Obituary

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിൽ യുകെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയത്തിനടുത്ത് സംക്രാന്തി സ്വദേശി ടി. എസ്. സതീശൻ ആണ് വിട പറഞ്ഞത്. 64 വയസ്സ് പ്രായമുണ്ടായിരുന്ന സതീശനെ സെപ്റ്റംബർ 21-ാം തീയതി നെഞ്ചുവേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മേഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരണമടഞ്ഞത്.

യുകെയിലെ ആദ്യകാല മലയാളികളിൽ ഒരാളായ സതീശൻ 20 വർഷം മുമ്പാണ് ഇവിടെ എത്തിയത്. കുടുംബമായി യുകെയിൽ താമസിച്ചിരുന്ന അദ്ദേഹം സംക്രാന്തി കൈലാസം തേവർകാട്ടുശ്ശേരിൽ കുടുംബാംഗമാണ്. സംഗീതിക യുകെ, പ്രവാസി എസ്എൻഡിപി യോഗത്തിന്റെ ചെമ്പഴന്തി കുടുബയോഗം, എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. പ്രവാസി എസ്എൻഡിപി യോഗം യുകെ വൈസ് പ്രസിഡന്റ് ശ്യാമള സതീശനാണ് ഭാര്യ. സുസ്മിത്, തുഷാര എന്നിവർ മക്കളാണ്. പരേതനായ ടി. കെ. സുകുമാരൻ, സരള എന്നിവരാണ് മാതാപിതാക്കൾ. സുഗത, സാബു, മനോജ്‌ എന്നിവർ സഹോദരങ്ങൾ ആണ്.

ടി . എസ്. സതീശൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നേഴ്‌സ് സൗദിയില്‍ അന്തരിച്ചു. മദീനയിലെ മുവസലാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകള്‍ ഡെല്‍മ ദിലീപ് (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡെന്ന ആന്റണിയാണ് ഏക സഹോദരി. ഓണത്തിന് നാട്ടില്‍ പോയ ഡെല്‍മ ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

ഡെല്‍മ ദിലീപിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോഴിക്കോട് ചെറുവള്ളൂർ തടത്തിൽ ജയ്പാൽ നൻപകാട്ട് കുവൈത്തിൽ നിര്യാതനായി. കുവൈത്ത് എൻസിആർ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് 57 വയസ്സായിരുന്നു പ്രായം.

കുവൈത്തിലെ സ്മാർട്ട് ഇന്ത്യൻ സ്കൂളിലെ അധ്യാപിക രേഖാ ജയ്പാൽ ആണ് ഭാര്യ. മക്കൾ: ആദിത്യ ജയ്പാൽ മായാ ജയ്പാൽ.

ജയ്‌പാൽ നൻപകാട്ടിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്നു. 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അറിയപ്പെടുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനിസ്റ്റു കൂടിയായ എം.എം ലോറന്‍സ് ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനമേറ്റിട്ടുണ്ട്.

രണ്ട് വര്‍ഷത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15 നാണ് ജനനം.

സെന്റ് ആല്‍ബര്‍ട്ട്സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു.1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ അകാലത്തിൽ മരണമടഞ്ഞ പ്രദീപ് നായർക്ക് സെപ്റ്റംബർ 20-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികൾ വിട നൽകും. വെള്ളിയാഴ്ച രാവിലെ 10 .45 മുതൽ 11 .45 വരെ M23 1LX സെൻ്റ് മാർട്ടിൻസ് ചർച്ച് ഹാളിൽ ആണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് ആൾട്രിഞ്ചം ക്രിമിറ്റോറിയത്തിൽ മൃതസംസ്കാരം നടക്കും. ആദരാഞ്ജലികൾ അർപ്പിക്കാൻ പൂക്കൾ കൊണ്ടു വരുന്നതിന് പകരം ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിലേയ്ക്ക് ഉദാരമായി സംഭാവനകൾ നൽകാൻ പ്രദീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യർത്ഥിച്ചിട്ടുണ്ട്.

കോട്ടയം ചിങ്ങവനം സ്വദേശിയായ പ്രദീപ് നായർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പടികൾ ഇറങ്ങവേ കാൽ തെറ്റി വീണാണ് മരണത്തിന് കീഴടങ്ങിയത്. 49 വയസായിരുന്നു പ്രായം.കേരള പോലീസിലെ ജോലി ഉപേക്ഷിച്ച് യുകെയിൽ എത്തിയ പ്രദീപ് മാഞ്ചസ്റ്റർ എയർപോർട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ പ്രദീപ് മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിമാവാടിയില്‍ താമസിച്ചിരുന്ന അന്നു മാത്യു(28) മരണമടഞ്ഞു. കോട്ടയം പാലാ കിഴതടിയൂര്‍ ചാരം തൊട്ടില്‍ മാത്തുകുട്ടി – ലിസ ദമ്പതികളുടെ മകളാണ് അന്നു. 2023-ലാണ് അന്നു നാട്ടിൽ നിന്ന് യുകെയിൽ എത്തിയത്. നാട്ടിൽ അന്നു നേഴ്‌സ് ആയിരുന്നു. കെയറര്‍ വിസയിലാണ് അന്നു യുകെയിൽ എത്തിയത്. ഭര്‍ത്താവ് രെഞ്ചു തോമസ് 2024 ജനുവരിയില്‍ യുകെയിൽ എത്തിയിരുന്നു.

മൂന്നു മാസം ഗര്‍ഭിണി ആയിരിക്കെ ഉണ്ടായ രക്ത സ്രാവം കാരണം ചികിത്സ തേടിയ അന്നുവിന് ക്യാന്‍സര്‍ കണ്ടെത്തുകയായായിരുന്നു. പിന്നാലെ അവയവങ്ങളെ ഓരോന്നും ക്യാന്‍സര്‍ ബാധിച്ചു. മരിക്കുന്നതിന് മുൻപ് പാലിയേറ്റീവ് കെയറിലേക്ക് അന്നുവിനെ മാറ്റിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടാം തീയതി അന്നുവിന്റെയും രെഞ്ചുവിന്റെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു.

അന്നു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നവവധു ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ (33) ആണ് മരിച്ചത്. അമേരിക്കയിലെ ഡാളസില്‍ മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായിരുന്നു. ഭര്‍ത്താവ് അതുല്‍ ഡാളസില്‍ ഫേസ്ബുക്കില്‍ എന്‍ജിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.

അമ്മ എംസി വത്സല (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്കട). സഹോദരി: ഡോ. അജിത (അസി. സര്‍ജന്‍, ഗവ പിഎച്ച്‌സി, കൂര്‍ക്കേഞ്ചരി, തൃശ്ശൂര്‍). മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിച്ചു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തരിയില്‍ നടക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്വാൻസിയിൽ താമസിക്കുന്ന ജോർജ് ഷൈബി ദമ്പതികളുടെ മകനായ ജോയൽ ജോർജ് മരണമടഞ്ഞു. 28 വയസ്സായിരുന്നു പ്രായം. മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോൾ ജോയലിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു . ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈബർ സെക്യൂരിറ്റിയിൽ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയൽ ജോർജ്.

ജോയൽ ജോർജിന്റെ മാതാപിതാക്കളായ ജോർജും ഷൈബിയും എറണാകുളം കാലടി സ്വദേശികളാണ്. ജോർജ് കാച്ചപ്പിള്ളി കുടുംബാംഗവും കൈപ്പട്ടൂർ ഇടവകാംഗവുമാണ്. അനീഷ ജോർജ് ആണ് മരിച്ച ജോയലിന്റെ ഏക സഹോദരി. ഫാദർ ജോബി കാച്ചപ്പിള്ളി പിതൃ സഹോദരനാണ്.

ജോയൽ ജോർജിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ യുകെ മലയാളിയുടെ ആകസ്മിക മരണത്തിൻ്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കോട്ടയം ചിങ്ങവനം സ്വദേശിയായ പ്രദീപ് നായർ ആണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ പടികൾ ഇറങ്ങവെ കാൽ തെറ്റി വീണ് മരണത്തിന് കീഴടങ്ങിയത്. 49 വയസ്സായിരുന്നു പ്രായം. വീഴ്ചയിൽ തലയ്ക്ക് ക്ഷതം ഏറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രദീപിന്റെ അടുത്ത് താമസിക്കുന്നവർ വിവരം അറിയിച്ചതനുസരിച്ച് അത്യാഹിത വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്കായി നാട്ടിൽ പോയിരുന്ന പ്രദീപിന്റെ ഭാര്യയും മക്കളും യുകെയിലേയ്ക്ക് തിരിച്ചു വരാൻ കൊച്ചി എയർപോർട്ടിൽ എത്തിയപ്പോഴാണ് ദാരുണ വാർത്ത അറിയുന്നത്. പ്രദീപിന്റെ കുടുംബം ഇന്ന് മാഞ്ചസ്റ്ററിൽ എത്തിച്ചേരും. പ്രദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് അറിയാൻ സാധിച്ചത്.

കേരള പോലീസിലെ ജോലി ഉപേക്ഷിച്ച് യുകെയിൽ എത്തിയ പ്രദീപ് മാഞ്ചസ്റ്റർ എയർപോർട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ പ്രദീപ് മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.

മൃതസംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

പ്രദീപ് നായരുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ഡെർബി: മകനെ സന്ദർശിക്കുവാനായി നാട്ടിൽ നിന്നും എത്തിയ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് യു കെ യിലെ ഡെർബിയിൽ അന്തരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും, തലശ്ശേരി സെഷൻസ് കോടതി റിട്ടേർഡ് സൂപ്രണ്ടുമായ വരിക്കമാക്കൽ സ്കറിയ (67) ആണ് നിര്യാതനായത്. റിട്ടേർഡ് അദ്ധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം, ഡെർബിയിൽ താമസിക്കുന്ന മകൻ സച്ചിൻ ബോസിന്റെ ഭവനം സന്ദർശിക്കുന്നതിനാട്ടാണ് സ്കറിയ എത്തിയത്.

ഒരു മാസം മുമ്പാണ് സച്ചിന്റെ മാതാപിതാക്കൾ യു കെ യിൽ എത്തുന്നത്. മകന്റെ കുടുംബത്തോടൊപ്പം ഏറെ സന്തോഷകരമായി സ്‍കോട്‍ലാൻഡടക്കം വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തി കഴിഞ്ഞ ദിവസമാണ് ഡെർബിയിൽ തിരിച്ചെത്തിയത്.

ഇന്നലെ വീട്ടിൽ നിന്നും നടക്കുവാനായി പുറത്തേക്കു പോയ സ്കറിയ, തിരിച്ചു വരാൻ താമസിക്കുന്നതിനാൽ കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വഴിയിൽ ബോധരഹിതനായി വീണു കിടന്ന ഒരു ഏഷ്യക്കാരനെ ആംബുലൻസ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം അറിയുവാൻ കഴിഞ്ഞത്. ഹോസ്പിറ്റലിൽ എത്തുമ്പോളാണ് തങ്ങളുടെ പിതാവ് മരണപ്പെട്ട ഹൃദയഭേദകമായ വിവരം സച്ചിനും കുടുംബവും അറിയുന്നത്.

മാതാപിതാക്കളെ തങ്ങളോടൊപ്പം കുറച്ചു കാലം താമസിപ്പിക്കുവാനുള്ള സച്ചിന്റെ അദമ്യമായ ആഗ്രഹവും, പേരക്കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാനുള്ള സ്കറിയായുടെ അഭിലാഷവുമാണ് ഇവിടെ വിധി കവർന്നെടുത്തത്. ഇന്നലെ ഹോസ്പിറ്റൽ ചാപ്ലിന്റെ നേതൃത്വത്തിൽ പരേതനുവേണ്ടി പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു. മരണ വാർത്ത അറിഞ്ഞു ഫാ. ടോമി എടാട്ട് ഭവനം സന്ദർശിക്കുകയും, പരേതനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

അന്ത്യ ശുശ്രുഷകൾ നാട്ടിൽ നടത്തി വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇന്നും നാളെയും അവധി ദിനങ്ങളായതിനാൽ ബോഡി നാട്ടിലെത്തിക്കുവാനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും.

സന്തോഷമായി തങ്ങളോടൊപ്പം കുറച്ചു കാലം നിർത്തുവാനുള്ള പൊലിഞ്ഞുപോയ ആഗ്രഹവും, നാട്ടിലേക്ക് ഒറ്റയ്ക്ക് തിരിച്ചു വിടേണ്ടിവരുന്ന അമ്മയുടെ ദുംഖാവസ്ഥയും ഏറെ തളർത്തിയ സച്ചിൻ ബോസിന്റെ കുടുംബത്തോടൊപ്പം സഹായവും സാന്ത്വനവുമായി ബന്ധുക്കളും സുഹൃത്തുക്കളും ഡെർബി മലയാളികളും ആശ്വാസമായുണ്ട്.

സച്ചിൻ (യു കെ) സഫിൻ (യുഎ ഇ ) സാൽബിൻ (ബാംഗ്ലൂർ) എന്നിവർ മക്കളാണ്. ആര്യ (മരുമകൾ).

സച്ചിൻ ബോസിന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved