Obituary

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം കുറവിലങ്ങാട് സ്വദേശി കൊച്ചിതറ വീട്ടിൽ ആൽവിൻ ആന്റോ (32) ആണ് മരണമടഞ്ഞത്. അൽ റാസി ആശുപത്രി വാർഡ് 8 -ലെ സ്റ്റാഫ് നേഴ്സായിരുന്നു. കഴിഞ്ഞവർഷം കോവിഡ് ബാധയിൽ നിന്ന് രോഗ മുക്‌തനായ ഇദ്ദേഹം തുടർന്നിങ്ങോട്ട് മറ്റു ശാരീരിക പ്രശ്നങ്ങൾ നേരിട്ട് വരികയായിരുന്നു. ഭാര്യ രമ്യ കുവൈറ്റിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. മകൻ ആർവിൻ

ആൽവിൻ ആന്റോയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടൻ:- ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ് (66) ലണ്ടനിൽ നിര്യാതനായി. രണ്ട് വർഷം മുൻപ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ കൂടെ കിഡ്നി ഇൻജുറി കൂടി ഉണ്ടായതാണ് മരണകാരണം. ഇപ്പോൾ താമസിക്കുന്നത് വോക്കിങിലാണ് . ഭാര്യ മോളി, തകിടിയേൽ കുടുംബാഗം. മക്കൾ: സൗമ്യ, ജോമി. മരുമക്കൾ: ജോമിത്, മുൻ യുക്മ കലാതിലകം മിന്ന ജോസ്. പേരക്കുട്ടി: ജോവിറ്റ ജോമിത്. സംസ്കാരം പിന്നീട്.

ജോസ് ഓടയ്ക്കലിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ്19 ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പിഎസ്ഡബ്യു മാധവറാവു ആണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.

മാധവറാവുവിന് കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ചത്. ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച രാവിലെ വഷളാവുകയായിരുന്നു. തുടർന്ന് അത്യാസന്നനിലയിലായ അദ്ദേഹത്തിന് മരണം സംഭവമായിരുന്നു.

വോട്ടെടുപ്പിന് ശേഷമാണ് മരണം സംഭവിച്ചത് എന്നതിനാൽ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല. എന്നാൽ മാധവറാവു വിജയിക്കുകയാണെങ്കിൽ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. തമിഴ്‌നാടിന്റെയും പുതുച്ചേരിയുടേയും ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സഞ്ജയ് ദത്ത് മാധവറാവുവിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പാർട്ടി ഒന്നടങ്കം പങ്കു ചേരുന്നതായും മാധവറാവുവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ അറിയിച്ചു.

ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിലെ 234 നിയോജകമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖ വാർത്ത കൂടി . ഷെഫീൽഡിലെ ആദ്യകാല മലയാളിയും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെയും റോതെർഹാം മലയാളി അസോസിയേഷന്റെയും ആദ്യ കാല മെമ്പറും സാമൂഹീക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ദിനേശ് മേടപ്പള്ളി (51) ആണ് വിടപറഞ്ഞത് . കോവിഡ് ബാധിതനായി ബാൻസലി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെൻറ്റിലേറ്ററിൽ ആയിരുന്നു. നാട്ടിൽ മരങ്ങാട്ടുപള്ളി സ്വദേശിയാണ്. ഭാര്യ രാജി ദിനേശ്. മൂന്നാം വർഷ മെഡിസിൻ വിദ്യാർത്ഥിനി നമിത ദിനേശ്, ഇയർ 11 വിദ്യാർത്ഥിനി നിഖിത ദിനേശ് എന്നിവരാണ് മക്കൾ.

ദിനേശ് മേടപ്പള്ളിയുടെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബർമിംഗ്ഹാമിനടുത്തു വെഡ്നെസ്ഫീൽഡിൽ (വോൾവർഹാംപ്ടൻ) ഇക്കഴിഞ്ഞ മാർച്ചു മാസം പതിനാറാം തീയതി നിര്യാതയായ അന്നമ്മ തോമസിന്റെ പൊതു ദർശനം ഇന്ന് (ഏപ്രിൽ ഏഴാം തീയതി ബുധനാഴ്ച )രാവിലെ 11 .30 മുതൽ 3.30 വരെ വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വച്ച് നടക്കും . വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ അംഗമായ ഗ്ളാക്സിൻ തോമസിന്റെ മാതാവാണ് പരേത.

അന്ത്യ കർമങ്ങൾ നാളെ (ഏപ്രിൽ എട്ടാം തീയതി വ്യാഴാഴ്ച )രാവിലെ 11 മണിക്ക് വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ടെട്ടൻഹാൾ ഡെയിൻ കോർട്ട് സെമിത്തേരിയിൽ മൃത സംസ്ക്കാരം നടക്കും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെടുന്ന വ്യാഴാഴ്ചത്തെ സംസ്കാര ചടങ്ങുകൾ അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

രണ്ടു ദിവസത്തെയും ചടങ്ങുകളുടെ ലൈവ് കാസ്റ്റിങ് ഉണ്ടായിരിക്കും. ലിങ്ക് ചുവടെ കൊടുക്കുന്നു

വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്ന അന്നമ്മ തദ്ദേശത്തെ മലയാളി സമൂഹത്തിന്റെ ഏവരുടെയും മാതൃസ്ഥാനീയയായിരുന്നു. നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്ത് അക്കോളയിൽ ആരോഗ്യ രംഗത്തു ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു. ഗ്ളാക്സിൻ ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ,ഗ്ലാഡിസ് ,ഇമ്മാനുവൽ .

വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ് . മമ്മിയുടെ വിയോഗത്തിൽ ഏറെ ദുഃഖിതരായ വാം അംഗങ്ങൾ അസോയിയേഷൻ ഭാരവാഹികളായ സിറിൽ ,ജിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ഏക മനസോടെയാണ് കുടുംബത്തോടൊപ്പം ചേർന്ന് മമ്മിയുടെ അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്‌.

ചടങ്ങുകൾ നടക്കുന്ന പള്ളിയുടെ വിലാസം

St Patrick R C Church
299 Wolverhampton Rd,
Wednesfiled
Wolverhampton
WV10 0QQ

തൃശ്ശൂർ ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി. ചാലക്കുടി ഐക്യൂ റോഡ് കുന്നംപുഴ വീട്ടിൽ ജിജോ അഗസ്റ്റിൻ (47) ആണ് മരിച്ചത്. കെ.ഒ.സിയിൽ എൻജിനീയറായിരുന്നു. ഭാര്യ ഡോ. ഷെന്നി മക്കൾ : അന്നറോസ്, ജെന്നിഫർ. പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥിയായ ജിജോ അഗസ്റ്റിൻ കുവൈറ്റ് എൻജിനീയേഴ്സ് ഫോറം സജീവ അംഗമായിരുന്നു. കുടുംബം നാട്ടിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു മാസത്തോളം എടുക്കും എന്നതിനാലാണ് സംസ്കാരചടങ്ങുകൾ കുവൈറ്റിൽ തന്നെ ഇന്ന് നടത്തപ്പെട്ടത്.

ജിജോ അഗസ്റ്റിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തിരക്കഥാകൃത്തും നടനുമായ പി.ബാലചന്ദ്രന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്കാരം വൈക്കത്തെ വീട്ടുവളപ്പില്‍ നടന്നു. ഏറെക്കാലമായി അസുഖബാധിതനായിരുന്ന പി.ബാലചന്ദ്രന്‍ ഇന്നുരാവിലെയാണ് വൈക്കത്തെ വസതിയില്‍ അന്തരിച്ചത്. 70 വയസായിരുന്നു. നടൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകൻ തുടങ്ങി ബഹുമുഖ മേഖലകളിൽ തിളങ്ങിയ പ്രതിഭയാണ്.

സുഹൃത്തുക്കള്‍ സ്നേഹത്തോടെ ‘ബാലേട്ടൻ എന്നു വിളിക്കുന്ന പി.ബാലചന്ദ്രന്‍ മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത ‘അങ്കിൾ ബൺ’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച് കുറച്ചുകാലം ഗസ്‌റ്റ് ലക്‌ചററുമായ ബാലചന്ദ്രന്‍ പിന്നീട് കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകനായി. 2012ൽ വിരമിച്ചു. ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, കമ്മട്ടിപ്പാടം, പൊലീസ്, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ എഴുതി. പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഇവൻ മേഘരൂപന്റെ സംവിധായകനായി. ചെറിയ വേഷങ്ങളിലൂടെ എത്തിപിന്നീട് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി. ‘ട്രിവാൻഡ്രം ലോഡ്ജിലെ’ വേഷം ബാലചന്ദ്രനെ ന്യൂജനറേഷൻ സിനിമയിലെയും സ്ഥിര സാന്നിധ്യമാക്കി.

