തമിഴ് നടനും നിര്‍മാതാവുമായ സേതുരാമന്‍ അന്തരിച്ചു. 36 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ച് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണം.ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന്‍ കണ്ണ ലഡ്ഡു തിന്ന ആസയ എന്ന സന്താനം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹിതനായ സേതുരാമന് ഒരു കുട്ടിയുമുണ്ട്.
വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സേതുരാമന്‍. ഇദ്ദേഹത്തിന്റെ മരണത്തില്‍ തമിഴ് സിനിമാലോകം ഞെട്ടലിലാണ്. സിനിമ നിര്‍മാണ രംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലോകപ്രശസ്ത പാചകവിദഗ്ധനും ഇന്ത്യന്‍ വംശജനുമായ ഫ്‌ളോയിഡ് കാര്‍ലോസ് കൊറോണ വൈറസ് മൂലം മരിച്ചു. ന്യൂയോര്‍ക്കിലാണ് അന്ത്യം. 59 വയസ്സായിരുന്നു. മുംബൈയിലെ രണ്ട് ജനപ്രിയ റസ്റ്ററന്റുകളുടെ ഉടമയാണ് – ബോംബെ കാന്റീന്‍, ഓ പെഡ്രോ എന്നിവയുടെ. മൂന്നാമത്തെ സംരംഭമായ ബോംബെ സ്വീറ്റ് ഷോപ്പ് തുടങ്ങിയത് ഈയടുത്താണ്.
മാര്‍ച്ച് എട്ട് വരെ അദ്ദേഹം മുംബൈയിലുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ന്യൂയോര്‍ക്കിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുംബൈയിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വഴിയാണ് ഫ്ളോയിഡ് ന്യൂയോർക്കിലെത്തിയത്. ഇക്കാര്യം മാർച്ച് 17ൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഫ്ളോയിഡ് അറിയിച്ചിരുന്നു. തൻ്റെ ആരോഗ്യനില സംബന്ധിച്ച് അനാവശ്യഭീതി പരത്തിയതിൽ ഫ്ളോയിഡ് ഇതിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാൽ പിറ്റേ ദിവസം തന്നെ ഫ്ളോയിഡിനെ ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്.
ഫ്‌ളോയിഡ് കാര്‍ലോസ് ജനിച്ചുവളര്‍ന്നത് മുംബൈയിലാണ്. പിന്നീട് യുഎസിലേയ്ക്ക് കുടിയേറുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി മുംബയിലെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചതായി രണ്ട് റസ്റ്ററന്റുകളും നടത്തുന്ന ദ ഹംഗര്‍ ഐഎന്‍സി എന്ന കമ്പനി അറിയിച്ചു. ഫ്‌ളോയിഡുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കെല്ലാം മുന്‍കരുതലെടുക്കാന്‍ ഇത് സഹായകമാകുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.
കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) മരിച്ചു.കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
1995 മുതല്‍ രണ്ടായിരം വരെ റയല്‍ പ്രസിഡന്റായിരുന്നു ലോറെന്‍സോ സാന്‍സ്. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഡോര്‍ഫ്, ഡെവര്‍ സൂകര്‍ തുടങ്ങിയവരെ റയലില്‍ എത്തിച്ചത് ലോറെന്‍സോ ആയിരുന്നു.
അതേസമയം അര്‍ജന്റീനയുടെയും യുവന്റസിന്റെയും പ്രധാനതാരമായ പൗലോ ഡിബാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കന്‍ ഗായകനും എഴുത്തുകാരനും അഭിനേതാവുമായ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81 വയസ്സുള്ള അദ്ദേഹം മരിച്ച വിവരം കുടുംബമാണ് പുറത്ത് വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. കൊറോണവൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം.
ആറ് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കലാസപര്യയില്‍ ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്‌സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്‌സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്‌സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.
1970-കളിലും 1980-കളിലും സംഗീത രംഗത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു റോജേഴ്‌സിന്റെ ഗാനങ്ങള്‍. മൂന്ന് തവണ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2015-ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചു. 2018 ഏപ്രിലില്‍ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ ആ പര്യടനം പകുതി വഴിയില്‍ അവസാനിപ്പിച്ചു.
അദ്ദേഹം ഡോളി പാര്‍ട്ടണുമായി ചേര്‍ന്ന് വിശ്വവിഖ്യാതമായ ഡ്യുവറ്റുകള്‍ പാടിയിട്ടുണ്ട്. 1938 ഓഗസ്ത് 21-നാണ് അദ്ദേഹം ജനിച്ചത്.
കൊറോണ വൈറസ് ബാധിച്ച് അന്ത്യ നിമിഷങ്ങള്‍ പിന്നിടുന്നവര്‍ക്ക് അന്ത്യ കൂദാശ നല്‍കാനാണ് അവർ എത്തിയത്. എന്നാല്‍ വൈറസ് ആ പുരോഹിതരേയും വെറുതെ വിട്ടില്ല. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ച പുരോഹിതരുടെ എണ്ണം 18 ആയി.
ബെര്‍ഗാമോ രൂപതയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. അവിടെ 10ഓളം പുരോഹിതര്‍ മരണപ്പെട്ടതായി കത്തോലിക് പത്രം അവെനിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരോഹിതന്‍മാരായലും വിശ്വാസികളുടെതായാലും മരണ സംഖ്യ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം കൂടിക്കൊണ്ടിരിക്കുന്നതായി പത്രം പറയുന്നു.
പാര്‍മ നഗരത്തില്‍ മാത്രം അഞ്ചു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രെസ്ക്യ, ക്രിമോണ, മിലാന്റെ വടക്കന്‍ മേഖലയിലെ വ്യാവസായിക നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പുരോഹിതരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡോക്ടര്‍മാരെ പോലെ രോഗികളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഈ കത്തോലിക്ക രാജ്യത്തിലെ പുരോഹിതര്‍. മാസ്ക്, തൊപ്പി, കയ്യുറകള്‍, സുരക്ഷാ കണ്ണടകള്‍ ഒക്കെ ധരിച്ചു ഭൂതങ്ങളെ പോലെയാണ് തങ്ങള്‍ നടക്കുന്നതെന്ന് ഫാദര്‍ ക്ലോഡിയോ ഡെല്‍ മോണ്ടെ പറഞ്ഞു.
അതേ സമയം മരണപ്പെട്ട മറ്റുള്ളവരെ പോലെ പുരോഹിതരേയും അടക്കം ചെയ്യുന്നത് മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ്. നിലവില്‍ രാജ്യത്ത് മതപരമായ ചടങ്ങുകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇറ്റലിയില്‍ ഇതുവരെ 4032 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.
ബ്ലാക്ക് ബേണിൽ താമസിച്ചിരുന്ന മെയ് മോൾ മാത്യു (Maymol Mathew, 42 ) അല്പം മുൻപ് ബ്ലാക്ക് ബേൺ ആശുപത്രിൽ വച്ച് നിര്യതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. മരിച്ച മെയ് മോൾ കോട്ടയം പുന്നത്തറ സ്വദേശിനിയാണ്. പുന്നത്തറ ഇളയംതോട്ടത്തിൽ കുടുംബാംഗമാണ് മെയ് മോൾ. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു.
ഈ മാസം പന്ത്രണ്ടാം തിയതി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സ്വദേശി സിജി ടി അലക്‌സ് ഹൃദയാഘാതം മൂലം മരിച്ചത്. യുകെ മലയാളികളുടെ അനുഭവത്തിൽ ഒന്നിന് പിറകെ മറ്റൊരു ദുഃഖം ഉണ്ടാകും എന്നത് അനുഭവപാഠം…
ഷോൾഡർ സംബന്ധമായ ഒരു ഓപ്പറേഷന് ശേഷം ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ എത്തിയ മെയ് മോൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ചു ആശുപത്രിൽ എത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടന്ന് വെള്ളിയാഴ്ച്ച വെൻറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും നിഷഫലമാക്കി മെയ് മോൾ അൽപ്പം മുൻപ് മരണത്തിന് കീഴടങ്ങിയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാൻ കഴിയാതെ കുഴങ്ങുകയാണ് കൂട്ടുകാരും ബന്ധുക്കളും.
പോസ്റ്റ് ഓപ്പറേഷൻ ഇൻഫെക്ഷൻ ആകാനാണ് സാധ്യത എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കൊറോണ ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവും ആയിരുന്നു. എന്നാൽ എന്താണ് യഥാർത്ഥ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.
പരേതയായ മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ് (Huddersfield) ൽ താമസിക്കുന്ന ബിബിയും മറ്റൊരു സഹോദരൻ ആയ ലൂക്കാച്ചൻ അമേരിക്കയിലും ആണ് ഉള്ളത്.
മെയ് മോളുടെ അകാല മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അറിയിക്കുന്നു.
ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങിയ ക്രോയിഡോണ്‍ മലയാളി സിജി ടി അലക്‌സിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈ മാസം 23ന് തിങ്കളാഴ്ച നടക്കും. കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് സംസ്‌കാര ചടങ്ങുകളും പൊതുദര്‍ശന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്രോയിഡോണില്‍ തന്നെയാണ് സംസ്‌കാരവും നടക്കുക. ബ്രോക്ക്‌ലി സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലാണ് സംസ്‌കാരത്തോടനുബന്ധിച്ചുള്ള കുര്‍ബ്ബാന നടക്കുക. രാവിലെ ഒന്‍പതു മണി മുതല്‍ 10.30 വരെയാണ് ശുശ്രൂഷ. ഈ സമയത്തു തന്നെ പൊതുദര്‍ശന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് ക്രോയിഡോണ്‍ ക്രിമറ്റോറിയം വെസ്റ്റ് ചാപ്പലിലാണ് മൃതദേഹം സംസ്‌കരിക്കുക. 11.15 മുതല്‍ 12.15 വരെ ഒരു മണിക്കൂര്‍ ഇവിടെയും പൊതുദര്‍ശന സൗകര്യം ഉണ്ടായിരിക്കും. 12.30നാണ് സംസ്‌കാരം നടക്കുക. തുടര്‍ന്ന് തോണ്ടന്‍ഹീത്ത് സെന്റ്. ജൂഡ് ചര്‍ച്ച് ഹാളില്‍ റീഫ്രഷ്‌മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മുതല്‍ 3.30 വരെയാണ് ഇതിനുള്ള സൗകര്യം.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പള്ളിയിലും ക്രിമറ്റോറിയത്തിലും പൊതുദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂടുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാന്‍ ഇതു സഹായിക്കുമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.
ഈ കഴിഞ്ഞ 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്‌ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ എ ആന്റ് ഇ സേവനം തേടിയത്.
അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു. തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു.
ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുക ആയിരുന്നു. എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണം സംഭവിക്കുക ആയിരുന്നു.
ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍. പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.
യുകെയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ഫോട്ടോജിൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയും സാമൂഹികപ്രവർത്തകനുമായ ജിനു സി വർഗീസിന്റെ പിതാവ് കെ.സി വർഗീസ് (ബാബു – 76 ) നാട്ടിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവല്ല ബ്രാഞ്ച് റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ ഏലിയാമ്മ തോമസ് റിട്ടയേർഡ് ടീച്ചർ, തിരുവല്ല. മറ്റു മക്കൾ, അനിത, സുനിത. സംസ്കാരം മാർച്ച് 21 ശനിയാഴ്ച തിരുവല്ല ഏരുവേലിപ്ര ക്രിസ്റ്റോസ് മാർത്തോമാ പള്ളിയിൽ.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സജീവ പ്രവർത്തകൻ കൂടിയായ ജിനുവിന്റെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുകയും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
കാഥികനും, നടനും, കുറവിലങ്ങാട് എച്ച്. എം. മേജർ പ്രസ്സ് ഉടമയുമായ ജോസഫ് ചാക്കോ ഓർമ്മയായി. അമ്പത് വർഷം പരി. അമ്മയുടെ മുമ്പിൽ പാടിയ ചാക്കോച്ചന് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ യാത്രാമൊഴി.
