Obituary

ബജാജിനെ ഇന്ത്യന്‍ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയ ബജാജ് ഗ്രൂപ്പ് മേധാവി രാഹുല്‍ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 1938-ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

1965-ലാണ് അദ്ദേബം ബജാജ് ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്. 2001-ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതല്‍ 2012 വരെയുള്ള കാലയളവില്‍ അദ്ദേഹം രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

2021 ഏപ്രില്‍ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ബജാജ് ഓട്ടോയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു.

 

കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു മുൻ നഗരസഭാ കൗൺസിലറായ ഇരുചക്ര വാഹന ഷോറൂം ഉടമ മരിച്ചു. കോട്ടയം ചാലുകുന്ന് മണപ്പുറത്ത് ജോൺ മാത്യുവിന്റെ മകൻ ജവീൻ മാത്യു(52)ആണ് മരിച്ചത്.

മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ബൈക്ക് രൂപമാറ്റങ്ങൾ ജവീൻ നിർവഹിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് റൈഡർമാനിയയിൽ ഒന്നിലധികം തവണ ജവീന്റെ രൂപകൽപനകൾ സമ്മാനാർഹമായി. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണ്. ‘ജവീൻസ് റോയൽ എൻഫീൽഡ്’ ഉടമയായ ജവീന് മുന്‍പ്‌ അപൂർവമായ വിന്റേജ് വാഹനങ്ങളുടെ ശേഖരവുമുണ്ടായിരുന്നു.

ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കോട്ടയം താലൂക്ക് ഓഫീസിന് സമീപം രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ജവീൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജവീൻ മാത്യുവിനെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ അംഗവും മദ്ധ്യകേരള മഹായിടവക മുൻ കൗൺസിൽ അംഗവും കോട്ടയം നഗരസഭാ മുൻ കൗൺസിലറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു ജവീൻ മാത്യു.

കേരളത്തിന് അകത്തും പുറത്തുമായി നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന വ്യക്തിയുമായിരുന്നു ജവീൻ. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അനു ജവീൻ ആണ് ഭാര്യ. സംസ്കാരം പിന്നീട്.

കിളിയന്തറ (കണ്ണൂർ) ∙ യുഎസിലെ കനക്ടിക്കട്ടിൽ കാറപകടത്തിൽ മലയാളി കന്യാസ്ത്രീ മരിച്ചു. 2 കന്യാസ്ത്രീകൾക്കു പരുക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്സ് അഡോറേഷൻ പ്രൊവിൻസ് അംഗം കാസർകോട് ബദിയടുക്ക സ്വദേശിനി സിസ്റ്റർ അനില പുത്തൻതറ (40) ആണു മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന സിസ്റ്റർ ബ്രജിറ്റ് പുലക്കുടിയിൽ, സിസ്റ്റർ ലയോൺസ് മണിമല എന്നിവർ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

യുഎസിലെ സെന്റ് ജോസഫ്സ് ലിവിൽ നഴ്സിങ് ഹോമിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ അനിലയും മറ്റുള്ളവരും ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യൻ സമയം 9.30) ആണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ ശക്തമായ മഴയും മഞ്ഞും മൂലം റോഡിൽ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബദിയടുക്കയിലെ കുര്യാക്കോസ് – ക്ലാരമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ജീവിതം കരുപിടിപ്പിക്കാനായി പ്രവാസലോകത്തേക്ക് ചേക്കേറി വന്ന മലയാളിക്ക് സംഭവിച്ച ദാരുണമരണത്തിന്റെ കണ്ണീരിലാണ് തൃശ്ശൂർ നെറ്റിശേരി ഗ്രാമം. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായി വിമാനത്തിൽ കയറുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു. സൗദി ദമാം വിമാനത്താവളത്തിൽ തൃശൂർ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് (57) ആണ് മരിച്ചത്.

25 വർഷമായി പ്രവാസിയായിരുന്നു ഗിരീഷ്. ഒരു സ്വകാര്യ ഫയർ ആന്റ് സേഫ്റ്റി കമ്പനിയിൽ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. ഒടുവിൽ രണ്ടു വർഷത്തിന് ശേഷം നാട്ടിലേക്ക് അവധിക്കായി തിരിക്കുമ്പോഴാണ് മരണം ഗിരീഷിനെ കവർന്നത്.

ദമാമിൽ നിന്നും രാത്രി കൊച്ചിയിലേക്ക് കയറാനായി ഫ്ളൈ ദുബായ് വിമാനത്തിൽ ബോർഡിംഗ് പൂർത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങി വിമാനത്തിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയാണ് ചെയ്തത്. എയർപോർട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സിപിആർ നൽകിയതിന് ശേഷം ഖതീഫ് സെൻട്രൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മാർഗമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യ: സതി. ഒരു മകനും മകളുമുണ്ട്. ഖതീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

എസക്‌സ്: കോള്‍ചെസ്റ്ററില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളിയും ജോണ്‍സ് ടൂര്‍സ് കമ്പനിയുടെ ഉടമയുമായ ലിന്റോ ജോസിന്റെ പിതാവ് വടക്കേപീടിക ജോസ് (70) നിര്യാതനായി. ഇന്ന് രാവിലെഇന്ത്യന്‍ സമയം മൂന്നരയോടുകൂടിയാണ് മരണമടഞ്ഞത്. ചാലക്കുടി ആളൂര്‍ സ്വദേശിയുംവടക്കേപീടികയില്‍ കുടുംബാംഗമാണ്.

സംസ്‌ക്കാര കര്‍മ്മം ഞായറാഴ്ച വൈകുന്നേരം 4. 30 ന് ആളൂര്‍ സെന്റ് ജോസഫ് സെമിത്തേരിയത്തില്‍ നടക്കൂം. ഭാര്യ: മേഴ്‌സി, മക്കള്‍: ലിന്റോ, ലൈജോ, ലിജിന്‍. മരുമക്കള്‍: രാജി ലിന്റോ (പ്രസിഡന്റ്, കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി), കൊച്ചു മക്കള്‍: റയാന്‍ ജോണ്‍, ലൂയി ജോണ്‍.

പരേതന്റെ നിര്യാണത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തിയതായി സെക്രട്ടറി ജോര്‍ജ് കളപ്പുരയ്ക്കല്‍ അറിയിച്ചു.

 

സീറോ മലങ്കര സഭയിലെ ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനീ സഭാംഗമായ സിസ്റ്റര്‍ ഗ്രേസ് മാത്യു (59 )ഇന്ന് തിരുവനന്തപുരത്ത് കാറപകടത്തില്‍ മരണമടഞ്ഞു .

സിസ്റ്റര്‍ ഗ്രേസ് മാത്യു വെള്ളൂർക്കോണം ഡി.എം കോൺവെന്റ് സുപ്പീരിയറും MCA വെള്ളൂർക്കോണം യൂണിറ്റ് ആനിമേറ്ററുമായിരുന്നു

സ്നേഹബഹുമാനപ്പെട്ട ഗ്രേസ് മാത്യു ഡി.എം സിസ്റ്ററിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മസ്‌ക്കറ്റ്: മലയാളി നഴ്സിന്റെ മരണത്തിൽ ഞെട്ടി കൂട്ടുകാരും ബന്ധുക്കളും. മസ്ക്കറ്റിലെ ഇൻ്റെർനാഷണൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്‌തിരുന്ന  ഷീന ജോമോൻ(40) ആണ് ഇന്ന് പ്രാദേശിക സമയം 15.20 ന് മരണമടഞ്ഞിരിക്കുന്നത്. കോവിഡ് റിസൾട്ട് വരാനിരിക്കെയാണ് മരണം നടന്നിരിക്കുന്നത്.

ഹാർട്ട് അറ്റാക്കിനെ തുടർന്ന് സ്ട്രോക്ക് വരികയും കൗള ആശുപത്രിയിൽ കഴിഞ്ഞ 4 ദിവസമായി വെൻ്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്. ഭർത്താവ് 3 വർഷം മുൻപ് മരണപ്പെട്ടിരുന്നു. പന്ത്രണ്ട് വയസ്സുള്ള ഒരു മകളുണ്ട്. തൃശ്ശൂർ സ്വദേശിയാണ് എന്നാണ് അറിയുന്നത്. അപ്പനും അമ്മയും നഷ്ടപ്പെട്ട പെൺകുട്ടിയെക്കുറിച്ചു ഓർത്താണ് സഹപ്രവർത്തകരുടെയും വിഷമം ഇരട്ടിക്കുന്നത്.

