News

കൊച്ചി: പ്രശസ്ത ഗായികയും നടിയുമായ രഞ്ജിനി ജോസിന്റെ പിതാവ് ബാബു ജോസ് അറസ്റ്റില്‍. വാടകയ്ക്ക് കാര്‍ എടുത്ത ശേഷം മറിച്ചു വിറ്റ സംഭവത്തിലാണ് അറസ്റ്റ്. മൂവാറ്റുപുഴ സ്വദേശിയായ പ്രിന്‍സ് എന്നയാളുടെ കാര്‍ വാടകയ്‌ക്കെടുത്ത ശേഷം ബാബു മറിച്ചു വിറ്റെന്നായിരുന്നു പരാതി.
15 ദിവസത്തേക്കെന്ന് പറഞ്ഞുവാങ്ങിയ കാര്‍ നിശ്ചിതദിവസം കഴിഞ്ഞിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രിന്‍സ് പരാതിയുമായി മുന്നോട്ട് പോയത്. കാര്‍ പലവട്ടം തിരികെ ആവശ്യപ്പെട്ടിട്ടും ബാബു അതിന് തയ്യാറായില്ലെന്ന് പാലാരിവട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാര്‍ ബംഗളൂരുവില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

ranjini2

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രഞ്ജിനിയ്‌ക്കെതിരെയും പിതാവിനെതിരെയും മുന്‍പും ആരോപണങ്ങളുയര്‍ന്നിരുന്നു. വിവാഹാവശ്യത്തിനായി വാങ്ങിയ പതിനാറ് ലക്ഷം രൂപയാണ് രഞ്ജിനി തിരികെ നല്‍കിയില്ലെന്നായിരുന്നു പരാതി. വായ്പ വാങ്ങിയപ്പോള്‍ രഞ്ജിനിയും പിതാവും ഉറപ്പിനായി നല്‍കിയ രണ്ട് ചെക്കുകളും പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയ സമീപിച്ചത്.

ന്യൂ ഡല്‍ഹി: പതിനേഴ് വയസുകാരനായ കുട്ടി കുറ്റവാളിയെ കൊലപാതകത്തിന് ശേഷം ജുവൈനല്‍ ഹോമില്‍ നിന്ന് നല്ല നടപ്പിനെ തുടര്‍ന്ന് വിട്ടയച്ചു. കേവലം രണ്ട് മാസം മാത്രമാണ് കുട്ടി കുറ്റവാളിയെ തടവില്‍ പാര്‍പ്പിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ഒരു കൊച്ചുകുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് 17കാരന്‍ ശിക്ഷയനുഭവിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ജുവൈനൈല്‍ ഹോമിലെ നല്ല നടപ്പിനെ തുടര്‍ന്ന് രണ്ട് മാസത്തെ ശിക്ഷയ്‌ക്കൊടുവില്‍ കുറ്റവാളിയെ അധികൃതര്‍ വിട്ടയച്ചു. അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുട്ടി കുറ്റവാളി വീണ്ടും കൊലപാതകം നടത്തി.
ദക്ഷിണ ഡല്‍ഹിയിലെ ബി.കെ ദത്ത് കോളനിയില്‍ തിങ്കളാഴ്ചയാണ് 65കാരിയെ അവരുടെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്. വിരമിച്ച മിലിട്ടറി എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥയായ മിഥിലേഷ് ജെയ്‌നാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ മോഷണത്തിനെത്തിയ കുട്ടി കുറ്റവാളി സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മോഷണം നടത്തിയത്. സ്വര്‍ണ്ണാഭരണങ്ങളും പണവും, മൊബൈല്‍ ഫോണുകളും, ഐപാഡും മോഷ്ടിച്ചു.

നേരത്തെ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പമാണ് കൊച്ചുകുട്ടിയെ തട്ടികൊണ്ടുപോയി പിതാവില്‍ നിന്ന് 60,000 രൂപ ആവശ്യപ്പെട്ടത്. നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയെ കൊല്ലുകയായിരുന്നു. ടിവി ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് പണം കണ്ടെത്താനാണ് കുറ്റകൃത്യം ചെയ്തത്. പിന്നീട് ജുവൈനൈല്‍ ഹോമില്‍ അയച്ചെങ്കിലും നല്ല നടപ്പിനെ തുടര്‍ന്ന് 2 മാസം കൊണ്ട് പുറത്തിറങ്ങി.

ടിവി പരിപാടിയാണ് മോഷണത്തിന് കുറ്റവാളിക്ക് പ്രചോദനമായത്. പുതിയ ജുവൈനൈല്‍ നിയമപ്രകാരമാകും കുട്ടികുറ്റവാളിയുടെ വിചാരണ

തിരുവനന്തപുരം: നദിയില്‍ ചാടിയെ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സാഹസികമായി നദിയിലേക്ക് ചാടിയ എസ്‌ഐയെ പ്രശംസിച്ച് ഡിജിപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതാണു കേരള പൊലീസിന്റെ യഥാര്‍ഥ മുഖം എന്ന തലക്കെട്ടോടെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗ്രേഡ് അസി.സബ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍ ആണ് ഇപ്പോള്‍ താരമായിരിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി കിട്ടിയിരുന്നു. പിന്നീട് ഈ പെണ്‍കുട്ടി കരമന പാലത്തിനു സമീപത്ത് ഉണ്ടെന്ന് വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പക്ഷേ, പെണ്‍കുട്ടി നദിയിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് സജീഷ് കുമാറും നദിയില്‍ ചാടി പെണ്‍കുട്ടിയെ രക്ഷിച്ച് പൊലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

സമയോചിതവും, സുധീരവുമായ രക്ഷാപ്രവര്‍ത്തനം നടത്തിയ സജീഷ്‌കുമാറിന് 3000 രൂപ ക്യാഷ് അവാര്‍ഡും ഡിജിപി പ്രഖ്യാപിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗമായുള്ള ഹൃദയാലയയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പരിയാരം ഹൃദയാലയയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അതിന്റെ തുടര്‍ചികിത്സകളുടെ ഭാഗമായാണ് വീണ്ടും ജയരാജനെ ഹൃദയാലയയില്‍ പ്രവേശിപ്പിച്ചത്.
കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാക്കി കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പിന്നാലെയാണ് പി ജയരാജനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹര്‍ജി മൂന്നാം തവണയും കോടതി തള്ളിയതിനു പിന്നാലെ ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് അറസ്റ്റില്‍ നിന്നു രക്ഷപ്പെടുത്താനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം : തനിക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ തന്നെ മര്‍ദ്ദിച്ചത്. താന്‍ പ്രകോപനപരമായ യാതൊരു പരാമര്‍ശങ്ങളും നടത്തിയിട്ടില്ല. മര്‍ദ്ദനമേറ്റശേഷവും താന്‍ അവരോട് സ്‌നേഹപൂര്‍വമാണ് പെരുമാറിയത്. ഇപ്പോഴത്തെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രീനിവാസന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന് എത്തിയ ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയ സംഭവമാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. സമരം ചെയ്യുന്ന പ്രവര്‍ത്തകരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ശ്രീനിവാസന്‍ അഭിസംബോധന ചെയ്തുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഇത്തരത്തിലൊരു വാദം ഉയര്‍ന്നത്. ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തിയ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ശരതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആറ്റിങ്ങല്‍: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കാമുകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ സൂര്യ എസ് നായരെ (23) കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ പിഎസ് ഷിജുവിനെ (26) ശനിയഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടെ ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള റോഡിലാണ് അരുംകൊല നടന്നത്. ചോദ്യം ചെയ്യലില്‍ ഷിജു കുറ്റമേറ്റതായി പോലീസ് പറഞ്ഞു.
കൊല്ലത്തെ ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് ആശുപത്രിയല്‍ വച്ചു തന്നെ ചോദ്യം ചെയ്തശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ആറ്റിങ്ങല്‍ കോടതി 3 മജിസ്‌ട്രേട്ട് സുരേഷ് വണ്ടന്നൂര്‍ ആശുപത്രിയില്‍ എത്തി പ്രതിയെ റിമാന്‍ഡ് ചെയ്തതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രതികളെ പാര്‍പ്പിക്കുന്ന പ്രത്യേക സെല്ലിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്ന് വിട്ടയച്ച ശേഷമായിരിക്കും കൂടുതല്‍ തെളിവെടുപ്പു നടത്തുകയെന്ന് ഡിവൈഎസ്പി പ്രതാപന്‍ നായര്‍ പറഞ്ഞു. shiju

സൂര്യയുടെ സ്വഭാവശുദ്ധിയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സൂര്യയെ കൊലപ്പെടുത്തിയത് താനാണെന്നും, പുരുഷന്മാരെ വഞ്ചിക്കാതിരിക്കാനാണ് കൊല നടത്തിയതെന്നും ഷിജു മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. അതേസമയം, ഷിജു പ്രണയിക്കുകയും തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക് മറ്റുപലരുമായി ബന്ധമുണ്ടെന്ന തോന്നലാണ് നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

വെഞ്ഞാറമൂട് തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ സൂര്യ എസ് നായരും ഷിജുവും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഈ അടുപ്പം പിന്നീട് പ്രണയമായി മാറി. ആറുമാസം മുന്‍പ് ഷിജുവിന് ഒരപകടംപറ്റി സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. ഈ സമയം അമ്മയോട് ഷിജു പ്രണയവിവരം അറിയിച്ചു. ഇരു വീട്ടുകാരും ഇവരുടെ വിവാഹത്തിന് സമ്മതം മൂളി. സൂര്യയെ പഠിപ്പിച്ചയിനത്തിലുള്ള രണ്ടു ലക്ഷം രൂപയുടെ കടം തീര്‍ത്തുകൊള്ളാമെന്നും ഷിജുവിന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു. സ്ത്രീധനമൊന്നും വേണ്ടെന്നും അറിയിച്ചു. ഫേസ്ബുക്കില്‍ സൂര്യയ്ക്ക് നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരുടെ പേര് പറഞ്ഞ് ഷിജു സൂര്യയെ നിരന്തരം ആക്ഷേപിക്കുമായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി.

സൂര്യ കുഴപ്പക്കാരിയാണെന്നും നിരവധി ബന്ധങ്ങള്‍ ഉണ്ടെന്നും ഷിജു വിശ്വസിക്കുകയും ചെയ്തു. ഇതോടെ സൂര്യ ഷിജുവിനെ ഫോണ്‍ ചെയ്യാതെയായി. തുടര്‍ന്ന് സൂര്യയെ വക വരുത്താന്‍ തീരുമാനിച്ചുവെന്നാണ് ഷിജു പോലീസിനോട് പറഞ്ഞത്. പിണങ്ങിയെങ്കിലും ക്ഷമ പറഞ്ഞ് സൂര്യയോട് ചങ്ങാത്തം പുനഃസ്ഥാപിച്ച ഇയാള്‍ വിശ്വാസം നേടിയെടുത്താണ് കൊല ചെയ്യാനായി ആറ്റിങ്ങലില്‍ എത്തിച്ചത്. സൂര്യയെ കൊല്ലാനുളള വെട്ടുകത്തിയും തന്റെ ഞരമ്പ് മുറിക്കാനുള്ള കത്തിയും കരുതിയിരുന്നു. ചൊവ്വാഴ്ച സൂര്യയെ വിളിച്ച ഷിജു തനിക്ക് കുറച്ച് വസ്ത്രങ്ങള്‍ വാങ്ങാനായി അടുത്തദിവസം ആറ്റിങ്ങലില്‍ പോകണമെന്നും ഒപ്പം ചെല്ലണമെന്നും ആവശ്യപ്പെട്ടു. സ്വന്തമായി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന് സൂര്യയുടെ പേരിലും കാമുകിയുടെ മരണത്തില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നതായുള്ള മറ്റൊരു കത്തും തയ്യാറാക്കി ഷിജു ബാഗില്‍ സൂക്ഷിച്ചിരുന്നു. ഈ കത്തുകളാണ് ഷിജു ആത്മഹത്യയ്ക്കു ശ്രമിച്ച ലോഡ്ജില്‍ സൂര്യയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത്.

suryaബുധനാഴ്ച രാവിലെ സ്‌കൂട്ടറില്‍ വെഞ്ഞാറമൂട്ടിലെത്തിയ സൂര്യ സ്‌കൂട്ടര്‍ അവിടെ വച്ച ശേഷം ഷിജുവിനെ വിളിച്ചു. ഇരുവരും സ്വകാര്യബസില്‍ ആറ്റിങ്ങലിലെത്തി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ തുണിക്കടയിലേക്ക് പോകാനെന്നുപറഞ്ഞ് സൂര്യയെ കൂട്ടി നടന്നു. കടയ്ക്കു മുന്നിലെത്തിയപ്പോള്‍ ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് സൂര്യയെ കടയുടെ സമീപത്തെ ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

സംസാരത്തിനിടെ സൂര്യയ്ക്ക് അന്യ പുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് ഷിജു സംസാരിച്ചു. ഇത് കേള്‍ക്കാനിഷ്ടമില്ലെന്നു പറഞ്ഞ് സൂര്യ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ഷിജു സൂര്യയുടെ മുടിക്കു കുത്തിപ്പിടിച്ച് ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് കഴുത്തില്‍ തുരുതുരെ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം വെട്ടുകത്തി സമീപത്തെ പുരയിടത്തിലേക്കെറിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെത്തി ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ചെന്നൈ: ഇന്ത്യയുടെ ദേശീയ പതാക കത്തിക്കുന്ന ചിത്രം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിച്ച യുവാവിനെതിരെ പ്രതിഷേധം പുകയുന്നു. തമിഴ്‌നാട് സ്വദേശിയാണ് ദേശീയ പതാക കത്തിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ചെന്നൈയില്‍ ഒരു കോളേജില്‍ പഠിക്കുന്ന ദിലീപന്‍ മഹേന്ദ്രന്‍ എന്ന യുവാവാണിതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നത് ആദ്യമായല്ലെന്നും സൂചനയുണ്ട്.

