സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കെന്റിൽ രണ്ട് നഴ്സുമാർക്ക് ഡ്യൂട്ടി സമയത്തുറങ്ങിയതിനെതുടർന്ന് ജോലി നഷ്ടമായി. പേഷ്യന്റ് കെയർ ചെയ്യുന്നവർ ഡ്യൂട്ടി സമയത്തുറങ്ങുന്നത് യുകെയിലെ നിയമപ്രകാരം നെഗ്ലിജിയൻസായിട്ടാണ് കണക്കാക്കുന്നത്. പല മലയാളി കുടുംബങ്ങളിലും ഫാമിലി കമ്മിറ്റ്മെന്റ് കാരണം ഭർത്താവും ഭാര്യയും ഓപ്പസിറ്റ് ഷിഫ്റ്റാണ് ചെയ്യുന്നത്. പലപ്പോഴും നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് കുട്ടികളെ നോക്കേണ്ടതും അവരെ സ്കൂളിൽ നിന്ന് എടുക്കേണ്ടതും കാരണം ശരിയായ രീതിയിൽ ഉറക്കം ലഭിക്കാറില്ല. ഇത് നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരുടെ ജോലിയെ ബാധിക്കാറുണ്ട്. പലയിടത്തുനിന്നും പലപ്പോഴും നൈറ്റ് ഡ്യൂട്ടി സമയത്ത് ഉറങ്ങിയതിന് അച്ചടക്കനടപടികൾ നേരിട്ട നിരവധി മലയാളികളുണ്ട്.
കെന്റിൽ നിന്ന് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത ഇവർക്കായുള്ള ഒരു മുന്നറിയിപ്പാണ്. നൈറ്റ് ഡ്യൂട്ടി സമയത്ത് ഉറങ്ങി കഴിഞ്ഞാൽ ഡ്യൂട്ടിയിൽ കാണിക്കുന്ന അലംഭാവവും പേഷ്യന്റ് കെയറിലുള്ള നെഗ്‌ളിജയൻസുമായിട്ട് കണക്കാക്കുന്ന കാരണം നേഴ്സുമാർ ആണെങ്കിൽ അവരുടെ പിൻ നമ്പറിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങാം.
ഒക്ടോബർ 13 ന് കെന്റിലെ മൈഡ്‌സ്റ്റോണിലെ ഒരു നഴ്‌സിംഗ് ഹോമിലാണ് ഡ്യൂട്ടി സമയത്ത് രണ്ട് നഴ്സുമാർ ഉറങ്ങുകയായിരുന്നു എന്ന് അവിടെ പേഷ്യന്റ് ആയിട്ടുള്ള ക്രിസ്റ്റഫർ സ്മിത്ത് പരാതിപ്പെട്ടത്. നഴ്സിംഗ് ഹോമിന്റെ മേൽനോട്ടമുള്ള മെഡ്‌വേ എൻഎച്ച്എസ്, സോഷ്യൽ കെയർ പാർട്ണർഷിപ്പ് ട്രസ്റ്റ് (കെപിഎംടി) എന്നിവരോട് സ്മിത്ത് പരാതി നൽകിയത് . അന്വേഷണം നടത്തിയെന്നും രണ്ട് നഴ്‌സുമാർക്ക് എതിരെയും നടപടി എടുത്തുവെന്നും കെപിഎംടി വക്താവ് പറഞ്ഞു
നേഴ്‌സുമാർക്ക് ലഭിക്കുന്ന അവസരങ്ങൾ അതും പുറം രാജ്യങ്ങളിൽ വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രയധികം പ്രാധാന്യം നേഴ്സിങ്ങിന് നൽകുന്നു എന്നതിന്റെ തെളിവാണ്. അങ്ങനെയാണ് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ നഴ്‌സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞ നെതര്‍ലന്‍ഡസ് ഇപ്പോൾ കൈ മലര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്നു നെതര്‍ലന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു എന്നാണ് നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. നഴ്‌സുമാരെ അയയ്ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്‌സുമായി ധാരണയായെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാരും ഇതോടെ ഊരാക്കുടുക്കിലായി.
