ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് ദിനത്തിൽ മലയാളികൾക്ക് വേദനയായി നോട്ടിംഗ്ഹാം സ്വദേശിയുടെ മരണം. നോട്ടിംഗ്ഹാമിൽ താമസിച്ചിരുന്ന ദീപക് ബാബു (39) ആണ് നിര്യാതനായത്. ഇന്നലെ രാത്രിയാണ് ഹൃദയസ്തംഭനം മൂലം ദീപക് ബാബു മരണമടഞ്ഞത്. നാട്ടിൽ കൊല്ലം സ്വദേശിയാണ് ദീപക് . യുകെയിൽ ആമസോണിൽ ജോലി ചെയ്യുകയായിരുന്നു ദീപക് . ഭാര്യ നീതു. ദീപക് നീതു ദമ്പതികൾക്ക് എട്ടുവയസ്സുകാരനായ മകനുണ്ട്. രണ്ടുവർഷം മുമ്പാണ് ദീപക്കും ഭാര്യ നീതുവും മകൻ ദക്ഷിത്തിനോടൊപ്പം യുകെയിലേക്ക് എത്തിയത്.
ദീപക് ബാബുവിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്തിനായിരുന്നു അന്ത്യം. ഇന്ന് വ്യാഴാഴ്ച വൈകിട്ട് നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, ചെറുകഥാകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി വാസുദേവന്‍ നായര്‍. മലയാള സാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എം.ടി പത്രാധിപരായും ശോഭിച്ചു. ജ്ഞാനപീഠ ജേതാവായ അദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ.സി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം എന്നിവയും കേരള നിയമസഭ പുരസ്‌കാവും ലഭിച്ചു.
ആദ്യമായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നാലുകെട്ട് 1958) എന്ന ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചിരുന്നു. പില്‍ക്കാലത്ത് സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നി കൃതികള്‍ക്കും കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ. സംസ്‌കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. നാല് ആണ്‍മക്കളില്‍ ഇളയ മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. തുടര്‍ന്ന് 1956-ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ദീര്‍ഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.
സ്‌കൂള്‍ കാലംമുതല്‍ എഴുത്തില്‍ തല്‍പരനായിരുന്നു എം.ടി. ആദ്യകഥ വിക്ടോറിയ പഠനകാലത്ത് പ്രസിദ്ധീകരിച്ച ‘രക്തം പുരണ്ട മണ്‍തരികള്‍’. 1953-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെ എഴുത്തുകാരന്‍ എന്നനിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇക്കാലത്ത് ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡഃശയായി പുറത്തുവന്നു. 1958-ല്‍ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ ആണ് ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. തകരുന്ന നായര്‍ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളെയും ആവിഷ്‌കരിച്ച ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. അറുപതുകളോടെ എം.ടി. മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരനായി അംഗീകരിക്കപ്പെട്ടു.
1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ല്‍ ആ സ്ഥാനം രാജിവെച്ചു. 1989-ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999-ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.
ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ശൈഥില്യത്തോടെ തകര്‍ച്ചയിലേക്കുനീങ്ങിയ മരുമക്കത്തായ വ്യവസ്ഥയും നായര്‍ തറവാടുകളും അവിടത്തെ നിസ്സഹായരായ മനുഷ്യരുമാണ് എം.ടിയുടെ ആദ്യകാല രചനകളുടെ പശ്ചാത്തലം. എക്കാലത്തെയും മനുഷ്യന്റെ ഒറ്റപ്പെടലും പ്രതിഷേധവും അന്തഃക്ഷോഭങ്ങളും വികാരങ്ങളുമെല്ലാമായി ആ ഭാഷാതീക്ഷ്ണത പിന്നീട് മലയാളത്തില്‍ ആളിപ്പടര്‍ന്നു. ‘കാലം’, ‘അസുരവിത്ത്, ‘വിലാപയാത്ര’, ‘മഞ്ഞ്, എന്‍.പി. മുഹമ്മദുമായി ചേര്‍ന്നെഴുതിയ ‘അറബിപ്പൊന്ന്, ‘രണ്ടാമൂഴം’, ‘വാരാണസി’ തുടങ്ങിയ നോവലുകള്‍. കൂടാതെ ഒട്ടനവധി ചെറുകഥകളും നോവലെറ്റുകളും. എം.ടിയുടെ കരസ്പര്‍ശമേറ്റതെല്ലാം മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. 1984-ലാണ് ‘രണ്ടാമൂഴം’ പുറത്തുവരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതത്തെ ഭീമന്റെ വീക്ഷണത്തില്‍ കാണുന്ന ‘രണ്ടാമൂഴം’ എം.ടിയുടെ മാസ്റ്റര്‍പീസായി വിലയിരുത്തപ്പെടുന്നു.
