Movies

സിനിമയില്‍ ജനപ്രിയ നായകന്‍ ദിലീപിന് നേരെയുള്ള ഒളിപ്പോരാക്രമണം തുടര്‍ന്ന് കൊണ്ടിരിയ്ക്കുകയാണ്. ദിലീപ് സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ചിലര്‍ മനപൂര്‍വ്വം സിനിമയെ ഡി ഗ്രേഡ് ചെയ്യുന്നു എന്ന് വരെ ആരോപണം ഉണ്ട്. ഇപ്പോഴിതാ ദിലീപിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രം സംവിധായകന്‍ ഉപേക്ഷിച്ചതായി വാര്‍ത്തകള്‍.

ബാലചന്ദ്ര കുമാര്‍ ദിലീപിന് വേണ്ടി പിക്ക് പോക്കറ്റ് എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴിലും മലയാളത്തിലുമായിട്ടാണ് സിനിമ ഒരുക്കുന്നത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ക്രൈം ത്രില്ലറായിട്ടാണ് പിക്ക് പോക്കറ്റ് എന്ന ചിത്രം ഒരുക്കുന്നത് എന്നായിരുന്നു പുറത്ത് വന്ന് വാര്‍ത്തകള്‍. ഇതിനായി അന്താരാഷ്ട്ര ക്രൈം ഗവേഷകനും കണ്ണഞ്ചിപ്പിയ്ക്കുന്ന വേഗത്തില്‍ പോക്കറ്റടിയ്ക്കുന്നതില്‍ പേരുകേട്ടയാളും, സ്വീഡിഷ് വംശജനുമായ യുഎസ് ബോബ് അര്‍ണോയെ ദിലീപിനെ പരിശീലിപ്പിക്കാന്‍ ഏല്‍പിച്ചിരുന്നു.എന്നാല്‍ പിക്ക് പോക്കറ്റ് ഉപേക്ഷിച്ചു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. കാരണം വ്യക്തമാക്കിയില്ലെങ്കിലും, ദിലീപിന്റെ തിരക്കുകള്‍ കാരണമാണ് സിനിമ ഉപേക്ഷിച്ചത് എന്നാണ് സൂചന.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, ജയസൂര്യയ്‌ക്കൊപ്പമുള്ള ത്രില്ലര്‍ ചിത്രം, പ്രൊഫസര്‍ ഡിങ്കന്‍ എന്നീ സിനിമകളിലാണ് ദിലീപ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ സിനിമകളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ വളരെ വൈകുന്നത് കൊണ്ടാണ് പിക്ക് പോക്കറ്റ് ഉപേക്ഷിക്കുന്നത് എന്നാണ് അനൗദ്യോഗിക വിശദീകരണം. അതേ സമയം ദിലീപിന്റെ കരിയറില്‍ പരാജയം തുടരുകയാണ്. ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസും, സിദ്ദിഖ് സംവിധാനം ചെയ്ത കിങ് ലയറും മാത്രമാണ് സമീപകാലത്ത് ദിലീപിന് കിട്ടിയ വിജയ ചിത്രങ്ങള്‍. പിന്നെയും, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, ജോര്‍ജ്ജേട്ടന്‍സ് പൂരം തുടങ്ങിയവയൊക്കെ വലിയ പരാജയമായി തീര്‍ന്നിരുന്നു.

ലോഹിതദാസ്, സിബി മലയില്‍, സത്യന്‍ അന്തിക്കാട് എന്നീ സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍  തിളങ്ങിയ നടിയായിരുന്നു ശ്രീജയ.  ഒരു വലിയ ഇടവേളയ്ക്ക് ശേഷം കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ശ്രീജയ ഇപ്പോള്‍. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും സിനിമയിലെ പഴയ കാര്യങ്ങളൊന്നും മറക്കാനാവില്ല ശ്രീജയ്ക്ക്. മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം അടുത്തിടെ ഒരു അഭിമുഖത്തില്‍.