ജൂലൈ 31നു ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്‌സിലേക്ക് ഇത്രയധികം നഴ്‌സുമാരെ ആവശ്യമുണ്ടെന്നും അയയ്ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. നഴ്‌സുമാരെ അയയ്ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്‌സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഓഗസ്റ്റ് 29ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ തദ്ദേശീയെരയും തദ്ദേശീയര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും മാത്രമേ ജോലിക്കു പരിഗണിക്കുകയുള്ളൂവെന്ന് അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി നെതര്‍ലന്‍ഡസ് സര്‍ക്കാരിനു കത്തയച്ചെങ്കിലും യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍നിന്നു തല്‍ക്കാലം ആരോഗ്യരംഗത്തു തൊഴിലാളികളെ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. നെതര്‍ലന്‍ഡസ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരിനു കൈമാറിയിരുെന്നങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.
മാത്രമല്ല സി.പി.എമ്മിന്റെ സൈബര്‍ വിഭാഗം കഴിഞ്ഞ ദിവസംവരെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നെതര്‍ലന്‍ഡസിലേക്ക് കേരളത്തില്‍നിന്നും നഴ്‌സുമാരെ അയയ്ക്കുന്ന കാര്യവും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു കേരളത്തില്‍നിന്നുളള നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ അറിയിച്ച കാര്യം വ്യക്തമാക്കിയത്.
നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്നതിനു ഡച്ചു ഭാഷ അറിഞ്ഞിരിക്കണം. കേരളത്തില്‍ ഡച്ച് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. വസ്തുത ഇതായിരിക്കെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു നഴ്‌സുമാരെ അയയ്ക്കാന്‍ ധാരണയായെന്ന പ്രചരണമുണ്ടായത്. നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു. എന്തായാലും നെതർലൻഡ്‌സ് വേണ്ട എന്ന് പറഞ്ഞെങ്കിലും യുകെയിലെ തിരഞ്ഞെടുപ്പിൽ നേഴ്‌സ് വിഷയം ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. നാഷണൽ ഹെൽത്ത് സെർവിസിൽ നേഴ്‌സുമാർക്ക് ഉണ്ടായ കുറവ് വലിയ രീതിയിൽ യുകെയിലെ ആശുപത്രികളെ ബാധിക്കുകയുണ്ടായി. വിദേശ നേഴ്‌സുമാർക്ക് അവസരം നൽകുമെന്ന് യുകെയിലെ പ്രധാന രണ്ട് പാർട്ടികളും പറഞ്ഞിട്ടുണ്ട്.
നാഗ്പുരിലെ വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ 201 സ്റ്റാഫ് നഴ്സ് (ട്രെയിനി) ഒഴിവുകളുണ്ട്. ജൂലൈ 17 വരെ അപേക്ഷിക്കാം.
കുറഞ്ഞ യോഗ്യത: പ്ലസ്‌ടു ജയം, എ ഗ്രേഡ് നഴ്‌സിങ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് (ത്രിവൽസര കോഴ്സ്).
പ്രായം: 18-30 വയസ്. 2019 ജൂൺ 27 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.
സ്റ്റൈപ്പൻഡ്: 31852.56 രൂപ+ മറ്റ് ആനുകൂല്യങ്ങളും.
വിശദവിവരങ്ങൾക്ക്: www.westerncoal.in
സെൻട്രൽ: 102 പാരാമെഡിക്കൽ ഒഴിവ്
റാഞ്ചിയിലെ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ 102 പാരാമെഡിക്കൽ ഒഴിവുകളുണ്ട്. സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് അല്ലെങ്കിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഏതെങ്കിലും സബ്സിഡറി കമ്പനിയിലെ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾക്കാണ് അവസരം. ജൂലൈ 25 വരെ അപേക്ഷിക്കാം.