മോഹൻലാൽ അരങ്ങിലെത്തിച്ച കഥയാട്ടത്തിന് രംഗഭാഷ്യമൊരുക്കിയത് പി. ബാലചന്ദ്രന്റെ നേതൃത്വത്തിലാണ്. പാവം ഉസ്മാൻ, മകുടി, ചെണ്ട, കല്യാണസൗഗന്ധികം, മാറാമറയാട്ടം, തിയറ്റർ തെറപ്പി തുടങ്ങിയ നാടകങ്ങൾ ശ്രദ്ധ നേടി. നാടകകൃതികളുടെ സമാഹാരമായ ‘പാവം ഉസ്മാൻ’ 1989ലെ സാഹിത്യ അക്കാദമി പുരസ്കാരം നേടി. മസ്തിഷ്ക ജ്വരം ബാധിച്ച് കുറെനാളായിചികിത്സയിലായിരുന്നു. കൊല്ലം ശാസ്താംകോട്ട പുത്തൻപുരയിൽ പത്മനാഭപിള്ളയുടെയും സരസ്വതി ഭായിയുടെയും മകനാണ്. വൈക്കം നഗരസഭാ മുൻ അധ്യക്ഷ ശ്രീലതയാണ് ഭാര്യ.

പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. 69 വയസായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

50ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നടന്‍, എഴുത്തുകാരന്‍, തിരകഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയന്‍.’ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു.സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ ‘കള്‍ട്’ല്‍ പ്രവര്‍ത്തിച്ചു. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി,ലഗോ,തീയറ്റര്‍ തെറാപ്പി,ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

ഉള്ളടക്കം,അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ”വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ല്‍ കേരള സംഗീത അക്കാദമി അവാര്‍ഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.

സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍.

അബർഡീൻ: മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ. സ്കോട്ട്ലൻഡ്,  അബർഡീൻ നിവാസിയായ എൽദോസ് കുഞ്ഞ്(42) നാട്ടിൽ നിര്യാതനായി. എൽദോസും ഭാര്യ ലീനയും ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ കുടുംബം  ഭർത്താവിന്റെ തുടർചികിത്സയിൽ ആയിരുന്നു.

ഭാര്യ യുകെയിൽ തിരിച്ചെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് എൽദോസ് കുഞ്ഞിൻെറ ദുഖകരമായ മരണ വാർത്ത തേടിയെത്തിയത്. ഭാര്യ ലീന അബർഡീൻ ഹോസ്പിറ്റലിൽ നഴ്‌സാണ്. ഏകമകൾ ജിയ ഇയർ സിക്സിലാണ്. എൽദോസ് കുഞ്ഞ് കേരളത്തിൽ കോതമംഗലം സ്വദേശിയാണ്.

എൽദോസ് കുഞ്ഞിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ദുഃഖവെള്ളിയാഴ്‌ച അക്ഷരാർദ്ധത്തിൽ യുകെയിൽ മലയാളികൾക്ക് വേദനയുടേതായി. യുകെയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ഇന്ന് വെളുപ്പിനെ A14 വച്ചുണ്ടായ അപകടത്തിൽ പെട്ട് തിരുവനന്തപുരം വർക്കല സ്വദേശി അമൽ പ്രസാദ് (24) മരണമടഞ്ഞു. ഇന്ന് പുലർച്ചെ 4.50 നാണ് അപകടം നടന്നത് .  A14 ജംഗ്ഷൻ 51 നും 50 യ്ക്കുമിടയിൽ കോഡെൻഹാമിലാണ് അപകടം സംഭവിച്ചത്.

നിഷാൻ, ആകാശ് എന്നിവരാണ് അമലിൻെറ കൂടെ യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേർ. ഇതിൽ ആകാശ് ഇപ്സ്വിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ബയോ മെട്രിക് കാർഡ്, ഡിബിഎസ് സർട്ടിഫിക്കറ്റ് എന്നിവ വാങ്ങുവാനായി ലണ്ടനിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചത്.

മരണമടഞ്ഞ അമൽ രണ്ട് ആഴ്ചകൾക്ക് മുമ്പാണ് യുകെയിലെത്തിയത്. ജോലിക്ക് കയറുവാനായി ഡിബിഎസ് സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ ലണ്ടനിലേക്ക് പോയി മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് രാവിലെ ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ വെളുപ്പിനെ തന്നെ തിരികെ പോരുകയായിരുന്നു. ഉറക്കക്ഷീണമാകാം അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം.

നോർവിച്ചിലെ യുകെ മലയാളികളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

അമൽ പ്രസാദിൻെറ അകാല വിയോഗത്തിൽ മലയാളം യുകെന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved