവർക്ക് എന്ത് അവകാശമാണ് ഉള്ളത്”- പ്രിയ പറഞ്ഞു.

വിനായകന്‍ നായകനാകുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.

മഞ്ജു വാര്യരെ നായികയാക്കി, കമല സുരയ്യയുടെ ജീവിതം പറഞ്ഞ ആമി എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ലക്ഷദ്വീപ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്രാവിനെ വെട്ടയാടുന്ന വിനായകനാണ് ടീസറിലുള്ളത്.

കമലും ജോണ്‍പോളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വിഷ്ണു പണിക്കറാണ് ഛായാഗ്രഹണം. ടീസറില്‍ തന്നെ കടലിന്റെ ഭംഗി അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം. വിനായകന് പുറമെ ദിലീഷ് പോത്തന്‍, റിധി കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

മമ്മൂട്ടിയുടെ മധുരരാജയില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത ആഘോഷ ഗാനം മോഹമുന്തിരി ക്ക് ചുവടുവച്ച് നടി ഗായത്രി സുരേഷ്. തന്റെ ഫോട്ടോകളും വീഡിയോകളും ഡബ്‌സ്മാഷുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരം മോഹമുന്തിരി ഡാന്‍സ് വേര്‍ഷനുമായിട്ടാണ് ഇത്തവണ എത്തിയിരിക്കുന്നത്.ഗായത്രിയുടെ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മമ്മൂട്ടിയുടെ മധുരരാജയില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത ആഘോഷ ഗാനം മോഹമുന്തിരി ക്ക് ചുവടുവച്ച് നടി ഗായത്രി സുരേഷ്.

സംവിധായകൻ എ.എൽ വിജയ്​യ്ക്ക് വിവാഹാശംസകൾ നേർന്ന് അദ്ദേഹത്തിന്റെ മുൻ ഭാര്യയും നടിയുമായ അമല പോൾ. തെന്നിന്ത്യൻ നായിക അമല പോളുമായി വിവാഹബന്ധം േവർപ്പെടുത്തിയ ശേഷം വിജയ് കഴിഞ്ഞ ദിവസമാണ് മറ്റൊരു വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിജയ്ക്ക് ആശംസകൾ നേർന്ന് അമല പോൾ രംഗത്തെത്തിയിരിക്കുകയാണ്.

‘വിജയ് നല്ല വ്യക്തിയാണ്. നല്ല വ്യക്തിത്വത്തിന് ഉടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകൾ നേരുന്നു. ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ’.– അമല പറഞ്ഞു.വിവാഹ മോചനത്തിനു ശേഷം സഹോദരിയുടെ വേഷം, അല്ലെങ്കിൽ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളേ ലഭിക്കൂ എന്നായിരുന്നു ആശങ്ക.

അതിജീവനത്തിനായി ടിവി സീരിയലുകളിൽ അഭിനയിക്കേണ്ടി വരുമോ എന്നുവരെ ഭയപ്പെട്ടു. ഇപ്പോൾ, കഴിവുണ്ടെങ്കിൽ നമ്മളെ തോൽപിക്കാൻ ആർക്കും സാധിക്കില്ല എന്നു മനസ്സിലായെന്നും അമല വ്യക്തമാക്കി.3 വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2014 ജൂണ്‍ 12 നായിരുന്നു അമല–വിജയ് വിവാഹം. 2017 ഫെബ്രുവരിയിൽ നിയമപരമായി പിരിഞ്ഞു. ജൂലൈ 11നായിരുന്നു വിജയ്‌യുടെ രണ്ടാം വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.

ജിദ്ദ: റാപ് സംഗീത താരം നിക്കി മിനാജിന്റെ സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കി. ഈ മാസം 18ന് ജിദ്ദ കിങ് അബ്ദുല്ല സ്‍പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന പരിപാടിയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്.

ജിദ്ദ വേള്‍ഡ് ഫെസ്റ്റിന്റെ ഭാഗമായാണ് സൗദി അറേബ്യയില്‍ നിക്കി മിനാജിന്റെ സംഗീത പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അവരുടെ വേഷവും വരികളും സൗദി സംസ്കാരത്തിന് യോജിച്ചതല്ലെന്ന വാദമുയര്‍ത്തി രാജ്യത്തെ സ്ത്രീകളടക്കം രംഗത്തെത്തുകയായിരുന്നു. പരിപാടി റദ്ദാക്കണമെന്ന്, മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി ആക്ടിവിസ്റ്റുകളും നിക്കി മിനാജിനോട് ആവശ്യപ്പെട്ടു. ഇതോടെ നിശ്ചയിച്ച സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു. വ്യാഴാഴ്ചയിലെ മറ്റ് പരിപാടികള്‍ മുന്‍നിശ്ചയിച്ച പോലെ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ജിദ്ദ വേള്‍ഡ് ഫെസ്റ്റില്‍ പ്രവേശനം.

മലയാളിക്ക് അബിയോടുള്ള ഇഷ്ടം ഒട്ടും കുറയാതെ തന്നെ മകൻ ഷെയ്നോടുമുണ്ട്. വ്യക്തിപരമായും അയാളിലെ നടനോടുമുള്ള ഇഷ്ടം സിനിമകൾ തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ കാണിക്കാറുണ്ട്. ഒടുവിൽ തിയറ്ററിലെത്തിയ ഇഷ്ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ഷെയ്ൻ നിഗം ഒരു അഭ്യർഥനയുമായിട്ടാണ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കണമെന്നാണ് താരത്തിന്റെ ആവശ്യം.

ഒരു വാച്ചിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ അതെന്റെ എല്ലാമെന്ന് ഷെയ്ൻ പറയും.. വാപ്പച്ചി അബി ഗൾഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നൽകിയ വാച്ചാണ് താരത്തിന്റെ കൈയിൽ നിന്നു നഷ്ടമായത്. വനിതയുടെ കവർ ഷൂട്ടിനിടെയാണ് സംഭവം. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു.

ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട അബി casio edifice എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നൽകിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്ന് വലിയ ദുഃഖമായി. ഇതേത്തുടർന്നാണ് വായനക്കാരുടെ സഹായം തേടി രംഗത്തെത്തിയത്. വാച്ചിന്റെ വിലയിലുപരി വാപ്പച്ചിയുടെ സമ്മാനം നഷ്ടമായതാണ് ഷെയിനെ വേദനിപ്പിക്കുന്നത്.

ലോകകപ്പ് ആയതിനാൽ തന്നെ വാർത്തകളിൽ സജീവമാണ് ജസ്പ്രീത് ബുംറ എന്ന ഇന്ത്യൻ പേസർ. സെമി വരെയുള്ള ഇന്ത്യൻ കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന താരം വാർത്തയിൽ നിറഞ്ഞില്ലെങ്കിലല്ലെ അതിശയമുള്ളു. എന്നാൽ അടുത്തകാലത്ത് മലയാളികൾക്ക് ഇടയിൽ ബുംറ മറ്റൊരു തരത്തിൽ ചർച്ച വിഷയമായിരുന്നു. മലയാളിയായ സിനിമ താരം അനുപമ പരമേശ്വരനുമായുള്ള ബന്ധത്തെ കുറിച്ച്. ട്വിറ്ററിൽ ബുംറ ഫോളോ ചെയ്യുന്ന ഏക സിനിമ നടി ആയിരുന്നു അനുപമ. ബുംറ ടിറ്ററിൽ 25 പേരെയാണ് ഫോളോ ചെയ്തിരുന്നത്. ഇതിൽ ഒരേയൊരു നടിയായിരുന്നു അനുപമ. എന്നാൽ ഇപ്പോൾ ബുറയുടെ ഫോളോ ലിസ്റ്റിൽ അനുപമയില്ല. താരത്തെ ബുംറ അൺഫോളോ ചെയ്തുവെന്നാണ് മനസിലാക്കുന്നത്.

ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ താനും ബുറയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുമായിരുന്നു അനുപമയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ബുംറ അനുപമയെ അൺറോളോ ചെയ്തത്. നിലവിൽ 24 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്യുന്നത്.മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽനിന്നും തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലെ തിരക്കുളള നടിമാരിലൊരാളാണ് അനുപമ. ട്വിറ്ററിൽ അനുപമ പരമേശ്വന്റെ ട്വീറ്റുകൾ ബുംറ ലൈക്ക് ചെയ്തിരുന്നു. ബുംറയുടെ ട്വീറ്റുകൾ അനുപമയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യാറുണ്ട്.

നടിയായ അനുപമ അധികം വൈകാതെ തന്നെ സംവിധായിക വേഷവും അണിഞ്ഞേക്കും. അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരൻ. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ സഹസംവിധായികയാവുന്നത്. ചിത്രത്തിൽ അനുപമ അഭിനയിക്കുന്നുമുണ്ട്. അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.

RECENT POSTS
Copyright © . All rights reserved