സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ജൂൺ മാസം പതിനെട്ടാം തീയതി മാഞ്ചസ്റ്ററിൽ വച്ച് മരണമടഞ്ഞ യുകെ മലയാളി നേഴ്സ് അജിത ആൻ്റണി (31) യ്ക്ക് ക്രൂ, സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ യാത്രാമൊഴി. അജിതയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു.
മുൻപ് അറിയിച്ചിരുന്നതുപോലെ ഇന്ന് രാവിലെ 11.30 ന് (യുകെ സമയം) ലില്ലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ബർമിംങ്ങ്ഹാമിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ അജിതയുടെ ഭൗതീക ദേഹം സംസ്‌കാര ചടങ്ങുകൾക്കായി സ്റ്റോക്ക് ഓൺ ട്രെന്റ് പള്ളിയിലെത്തിച്ചു. തുടർന്ന് സീറോ മലബാർ രൂപതയുടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ ഒപ്പം റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം വഹിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. പ്രാർത്ഥനാ മധ്യേ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ അനുശോചന സന്ദേശം നൽകി. ദുഃഖാർത്ഥരായ അജിതയുടെ കുടുംബത്തെയും സഹോദരങ്ങളെയും ഒപ്പം തന്റെ ജീവന്റെ പാതിയായിരുന്ന ഭാര്യയ്ക്ക് ഒരു അന്ത്യചുംബനം പോലും നൽകാനാവാതെ ലൈവ് വീഡിയോ മാത്രം കാണാൻ വിധിക്കപ്പെട്ട ഭർത്താവ്… കോവിഡ് കാല ജീവിത സാഹചര്യങ്ങൾ… അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത രണ്ട് വയസുകാരൻ… എന്നിവരെയെല്ലാം സമർപ്പിച്ച് പ്രാർത്ഥനയിൽ ഓർത്ത് റവ.ഫാ.രഞ്ജിത്ത്..
തുടർന്ന് യുകെയിൽ തന്നെയുള്ള അജിതയുടെ സഹോദരിയുടെ നന്ദി പ്രകാശനം… തന്റെ കൂടെപ്പിറപ്പായ പ്രിയ സഹോദരിയുടെ വിയോഗത്തിൽ ദുഃഖം കടിച്ചമർത്തി പള്ളി മേടയിൽ എത്തി പറഞ്ഞു തുടങ്ങിയെങ്കിലും പലതും തൊണ്ടയിൽ കുരുങ്ങി… അജിതയുടെ മരണാന്തര ചടങ്ങിൽ ഒരുപിടി ഇംഗ്ലീഷുകാരും അപ്പോൾ പള്ളിയിൽ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഇംഗ്ലീഷുകാരിൽ ഒരാൾ കടന്നു വന്ന് ആശ്വസിപ്പിക്കുന്നതോടൊപ്പം നിന്നുപോയ നന്ദി പ്രകാശനം പൂർത്തീകരിക്കുന്ന സഹപ്രവർത്തകനായ ഇംഗ്ലീഷുകാരൻ… കാണുന്നവരുടെ പോലും കണ്ണ് നിറയുന്ന കാഴ്ചകൾ.. തങ്ങൾക്ക് അറിയാത്ത ഭാഷയിൽ നടക്കുന്ന അതും ഒന്നര മണിക്കൂർ നീണ്ട ശുശ്രുഷകൾ എല്ലാം സസൂഷ്‌മം കണ്ട ഇംഗ്ലീഷുകാർക്ക് നന്ദി പറഞ്ഞ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ..
12:45 ന് ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച് മൃതദേഹവുമായി ഫ്യൂണറൽ ഡയറക്ടർ ടീം ക്രൂവിലേക്ക് പുറപ്പെട്ടു. തുടർന്ന് സെമിട്രിയിൽ സമാപന ശുശ്രൂഷകളും പൂർത്തിയാക്കി അജിതയുടെ സംസ്കാരം നടത്തപ്പെട്ടു. ജീവിച്ചിരിക്കെ കൂട്ടുകാരോട് തമാശയായി പറഞ്ഞ അജിതയുടെ വാക്കുകൾ അണുവിട തെറ്റാതെ പൂർത്തിയാവുകയായിരുന്നു… “ഞാൻ മരിക്കുമ്പോൾ എനിക്ക് തണുപ്പിൽ പുതച്ചു കിടക്കാൻ ആണ് ഇഷ്ടം എന്ന്… ” പ്രതീക്ഷകളുടെ ചിറകിൽ യുകെയിൽ പറന്നിറങ്ങിയ അജിത എന്ന മലയാളി നേഴ്സിന്റെ ശരീരം പ്രവാസി മണ്ണിൽ അലിഞ്ഞു ചേരുന്ന നിമിഷങ്ങൾ… ഒരു പിടി മലയാളികളുടെ ഹൃദയത്തിൽ മുറിപ്പാടുകൾ ഏൽപ്പിച്ചു എന്നത് നിസ് തർക്കമാണ്.
2021 ജനുവരിയിലാണ് അജിത ആൻ്റണി ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്തുള്ള ക്രൂവിലെത്തിയത്. യുകെയിലെത്തുന്നതിന് മുൻപ് അജിതയും ഭർത്താവ് കാർത്തിക്കും ഒരുമിച്ച് ഷാർജയിലായിരുന്നു. തുടർന്ന് മകൻ അയാൻ ജനിച്ചതിനെ തുടർന്ന് അജിത യു കെ യിലേയ്ക്ക് വരാനുള്ള തയാറെടുപ്പുകളുമായി നാട്ടിൽ തുടരുകയായിരുന്നു.
അജിതയ്ക്ക് കോറോണ വൈറസ് എവിടെ വച്ച് കിട്ടിയെന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ അറിവില്ല. നാട്ടിൽ നിന്നും യുകെയിൽ എത്തി രണ്ടാഴ്ചയ്ക്കുള്ളിൽ അജിതയെ രോഗം ബാധിച്ചിരുന്നു. അജിതയുടെ അസുഖം കൂടുതലായതിനാൽ ആദ്യം ക്രൂവിലെ ലീറ്റൺ ഹോസ്പിറ്റലിലും തുടർന്ന് മാഞ്ചസ്റ്ററിലെ വിഥിൻഷോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ച് എക്മോ മെഷീന്റെ സഹായത്താൽ തുടർചികിത്സ… അജിത കോവിഡ് മുക്തി നേടിയെങ്കിലും ശ്വാസകോശത്തിൽ കൊറോണയേൽപ്പിച്ച പ്രഹരം വലുതായിരുന്നു. പിന്നീട് പലപ്പോഴും സൂം വീഡിയോ വഴി നാട്ടിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ കണ്ണീർ പൊഴിക്കുന്ന ഒരു അജിതയുടെ ചിത്രം ചികിൽസിച്ചിരുന്ന നേഴ്‌സുമാരുടെ ഹൃദയം പിളർക്കുന്ന വേദനയായി…
അജിത ജീവിതത്തിലേക്ക് തിരികെ വരുമെന്ന നേരിയ പ്രതീക്ഷ ആശുപത്രി അധികൃതർ വച്ച് പുലർത്തിയിരുന്നു. ഏകദേശം അഞ്ച് മാസക്കാലം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജിത ജൂൺ പതിനെട്ടിന് പുലർച്ചെയാണ് നിര്യാതയാവുന്നത്.
എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശിയാണ് അജിതയുടെ ഭർത്താവ് കാർത്തിക് സെൽവരാജ്. ഏക മകൻ ഈ മാസം രണ്ട് വയസ് പൂർത്തിയാകുന്ന അയാൻ. അജിത യുകെയിലേക്ക് വന്നതിനാൽ കാർത്തിക് മകനുമൊത്ത് നാട്ടിൽ കഴിയുകയായിരുന്നു. എറണാകുളം പള്ളുരുത്തി കാളിയത്ത് കെ.സി ആൻറണിയുടെയും ജെസി ആൻ്റണിയുടെയും മകളാണ് അജിത.. ഗൾഫിൽ ഉള്ള ഒരു സഹോദരനും യുകെയിൽ നേഴ്‌സായ ഒരു സഹോദരിയുമാണ് അജിതയ്ക്കുള്ളത്.
വീഡിയോ കാണാം
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന അഭിലാഷ് മാത്യുവിന്റെ പിതാവ് കൊല്ലം ചാത്തന്നൂർ, കല്ലുവാതുക്കൽ പൊയ്കവിള വീട് ജോൺ മാത്യു ( 74) നിര്യാതനായി. കൊല്ലം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക വേദികളിലെ നിറഞ്ഞ സാന്നിധ്യമായ ജോൺ മാത്യു സാർ പാരിപ്പള്ള ദേവസ്വംബോർഡ് സ്കൂളിലെ മുൻ പ്രഥമ അധ്യാപകനും വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയുമാണ്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ച് വന്നിരുന്ന ജോൺ മാത്യു സാർ മുൻ ജനതാദൾ മണ്ഡലം പ്രസിഡന്റും കല്ലുവാതുക്കൽ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പറുമാണ്. ഭാര്യ : അന്നമ്മ മാത്യു കല്ലുവാതുക്കൽ യു.പിസ്കൂൾ മുൻ അധ്യാപികയും, മുളവന വട്ടവിള കുടുംബാംഗവുമാണ്. മക്കൾ: ഷീബ മാത്യു (അധ്യാപിക, ആലുംമൂട് എൽപി സ്കൂൾ, മയ്യനാട്), ഷെൻസി മാത്യു (കവൺട്രി, യു .കെ) , ആശ മാത്യു (ഡാഗെൻഹാം ഈസ്റ്റ് ,ലണ്ടൻ ,യു.കെ), അഭിലാഷ് മാത്യു( വെയ്ക്ക് ഫീൽഡ് , യു.കെ) മരുമക്കൾ : റ്റി. ഒ ജോൺസൺ (ജോളിയിൽ, കാഷ്വർസ് ),ബിജു മാത്യു( കവൺട്രി,യു .കെ), എൽദോസ് ജേക്കബ്(ലണ്ടൻ), പ്രിയ മാത്യു(വെയ്ക്ക് ഫീൽഡ്).
മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കല്ലുവാതുക്കൽ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്. ജോൺ മാത്യു സാറിൻറെ നിര്യാണത്തിൽ മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മാഞ്ചസ്‌റ്റർ വികാരി ഫാ. ഹാപ്പി ജേക്കബ്, വൈമ പ്രസിഡൻറ് സിബി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അഭിലാഷ് മാത്യുവിനെയും കുടുംബാംഗങ്ങളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സിനിമ-സീരിയൽ നടി ബേബി സുരേന്ദ്രൻ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു, തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
എന്‍റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലതെ, വാദ്ധ്യാർ, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തി.മി.രം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.
അപ്രതീക്ഷിതമായ ഒരു വിടപറയല്‍ കൂടി. ബേബിച്ചേച്ചി(ബേബി സുരേന്ദ്രന്‍) പോയി. ചേച്ചി നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും’– ആദരാഞ്‍ജലികള്‍ അര്‍പ്പിച്ച് കിഷോര്‍ സത്യ ഫെയ്സ്ബുക്കിൽ എഴുതി. സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ബേബി സുരേന്ദ്രന് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്.
ചങ്ങനാശേരി മാമ്മൂട് സ്വദേശി ടോമി ജോസഫ് (സിബി കുഞ്ഞ് – 59 ) കാനഡായിൽ നിര്യാതനായി. പരേതരായ തോയക്കുളം ഔതച്ചന്റേയും മറിയാമ്മയുടെയും മകനാണ്. മാമ്മൂട് ലൂർദ് മാതാ ഇടവകാംഗവും, നാലാം വാർഡ് കുടുംബ കൂട്ടായ്മയിലെ അംഗവുമാണ്. മൃതസംസ്കാരം പിന്നീട് .
