ന്യൂസ് ഡെസ്ക് മലയാളം യുകെ
അടുത്തടുത്ത ദിവസങ്ങളിൽ രണ്ടുപേർ യുകെ മലയാളി സമൂഹത്തിൽ നിന്ന് വിട പറഞ്ഞതിൻെറ ഞെട്ടലിലാണ് ബ്രിട്ടനിലെ പ്രവാസി മലയാളികൾ. ഇന്ന് രാവിലെയാണ് കെന്റിലെ മലയാളി സമൂഹത്തിൻെറ പ്രിയപ്പെട്ട സജി ചേട്ടൻ മരണമടഞ്ഞത്. മെഡ് വേ എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായ സുനു വർഗീസിൻെറ ഭർത്താവ് സജി ജേക്കബ് (56) ആണ് ഇന്ന് രാവിലെ 10 മണിക്ക് ലണ്ടനിലെ കിങ്സ് ആശുപത്രിയിൽ മരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കിങ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സജി ജേക്കബ് പന്തളം മുടിയൂർക്കോണം തെക്കെടത്ത്-പുത്തൻവീട്ടിൽ പരേതനായ ടി.എം. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ സുനു വർഗീസ് കോഴഞ്ചേരി തിയാടിക്കൽ കുടുംബാംഗമാണ്. നിതിൻ ജേക്കബ്, വിദ്യാർഥിയായ നെവിൻ ജേക്കബ് എന്നിവർ മക്കളാണ്. കെന്റിലെ ജില്ലിങ്ങാമിൽ തന്നെയുള്ള മാത്യു ചാക്കോ, ജേക്കബ് ചാക്കോ എന്നിവർ സഹോദരങ്ങളാണ്. സഹോദരി ജെസ്സിയും മാതാവ് മറിയാമ്മയുമാണ് നാട്ടിലുള്ളത്. ലണ്ടൻ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഇടവകാംഗമാണ് സജി. ഇടവക സമൂഹത്തിലും മെഡ് വേയിലെ മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു.
വൂസ്റ്റർ ഷെയറിലെ റെഡ്ഡിച്ചിലെ പ്രവാസിമലയാളികൾ തങ്ങളിലൊരാളുടെ അകാല വിയോഗത്തിന്റെ വേദനയിലും ഞെട്ടലിലുമാണ്. കേരളത്തിൽ പൊൻകുന്നം സ്വദേശി ഷീജ കൃഷ്ണനാണ് ഇന്നലെ മരണമടഞ്ഞത്. അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.
സജി ജേക്കബിൻെറയും ഷീജാ കൃഷ്ണൻെറയും വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
25 വയസ്സു മാത്രം പ്രായമുള്ള മലയാളി യുവാവിൻറെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് യുകെയിലെ പ്രവാസി മലയാളി സമൂഹം. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വിനീത് വിജയ് കുമാറാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ഫാർമസിസ്റ്റ് ആയ വിനീത് ഒരു ഫാർമസി റിക്രൂട്ട്മെൻറ് സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നത്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ആരംഭിച്ച വിനീതിനെ 11മണിയോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. പിന്നീടാണ് മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുൻപ് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവയ്ക്കുന്ന വിവരം. വിനീതിന്റെ മാതാപിതാക്കളായ വിജയകുമാറും ബീനയും വർക്കല സ്വദേശികളാണ്. 1993 മുതൽ വിനീതിന്റെ മാതാപിതാക്കൾ യുകെയിൽ സ്ഥിര താമസക്കാരാണ്. യൂണിവേഴ്സിറ്റി ലക്ചററായ ദീപയാണ് വിനീതിന്റെ സഹോദരി.
വിനീത് വിജയ് കുമാറിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ (89) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്.
1980-81 കാലഘട്ടത്തിലാണ് പഹാഡിയ രാജസ്ഥാൻ മുഖ്യമന്ത്രിയായത്. പിന്നീട് ഹരിയാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായും പ്രവർത്തിച്ചു.
പഹാഡിയയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും നിര്യാണത്തിൽ വളരെ അധികം ദുഖം രേഖപ്പെടുത്തുന്നതായും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു.
യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന പ്രീമ സോബന്റെ പിതാവ് സെബാസ്റ്റ്യൻ നടുവത്തേറ്റ് (73) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (18/ 5/ 2020 ) 3 മണിക്ക് അറക്കുളം സെൻറ് തോമസ് പഴയ പള്ളിയിൽ നടക്കും.
ഭാര്യ മേരിക്കുട്ടി സെബാസ്റ്റ്യൻ മേവിട പുളിക്കൽ കുടുംബാംഗമാണ് . മക്കൾ : പ്രീതി റെന്നി , പ്രീമ സോബൻ (വെയ്ക്ക് ഫീൽഡ് ). മരുമക്കൾ : റെന്നി തോമസ് ആലുങ്കൽ കാഞ്ഞാർ, സോബൻ കുരീത്തറ, നെടുമുടി, ആലപ്പുഴ
പ്രീമ സോബന്റെ പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു. 45 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
‘അസുരൻ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. രജീനികാന്ത് ചിത്രം ‘കാല’, പുതുപേട്ടായി, വെന്നില കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, നീയ 2, ഐറാ എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് നിതീഷ് വീര.
നിതീഷിന്റെ മരണം തമിഴ് സിനിമാലോകത്തിന് ഏറെ നടുക്കം സമ്മാനിച്ചിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകരെയാണ് തമിഴകത്തിനു നഷ്ടമായിരിക്കുന്നത്.
വിജയ് സേതുപതി, ശ്രുതി ഹാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് പി ജനനാഥൻ സംവിധാനം ചെയ്ത ‘ലബാം’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നിതീഷ് അവതരിപ്പിച്ചത്. നിതീഷിന്റെ അവസാനചിത്രവും ഇതാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം.
ഗായിക അഭയ ഹിരൺമയിയുടെ അച്ഛൻ ജി. മോഹൻ (65) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് പോസിറ്റീവ് ആയി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെയാണ് അന്ത്യം. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു ജി.മോഹൻ. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്ന അദ്ദേഹം ഫ്ലോർ മാനേജർ ആയാണ് വിരമിച്ചത് വിരമിച്ചത്.
ഭാര്യ ലതിക. കർണാടക സംഗീതജ്ഞയാണ്. അഭയയെ കൂടാതെ വരദ ജ്യോതിർമയി എന്നൊരു മകൾ കൂടിയുണ്ട്. അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു. സംഗീതരംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പേർ ജി.മോഹനന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു നിര്യാണം. ശ്രദ്ധേയമങ്ങളായ വേഷങ്ങള്‍ അടക്കം 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ച പിസി ജോര്‍ജ് ചാണക്യൻ, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു.
സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. കെജി ജോർജ്, ജോഷി തുടങ്ങി സംവിധായകരുടെ ചിത്രങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു ജോര്‍ജ്. ഔദ്യോഗിക തിരക്കുകള്‍ വര്‍ദ്ധിച്ചതോടെ അദ്ദേഹം കുറേകാലം അഭിനയം നിർത്തി. 95ൽ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യൻ മിലിട്ടറി ഇന്‍റലിജന്‍സ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം 7 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
2006ൽ ജോസ് തോമസിന്‍റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സംസ്കാരം നാളെ കറുകുറ്റി സെന്‍റ് ജോസഫ് ബെത്ലഹേം പള്ളിയിൽ നടക്കും.
അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ പരുക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ കരിയർ പാതിവഴിയിൽ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.
കേരളത്തിന്റെ വിപ്ലവ സിംഹം കെ.ആർ. ഗൗരിയമ്മ ഇനി ഓർമ. വിപ്ലവ സ്മരണങ്ങളിരമ്പുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഗൗരിയമ്മയ്ക്ക് പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോട് വിട നൽകി. തന്റെ ഭർത്താവും സിപിഐ നേതാവുമായിരുന്ന ടി.വി.തോമസ് ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സംസ്കരിച്ച മണ്ണിലാണു ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.
അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം.ഗൗരിയമ്മയുടെ മൃതദേഹം 10.45ന് അയ്യങ്കാളി ഹാളിൽ( പഴയ വിജെടി ഹാൾ) പൊതുദർശനത്തിനുവച്ചു. ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. ചാത്തനാട്ട് വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തിൽ അവസാനച്ചടങ്ങുകൾ.
കേരള രാഷ്ട്രീയത്തിലെ പെണ്ണൂശിരായിരുന്നു കെ.ആർ. ഗൗരിയമ്മ. 1919 ജൂലൈ 14ന് (മിഥുനത്തിലെ തിരുവോണനാൾ) ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്പില്‍ കെ.എ. രാമന്റെയും ആറുമുറിപറമ്പില്‍ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി ജനനം. തുറവൂരിലും ചേര്‍ത്തലയിലുമായി (കണ്ടമംഗലം എച്ച്എസ്എസ്, തുറവൂര്‍ ടിഡിഎച്ച്എസ്എസ്), സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നു നിയമബിരുദം. ആദ്യ ഈഴവ അഭിഭാഷകയുമായിരുന്നു.
മൂത്ത സഹോദരനും ട്രേഡ് യൂണിയന് നേതാവുമായിരുന്ന കെ.ആർ. സുകുമാരനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പ്രഥമ കേരള മന്ത്രിസഭാംഗവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസായിരുന്നു ഭര്‍ത്താവ്. 1957-ലായിരുന്നു വിവാഹവും. 1964ല്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം ഇരുവരും രണ്ടു പാര്‍ട്ടിയിലായി. അതിനു ശേഷം അകന്നായിരുന്നു ജീവിതവും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം (2006 മാര്‍ച്ച് 31വരെ 16,345 ദിവസം) നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഇവര്‍ക്കു സ്വന്തം. ജയില്‍വാസവും ഗൗരിയമ്മയ്ക്കു പുത്തരിയല്ലായിരുന്നു.
1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു മത്സരിച്ചാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായി. തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 എണ്ണത്തില്‍ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്.
1987ലെ തെരഞ്ഞെടുപ്പില്‍ കേരളത്തെ കെ.ആർ. ഗൗരിയമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നാണ് ഗൗരിയമ്മ മത്സരിച്ചു വിജയിച്ചത്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ല്‍ സിപിഐ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയിച്ചു. 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയായി. 102-ാം വയസിലും ഊര്‍ജസ്വലയായി ഒരു പാര്‍ട്ടിയെ നയിച്ച വനിത ലോകത്തുതന്നെ ചരിത്രമാണ്.
അരൂര്‍, ചേര്‍ത്തല നിയോജകമണ്ഡലങ്ങളായിരുന്നു പ്രധാന തട്ടകം. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയം കൊയ്ത ഗൗരിയമ്മ 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.
സിപിഎമ്മില്‍ നിന്നും പുറത്തുവന്നു ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു. കേരള കര്‍ഷകസംഘം പ്രസിഡന്റ്(1960-64), കേരള മഹിളാ സംഘം പ്രസിഡന്റ് (1967-1976), കേരള മഹിളാസംഘം സെക്രട്ടറി (1976-87), സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു.
2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഗൗരിയമ്മയുടെ ആത്മകഥയ്ക്കു ലഭിച്ചു. ഗൗരിയമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ലാല്‍സലാം എന്ന ചിത്രം പുറത്തിറങ്ങിയത്.
പ്രമുഖ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു.
1941ല്‍, തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ യ്ക്ക് 2000ല്‍ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ്ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം ,ആര്യാവര്‍ത്തംസ അമൃതസ്യ പുത്രഃ എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