തന്മാത്ര എന്ന മോഹന്ലാല് ചിത്രത്തിലൂടെ മലയാളികളുടെ മനസില് ഇടം നേടിയ നടിയാണ് മീര വാസുദേവ്. ഇപ്പോഴിതാ മീര ഒരു സന്തോഷവാര്ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. താന് വിവാഹിതയായെന്നും കോയമ്പത്തൂരിലായിരുന്നു വിവാഹചടങ്ങുകളെന്നും ഇന്സ്റ്റഗ്രാമില് പങ്കുവെച്ച പോസ്റ്റില് മീര പറയുന്നു. പാലക്കാട് സ്വദേശിയും സിനിമ-ടെലിവിഷന് ഛായാഗ്രാഹകനുമായ വിപിന് പുതിയങ്കമാണ് വരന്.
വിവാഹച്ചടങ്ങുകളുടെ വീഡിയോ മീര ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിട്ടുണ്ട്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്. ഏപ്രില് 21-നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്സ്റ്റര് ചെയ്തെന്നും പോസ്റ്റില് മീര പറയുന്നു.
‘ഞങ്ങള് ഔദ്യോഗികമായി വിവാഹിതരായി. ഞാനും വിപിനും 21/4/2024-ന് കോയമ്പത്തൂരില്വെച്ച് വിവാഹിതരാകുകയും ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി രജിസ്റ്റര് ചെയ്യുകയും ചെയ്തു. ഞാന് വിപിനെ പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂര് സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ്. രാജ്യാന്തര അവാര്ഡ് ജേതാവാണ്. ഞാനും വിപിനും 2019 മുതല് ഒരു പ്രൊജക്റ്റില് ഒന്നിച്ചു പ്രവര്ത്തിച്ചിരുന്നു. കഴിഞ്ഞ ഒരു വര്ഷമായി ഞങ്ങള് സുഹൃത്തുക്കളാണ്. ഒടുവില് ആ സൗഹൃദം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമേ വിവാഹത്തില് പങ്കെടുത്തിരുന്നുള്ളു. എന്റെ പ്രൊഫഷണല് യാത്രയില് എനിക്ക് പിന്തുണ നല്കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം നിറഞ്ഞ വാര്ത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭര്ത്താവ് വിപിനോടും നിങ്ങള് അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു.’- മീര വാസുദേവ് ഇന്സ്റ്റഗ്രാമില് പങ്കുവെച്ച കുറിപ്പില് പറയുന്നു.
42 വയസുള്ള മീരയുടെ മൂന്നാം വിവാഹമാണിത്. 2005-ലാണ് വിശാല് അഗര്വാളിനെ മീര വിവാഹം ചെയ്തത്. അഞ്ച് വര്ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. 2012-ല് മോഡലും നടനുമായ ജോണ് കൊക്കനെ വിവാഹം ചെയ്തു. 2016-ലാണ് ഇരുവരും വേര്പിരിഞ്ഞത്. ഈ ബന്ധത്തില് ഇരുവര്ക്കും അരീഹ എന്നൊരു മകനുണ്ട്.
താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാല് ഒഴിയും. പുതിയ നേതൃത്വത്തിലേക്ക് വരാൻ മെഗാ താരം മമ്മൂട്ടിക്കും താല്പ്പര്യമില്ല. ജനറല് സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവും ഉണ്ടാകില്ല.
ഇതോടെ അമ്മയുടെ നേതൃത്വത്തില് ഇനി പ്രധാനപ്പെട്ട രണ്ട് സൂപ്പർ താരങ്ങളും സജീവ സാന്നിധ്യമാകില്ല. വിവാദങ്ങളോട് പ്രതികരിക്കാനുള്ള താല്പ്പര്യക്കുറവാണ് അമ്മയില് നിന്നും മോഹൻലാലിനേയും അകറ്റുന്നത്.
ജൂണ് 30-ന് കൊച്ചി ഗോകുലം കണ്വെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്ക്കാണ് വോട്ടവകാശമുള്ളത്. കഴിഞ്ഞ തവണ അമ്മയില് മത്സരങ്ങള് നടന്നു. ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച മണിയൻ പിള്ള രാജു അടക്കം ജയിച്ചു. ഇത്തവണ കൂടുതല് പേർ മത്സരിക്കാനെത്തും. ഇത് മനസ്സിലാക്കിയാണ് ഇടവേള ബാബു മാറുന്നത്. മോഹൻലാല് മത്സരിച്ചാല് എതിരുണ്ടാകില്ല. എന്നാല് ഇനി വരാൻ പോകുന്ന വിവാദങ്ങള് കൂടി കണക്കിലെടുത്താണ് മോഹൻലാല് മാറുന്നത്.