ദേശീയ പതാക കത്തിക്കുന്നതിനൊപ്പം ഇയാള്‍ എല്‍ടിടിഇ നേതാവ് പ്രഭാകരന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രവും തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം എന്ന സംഘടനയുടെ പ്രകടനത്തില്‍ പങ്കെടുക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

യുവാവിനെതിരെ തമിഴ്‌നാട്ടില്‍ തന്നെ പ്രതിഷേധം വ്യാപകമാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ തമിഴ്‌നാട് പൊലീസിലും എന്‍ഐഎയിലും പരാതി ഉള്ളതായും അറിയുന്നു.

കൊട്ടാരക്കര: നിയന്ത്രണം വിട്ട കാര്‍ 20 അടിയോളംവരുന്ന താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ശാസ്ത്രീ റോഡില്‍ വാര്‍ഡിക് ആന്റ് ഫ്രൈഡ്‌സ് എന്ന ഹോട്ടല്‍ സ്ഥാപനം നടത്തിവന്ന ഷേബാസ് നൗഷാദ് (ടിനു 30), അരുണ്‍ പീതാംബരന്‍ (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷൈജോ (26), അനു (25), സാവിയോ (25) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ എംസിറോഡില്‍ സദാനന്ദപുരം വളവിലായിരുന്നു അപകടം. കോട്ടയംഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍.
നിയന്ത്രണം വിട്ട് സദാനന്ദപുരം വളവിലുള്ള റോഡിന്റെ സംരക്ഷണവേലി തകര്‍ത്ത് 20 അടിയോളം താഴ്ചയിലേക്ക് നിരവധി കരണം മറിഞ്ഞ് കാര്‍ പതിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഷേബാസും അരുണും സംഭവസ്ഥലത്ത് മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇവരില്‍ ഒരാളുടെ കഴക്കൂട്ടത്തുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. കൊട്ടാരക്കര പോലീസ് കേസെടുത്തു.

തിരുവനന്തപുരം ; ഒടുവില്‍ പ്രിയദര്‍ശനും ലിസിയും സൗഹൃദപൂര്‍വ്വം പിരിയുന്നു . ഒരു വര്‍ഷമായി കോടതിയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും ധാരണയായി . കോടതിയുടെ നിര്‍ദേശപ്രകാരം സിവില്‍ , ക്രിമിനല്‍ കോടതികളിലുള്ള എല്ലാ കേസുകളും പിന്‍വലിക്കും. ഇരുകൂട്ടരുടെയും സമ്മതപ്രകാരം സ്വത്തുക്കള്‍ വീതിക്കാനും തീരുമാനമായി . സ്വത്തില്‍ കുട്ടികളുടെ അവകാശം വ്യക്‌തമാക്കിട്ടുണ്ട്‌.
24 വര്‍ഷം ഒരുമിച്ച്‌ ജീവിച്ച പ്രിയദര്‍ശനും ലിസിയും കഴിഞ്ഞ വര്‍ഷമാണ്‌ പിരിയാന്‍ തിരുമാനിച്ചത്‌. ഇത്‌ അടുത്ത സുഹൃത്തുക്കളെപോലും ഞെട്ടിച്ചിരുന്നു . പിരിയുന്നതില്‍ രണ്ടുപേരും ദുഃഖം പ്രകടിപ്പിച്ചെങ്കിലും കാരണം എന്താണെന്നു വ്യക്‌തമാക്കിട്ടില്ല .

വളരെ മാന്യമായി ജീവിക്കുന്ന രണ്ട്‌ കുടുംബങ്ങളായിരിക്കുമെന്നും ഇനിയും പരസ്‌പരം ബഹുമാനിക്കുമെന്നും ഇരുവരും മധ്യസ്‌ഥര്‍ക്ക്‌ ഉറപ്പ്‌ നല്‍കി . നല്ല സുഹൃത്തുക്കളായി തുടരുമെന്നു കോടതിയ്‌ക്കു വാക്കുനല്‍കിയാണ്‌ ഇരുവരും പിരിഞ്ഞത്‌. പിരിയുമ്പോള്‍ ലിസി പ്രിയദര്‍ശന്റെ പുതിയ ചിത്രങ്ങള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു.

 

മലയാളികളുടെ പ്രിയ താരം മോഹന്‍ ലാല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചു. അപകടത്തില്‍ നിന്നും താരം അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ പുലി മുരുകന്‍റെ ലോക്കെഷനിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ മലയാറ്റൂര്‍ ഇട്ടിത്തോട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. മോഹന്‍ലാല്‍ സഞ്ചരിച്ചിരുന്ന മിത്സുബിഷി പജീറോയില്‍ അതിവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മോഹന്‍ലാല്‍ പരിക്കുകള്‍ ഒന്നും കൂടാതെ രക്ഷപെട്ടു.

RECENT POSTS
Copyright © . All rights reserved