ടോമി ജോസഫിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകന്‍ മന്‍മീത് സിംഗിന് ദാരുണാന്ത്യം. സൂഫി ഗായകനും സെയ്ന്‍ സഹോദരന്മാരില്‍ ഒരാളുമായ മന്‍മീത്, കങ്കര ജില്ലയിലെ കരേരി തടാകത്തില്‍ വീണു മരിക്കുകയായിരുന്നു.
കുറച്ചു ദിവസം മുമ്പാണ് മന്‍മീതും സുഹൃത്തുക്കളും ധര്‍മശാലയിലെത്തിയത്. തിങ്കളാഴ്ച സംഘം കരേരിയിലെത്തുകയായിരുന്നു. ഇതിനിടെ പെയ്ത കനത്തമഴക്കിടെ മന്‍മീത കാല്‍വഴുതി തടാകത്തില്‍ വീഴുകയായിരുന്നു.
ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച കരേരി തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ധര്‍മശാലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായിരുന്ന മോഹൻലാൽ കുമാരൻ ലണ്ടനിൽ അന്തരിച്ചു.ഈസ്റ്റ് ഹാമിൽ താമസിക്കുന്ന കുമാരൻ ഹൃദയാഘാതത്തെത്തുടർന്നു ലണ്ടനിലെ സെന്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിൽ ഇന്നലെ രാവിലെയായിരുന്നു മരണം. 64 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.
കൊല്ലം കരുനാഗപ്പള്ളി കൊച്ചായത്തു വീട്ടിൽ മോഹൻലാൽ കുമാരൻ കുടുംബ സുഹൃത്തുക്കൾക്കു മണിചേട്ടനും ബിസിനസ് സുഹൃത്തുക്കൾക്കു മഹേന്ദ്രൻ അണ്ണനുമായിരുന്നു. ഭാര്യ രാഗിണി. അശ്വതി, ആരതി എന്നിവർ മക്കളാണ്.
മാസങ്ങൾക്കു മുമ്പ് കോവിഡ് ബാധിച്ചു മരിച്ച ഈസ്റ്റ് ലണ്ടനിലെ പ്രമുഖ വ്യവസായിയും ബോളീൻ സിനിമാ തിയറ്റർ ഉടമയുമായിരുന്ന ബോളീൻ മോഹനൻ എന്ന മോഹനൻ കുമാരൻ സഹോദരനാണ്. മോഹനൻ കുമാരന്റെ മരണത്തിനു പിന്നാലെയാണു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി മോഹൻലാലിന്റെയും മരണം.
ഒരിക്കൽ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഹൃദ്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. ആദ്യകാലത്തു കേരളത്തിൽനിന്നെത്തുന്ന മലയാളികൾക്ക് ആശ്രയിക്കാവുന്ന സഹായമായിരുന്നു എന്നും സുഹൃത്തുക്കൾ അദ്ദേഹത്തെ അനുസ്മരിച്ചു പറഞ്ഞു
ഇലക്ട്രിക്കൽ എൻജിനീയറായ മോഹൻലാൽ സഹോദരൻ മോഹനനോടൊപ്പം തിയറ്റർ നടത്തിപ്പിലും മറ്റു ബിസിനസുകളിലും സജീവ സാന്നിധ്യമായിരുന്നു. എന്നിഷ്ടം നിന്നിഷ്ടം-2, ഇംഗ്ലീഷ് – ആൻ ഓട്ടം ഇൻ ലണ്ടൻ എന്നീ സിനിമകളുടെ നിർമാതാവാണ്.
ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. അസുഖബാധിതനായി ദീർഘകാലമായി ചികിത്സ തേടിയിരുന്ന വീരഭദ്ര സിങ് ഇന്ന് പുലർച്ചെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.
തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആരോഗ്യനില വഷളായി. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ഒമ്പത് തവണ എംഎൽഎയും അഞ്ചു തവണ എംപിയുമായിട്ടുള്ള വീരഭദ്ര സിങ് ആറ് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.
ഇതിനിടെ ഇദ്ദേഹത്തിന് ജൂൺ 11ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹത്തെ കോവിഡ് പിടികൂടുന്നത്. ഏപ്രിൽ 12നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.
