Obituary

ട്വന്റിഫോര്‍ ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സിജി ദില്‍ജിത് അന്തരിച്ചു. കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു ദില്‍ജിത്.

തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത്(32) കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.

ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.  സംസ്‌കാരം പിന്നീട് നടക്കും. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ദിൽജിത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും നാട്ടുകാരും. വളരെ എളിമയോടെ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന റിപ്പോർട്ടറായിരുന്നു ദിൽജിത്ത്.ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ കോട്ടയത്തു നിന്ന് ട്വൻ്റി ഫോറിന് വേണ്ടി അവതരിപ്പിച്ചിരുന്നു. ദിൽജിത്തിൻ്റെ നിര്യാണത്തോടെ മികച്ച മാധ്യമ പ്രവർത്തകനെയാണ് ദൃശ്യമാധ്യമ മേഖലയ്ക്ക് നഷ്ടമായിരിക്കുന്നത്.

നടന്‍ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് അന്തരിച്ചു. സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വീട്ടില്‍ വിജയകുമാര്‍ മേനോന്‍ ആണ് മരിച്ചത്. 71 വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. കൊച്ചിയില്‍ ആയിരുന്നു അന്ത്യം.

ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നു.

എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണമേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ്. ഭാര്യ: എത്തനൂര്‍ പ്ലാക്കോട്ട് പത്മ മേനോന്‍. സുപ്രിയ മേനോന്‍ ഏക മകളാണ്. കൊച്ചുമകള്‍: അലംകൃത മേനോന്‍ പൃഥ്വിരാജ്.

ലീഡ്‌സ്: ലീഡ്‌സിലെ മീൻവുഡിൽ താമസിച്ചിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു. ചാലക്കുടി സ്വദേശിയും ആലപ്പാട്ട്‌ കുടുംബാംഗവുമായ സിജോ ജോൺ (46) ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്. നഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും അടങ്ങുന്നതാണ് സിജോയുടെ കുടുംബം.

ലീഡ്‌സ് ആശുപത്രിയിൽ ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചിരിക്കുന്നത്. സംസ്ക്കാരം ലീഡ്‌സിൽ നടക്കും. എന്നാൽ ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ തീരുമാനിച്ചിട്ടില്ല.

സിജോയുടെ അകാല നിര്യാണത്തിൽ ലീഡ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കുയിലാടൻ അനുശോചനം രേഖപ്പെടുത്തി.

സിജോയുടെ അകാല വിയോഗത്തിൽ  മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

യുഎഇയിലെ പ്രവാസികൾ താങ്ങായിരുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എം എം നാസർ (48) നിര്യാതനായി. കാസർഗോഡ് കാഞ്ഞങ്ങാട് അജാന്നൂർ കടപ്പുറം സ്വദേശിയാണ് നാസർ. നാട്ടിൽ വെച്ചായിരുന്നു അന്ത്യം.

അബുദാബിയിൽ നിന്നും പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ ഉൾപ്പടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നായിരുന്നു നാസറിന്റെ പ്രവർത്തനം.

സാമൂഹ്യ പ്രവർത്തന രംഗത്ത് അബുദാബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിനിധിയുമായിരുന്നു. അബുദാബിയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയും ഫ്രണ്ട്‌സ് എഡിഎംഎസ്, കെഎംസിസി എന്നിയുടെ സജീവ പ്രവർത്തകനുമായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും വര്‍ണവിവേചന കാലഘട്ടമായ അപ്പാര്‍ത്തീഡ് യുഗത്തിലെ അവസാന നേതാവുമായ ഫ്രെഡറിക് വില്യം ഡി ക്ലര്‍ക്ക്(85) അന്തരിച്ചു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാന്‍സറിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1993 നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടയാളാണ് ഇദ്ദേഹം. ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ നേതൃത്വമാണ് ഇരുവരെയും നേട്ടത്തിലെത്തിച്ചത്.

നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് അഭിഷാകനായാണ് ക്ലര്‍ക്ക് സേവനമനുഷ്ഠിച്ചിരുന്നത്. മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ആയിരുന്ന കാലയളവില്‍ ഇദ്ദേഹം ഉപപ്രസിഡന്റ് പദവിയും വഹിച്ചിരുന്നു.

ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവഎഞ്ചിനീയർ നാട്ടിൽവെച്ച് മരിച്ചു. അണുബാധയേറ്റാണ് മരണമെന്നാണ് സ്ഥിരീകരണം. എലിപ്പനിയാണന്ന് സംശയിക്കുന്നു. പുനലൂർ ഇടമൺ ആനപെട്ട കോങ്കൽ അശോക ഭവനിൽ നന്ദു അശോകൻ (27) ആണ് മരണമടഞ്ഞത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ഒമാനിലെ അൽ ഖുറൈറിലെ ആർക്ക് ഹോം എഞ്ചിനീയറിങ് കൺസൽറ്റൻസിയിലെ എഞ്ചീനിയറായിരുന്നു നന്ദു. രണ്ടാഴ്ച മുൻപ് ഒമാനിലെ ബദായി എന്ന സ്ഥലത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കൈരളി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലും ശുചീകരണത്തിലും നന്ദുവും പങ്കാളിയായിരുന്നു.

പിന്നീട് ഒരാഴ്ച മുൻപ് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ 7 ന് രാവിലെ നാട്ടിലെത്തി. തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്. ആന്തരാവയവങ്ങൾക്കെല്ലാം അണുബാധയേറ്റിരുന്നു. എലിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്.

നന്ദുവിന്റെ കൂടെ അന്ന് രക്ഷാ പ്രവർത്തനത്തിനിറങ്ങിയ സഹപ്രവർത്തകർക്കും അസ്വസ്ഥതകളുണ്ട്. 2019 ഫെബ്രുവരി 23 നാണ് ഇയാൾ ഒമാനിലേക്ക് പോയത്. ആനപെട്ടകോങ്കൽ എസ്എൻഡിപി ശാഖാ യൂത്ത് മൂവ്‌മെന്റ് യൂണിറ്റിന്റെ മുൻ പ്രസിഡന്റും താലൂക്ക് കമ്മിറ്റി അംഗവുമായിരുന്നു.

ആനപെട്ടകോങ്കൽ സി കേശവൻ മെമ്മോറിയൽ എസ്എൻഡിപി ശാഖാ സെക്രട്ടറിയും സിപിഐ ഇടമൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ വി അശോകന്റെയും തെന്മല ഗ്രാമപഞ്ചായത്ത് സിഡിഎസ് അധ്യക്ഷ ലാലി അശോകന്റെയും മകനാണ്. സഹോദരൻ സനന്തു അശോകൻ.

ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. അസുഖബാധിതയായതിനെ തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979ൽ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1985-87 കാലങ്ങളിൽ ഐ.വി. ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.

ഡോജി ഫിലിപ്പ് (50) അമിത രക്ത സമ്മർദ്ദത്തെ തുടർന്ന് യുകെയിൽ മരണമടഞ്ഞു. കുടുംബ സമേതം പാപ്വര്‍ത്തിൽ താമസിക്കുന്ന ഡോജി ഫിലിപ്പ് പാലാ വലവൂര്‍ കാശാംകാട്ടില്‍ കുടുംബാംഗമാണ് .

ഭാര്യ ലിജി ഡോജി കേംബ്രിഡ്ജ് എന്‍എച്എസ് ട്രസ്റ്റ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.    ഭാര്യ ജോലിയിലായിരുന്ന സമയത്തു അസ്വസ്ഥത തോന്നി ഡോജി കുഴഞ്ഞു വീണതിനെത്തുടർന്ന് ഏക മകന്‍ ജീവന്‍ അടിയന്തിര വൈദ്യ സഹായത്തിനായി ആംബുലന്‍സ് വിളിക്കുക ആയിരുന്നു. പതിനൊന്നാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് ജീവന്‍.

മൃതസംസ്കാരം യുകെയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡോജി ഫിലിപ്പിൻെറ അഗാധ വിയോഗത്തിലുള്ള മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരിയും ചങ്ങാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരിക്കുട്ടി (85) ഇന്ന് രാവിലെ നിര്യാതയായി.

മൃതസംസ്കാര ശുശ്രൂഷാവിവരങ്ങള്‍ പിന്നീട്   അറിയിക്കുന്നതാണ് .

 

ബ്രസീലിയൻ നഗരമായ കാരതിങ്കയിലെ സംഗീതപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു, ലോകത്തെ ഇളക്കിമറിച്ച് പാടിക്കയറിയ മറിലിയ മെൻഡോൻസയുടെ പാട്ടു കേള്‍ക്കാൻ. പക്ഷേ പാതിയിൽ മുറിഞ്ഞ ഈണമായി അവൾ മടങ്ങി. അപ്രതീക്ഷിതമായെത്തിയ ആ വിമാനാപകട വാർത്ത ബ്രസീലിയൻ സംഗീതലോകത്തിനു താങ്ങാവുന്നതിലപ്പുറം വേദനയാവുകയാണ്. മെൻഡോൻസയുടെ ജന്മനാടായ ഗോയിയാനിയയിൽ നിന്നു പുറപ്പെട്ട ചെറുവിമാനമാണ് വെള്ളിയാഴ്ച മിനാസ് ജെറായിസിൽ തകർന്നുവീണത്. മെൻഡോസയ്ക്കൊപ്പമുണ്ടായിരുന്ന 4 യാത്രക്കാരും കൊല്ലപ്പെട്ടു.

അപകടത്തിനു മണിക്കൂറുകൾക്കു മുൻപ് 26കാരിയായ മറിലിയ മെൻഡോൻസ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകൾ ദശലക്ഷക്കണക്കിന് ആരാധകഹൃദയങ്ങളിൽ നോവായി അവശേഷിക്കുകയാണ‌്. വിമാനത്തിൽ കയറുന്നതിനു മുൻപും വിമാനത്തിനുള്ളിലിരുന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് അവ. യാത്ര പറഞ്ഞ് ധൃതിയിൽ നടന്നു പോകുന്നതിന്റെയും ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നതിന്റെയും സുഹൃത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ കോർത്തിണക്കിയൊരുക്കിയ വിഡിയോ ആണ് ഗായിക അവസാനമായി പോസ്റ്റ് ചെയ്തത്. പലതരം വിഭവങ്ങളുടെയും ചിത്രങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിലെ രുചി വൈവിധ്യങ്ങളിൽ പലതും നുകർന്നു തുടങ്ങും മുൻപേ മറിലിയ മെൻഡോൻസയ്ക്കു പറന്നകലേണ്ടി വന്നു. മരണം തൊട്ടടുത്തെത്തിയതറിയാതെ അവൾ ആസ്വദിച്ച ഓരോ നിമിഷവും പങ്കുവച്ച ദൃശ്യങ്ങളും ആരാധകഹൃദയങ്ങളിൽ മുറിപ്പാടായി മാറുകയാണ്. ചെറു പ്രായത്തിൽ അനേകം ബഹുമതികൾ നേടിയ മറിലിയ മെൻഡോൻസ ബ്രസീലിയൻ സംഗീതലോകത്തിന് എന്നും അദ്ഭുതമായിരുന്നു. ബ്രസീലിലെ നാടൻ സംഗീതമായ സെർടാനാജോയുടെ വക്താവാണ് മെൻഡോൻസ. സ്ത്രീകളുടെ പ്രശ്നങ്ങൾ ഗാനങ്ങളിലൂടെ അവതരിപ്പിക്കുക വഴി ലോകമെമ്പാടും അവർ ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 3.8 കോടിയും യൂട്യൂബിൽ രണ്ട് കോടിയും ആരാധകരുണ്ട് മെൻഡോൻസയ്ക്ക്.

2019ൽ പുറത്തിറക്കിയ ‘എം ടോഡോസ് ഓസ് കാന്റോസ്’ എന്ന ആൽബം ഗായികയ്ക്ക് ലാറ്റിൻ ഗ്രാമി പുരസ്കാരം നേടിക്കൊടുത്തു. ഈ വർഷം ഇതേ പുരസ്കാരത്തിന് ഗായികയുടെ ‘പട്രോവാസ്’ എന്ന ആൽബത്തിനു നോമിനേഷൻ ലഭിച്ചിട്ടുണ്ട്. പുരസ്കാര വേദിയിൽ തിളങ്ങാനൊരുങ്ങിയിരുന്ന മെൻഡോൻസയ്ക്കു പക്ഷേ അകാലത്തിൽ യാത്രയാകേണ്ടി വന്നു. ലിയോ ഡയസ് എന്ന രണ്ട് വയസുകാരൻ മകനെ തനിച്ചാക്കിയാണ് മറിലിയ മെൻഡോൻസയുടെ മടക്കം.

 

RECENT POSTS
Copyright © . All rights reserved