Movies

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം, നീളന്‍ മുടിയൊന്ന് വെട്ടി ചെറുതാക്കി കട്ട മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം. ഇഷ്‌ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമാവുകയാണ്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ഷെയ്ന്‍ നിഗം തന്നെയാണ് പോസ്റ്ററിന്റെ ശ്രദ്ധാ കേന്ദ്രം.

‘നോട്ട് എ ലവ് സ്‌റ്റോറി’ എന്ന ക്യാച്ച് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും അത് തന്നെയാണ് വ്യക്തമാക്കുന്നത്. ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ആന്‍ ശീതളാണ് ചിത്രത്തിലെ നായിക. രതീഷ് രവിയാണ് തിരക്കഥ രചിക്കുന്നത്. സംഗീതം ഷാന്‍ റഹ്മന്റേതാണ്.

ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കുമ്പളി നൈറ്റ്‌സാണ് അവസാനമായി ഷെയ്ന്‍ അഭിനയിച്ച ചിത്രം. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരനിര അണിനിരന്ന ചിത്രം വന്‍ വിജയമായിരുന്നു.

ബോളിവുഡില്‍ പ്രിയ വാര്യര്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. പ്രിയയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. എ‍ഴുപതി കോടി ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ പ്രശാന്ത് മാന്പുളളിയാണ്.

ചിത്രത്തിന്‍റെ ടീസറും അതിനെച്ചൊല്ലിയുളള വിവാദങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. ശ്രീദേ‍വി ബംഗ്ലാവ് ഒരു നടിയുടെ കഥയാണെന്നും ദുരൂഹതകള്‍ ഉണ്ടെന്നും ടീസറില്‍ സൂചനകളുണ്ട്. കുളിമുറിയിലെ ബാത്ത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന താരത്തിന്‍റെ ടീസറിലെ ഷോട്ടും സംശയത്തിന് ഇടനല്‍കുന്നു. അന്തരിച്ച നടി ശ്രീദേവി മരിച്ചുകിടന്നതും ബാത്ത്ടബ്ബിലാണ്.

ക‍ഴിഞ്ഞ ദിവസം സംഘടിപ്പിച്ച ടീസര്‍ ലോഞ്ചിംഗ് പരിപാടിയില്‍ മാധ്യമങ്ങള്‍ ഇക്കാര്യം പ്രിയയോട് ചോദിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ശ്രീദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയെന്നും ദേശീയ അവാര്‍ഡ് നേടിയ സൂപ്പര്‍ താരത്തിന്‍റെ ജീവിതമാണ് പറയുന്നതെന്നും പ്രിയ പറഞ്ഞു. എന്നാല്‍ അത് നടി ശ്രീദേ‍വിയാണോയെന്ന് അറിയാന്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കണമെന്നായിരുന്നു പ്രിയയുടെ മറുപടി.

വോട്ടു ചെയ്യേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്താൻ താരങ്ങൾ മുന്നിട്ടിറങ്ങണമെന്നു അഭ്യർത്ഥിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാലിനോടും നാഗാർജ്ജുനയോടുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യർത്ഥന. ചലനാത്മകമായ ജനാധിപത്യമായിരിക്കും അതിനു പുരസ്കാരമായി ലഭിക്കുകയെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോഹൻലാലിനോടും നാഗാർജ്ജുനയോടും ബോധവത്ക്കരണ നടത്താൻ സഹായം അഭ്യർത്ഥിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ: ‘നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിനു പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്. ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി പുരസ്കാരങ്ങളും നിങ്ങൾ നേടി. എനിക്കൊരു അഭ്യർത്ഥനയുണ്ട്. കൂടുതൽ ജനങ്ങൾ വോട്ടു ചെയ്യാൻ എത്തുന്നതിന് നിങ്ങൾ അവരെ ബോധവത്ക്കരിക്കണം. ഊർജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്കാരം.’

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നുവെന്നും ബോധവത്ക്കരണശ്രമങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കണക്കാക്കുന്നുവെന്നും മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ഉറപ്പായും സര്‍ എന്ന മുഖവുരയോടെയാണ് മോഹന്‍ലാലിന്റെ മറുപടി. ‍

 

മോഹൻലാലിനെയും നാഗാര്‍ജുനയെയും കൂടാതെ സിനിമാ–കായിക രംഗത്തെ മറ്റു പ്രമുഖരോടും ട്വീറ്റിലൂടെ മോദി പിന്തുണ ആവശ്യപ്പെടുന്നുണ്ട്.