പൊന്തന്‍മാടയില്‍ മമ്മൂക്കയുടെ കൂടെയുള്ള ഒരു കുട്ടിയുടെ വേഷമാണെനിക്ക്.  കളി തമാശയൊന്നുമില്ല, മമ്മൂക്ക സീരിയസ്സാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല. അതില്‍ ഞാന്‍ മമ്മൂക്കയെ സൈക്കിളിന്റെ പിന്നിലിരുത്തി ഓടിക്കുന്ന സീനുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് സൈക്കിളോടിക്കുമ്പോള്‍ ഞാന്‍ വീണു. കൂടെ മമ്മൂക്കയും. മമ്മൂക്ക പൊട്ടിത്തെറിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് ചിരിയായിരുന്നു. സെറ്റില്‍ പല അബദ്ധങ്ങളുമുണ്ടായി. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ല എന്നും ശ്രീജയ ഓര്‍ക്കുന്നു.

നടന്‍ ദിലിപിന്റെയും കാവ്യയുടേയും നേതൃത്വത്തില്‍ അമേരിക്കയില്‍ നടന്ന ദിലീപ് ഷോ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി എന്നതായിരുന്നു ദിലീപ് ഷോയുടെ പ്രത്യേകത. എന്നാല്‍ പതിവ് പോലെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഈ ദിലീപ് ഷോയും.

അതില്‍ പ്രധാനം അമേരിക്കന്‍ യാത്രക്ക് ശേഷം കാവ്യ മാധവനുമായി നടി നമിത വഴക്കിലാണെന്നതായിരുന്നു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഷോയില്‍ നമിത പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചായിരുന്നു ഈ  പ്രചരണം. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലായതോടെ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ കാവ്യയും നമിതയും വഴക്കിലാണെന്ന് എഴുതിപ്പിടിപ്പിച്ചു. എന്നാല്‍  നമിതയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇതെക്കുറിച്ച് ചിലര്‍ കമന്റിടാന്‍ തുടങ്ങിയതോടെ  താരം ഇതിനു മറുപടിയുമായി ഒടുവില്‍ രംഗത്തെത്തി.

‘ഇത്തരത്തില്‍ അനാവശ്യം പറഞ്ഞ് പ്രചരിക്കുന്നവരോട് സഹതാപമേയുള്ളു. ഇത്തരത്തിലുള്ള കഥകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നു? വല്ലാത്ത ഭാവന തന്നെ. ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. വലുതായിക്കൂടെ’- നമിത കുറിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ഇപ്പോള്‍ വൈക്കം വിജയലക്ഷ്മി. കാഴ്ചശക്തി ഇല്ലെങ്കിലും തന്റെ ശബ്ദമാധുര്യത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായികയുടെ വിവാഹനിശ്ചയം നടന്നതും പിന്നെ അത് മുടങ്ങിയതും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ചു കൂടുതല്‍ വെളിപെടുത്തലുകള്‍ നടത്തുകയാണ് വിജയലക്ഷ്മി, അതിങ്ങനെ:

എന്റെ തീരുമാനം മാതാപിതാക്കള്‍ക്കും സ്വീകാര്യമായിരുന്നു. നിനക്ക് പേടി തോന്നുന്നുവെങ്കില്‍ ഈ ബന്ധം ഉപേക്ഷിക്കൂ എന്നവര്‍ പലവട്ടം പറഞ്ഞപ്പോള്‍ എനിക്കും സമാധാനമായി, വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ഗായിക വിജയലക്ഷ്മി പറയുന്നത് ഇങ്ങനെയാണ്.

ഇപ്പോഴാണ് എനിക്ക് സമാധാനം കിട്ടിയത്. മുമ്പ് വിവാഹത്തെക്കുറിച്ച് എനിക്ക് ഭയങ്കരമായ ടെന്‍ഷനായിരുന്നു. വേണ്ട എന്ന് തീരുമാനിച്ചതോടെ എല്ലാം ശാന്തമായി. തന്റെ  ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനത്തെ കുറിച്ച് വിജയലക്ഷ്മി വിവരിക്കുന്നത് ഇങ്ങനെയാണ്.

ഭാവി വരനെ കുറിച്ച് ഇപ്പോഴും വിജയലക്ഷ്മിയുടെ മനസ്സില്‍ ചില കാഴ്ചപാടുണ്ട്. എല്ലാ രീതിയിലും അദ്ദേഹം എനിക്കൊരു തുണയായിരിക്കണം. യാതൊരു കാരണവശാലും എന്നില്‍ നിരാശ ഉണ്ടാക്കരുത്. എന്റെ സംഗീതജീവിതത്തിനോട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കണം-വിജയലക്ഷ്മി പറയുന്നു.

വിവാഹം മൂലം യാതൊരു വിധ അടിമത്വവും സ്വീകരിക്കാന്‍ പെണ്ണുങ്ങള്‍ തയാറാകരുത്. നമ്മുടെ സര്‍ഗ്ഗവൈഭവങ്ങള്‍ക്ക് തടയിടുന്ന ഭര്‍ത്താക്കന്മാരെ വേണ്ട എന്നു പറയണം. ആണുങ്ങള്‍ എന്തു പറഞ്ഞാലും ഉടനെ കീഴടങ്ങുന്ന രീതി നല്ലതല്ല.

തുടക്കത്തില്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച വിഷയങ്ങളില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങുകയുണ്ടായി. അദ്ദേഹത്തിന് മാതാപിതാക്കള്‍ ഇല്ലാത്ത സ്ഥിതിക്ക് എന്റെ വീട്ടില്‍തന്നെ താമസിക്കുമെന്ന തീരുമാനവും ഉണ്ടായി. വരനെ ആവശ്യമുണ്ടെന്ന് ഞാന്‍ കൊടുത്തിരുന്ന പത്രപരസ്യം അനുസരിച്ചു വന്ന അറുനൂറോളം പേരില്‍നിന്നും ഇദ്ദേഹത്തെയാണ് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു എന്നോട് ആദ്യം സംസാരിച്ചത്. ഞാന്‍ എല്ലാ കാര്യങ്ങളും മനസ്സ് തുറന്ന് അവരോട് പറയുകയുണ്ടായി. എന്നോടൊപ്പം എന്റെ വീട്ടില്‍ താമസിക്കണം. എന്റെ സംഗീത പ്രയാണത്തില്‍ തടസം നില്‍ക്കരുത്. ഉന്നതങ്ങളിലേക്ക് പോകാന്‍ എന്നെ സഹായിക്കണം എന്നെല്ലാം ഞാന്‍ പറഞ്ഞതൊക്കെ അവര്‍ സമ്മതിക്കുകയും ചെയ്തു.

വിവാഹ നിശ്ചയത്തിനു ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അതില്‍ ഒന്ന് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കഴിയണം എന്നതായിരുന്നു. മറ്റൊന്ന് സംഗീത അദ്ധ്യാപികയായി ജോലി തുടരുക എന്നതും. അതെല്ലാം കേട്ട് എനിക്കു പേടി തോന്നി. ഞാന്‍ വിയോജിപ്പ് അറിയിച്ചു. വീണ്ടും എന്നെ വേദനിപ്പിക്കുന്ന ചില സംഭാഷണങ്ങളും അദ്ദേഹത്തില്‍നിന്നും പുറത്തുവന്നു. ‘കണ്ണുകള്‍ക്ക് കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. വെറുതെ എന്തിനാ മരുന്നും മറ്റും കഴിക്കുന്നത്?’ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ‘ഈ ബന്ധം ഇവിടെവച്ച് അവസാനിപ്പിക്കുന്നതാണ് നല്ലത്.’ കാരണം തുടക്കത്തില്‍ തന്നെ സ്വഭാവരീതി ഇങ്ങനെയാണെങ്കില്‍ വിവാഹശേഷമുള്ള അവസ്ഥ എന്തായിരിക്കും – വിജയലക്ഷ്മി പറയുന്നു.

മുംബൈയിലെ റോഡിലൂടെ സൈക്കിൾ ഓടിച്ചുപോകുന്ന സൽമാൻ ഖാന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വിഡിയോയും ട്രെൻഡായിരിക്കുകയാണ്. മുംബൈയിലെ ഷാരൂഖിന്റെ ‘മന്നത്ത്’ വീടിനു മുന്നിൽ കൂടിയാണ് സൽമാൻ സൈക്കിൾ ഓടിച്ച് പോയത്. വീടിനു മുന്നിലെത്തിയപ്പോൾ ഷാരൂഖ് ഖാൻ എന്നു സൽമാൻ നീട്ടി വിളിക്കുകയും ചെയ്തു. അതിനുശേഷം ചിരിക്കുന്ന സൽമാൻ ഖാനെയാണ് വിഡിയോയിൽ കാണുന്നത്. തന്റെ ഇൻസ്റ്റഗ്രാമിൽ സൽമാൻ ഈ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

തന്റെ പുതിയ ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ പ്രചരണ തിരക്കിലാണ് സൽമാൻ ഖാൻ. ട്യൂബ്‌ലൈറ്റിന്റെ പ്രചരണാർത്ഥമാണ് സൽമാൻ ഖാൻ സൈക്കിൾ ഓടിച്ചത്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ് ലൈറ്റ് ഒരുങ്ങുന്നത്. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ട്. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്.

ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഈ സൽമാൻ ചിത്രം. സൂപ്പർ ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്നു കബീർ ഖാൻ. ഈ ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

 

@beingecycle

A post shared by Salman Khan (@beingsalmankhan) on

 

വിവാദങ്ങളുടെ കളിത്തോഴനാണ് തമിഴകത്ത് സിലമ്പരസന്‍ എന്ന ചിമ്പു. പ്രണയ വിഷയങ്ങളിലാണ് പലപ്പോഴും ചിമ്പു പെട്ടു പോയത്. പെണ്ണുങ്ങളെ അപമാനിക്കുന്ന തരത്തില്‍ പാട്ടെഴുതി പാടിയതും നടികര്‍ സംഘത്തിന്റെ പ്രശ്‌നത്തില്‍ ഇടപെട്ട് വഷളാക്കിയതുമൊക്കെ ചിമ്പുവിന് കിട്ടിയ വിവാദങ്ങളുടെ സര്‍ട്ടിഫിക്കറ്റാണ്. ഇപ്പോഴിതാ നടന് എതിരെ പുതിയ ആരോപണവുമായി മലയാളിയും തെന്നിന്ത്യന്‍ താരവുമായ കാതല്‍ സന്ധ്യ. തമിഴില്‍ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സന്ധ്യ ചിമ്പു സംവിധാനം ചെയ്ത് അഭിനയിച്ച വല്ലവന്‍ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. ആ സെറ്റിലുണ്ടായ ദുരനുഭവത്തെ കുറിച്ച് നടി വെളിപ്പെടുത്തുന്നു. 2006 ല്‍ ആണ് ചിമ്പു തിരക്കഥ എഴുതി സംവിധാനം ചെയ്ത വല്ലവന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ ചെറിയൊരു റോളില്‍ കാതല്‍ സന്ധ്യയും ഉണ്ടായിരുന്നു. ചിമ്പുവിന്റെ സുഹൃത്തായിട്ടാണ് സന്ധ്യ എത്തിയത്. ഇവരെ കൂടാതെ റിമ സെന്‍, സന്താനം, എസ് വി ശേഖര്‍, ജാന്‍കി സബീഷ് എന്നിനരും വേഷമിട്ടു. വല്ലവന്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു എന്ന് സന്ധ്യ പറയുന്നു.

Image result for kadhal sandhya against chimbu

എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ എല്ലാം തകിടം മറഞ്ഞു. എന്നോട് പറഞ്ഞ കഥയല്ലായിരുന്നു എടുത്തത്. ആദ്യം വേറെ ആള്‍ സംവിധാനം ചെയ്ത ചിത്രം പിന്നീട് പല പ്രശ്‌നങ്ങള്‍ക്കൊണ്ടും ചിമ്പു ഏറ്റെടുക്കുകയായിരുന്നു. എന്റെ കഥാപാത്രം സിനിമയില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷെ ഷൂട്ട് തുടങ്ങിയപ്പോള്‍ എല്ലാം മാറി മറിഞ്ഞു. എന്റെയും ചിമ്പുവിന്റെയും സൗഹൃദമായിരുന്നു വല്ലവന്റെ പ്രധാന കഥ. പക്ഷെ ഷൂട്ടിങ് സമയത്ത് ഈ സൗഹൃദം ഒന്നുമല്ലാതെയായി. എന്നെ വെറുമൊരു സൈഡ് ഗേളായി നിര്‍ത്തി. പേരിനൊരു കഥാപാത്രം മാത്രം. ചിമ്പു ഒരു നല്ല മനുഷ്യനാണ്. പക്ഷെ വല്ലവന്റെ സമയത്ത് എനിക്ക് തന്നെ വാക്കുകളെല്ലാം അദ്ദേഹം തെറ്റിച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം എന്നോട് പറഞ്ഞതായിരുന്നില്ല, സിനിമ റിലീസായപ്പോള്‍ ഞാന്‍ കണ്ടത്. ഞാന്‍ കേട്ട കഥയല്ലായിരുന്നു അത്. വേറെ ഏതോ സിനിമയില്‍ അഭിനയിച്ചതുപോലെയാണ് തോന്നിയത്. എനിക്കത് വല്ലാത്ത വിഷമമായി. അക്കാര്യം എല്ലാവരോടും തുറന്ന് പറയുകയും ചെയ്തു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഞാന്‍ വല്ലവന്‍ ചെയ്തത്. ആ സാഹചര്യത്തില്‍ എന്തിനാണ് അത്തരമൊരു ചിത്രം ചെയ്തത് എന്ന് പലരും ചോദിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ തമാശ തോന്നുന്നു കാതല്‍ സന്ധ്യ പറഞ്ഞു.

