Movies

കൊച്ചി: കോടതിവിധി വരുന്നതിന് മുമ്പായി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ പിളര്‍പ്പ് ശക്തിപ്രാപിക്കുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി വിളിക്കണം എന്നാവശ്യപ്പെട്ട് സംഘടനയിലെ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ സംഘടനയുടെ സെക്രട്ടറി ഇടവേളബാബുവിന് കത്തു നല്‍കി.

പ്രധാനമായും നാലു കാര്യങ്ങളാണ് കത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ദിലീപിനെ തിരിച്ചെടുത്തത് വീണ്ടും ചര്‍ച്ച ചെയ്യണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഇതുവരെ അമ്മ എന്തു നടപടി സ്വീകരിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇതുവരെ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിന് പുറമേ ജൂലൈ 13 നോ 16 നോ ജനറല്‍ബോഡി വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ഇവര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ഡബ്‌ള്യൂസിസിയില്‍ പിളര്‍പ്പില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് കത്ത്. അംഗത്വം രാജിവെച്ച് നാലു നടിമാര്‍ പുറത്ത് പോയപ്പോള്‍ അമ്മയില്‍ തുടര്‍ന്ന് കൊണ്ട് മറ്റ് ഡബ്‌ള്യൂസിസി അംഗങ്ങള്‍ പോരാട്ടം തുടരുമെന്ന സൂചനയും കത്ത് നല്‍കുന്നു. അമ്മ സംഘടനയില്‍ തുടരുന്ന ഡബ്‌ള്യൂസിസി അംഗങ്ങളായ നടിമാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് കത്ത്. കോടതി വിധി വരും മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം പുറത്തു പോയത്.

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും എന്ന സൂചനയാണ് കത്ത് നല്‍കുന്നത്. നിലപാട് തിരുത്തിയില്ലെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ പേര്‍ പുറത്തു പോകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം രാജിവെച്ചവര്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അമ്മ നേതൃത്വവും അങ്കലാപ്പിലാണ്.

ഡബ്‌ള്യൂസിസിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തേ ഒപ്പമുണ്ടായിരുന്ന യുവനടന്മാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം ശക്തമായി നേരത്തേ പ്രതികരിച്ചവരാണ്. എന്നാല്‍ പുതിയ വിവാദം പുറത്തു വന്ന ശേഷം ഇവരാരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയ്ക്ക് പുറത്തുള്ളവര്‍ പോലും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണെങ്കിലും അമ്മ ഭാരവാഹികളും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

 

പുതിയ ഭരണ സമിതി രൂപീകരിച്ചതിനു പിന്നാലെ പ്രതിസന്ധിയിലായി അമ്മ താര സംഘടന. മോഹൻലാൽ അധ്യക്ഷനായ ഭരണ സമിതി വന്നപ്പോൾത്തന്നെ ദിലീപ് ശക്തിയായി സംഘടനയിലേക്ക്തിരിച്ചുവരുമെന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഇതോടുകൂടി അമ്മയിൽ ആഭ്യന്തര യുദ്ധം ഉടലെടുക്കുകയും ചെയ്തു. ഇതിന്റെ ഫലമാണ് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി സംഘടനയിൽ നിന്ന് രാജിവച്ചതും. പിന്നാലെ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറ്റു മൂന്നുപേരും സംഘടനയിൽ നിന്ന് രാജിവച്ചതും. ഇതിനൊപ്പം തന്നെ ഇവർക്ക് പിന്തുണയുമായി മറ്റു താരങ്ങളും സംഘടനയിൽ നിന്ന് പുറത്ത് വരാനുള്ള സാധ്യത ഏറെയാണ്…

ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മയിൽ നിന്നും നടി ഭാവന രാജി വച്ചു. അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുമ്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു.

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യില്‍ നിന്ന് ഞങ്ങളില്‍ ചിലര്‍ രാജി വെക്കുന്നു. 1995 മുതല്‍ മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരങ്ങള്‍ നേടി തരുന്ന മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു പക്ഷേ,സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഒട്ടേറേ സ്ത്രീകള്‍ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓര്‍ക്കണം. മാത്രമല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാന്‍സ് അസോസിയേഷനുകളുടെ മസില്‍ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.

അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന ഈ വിഷയം ചര്‍ച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് ഈ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങള്‍ ഓര്‍ത്തില്ല!

അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ”അമ്മ’യില്‍ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു . ”അമ്മ’ യില്‍ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു . നീതി പുലരട്ടെ .

”അമ്മ’യില്‍ നിന്ന് ഞാന്‍ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുന്‍ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാന്‍ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ക്കെതിരെ ഞാന്‍ പുറത്തു നിന്നു പോരാടും.

ഇപ്പോള്‍ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല ഞാന്‍ ‘അമ്മ’ വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.

മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളെന്ന് വിശേഷണം നേടിയവരാണ് ഫഹദ് ഫാസിലും നസ്രിയയും. തന്റെ കരിയറില്‍ നസ്രിയ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരുടേയും കുടുംബങ്ങള്‍ ചേര്‍ന്ന് വിവാഹം ഉറപ്പിക്കുന്നത്. കുടുംബങ്ങള്‍ തീരുമാനിച്ച വിവാഹമെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞിരുന്നതെങ്കിലും തങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് പിന്നീട് ഫഹദ് വ്യക്തമാക്കിയിരുന്നു.

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ വീണ്ടും അഭിനയ ലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ്. ഭാര്യയുടെ രണ്ടാം വരവിൽ പ്രേക്ഷകരെപോലെ ത്രില്ലിലാണ് താനുമെന്ന് ഫഹദ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ താന്‍ വീട്ടിലിരിക്കാന്‍ ഒരുക്കമാണെന്ന് ഫഹദ് വെളിപ്പെടുത്തുന്നു. എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ് നസ്രിയ ഇത്രയും നാള്‍ വീട്ടിലിരുന്നത്. ഞാന്‍ എപ്പോഴും പറയാറുണ്ട്, നസ്രിയ സിനിമയില്‍ സജീവമാകുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉള്ളൂ എന്ന്.വ്യക്തിപരമായി അങ്ങേയറ്റം സന്തോഷത്തിലാണ് ഞാന്‍. തന്‍റെ ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.

അവര്‍ക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ അവര്‍ ചെയ്യും. എനിക്ക് തോന്നുമ്പോള്‍ ഞാനും ചെയ്യും. അത്തരത്തിലാണ് ഞങ്ങള്‍ ജീവിതം പ്ലാന്‍ ചെയ്യാറുള്ളത്. പിന്നെ ഒരു കാര്യം ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്, രണ്ടുപേര്‍ക്കും പരസ്പരം ഒന്നിച്ചു ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തും. മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയില്‍ നടക്കും ഫഹദ് പറഞ്ഞു. നസ്രിയ ഇപ്പോള്‍ ബാംഗ്ളൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് .

സിനിമാ തിരക്കഥയെ വെല്ലും രീതിയിലായിരുന്നു താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന പേരില്‍ ആദ്യം മാധ്യമങ്ങളെ പടിക്കു പുറത്തു നിര്‍ത്തി. തങ്ങളുടെ രഹസ്യ ചര്‍ച്ചകളും നീക്കങ്ങളും പുറത്തു പോകാതിരിക്കാന്‍ യോഗം ചേരുന്ന ഹോട്ടലിന് മുംബൈയില്‍ നിന്നുള്ള സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു. അകത്തെ നീക്കങ്ങളും വാഗ്വാദങ്ങളും പുറത്താകാതിരിക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഒഴികെയുള്ളവരുടെ മൊബൈല്‍ ഫോണുകളും വാങ്ങി വച്ചു.

കഴിഞ്ഞദിവസം ക്രൗണ്‍പ്ലാസയില്‍ നടന്ന അമ്മ ജനറല്‍ ബോഡിയിലെ മുന്നൊരുക്കങ്ങള്‍ മാധ്യമങ്ങളെ ഭയന്നു തന്നെയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ദിലീപിനെ തിരികെയെത്തിക്കാനുള്ള അണിയറനീക്കങ്ങള്‍ ചോരാതിരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കങ്ങളെല്ലാം. എന്നാല്‍ ദിലീപ് സംഘടനയില്‍ തിരികെയെത്തിയേക്കും എന്ന കിംവദന്തി പരന്നതോടെ പൃഥ്വിരാജും മഞ്ജു വാര്യരും അടക്കം ചില താരങ്ങള്‍ വിട്ടുനിന്നു.

ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അമ്മയ്‌ക്കെതിരേ മഞ്ജുവിന്റെയും പൃഥ്വിയുടെയും നേതൃത്വത്തില്‍ സമാന്തര കൂട്ടായ്മ വരുന്നുവെന്നതാണ്. ഒരു സംവിധായകനാണ് പുതിയ സംഘടനയ്ക്കു വേണ്ടുന്ന ഉപദേശങ്ങളും നിയമസഹായവും നല്കുന്നത്. സൂപ്പര്‍ താരങ്ങള്‍ ഒതുക്കിയ ഒരു മുന്‍കാല നടന് നേതൃസ്ഥാനത്ത് അവരോധിച്ചാകും പുതിയ സംഘടനയുടെ പ്രവര്‍ത്തനം. റിമ കല്ലിംഗലിന്റെ നേതൃത്വത്തിലുള്ള വുമണ്‍ ഇന്‍ കളക്ടീവിന്റെ പിന്തുണയും പുതിയ കൂട്ടായ്മ ഉറപ്പു വരുത്തിയിട്ടുണ്ട്. സിനിമ താരങ്ങള്‍ക്കു പുറമേ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കും ജൂണിയര്‍ താരങ്ങള്‍ക്കും സംഘടനയില്‍ അംഗത്വം ലഭിക്കും.

അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കണം. അംഗത്വ ഫീസായി പതിനായിരങ്ങള്‍ നല്കണം. കൂടാതെ ഇത്ര സിനിമയില്‍ അഭിനയിക്കുകയും വേണം. ഇതിനെല്ലാം ഉപരി അമ്മയുടെ തലപ്പത്ത് ഉള്ളവരുടെ പ്രീതി നേടുകയെന്നത് അത്യാവശ്യവും. പുതിയ സംഘടന ഈ കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിക്കുന്നതാകും. അടുത്തു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ഗായിക എസ്.ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഈ വാർ‌ത്ത പ്രചരിച്ചത്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ വ്യാജ പ്രചരണം നടന്നിരുന്നു. സംഭവത്തേക്കുറിച്ച് ഗായികയോ അവരോട് അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. മുൻപും, നടൻ ജഗതി ശ്രീകുമാർ, സലീം കുമാർ തുടങ്ങിയ താരങ്ങളുടെയൊക്കെ പേരിലും സമാനമായ വ്യാജപ്രചരണങ്ങൾ വന്നിരുന്നു.

ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെതിരേ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയിയ ശേഷം ഒളിവില്‍ പോയ തരികിട സാബു എന്ന അബ്ദു സമദ് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് മലയാളത്തിലെ പ്രമുഖചാനലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഷോയിലെ ഒരു അംഗമായി സാബു രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.

ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ അവര്‍ കേസ് കൊടുത്തപ്പോള്‍ ഒളിവില്‍ പോയ ആളാണ് സാബു. ഇയാളെ തിരയുകയാണെന്ന് പോലീസും പറഞ്ഞിരുന്നു. ബിഗ്‌ബോസില്‍ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവില്‍ കഴിയുന്നത്. രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ മോഹന്‍ലാലാണ് റൂമിലിട്ട് പൂട്ടിയത്. ഇനി 100 ദിവസം കഴിഞ്ഞേ തുറക്കൂ എന്നാണ് പറയുന്നത്. ഇനി സാബുവിനെ പൊക്കാന്‍ പോലീസ് എന്തു ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

ഹൃദയാഘാതത്തെ തുടര്‍ന്ന്​ നടന്‍ ക്യാപ്​റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക്​ പോവുകയായിരുന്ന ക്യാപ്​റ്റന്‍ രാജുവിന്​ വിമാനത്തില്‍ വെച്ചാണ്​ ഹൃദയാഘാതം അനുഭവപ്പെട്ടത്​.