കുറവിലങ്ങാട്: കഥാപ്രസംഗ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് ചാക്കോ (88) നിര്യാതനായി. ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശവസംസ്ക്കാരം നാളെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടത്തപ്പെടും.
കുറവിലങ്ങാട് കടവും കണ്ടത്തിൽ കുടുംബാംഗമാണ്. കാണക്കാരി വടക്കേ പുതുശ്ശേരി കുടുംബാംഗമായ മേരിയാണ് ഭാര്യ. ആനി ജോയ്, സാലി ജോയ്, സണ്ണി ജേക്കബ്ബ്, ടോമി ജേക്കബ്ബ്, ജോമോൻ ജേക്കബ്ബ് എന്നിവർ മക്കളും ജോയ് ചെരുവിൽ, ജോയി വെള്ളയമ്പള്ളിൽ, ആലീസ് മണിമല, ബെറ്റി അടിച്ചിറ, റോസ് വൈക്കം എന്നിവർ മരുമക്കളുമാണ്.
കലാരംഗത്ത് ജോസഫ് ചാക്കോയുടെ സംഭാവനകൾ നിരവധിയാണ്. 1980കളിൽ കഥാപ്രസംഗ രംഗത്ത് കേരളത്തിൽ തിളങ്ങി നിന്ന കലാകാരനായിരുന്നു ജോസഫ് ചാക്കോ. ”അഭിലാഷം” എന്ന കഥാപ്രസംഗം ജനശ്രദ്ധ നേടിയിരുന്നു. നല്ലൊരു ഗായകനും നടനും അതിലുപരി വിവിധ തരത്തിലുള്ള വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും ജോസഫ് ചാക്കോ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹാർമോണിയം ആയിരുന്നു ഇതിൽ പ്രധാനം. അമ്പതു വർഷത്തിനു മേൽ കുറവിലങ്ങാട് മർത്ത്മറിയം ദേവാലയത്തിൽ തിരുക്കർമ്മങ്ങൾക്ക് ഗാനമാലപിച്ചു എന്ന ഖ്യാദിയും ജോസഫ് ചാക്കോയ്ക്ക് സ്വന്തം. മക്കളും മരുമക്കളുമായിരുന്നു ഇക്കാലമത്രയും ക്വയർ ഗ്രൂപ്പിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നത്. ജോസഫ് ചാക്കോയുടെ മരണ വാർത്തയറിഞ്ഞ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
അച്ചടി പ്രസ്ഥാനം കേരളത്തിൽ സജ്ജീവമാകുന്നതിന് വളരെ മുമ്പുതന്നെ എച്ച്. എം. മേജർ പ്രസ്സ് എന്ന പേരിൽ ഒരു പ്രിന്റിംഗ് പ്രസ്സ് ജോസഫ് ചാക്കോ കുറവിലങ്ങാട്ട് സ്ഥാപിച്ചു. പ്രിന്റിംഗ് മേഖലയിൽ കുറവിലങ്ങാടിനും സമീപ പ്രദേശങ്ങൾക്കും ഏക ആശ്രയമായിരുന്നു എച്ച്. എം. മേജർ പ്രസ്സ്. അതു കൊണ്ടു തന്നെ ഒരു കലാകാരനെന്നതിലുപരി എച്ച്. എം. മേജർ പ്രസ്സിലെ ചാക്കോച്ചൻ എന്ന പേരിലാണു കുറവിലങ്ങാട്ട് അറിയുന്നത്. ജോസഫ് ചാക്കോയുടെ വേർപാട് കലാരംഗത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്.
ജോസഫ് ചാക്കോയ്ക്കും കുടുംബത്തിനും മലയാളം യു. കെ. ന്യൂസിന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.