 

തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ് എന്നാണ് ലാൽ ജോസ് പറയുന്നു. മലയാളത്തിലെ ക്ലാസിക് ക്യാംപസ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയിട്ട് പതിമൂന്ന് വര്‍ഷങ്ങളാകുന്നു. ചിത്രത്തിന്റെ രസകരമായ അനുഭവങ്ങളെക്കുറിച്ച് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് തുറന്നു‌പറയുകയാണ്. രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രമാകാൻ കാവ്യ മാധവൻ ഏറെ ആഗ്രഹിച്ചിരുന്നു. അത് തുറന്നുപറഞ്ഞപ്പോൾ താൻ ദേഷ്യപ്പെട്ടെന്നും ലാൽ ജോസ് പറയുന്നു.

”ഷൂട്ടിങ് തുടങ്ങുംമുൻപ് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് കാവ്യ പറഞ്ഞു. കഥ പറയാൻ ഞാൻ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിനെ അറിയിച്ചു. കാവ്യയും പൃഥ്വിയും നരെയ്നും ഇന്ദ്രജിത്തും ചേർന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ ഷൂട്ടിങ് തുടങ്ങാറായപ്പോൾ കാവ്യയെ കാണാനില്ല.

”ജയിംസ് ആല്‍ബർട്ട് ഓടിയെത്തി പറഞ്ഞു, കഥ കേട്ടപ്പോൾ കാവ്യ വല്ലാത്ത കരച്ചിൽ ആയത്രേ. കാവ്യയോട് കാര്യമെന്തെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി’, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു. ഇത് കേട്ടതോടെ എനിക്ക് ദേഷ്യം വന്നു. നേരത്തെ ഇമേജുള്ളയാൾ റസിയയെ അവതരിപ്പിച്ചാൽ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാൻ പറഞ്ഞു, റസിയയെ മാറ്റാൻ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ പോകാം’. അതും കൂടി കേട്ടതോടെ അവളുടെ കരച്ചിൽ കൂടി.

ഒടുവിൽ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തി. മനസ്സില്ലാ മനസ്സോടെ കാവ്യ സമ്മതിച്ചു”-ലാൽ ജോസ് പറയുന്നു.

ഹോളിവുഡിലെ താരദമ്പതികളിൽ മുൻപന്തിയിലായിരുന്നു ആഞ്ചലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും സ്ഥാനം. മിസ്റ്റർ – ആൻഡ് മിസിസ് എന്ന ചിത്രത്തിന്റെ സൈറ്റിൽ വച്ചാണ് ഇവർ പ്രണയത്തിലായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2014ൽ ആണ് ഇരുവരും വിവാഹിതരായത്. രണ്ടു വർഷങ്ങൾക്കു ശേഷം വിവാഹമോചനം. എന്നാൽ വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ആഞ്ചലീനയോ ബ്രാഡ് പിറ്റോ പ്രതികരിച്ചിരുന്നില്ല. വർഷങ്ങൾ നീണ്ട മൗനത്തിനു ശേഷം ആഞ്ചലീന അതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

”ഇല്ല, ഒരിക്കലും ഒരു ബന്ധവും ബ്ലാക്ക് ആൻഡ് വൈറ്റ് പോലെ ലളിതമല്ല. ഞാനും ബ്രാഡും തമ്മിൽ ഒരുപാടു കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യങ്ങളിൽപ്പോലും ആ അഭിപ്രായ വ്യത്യാസം പ്രകടമായതാണ് വിവാഹമോചനത്തിലേക്ക് നയിച്ച ഒന്നാമത്തെ കാരണം”; താരം പറയുന്നു.

‘ബ്രാഡിന്റെ അസൂയയും മദ്യപാനാസക്തിയും വിവാഹമോചനത്തിന് കാരണമായിട്ടുണ്ട്. മദ്യാപാനാസക്തിമൂലം ബ്രാഡിന് ഹോളിവുഡിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ ബിസിനസ്സ് പ്രമോട്ട് ചെയ്യാൻ ഞാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന അസൂയയും അദ്ദേഹത്തിനുണ്ട്. എങ്കിലും അദ്ദേഹം എന്റെ കുഞ്ഞുങ്ങളുടെ അച്ഛനായതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ എനിക്ക് സാധിക്കില്ല’. – ആ‍ഞ്ചലീന കൂട്ടിച്ചേർത്തു.

നടന്‍ കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങള്‍ ആരും നോക്കാനില്ലാതെ നശിച്ച്‌ പോവുകയാണെന്നും.കുടുംബത്തിന് വേണ്ടെങ്കില്‍ അവ ലേലത്തിന് വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒരു ആരാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് താനല്ലെന്നും, ആരോപണങ്ങൾ ശ്രദ്ധയിൽപെട്ടത് കൊണ്ട് പ്രതികരിക്കുകയെന്നും മറുപടിയുമായി സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മണിയുടെ സഹോദരന്റെ പ്രതികരണം. ഈ കാര്യത്തില്‍ ഞാന്‍ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തീര്‍ച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകള്‍ ഉണ്ട്.ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറയുന്നു.

 

രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

പ്രിയ സ്നേഹിതരെ, കുറച്ച് നാളായി സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകാതെ പാഡിയെ കുറിച്ചും മണി ചേട്ടന്റെ വണ്ടികളെ കുറിച്ചും ഉള്ള പരാമർശങ്ങൾ കാണാനിടയായി. പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപെടുത്തുന്ന രീതിയിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകൾ കണ്ടിരുന്നു.

ഈ കാര്യത്തിൽ ഞാൻ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് തീർച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്.സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് ( തറവാട് ) ഞാൻ താമസിക്കുന്നത്.

മറ്റൊരു സ്വത്തും ഞാനല്ല കൈകാര്യം ചെയ്യുന്നത്; അത് അതിന് അർഹതപ്പെട്ട അവകാശികളിൽ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ കുപ്രചരണങ്ങൾ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്.മണി ചേട്ടൻ മരിച്ച നാൾ മുതൽ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങൾ.പാഡിയിൽ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങൾക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപെട്ടിട്ടുണ്ട്.

വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഞാനല്ല. ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ കുപ്രചരണങ്ങൾ ഏറിയത്. ഈ ഓട്ടോറിക്ഷ മണി ചേട്ടൻ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്.ഇത് മണി ചേട്ടൻ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആൽബത്തിൽ ഇത് മണി ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്. മണി ചേട്ടൻ ഉപയോഗിച്ച വണ്ടികൾ പണ്ടത്തെ ലാബർട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വണ്ടിയാണ് മണി ചേട്ടൻ ഓടിച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടൻ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷ നേരത്തെ തന്നെ ഓടിപ്പിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു.

അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്. പ്രളയത്തിൽ മൂത്ത സഹോദരന്റെ വീട് മുങ്ങുകയും വീട് ഒട്ടും തന്നെ താമസ യോഗമല്ലാതാവുകയും അവർ ക്യാമ്പിലേക്ക് താമസം മാറ്റുകയും ചെയ്തു. ആ വീടിന്റെ മുൻപിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. എന്നാൽ ആ വീടിന്റെ അവസ്ഥയോ, വീട്ടുകാരെയോ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇന്നും ആ വീട് പുതുക്കി പണിയാൻ സാധിച്ചിട്ടില്ല. മൂത്ത സഹോദരന്റെ കുടുംബം ഇപ്പോൾ മണി ചേട്ടൻ പണിയിച്ച കലാഗൃഹത്തിലാണ് താമസം. അതിനിടയിലാണ് ഈ കുപ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴിനടത്തുന്നത്… ഒരു കാര്യം തുറന്നു പറയട്ടെ ഞങ്ങൾ സാമ്പത്തികമായി ഏറെ പുറകിൽ നിൽക്കുന്നവരാണ്.മണി ചേട്ടൻ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം.മണി ചേട്ടന്റെ തണലിൽ ആണ് ഞങ്ങൾ ജീവിച്ചത്.കാര്യങ്ങൾ അറിഞ്ഞ് മാത്രം കുപ്രചരണങ്ങൾ നടത്തുക. ചാലക്കുടിയിൽ വന്ന് ഒരു ഫോട്ടോ എടുത്ത് ആളാവാൻ വേണ്ടി അവനവന് തോന്നുന്ന രീതിയിൽ പ്രചാരണം നടത്താതിരിക്കുക…… സത്യം വദ … ധർമ്മം ചര…

കൊച്ചി: സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ചിലര്‍ വെള്ളം കുടിക്കുമെന്ന് നടി പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ മുന്നറിയിപ്പ്. അഡാറ് ലവിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളാണ് നടിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് സൂചന. സംഭവം ആരാധകര്‍ ഏറ്റുപിടിച്ചതോടെ പ്രിയ പോസ്റ്റ് പിന്‍വലിച്ചു.

‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ.. കാരണം കര്‍മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആസമയം അത്ര ദൂരെയുമല്ല’- പ്രിയ പറയുന്നു.

ഒരു അഡാര്‍ ലവ് പുറത്തിറങ്ങിയതിന് ശേഷം പ്രിയയുമായി ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി സംവിധായകന്‍ ഒമര്‍ ലുലുവും ചിത്രത്തിലെ നായിക നൂറിന്‍ ഷെരീഫും സൂചനകള്‍ നല്‍കിയിരുന്നു. പ്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ഒരു അഭിമുഖത്തില്‍ നൂറിന്‍ പറഞ്ഞത്. പ്രിയ ഒരുപാട് മാറിയെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. സംഭവം എന്തായാലും ഒരിക്കല്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

കന്നഡ സൂപ്പർതാരം യാഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം. യാഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷന് ‍നൽകിയെന്ന് കന്നഡ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബെംഗളുരു പൊലീസിലെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്യാങ്സ്റ്റര്‍ സംഘത്തില്‍ നിന്നും വിവരം ലഭിച്ചത്. നാല് ഗുണ്ടകളെ അറസ്റ്റ് ചെയ്തതില്‍ നിന്നാണ് ഒരു കന്നഡ താരത്തെ കൊല്ലാന്‍ തയ്യാറെടുപ്പ് നടക്കുന്നതായി വിവരം ലഭിച്ചത്. ചേരി ഭാരത് എന്ന് വിളിപ്പെരുളള ഗുണ്ടാനേതാവ് ആണ് കൊല നടത്താന്‍ പദ്ധതി ഇടുന്നതെന്നും അദ്ദേഹം ഇപ്പോള്‍ ജയിലിലാണെന്നും വിവരം ലഭിച്ചു.

ക്വട്ടേഷൻ സംഘങ്ങൾ തേടുന്ന താരം യാഷ് ആണെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയതോടെ ആരാധകർ ആശങ്കയിലായി. നിരവധി സന്ദേശങ്ങളും ഫോൺ കോളുകളുമാണ് യാഷിനെ തേടിയെത്തിയത്. വാർത്തകൾ നിഷേധിച്ച് യാഷ് തന്നെ രംഗത്തെത്തി. പൊലീസുമായി താന്‍ ബന്ധപ്പെട്ടെന്നും എന്നാല്‍ ഗ്യാങ്സ്റ്ററുകളുടെ ഹിറ്റ്‍ലിസ്റ്റില്‍ തന്റെ പേരില്ലെന്നാണ് വിവരം ലഭിച്ചതെന്നും യാഷ് പറഞ്ഞു.

വാർത്താസമ്മേളനം വിളിച്ചാണ് തനിക്ക് വധഭീഷണിയുണ്ടെന്ന പ്രചരണത്തോടെ യാഷ് പ്രതികരിച്ചത്. വാർത്തകൾ പ്രചരിച്ചതോടെ ഞാൻ അഡീഷണൽ കമ്മീഷ്ണർ അലോക് കുമാറുമായും ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. അങ്ങനെയൊരു ഭീഷണിയില്ലെന്ന് അവർ എനിക്കു ഉറപ്പു നൽകി. ഞാൻ അറവുകാരനല്ല കുഞ്ഞാടല്ല, എന്റെ കരുത്തിനെ കുറിച്ച് എനിക്ക് ഉത്തമബോധ്യമുണ്ട്– യാഷ് പറഞ്ഞു.

ഈ പ്രചരണം കാരണം എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതീവ ദുഖത്തിലാണ്. എന്നെ തൊടാൻ മാത്രം ധൈര്യമുളള ആരുമില്ല. ഇവിടെ സർക്കാരുണ്ട് പോലീസുണ്ട് ജനങ്ങളുണ്ട് എന്നെ അത്ര പെട്ടെന്ന് കൊല്ലാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല– യാഷ് പറഞ്ഞു. കന്നഡ സിനിമയിലുളള പ്രമുഖൻ ക്വട്ടേഷൻ നൽകിയെന്നായിരുന്നു പ്രചരണം. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ കന്നഡ സിനിമയെ തന്നെയാണ് നാം അപമാനിക്കുന്നതെന്ന് ഓർക്കണമെന്നും താരം പറഞ്ഞു. കന്നഡ സിനിമയിൽ ആരോഗ്യപരമായ മത്സരമുണ്ട് എന്നത് സത്യമാണ് എന്നാൽ ആരും ഇത്രയും തരംതാഴുകയില്ല– യാഷ് കൂട്ടിച്ചേർത്തു.