സ്റ്റാഫ് നഴ്സ്, ഫിസിയോതെറപ്പിസ്റ്റ്, ടെക്നീഷ്യൻ (ഒാഡിയോമെട്രി), ടെക്നീഷ്യൻ (ഡയറ്റീഷ്യൻ), ടെക്നീഷ്യൻ (റിഫ്രാക്ഷൻ/ഒപ്റ്റോമെട്രി), ടെക്നീഷ്യൻ (റേഡിയോഗ്രഫർ) എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്ക്: www.centralcoalfields.in
തിരുവനന്തപുരം ∙ യുകെ-എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്സുമാര്‍ക്ക് നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്‍റ് സേവനം മുഖാന്തിരം നിയമനം നല്‍കും. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ബിഎസ്‌സി/ജിഎന്‍എം നഴ്സുമാരെയാണ് പരിഗണിക്കുന്നത്. നിലവില്‍ ഐഇഎല്‍റ്റിഎസ് (അക്കാദമിക്കില്‍) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 സ്കോറിങ്ങും അല്ലെങ്കില്‍ ഒഇറ്റിബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം.
ഐഇഎല്‍റ്റിഎസില്‍ 6 സ്കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് നിശ്ചിത ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ സ്കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കും. ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ നടത്തുന്ന സിബിറ്റി (Competency Based Test) യോഗ്യത നേടണം. പ്രസ്തുത യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളും, സഹായങ്ങളും നോര്‍ക്ക ലഭ്യമാക്കും. തുടര്‍ന്ന് യുകെയിലെ നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ റജിസ്ട്രേഷന്‍ ഉദ്ദ്യോഗാർഥികള്‍ നിർവഹിക്കണം.
2019 ജൂണ്‍ 26, ജൂലൈ 10, 17, 24 തിയതികളില്‍ അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. തുടര്‍ന്നും ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രസ്തുത രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് കരാര്‍ പുതുക്കി ജോലിയില്‍ തുടരുവാന്‍ കഴിയും. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരേയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയാറാക്കിയ സിവി, പൂരിപ്പിച്ച എന്‍എച്ച്എസ് അപേക്ഷ, ആമുഖ കത്ത് മറ്റു അനുബന്ധരേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 20 ന് മുമ്പായി സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0471-2770544 ലും, ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
ജിപികളിലെ കാത്തിരിപ്പു സമയവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു മൂലമുള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിന് നടപടിയുമായി എന്‍എച്ച്എസ്. 20,000 ജീവനക്കാരെ ഇതിന്റെ ഭാഗമായി പുതുതായി നിയമിക്കും. ഫാര്‍മസിസ്റ്റുകള്‍, പാരാമെഡിക്കുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങിയവരെയായിരിക്കും നിയമിക്കുക. അഞ്ചു വര്‍ഷത്തെ കാലയളവിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതി ഫാമിലി പ്രാക്ടീസില്‍ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും വരുത്തുകയെന്ന് വിലയിരുത്തപ്പെടുന്നു. സര്‍ജറികള്‍ നിലവില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ മിക്കവയും ഇതിലൂടെ പരിഹരിക്കപ്പെടുമെന്നാണ് സൂചന. കലശലായ രോഗങ്ങളുമായെത്തുന്നവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്.
എന്‍എച്ച്എസ് നേതൃത്വവും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഇതു സംബന്ധിച്ച് കരാറില്‍ എത്തി. 2023നുള്ളില്‍ ഇതിനായി 1.8 ബില്യന്‍ പൗണ്ട് വകയിരുത്താനാണ് പരിപാടി. പ്രൈമറി കെയര്‍ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനും അടുത്തുള്ള മറ്റു പ്രാക്ടീസുകളുമായി സഹകരിച്ച് റിസോഴ്‌സ് പൂള്‍ സൃഷ്ടിക്കാനും ഈ തുക ഉപയോഗിക്കും. ലോക്കല്‍ ജിപിമാര്‍ നേതൃത്വം നല്‍കുന്ന ഈ നെറ്റ് വര്‍ക്കുകള്‍ 30,000 മുതല്‍ 50,000 രോഗികളെ വരെ ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കും വിഭാവനം ചെയ്യുക. എന്‍എച്ച്എസിന്റെ ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് ഇതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു.
പ്രൈമറി കെയര്‍ സര്‍വീസിനായി അനുവദിച്ചിരിക്കുന്ന 4.5 ബില്യന്‍ പൗണ്ടിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ലോക്കല്‍ ജിപി സര്‍വീസുകളില്‍ രോഗികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തന്നെ രോഗികള്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിച്ചു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോറ ഹാരിസ് എന്ന 45കാരി ശാസ്ത്ര ലോകത്തെ പോലും അദ്ഭുതപ്പെടുത്തിയാണ് ജീവിതത്തിലേക്ക് തിരികെ നടക്കുന്നത്. എന്‍.എച്ച്.എസ് ഓങ്കോളജി വിഭാഗത്തിലെ നഴ്‌സായിരുന്ന ലോറയുടെ ക്യാന്‍സര്‍ കണ്ടെത്തുന്ന കഴിഞ്ഞ വര്‍ഷമാണ്. അപകടകരമായി അവസ്ഥയിലുള്ള ടെര്‍മിനല്‍ ബവ്ല്‍ ക്യാന്‍സര്‍. ആദ്യഘട്ട പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് പ്രതിക്ഷയുണ്ടായിരുന്നില്ല. അത്രയധികം അപകടകരമായ അവസ്ഥയിലേക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. ആഴ്ച്ചകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം ലോറയ്ക്ക് മൂന്ന് മാസം മാത്രമെ ആയുസുണ്ടാകൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികിത്സയുടെ ആദ്യഘട്ടത്തില്‍ തന്നെ കീമോ മരുന്നുകളും ലഭ്യമായി ചികിത്സകളും ആരംഭിച്ചിരുന്നു. പക്ഷേ പ്രതീക്ഷയുണ്ടാക്കുന്ന മാറ്റങ്ങളൊന്നുമുണ്ടായില്ല.
പിന്നീടാണ് മറ്റൊരു മരുന്ന് ചിലപ്പോള്‍ രോഗം ശമനം ഉണ്ടാക്കിയേക്കാമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ വളരെ ചെലവേറിയതായിരുന്നു. അമേരിക്കയില്‍ നിന്ന് യുകെയിലേക്ക് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോറയെത്തുന്നത്. 2006ല്‍ ഓങ്കോളജി നഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്നത്. ഡോക്ടര്‍മാര്‍ പറഞ്ഞ മരുന്ന് വാങ്ങാനുള്ള സാമ്പത്തിക നില ലോറയ്ക്കും കുടുംബത്തിനുമില്ലായിരുന്നു. പ്രതീക്ഷ കൈവിടാതെ അവര്‍ ഇന്റര്‍നെറ്റില്‍ ക്രൗഡ് ഫണ്ടിംഗ് ക്യാംപയിന്‍ ആരംഭിച്ചു. 21,000 പൗണ്ടായിരുന്നു ലക്ഷ്യം ആദ്യ റൗണ്ട് ചികിത്സകള്‍ക്കായി ഉപയോഗിക്കാനുള്ള തുകയാണിത്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ സഹായവുമായി എത്തി.
ഏതാണ്ട് 100,000 പൗണ്ടാണ് ക്രൗഡ് ഫണ്ടിംഗ് ക്യാംപയിനിലൂടെ ലഭിച്ചത്. അഞ്ച് റൗണ്ട് ചികിത്സകള്‍ക്ക് ഈ തുക മതിയാകുമായിരുന്നു. മൂന്ന് റൗണ്ട് ചികിത്സ പൂര്‍ത്തിയാകുമ്പോള്‍ തന്നെ ലോറ സുഖം പ്രാപിച്ചു. ക്യാന്‍സറിന്റെ ലക്ഷണങ്ങളെല്ലാം ശരീരത്തില്‍ മാറിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സഹായിച്ചവര്‍ക്കും പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് ലോറ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രോഗവിവരം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ലോറയുടെ ശരീരത്തില്‍ ക്യാന്‍സര്‍ വന്നതായി മനസിലാകുന്നു പോലുമില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്.
ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (ഒഎസ്‌സിഇ) പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ വീണ്ടും എഴുതാന്‍ നഴ്‌സുമാര്‍ക്ക് അവസരമൊരുങ്ങുന്നു. നഴ്‌സ് ക്ഷാമം മൂലം വലയുന്ന എന്‍എച്ച്എസ് ആശുപത്രികളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണം. ഇതേത്തുടര്‍ന്ന് ഒഎസ്‌സിഇ പരീക്ഷയില്‍ വന്‍ ഇളവുകളാണ് എന്‍എംസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 16 മുതല്‍ ഒഎസ്‌സിഇ പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതിയാല്‍ മതിയാകും.
നഴ്‌സിംഗ് ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ ഐഇഎല്‍ടിഎസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും ബാന്‍ഡ് 7 വീതം സ്‌കോര്‍ ചെയ്യുകയും സിബിടി ഓണ്‍ലൈന്‍ പരീക്ഷ പാസാകുകയും വേണം. ഇവയില്‍ വിജയിച്ചല്‍ മാത്രമേ വിസക്ക് അപേക്ഷിക്കാനാകുമായിരുന്നുള്ളു. പിന്നീട് യുകെയില്‍ എത്തിയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ഒഎസ്‌സിഇ പരീക്ഷ കൂടി പാസാകണമായിരുന്നു.
കാഠിന്യമേറിയ ഒഎസ്‌സിഇ പരീക്ഷ നഴ്‌സുമാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. ഇനി മുതല്‍ പരീക്ഷയില്‍ തോല്‍ക്കുന്ന വിഷയങ്ങള്‍ മാത്രം എഴുതിയെടുത്താല്‍ മതി. ഒരു പ്രാവശ്യം പരീക്ഷയെഴുതാന്‍ 1000 പൗണ്ടായിരുന്നു ഫീസ്. പുതിയ രീതിയില്‍ പരീക്ഷാ ഫീസ് തുകയും കുറയും. ഈ മാസം 16 മുതല്‍ ഒഎസ്സിഇ പരീക്ഷയ്ക്കിരിക്കുന്നവര്‍ അവര്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതിയാല്‍ മതിയെന്ന് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ സീനിയര്‍ ഇന്റര്‍നാഷണല്‍ രജിസ്ട്രേഷന്‍ മാനേജരായ ജാക്ക് ബാന്‍ഡ് സ്ഥിരീകരിച്ചു.
യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ എക്കണോമിക് ഏരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ എന്‍എംസി രജിസ്ട്രറില്‍ ചേരാനായി അപേക്ഷിക്കുമ്പോള്‍ അവരുടെ കഴിവുകള്‍ നിര്‍ണയിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനും സ്വീകരിക്കുന്ന വഴിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
നോട്ടിംഗ്ഹാം: രോഗീ പരിചരണത്തിലെ മികവിന് ഡെയ്‌സി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അംഗീകാരം ഇത്തവണ ലഭിച്ചത് മലയാളി നഴ്സിന്. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ പിച്ചാപ്പള്ളി കുടുംബാംഗമായ നിഷ തോമസ് ആണ് സ്നേഹമസൃണമായ രോഗീപരിചരണത്തിലൂടെ അഭിമാനാര്‍ഹമായ അവാര്‍ഡ് നേടിയത്. ഒരു പതിറ്റാണ്ടിലേറെയായി യുകെയില്‍ താമസിക്കുന്ന നിഷയ്ക്ക് ഇത് അര്‍പ്പണ മനോഭാവത്തിനുള്ള അംഗീകാരമാണ്. രോഗികള്‍ നല്‍കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കിയാണ് എല്ലാ മാസവും നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെ ഡെയ്‌സി അവാര്‍ഡ് തേടി എത്തുന്നത്. ആയിരക്കണക്കിന് നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ഈ ട്രസ്റ്റില്‍ നഴ്‌സുമാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.
തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാര്‍നെസിന്റെ ആകസ്മിക മരണത്തില്‍ മനം നൊന്ത ബാര്‍നസ് കുടുംബം, തങ്ങളുടെ ദുരിത സമയത്തു ആശ്വാസവുമായി കൂടെ നിന്ന നഴ്‌സുമാരോടുള്ള കടപ്പാട് സൂചിപ്പിക്കുന്നതിനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനം തകര്‍ന്നാണ് 1999 ല്‍ പാട്രിക് ബരാനസ് മരണപ്പെടുന്നത്. തുടര്‍ന്ന് ഡിസീസ് അറ്റാക്കിങ് ദി ഇമ്മ്യൂണ്‍ സിസ്റ്റം എന്ന വാക്കില്‍ നിന്നും ഡെയ്‌സി എന്ന പേര് സ്വീകരിച്ചു നഴ്‌സുമാര്‍ക്കായി ആദരവ് ഒരുക്കുകയാണ് ഡെയ്‌സി ഫൗണ്ടേഷന്‍. ജോലിയിലെ ആത്മാര്‍ത്ഥതയും രോഗിയോടുള്ള സ്‌നേഹമസൃണമായ പെരുമാറ്റവുമാണ് അവാര്‍ഡിന്റെ പ്രധാന മാനദണ്ഡം. അവാര്‍ഡിന് അര്‍ഹയാകുന്ന നഴ്‌സിനു അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ പൊതു ചടങ്ങു സംഘടിപ്പിച്ചു സര്‍ട്ടിഫിക്കറ്റും എ ഹീല്‍സ് ടച്ച് എന്ന് ആലേഖനം ചെയ്ത പുരസ്‌ക്കാരവും അവാര്‍ഡ് ബാഡ്ജും നല്‍കുകയാണ് പതിവ്. ഹോസ്പിറ്റലിലെ വിവിധ ഭാഗങ്ങളില്‍ വച്ചിരിക്കുന്ന ബാലറ്റ് ബോക്‌സില്‍ രോഗികള്‍ നിക്ഷേപിക്കുന്ന പേരുകളില്‍ നിന്നാണ് നോമിനേഷനുകള്‍ രൂപം കൊള്ളുന്നത്.
ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളിയായിരിക്കും നിഷയെന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ അവാര്‍ഡ് പട്ടിക തെളിയിക്കുന്നു. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് വാര്‍ഡിലാണ് നിഷ ജോലി ചെയ്യുന്നത്. കഴിഞ്ഞ 13 വര്‍ഷമായി നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റ് ജീവനക്കാരിയാണ് നിഷ തോമസ്. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നഴ്‌സുമാരെ ആദരിക്കുന്നതിനും ബര്‍നാസ് കുടുംബം ഡെയ്‌സി അവാര്‍ഡ് നല്‍കുന്നുണ്ട്.
മലയാറ്റൂര്‍ സ്വദേശിയായ പ്രോബിന്‍ പോള്‍ ആണ് നിഷയുടെ ഭര്‍ത്താവ്. ഒന്‍പതു വയസുകാരി ഫ്രേയായും ഏഴു വയസുകാരന്‍ ജോണും ആണ് നിഷ, പ്രോബിന്‍ ദമ്പതികളുടെ മക്കള്‍. ഡല്‍ഹി തീര്‍ത്ഥ രാം ഷാ ഹോസ്പിറ്റലില്‍ നിന്നാണ് നിഷ നഴ്‌സിങ് പാസായത്.
വെരിക്കോസ് വെയിന്‍ ശസ്ത്രക്രിയ, കൂര്‍ക്കംവലി നിയന്ത്രണം, സ്തനവലിപ്പം കുറയ്ക്കല്‍ തുടങ്ങിയവയ്ക്കായുള്ള ശസ്ത്രക്രിയകള്‍ എന്നിവ എന്‍എച്ച്എസില്‍ ഇനി മുതല്‍ ലഭ്യമാകില്ല. ചെലവു ചുരുക്കലിന്റെ ഭാഗമായി ഈ ചികിത്സകള്‍ നിര്‍ത്തലാക്കാന്‍ എന്‍എച്ച്എസ് നേതൃത്വം തീരുമാനിച്ചു. ഇത്തരം ഒരു ലക്ഷത്തോളം അനാവശ്യ പ്രൊസീജ്യറുകളാണ് ഓരോ വര്‍ഷവും ആശുപത്രികളില്‍ നടക്കുന്നത്. ഇവ നിര്‍ത്തലാക്കുന്നതിലൂടെ ലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കാനാകുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വിലയിരുത്തുന്നു.
കാര്‍പല്‍ ടണല്‍, ഹെമറോയ്ഡ്, വേരിക്കോസ് വെയിന്‍ തുടങ്ങിയവയ്ക്ക് വളരെ അത്യാവശ്യമായ ഘട്ടങ്ങളില്‍ മാത്രമേ എന്‍എച്ച്എസ് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തുകയുള്ളു. പല രോഗികളിലും കുത്തിവെയ്പ്പുകളും ആഹാരനിയന്ത്രണവും ഫിസിയോതെറാപ്പിയുമൊക്കെ മതിയാകും ഇവയുടെ ചികിത്സക്കെന്നാണ് വിലയിരുത്തല്‍. അനാവശ്യമായതും റിസ്‌കുള്ളതുമായ പ്രൊസീജ്യറുകള്‍ കുറയ്ക്കുന്നതിലൂടെ അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും മറ്റ് അത്യാവശ്യ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്ന് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊ.സ്റ്റീഫന്‍ പോവിസ് പറഞ്ഞു.
എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യം അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതിനു ശേഷം കണ്‍സള്‍ട്ടേഷനു വിടും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന്റെ പരിഗണനയ്ക്കും വിഷയം വിടും. നൈസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു.
എന്‍എച്ച്എസ് ആശുപത്രികള്‍ ശസ്ത്രക്രിയാ ടാര്‍ജറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ജിപി റഫറലുകളുടെ അടിസ്ഥാനത്തില്‍ ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി എത്തുന്ന രോഗികള്‍ ഇപ്പോള്‍ പരമാവധി പരിധിയായ 18 ആഴ്ചകള്‍ക്കും ശേഷവും ചികിത്സ ലഭിക്കാതെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നോണ്‍-അര്‍ജന്റ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നാലര മാസത്തിനു മേല്‍ ചികിത്സ കാത്തിരിക്കുന്നവരുടെ എണ്ണം 500,068 ആയതായാണ് കണക്ക്. 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
2016 ഫെബ്രുവരിക്ക് ശേഷം ആശുപത്രികള്‍ക്ക് ശസ്ത്രക്രിയകള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രിലില്‍ ആറു മാസത്തെ കാത്തിരിപ്പ് സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കാനായത് 87.5 ശതമാനം രോഗികള്‍ക്ക് മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അര മില്യനിലേറെ രോഗികള്‍ ഇപ്പോഴും ചികിത്സ ലഭിക്കാതെ കാത്തിരിക്കുകയാണെന്നത് വളരെ ദുഃഖകരമാണെന്ന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് വൈസ് പ്രസിഡന്റ് ഇയാന്‍ ഏര്‍ഡ്‌ലി പറഞ്ഞു. 2008ലുണ്ടായതിനൊപ്പമാണ് എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകള്‍. മുന്‍നിര ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും ഇപ്രകാരം സംഭവിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവരില്‍ ഭൂരിപക്ഷം ആളുകളും ഒരു കണ്‍സള്‍ട്ടന്റ് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലുള്ളവരാണ്. ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടവരാണ് ഇവരില്‍ മിക്കവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിന്റര്‍ സമ്മര്‍ദ്ദം മൂലമുണ്ടായ ഈ വലിയ ബാക്ക്‌ലോഗില്‍ നിന്ന് എങ്ങനെ പുറത്തു കടക്കാനാണ് എന്‍എച്ച്എസ് പദ്ധതിയെന്നത് അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.