മമ്മൂട്ടിയായിരുന്നു അമ്മയുടെ ലാലിന് മുമ്പത്തെ അധ്യക്ഷൻ. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളെ തുടർന്നാണ് മമ്മൂട്ടി മാറിയത്. ഇതോടെ മോഹൻലാലിനെ തേടി ദൗത്യമെത്തി. വീണ്ടും നടിയെ ആക്രമിച്ച കേസ് ചർച്ചകളില് എത്തുകയാണ്. താമസിയാതെ കേസില് വിധി വരും. ഈ വിധിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില് അമ്മയ്ക്ക് പ്രതികരിക്കേണ്ടി വരും. ഇതെല്ലാം മനസ്സിലാക്കിയാണ് ലാല് മാറുന്നതെന്നാണ് സൂചനകള്.
നടിയെ ആക്രമിച്ച കേസില് മുമ്പ് മോഹൻലാല് നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും എന്നാല് ദിലീപിന് വേണ്ടി പ്രാർത്ഥിക്കുമെന്നും മോഹൻലാല് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഈ കേസില് വിധി വരുമ്ബോഴും ഇതെല്ലാം വീണ്ടും ചർച്ചകളിലെത്തും. അമ്മയുടെ ഭാരവാഹിയായി തുടർന്നാല് പ്രതികരിക്കാതിരിക്കാനും കഴിയില്ല. ഇത്തരം വിവാദങ്ങളില് നിന്നും അകലം പാലിക്കാനാണ് മോഹൻലാല് ആഗ്രഹിക്കുന്നത്. ഇതുകൊണ്ടെല്ലാം കൂടിയാണ് അമ്മയില് നിന്നും ലാല് വിട്ടു നില്ക്കുന്നത് എന്നാണ് സൂചന.
അമ്മയിലെ തിരഞ്ഞെടുപ്പിന് ജൂണ് മൂന്നുമുതല് പത്രികകള് സ്വീകരിക്കും. ഇടവേള ബാബുവും ലാലും പത്രിക നല്കില്ല. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകള്ക്കുമുന്നില് തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മർദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന് ഇടവേള ബാബു പറയുന്നു. തിരക്കുകള് കാരണം സംഘടനയെ ശ്രദ്ധിക്കാൻ സമയമില്ലെന്നാണ് ലാലിന്റേയും നിലപാട്. ഇടവേള ബാബു ഉള്ളതു കൊണ്ടാണ് ലാലും പ്രസിഡന്റായി തുടർന്നത്.
ഇതെല്ലാം കണക്കിലെടുത്താണ് ലാലിന്റേയും പിൻവാങ്ങല്. മലയാള സിനിമയില് പുതു തലമുറ വൻ വിജയങ്ങള് നേടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില് പുതു തലമുറയിലെ പ്രമുഖർ മത്സരിക്കുമെന്നാണ് സൂചന.
സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ(65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. യോദ്ധ,വ്യൂഹം,ഗാന്ധർവം,നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.
1997ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളിൽ നിർമാതാവുമായി.
പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.
ചെറു ചെറു വേഷങ്ങൾ കൂടിച്ചേർന്ന് മലയാള പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞു നിറഞ്ഞ കലാകാരി. കനകലത വിട പറയുമ്പോൾ മായാതെ നിൽക്കുന്നത് വലിയ വട്ടപ്പൊട്ടുള്ള ആ മുഖവും കഥാപാത്രങ്ങളും. പക്ഷേ, അവസാനകാലം ടെലിവിഷനിൽ സ്വന്തം മുഖം കണ്ടാൽപോലും തിരിച്ചറിയാനാകാതെ, സ്വന്തം പേരുപോലും മറന്ന് അവർ രോഗാവസ്ഥയിലായി.
മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇടവേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നിലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്ക്രീനിൽ തന്നെ കണ്ടാൽപോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യയുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതുതന്നെ മോഹൻലാൽ അഭിനയിച്ച ‘തന്മാത്ര’യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർതൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട്, നിഴൽപോലെ ഒപ്പമുള്ള സഹോദരിയാണ് അത് മനസ്സിലാക്കിയത്.
സീരിയൽ, സിനിമാരംഗത്തുനിന്ന് ഓഫറുകൾ വന്നെങ്കിലും അവയൊക്കെ പതിയെ ഒഴിവാക്കി. കനകലത ആണെന്ന് മനസ്സിലാകാത്ത രൂപത്തിലായി അവൾ. ഭക്ഷണം കഴിക്കാത്തതുകൊണ്ടുതന്നെ മെലിഞ്ഞു. പിന്നെ ആ ചുരുണ്ടമുടിയൊക്കെ മുറിച്ചു. ടി.വി.യിൽ സിനിമ കാണുേമ്പാഴും താൻ അഭിനയിച്ച രംഗം വരുേമ്പാഴുമൊക്കെ ഓർമ്മകൾ തിരിച്ചുപിടിക്കുംപോലെ മുഖം മാറും. ഒടുവിൽ തീർത്തും അവശയായി, തിരശ്ശീലയിലെ ഓർമ്മകൾ അവശേഷിപ്പിച്ച് മടങ്ങി.
ആടുജീവിതം ഒമാനിൽ ചിത്രീകരിക്കാതിരിക്കാനും പ്രദർശിപ്പിക്കാതിരിക്കാനും ശ്രമം നടന്നിരുന്നുവെന്ന് സംവിധായകൻ ബ്ലെസി. സിനിമ ഒമാനിൽ ഷൂട്ട് ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ഫിലിം സൊസൈറ്റിയിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ഒരുപാട് ലൊക്കേഷനുകൾ നിശ്ചയിച്ചിരുന്നതാണെന്ന് ബ്ലെസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഷൂട്ടിങ്ങിന് അനുമതി തേടുകയും അത് ലഭിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്തു. എന്നാൽ ആടുജീവിതം പുസ്തകം നിരോധിച്ചതാണെന്ന തരത്തിലുള്ള മലയാളികളായ ചിലരുടെ അനാവശ്യമായ പ്രചരണമാണ് ചിത്രീകരണം നടക്കാതിരുന്നതിന് കാരണമെന്നാണ് താൻ മനസിലാക്കുന്നതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
ചിത്രത്തിലെ വില്ലനും ഒമാനി താരവുമായ താലിബ് അൽ ബലൂഷിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മലയാളത്തിന് തിലകൻ എങ്ങനെയാണോ അതുപോലെയാണ് ബലൂഷിയെന്നാണ് ബ്ലെസി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിന് ഓസ്കർ ലഭിക്കുമോ എന്ന ചോദ്യത്തിന് അത് കോടികൾ ചിലവുള്ള ഏർപ്പാടാണെന്നാണ് ബ്ലെസിയും ബലൂഷിയും പ്രതികരിച്ചത്. സൗദിയിലും കുവൈത്തിലും ചിത്രത്തിന്റെ പ്രദർശനത്തിനുള്ള ശ്രമം തുടരുകയാണെന്നും ഇവർ വ്യക്തമാക്കി.
ആടുജീവിതത്തിൽ ഹക്കീം എന്ന വേഷത്തിലെത്തിയ കെ.ആർ. ഗോകുൽ, പെരിയോനേ എന്ന ഗാനമാലപിച്ച ജിതിൻ രാജ്, ഒമാനി ഗായകൻ ജാഹദ് അൽ അറൈസി, ഒമാനി നടനും സംവിധായകനുമായ മുനീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.
2022 ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരൻ പറയുന്നു. സിനിമയുടെ നിർമാണത്തിനു പണം മുടക്കാൻ പറവ ഫിലിംസ് സമീപിച്ചു. 2022 നവംബർ 30ന് കരാറിൽ ഒപ്പുവച്ചു. 7 കോടി രൂപ മുടക്കാം എന്നായിരുന്നു കരാർ. ചിത്രത്തിന്റെ ശരിയായ നിർമ്മാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും യഥാർഥ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടി.
നടൻ ജയറാമിന്റെയും നടി പാര്വതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യു.കെയില് ചാര്ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന് ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.
അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് തൃശൂരിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്ഗിലെ മൊണ്ട്രോസ് റിസോര്ട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.
മലയാള സിനിമയുടെ നാലാമത്തെ നൂറ് കോടിയും ഇതാ എത്തിയിരിക്കുകയാണ്, അതും കാത്തിരുന്നത് പോലെ ആ നേട്ടത്തിന് ആവേശം നൽകിയ രംഗ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം 12-ാം ദിവസമാണ് 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഇത് എക്കാലത്തെയും അഭിമാനനേട്ടം കൂടിയാവുകയാണ്.
ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്. ആവേശം വീണ്ടും തിയേറ്ററിൽ കാണാൻ പോകുന്നത് സുഷിന്റെ പാട്ടിന് ചുവട് വെയ്ക്കാനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദാണ് ആവേശത്തിന്റെ നിര്മ്മാണം നിര്വഹിച്ചത്. നിര്മ്മാണത്തില് നസ്രിയയും പങ്കാളിയാണ്. സിനിമയില് ആശിഷ്, സജിന് ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര് താഹിറാണ്.
