Obituary

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ( യു എ ഇ ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അന്തരിച്ചു. 2004മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫേഴ്‌സ് മന്ത്രാലയം അറിയിച്ചത് 74 വയസായിരുന്നു.

രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.യു എ ഇയില്‍ നാല്‍പ്പത് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യുകെ  ട്രെഷറർ ആയ ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും മകളായ മരിയ ബാബു (20) അൽപ്പം മുൻപ് സ്റ്റോക്ക് ഓൺ ട്രെന്റ് റോയൽ ആശുപത്രിൽ വച്ച് മരണമടഞ്ഞു.  കുടുംബം ചാലക്കുടി സ്വദേശികളാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിൽ ആയിരുന്ന മരിയയുടെ ആരോഗ്യനില മോശമായിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു.

അകാലത്തിൽ ഉണ്ടായ മരിയയുടെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെയും ബന്ധുക്കളെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

ഗാനമേളവേദികളിൽ സ്ത്രീശബ്ദം മനോഹരമായി അനുകരിച്ചിരുന്ന ഗായകൻ കൊല്ലം ശരത്ത് (എആർ ശരത്ചന്ദ്രൻ നായർ-52) അന്തരിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു.പാടിക്കൊണ്ടിരുന്ന പാട്ട് മുഴുവനാക്കാൻ വിധി അനുവദിക്കാതെയാണ് ശരത്തിനെ കവർന്നത്. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹപാർട്ടിക്കിടെ ഗാനമേളയിൽ ആറാമത്തെ പാട്ടുപാടികൊണ്ടിരിക്കവെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

അടുത്തബന്ധുവിന്റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളർന്നുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

എസ് ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു ശരത്ത്. കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തിൽ.

ദുബായ് : ഒരാഴ്ച നീണ്ടുനിന്ന ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷിക്കുവാൻ പോയ മലയാളി നേഴ്സും കുടുംബവും അപകടത്തിൽ പെട്ട് മരണമടഞ്ഞു . യുഎഇയുടെ ആരോഗ്യമേഖലയ്ക്ക് വീണ്ടും കറുത്ത ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് എറണാകുളം സ്വദേശിനിയായ ടിൻ്റു പോൾ (36) ആശുപത്രിയിൽ മരണമടഞ്ഞത് .

അപകടം നടന്ന ഉടൻ തന്നെ റാസൽഖൈമ പോലീസും ആംബുലൻസ് സംഘവും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ അൽസ് കാർ ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ ടിൻ്റു പോൾ മരണപ്പെടുകയും ആയിരുന്നു.

ഭർത്താവും മൂത്ത കുട്ടിയും ഗുരുതരമായി പരിക്കേറ്റ നിലയിൽ റാസൽഖൈമയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് കൃപാ ശങ്കർ , കുട്ടികളായ കൃതിൻ ശങ്കർ (10) ആദിൻ ശങ്കർ (1) കൃപാ ശങ്കറിൻ്റെ മാതാവ് എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. യുഎഇ യിലെ ഏറ്റവും ഉയർന്ന മലനിരകൾ ആയ ജബൽ ജയ്സ് കാണുവാൻ പോകുന്ന വഴി ഓടിച്ചിരുന്ന വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു .

രണ്ട് ദിവസങ്ങൾക്ക് മുൻപ് അബുദാബി ക്ലീവ് ലാൻഡ് ക്ലിനിക്കിൽ RN ആയി ജോലി നോക്കിയിരുന്ന ഷേബാ മേരി തോമസ് (33) കുടുംബവും സഞ്ചരിച്ച വാഹനം ഈദ് അവധി ആഘോഷിക്കാൻ ഒമാനിലെ സലാലയിലേക്ക് പോകുന്ന വഴി അപകടത്തിൽ പെടുകയും ഷേബാ മേരി മരണപ്പെടുകയും ചെയ്തിരുന്നു.

ടിൻ്റു പോളിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകൻ

സാലിസ്ബറി : യുകെ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യവും , മലയാളം യുകെ ന്യൂസ് ഡയറക്‌ടർ ബോർഡ് അംഗവുമായ ബിജു മൂന്നാനപ്പള്ളിയുടെ മാതാവ് അന്നമ്മ തോമസ് ( അമ്മിണി ) ( 81 ) വയസ്സ് , വാദ്ധ്യക്യ സഹജമായ രോഗത്താൽ നാട്ടിൽ വച്ച് നിര്യാതയായി. കോട്ടയം ചോലത്തടം മൂന്നാനപ്പള്ളീൽ തോമസിന്റെ  ( തൊമ്മച്ചൻ ) ഭാര്യയാണ് അന്നമ്മ തോമസ് . കാഞ്ഞിരപ്പള്ളി നീറുവേലിൽ കുടുംബാംഗമാണ് പരേത.  മക്കൾ റെജി , ബിനോയി , ബിജു ( യുകെ ) , റോബിൻസ് ( അബുദാബി ) . മരുമക്കൾ മോളി, ലാലി, രാജി, റ്റിൻസി . ശവസംസ്‌കാരം  തിങ്കളാഴ്ച 09 / 05 / 22  ചോലത്തടം സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. മാതാവിന്റെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി ബിജുവും കുടുംബവും ഇന്ന് നാട്ടിലേയ്ക്ക് തിരിക്കും.

ബിജുവിന്റെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രത്യേക അനുശോചനം അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾക്കിടയിൽ ഒരു അസ്വാഭിക മരണം കൂടി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഏറ്റുമാനൂർ സ്വദേശിയായ ജോണിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 60 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് കാര്യമായ ശാരീരിക അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കേംബ്രിഡ്ജ് കിങ്സ് എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. പരേതൻറെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും നാട്ടിൽ ആയതിനാൽ അടിയന്തര നടപടികള്‍ കുടുംബത്തിന്റെ കൂടി അഭിപ്രായം മാനിച്ചായിരിക്കും.

ഇന്നലെ രാവിലെ കൊച്ചിയിൽ എയർഇന്ത്യ വിമാനത്തിൽ നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ജോണിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ ബന്ധുക്കൾ വിമാനത്തിൽ ജോണി യാത്ര ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യുകെയിലെ പോലീസുമായി ബന്ധപ്പെത്. ഈ അന്വേഷണത്തിനൊടുവിലാണ് രണ്ട് ദിവസത്തോളം പഴക്കംചെന്ന രീതിയിലുള്ള മൃതശരീരം പോലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത പോലീസ് അടിയന്തര നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരുമായി അധികം സൗഹൃദവലയം സൃഷ്ടിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നതിനാൽ ജോണിയുടെ മരണത്തെപ്പറ്റി ആരും അറിഞ്ഞിരുന്നില്ല.

ജോണിയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഫീൽഡ് : അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തിളച്ച എണ്ണ ദേഹത്തു വീണു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. എൻഫീൽഡിൽ താമസിക്കുന്ന കോഴിക്കോടു സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) ആണ് മരിച്ചത്. പൊള്ളലേറ്റു മൂന്നാഴ്ചയോളം തീവ്ര പരിചരണത്തിലായിരുന്നു. ആശുപത്രിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് പെട്ടെന്നുള്ള മരണം. വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്തകുമാര്‍ എം ആര്‍ ഐ സ്‌കാനിങ് ഡിപ്പാര്‍ട്‌മെന്റ് സൂപ്പര്‍വൈസറാണ്. വിദ്യാര്‍ത്ഥികളായ സ്‌നേഹ (പ്ലസ് വണ്‍) ഇഗ്ഗി (ഒമ്പതാം ക്ലാസ്സ്) എന്നിവരാണ് മക്കൾ.

എന്‍ഫീല്‍ഡില്‍ എത്തിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായ നിഷ മലയാളികൾക്കേവർക്കും പരിചിതയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എന്‍ഫീല്‍ഡില്‍ തന്നെ സംസ്‌കരിക്കാനാണ് കുടുംബം ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അടുത്തടുത്തുണ്ടായ മരണത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . യുകെയിൽ നേഴ്സായി ജോലി ചെയ്തിരുന്ന ജൂലിയറ്റ് ആണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. എറണാകുളം പിറവം സ്വദേശിയായ ജൂലിയറ്റ് ജർമനിയിൽ നിന്നാണ് യുകെയിലേയ്ക്ക് കുടിയേറിയത്. നോർത്ത് പറവൂരിനടുത്തുള്ള കൈതാരം സ്വദേശിയായ ജൂലിയറ്റ് കൊടുവള്ളി ചാണയിൽ കുടുംബാംഗമാണ്. കഴിഞ്ഞ 12 വർഷമായി ഫുള്‍ഹാം ചറിംഗ്ടണ്‍ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയിൽ തലകറങ്ങി വീണതിനെ തുടർന്നുള്ള പരിശോധനയിലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത് .

ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ജൂലിയറ്റിന്റെ അവസാനനാളുകൾ ദുരിതപൂർണമായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. ഓട്ടിസം ബാധിച്ച ഏകമകൻ സോഷ്യൽ കെയർ സംരക്ഷണത്തിലാണ്. ജൂലിയറ്റിന് പൊതുവേ സാമൂഹ്യ ബന്ധങ്ങളും കുറവായിരുന്നു.

തൻറെ അന്ത്യാഭിലാഷമായ കുടുംബ കല്ലറയിൽ അടക്കം ചെയ്യപ്പെടുന്നതിനുള്ള ആഗ്രഹം ജൂലിയറ്റ് പങ്കുവെച്ചിരുന്നു. ജൂലിയറ്റിന്റെ ഈ ആഗ്രഹം സാധിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലുള്ള ബന്ധുക്കളും യുകെയിലുള്ള മലയാളി സമൂഹവും.

ജൂലിയറ്റിന്റെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെ മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുന്ന രണ്ട് മരണങ്ങളാണ് അടുത്ത സമയങ്ങളിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി തന്റെ ചിരിയും അതോടൊപ്പം തന്നെ ശക്തമായ നിലപാടുകളും കൊണ്ട് വിഗാനിലെ മലയാളി സമൂഹത്തിന്റെ മുഴുവൻ സ്വരമായി മാറിയ ജോമോൻ തോമസിന്റെ വേർപാടിന്റെ കണ്ണീരുണങ്ങുന്നതിനു മുൻപ് തന്നെയാണ് സ്വാൻസിയയിൽ യുകെയിലെത്തി രണ്ടാഴ്ച മാത്രമായ ബിജു പത്രോസിന്റെ മരണം. സ്വന്തം ജീവിതത്തിലുടനീളം വ്യക്തമായ നിലപാടുകൾ വെച്ചുപുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ജോമോൻ തോമസ്. മുൻപ് രണ്ടു വട്ടം മരണാസന്ന നിലയിൽ എത്തിയശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന ജോമോൻ, ഇത്തവണയും ആശുപത്രി വാസത്തിൽ ആയിരുന്ന സമയത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായിരുന്നത്. എന്നാൽ ഏതാനും ആഴ്ചകളായി ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ചികിത്സയിലായിരുന്ന അദ്ദേഹം വീട്ടിലെത്തിയ ശേഷം പിന്നീട് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് പക്ഷാഘാതം വന്ന് അദ്ദേഹത്തിന്റെ കാലുകൾ തളർന്നപ്പോഴും, പിന്നീട് വൃക്കകൾ തകരാറിലായി ഡയാലിസിസ് നടത്തുമ്പോഴും അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒരിക്കലും തകർന്നിരുന്നില്ല. നാട്ടിൽ ഇടതുപക്ഷ സംഘടനയോട് ചേർന്നുനിന്ന് പ്രവർത്തിച്ചിരുന്ന ജോമോൻ, യുകെയിലെത്തിയ ശേഷം പാർട്ടി അല്ല മറിച്ച് സാമൂഹിക പ്രവർത്തനമാണ് ആവശ്യം എന്ന നിലപാട് കൈകൊണ്ടു. നിരവധി മേഖലകളിൽ തന്നെ പ്രാവീണ്യം തെളിയിച്ച ജോമോന്റെ വേർപാട് വിഗാൻ സമൂഹത്തെയാകെ തകർത്തിരിക്കുകയാണ്.

ജോമോൻെറ വേർപാട് ഏൽപ്പിച്ച മുറിവുകൾ ഉണങ്ങുന്നതിന് മുൻപ് തന്നെയാണ്, യുകെയിലെത്തി രണ്ടാഴ്ച മാത്രം ആയ നാല്പത്തെട്ടുകാരനായ ബിജു പത്രോസിന്റെ മരണം. കെയർ വിസയിലെത്തിയ ഭാര്യയെയും മക്കളെയും തനിച്ചാക്കി ആണ് ബിജു യാത്രയായിരിക്കുന്നത്. ജീവിത സംഘർഷങ്ങളും, കാലാവസ്ഥയോട് പൊരുത്തപ്പെടാൻ സമയമെടുക്കുന്നതും അടക്കം നിരവധി സംഘർഷാവസ്ഥകളാകാം അകാലത്തിൽ നിരവധി പേരുടെ ജീവൻ കൊല്ലുന്നതിനു കാരണമാകുന്നത് എന്ന് മലയാളികൾ ഉറച്ചുവിശ്വസിക്കുന്നു. നാട്ടിൽ വച്ച് തന്നെ ഉദരസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ബിജു , ദിവസേന കഴിക്കേണ്ട മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെങ്കിലും, രോഗാവസ്ഥ മൂർച്ഛിച്ച് സമയത്ത് കൃത്യമായി ആശുപത്രിയിൽ എത്താൻ സാധിച്ചില്ല.

ഒടുവിൽ രക്തം ഛർദ്ദിച്ച ഘട്ടത്തിലാണ് ഇദ്ദേഹത്തെ സ്വാൻസി മോറിസ്റ്റാൻ ആശുപത്രിയിലെത്തിച്ചത്. ഇവിടെ എത്തിച്ച സാഹചര്യത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെറും നാല് മാസത്തെ ജീവിത പരിചയം മാത്രമാണ് ബിജുവിനോടും ഭാര്യ മഞ്ജുവിനോടും ഉള്ളതെങ്കിലും, വിവരം അറിഞ്ഞ ഉടൻ തന്നെ സ്വാൻസിയയിലെ മലയാളികൾ എല്ലാവരും തന്നെ കുടുംബത്തിന്റെ സഹായത്തിനെത്തി. ഈ രണ്ട് മരണങ്ങളും മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ജോമോൻ തോമസിന്റെയും , ബിജുവിന്റെയും നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ (89) അന്തരിച്ചു. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ച ഏക മലയാളിയാണ്. പാലക്കാട്ടെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. കുറച്ചു നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻ്റെ പ്രവർത്തകനായിരുന്നു. പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു. 1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു.

1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.

2006-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിവായ ശങ്കരനാരായണൻ 6 സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചു. 2007-ൽ അരുണാചൽ പ്രദേശിലാണ് ആദ്യമായി ഗവർണറാവുന്നത്. പിന്നീട് അസം, നാഗാലാൻഡ്, ജാർഖണ്ഡ്, ഗോവ (അധിക ചുമതല), മഹാരാഷ്ട്ര എന്നിവിഷങ്ങളിലും ഗവർണറായി സേവനമനുഷ്ടിച്ചു.

RECENT POSTS
Copyright © . All rights reserved