Obituary

അപ്പച്ചൻ കണ്ണഞ്ചിറ

ഡെർബി: മകനെ സന്ദർശിക്കുവാനായി നാട്ടിൽ നിന്നും എത്തിയ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് യു കെ യിലെ ഡെർബിയിൽ അന്തരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും, തലശ്ശേരി സെഷൻസ് കോടതി റിട്ടേർഡ് സൂപ്രണ്ടുമായ വരിക്കമാക്കൽ സ്കറിയ (67) ആണ് നിര്യാതനായത്. റിട്ടേർഡ് അദ്ധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം, ഡെർബിയിൽ താമസിക്കുന്ന മകൻ സച്ചിൻ ബോസിന്റെ ഭവനം സന്ദർശിക്കുന്നതിനാട്ടാണ് സ്കറിയ എത്തിയത്.

ഒരു മാസം മുമ്പാണ് സച്ചിന്റെ മാതാപിതാക്കൾ യു കെ യിൽ എത്തുന്നത്. മകന്റെ കുടുംബത്തോടൊപ്പം ഏറെ സന്തോഷകരമായി സ്‍കോട്‍ലാൻഡടക്കം വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തി കഴിഞ്ഞ ദിവസമാണ് ഡെർബിയിൽ തിരിച്ചെത്തിയത്.

ഇന്നലെ വീട്ടിൽ നിന്നും നടക്കുവാനായി പുറത്തേക്കു പോയ സ്കറിയ, തിരിച്ചു വരാൻ താമസിക്കുന്നതിനാൽ കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വഴിയിൽ ബോധരഹിതനായി വീണു കിടന്ന ഒരു ഏഷ്യക്കാരനെ ആംബുലൻസ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം അറിയുവാൻ കഴിഞ്ഞത്. ഹോസ്പിറ്റലിൽ എത്തുമ്പോളാണ് തങ്ങളുടെ പിതാവ് മരണപ്പെട്ട ഹൃദയഭേദകമായ വിവരം സച്ചിനും കുടുംബവും അറിയുന്നത്.

മാതാപിതാക്കളെ തങ്ങളോടൊപ്പം കുറച്ചു കാലം താമസിപ്പിക്കുവാനുള്ള സച്ചിന്റെ അദമ്യമായ ആഗ്രഹവും, പേരക്കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാനുള്ള സ്കറിയായുടെ അഭിലാഷവുമാണ് ഇവിടെ വിധി കവർന്നെടുത്തത്. ഇന്നലെ ഹോസ്പിറ്റൽ ചാപ്ലിന്റെ നേതൃത്വത്തിൽ പരേതനുവേണ്ടി പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു. മരണ വാർത്ത അറിഞ്ഞു ഫാ. ടോമി എടാട്ട് ഭവനം സന്ദർശിക്കുകയും, പരേതനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

അന്ത്യ ശുശ്രുഷകൾ നാട്ടിൽ നടത്തി വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇന്നും നാളെയും അവധി ദിനങ്ങളായതിനാൽ ബോഡി നാട്ടിലെത്തിക്കുവാനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും.

സന്തോഷമായി തങ്ങളോടൊപ്പം കുറച്ചു കാലം നിർത്തുവാനുള്ള പൊലിഞ്ഞുപോയ ആഗ്രഹവും, നാട്ടിലേക്ക് ഒറ്റയ്ക്ക് തിരിച്ചു വിടേണ്ടിവരുന്ന അമ്മയുടെ ദുംഖാവസ്ഥയും ഏറെ തളർത്തിയ സച്ചിൻ ബോസിന്റെ കുടുംബത്തോടൊപ്പം സഹായവും സാന്ത്വനവുമായി ബന്ധുക്കളും സുഹൃത്തുക്കളും ഡെർബി മലയാളികളും ആശ്വാസമായുണ്ട്.

സച്ചിൻ (യു കെ) സഫിൻ (യുഎ ഇ ) സാൽബിൻ (ബാംഗ്ലൂർ) എന്നിവർ മക്കളാണ്. ആര്യ (മരുമകൾ).

സച്ചിൻ ബോസിന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് . മലയാളം യുകെ

യോർക്ഷയറിലെ കീത്തിലിയിലെ ആദ്യകാല മലയാളിയും ഏയർഡേൽ ഹോസ്പ്പിറ്റലിൽ സ്റ്റാഫ് നേഴ്സുമായിരുന്ന മറിയാമ്മ രാജു (72) നിര്യാതയായി. കേരളത്തിൽ പന്തളം കുളനട കോയിപ്പുറത്ത് കിഴക്കേതിൽ കുടുംബാംഗമാണ്. 2003 ലാണ് മറിയാമ്മ രാജു കുടുംബസമേതം കീത്തിലിയിൽ എത്തുന്നത്. രാജു തോമസ് ഭർത്താവും റോബിൻസൺ രാജു (ക്യാനഡ), റെയാൻ രാജു തോമസ് എന്നിവർ മക്കളാണ്. മൃതസംസ്കാര ശുശ്രൂഷകൾ കീത്തിലിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

മറിയാമ്മ രാജുവിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ക്വീന്‍സ് ലന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലുണ്ടായ കാര്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗവും തിരുവനന്തപുരം പെരുകാവ് സെന്റ് ഡൈനേഷ്യസ് ഇടവക വികാരിയുമായ ഫാ. കോശി അലക്‌സാണ്ടര്‍ ആഷ്ബിയുടെ സഹോദരന്റെ മകന്‍ ബെഞ്ചമിന്‍ അലക്‌സാണ്ടര്‍ ആഗ്നുവാണ് (21) മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 12.30ന് ഗോള്‍ഡ് കോസ്റ്റിന് സമീപം ബോണോഗിന്‍ എന്ന പ്രദേശത്താണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ബെഞ്ചമിന്‍ അലക്‌സാണ്ടറാണ് വാഹനമോടിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട എല്ലാവരും 20 വയസ് പ്രായമുള്ളവരാണ്.

ബെഞ്ചമിന്റെ സംസ്‌കാരം സെപ്റ്റംബര്‍ അഞ്ചിന് ഓസ്‌ട്രേലിയയില്‍ നടക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ പ്രസിഡൻറ് ജിജോ ചുമ്മാറിൻ്റെ മാതാവ് പൊൻകുന്നം  നെയ്യാട്ടുശ്ശേരി നടുവത്താനിയിൽ മാണി ചുമ്മാറിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. പരേത ഭരണങ്ങാനം ആർക്കാട്ട് കുടുംബാംഗമാണ്. മൃത സംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 26 , തിങ്കളാഴ്ച രാവിലെ 10 . 30 ന് സ്വഭവനത്തിൽ ആരംഭിച്ച് നെയ്യാട്ടുശ്ശേരി സെൻറ് ജോർജ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. മക്കൾ : അലക്സാണ്ടർ, ടോമി, ജിജോ . മരുമക്കൾ: ഗ്രേസിക്കുട്ടി, ബെറ്റി , സിനി (യുകെ ).

ജിജോ ചുമ്മാറിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തുടർച്ചയായ രണ്ട് ആത്മഹത്യകളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. കട്ടപ്പന സ്വദേശി അനീഷ് ജോയി ആത്മഹത്യ ചെയ്തു. കുടുംബപ്രശ്നങ്ങൾ ആണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന വിവരങ്ങൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അനീഷ് ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിൻറു അഗസ്റ്റിൻ എൻഎച്ച്എസിൽ നേഴ്സാണ്. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്.

അമിത മദ്യപാനത്തെ തുടർന്നുള്ള പ്രശ്നങ്ങൾ അനീഷിനെ അലട്ടിയിരുന്നു. ഇതിനോട് അനുബന്ധ ചികിത്സകൾക്കും അനീഷ് വിധേയനായിരുന്നു. എന്നാണ് അറിയാൻ സാധിച്ചത്. ഒരാഴ്ച മുമ്പ് വീട്ടിൽ വെച്ച് നടന്ന കുടുംബ പ്രശ്നങ്ങളെ തുടർന്ന് പോലീസ് എത്തി അനീഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു . ഇതിനെ തുടർന്ന് രണ്ടുദിവസം ഇയാൾക്ക് ജയിലിൽ കഴിയേണ്ടി വന്നു. കുടുംബവുമായി മൂന്നുമാസത്തേയ്ക്ക് ബന്ധപ്പെടില്ലെന്ന ഉറപ്പിലാണ് അന്ന് അനീഷിന് കോടതി ജാമ്യം അനുവദിച്ചത് .

ഇതിനെ തുടർന്ന് മാറി താമസിക്കുകയായിരുന്ന അനീഷിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിഞ്ഞത് . ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി എന്നാണ് അറിയാൻ സാധിച്ചത്. കട്ടപ്പന മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡന്റ് ജോയി പെരുന്നോയിയുടെ മകനാണ് അനീഷ്.

അനീഷ് ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയം പനച്ചിക്കാട് സ്വദേശിയായ അനിൽ ചെറിയാൻ റെഢിച്ചിൽ ആത്മഹത്യ ചെയ്തത്. നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടൻ അനിലിന്റെ ഭാര്യയും നേഴ്സുമായ സോണിയ കുഴഞ്ഞുവീണ് മരണമടഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് രണ്ടു കുട്ടികളെ ആരോരുമില്ലാതാക്കി അനിൽ സ്വയം ജീവനൊടുക്കിയത്. ഉറ്റവരുടെയും ബന്ധുക്കളുടെയും സാമിപ്യവും സ്വാന്തനവും ഇല്ലാത്തതും മദ്യപാനശീലവും ആണ് പലരെയും കടുംകൈ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാണ് അടുത്തടുത്ത് നടന്ന രണ്ട് സംഭവങ്ങളും സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി നേഴ്സ് മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും യാത്രയായി. ചികിത്സക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ അനിൽ യുകെയിൽ തിരിച്ചെത്തി ഉടനെ കുഴഞ്ഞു വീണ് മരണമടഞ്ഞിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് ഭർത്താവ് അനിൽ ചെറിയാൻ ജീവനൊടുക്കിയത്. സോണിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് യുകെ മലയാളികളെ ഒന്നാകെ ഞെട്ടിച്ച് അനിനെ വീടിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോട്ടയം പനച്ചിക്കാടാണ് അനിൽ ചെറിയാന്റെ സ്വദേശം. അനിലും മരണം വരിച്ചതോടെ ഇവരുടെ രണ്ടു മക്കളായ ലിയയും ലൂയിസും അനാഥരായി.

