ഗുസ്തി താരത്തെ വെല്ലുവിളിച്ച ബോളിവുഡ് താരം രാഖി സാവന്ത് ഇടികൊണ്ട് ആശുപത്രിയിൽ. ഹരിയാനയിലെ പഞ്ച്കുല ജില്ലയിൽ നടന്ന കോണ്ടിനെന്റൽ റസ്ലിംഗ് എന്റർടെയ്ൻമെന്റ് മാച്ചിനിടെയാണ് സംഭവം. പഞ്ചകുലയിലെ തൊലാൽ ദേവി സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരം കാണാനെത്തിയതായിരുന്നു താരം. വനിതാ ഗുസ്തി താരത്തെ ചലഞ്ച് ചെയ്ത് റിംഗിൽ കയറിയ രാഖിക്ക് മത്സരത്തിനിടയിൽ പരിക്കേൽക്കുകയായിരുന്നു. റിംഗിലെത്തിയ രാഖിയെ ഗുസ്തി താരം പൊക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. നിലത്തുവീണതോടെ താരത്തിന്റെ ബോധം പോയി.
രാഖിയെ സംഘാടകർ താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്. വയറിനും നടുവിനും പരിക്കേറ്റ രാഖിയെ പോലീസും സംഘാടകരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന സൂചന. രാഖിയുടെ ബോക്സിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോളിവുഡിൽ വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് രാഖി സാവന്ത്. ഏറ്റവും അവസാനം തനുശ്രീ ദത്തയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഖി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്.
സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷങ്ങൾ തുറന്നു പറയുന്ന കാലമാണ് ഇപ്പോൾ. അത്തരത്തിലുള്ള മീ ടു ക്യാംപെയ്നില് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി നിത്യ മേനോന്. ഒരു കൂട്ടം ആള്ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള് ഇഷ്ടം ഒറ്റയ്ക്കു പോരാടാനാണെന്ന് നിത്യ പറയുന്നു. ‘എനിക്ക് പരസ്യ പ്രതികരണങ്ങള് നടത്താന് മറ്റു മാര്ഗങ്ങളുള്ളതിനാലാണ് മീ ടു ക്യാംപെയ്നില് പങ്കെടുക്കാതിരുന്നത്. പ്രതികരിക്കാന് എനിക്ക് എന്റേതായ മാര്ഗങ്ങളുണ്ട്. ഒരു കൂട്ടം ആള്ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള് ഇഷ്ടം ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ്’ നിത്യ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്ന്ന് രൂപീകരിച്ച വനിതാ ചലച്ചിത്രപ്രവര്ത്തകരുടെ സംഘടനയില് അംഗമാവാന് തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു നിത്യ. ‘സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള് എനിക്കു മനസ്സിലാക്കാന് സാധിക്കും. അതിനെ അനുകൂലിക്കുന്നതു കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം പാലിക്കുന്നത്.
എന്റെ ജോലി തന്നെയാണ് ഞാന് പ്രതിരോധിക്കാന് ഉപയോഗിക്കുന്ന മാര്ഗം. എങ്ങനെ ജോലി ചെയ്യുന്നു എന്നതിലൂടെയും സഹതാരങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലുടെയുമാണ് പ്രതിഷേധം അറിയിക്കുന്നത്. എനിക്കു പ്രശ്നമായി തോന്നിയിട്ടുള്ള സെറ്റുകളില്നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങളോടെ പലരും സമീപിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള് ഉണ്ടാകുന്നത്. എന്നാല് ഇതിനെയൊക്കെ നിശബ്ദമായി മാത്രമേ ഞാന് സമീപിക്കാറുള്ളൂ. ഇതിന്റെ പേരില് പല സിനിമകളോടും നോ പറഞ്ഞിട്ടുമുണ്ട്.’ – നിത്യ വ്യക്തമാക്കി
നടിയും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി നിര്യാതയായി. 90 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്. മുത്തശി കഥാപാത്രങ്ങളിലൂടെയാണ് അവർ ശ്രദ്ധ പിടിച്ചുപറ്റിയത്. ആകാശവാണിയിൽ അവതാരികയായി ജോലി ചെയ്തു. പഞ്ചാഗ്നിയാണ് ആദ്യ ചിത്രം. തൂവൽ കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ കേശുവാണ് അവസാന ചിത്രം.
ചെന്നൈ: ഇളയദളപതി വിജയ്യുടെ സർക്കാർ എന്ന ചിത്രത്തിനെതിരേ തമിഴ്നാട് മന്ത്രി രംഗത്ത്. ചിത്രത്തിൽ രാഷ്ട്രീയക്കാരെ അവഹേളിക്കുന്ന രംഗങ്ങളുണ്ടെന്നും ഇതു വെട്ടിമാറ്റിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് തമിഴ്നാട് സിനിമാ മന്ത്രി കടന്പൂർ രാജു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിഷയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ദീപാവലി ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്പോഴാണ് മന്ത്രിയുടെ ഭീഷണിയെത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രമേയം ചർച്ച ചെയ്യുന്ന ചിത്രത്തിന്റെ മാസ്റ്റർ പ്രിന്റ് റിലീസ് ദിവസം തന്നെ ഇന്റർനെറ്റിൽ ഇടുമെന്ന് തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് ഭീഷണി മുഴക്കിയിരുന്നു. ഈ ഭീഷണി അതിജീവിച്ചപ്പോഴാണ് ചിത്രത്തിനെതിരേ മന്ത്രി രംഗത്തുവന്നിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വാർത്തകളിൽ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഉൾപ്പടെ ചർച്ചയായിരുന്നു. ചിത്രത്തിൽ കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ.
കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്സ് ഓണ് സിനിമ & ചാരിറ്റബിള് സൊസൈറ്റിയാണ് തങ്ങള് നിര്മ്മിച്ച ഫിലിം അറബിക്കടലില് റിലീസ് ചെയ്ത് ശ്രദ്ധയാകര്ഷിച്ചത്. സൊസൈറ്റി കൂട്ടായ്മ നിര്മ്മിച്ച ‘മഴയ്ക്കു മുന്നെ’ എന്ന ഷോര്ട്ട് ഫിലിം ആണ് എറണാകുളത്തു അറബിക്കടലിലൂടെ നടത്തിയ ബോട്ട് യാത്രയില് റിലീസ് ചെയ്തത്. പ്രളയവും പേമാരിയും വരുത്തിവെച്ച കൊടും നാശത്തില് നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില് ഇപ്പോള് ഒരു വലിയപരിപാടി വെച്ചോ വലിയ സെലിബ്രിറ്റികളെ കൊണ്ടുവന്നോ ഒരു റിലീസ് വേണ്ടെന്ന് ഈ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു. മറിച്ച്, പ്രളയദുരന്തത്തില് അകപ്പെട്ട ജനങ്ങളുടെ രക്ഷയ്ക്ക് ദൈവദൂതന്മാരെപ്പോലെ ഓടി എത്തിയ മത്സ്യത്തൊഴിലാളികള്ക്ക് ആദരം അര്പ്പിച്ചാണ് ഇവര് അറബിക്കടലിലൂടെ ബോട്ട് യാത്ര നടത്തി ഫിലിം റിലീസ് ചെയ്ത് വിത്യസ്തരായത്.
ഷോര്ട്ട് ഫിലിം റിലീസ് ചെയ്തതിനൊപ്പം മധുരപലഹാരവും വിതരണം ചെയ്താണ് സംഘം മടങ്ങിയത്. തുടര്ന്ന് പാലാരിവട്ടം ഡോണ്ബോസ്ക്കോ സ്ക്കുളിന്റെ തിയേറ്ററില് മഴയ്ക്ക് മുന്നെയുടെ പ്രദര്ശനവും നടന്നു. സിനിമ സ്വപ്നവുമായി നടന്ന കുറെപ്പേര് ഫേസ്ബുക്കിലൂടെയാണ് പരസ്പരം അറിയുന്നത്. സോണി കല്ലറയ്ക്കല് എന്ന മാധ്യമ പ്രവര്ത്തകന് ഇട്ട ഒരു പോസ്റ്റില് രണ്ടു വര്ഷം മുന്പ് ഒത്തുകൂടിയവരാണ് സിനിമയെ സ്നേഹിക്കുന്ന ഇവര്. അന്ന് അവര് ചേര്ന്ന് നിര്മ്മിച്ച ആദ്യ സിനിമയാണ് മിറക്കിള്.
ഫേസ്ബുക്ക് കൂട്ടായ്മ വഴി സൃഷ്ടിക്കപ്പെട്ടതുകൊണ്ട് തന്നെ മിറക്കിളിന് വളരെയെറെ മാധ്യമ പബ്ലിസിറ്റി അന്ന് കിട്ടുകയും ചെയ്തിരുന്നു. പിന്നീട് ഈ കൂട്ടായ്മ പല സിനിമ ചര്ച്ചകള്ക്കും വഴിവെച്ചു. പക്ഷേ സിനിമയില് എത്തിപ്പെടാന് ഇവര്ക്ക് ആവശ്യമായ പണമോ പിന്ബലമോ ഇല്ലായിരുന്നു. അങ്ങനെയാണ് ഫേസ് ബുക്കില് ഒത്തുചേര്ന്നവര് ഗോഡ്സ് ഓണ് സിനിമ & ചാരിറ്റബിള് സൊസൈറ്റി രൂപീകരിക്കുന്നത്. ആദ്യം ഷോര്ട്ട് ഫിലിം നിര്മ്മിക്കുക. പിന്നീട് സിനിമയില് ചുവട് ഉറപ്പിക്കുക എന്ന ലൈന് ഈ ഗ്രൂപ്പ് സ്വീകരിക്കുകയായിരുന്നു. അങ്ങനെ ഈ സൊസൈറ്റിയിലെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ പിറന്ന ഷോര്ട്ട് ഫിലിം ആണ് മഴയ്ക്ക് മുന്നെ. ഇതിന്റെ കഥയും തിരക്കഥയും സംവിധാനവും ക്യാമറയുമെല്ലാം കൈകാര്യം ചെയ്തിരുക്കുന്നത് അംഗങ്ങള് തന്നെ. സൊസൈറ്റി പ്രസിഡന്റായ രെഞ്ചിത് പൂമുറ്റം ആണ് ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. കൂടെ സൊസൈറ്റിയുടെ മറ്റ് ഭാരവാഹികളായ ജോഷി സെബാസ്റ്റിന്, മുബ് നാസ് കൊടുവള്ളി, വിബിഷ് സി.ടി, ആഷിഖ് അബുദുള്ള എന്നിവര് അസോസിയേറ്റ് – അസിസ്റ്റന്റ് ഡയറക്ടര്മാരായും പ്രവര്ത്തിക്കുന്നു. ഒപ്പം ഒരു വനിതയും ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര് ആയി എത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ജോളി ജോണ്സാണ് ഈ ഫിലിമില് അസി.ഡയറക്ടറായി പ്രവര്ത്തിച്ചത്. ജോളി ജോണ്സ് ബീനാ ടീച്ചര് എന്ന ഒരു പ്രധാന കഥാപാത്രത്തെ ഇതില് അവതരിപ്പിക്കുകയും ചെയ്യുന്നു.
മഴയ്ക്ക് മുന്നെയിലെ ഗാനം രചിച്ചിരിക്കുന്നത് സൊസൈറ്റി ജനറല് സെക്രട്ടറിയും കട്ടപ്പന സ്വദേശിയുമായ ജോഷി സെബാസ്റ്റിന് പരത്തനാല് ആണ്. അദേഹം രചിച്ച ‘മഴയൊരു നിറവായ്
നിറയുന്നു’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല് മീഡിയായില് തരംഗമായി മാറി കഴിഞ്ഞു. സൗഹൃദ ബന്ധനത്താല് സച്ചിന് ബാലു സംഗീത സംവിധായകനാവാന് സമ്മതിച്ചതോടെ
മറ്റൊരു പ്രൊഫഷണലിസം കൂടി ഇതിന്റെ ഭാഗമായി. നിശോഭ് താഴെമുണ്ടയാട് എന്ന DOP ഒപ്പം ലെജീഷ് പി വി (അസോസിയേറ്റ്) ക്യാമറയുമായി മഴക്കുമുന്നെ ഓടിയ കഥാപാത്രങ്ങളെ ഒപ്പിയെടുത്തു. സുനീഷ് വടക്കുമ്പാടനാണ് കലാസംവിധാനം. നിര്മ്മാണ നിയന്ത്രണം രക്ഷാധികാരി സോണി കല്ലറയ്ക്കല് തന്നെ. ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ഗോഡ്സ് ഓണ് സിനിമ & ചാരിറ്റബിള് സൊസൈറ്റിയുടെ വിവിധ ദേശങ്ങളിലുള്ള അംഗങ്ങള് തന്നെയാണ്. ബാലതാരമായി ഡിയോണ് ജിമ്മി എന്ന അഞ്ചാംക്ലാസുകാരനും ശ്രദ്ധയാകര്ഷിക്കുന്നു. സിനിമ /ഷോര്ട്ട് ഫിലിം ഒരിക്കലും ഒരാളുടെ മാത്രം ആവില്ല എന്ന് എല്ലാവര്ക്കും അറിയാം.
ഒരു സംഘഗാനം പോലെ ശ്രുതി ചേര്ന്ന പലരുടെ പ്രയത്നങ്ങള് പുറകിലുണ്ടെങ്കില് നല്ല സിനിമ പിറന്നേക്കാം എന്ന വിശ്വാസം ഈ ഗ്രൂപ്പും വെച്ച് പുലര്ത്തുന്നു. സ്ക്കുള് കുട്ടികളെ സീറോ ബഡ്ജറ്റില് സിനിമ എടുക്കാന് പഠിപ്പിക്കുന്നതിനും ഇപ്പോള് ഈ ഗ്രൂപ്പ് നേതൃത്വം നല്കി വരുന്നു. കുട്ടികളെക്കൊണ്ട് തിരക്കഥ സ്വയം എഴുതിപ്പിച്ച് ചെലവില്ലാതെ സിനിമ എടുക്കാന് പഠിപ്പിക്കുകയാണ് ഇവര് ചെയ്യുന്നത്. 18 മിനിറ്റ് ദൈര്ഘ്യമുള്ള മഴയ്ക്ക് മുന്നെ സമകാലിക സംഭവത്തിന്റെ ദൃഷ്യാവിഷ്ക്കാരവും സാമൂഹിക സന്ദേശം ഉണര്ത്തുന്ന വിഷയവുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യ ചിത്രം പുറത്തിറങ്ങി ഒരു വര്ഷത്തിനുള്ളില് തന്നെയാണ് അടുത്ത ചിത്രവും പുറത്തിറങ്ങുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ഈ ഷോര്ട്ട് ഫിലിമിനുശേഷം ചെറിയ മുതല് മുടക്കില് ഒരു സിനിമ നിര്മ്മിക്കാനും ആലോചിക്കുന്നുണ്ട്. അതിനുള്ള തിരക്കഥാ ചര്ച്ചകളും അണിയറയില് നടന്നുവരുന്നു. ഇതിനുള്ള പണം അംഗങ്ങളെക്കൊണ്ട് മാത്രം കണ്ടെത്താന് പരിമിതികള് ഉള്ളതിനാല് പുറത്തുനിന്ന് സ്പോണ്സര്മാരെ കണ്ടെത്താനും സൊസൈറ്റി ശ്രമിച്ചു വരുന്നു. സിനിമയില് അഭിനയിക്കാനും സാങ്കേതികമായി പ്രവര്ത്തിക്കാനും താല്പര്യമുള്ളവരെ ഒരു കുടക്കീഴില് അണിനിരത്തി അവരുടെ സ്വപ്നങ്ങള് തങ്ങളുടേതാക്കി മാറ്റി ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ‘മഴയ്ക്ക് മുന്നെ’ കണ്ണൂരില് വിവിധ ലൊക്കേഷനുകളില് 3 ദിവസങ്ങളിലായാണ് ഷൂട്ട് ചെയ്തത്.
ആരാധകരുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകർക്ക് ആഘോഷമാണ്. വിവാഹശേഷം ജ്യോതിക സിനിമയിലേക്ക് മടങ്ങിയെത്തിയതും ആരാധകർ ആഘോഷിച്ചിരുന്നു.
ഇപ്പോഴിതാ സൂര്യയാണ് ആദ്യം പ്രണയാഭ്യർഥന നടത്തിയതെന്ന് തുറന്നുപറയുകയാണ് ജ്യോതിക. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്. സൂര്യ പ്രപ്പോസ് ചെയ്തപ്പോള് അധികം ആലോചിക്കേണ്ടി വന്നില്ലെന്നും അപ്പോള്ത്തന്നെ ഓകെ പറഞ്ഞെന്നുമാണ് ജ്യോതിക പറയുന്നത്.
വിവാഹമാണ് ഏറ്റവും വലിയ സന്തോഷമെന്നും ജ്യോതിക പറയുന്നു. ”എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വർഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റിൽ പോയി രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്കു തന്നെ മടുത്തു. താൽപര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ രണ്ടാമതു ആലോചിക്കാതെ ഞാൻ പെട്ടന്നു തന്നെ സമ്മതം മൂളി. വീട്ടുകാരും സമ്മതിച്ചു. അടുത്ത മാസം തന്നെ വിവാഹം നടത്താൻ ഞാൻ തയാറാകുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്ക്.
2006 സെപ്തംബർ 11നായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരായത്. ഏഴോളം സിനിമകളില് ഒന്നിച്ചഭിനയിച്ച ശേഷമാണ് ജീവിതത്തിലും ഇരുവരും ഒന്നിച്ചത്. പൂവെല്ലാം കേട്ടുപാർ, ഉയിരിലെ കലന്തത്, കാക്ക കാക്ക, മായാവി, ജൂൺ ആർ, സില്ലനു ഒരു കാതൽ എന്നിവയാണ് ഇരുവരുടെയും ചിത്രങ്ങൾ.
ശബരിമലയിലെ യുവതി പ്രവേശനം വീണ്ടും ചര്ച്ചയാവുകയാണ്. യുവതികള് എത്തിയാല് ഏത് വിധേനയും ശബരിമലയില് എത്തിക്കുമെന്ന് സര്ക്കാരും ജീവന് കൊടുത്തും തടയുമെന്ന നിലപാടില് മറുപക്ഷവും ഒരടിമാറാതെ ഉറച്ച് നില്ക്കുകയാണ്. ഇതിനിടെ സ്ത്രീകള്ക്കമാത്രമായി ഒരു അയ്യപ്പ ക്ഷേത്രം പണിയുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞിരുന്നു. ഇത് പിന്നീട് സോഷ്യല് മീഡിയകളില് വലിയ പരിഹാസങ്ങള്ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള് എഴുത്തുകാരി ആശാ സൂസനും സുരേഷ് ഗോപിയുടെ പ്രസ്ഥാവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
‘കഴിഞ്ഞ ദിവസം സുരേഷ്ഗോപി ഈ നാട്ടിലെ സ്ത്രീകള്ക്കു കൊടുത്ത വാഗ്ദാനമാണ് ശബരിമല പോലെ മറ്റൊരു ക്ഷേത്രം അതേപോലെ കാനന ഭംഗിയുള്ള ഒരിടത്തു നിര്മ്മിച്ചു കൊടുക്കുമെന്ന്. തുടര്ഭാഗങ്ങളില് സിനിമയ്ക്കു സെറ്റിടുന്നത് പോലെ ഒരുപാട് ഒരുപാട് ബ്രഹ്മാണ്ഡ പ്ലാനുകള് അതിനോട് ചേര്ന്നുണ്ടാവുമെന്നും അവതരിപ്പിച്ചു. ഇനിയെങ്ങാനും ഇങ്ങേരിതോക്കെ നിര്മിക്കുമോന്നു ഭയന്നപ്പോളാണ് അതിന്റെ അവസാനം കൂട്ടിച്ചേര്ത്ത ഡയലോഗ് കേട്ടത്, ഈ ജന്മത്തില് സാധിച്ചില്ലേല് പുനര്ജന്മം എടുത്തു വന്നിട്ടാണേലും ഞാനതു നിറവേറ്റുമെന്ന്. ഇന്ത്യന് ജനാധിപത്യത്തിന്റെ ചുക്കാന് പിടിക്കുന്ന ഒരു പാര്ലമന്റ് അംഗം പറയുന്ന വാചകമാണിത്. ഒരു നിമിഷം ചിരിക്കണോ കരയണോ എന്നോര്ത്തു പോയി എന്നതാണ് സത്യം.’
പെണ്ണിനു വിദ്യ നേടാന് അവകാശമില്ലാത്തിടത്തു നിന്നും, മാറു മറയ്ക്കാന് അവകാശമില്ലാത്തിടത്തു നിന്നും, ഇഷ്ടമില്ലാത്തവന്റെ മുന്നില് മടിക്കുത്തഴിക്കേണ്ട ഗതികേടില് നിന്നുമൊക്കെ ഇവിടെ വരെ എത്താനായെങ്കില് ഇന്നല്ലെങ്കില് നാളെ ഈ പതിനെട്ടു പടികളും ഞങ്ങള് ചവിട്ടിയിരിക്കും, എല്ലാ വിവേചനങ്ങളും മറി കടക്കുകയും ചെയ്യുമെന്നും യുവതി കുറിപ്പില് പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം
സ്ത്രീകള്ക്കു മാത്രമായൊരു ശബരിമല.കഴിഞ്ഞ ദിവസം സുരേഷ്ഗോപി ഈ നാട്ടിലെ സ്ത്രീകള്ക്കു കൊടുത്ത വാഗ്ദാനമാണ് ശബരിമല പോലെ മറ്റൊരു ക്ഷേത്രം അതേപോലെ കാനന ഭംഗിയുള്ള ഒരിടത്തു നിര്മ്മിച്ചു കൊടുക്കുമെന്ന്. തുടര്ഭാഗങ്ങളില് സിനിമയ്ക്കു സെറ്റിടുന്നത് പോലെ ഒരുപാട് ഒരുപാട് ബ്രഹ്മാണ്ഡ പ്ലാനുകള് അതിനോട് ചേര്ന്നുണ്ടാവുമെന്നും അവതരിപ്പിച്ചു. ഇനിയെങ്ങാനും ഇങ്ങേരിതോക്കെ നിര്മ്മിക്കുമോന്നു ഭയന്നപ്പോളാണ് അതിന്റെ അവസാനം കൂട്ടിച്ചേര്ത്ത ഡയലോഗ് കേട്ടത്, ഈ ജന്മത്തില് സാധിച്ചില്ലേല് പുനര്ജന്മം എടുത്തു വന്നിട്ടാണേലും ഞാനതു നിറവേറ്റുമെന്ന്. ഇന്ത്യന് ജനാധിപത്യത്തിന്റെ ചുക്കാന് പിടിക്കുന്ന ഒരു പാര്ലമന്റ് അംഗം പറയുന്ന വാചകമാണിത്. ഒരു നിമിഷം ചിരിക്കണോ കരയണോ എന്നോര്ത്തു പോയി എന്നതാണ് സത്യം.
മിസ്റ്റര് സുരേഷ് ഗോപി, താങ്കളോട് ഞാന് എന്റെ കുട്ടിക്കാലത്തെ ഒരു സംഭവം പറയാം. ക്രൈസ്തവ പാരമ്പര്യമുള്ള എന്റെ വീട്ടില് നേര്ച്ച നടത്തുക പതിവാണ്. അതില് പൈതങ്ങളുടെ നേര്ച്ച എന്നൊന്നുണ്ട്. വൈദികന് വന്നു പ്രാര്ത്ഥന ചൊല്ലി പത്തു വയസ്സില് താഴെയുള്ള കുട്ടികളെ നിലത്തിലയിട്ട് അവര്ക്കു ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഏര്പ്പാട്. വീട്ടിലെ ആണ്കുട്ടികള് ഇരിക്കുന്നതു കണ്ടു പെണ്കുട്ടിയായ ഞാനും ഓടിക്കേറി അവര്ക്കിടയില് ഇരിക്കാന് ശ്രമിച്ചപ്പോള് മുതിര്ന്നവര് അത് വിലക്കി. വീണ്ടും ഇരിക്കാനായി വാശി പിടിച്ചപ്പോള് അപ്പന് പറഞ്ഞു, ഏട്ടന് കഴിക്കുന്ന അതേ ഭക്ഷണം കുട്ടിക്കു മേശപ്പുറത്തു വെച്ച് ചില്ലിന്റെ പ്ളേറ്റില് വിളമ്പിത്തരാല്ലോ, എന്തിനാ ഇത്ര ബുദ്ധിമുട്ടി വളഞ്ഞു കൂടി നിലത്തിരുന്നു കഴിക്കുന്നതെന്ന്. കേട്ടപ്പോള് ശരിയെന്നു തോന്നി, ഊണ്മേശക്കരികിലേക്ക് ഓടി. അന്നത്തെ ചിന്ത രണ്ടും ഒരേ ഭക്ഷണം, രണ്ടും ഉണ്ടാക്കിയത് അമ്മ. അപ്പോ പിന്നെ എവിടെ ഇരുന്നു കഴിച്ചാലെന്താ എന്നതായിരുന്നു.
പക്ഷേ ഇന്നെനിക്കറിയാം, അന്നു നിഷേധിക്കപ്പെട്ടത് സമത്വം എന്ന എന്റെ അവകാശമാണ്. അവരുടെ കൂടെ ഇരുന്ന ഞാന് എണീറ്റു പോരേണ്ടി വന്നത് ഞാന് ആഗ്രഹിക്കാതെ എനിക്ക് കിട്ടിയ ജെന്ഡറിന്റെ പേരിലാണ്, അതേ സമയം ആള്ക്കൂട്ടത്തിനു നടുവില് ഇരിക്കാന് എന്റെ ഏട്ടന് അവസരം കിട്ടിയതും അതേ ജെന്ഡര് കാരണം തന്നെയാണ്. ഇന്നെനിക്കറിയാം, ഏട്ടന് ഇരുന്നത് നിലത്താണെങ്കിലും, കഴിച്ചത് ഇലയിലാണെങ്കിലും പൊക്കത്തില് ഇരുന്ന എന്നേക്കാളും പ്രാധാന്യം ആ ചടങ്ങില് ഏട്ടനായിരുന്നൂന്ന്.
താഴ്ന്ന ജാതിക്കാര് കയറിയാല് അമ്പലം അശുദ്ധിയാവുമെന്നും ദേവന് അത് ഇഷ്ടമല്ലെന്നും പറഞ്ഞ പഴയ ബ്രാഹ്മണ മേല്ക്കോയ്മയുടെ ബാക്കിപത്രമാണ് യുവതിയായതു കൊണ്ട് നീ പ്രവേശിച്ചാല് അവിടം അശുദ്ധിയാവുമെന്നും പ്രതിഷ്ഠ അതാഗ്രഹിക്കുന്നില്ലെന്നും പറയുന്നത്. സര്വ്വ പ്രിവിലേജിന്റെയും മുകളിലിരിക്കുന്ന താങ്കളെപ്പോലുള്ളവര്ക്ക് നെഞ്ചത്തു കൈ വെച്ച് ഒരു പാട് വിനയം കോരി ചൊരിഞ്ഞു നമുക്ക് സമാധാനത്തിന്റെ വഴിയേ പോവാം, നമുക്ക് പ്രശ്നങ്ങള് ഉണ്ടാക്കാതെ നോക്കാം എന്നൊക്കെ പറയാന് എളുപ്പമാണ്, അടി കിട്ടിയവനേ ആ വേദന അറിയൂ. കിട്ടാത്തവനു സാരമില്ല, പോട്ടെന്നു പറയാന് ഒറ്റ നിമിഷം കൊണ്ട് പറ്റും.