സാഹിത്യജീവിതത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു എം.ടിക്ക് സിനിമയും. സ്വന്തം കൃതിയായ ‘മുറപ്പെണ്ണി’ന് തിരക്കഥയെഴുതിയാണ് ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിര്‍മ്മാല്യം(1973), ബന്ധനം(1978), മഞ്ഞ്(1982), വാരിക്കുഴി(1982), കടവ് (1991), ഒരു ചെറുപുഞ്ചിരി(2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചെറുകഥകള്‍ പോലെതന്നെ ചെത്തിയൊതുക്കിയ, സമഗ്രതയാര്‍ന്ന തിരക്കഥകളായിരുന്നു എം.ടിയുടേത്. സംവിധായകനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച് മലയാള സിനിമയെ നവീകരിച്ചു. എം.ടി. രൂപപ്പെടുത്തിയ കഥാപാത്രങ്ങള്‍ മലയാളത്തിലെ മഹാരഥന്മാരായ നടന്മാരുടെ പ്രതിഭയ്ക്ക് ഉരകല്ലായി.
2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മ ഗാന്ധി സര്‍വകലാശാലയും ഡി.ലിറ്റ്. നല്‍കി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘നിര്‍മ്മാല്യം’ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മലയാളത്തിന്റെ മഹാനായ എഴുത്തുകാരന് മലയാളം യുകെ ന്യൂസിന്റെ പ്രണാമം
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റെഡിങ്ങിൽ അന്തരിച്ച സാബു മാത്യുവിന്റെ പൊതുദർശനവും മൃത സംസ്കാരവും ഡിസംബർ 17-ാം തീയതി നടക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. അന്നേദിവസം രാവിലെ 10 മണിക്ക് റെഡിങിലെ സെൻ്റ് ജോസഫ് ചർച്ചിൽ ആണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്. തുടർന്ന് ഹെൻലി റോഡ് സെമിത്തേരി, ഓൾ ഹാലോസ് റോഡ്, കാവർഷാമിൽ ആണ് മൃതസംസ്കാരം നടക്കുന്നത്.
പള്ളിയുടെയും സെമിത്തേരിയുടെയും പൂർണവിലാസവും ഗൂഗിൾ മാപ്പും ചുവടെ കൊടുത്തിരിക്കുന്നു.
Place of Funeral Service:St Joseph’s Church, Tilehurst, Reading, RG31 5JJ
Burial Site:Henley Road Cemetery, All Hallows Rd, Caversham, Reading, RG4 5LP
പള്ളിയിലും സെമിത്തേരിയിലും എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിൽ സ്റ്റാഫ് നേഴ്‌സായി ജോലിചെയ്‌തിരുന്ന സാബു മാത്യു (55 വയസ് )24/11/2024 ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ആണ് നിര്യാതനായത് . പുളിയംതൊട്ടിയിൽ പരേതരായ പി എം മാത്യുവിന്റേയും, റോസമ്മ മാത്യുവിന്റെയും ഏഴു മക്കളിൽ ഇളയ മകനായ സാബു ഇംഗ്ലണ്ടിൽ റോയൽ ബെർക്ക്‌ഷയർ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. 2003 മുതൽ കുടുംബസമേതം ഇംഗ്ലണ്ടിലുള്ള റെഡിങ്ങിലാണ് താമസം.
ഭാര്യ ഷാന്റി സാബു അതേ ഹോസ്പിറ്റലിൽ തന്നെ സീനിയർ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്നു.
മക്കൾ : ജൂന (യൂണിവേഴ്സിറ്റി വിദ്യാർത്ഥി) ജുവൽ (സിക്സ്ത് ഫോം)
യുകെ: സൗത്താംപ്ടൺ മലയാളി ലീജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വർഗീസ്(74) നിര്യാതയായി.
സംസ്‌ക്കാരം 14/12/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അങ്കമാലി തവളപ്പാറ സെൻറ് ജോസഫ് പള്ളിയിൽ.
മക്കള്‍: ലീജി(സൗത്താംപ്ടൺ, UK ), പരേതയായ ലൈജി, ലിൻസി, ലിജോ
മരുമക്കള്‍: സാലി(സൗത്താംപ്ടൺ, UK ), ബിജോയി, സാലിജാ.
ലീജിയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വോൾവർഹാംപ്ടണിൽ താമസിക്കുന്ന ജെയ്‌സൺ ജോസ് മരണമടഞ്ഞു. കേരളത്തിൽ നീണ്ടുക്കര സ്വദേശിയാണ്. ഒറ്റക്ക് താമസിച്ചിരുന്ന ജെയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജെയ്‌സന്റെ മരണം എന്നാണ് സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. ജെയ്‌സന്റെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരികരിക്കും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
ഒറ്റക്ക് താമസിക്കുന്ന ജെയ്‌സൺ മറ്റുള്ളവരുമായിഅത്ര അടുപ്പം പുലർത്തുന്ന ആളായിരുന്നില്ല. ഇതിനാലാവാം ജെയ്‌സണിൻെറ മരണം പുറം ലോകം അറിഞ്ഞത് വളരെ വൈകി ആണ്. മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ കൊറോണറുടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടു കിട്ടാനും കൂടുതല്‍ സമയം എടുത്തേക്കും.
ജെയ്‌സൺ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ ആയിരുന്ന ഫാ. ജിനോ അരിക്കാട്ടിന്റെ പിതാവ് കരൂർ ചാലക്കുടി അരിക്കാടൻ പൗലോസ് വർഗീസ് (70) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കരൂർ ഔവർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ വച്ച് നടത്തപ്പെടും. യുകെയിലെ നിരവധി വർഷത്തെ സുദീർഘമായ സേവനത്തിനു ശേഷം സെപ്റ്റംബർ മാസത്തിലാണ് ഫാ. ജിനോ അരിക്കാട് ഇന്ത്യയിലേയ്ക്ക് മടങ്ങിയത്.
ഫാ. ജിനോ അരിക്കാട്ടിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ സ്റ്റാഫ് നേഴ്‌സായി ജോലിചെയ്‌തിരുന്ന സാബു മാത്യു (55 വയസ് )24/11/2024 ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പുളിയംതൊട്ടിയിൽ പരേതരായ പി എം മാത്യുവിന്റേയും, റോസമ്മ മാത്യുവിന്റെയും ഏഴു മക്കളിൽ ഇളയ മകനായ സാബു ഇംഗ്ലണ്ടിൽ റോയൽ ബെർക്ക്‌ഷയർ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. 2003 മുതൽ കുടുംബസമേതം ഇംഗ്ലണ്ടിലുള്ള റെഡിങ്ങിലാണ് താമസം.
ഭാര്യ ഷാന്റി സാബു അതേ ഹോസ്പിറ്റലിൽ തന്നെ സീനിയർ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്നു.
മക്കൾ : ജൂന (യൂണിവേഴ്സിറ്റി വിദ്യാർത്ഥി) ജുവൽ (സിക്സ്ത് ഫോം)
ഇരുപത്തിനാലാം തിയതി പതിവുപോലെ ഷാന്റി ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സാബു താഴത്തെ നിലയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയുംതുടർന്ന് പാരാമെഡിക്കുകളുടെ സഹായം അഭ്യർത്ഥിക്കുകയും അവർ എത്തുകയും ചെയ്തിരുന്നു.
.
ശവസംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടുത്തെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നമുറക്ക് അറിയിക്കുന്നതാണ് എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .
സാബു മാത്യുവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രാഡ്ഫോർഡിൽ മലയാളി നേഴ്സ് ആത്മഹത്യ ചെയ്ത വേദനാജനകമായ വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. 35 വയസ്സ് പ്രായമുള്ള വൈശാഖ് ബ്രാഡ്ഫോർഡ് റോയൽ ഇൻഫോമറി (BRI) ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്നു.
2023 -ലാണ് വൈശാഖ് യുകെയിൽ എത്തിയത് എന്നാണ് അറിയാൻ സാധിച്ചത്. ഭാര്യ ശരണ്യ മൂന്നാഴ്ച മുമ്പ് മാത്രമാണ് യുകെയിൽ എത്തിയത്. ബ്രാഡ്ഫോർഡിലെ മലയാളി കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്ന വൈശാഖിന്റെ മരണം കടുത്ത ഞെട്ടലാണ് പ്രാദേശിക സമൂഹത്തിൽ സൃഷ്ടിച്ചത്. നന്നായി പാടുന്ന വൈശാഖ് കലാസാംസ്കാരിക രംഗത്ത് ഒരു വർഷം കൊണ്ട് തന്നെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
വൈശാഖ് രമേശിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയര്‍ലണ്ടിലെ നീനയില്‍ മലയാളി നഴ്സ് നിര്യാതയായി . നീനാ St.Conlons കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായിരുന്ന സീമാ മാത്യു (45 വയസ് )ആണ് നിര്യാതയായത് .തൊടുപുഴ ചിലവ് പുളിന്താനത്ത് ജെയ്സണ്‍ ജോസിന്റെ ഭാര്യയാണ്. ഏതാനം നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ നീനയിലെ സ്വഭവനത്തില്‍ വെച്ചാണ് സീമ ലോകത്തോട് വിട പറഞ്ഞത്.
മൂന്ന് മക്കളാണ് ജെയ്സണ്‍ -സീമാ ദമ്പതികള്‍ക്കുള്ളത്. ജെഫിന്‍ , ജുവല്‍ , ജെറോം .
വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്ന സീമയുടെ കുടുംബം നീനയിലെ മലയാളി സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു . തൊടുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴി മാത്യുവിന്റേയും മേരിയുടെയും മകളാണ് സീമ.ശ്രീജ,ശ്രീരാജ് എന്നിവർ സഹോദരങ്ങളാണ്. മകളുടെ രോഗവിവരം അറിഞ്ഞു മാതാപിതാക്കള്‍ അയര്‍ലണ്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു.
സീമാ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു വർഷം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി യുവാവ് ജോലിക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് മരണമടഞ്ഞു. ഒട്ടേറെ സ്വപ്നങ്ങളുമായി കുടുംബവുമായി യുകെയിലെത്തിയ അബിൻ മത്തായിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരുക്കു പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . 41 വയസ്സ് പ്രായമുള്ള അബിന് മൂന്ന് ദിവസം മുൻപാണ് അപകടം സംഭവിച്ചത്. കടുത്തുരുത്തി വെള്ളാശേരി വെട്ടുവഴിയിൽ മത്തായി ആണ് പിതാവ്.
ഒരു വർഷം മുൻപാണ് നേഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് അബിനും ഭാര്യ ഡയാനയും യുകെയിൽ എത്തിയത്. ഒരേ നേഴ്സിംഗ് ഹോമിൽ ഭാര്യ കെയററായും അബിൻ മെയിൻറനൻസ് വിഭാഗത്തിലുമാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ അബിൻ താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ അബിൻ ആശുപത്രിയിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
റയാനും റിയയുമാണ് മക്കൾ. അപകട വിവരമറിഞ്ഞ് അബിൻറെ സഹോദരൻ കാനഡയിൽ നിന്ന് എത്തിയിട്ടുണ്ട്. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
അബിൻ മാത്യുവിൻെറ ആകസ്മിക നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.