സോണിയയുടെ ആശ്രിത വിസയിൽ ആയിരുന്നു അനിൽ യുകെയിൽ എത്തിയത്. സോണിയയുടെ മരണത്തോടെ ഇനി എന്ത് എന്ന ചോദ്യം അനിലിനെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഞാൻ സോണിയയുടെ അടുത്തേയ്ക്ക് പോകുകയാണ് മക്കളെ നോക്കണം എന്ന് അനിൽ സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. ഭാര്യ മരിച്ചതിനെ തുടർന്ന് ആശ്രിത വിസയിൽ വന്ന തന്റെയും മക്കളുടെയും യുകെയിലെ ഭാവി അനിലിന് മുന്നിൽ ചോദ്യചിഹ്നമായി ഉയർന്നു വന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ.

റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു അനിലിന്റെ ഭാര്യ സോണിയ . 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു സർജറി സംബന്ധമായി പത്ത് ദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം സോണിയയെ തേടിയെത്തിയത്.

സോണിയയുടെയും അനിലിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് സോണിയ അനിൽ മരണമടഞ്ഞു . 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു സർജറി സംബന്ധമായി പത്ത് ദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം സോണിയയെ തേടിയെത്തിയത്.

വീട്ടിൽ കുഴഞ്ഞു വീണയുടനെ അടിയന്തിര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിൽ ചെറിയാൻ ആണ് സോണിയയുടെ ഭർത്താവ്. ലിയയും ലൂയിസും ആണ് അനിൽ -സോണിയ ദമ്പതിമാരുടെ മക്കൾ.

കോട്ടയത്തിനടുത്തുള്ള ചിങ്ങവനമാണ് കേരളത്തിൽ ഇവരുടെ സ്വദേശം. കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ ) റെഡ്ഡിച്ചിൻ്റെ സജീവ പ്രവർത്തകയായിരുന്ന സോണിയ അനിലിന്റെ നിര്യാണത്തിൽ കെസിഎ റെഡ്ഡിച്ചിൻ്റെ പ്രസിഡൻറ് ജെയ് തോമസും സെക്രട്ടറി ജസ്റ്റിൻ മാത്യുവും ട്രഷറർ ജോബി ജോണും അനുശോചനം അറിയിച്ചു.

സോണിയ അനിലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലിവർപൂൾ മലയാളിയും യുകെയിലെ കലാസാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും കുട്ടനാട് സംഗമത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവ് റ്റി . റ്റി ഫ്രാൻസിസ് (കുട്ടപ്പൻ സാർ ) നിര്യാതനായി. എടത്വ പച്ച തട്ടുപുരയ്ക്കൽ കുടുംബാംഗമാണ്.

തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. 43 വയസു മാത്രം പ്രായമുള്ള വാർവിക്കൽ താമസിക്കുന്ന അബിൻ രാമദാസാണ് അകാലത്തിൽ വിടവാങ്ങിയത്. ഭാര്യയും മക്കളും നാട്ടിൽ അവധിക്ക് പോയപ്പോഴാണ് അപ്രതീക്ഷിതമായി അബിനെ തേടി മരണമെത്തിയത്. കേരളത്തിൽ കൊല്ലമാണ് അബിൻറെ സ്വദേശം.

വാർവിക് ആൻഡ് ലെമിന്ഗ്ടൺ മലയാളി അസോസിയേഷൻ്റെ സജീവ അംഗമായിരുന്നു അബിൻ രാമദാസ്. അബിനെ ഫോൺ ചെയ്തിട്ടും ലഭ്യമാകാതിരുന്നതോടെ സുഹൃത്തുക്കൾ അന്വേഷിച്ചതാണ് മരണവിവരം പുറത്തറിയാൻ കാരണമായത്. അബിൻറെ വീട് അടഞ്ഞു കിടന്നതിനെ തുടർന്ന് പോലീസും അത്യാഹിത വിഭാഗങ്ങളുമെത്തിയാണ് വീട് തുറന്നത്. അബിൻ ഓട്ടോമൊബൈൽ സ്റ്റൈലിംഗ് എൻജിനീയറാണ്. ആശയാണ് ഭാര്യ . മക്കൾ: ആദവ് (14) ആലീസ് (8) . അവധിയ്ക്കായി യുകെയിൽ നിന്ന് നാട്ടിൽ പോയ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. മൃതസംസ്കാരത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

അബിൻ രാമദാസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളി നേഴ്സ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന കൃഷ്ണപ്രിയ ആണ് മരണമടഞ്ഞത്. 37 വയസ്സായിരുന്നു പ്രായം. കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപ് കൃഷ്ണൻ ആണ് ഭർത്താവ്. കുവൈത്തിലെ മംഗഫിൻ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.

കൃഷ്ണപ്രിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved