ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ‘മഴവില്‍’ ടീഷര്‍ട്ട് ധരിച്ചെത്തിയതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ (48) കുഴഞ്ഞുവീണുമരിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം റിപോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 21ന് മഴവില്‍ ടീഷര്‍ട്ട് ധരിച്ച് ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെയാണ് ഗ്രാന്റ് വാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്വവര്‍ഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ തന്നെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞതായി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഗ്രാന്റ് വാല്‍തന്നെയാണ് അറിയിച്ചത്.

ടീ ഷര്‍ട്ട് ഊരാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സമീപിച്ച് ക്ഷമാപണം നടത്തുകയും അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിക്കുകയും ചെയ്തതായി ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്റെ കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഗ്രാന്റ് വാല്‍ ഖത്തറിലെത്തിയത്. വാലിന്റെ മരണം ഹൃദയഭേദകമാണെന്ന് യുഎസ് സോക്കര്‍ ട്വീറ്റ് ചെയ്തു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തറില്‍ താന്‍ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറക്കക്കുറവ്, സമ്മര്‍ദ്ദം, സ്ട്രസ്സ്, ജോലിഭാരം തുടങ്ങിയവ തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാല്‍ കുറിച്ചത്. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കല്‍ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നല്‍കിയതാതും ഇപ്പോള്‍ ഭേദം തോന്നുന്നുവെന്നും വാല്‍ അറിയിച്ചിരുന്നു.