മമ്മൂട്ടിയും കുഞ്ചനും സിനിമയില്‍ വന്ന കാലം മുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആണ്. എന്നാല്‍ 28 വര്‍ഷമായിട്ടും മമ്മൂട്ടിയ്ക്ക് പോലും അറിയാത്ത ഒരു രഹസ്യം കുഞ്ചന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. അതിങ്ങനെ :

മമ്മൂട്ടി ആദ്യമായി സിങ്കപ്പൂരില്‍ ചെന്നപ്പോള്‍ സമ്മാനമായി ലഭിച്ചതാണ് ഒരു റോയല്‍ സല്യൂട്ട് മദ്യം. മദ്യം ഉപയോഗിക്കാത്ത മമ്മൂട്ടി തിരികെയെത്തിയപ്പോള്‍ മദ്യം സമര്‍പ്പിച്ചത് അയല്‍വാസി കൂടിയായ കുഞ്ചന്. അപ്രതീക്ഷതിമായി കിട്ടിയ ആ സമ്മാനം പെട്ടെന്നു പൊട്ടിച്ചാല്‍ മമ്മൂട്ടിയോടുള്ള സ്‌നേഹവും ആദരവും കുറയുമെന്നതിനാല്‍ പൊട്ടിക്കാതെ സൂക്ഷിച്ചു.വീട്ടില്‍ പല വിശേഷ അവസരങ്ങള്‍ വന്നപ്പോഴും ഈ മദ്യത്തിലേക്കു നോക്കിയെങ്കിലും പൊട്ടിക്കാന്‍ മനസു വന്നില്ല.

ഒരു മദ്യം പോലും വീട്ടിലിരിക്കാത്ത കുഞ്ചന്റെ വീട്ടിലെ ഷെല്‍ഫില്‍ അങ്ങനെ 28 വര്‍ഷങ്ങളായി ആ മദ്യം വെല്‍വെറ്റില്‍ പൊതിഞ്ഞു ഇപ്പോഴുമിരിക്കുന്നു. മമ്മൂട്ടിക്കു അറിയാത്ത ഈ രഹസ്യം കുഞ്ചന്‍ വെളുപ്പെടുത്തിയത് ചലച്ചിത്ര പ്രവര്‍ത്തകനായ ജി.കൃഷ്ണന്‍ മാലം രചിച്ചു ഡോണ്‍ ബുക്‌സ് പുറത്തിറക്കിയ മമ്മൂട്ടി അറിയാത്ത കാര്യങ്ങളിലൂടെ എന്ന പുസ്തകത്തിലൂടെയാണ്.

കഴിഞ്ഞ ആഴ്ച സംവിധായകന്‍ ലാല്‍ ജോസ് മോഹന്‍ലാലിനു നല്‍കി പ്രകാശനം ചെയ്ത ഈ പുസ്തകത്തില്‍ മമ്മൂട്ടിയെക്കുറിച്ചു മമ്മൂട്ടിക്കറിയാത്ത ഇത്തരത്തിലുള്ള രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുന്നത്  ശ്രീകുമാരന്‍ തമ്പി,ഹരിഹരന്‍, ഐ.വി.ശശി, ഷീല, ഇന്നസെന്റ്, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, കമല്‍, എസ്എന്‍ സ്വാമി, സിദ്ധിഖ് തുടങ്ങിയ ഒട്ടേറെ പ്രമുഖ സിനിമ പ്രവര്‍ത്തകരാണ്.

ശ്രീനിവാസൻ നായകനാവുന്ന ‘അയാൾ ശശി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അക്കന തിക്കന’ എന്ന ഗാനം പാടിയിരിക്കുന്നത് ശ്രീനിവാസനാണ്. വി.വിനയ കുമാറിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സി.ജെ.ബാസിലാണ്. വളരെ വ്യത്യസ്തമായ വരികളും സംഗീതവുമാണ് ഗാനത്തിന് നൽകിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ശശിപ്പാട്ട്’ എന്ന ഗാനം ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു ശശിപ്പാട്ട് ആലപിച്ചത്. ശ്രീനിവാസൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമായ ‘അയാൾ ശശി’യിൽ കൊച്ചു പ്രേമൻ, മറിമായത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായ ശ്രീകുമാർ, ദിവ്യ ഗോപിനാഥ്, ജയകൃഷ്‌ണൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. സജിൻ ബാബുവാണ് അയാൾ ശശി സംവിധാനം ചെയ്യുന്നത്. പിക്‌സ് എൻ. ടേൽസിന്റെ ബാനറിൽപി.സുകുമാർ, സുധീഷ് എൻ.പിളള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ ഏഴിന് ചിത്രം തിയേറ്ററിലെത്തും.

നസ്രിയയും ഫഹദ് ഫാസിലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ആണെന്ന വാര്‍ത്ത‍ കഴിഞ്ഞ ദിവസമാണ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും പുറത്തുവിട്ടത്. ഫഹദും നസ്രിയയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഇരുവരോടും അടുത്തവൃത്തങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

ഒടുവില്‍  വാര്‍ത്ത തെറ്റാണെന്ന് പറയാന്‍ നസ്രിയ തന്നെ രംഗത്തെത്തേണ്ടി വന്നു. കൂടാതെ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ എല്ലാ ഊഹാപോഹങ്ങള്‍ക്കും നസ്രിയ ഒരു ക്യൂട്ട് മറുപടി നല്‍കിയിട്ടുണ്ട്. ഒരു വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ഗര്‍ഭിണിയെന്ന വാര്‍ത്തയോട് നസ്രിയയുടെ പ്രതികരണം.

https://www.facebook.com/Nazriya4u/videos/1106840442749873/

അമല പോൾ വീണ്ടും വിവാഹിതയാകാൻ പോകുന്നു. ഒരു തമിഴ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് താൻ വീണ്ടും വിവാഹിതയാകുമെന്ന് അമല വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഞാൻ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോകാൻ പോവുന്നില്ല. ഞാൻ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം വരുമ്പോൾ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കുമതെന്നും അമല അഭിമുഖത്തിൽ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

2011ല്‍ പുറത്തിറങ്ങിയ ‘ദൈവ തിരുമകള്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍.വിജയ്‌യുമായി അമല പോൾ പ്രണയത്തിലാകുന്നത്. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. വിവാഹ ബന്ധം വേർപെടുത്തിയതോടെ അമല പോൾ അഭിനയത്തിലേക്ക് തിരിഞ്ഞു. അമലയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിഐപി 2’. വിഷ്ണു വിശാലിനൊപ്പം മിൻമി എന്ന ചിത്രത്തിലും അരവിന്ദ് സ്വാമിക്കൊപ്പം ഭാസ്കർ ഒരു റാസ്കൽ എന്ന ചിത്രത്തിലും അമല അഭിനയിക്കുന്നുണ്ട്.

നേരത്തെ എ.എൽ.വിജയ് രണ്ടാം വിവാഹത്തിന് തയാറെടുക്കുന്നതായി വാർത്ത വന്നിരുന്നു. മലയാളിയായ യുവനടിയാണ് വധുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ താൻ പുനർവിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത തീർത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാർത്ത വന്നത് ഏറെ വേദനിപ്പിച്ചുവെന്നായിരുന്നു വിജയ്‌യുടെ മറുപടി.

RECENT POSTS
Copyright © . All rights reserved