Movies

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി നടി.

ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ നടി ദൃശ്യ രഘുനാഥ് പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാരം പഠിപ്പിക്കാനെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആള്‍ക്കാര്‍. എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ദൃശ്യ നല്‍കിയത്.

വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. മുലകള്‍  സ്വാഭാവികമാണ്. അത് തനിക്ക് മുറിച്ച് കളയാന്‍ പറ്റില്ലെന്നുമായിരുന്നു ദൃശ്യയുടെ മറുപടി. ദൃശ്യയുടെ മറുപടിയെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

വമ്പൻവിജയം നേടിയ വിജയ് സേതുപതി നായകനായി എത്തിയ ചിത്രമായിരുന്നു 96 . സിനിമയിലെ എല്ലാ പാട്ടുകളും വലിയ ഹിറ്റായിരുന്നു. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയത്. എന്നാൽ ഇപ്പോൾ തന്റെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചതിന് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജ. ദളപതി എന്ന ചിത്രത്തിലെ യമുനയാറ്റിലെ എന്ന ഗാനം ഇൗ ചിത്രത്തിൽ ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് ഇളരാജയുടെ രോഷം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നുപറഞ്ഞത്.

ഇളയരാജയുടെ വാക്കുകളിങ്ങനെ: ‘ഇതെല്ലാം തീര്‍ത്തും തെറ്റായ കീഴ് വഴക്കമാണ്. ഇൗ സിനിമയില്‍ ഒരു പ്രത്യേക കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്തെ പാട്ടുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലല്ലോ. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല പാട്ടുകളുണ്ടാക്കാനുള്ള കഴിവ് അവര്‍ക്കില്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.’ അദ്ദേഹം തുറന്നടിച്ചു. എന്നാൽ റോയല്‍റ്റി നല്‍കിയ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇളരാജയുടെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകനും വ്യക്തമാക്കുന്നു.

പൃഥ്വിരാജിൻറെ സംവിധാനസംരംഭത്തിൽ മോഹൻലാൽ നായകനായിറങ്ങിയ ലൂസിഫറിനെ വിമര്‍ശിച്ച് പ്ലാനിങ് ബോര്‍ഡ് അംഗവും കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ ബി. ഇക്ബാല്‍ രംഗത്ത്‍. തീർത്തും അസഹനീയവും അരോചകവും തട്ടുപൊളിപ്പനുമായ സിനിമയാണ് ലൂസിഫറെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. നിരവധി ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയം തന്നെയാണ് ലൂസിഫറും വിളമ്പി തിരുന്നത്. മലയാള സിനിമയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കാണുന്നില്ലെയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

ഡോ ബി. ഇക്ബാലിൻറെ കുറിപ്പ്:

ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫർ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കാൻ കഴിയും ഈ തട്ടിപൊളിപ്പൻ ബ്ലോക്ക്ബസ്റ്റർ സിനിമയെ? മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളിഗോപി രചനയും നിർവഹിച്ച് സൂപ്പർ സ്റ്റാർ മോഹൻലാലും പ്രധാന വേഷത്തിൽ വരുന്ന , ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫർ, മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ, സ്തീത്വത്തെ അപമാനിക്കുന്ന അർദ്ധ നഗ്ന ഐറ്റം ഡാൻസ് അടക്കം നിരവധി ചിത്രങ്ങളിൽ ആവർത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങൾ തന്നെയാണ് വിളമ്പിത്തരുന്നത്.

കമ്മട്ടിപ്പാടം മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി നവ സിനിമാ തരംഗം കേരളത്തിൽ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും, ലൂസിഫറിലൂടെ.

നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നതിൽ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. സംഭവത്തിൽ സിദ്ദിഖിന്റെ പ്രതികരണം അപമാനകരമാണെന്നാണ് ഇവർ പറയുന്നത്. ‘തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.’ ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നു.

നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്താണ് രംഗത്തെത്തിയത്. തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വെച്ച് താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തുറന്നുപറച്ചിൽ.സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു.
2016ൽ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന് രേവതി പറയുന്നു. സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും രേവതി കുറിപ്പിലൂടെ ചോദിച്ചു. എന്നാൽ ആരോഹഫം നിഷേധിച്ച് സിദ്ദിഖും രംഹത്തെത്തിയിരുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ് വായിക്കാം:
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.

എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!

നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. മുന്‍പ് ഡബ്ല്യുസിസിയ്‌ക്കെതിരേ, കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് രേവതിയുടെ പോസ്റ്റ്.

തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ (അഭിപ്രായം പറയുന്നതില്‍ നിന്നും) എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു.

വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു’, രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.

 

 

ലൂസിഫർ എന്ന ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയ ഒരു മാസ് സീനാണ് പൃഥ്വി മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവച്ചിരിക്കുന്നത്. ബുള്ളറ്റിൽ കൂളിങ് ഗ്ലാസ് ധരിച്ചെത്തുന്ന ഇൗ സീൻ സ്ഫടികത്തിലെ ആടുതോമയെ പോലും ഒാർമിപ്പിക്കുന്നതാണെന്ന് ആരാധകർ കമന്റ് െചയ്യുന്നു. തിയറ്ററിൽ പൂരമാകേണ്ട ഇൗ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകരുടെ ചോദ്യം.

കേരളത്തിന്റെ ബോക്സ്ഓഫീസിൽ ചരിത്രത്തിൽ 200 കോടിയും കടന്ന് മുന്നേറുകയാണ് മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ. ചിത്രം റിലീസ് ചെയ്ത് എട്ടുദിവസങ്ങൾക്കുള്ളിൽ നൂറുകോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു. ആരാധകരും സിനിമാ–രാഷ്ട്രീയ–കായിക മേഖലകളിലെ പ്രമുഖരെല്ലാം മോഹൻലാലിന് പിറന്നാളാശംസകൾ നേർന്നു. അമ്പത്തിയൊന്‍പതാം പിറന്നാളാണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്.

ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ ട്വീറ്റിനെതിരെ സമൂഹമാധ്യമത്തിൽ വ്യാപക പ്രതിഷേധം. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് പങ്കുവച്ച ട്രോളാണ് താരത്തിന് വിനയായത്. ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പു ഫല സൂചനയുടെ ട്രോൾ തയ്യാറാക്കിയിരുന്നത്.

അഭിപ്രായ സർവേ, എക്സിറ്റ് പോൾ, തിരഞ്ഞെടുപ്പ് ഫലം എന്നിവ സൂചിപ്പിക്കാൻ ബോളിവുഡ് താരം ഐശ്വര്യയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള ചിത്രങ്ങളാണ് ട്രോളിൽ ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയമില്ല… വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്രോൾ പോസ്റ്റ് പങ്കുവച്ചത്. ട്രോൾ വളരെ ക്രിയാത്മകമായി ചെയ്തിരിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇതാണ് വ്യാപക പ്രതിഷേധത്തിന് വഴി വച്ചത്.

വിവേകിനെ വിമർശിച്ച് ആദ്യം രംഗത്തു വന്നത് ബോളിവുഡ് താരം സോനം കപൂർ ആയിരുന്നു. തീർത്തും അരോചകമെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവേക് ഒബ്റോയിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്തരമൊരു ട്വീറ്റ് പങ്കുവയ്ക്കുന്നത് എന്തൊരു അസംബന്ധമാണെന്നും താരത്തിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു.

ഒട്ടും വിവേകമില്ലാത്ത ഒരാൾക്ക് ആരാണ് വിവേക് എന്നു പേരിട്ടതെന്നും താരത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞു. വിവേകിനെ ഓർത്ത് ലജ്ജിക്കുന്നു എന്നർത്ഥം വരുന്ന ഹാഷ്ടാഗുകളും വിവേകിനെതിരെ സജീവമായി. നിങ്ങളുടെ സഹോദരിയുടെയോ ഭാര്യയുടെയോ പഴയ ചിത്രങ്ങളും പഴയ പ്രണയബന്ധങ്ങളും കോർത്തിണക്കി ഒരു ട്രോളുണ്ടാക്കിയാൽ എങ്ങനെ പ്രതികരിക്കുമെന്നും ആരാധകർ ചോദിക്കുന്നു.

 

സ്ത്രീവിരുദ്ധ പ്രസ്താവനകളും നിലപാടുകളും തന്റെ സിനിമകളിൽ ഉണ്ടാകില്ലെന്ന് പറഞ്ഞ് കയ്യടി നേടിയ താരമാണ് പൃഥ്വിരാജ്. എന്നാൽ പൃഥിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിൽ ഐറ്റം ഡാൻസ് ചേർത്തത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പൃഥ്വിയുടെ പ്രസ്താവനകൾക്ക് വിരുദ്ധമാണ് ഐറ്റം ഡാൻസ് എന്നായിരുന്നു പ്രധാനം വിമർശനം. അത്തരം വിമർശനങ്ങൾക്ക് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് മറുപടി നൽകി.

മുംബൈയിലെ ഡാൻസ് ബാറിൽ പിന്നെ ഓട്ടം തുള്ളൽ ചിത്രീകരിക്കണമായിരുന്നോ എന്നാണ് പൃഥ്വിയുടെ മറുചോദ്യം. അങ്ങനെ ചിത്രീകരിച്ചാൽ അത് അഭംഗിയാകും. സ്ത്രീകൾ ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ച് നൃത്തം ചെയ്യുന്നത് സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തില്‍ പറയുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാൻസ് ബാർ രംഗവും തന്റെ പ്രസ്താവനയും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാൻ സാധിക്കുമെന്നും പൃഥ്വിരാജ് ചോദിക്കുന്നു.

ലൂസിഫർ രണ്ടാംഭാഗത്തെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. 200 കോടി ക്ലബിൽ കയറിയ ലൂസിഫർ ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും അധികം വാണിജ്യ വിജയം നേടിയ ഒന്നാണ്. സിനിമ റിലീസിന് മുമ്പ് സാറ്റലൈറ്റ് തുകയെക്കാള്‍ ഡിജിറ്റല്‍ റൈറ്റ് കിട്ടുന്നത് മലയാളത്തില്‍ ആദ്യമാണെന്ന് പൃഥ്വിരാജ് പറയുന്നു.

പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ പഴയകാലജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. ട്രാൻസ്ജെൻഡർ എന്ന സ്വത്വം വെളിപ്പെടുത്തി പോരാടി നേടിയതാണ് ഇന്ന് കാണുന്നതെല്ലാമെന്ന് രഞ്ജു പറയുന്നു. അങ്കമാലിയിൽ സ്വന്തമായി സൗന്ദര്യത്തിന്റെ ലോകം തുറന്ന സന്തോഷവും രഞ്ജു പങ്കുവെക്കുന്നു.

”ഇഷ്ടികക്കളങ്ങൾ, തടിമില്ല്, വീട്ടുജോലി എന്നിങ്ങനെ ആണ്-പെണ്ണ് എന്ന വേർതിരിവിൽ നിന്ന് മാറിനിന്ന് ജീവിക്കേണ്ടി വന്ന വ്യക്തിയാണ് ഞാൻ. സ്വന്തം ഐഡന്റിറ്റി തുറന്നുപറഞ്ഞിട്ടും അംഗീകരിക്കാത്ത സമൂഹമായിരുന്നു. അന്ന് ജീവിക്കാൻ പ്രചോദനമായത് എന്നെ പ്രസവിച്ച എന്റെ അമ്മയാണ്. ഇന്നും എന്റെ എല്ലാമെനിക്ക് അമ്മയാണ്.

”ഇരുപത്തിനാല് വർഷങ്ങൾക്ക് മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടിലേക്ക് ജോലിക്കെന്ന് പറഞ്ഞ് എന്നെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് മറ്റ് പല ജോലികളും എനിക്കുണ്ടായിരുന്നു എന്ന്. അവിടുന്ന രക്ഷപെട്ടുള്ള ഓട്ടത്തിനിടെയാണ് ട്രാൻസ്ജെന്‍ഡർ കമ്മ്യൂണിറ്റിയിലെ പലരെയും പരിചയപ്പെടാൻ കഴിഞ്ഞത്.

”ജീവിതം ഇനിയെങ്ങോട്ട് എന്ന് പകച്ചുനിൽക്കുന്ന അവസ്ഥ. രണ്ട് രൂപ കൊണ്ട് ദിവസം ഒരു സോഡ മാത്രം കഴിച്ച് ജീവിക്കേണ്ടി വന്ന രഞ്ജു ഇന്ന് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഒരു മൾട്ടിനാഷണല്‍ കമ്പനിയുടെ എംഡിയായി. മലയാള സിനിമക്ക് പുറമെ ബോളിവുഡ് താരങ്ങൾക്കുവരെ മേക്കപ്പ് ചെയ്യാൻ കഴിഞ്ഞു.

”ഒരു സിനിമാസെറ്റിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ എനിക്കുണ്ടായിട്ടുണ്ട്. അന്ന് ഞാൻ അതിന് കാരണക്കാരനായ ആളോട് പറഞ്ഞു, നാളെ ഈ സിനിമാമേഖല എന്റെ പിന്നിൽ ക്യൂ നിൽക്കും, അന്ന് നിങ്ങളീ ഫീൽഡിൽ ഉണ്ടാകില്ല എന്ന്. ദൈവനിശ്ചയമായിരിക്കാം അയാളിന്ന് ഈ ഫീൽഡിൽ ഇല്ല, ഞാൻ ആണെങ്കിൽ മേക്കപ്പ് മേഖലയിൽ കഴിവുകൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

”ചോദ്യ പേപ്പർ വാങ്ങാൻ രണ്ട് രൂപ എന്റെ കയ്യിൽ ഇല്ലാത്ത ഒരു സാഹചര്യം. അന്ന് രണ്ട് രൂപ തന്ന് എന്നെ ലൈംഗികമായി ചൂഷണം ചെയ്തയാളുടെ വീട് നാൽപ്പത് ലക്ഷത്തിന് ഞാൻ വാങ്ങി. ഇതൊന്നും ഞാൻ വിചാരിച്ചിരുന്നതല്ല. എല്ലാം സംഭവിച്ചതാണ്. ഇനിയും ജീവിതം മുന്നോട്ടുപേകേണ്ടതുണ്ട്. കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നു”-രഞ്ജു പറഞ്ഞു.

ഗോഡ്സെയെ പിന്തുണച്ച ബി.ജെ.പി പ്രവർത്തകനും സംവിധായകനുമായ അലി അക്ബറിനെതിരെ സൈബർ രോഷം വ്യാപകമാകുന്നു. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ വധിച്ച ഗോഡ്സെയെ പിന്തുണച്ച് ഇന്നലെയാണ് അലി അക്ബർ പോസ്റ്റിട്ടത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന കമൽ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അലി അക്ബറിന്റെ പോസ്റ്റ്. “ഈദി അമീനും,ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സയെ കുറിച്ചു മിണ്ടിപ്പോവരുത്. കമൽഹാസൻ താങ്കളെക്കാളും ഞാൻ ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു.കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാർത്ഥനയായിരുന്നു. രാമരാജ്യം”. ഇതായിരുന്നു അലി അക്ബറിന്റെ കുറിപ്പ്.

ഇതിന്റെ താഴെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഭീകരവാദിയെ ന്യായീകരിക്കുന്ന അലി അക്ബർ രാജ്യദ്രോഹിയാണെന്നും കേസെടുക്കണമെന്നുമാണ് ഇയരുന്ന ആവശ്യം.

‘കമല്‍ ഹാസന്‍ മാത്രമല്ല രാജ്യസ്‌നേഹമുള്ള ഓരോ ഇന്ത്യന്‍ പൗരനും പറയും രാഷ്ട്ര പിതാവിനെ കൊന്ന നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന്’

‘ഗോഡ്സെയും ബി.ജെ.പിയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നു പറഞ്ഞു നടക്കുന്ന എല്ലാ സംഘികളും ഇപ്പോള്‍ ഗോഡ്‌സെയ്ക്ക് വേണ്ടി മോങ്ങുന്നു’– ഇങ്ങനെ പോകുന്നു കമന്റുകൾ.

അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്‌സെയുടെ പേര് പരാമര്‍ശിച്ചത്.

RECENT POSTS
Copyright © . All rights reserved