Movies

മണിയെ എന്നും മലയാളി ഒാർത്തുകൊണ്ടിരിക്കും. പലപ്പോഴും പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും ഇപ്പോൾ വൈറലാകുന്ന ചിത്രങ്ങൾക്കും വിഡിയോയ്ക്കും പിന്നാലെയാണ് സൈബർ ലോകം. കലാഭവൻ മണിയുടെ ഒാർമയ്ക്കായി സ്ഥാപിച്ച പ്രതിമയിൽ നിന്നും രക്തം ഒഴുകുന്ന എന്ന തരത്തിലാണ് ചില ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ഇൗ സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ശില്പി ഡാവിഞ്ചി സുരേഷ്  പറയുന്നു.

ഫൈബറിലാണ് മണിച്ചേട്ടന്റെ പ്രതിമ നിർമിച്ചിരിക്കുന്നത്. പ്രളയസമയത്ത് ഇൗ പ്രതിമ വെള്ളത്തിൽ മുങ്ങിയിരുന്നു. ഒരുപക്ഷേ അപ്പോൾ വെള്ളം പ്രതിമയ്ക്ക് ഉള്ളിൽ കയറിയിട്ടുണ്ടാകാം. ഇൗ പ്രതിമ നിർമിച്ചിരിക്കുന്നത് ഫൈബറിലാണ്. സാധാരണ ഫൈബറിനുള്ളിൽ വെള്ളം കടന്നാൽ അത് പുറത്തേക്ക് പോകില്ല. അങ്ങനെ തന്നെ ഉണ്ടാകും. ഇപ്പോൾ മണിച്ചേട്ടന്റെ പ്രതിമയുടെ കൈയ്യുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിൽ ചുവന്ന നിറത്തിൽ ദ്രാവകം പുറത്തേക്ക് വരുന്നത്. ഇൗ കൈയ്യുടെ രൂപം നിർമിക്കുമ്പോൾ അതിനുള്ളിൽ ‍ഞാൻ ഒരു ഇരുമ്പ് കമ്പി വച്ചിരുന്നു. പ്രളയസമയത്ത് പ്രതിമ മുങ്ങിയപ്പോൾ ഇൗ കമ്പി തുരുമ്പെടുത്തിരിക്കാം. ഇപ്പോൾ ചൂട് കൂടിയപ്പോൾ ആ തുരുമ്പും വെള്ളവും പുറത്തേക്ക് വരുന്നതാകാം. ആരാധകർ ദയവ് ചെയ്ത് ഇതിന് അന്ധവിശ്വാസത്തിന്റെ പരിവേശമൊന്നും നൽകരുതെന്ന അപേക്ഷ മാത്രമേയുള്ളൂ. ഡാവിഞ്ചി സുരേഷ് പറയുന്നു. രണ്ടു ദിവസം തുടർച്ചായി ഇത്തരത്തിൽ പ്രതിമയിൽ നിന്നും ചുവന്ന ദ്രാവകം വന്നിരുന്നെന്നും ഇപ്പോൾ അതില്ലെന്നും മണിയുടെ സഹോദരനും വ്യക്തമാക്കി.

ഇൗ പോസ്റ്റുകൾ വൈറലായതോടെ ചാലക്കുടിയിലെ മണിയുടെ പ്രതിമ കാണാൻ ആരാധകരുടെ ഒഴുക്കാണ്. പ്രളയസമയത്തും ഇൗ പ്രതിമ വലിയ വാർത്തയായിരുന്നു. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയതോടെ മണിയുടെ വീട് ഉൾപ്പെടെ വെള്ളത്തിലായിരുന്നു. ശക്തമായ ഒഴുക്കും അപ്പോഴുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് പോലും മണിയുടെ പ്രതിമയ്ക്ക് മാത്രം ഒരു കേടുപാടും സംഭവിച്ചില്ല. പ്രതിമയക്ക് ചുറ്റും വച്ചിരുന്ന വസ്തുക്കൾ തകർന്ന് വീണപ്പോഴും പ്രതിമ അങ്ങനെ തന്നെ നിന്നു. അദ്ദേഹത്തിന്റെ മരണശേഷം ആദരമർപ്പിക്കാൻ ഇപ്പോഴും ആരാധകർ വീട്ടിലേക്ക് എത്തുകയാണ്.

വീഡിയോ കടപ്പാട് ; ചാലക്കുടി വാർത്ത

നയൻതാരയെ പൊതുവേദിയിൽ അവഹേളിച്ച് തമിഴ് നടൻ രാധാ രവി. സ്ത്രീകൾക്കെതിരായ വിവാദപരാമർശത്തിൽ താരം മുൻപും വിവദത്തിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ തമിഴകത്തെ ലേഡീ സൂപ്പർ സ്റ്റാറിന്റെ വ്യക്തി ജീവിതമടക്കം പരാമർശിച്ചാണ് താരത്തിന്റെ വിവാദപരാമർശം. നയൻതാരയുടെ പുതിയ ചിത്രമായ കൊലയുതിർ കാലത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിലാണ് നയൻതാരക്കെതിരായ പരാമർശം.

‘നയൻതാരയെ നിങ്ങൾ ലേഡി സൂപ്പർ സ്റ്റാർ എന്നൊന്നും വിളിക്കരുത്. പുരട്ചി തലൈവർ, നടികർ തിലകം, സൂപ്പർ സ്റ്റാർ എന്നൊക്കെ പറയുന്നത്, അത്തരം വിശേഷങ്ങൾ ശിവാജി ഗണേശൻ, എംജിആർ, രജനീകാന്ത് തുടങ്ങിയവർക്കൊക്കയാണ് ചേരുക. അവരോടൊന്നും നയൻതാരയെ താരതമ്യം ചെയ്യരുത്. പിന്നെ നയൻതാരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവർ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്. തമിഴിൽ പ്രേതമായും അതേ സമയം തന്നെ തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കും. എന്റെ കാലത്തൊക്കെ കെ.ആർ വിജയയെ പോലുള്ള നടിമാരായിരുന്നു സീതയുടെ വേഷം ചെയ്യുന്നത്. ഇന്ന് ആർക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാൽ തൊഴുത് നിൽക്കാൻ തോന്നുന്നവർക്കും സീതയാവാം. കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം..’ ഇത്തരത്തിൽ നയൻതാരയുടെ വ്യക്തിജീവിതം അടക്കം പരാമർശിച്ച് തികഞ്ഞ അവഹേളനമാണ് താരം നടത്തിയത്. ഇൗ വിഡിയോ പുറത്തുവന്നതോടെ വൻരോഷമാണ് ഉയരുന്നത്.

ഇതിന് പിന്നാലെ രാധാ രവിയെ വിമർശിച്ച് വിഘ്നേശ് ശിവൻ രംഗത്തെത്തി. ഇയാളെ പോലെ വലിയ കുടുംബത്തിൽ നിന്നുവരുന്ന വൃത്തിക്കെട്ടവനെതിരെ നടപടി എടുക്കാൻ എന്താണ് വൈകുന്നത്. കുറച്ച് ശ്രദ്ധ കിട്ടാൻ ഇയാൾ ഇനിയും ഇങ്ങനെ പറയും. ഇതൊക്കെ കേട്ട് കയ്യടിക്കുന്നവരെ കാണുമ്പോൾ വേദനയുണ്ടെന്നും വിഘ്നേശ് കുറിച്ചു. ഗായിക ചിൻമയിലും രാധാ രവിയെ വിമർശിച്ച് രംഗത്തെത്തി.

ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി തുറന്നെഴുതി ബൊളീവുഡ് നടൻ ഉദയ്ചോപ്ര. ആറുവർഷമായി സിനിമയിൽ നിന്നും അകന്നുകഴിയുന്ന ഉദയ് ചോപ്ര കടുത്ത വിഷാദരോഗത്തിന്റെ പിടിയിലാണ്. വിഷാദരോഗത്തെക്കുറിച്ച് തുറന്നെഴുതിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും താരം എഴുതിയത്.

എന്റെ അവസ്ഥ മോശമാണ്. അത് മാറ്റിയെടുക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ പരാജയപ്പെടുകയാണെന്നായിരുന്നു ആദ്യത്തെ ട്വീറ്റ്. അതിന്ശേഷമാണ് സമൂഹമാധ്യമങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുന്നത് മരണത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് പോലെ തോന്നുന്നുവെന്നും ഉടനെ തന്നെ ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നത് ഉചിതമാണെന്നും കുറിച്ചു. ഈ രണ്ട് ട്വീറ്റുകളും അധികസമയമാകുന്നതിന് മുമ്പേ ഡിലീറ്റ് ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ നിരീശ്വരവാദത്തെക്കുറിച്ചുള്ള ട്വീറ്റും ഇട്ടു.

