തമിഴ് ബിഗ് ബോസിൻ്റെ മൂന്നാം പതിപ്പില്‍ നടന്‍ ശരവണൻ്റെ തുറന്ന് പറച്ചില്‍ വിവാദമായി . കോളേജില്‍ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസില്‍ യാത്ര ചെയ്യുമ്ബോള്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്ന ശരവണന്‍ തുറന്ന് പറഞ്ഞത് പൊട്ടിച്ചിരിച്ചു കൊണ്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ച കമല്‍ഹാസനെതിരെയും പ്രതിഷേധം ശക്തമാണ്. ചാനല്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസി ൻ്റെ തമിഴ് പതിപ്പ് അവതരണത്തിനിടെയാണ് സംഭവം.

സിനിമ മേഖലയിലെ മുതിര്‍ന്ന കലാകാരനും, രാഷ്ട്രീയ നേതാവും, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തിയും എന്ന നിലയില്‍ കമല്‍ഹാസ ൻ്റെ ഈ പ്രവര്‍ത്തി യോജിക്കാത്തതാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

കോളേജ് പഠന കാലത്ത് ബസില്‍ വച്ച്‌ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബിഗ്‌ബോസ് മത്സരാര്‍ത്ഥി ശരവണന്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയും കൈയടിച്ച്‌ ശരവണനെ പ്രേത്സാഹിപ്പിക്കുകയും ചെയ്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കമല്‍ഹാസൻ്റെ ഈ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പരുത്തിവീരനിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ശരവണന്‍. ശനിയാഴ്ച രാത്രി സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ മത്സരാര്‍ത്ഥികളായ മീര മിഥുനും ചേരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്ബോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയായത്. ഇതില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കുറിച്ച്‌ പ്രതിപാദിച്ചതോടെ ശരവണന്‍ ഉടയ്ക്കു കയറി താനത് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കയറിപ്പിടിക്കാറുണ്ടായിരുന്നെന്നും, ഈ ഉദ്ദേശത്തോടെ പതിവായി ബസില്‍ പോകുമായിരുന്നെന്നും ശരവണന്‍ പറഞ്ഞു. എന്നാല്‍ ഇത് വളരെ പണ്ടായിരുന്നെന്നും ശരവണന്‍ ന്യായീകരിച്ചു. ഇതോടെ കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. സംഭവത്തെ തമാശയാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവര്‍ രംഗത്തെത്തി. കമല്‍ഹാസനേയും, ശരവണനേയും, കാണികളേയും പരിപാടി സംപ്രേഷണം ചെയ്ത ചാനലിനേയും ചിന്മയി വിമര്‍ശിച്ചു.