പുലയപ്പിള്ളേര്ക്ക് പഠിക്കാന് വേറെ ചാള കെട്ടികൊടുക്കാമെന്നു പറഞ്ഞ താങ്കളുടെ ശബ്ദമുള്ള പ്രമാണിമാരുടെ നിലം ഒന്നര കൊല്ലം കൃഷിചെയ്യാതെ സമരം ചെയ്താണ് ഒപ്പമിരുന്നു പഠിക്കാനുള്ള അവകാശം നേടിയെത്തത്, അല്ലാതെ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാമെന്നു പറഞ്ഞ് ഏമാന്മാര് കനിഞ്ഞു നല്കിയതല്ല. അതുകൊണ്ട് ഏമാന് ശബരിമല ക്ഷേത്രത്തിനു പകരം ഒന്നല്ല, ഒന്പതു മല തന്നെ ഉണ്ടാക്കിത്തന്നാലും നിഷേധിക്കപ്പെടുന്ന നീതിയ്ക്കു പകരമാവില്ലതെന്നറിയുക.
‘ന സ്ത്രീ സ്വാതന്ത്രമര്ഹതി’ എന്നു പറഞ്ഞിരുന്ന മനുസ്മൃതി കത്തിച്ചതും രാജ്യത്തിലെ സര്വ്വ മനുഷ്യര്ക്കും തുല്യ നീതിയും തുല്യ പരിഗണയും ഉറപ്പു നല്കുന്ന ഭരണഘടന നിലവില് വന്നതും താങ്കളും താങ്കള് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്ട്ടിയും ഇനിയും അറിഞ്ഞിട്ടില്ലെങ്കില് അതൊന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒന്നു കൂടി ഉറപ്പിച്ചു പറയട്ടെ, സര്വ്വ മനുഷ്യര് എന്നാല് പുരുഷന് മാത്രമല്ല, ലിംഗഭേദമന്യേ സര്വ്വരും ഉള്പ്പെടും. ഒരിടത്തു കയറണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്, പക്ഷേ കയറരുതെന്നു പറയാന് രണ്ടാമതൊരാള്ക്കവകാശമില്ല. കഴിക്കണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്, കഴിക്കരുതെന്ന് കല്പ്പിക്കാന് നിങ്ങള്ക്കവകാശമില്ല. അവിശ്വാസിയാണോ, വിശ്വാസിയാണോ യഥാര്ത്ഥ വിശ്വാസിയാണോ, വൃതം നോക്കിയോ ഇല്ലയോ എന്നതൊക്കെ ആയാളും സോ കോള്ഡ് ദൈവവും തമ്മിലുള്ള കാര്യമാണ്, ഒരാളുടെ വിശ്വാസത്തിന്റെയും വൃതത്തിന്റെയും അളവ്കോല് നിങ്ങളുടെ കയ്യിലല്ല, പരിശോധിക്കാനും തടയാനും നിങ്ങള്ക്കു യാതൊരു അധികാരവുമില്ല.
പെണ്ണിനു വിദ്യ നേടാന് അവകാശമില്ലാത്തിടത്തു നിന്നും, മാറു മറയ്ക്കാന് അവകാശമില്ലാത്തിടത്തു നിന്നും, ഇഷ്ടമില്ലാത്തവന്റെ മുന്നില് മടിക്കുത്തഴിക്കേണ്ട ഗതികേടില് നിന്നുമൊക്കെ ഇവിടെ വരെ എത്താനായെങ്കില് ഇന്നല്ലെങ്കില് നാളെ ഈ ഈ പതിനെട്ടു പടികളും ഞങ്ങള് ചവിട്ടിയിരിക്കും, എല്ലാ വിവേചനങ്ങളും മറി കടക്കുകയും ചെയ്യും. ഞങ്ങളുടെ മൌലികാവകാശങ്ങളെ നിഷേധിക്കുന്നവരുടെ മുഖത്തു നോക്കി ഞങ്ങള് ഉച്ചത്തില് പറയും, പ്ഭാ, പുല്ലേ!
പള്ളിയില് പ്രാര്ത്ഥനയ്ക്കായി മമ്മൂട്ടി എത്തിയതോടെ ഫോട്ടോയെടുക്കാനും മറ്റുമായി യുവക്കള് അടക്കമുള്ളവര് ചുറ്റും കൂടി. എന്നാല് ആരെയും വിഷമിപ്പിക്കാതെ തന്നെ ശാന്ത സ്വരത്തില് മമ്മൂക്ക പറഞ്ഞ വാക്കുകള് അവര് അതേപടി കേട്ടു.
‘പള്ളിയിലെത്തുമ്പോൾ ഫോട്ടോയെടുക്കരുത്. പള്ളിയിലേയ്ക്ക് വരുമ്പോൾ പള്ളിയില് വരുന്നതുപോലെ തന്നെ വരണം, പ്രാര്ത്ഥിക്കണം.’അദ്ദേഹം പറഞ്ഞതു കേട്ടതോടെ പതിയെ ഫോട്ടോയെടുക്കുന്നത് നിര്ത്തി നിസ്കാരത്തിനായി മമ്മൂട്ടിക്കൊപ്പം പള്ളിയിലേയ്ക്ക് നടന്നു.
ലോകമെമ്പാടുമുള്ള ഇന്ത്യന് സിനിമാ പ്രേമികള് ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ശങ്കര് സംവിധാനം ചെയ്യുന്ന യന്തിരന് 2.0. രജനികാന്തും അക്ഷയ് കുമാറും മുഖ്യവേഷത്തില് അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് എന്നായിരിക്കുമെന്നാണ് പ്രേക്ഷകര് ആരായുന്നത്.
ചിത്രത്തിലെ പ്രധാനകഥാപാത്രമായ വില്ലന് കഥാപാത്രം അവതരിപ്പിക്കാന് ഹോളിവുഡ് ഇതിഹാസം അര്ണോള്ഡിനെയായിരുന്നു തെരഞ്ഞെടുത്തത്. എന്നാല് ഇടയ്ക്ക് വെച്ച് അര്ണോള്ഡ് പിന്മാറുകയായിരുന്നു.
തുടര്ന്ന് മറ്റൊരു ഇതിഹാസ താരത്തിനെ ചിത്രത്തിലേക്ക് കൊണ്ടുവരാന് ശ്രമിച്ചിരുന്നെന്നാണ് സംവിധായകന് ഇപ്പോള് വെളിപ്പെടുത്തിയിരിക്കുന്നത്. ഉലകനായകന് കമല്ഹാസനെ ഈ റോളിലേക്ക് കൊണ്ടുവരാനായിരുന്നു ശങ്കറിന്റെ തീരുമാനം. ഈ കാര്യം കമലുമായി സംസാരിച്ചിരുന്നെന്നും എന്നാല് കമലിന് അതിനേക്കാള് താല്പ്പര്യം ഇന്ത്യന് 2 ചെയ്യാനായിരുന്നെന്നും ശങ്കര് പറയുന്നു.
1979 മുതല് ഇനി മുതല് ഒരുമിച്ച് അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഉലകനായകനും സുപ്പര് സ്റ്റാറും.
തൃശൂര്: കേരള സംഗീത നാടക അക്കാദമി നടത്തിക്കൊണ്ടു പോകാനുളള പ്രാപ്തി കെപിഎസി ലളിതയ്ക്കില്ലെന്ന് മുന് അക്കാദമി അംഗവും കഥകളി ആചാര്യനുമായ കലാമണ്ഡലം ഗോപി. അമ്മയുടെ വാര്ത്താ സമ്മേളനത്തില് കെപിഎസി ലളിത നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറി പറയുന്നത് അതേപടി വിശ്വസിക്കുന്നയാളാണ് നിലവിലെ സംഗീത നാടക അക്കാദമി ചെയര്പേഴ്സണ്. അക്കാദമി പ്രവൃത്തനങ്ങളില് താന് തൃപ്തനല്ല. അതിനാലാണ് അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗത്വം ഒരു വര്ഷം മുന്പ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്മശ്രീ ലഭിച്ച വ്യക്തിയാണ് താന്. എന്നാല് പത്മശ്രീ ലഭിച്ച വ്യക്തിയെന്ന സ്ഥാനം അക്കാദമി തനിക്ക് നല്കിയില്ല. എക്സിക്യുട്ടീവ് മെന്പറാക്കി നിര്ത്തിയിട്ടുണ്ട് എന്നതല്ലാതെ ആ ഉള്പ്പെടുത്തല് ആത്മാര്ത്ഥമായിരുന്നില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ഒരു പ്രഹസനം പോലെയാണ് തന്നെ ഉള്പ്പെടുത്തിയ തീരുമാനം അനുഭവപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.