ഭാര്യ പ്രതിഭ സിങും മകൻ വിക്രമാദിത്യ സിങും രാഷ്ട്രീയ പ്രവർത്തകരാണ്. പ്രതിഭാ സിങ് മുൻ എംപിയായിരുന്നു. മകൻ വിദ്രമാദിത്യ ഷിംല റൂറലിലെ എംഎൽഎയാണ്. വീരഭദ്ര സിങ് കേന്ദ്രമന്ത്രി പദവിയും അലങ്കരിച്ചിട്ടുണ്ട്.
ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ അവിസ്മരണീയ കഥാപാത്രങ്ങളാണ് അദ്ദേഹം അതുല്യമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഉന്നതങ്ങളിലേയ്ക്ക് എത്തിച്ചു.
റൊമാന്റിക് നായകനില്‍ നിന്ന് ആഴമുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം 80 കളില്‍ മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹം ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1966 ലാണ് ബോളിവുഡ് താരമായ സൈറ ഭാനുവിനെ വിവാഹം കഴിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. 2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ ഈശോ സഭാ വെെദികൻ ഫാ. സ്റ്റാൻ സ്വാമി (84) അന്തരിച്ചു. ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചുവെന്ന് ബോംബെ ഹൈക്കോടതിയെ അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് മരണവിവരം കോടതിയെ അറിയിച്ചത്.
എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്നാണ് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിക്കാതെയായിരുന്നു അറസ്റ്റ്. 2020 ഒക്ടോബർ മുതൽ തടവിൽ കഴിയേണ്ടി വന്നതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
ആരോഗ്യസ്ഥിതി പരിഗണിച്ച് ബോംബെ ഹൈക്കോടതി ഇടപെട്ട് അദ്ദേഹത്തെ മുംബൈയിലെ ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തു. ചികിത്സയ്ക്കിടെ ശനിയാഴ്ച അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത് നില കൂടുതൽ വഷളാക്കി. ഇതാണ് മരണത്തിന് കാരണമായത്.
സ്വാമിയുടെ മരണത്തിൽ ബോംബെ ഹൈക്കോടതി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കോടതി മരണവിവരം അറിഞ്ഞത്. കോടതി നടപടികൾക്കിടെ ഫാ.സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ ഡോക്ടർക്ക് ഒരുകാര്യം ബോധിപ്പിക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറാണ് കോടതിയിൽ മരണവിവരം അറിയിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മഹാരാഷ്ട്ര സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ഉച്ചയ്ക്ക് 1.24 ഓടെയായിരുന്നു അന്ത്യം. ആശുപത്രിയെക്കുറിച്ച് പരാതിയില്ലെങ്കിലും എൻഐഎയെക്കുറിച്ച് പരാതികളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഫാ.സ്റ്റാൻ സ്വാമിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും ആരോഗ്യസ്ഥി വളരെ മോശമായിട്ടും മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചില്ലെന്നും ജെസ്യൂട്ട് സഭ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ നില വളരെ മോശമായിരുന്നു. പലവട്ടം മെച്ചപ്പെട്ട ചികിത്സ തേടി കോടതിയെയും അധികാരികളെയും സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് വിമർശനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിക്കിടയിൽ ആകസ്‌മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യൻെറ (45) വേർപാടിൻെറ ഞെട്ടലിലാണ് മാഞ്ചസ്റ്റർ മലയാളികൾ. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ സുമിത്ത് മിനിറ്റുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.
പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിൻെറ ഒരുക്കങ്ങളിലൊക്കെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യൻെറ വേർപാടിൻെറ വേദനയിലാണ് ഇന്നലെ തിരുനാളാഘോഷങ്ങൾ നടത്തപ്പെട്ടത്. തിരുനാൾ ആഘോഷങ്ങളുടെ മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. നേരത്തെ സുമിത്ത് സെബാസ്റ്റ്യൻ്റെ മരണവാർത്തയറിഞ്ഞ് മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേഴ്സിംഗ് ഹോമിലെത്തി പ്രാർത്ഥനകൾ നടത്തിയിരുന്നു.
സുമിത്തിൻറെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.