രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.ഇന്ത്യയിലെ വിവിധഭാഷകളില്‍നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്കുപുറമേ ചില ഹോളിവുഡ് വമ്പന്മാരും ഇതില്‍ മോഹന്‍ലാലിനൊപ്പം അണിനിരക്കും. അന്താരാഷ്ട്ര പ്രശസ്തരായ കാസ്റ്റിങ് കമ്പനിയുടെ നേതൃത്വത്തില്‍ താരനിര്‍ണയം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് ഈ സിനിമയ്ക്കുവേണ്ടി കൈകോര്‍ക്കുന്നത്. ഓസ്കര് അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖരുടെ ഒരു നിര തന്നെ അണിയറയിലുണ്ടാകും. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി.എഫ്.എക്സിന്റെയും സ്റ്റണ്ട് കൊറിയോഗ്രഫിയുടെയും കാഴ്ചകളാകും ‘മഹാഭാരതം’സമ്മാനിക്കുന്നത്.
ഇതാദ്യമായാണ് മഹാഭാരതം ഇത്രയും വലിയൊരു ക്യാന്‍വാസില്‍ ഒരു സിനിമയാകുന്നത്. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാകും സിനിമയെന്ന്് യു.എ.ഇ എക്സേഞ്ചിന്റെയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും സ്ഥാപകന്‍ കൂടിയായ ബി.ആര്.ഷെട്ടി പറഞ്ഞു. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്നത് എന്റെ സ്വപ്നമായിരുന്നു. അത് സാക്ഷാത്കരിക്കപ്പെടുകയാണ് ഇതിലൂടെ. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ ആദ്യം വായിച്ചത്. അതിനുശേഷം ഇപ്പോള്‍ തിരക്കഥയും വായിച്ചു. എം.ടി.യുടെ അക്ഷരങ്ങള്‍ ഈ സിനിമയിലൂടെ ലോകസിനിമയുടെ ഔന്ന്യത്തിത്തിലെത്തും. ഈ ചിത്രത്തിന്റെ സംവിധായകന് വി.എ.ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്കരണമികവിലും പൂര്‍ണവിശ്വാസമുണ്ട്-ബി.ആര്.ഷെട്ടി പറയുന്നു.
‘ഏതാണ്ട് 20വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് ‘രണ്ടാമൂഴം’ എഴുതുന്നത്. അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മാണച്ചെലവില്‍ ഒതുങ്ങിനില്ക്കുന്നതല്ല ഈ കഥ. ഇത് അത്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാകൂ. അതുകൊണ്ടാണ് ഇത്രയും നാള് ‘രണ്ടാമൂഴം’ എന്ന സിനിമ സംഭവിക്കാതിരുന്നത്. പക്ഷേ തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന് ശ്രീകുമാര്‍ തന്ന ഉറപ്പ്, ‘രണ്ടാമൂഴം’ എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ്. ഈ കഥയില്‍ ബി.ആര്.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമുണ്ട്’-എം.ടി.പറഞ്ഞു.
എം.ടി.വാസുദേവന്‍നായരുടെ ഐതിഹാസികമായി തിരക്കഥ സിനിമായാക്കാന്‍ സാധിച്ചത് ജന്മാന്തരപുണ്യമായി കാണുന്നുവെന്ന്-ശ്രീകുമാര്‍ മേനോന് പറയുന്നു.