മലയാളത്തില്‍ ശ്രദ്ധേയമായ ചില കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് ചിത്ര. അമരത്തില്‍ മമ്മൂട്ടിയോടൊപ്പം ചിത്ര ചെയ്ത കഥാപാത്രം മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര മലയാളികളുടെ മനസിലേക്ക് ഇടം നേടിയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചിത്ര ചെയ്തു. എന്നാല്‍ ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്ക് ജീവിതത്തില്‍ ഒരു ബാധ്യതയായി മാറുകയായിരുന്നു എന്നാണ് ചിത്ര വ്യക്തമാക്കുന്നത്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രയുടെ ഈ തുറന്നു പറച്ചില്‍.

ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതു കൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകന്‍ ശശിയേട്ടന്‍ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് സീമച്ചേച്ചിയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറഞ്ഞു. മോഹന്‍ലാല്‍ നീലകണ്ഠന്‍ എന്ന നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. അപ്പോള്‍ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതില്‍ നീ എന്തിന് പേടിക്കണം? സീമച്ചേച്ചിയുടെ ആ ചോദ്യം ഉള്ളില്‍ തട്ടി. സിനിമ സൂപ്പര്‍ഹിറ്റായി

എന്നാല്‍ സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. എന്നാല്‍ ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാധ്യതയായി മാറി. വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്പോള്‍ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി.  കടല്‍ എന്ന ചിത്രത്തില്‍ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസവേഷം. ‘പ്രായിക്കരപാപ്പാനി’ലും സ്ഥിതി വ്യത്യസ്തമല്ല. ‘ആറാം തമ്പുരാനി’ലെ തോട്ടത്തില്‍ മീനാക്ഷിയും വഴിതെറ്റിയ സ്ത്രീയാണ്. ഒടുവില്‍ ചെയ്ത ‘സൂത്രധാരന്‍ ‘വരെ അത്തരം കഥാപാത്രങ്ങളുടെ നിരനീണ്ടു.

എന്നെപ്പോലുള്ളവര്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ‘ഓ.കെ ചിത്ര ചെയ്യേണ്ട വേറെ നടികള്‍ ഉണ്ട്.’ എന്ന് പറഞ്ഞ് സംവിധായകര്‍ നമ്മളെ കട്ട് ചെയ്യുമെന്നും ചിത്ര തുറന്ന് പറയുന്നു.  കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറസ് ആണെന്നും. ഒരിക്കല്‍ അമരത്തിലെ ഏതോ സ്റ്റില്‍ തമിഴ് മാസികയില്‍ അച്ചടിച്ചു വന്നപ്പോള്‍ ഒരുപാട് തമിഴ് പത്രപ്രവര്‍ത്തകര്‍ വിളിക്കുകയും, ചിത്ര എന്തിന് ഗ്ലാമര്‍ റോള്‍ ചെയ്തു എന്ന് ചോദിക്കുകയും ചെയ്തു. കള്ളിയും ബ്ലൗസും കേരളത്തിലെ നാടന്‍ വേഷമാണ് എന്ന മറുപടിയൊന്നും അവരെ തൃപ്തിപ്പെടുത്തിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ക്യാരക്ടര്‍ വേഷങ്ങളാണ് കൂടുതലും തേടിയെത്തിയത്. പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂവെന്നും ചിത്ര വ്യക്തമാക്കി.

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3 .30ഓടെ ചെങ്ങന്നൂരിലെ സെഞ്ചുറി ആശുപത്രിയില്‍ വെച്ചാണ് മരണം.

സംവിധായകനും തിരക്കഥാകൃത്തുമായ നിതിൻ രഞ്ജി പണിക്കർ, നിഖിൽ രഞ്ജി പണിക്കർ എന്നിവർ മക്കളാണ്.

RECENT POSTS
Copyright © . All rights reserved