പൂർണമായും യുകെയിൽ ചിത്രീകരിച്ച മലയാള ചലചിത്രം മൂന്നാംഘട്ടം ഏറ്റെടുത്ത് ആമസോൺ പ്രൈം. മാർച് 28 മുതൽ ആമസോൺ OTT പ്ലാറ്റ്ഫോമിൽ മൂന്നാംഘട്ടം സ്ട്രീമിങ് ആരംഭിച്ചു. സ്വപ്നരാജ്യത്തിന് ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് “മൂന്നാംഘട്ടം”. യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയിൽ രഞ്ജി വിജയനെ കൂടാതെ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.
യുകെയിലെ പ്രമുഖ നഗരങ്ങളിൽ സിനിവേൾഡ് ഉൾപ്പടെയുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് ശേഷമാണ് മൂന്നാംഘട്ടം ആമസോൺ OTT യിൽ എത്തിയത്. കൊമേർഷ്യൽ – ആർട്ട് സിനിമകളേക്കാൾ “മധ്യവർത്തി സിനിമകളുടെ” വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന സിനിമയാണ് മൂന്നാംഘട്ടം. UK, Europe കൂടാതെ, US, Canada, Japan, South America തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് മൂന്നാംഘട്ടത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു വ്യക്തിയുടെ തിരോധാനവും അതിനെ തുടർന്ന് നായക കഥാപാത്രം അറിഞ്ഞും അറിയാതെയും കണ്ടെത്തുന്ന ജീവിത തലങ്ങളുമാണ് സിനിമയുടെ പ്രമേയം. പല സമയങ്ങളിൽ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന നാടകീയമായ അനുഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു എന്നതിനാൽ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും സിനിമ നൽകുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
രഞ്ജി വിജയനെ കൂടാതെ സിജോ മംഗലശ്ശേരിൽ, ജോയ് ഈശ്വർ, സിമി ജോസ്, കുര്യാക്കോസ് ഉണ്ണിട്ടൻ, ഹരിഗോവിന്ദ് താമരശ്ശേരി, ബിറ്റു തോമസ്, പാർവതി പിള്ള, സാമന്ത സിജോ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
സംയുക്തസംവിധായകർ- ഹരിഗോവിന്ദ് താമരശ്ശേരി, എബിൻ സ്കറിയ.
സഹസംവിധായകർ – രാഹുൽ കുറുപ്പ്, റോഷിനി ജോസഫ് മാത്യു, സിജോ മംഗലശ്ശേരിൽ.
ഛായാഗ്രഹണം- അലൻ കുര്യാക്കോസ്.
പശ്ചാത്തല സംഗീതം- കെവിൻ ഫ്രാൻസിസ്
Amazon Prime Link : https://www.amazon.co.uk/gp/
ആഗോളതലത്തില് വെറും നാലുദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില് ഇടംനേടി. മലയാളത്തില് നിന്ന് വേഗത്തില് 50 കോടി ക്ലബ്ബില് എത്തിയ മലയാള സിനിമ എന്ന റെക്കോര്ഡും ആടുജീവിതത്തിന് സ്വന്തം. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ റെക്കോര്ഡാണ് ആടുജീവിതം തകര്ത്തത്. ലൂസിഫറും വെറും നാലുദിവസം കൊണ്ട് 50 കോടി ക്ലബ്ബില് എത്തിയിരുന്നു.
എന്നാല് ആടുജീവിതം അഡ്വാന്സ് ടിക്കറ്റ് വില്പനയുടെ കണക്കുകള് വ്യക്തമായപ്പോഴേ 50 കോടി ക്ലബ്ബില് എത്തിയിരുന്നു. കേരളത്തില് നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ബോക്സ് ഓഫീസ് കണക്കുകള് ചൂണ്ടിക്കാട്ടുന്നത്.
പൃഥ്വിരാജിനൊപ്പം ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആര്. ഗോകുലും കൈയടിയും പ്രശസ്തിയും ഏറ്റുവാങ്ങുന്നു. കോഴിക്കോടന് നാടക വേദിയുടെ പുതിയ സംഭാവനയാണ് കെ.ആര്. ഗോകുല്. സൈനു എന്ന നായിക കഥാപാത്രമായി എത്തി അമലപോളും മികച്ച പ്രകടനം കാഴ്ചവച്ചു.