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സ്റ്റാഫായിരുന്നു മുൻപ്. ശവസംക്കാരം സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു എന്നാണ് അറിയുന്നത്.

ഷീന ജോമോന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സഹപ്രവർത്തകരെയും അറിയിക്കുന്നു.

രാമമംഗലം, പിറവം സ്വദേശി ദിവ്യ മനോജ് (31) ഹൃദയ സ്തംഭനത്തെത്തുടർന്ന് ന്യൂസിലാൻഡിൽ വച്ച് മരണമടഞ്ഞു. ഹാമിൽട്ടണിൽ താമസിക്കുന്ന മനോജ് ജോസിന്റെ ഭാര്യയാണ്. പിറവം രാമമംഗലം മടത്തക്കാട്ട് സൈമൺ- ഷേർലി ദമ്പതികളുടെ മകളാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. മനോജ് ഇടുക്കി സ്വദേശി ആണ്.

മൂന്ന് വർഷത്തെ ക്രിട്ടിക്കൽ പർപ്പസ് വർക്ക് വിസയിൽ നേഴ്സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ.ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലും, ഗുഡ്ഗാവ് ആർട്ടിമിഡിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലൻഡിൽ എത്തിയത്. മൂന്നു മാസം മുൻപ് ഭർത്താവും കുട്ടികളും എത്തിയിരുന്നു. തമാഹെരെ ഇവന്റൈഡ് ഹോം ആൻഡ് വില്ലേജിൽ ജോലി ചെയ്തുവരികയായിരുന്നു.

ജോലി കഴിഞ്ഞു മടങ്ങിയെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽവെച്ചാണ് കോഴിക്കോട് വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശിയും പറക്കുഴി അബ്ദുല്‍ റഹ്‌മാന്‍ – ഉമയ്യ ദമ്പതികളുടെ മകനുമായ പി കെ ഷബീര്‍ (40) മരണപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷബീറിന് നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് സുഹൃത്തുക്കൾ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

ജിദ്ദയിലെ കിലോ ആറിലെ യമാനി ബേക്കറിയില്‍ സെയില്‍സ്‌മാന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ഷബീർ. ശനിയാഴ്ച രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞു താമസസ്ഥലത്ത് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. സമീറയാണ് ഷബീറിന്‍റെ ഭാര്യ. രണ്ട് പെൺകുട്ടികൾ

ഷബീറിനൊപ്പം ജിദ്ദയിൽ ഉണ്ടായിരുന്ന കുടുംബം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കം നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ മാക് എന്ന സംഘടനയുടെ അംഗമാണ്. മഹജറിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഷബീറിന്‍റെ സുഹൃത്തുക്കളും വിവിധ മലയാളി സന്നദ്ധസംഘടനാ പ്രതിനിധികളും വൈകാതെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് ഷബീറിന്‍റെ സുഹൃത്തുക്കൾ പറയുന്നത്.

മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശിയായ യുവതി റിയാദില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുറ്റിക്കാട് പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്‌കുമാര്‍ ആണ് റിയാദിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ മരിച്ചത്. 32 വയസായിരുന്നു. റിയാദിലെ അല്‍ ജാഫല്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ നാല് വര്‍ഷമായി നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.

ഭര്‍ത്താവ് വിജേഷ് കുമാര്‍ റിയാദില്‍ ഒപ്പമുണ്ട്. ഏകമകള്‍ അലംകൃത (4) നാട്ടിലാണ്. പിതാവ് – ബാബുരാജന്‍, മാതാവ് – ലത, സഹോദരി – അനശ്വര. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ഭര്‍ത്താവ് അറിയിച്ചു.

ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റര്‍ അബ്ദുറസ്സാഖ് വയല്‍ക്കര, സര്‍വ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി , അഷ്റഫ് അഹ്‌സനി എന്നിവര്‍ രംഗത്തുണ്ട്.

RECENT POSTS
Copyright © . All rights reserved