തുടര്‍ന്ന്​ വിമാനം തിങ്കളാഴ്​ച രാവിലെ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന്​ അദ്ദേഹത്തെ കിംസ്​ ഒമാന്‍ ആശുപത്രിയിലേക്ക്​ മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഇന്നസെന്റ് യുഗത്തിന് അവസാനം. ഇനി മലയാള സിനിമാതാരങ്ങളുടെ സംഘടനയെ മോഹന്‍ലാലും ഇടവേള ബാബുവും ചേര്‍ന്ന് നയിക്കും. കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗം പുരോഗമിക്കുകയാണ്. മാധ്യമങ്ങളെ പരിപൂര്‍ണമായും ഒഴിവാക്കി കൊണ്ടാണ് യോഗം നടക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യോഗത്തിന്റെ ദൃശ്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പുറത്തുവിടുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇരുവരും യോഗത്തില്‍ പങ്കെടുക്കാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ രാവിലെ തന്നെ പുറത്തുവന്നിരുന്നു. അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാലിന് ആശംസകളര്‍പ്പിക്കുന്നവരുടെ തിരക്കായിരുന്നു രാവിലെ. വളരെ ലളിതമായിട്ടാണ് മമ്മൂട്ടി ചടങ്ങിലെത്തിയത്. മുണ്ടുടുത്ത് തനി നാടന്‍ ഗൈറ്റപ്പില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മമ്മൂട്ടി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തനിക്ക് ഒൗദ്യോഗികമായി ഒരു പദവിയും വേണ്ടെന്ന നിലപാടിലാണ് അദ്ദേഹം.

ഇന്നസെന്റെ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഇതിനോടകം സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായി. അമ്മയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ട കാര്യം അദ്ദേഹം പ്രസംഗത്തില്‍

ഒാര്‍മിപ്പിച്ചു. അതിന് പിന്നാലെ വന്നു രസികന്‍ താങ്ങ്. 40 അല്ല 100 ശതമാനം ആക്കണെമന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഞാന്‍ സ്ഥാനം ഒഴിയുകയാണല്ലോ എന്നും. വേദിയില്‍ നിറഞ്ഞ കയ്യടി. ഹാസ്യത്തിന്റെ രൂപത്തില്‍ ഇന്നസെന്റ് തന്റെ കാലത്തിലെ അമ്മയുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും വിലയിരുത്തി. മറ്റുള്ളവര്‍ക്ക് വഴിമാറി കൊടുക്കുന്നവന്റെ സന്തോഷത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്ന് അദ്ദേഹം നര്‍മ്മത്തെ കൂട്ടുപിടിച്ച് പറഞ്ഞു. അമ്മ മഴവില്ല് മെഗാഷോയുടെ വിലയിരുത്തലും യോഗത്തില്‍ നടന്നു

‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ രാവിലെ പത്തു മുതലാണ് യോഗം. മോഹന്‍ലാല്‍ പ്രസിഡന്റായ പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. നടി ആക്രമിക്കപ്പെട്ടശേഷമുള്ള സംഭവങ്ങളും യുവതാരങ്ങളുടെ നിലപാടുകളും ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്യും. അതേസമയം, യോഗത്തിനുശേഷമുള്ള പതിവ് വാര്‍ത്തസമ്മേളനം ഇക്കുറി ഒഴിവാക്കി. 17 വര്‍ഷം പ്രസിഡന്റായിരുന്ന ഇന്നസന്റെ് ഒഴിയുന്നതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ ചുമതലയേല്‍ക്കുന്നത്.

പൊതുസ്വീകാര്യന്‍ എന്ന നിലയിലാണ് വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലിനെ പരിഗണിച്ചത്. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകും. മമ്മൂട്ടിയായിരുന്നു ജനറല്‍ സെക്രട്ടറി. സിദ്ദീഖ് (സെക്രട്ടറി), മുകേഷ്, ഗണേഷ്‌കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ജഗദീഷ് (ട്രഷറര്‍) എന്നിവരും ഞായറാഴ്ച ചുമതലയേല്‍ക്കും. ദിലീപായിരുന്നു ട്രഷറര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയശേഷം പകരം ആരെയും നിയോഗിച്ചിരുന്നില്ല. ദിലീപിനെ കുറ്റവിമുക്തനായശേഷം തിരിച്ചെടുത്താല്‍ മതിയെന്ന പൊതുനിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ സാധ്യതയില്ല.

വനിത സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘വിമന്‍ ഇന്‍ സിനിമ കലക്ടീവി’ന്റെ (ഡബ്ല്യു.സി.സി) രൂപവത്കരണം കണക്കിെലടുത്ത് നിര്‍വാഹക സമിതിയില്‍ വനിത പ്രാതിനിധ്യം വര്‍ധിപ്പിച്ചേക്കും. നിലവില്‍ രമ്യ നമ്പീശനും, കുക്കു പരമേശ്വരനുമാണ് സമിതിയിലുള്ളത്. തിരുവനന്തപുരത്തു നടന്ന അമ്മയുടെ സ്‌റ്റേജ് ഷോയിലെ ഏതാനും യുവതാരങ്ങളുടെ അഭാവം ഉള്‍പ്പെടെ ചര്‍ച്ചയാകും. ശനിയാഴ്ച രാത്രി നടന്ന നിര്‍വാഹക സമിതി യോഗത്തിലാണ് യോഗത്തിലെ അജണ്ട തീരുമാനിച്ചത്.

അനാവശ്യ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ യോഗത്തിന്റെയും ചര്‍ച്ചയുടെയും രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നാണ് അംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ജനറല്‍ ബോഡിക്കുശേഷമുള്ള വാര്‍ത്തസമ്മേളനവും ഒഴിവാക്കി.

സ്വന്തം ലേഖകൻ

കലാഭവൻ മണിക്ക് സിനിമയിൽ നേരിടേണ്ടി വന്ന അവഗണയും വിവേചനവും സഹോദരന്റെ നേർക്കും. സംവിധായകൻ തുറന്നു പറയുന്നു, വീഡിയോ ദൃശ്യങ്ങൾ മലയാളം യുകെ ന്യൂസിന്. ആർഎൽവി രാമകൃഷ്ണൻ നായകനാകുന്ന തീറ്ററപ്പായി സിനിമക്കു വേണ്ടി പ്രമുഖ നടിമാരിൽ പലരും പിന്മാറി ഒടുവിൽ കന്നടയിൽ നിന്നും സോണിയ അഗർവാൾ വരേണ്ടി വന്നു. കേരളത്തിലെ പ്രമുഖരെ പലരേക്കാളും എന്ത്കൊണ്ടും നല്ല നടി അവർ തന്നെ. ചിത്രത്തിലെ മൂന്ന് ഗാനങ്ങളിൽ  ഒരെണ്ണംആലപിക്കാൻ ദാസേട്ടനെ വിളിച്ചെങ്കിലും തികഞ്ഞ അവഗണ ആയിരുന്നു ഫലം. രണ്ടു ലക്ഷത്തിമുപ്പത്താറായിരം രൂപ ജിഎസ്ടി ഉൾപ്പെടെ അക്കൗണ്ടിൽ വന്നാൽ പാടാമെന്നും പിന്നീട് വിളിച്ചപ്പോൾ ഫോൺ അറ്റെന്റ് ചെയ്തില്ലെന്നും സംവിധായകൻ വിനു രാമകൃഷ്ണൻ പറഞ്ഞു. തുടർന്ന് വിജയ് യേശുദാസിനെ കൊണ്ട് പാടിച്ചെങ്കിലും സംഗീത സംവിധായകനെ വട്ടം കറക്കി  പാട്ടു കുളമാക്കി, റെമ്യൂണറേഷൻ വാങ്ങി പോയെന്നും സംവിധായകൻ വീഡിയോയിൽ പറയുന്നു. ഒടുവിൽ പിന്നീട് കൊല്ലം കാരൻ അഭിജിത്തിനെ കൊണ്ട് പടിക്കുകയായിരുന്നു എന്നും വിനു പറയുന്നു.

Image result for theetta rappai

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചങ്ങനാശേരി മാമ്മൂട്ടിൽ പൊതു സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും മുൻപിൽ ആണ് സംവിധായകൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. സാക്ഷിയായി ആർഎൽവി രാമകൃഷ്ണനും സിനിമയിലെ മറ്റ് അഭിനേതാക്കളും സ്റ്റേജിൽ ഉണ്ടായിരുന്നു. പണ്ട് ദിവ്യ ഉണ്ണി കലാഭവൻ മണിയോടൊപ്പം നായിക ആയി അഭിനയിച്ചാൽ പിന്നീട് തന്റെ നായിക ആക്കില്ല എന്ന് വാശിപിടിച്ചത് നടൻ ജയറാം ആണെന്നും സംവിധായകൻ വിനു രാധാകൃഷ്ണൻ പറഞ്ഞു. മാമ്മൂട് മണിനാദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.

വിവാദ വീഡിയോ ദൃശ്യങ്ങൾ മലയാളം യുകെ ന്യൂസിന്

അമിതമായ ഭക്ഷണാസക്തിയും വേറിട്ട ജീവിതവുമായി ലോകമലയാളി മനസ്സുകളില്‍ കൗതുകമായി മാറിയ തീറ്ററപ്പായിയും വെള്ളിത്തിരയിലേക്ക്. മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കണ്ണനാണ് (ആര്‍.എല്‍.വി. രാമകൃഷ്ണന്‍) റപ്പായിയുടെ കഥാപാത്രത്തിന് ജീവന്‍ പകരുന്നത് . കാക്കിയുടുപ്പും തോള്‍സഞ്ചിയും കാലന്‍കുടയുമായി നടക്കുന്ന തൃശ്ശൂരുകാരുടെ സ്വന്തം തീറ്ററപ്പായിയുടെ രൂപഭാവങ്ങളാണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തിനുള്ളതെങ്കിലും ഈ ചിത്രം പൂര്‍ണ്ണമായും തീറ്ററപ്പായിയുടെ കഥ മാത്രമല്ലെന്ന് സിനിമയുടെ സംവിധായകന്‍ വിനു രാമകൃഷ്ണന്‍ പറഞ്ഞു. ആക്ഷനും കോമഡിയും ഗാനങ്ങളുമൊക്കെയുള്ള ഒരു കുടുംബ ചിത്രമാണ് ഈ സിനിമയെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. സംവിധായകന്‍ വിനയന്റെ സഹായിയായി പ്രവര്‍ത്തിച്ചുവന്ന വിനു രാമകൃഷ്ണന്റെ പ്രഥമ സംവിധാന സംരംഭമാണ് തീറ്റ റപ്പായി.

Image result for theetta rappai

കെ.ബി.എം. ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.കെ. വിക്രമനാണ് നിര്‍മ്മാതാവ്. വിനു രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സി.എ. സജീവന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ ചിത്രത്തില്‍ മലയാളം-തമിഴ് സിനിമകളിലെ പ്രമുഖ താരങ്ങളുടെ വലിയ നിരതന്നെ അണിനിരക്കുന്നു. ക്യാമറ- അജയന്‍ വിന്‍സെന്റ്, ഗാനരചന – റഫീക് അഹമ്മദ്, സംഗീതം – അന്‍വര്‍ അമന്‍, കല – ലാല്‍ജിത്ത് കെ.പി., മേക്കപ് – മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ മാത്യു, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, കൊറിയോഗ്രാഫര്‍ – കൂള്‍ ജയന്ത്, സംഘട്ടനം – ജോളി ബാസ്റ്റിന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – അനുരുദ്ധ് മനയ്ക്കലാത്ത്, ഡിസൈന്‍ – ഷിരാജ് ഹരിത, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കുന്ന തീറ്റ റപ്പായി കെ.ബി.എം. റിലീസ് തീയേറ്ററുകളില്‍ എത്തിക്കും.

RECENT POSTS
Copyright © . All rights reserved