ഒരുവർഷം മുമ്പ് താൻ അനുഭവിക്കുന്ന പ്രണയനൈരാശ്യത്തെക്കുറിച്ച് ഉദയ്ചോപ്ര തുറന്നെഴുതിയിട്ടുണ്ടായിരുന്നു. പഴയ അതേ തീവ്രതയോടെ എനിക്ക് എന്നെ സ്നേഹിക്കാനാവുന്നില്ല എന്നായിരുന്നു ട്വീറ്റ്. ഞാൻ ഇഷ്ടപ്പെട്ടിരുന്നവൾ അകന്നുപോയി, എന്റെ ജീവിതത്തിൽ അവളുടെ സാന്നിധ്യം വേണമായിരുന്നു എന്നും കുറിച്ചു.

അമിതാഭ്ബച്ചനും ഷാരൂഖ്ഖാനും ഒന്നിച്ച മൊഹബത്തെയിനിലൂടെയാണ് ഉദയ്ചോപ്ര ബോളിവുഡിൽ എത്തുന്നത്. 2013ൽ ഇറങ്ങിയ ധൂം 3യാണ് അവസാനം ഇറങ്ങിയ ചിത്രം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള ബയോപിക് ‘പിഎം നരേന്ദ്രമോദി’ യെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്. ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദിജിയെ ട്രെയിലറിൽ കാണിക്കുന്നില്ലെന്നാണ് പരിഹാസം. കമ്മികളുടെയും നക്‌സലുകളുടെയും ‘നെഹ്രു’വിന്റെയും വിലകുറഞ്ഞ തന്ത്രമാണോ ഇതെന്നും താരം പരിസാഹ രൂപേണ ട്വിറ്ററിൽ കുറിച്ചു.

ഇതുപോലുള്ള ബയോപിക്കുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മാര്‍ഥത കാണുമ്പോഴാണ് ജയലളിതയെക്കുറിച്ച് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ എത്രത്തോളം സ്വര്‍ണം പൂശൽ നടന്നേക്കുമെന്ന് ആലോചിക്കുന്നത്. ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ ക്ഷമിക്കാവുന്നതാണ്, എന്നാല്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് മാപ്പർഹിക്കുന്നില്ല”, സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

റാഫേല്‍ രേഖകൾ കളവ് പോയി എന്ന അറ്റോർണി ജനറലിൻറെ വെളിപ്പെടുത്തലിനു പിന്നാലെ ഇതിനെ പരിഹസിച്ചും താരം രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണവും സൈനികരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും സിദ്ധാർത്ഥ് ആരോപിച്ചിരുന്നു.

പുൽവാമ ഭീകരാക്രമണത്തെ നേട്ടമാക്കി പ്രസംഗിച്ച മോദിയെ വിമർശിച്ചും സിദ്ധാർത്ഥ് രംഗത്തെത്തിയിരുന്നു. സ്വയം ഹീറോ ആയി പ്രഖ്യാപിക്കുന്ന മോദി ആ പണി നിർത്തണം എന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്.

 

നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡനാരോപണം വന്ന വേളയില്‍ ഒരുപാട് ചര്‍ച്ചയായെങ്കിലും പീന്നീട് അത് ചര്‍ച്ചചെയ്യപ്പെടാതെ പോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പീഡനശ്രമത്തില്‍ ഉണ്ണി മുകുന്ദനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. ഉണ്ണിക്കു തന്നെ വീണ്ടും കാണണമെന്നും, നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. കേസില്‍നിന്നും പിന്മാറില്ലെന്നും യുവതി അറിയിച്ചിട്ടുണ്ട്

ഉണ്ണി മുകുന്ദനെതിരായ ലൈംഗികാതിക്രമ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്. നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തയെന്നും അതിന്റെ തെളിവുകള്‍ കോടതിക്കു കൈമാറിയെന്നും യുവതി വ്യക്തമാക്കി. ഉണ്ണി മുകുന്ദനെതിരായ കേസ് വ്യാജമാണെന്നു ചലച്ചിത്രമേഖലയിലെ ഒരുവിഭാഗം പ്രചാരണം നടത്തുന്നതിനിടെയാണു ശക്തമായ വെളിപ്പെടുത്തലുകളുമായി യുവതി വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്തു തിരക്കഥാരചന കോഴ്‌സ് പൂര്‍ത്തിയാക്കിയ യുവതി, താന്‍ എഴുതിയ കഥ കേള്‍പ്പിക്കാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി. തുടര്‍ന്ന്, നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. സെപ്റ്റംബര്‍ ഏഴിനു യുവതി നേരിട്ടു കോടതിയെ സമീപിച്ചു.

കോടതി രഹസ്യമൊഴി രേഖപ്പെടുത്തുകയും ഉണ്ണി മുകുന്ദനെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. യുവതി പണമാവശ്യപ്പെട്ടു തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിസംബര്‍ 10ന് ഉണ്ണി മുകുന്ദന്‍ ചേരാനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. കോടതി യുവതിയെ ക്രോസ് വിസ്താരം ചെയ്ത് നടപടി തുടരുന്നതിനിടെ കേസ് ഒത്തുതീര്‍പ്പായെന്ന മട്ടില്‍ രഹസ്യപ്രചാരണം നടന്നു. ഇതോടെയാണു കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്.

നടനെ ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതി കളവാണെന്നു യുവതി പറയുന്നു. ഇതുസംബന്ധിച്ചു പോലീസ് വിളിപ്പിക്കുകയോ ചോദ്യംചെയ്യുകയയോ ഉണ്ടായില്ല. കേസില്‍നിന്നു തന്നെ പിന്തിരിപ്പിക്കാനാണ് ഈ നീക്കം. ഉണ്ണി മുകുന്ദന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ‘മംഗള’ത്തോടു പറഞ്ഞു. ഉണ്ണിക്കു തന്നെ കാണണമെന്നു സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു. തുടര്‍ന്ന് അത്തരം ഫോണ്‍ കോളുകള്‍ ഒഴിവാക്കി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ വിവാദമാകുമെന്നും സ്ത്രീയെന്ന നിലയില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും കരുതിയാണു നേരിട്ടു കോടതിയെ സമീപിച്ചത്. കേസില്‍നിന്നു പിന്മാറില്ലെന്നും എല്ലാ തെളിവും കൈവശമുണ്ടെന്നും യുവതി പറഞ്ഞു.

‘ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്​ലാമിൽ ഇവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികൾക്ക് ഇടയിൽ ഇവന് ഒരു പേരേയുള്ളൂ ലൂസിഫർ..’ കാത്തിരിപ്പ് വൈറുതയാവില്ലെന്ന് ഉറപ്പിച്ച് ലൂസിഫർ ട്രെയിലർ എത്തി. മീശ പിരിച്ച് മുണ്ട് മടക്കി കുത്തി മാസായും ക്ലാസായും മോഹൻലാൽ നിറഞ്ഞു നിൽക്കുന്നു. കഥയുടെ ഗതിയൊന്നും പറയാതെ കൗതുകം ഒളിപ്പിച്ച ട്രെയിലറാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്.

സ്റ്റീഫൻ നെടുംപളളി എന്ന രാഷ്ട്രീയ പ്രവർത്തകനായാണ് മോഹൻലാൽ എത്തുന്നത്. വിവേക് ഒബ്റോയി വില്ലനാകുന്നു. മഞ്ജു വാരിയരാണ് നായിക. മഞ്ജുവിന്റെ സഹോദരനായി ടൊവിനോ തോമസ് അഭിനയിക്കുന്നു. ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, ക്വീൻ ഫെയിം സാനിയ, നൈല ഉഷ, കലാഭവൻ ഷാജോൺ, സായികുമാർ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്.

പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൊച്ചി പനമ്പിള്ളി ന‌ഗറില്‍ ചലച്ചിത്ര നിർമ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വസതിയിലേക്ക് ഗുണ്ടകളുമായെത്തി റോഷന്‍ ആന്‍ഡ്രൂസ് ആക്രമണം നടത്തിയെന്നാണ് കേസ്.അതേസമയം റോഷന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചു.

നേരത്തെ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയുടെ നേതൃത്വത്തില്‍ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. ആല്‍വിന്‍ ആന്റണിയുടെ മകനും റോഷന്റെ സംവിധാന സഹായിയുമായ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് റോഷന്റെ ചിത്രങ്ങളുമായി സഹകരിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനാ തീരുമാനം.

കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നുണപരിശോധന തുടങ്ങി.സിബിഐയുടെ കൊച്ചി കതൃക്കടവിലെ ഓഫീസിലായിരുന്നു പരിശോധന. രാവിലെ തുടങ്ങിയ നുണപരിശോധന രാത്രി വൈകിയും തുടര്‍ന്നു. കോടതി അനുമതി നല്‍കിയത് ഏഴു പേരെ നുണ പരിശോധന നടത്താനാണ്.

മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യന്‍, സുഹൃത്തുക്കളായ എം ജി വിപിന്‍, സി എ അരുണ്‍ എന്നിവരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരുടെയും സുഹൃത്തുക്കളായ മുരുകന്‍, അനില്‍കുമാര്‍ തുടങ്ങിയവരുടെയും പരിശോധനയാണ് ഇനി നടക്കാനുള്ളത്.

എറണാകുളം സിജെഎം കോടതിയില്‍ ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നുണപരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്. ചെന്നൈയിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ രാസപരിശോധന ഫലത്തില്‍ പറയുന്നത് മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമുണ്ടാന്നാണ്. ഇത് ദുരൂഹതയായത്തോടെ എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നതായി സിബിഐയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തുകയും കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുകയുമായിരുന്നു.

ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ച് സുഹൃത്തുക്കളോടൊപ്പം നടുറോഡില്‍ രണ്ട് പേരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി നടന്‍ സുധീര്‍. താന്‍ മദ്യലഹരിയില്‍ അല്ലായിരുന്നെന്നും അനിയനെയും കൂട്ടുകാരെയും മര്‍ദ്ദിക്കുന്നതു കണ്ടിട്ടാണ് താന്‍ പ്രതികരിച്ചതെന്നും സുധീര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് സുധീര്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.

‘ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടെന്നു കരുതിയതാണ്. എന്നാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. എന്നെ മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കള്‍ സത്യാവസ്ഥ അറിയണം, ഞാന്‍ മദ്യപിക്കാറില്ല. ശരീരത്തെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍. അഞ്ച് മണിക്കൂറോളം ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. റോഡില്‍ വെച്ചുണ്ടായ വാക്കേറ്റത്തില്‍ എന്റെ അനിയനെ കൂട്ടുകാരെയും തല്ലുന്നത് കണ്ടിട്ടാണ് ഞാന്‍ ചെന്നത്. കൂടപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലു കൂടിയാല്‍ മാനം പോകുമെന്ന് പറഞ്ഞ് നോക്കി നില്‍ക്കാന്‍ ഞാന്‍ അത്ര ചീപ്പല്ല. എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടി വന്നത്. അവര്‍ എന്നെ തിരിച്ചു തല്ലിയപ്പോള്‍ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തു നിന്നത്.’ സുധീര്‍ വീഡിയോയില്‍ പറയുന്നു.

സുധീറിന്റെയും കൂട്ടരുടെയും മര്‍ദ്ദനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കറ്റിരുന്നു. ഇതില്‍ ഒരാളുടെ മൂക്കിന്റെ പാലത്തിന് ഒടിവും, കണ്ണിന് പരിക്കും പറ്റിയിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. തുടര്‍ന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു നടനേയും സംഘത്തേയും പൊലീസിന് പിടിച്ചു കൊടുത്തെങ്കിലും അവരെ വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ല പൊലീസ് ചീഫിന് പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ മണിയുടെ അടുത്ത സുഹൃത്തുക്കളും അദ്ദഹത്തോട് അടുപ്പമുണ്ടായിരുന്നവരെയും ഇന്നും നാളെയുമായി എറണാകുളം സിബിഐ ഓഫിസിൽ നുണ പരിശോധനയ്ക്ക് വിധേയരാക്കും. മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യൻ, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം.ജി. വിപിൻ, സുഹൃത്ത് സി.എ. അരുൺ, എന്നിവരെ ഇന്നും കെ.സി. മുരുകൻ, അനിൽകുമാർ എന്നിവരെ നാളെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കുക. സിനിമാതാരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ, എന്നിവരെയും പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്.

Copyright © . All rights reserved