കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ കുട്ടികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ആ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തലുമായി സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്തു വന്നിരിക്കുകയാണ്.
സെല്‍ഫിയെടുക്കുന്ന സമയത്ത് അപകടം സംഭവിക്കുന്ന വീഡിയോ തന്റെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പ്രമേയം വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണെന്നും വിഷയത്തിന് പ്രസക്തി ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെതെന്നും അദ്ദേഹം പറയുന്നു. ആലപ്പുഴ സ്വദേശിയായ വൃദ്ധ കിണറ്റില്‍ വീണു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
വിവാഹം, ജനനം, മരണം, യാത്രകള്‍ തുടങ്ങി എന്തുമാകട്ടെ, ബ്രിട്ടീഷുകാര്‍ക്ക് അവ ക്യാമറയില്‍ പകര്‍ത്താനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യമെന്ന് പഠനം. ഇത്തരം ജീവിതമുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറവാണെന്ന് 2000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ നാലുപേരും ഫോട്ടോകള്‍ നന്നായെടുക്കാനുള്ള ശ്രമത്തിനിടെ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തി. സുഹൃത്തുക്കളുമായി രാത്രി കറങ്ങാന്‍ പോയ പലര്‍ക്കും അത്തരം യാത്രകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ചെയ്യാവുന്ന ചിത്രങ്ങള്‍ എടുക്കാനായിരുന്നത്രേ അവര്‍ സമയം ചെലവഴിച്ചത്.
കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയോ സ്വന്തം കുഞ്ഞിന്റെ ആദ്യ ചുവടുവെയ്‌പോ പോലും ക്യാമറ്ക്കു പിന്നിലായതിനാല്‍ വേണ്ടവിധം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും ചിലര്‍ പറഞ്ഞു. വധൂവരന്‍മാരുടെ ആദ്യചുംബനവും കുട്ടികള്‍ ആദ്യമായി സംസാരിച്ചതും ഫുട്‌ബോള്‍ മത്സരത്തില്‍ ആദ്യം നേടുന്ന ഗോളിന്റെ ആവേശവും പോലും ഈ വിധത്തില്‍ നഷ്ടമായിട്ടുണ്ടെന്നാണ് മറ്റു ചിലര്‍ വെളിപ്പെടുത്തിയത്. ഗ്യാലക്‌സി എസ് 9, എസ് 9 പ്ലസ് ഫോണുകളുടെ ലോഞ്ചിനോട് അനുബന്ധിച്ച് സാംസങ്ങാണ് ഈ പഠനം നടത്തിയത്.
മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും യാത്രകളിലും ഔട്ടിംഗുകളിലും മറ്റും ശരാശരി 12 ഫോട്ടോകള്‍ എടുക്കുന്നുണ്ട്. അത്തരത്തില്‍ ഫോട്ടോയെടുപ്പിന് മാത്രം കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ അത്തരം സന്ദര്‍ഭങ്ങളുടെ യഥാര്‍ത്ഥ അനുഭവം ആസ്വദിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് 43 ശതമാനം പേര്‍ അറിയിക്കുന്നു. ഫോട്ടോയെടുക്കാന്‍ പോയതിലൂടെ ആസ്വദിക്കാനുള്ള സമയം തങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പകുതിയോളം പേര്‍ സമ്മതിച്ചു. ചിത്രമെടുത്തു കഴിഞ്ഞാല്‍ നാലിലൊന്നു പേര്‍ മാത്രമാണ് അവ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക. പത്തില്‍ നാല് പേര്‍ അവയുടെ പ്രിന്റുകള്‍ എടുത്ത് ഫ്രെയിം ചെയ്യുകയോ ആല്‍ബങ്ങളാക്കി സൂക്ഷിക്കുകയോ ചെയ്യാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
ബോംബെ ഐ.ഐ.റ്റി. പൂര്‍വ്വ വിദ്യാര്‍ത്ഥി പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി (സി. ടി. ഓ.) നിയമിതനായി. 2011 ഒക്ടോബറിലാണ് അഗര്‍വാള്‍ ട്വിറ്ററില്‍ പരസ്യ വിഭാഗം എഞ്ചിനിയറായി ജോലിയില്‍ ചേര്‍ന്നത്.
ട്വിറ്ററിനുമുന്‍പ് എറ്റി ആന്‍ഡ് റ്റി, മൈക്രോ സോഫ്റ്റ്, യാഹൂ എന്നിവടങ്ങളില്‍ ജോലി ചെയ്തിട്ടുളള അഗര്‍വാള്‍ കൃത്രിമ ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ്) വിവിധ മേഖലയില്‍ നിപുണനാണ്. മിഷ്യന്‍ ലേണിംഗ്, കസ്റ്റമര്‍ ആന്‍ഡ് റവന്യു ഉല്‍പ്പന്നം തുടങ്ങിയ മേഖലകളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 2011 ല്‍ സ്റ്റാന്‍സ് ഫേര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.
ചുറ്റുമതിൽ ഇല്ലാത്ത കിണറ്റില്‍ സ്ത്രീ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫിയില്‍ പതിഞ്ഞു. ആലപ്പുഴയിലാണ് സംഭവം. രണ്ട് കുട്ടികൾ കിണറിനടുത്ത് കളിക്കുന്നതും ഇതില്‍ മൂത്ത കുട്ടി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു ഇവരുടെ വലിയമ്മ. കുട്ടികള്‍ കിണറിനടുത്തേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോകാന്‍ കുട്ടികളെ ശാസിക്കുന്നതും കേള്‍ക്കാം.
അല്‍പ്പസമയത്തിന് ശേഷം മൂത്ത കുട്ടി സെല്‍ഫിയെടുക്കാന്‍ നോക്കുമ്പോഴായിരുന്നു വലിയമ്മ കിണറ്റില്‍ വീണത്. ഇതും വീഡിയോയില്‍ കാണാം. കിണറ്റിലേക്ക് വീഴുന്ന സ്ത്രീ അലറിക്കരയുകയും ഇത് കേട്ട് കുട്ടികള്‍ കരയുന്നതും കേള്‍ക്കാം. മൂത്ത കുട്ടി അച്ഛനെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് ഓടിപോവുകയും ചെയ്യുന്നത് വരെ വീഡിയോയില്‍ കേള്‍ക്കാം.
പിന്നീട് അറിയാൻ കഴിഞ്ഞത് സ്ത്രീ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടതായാണ് . കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ശോഭാ ഡെയുടെ ഒരു ട്വീറ്റാണ് ദൗലത് റാമിന്റെ ജീവിതം മാറ്റിമറിച്ചത്. ഒരൊറ്റ ട്വീറ്റ് മതി ജീവിതം മാറി മറിയാൻ. ദൗലത് റാം ജോഗത്ത് എന്ന മധ്യപ്രദേശുകാരൻ പൊലീസ് ഇൻസ്പെക്ടറുടെ കാര്യത്തിൽ ഇത് അക്ഷരാർഥത്തിൽ ശരിയാണ്.പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് 2017, ഫെബ്രുവരിയിൽ ശോഭ ട്വീറ്റ് ചെയ്തത് ദൗലത്തിന്റെ ചിത്രമായിരുന്നു. ട്വീറ്റുകളും മറുട്വീറ്റുകളുമായി പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാൻ വേണ്ടി ശോഭാഡെ ചെയ്ത ട്വീറ്റാണെങ്കിലും പരിഹാസം കൊണ്ടത് ദൗലത്തിന്റെ മനസിലാണ്.
തടികുറച്ചിട്ട് തന്നെ കാര്യമെന്ന് ദൗലത്ത് തീരുമാനിച്ചു. നേരെ മുംബൈയുള്ള ബെരിയാട്രിക്ക് സർജൻ ഡോ. മുഹമ്മദ് ലക്ഡാവാലയെക്കണ്ടു. ട്വീറ്റ് ചെയ്ത് പരിഹാസ്യനായ കഥ വിവരിച്ചു. എങ്ങനെയെങ്കിലും തനിക്ക് തടികുറയണമെന്നു പറഞ്ഞു. ദയനീയസ്ഥിതി കണ്ട ഡോക്ടർ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളുമായതോടെ ഒരുവർഷം കൊണ്ട് കുറഞ്ഞത് 65 കിലോ. 180 കിലോയിൽ നിന്നും 115 കിലോയായി ശരീരഭാരം കുറഞ്ഞു.
ട്വീറ്റിന്റെ പേരിൽ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കിൽ ഇപ്പോൾ താൻ ഏറ്റവും അധികം നന്ദി പറയുന്നത് അവരോടാണെന്ന് ദൗലത്ത് പറയുന്നു. തന്റെ ജീവിതം മാറ്റിമറിച്ച ട്വീറ്റിന് നന്ദി പറയുന്നതോടൊപ്പം എന്നെങ്കിലും ശോഭാഡെയെ നേരിട്ട് കാണണമെന്ന ആഗ്രഹവും പൊലീസ് ഓഫീസർ പങ്കുവെയ്ക്കുന്നു. ആരോഗ്യപൂർണ്ണമായ ശരീരത്തിന്റെ ആവശ്യകത ബോധ്യമായത് ഇപ്പോഴാണെന്നും അദ്ദേഹം പറയുന്നു. ശ്വാസം മുട്ടില്ലാതെ ഒരടി പോലു തനിക്ക് നടക്കാൻ സാധിക്കില്ലായിരുന്നു, ചികിത്സവേണ്ട അസുഖം തന്നെയാണ് പൊണ്ണത്തടിയെന്നും ദൗലത്ത് പറയുന്നു. ഇനിയും ഒരു 30 കിലോ കുറഞ്ഞതിന് ശേഷമേ ദൗലത്തിനെ ശോഭാഡെയുടെ മുമ്പിൽ എത്തിക്കുകയുള്ളൂവെന്നാണ് ഡോക്ടറുടെ പക്ഷം.
ഒരുപറ്റം സഞ്ചാരികളുമായി യാത്രതിരിച്ച ബോട്ടിനെ പിന്തുടര്‍ന്ന് ഭീമന്‍ തിമിംഗലം. തിമിംഗലം പിന്തുടര്‍ന്നതോടെ ബോട്ടിലുള്ള യാത്രക്കാരെല്ലാം ഭയപ്പെട്ടെങ്കിലും ഉപദ്രവമൊന്നും സൃഷ്ടിക്കാതെ അത് ഉള്‍ക്കടലിലേക്ക് തിരിച്ചുപോയി. ബോട്ടിനെ പിന്തുടരുന്ന ഭീമന്‍ തിമിംഗലത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഉള്‍ക്കടലിലാണ് അപൂര്‍വ്വ സംഭവം നടന്നത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് പ്രമുഖ ഓസീസ് ഫോട്ടോഗ്രാഫര്‍ ടോം കാനനാണ്. തിമിംഗലം ഏതാണ്ട് 50 മിനിറ്റോളം ബോട്ടിനെ അനുഗമിച്ചതായി ടോം പറഞ്ഞു. വായ് ഭാഗം തുറന്ന് പിടിച്ച് ബോട്ടിന് തോട്ടടിയിലായി സഞ്ചരിച്ച തിമിംഗലത്തിന്റെ കാഴ്ച്ച ഭയപ്പെടുത്തുന്നതായിരുന്നു. മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത ഉള്‍ക്കടലില്‍ ജീവിക്കുന്ന വര്‍ഗത്തില്‍പ്പെട്ട തിമിംഗലമാണ് ഇത്. എന്നാല്‍ മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ ഇവ സമുദ്രനിരപ്പിന് മുകളില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു.
തിമിംഗലത്തെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ സമുദ്രത്തിലേക്ക് ചാടി സാഹസികമായിട്ടാണ് ടോം ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. തിമിംഗലം അക്രമകാരിയായിരുന്നെല്ലെന്നും ടോം സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇവയെ കാണാന്‍ ആളുകള്‍ എത്താറുണ്ടെന്നും ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ പേടി തോന്നിയില്ലെന്നും ടോം പറഞ്ഞു.
പുതിയ വീഡിയോ ഗെയിമായ ഫോര്‍ട്ട്‌നൈറ്റ് രക്ഷിതാക്കളില്‍ ആശങ്ക പടര്‍ത്തുന്നു. ലോകമൊട്ടാകെ കുട്ടികളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ ഗെയിം ജ്വരം കുടുംബങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. പ്ലേസ്റ്റേഷന്‍ 4, എക്‌സ്‌ബോക്‌സ് വണ്‍, വിന്‍ഡോസ്, മാക് പ്ലാറ്റ്‌ഫോമുകളില്‍ കളിക്കാവുന്ന ഈ ഗെയിം ഒരു സര്‍വൈവല്‍ ഷൂട്ടിംഗ് ഗെയിമാണ്. ഇതിന്റെ ഫ്രീ ടു പ്ലേ ബാറ്റില്‍ റോയാല്‍ മോഡാണ് ഗെയിമിനെ ജനപ്രിയമാക്കുന്നത്. നൂറുകണക്കിന് അപരിചിതരുമായി നേര്‍ക്കുനേര്‍ വെടിവെക്കുകയും ഒരാള്‍ മാത്രം ശേഷിക്കുന്ന വിധത്തില്‍ എതിരാളികളെ വെടിവെച്ച് വീഴ്ത്തുന്നതുമാണ് ഗെയിം.
കുട്ടികള്‍ ഇതില്‍ പൂര്‍ണ്ണമായും മുഴുകുന്നു എന്ന പാര്‍ശ്വഫലമാണ് പ്രധാനമായും ഉള്ളത്. ഗെയിമില്‍ തോല്‍ക്കുന്ന കുട്ടികളില്‍ ദേഷ്യം അനിയന്ത്രിതമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫിഫ, റോക്കറ്റ് ലീഗ് തുടങ്ങിയ ഗെയിമുകളിലും ഇത് സാധാരണമാണെങ്കിലും ഫോര്‍ട്ട്‌നൈറ്റില്‍ ഒരു ലൈഫ് മാത്രമാണുള്ളത്. രണ്ടാമത് തോല്‍ക്കുന്നതോടെ ഗെയിമില്‍ നിന്ന് പുറത്താകുമെന്നതിനാല്‍ കുട്ടികളുടെ ദേഷ്യം വര്‍ദ്ധിക്കും. കുട്ടികള്‍ ഈ ഗെയിമിന്റെ അടിമകളായി മാറിയിരിക്കുകയാണെന്നും കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവര്‍ വിഷണ്ണരാകുകയാണെന്നും മാതാപിതാക്കള്‍ പറയുന്നു..
ഐടിവിയുടെ ദിസ് മോര്‍ണിംഗ് ടുഡേ എന്ന പരിപാടിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികളുടെ സ്വഭാവം തന്നെ മാറുന്നുവെന്നാണ് ഒരു മാതാവ് വെളിപ്പെടുത്തിയത്. ഗെയിം 12 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമായി മാറ്റണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നു.
കേരളത്തിലെ ഗജവീരന്മാരില്‍ പ്രമുഖനും തലയെടുപ്പിലും അഴകിലും മറ്റേതൊരാനക്കും ഒപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള ആനയാണ് ചിറക്കല്‍ കാളിദാസന്‍ എന്ന കാളി. തൃശൂര്‍ സ്വദേശി ചിറക്കല്‍ മധുവിന്റെ ആനയായ കാളിദാസന്‍ ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ
ഭാഗമായതോടെ ലോക പ്രശസ്തനും ആയി. ആനകള്‍ക്ക് വേണ്ടി മുന്‍പും ആല്‍ബം സോങ്സ് വന്നിട്ടുണ്ട് എങ്കിലും കാളിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്ന ഈ ആല്‍ബം അതിന്റെ ദൃശ്യ സൗന്ദര്യം കൊണ്ടും പാട്ടിന്റെ മേളക്കൊഴുപ്പ് കൊണ്ടും മികച്ചു നില്‍ക്കുന്നു.
‘ഗജം’ എന്ന ടൈറ്റില്‍ തന്നെ അര്‍ഥവത്താക്കും വിധമാണിതിന്റെ അവതരണം. സോഷ്യല്‍ മീഡിയയിലും പ്രമുഖ ദൃശ്യ-പത്ര മാധ്യമങ്ങളിലും ഒരുപാട് ചര്‍ച്ച വിഷയമായ ഈ ആല്‍ബം ആനപ്രേമികളില്‍ പ്രമുഖനായ നടന്‍ പത്മശ്രീ ജയറാം തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു, ജയറാം നേരിട്ട് തന്നെ ഇതിന്റെ പ്രകാശനവും ചെയ്തിരുന്നു. നേരെത്തെ തന്നെ ഗജത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രമുഖ സംവിധായകന്‍ അരുണ്‍ ഗോപിയും (രാമലീലയുടെ സംവിധായകന്‍) റിലീസ് ചെയ്തിരുന്നു, തുടര്‍ന്ന് മേജര്‍ രവി, രഞ്ജിത് ശങ്കര്‍, യുവ
സംവിധായകന്‍ ഡിജോ ജോസ് (ക്വീനിന്റെ സംവിധായകന്‍) യുവ നടി അഥിതി രവി (ആദി, അലമാര, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതിരിപ്പിച്ചിട്ടുണ്ട്) എന്നിവരും ഗജം തങ്ങളുടെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് സപ്പോര്‍ട്ട് അറിയിച്ചു.
PGK ക്രിയേഷന്‍സിന്റെ ബാനറില്‍ ജിനോദ്കുമാറും വിപിന്‍ വിനയനും, കാളി ക്രിയേഷന് വേണ്ടി കാളി കണ്ണനും പിടിഡബ്യൂ മ്യൂസിക് സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. UK, CROYDON നിവാസിയും കടുത്ത ആനപ്രേമിയും ആണ് ജിനോദ് കുമാര്‍. ആന എന്ന് കേള്‍ക്കുമ്പോ അതിന്റെ തലയെടുപ്പാണ് ആദ്യം മനസ്സില്‍ വരുന്നത്, UK, CROYDON നിവാസിയും നിരവധി ആല്‍ബം സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ സംഗീത സംവിധായകന്‍ പ്രശാന്ത് മോഹനന്‍ ആണ് ആനയോളം തലയെടുപ്പുള്ള ഈ ഗാനം സംഗീതം ചെയ്തിരിക്കുന്നത്, ഇന്ദ്രപാല.. എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികള്‍ ഡെന്നിസ് ജോസഫ് എഴുതിയിരിക്കുന്നു, ഡെന്നീസും ഒരു യുകെ നിവാസി ആയിരുന്നു, ഇപ്പോള്‍ കോട്ടയത്തെ തന്റെ കുടുംബത്തോടൊപ്പം കഴിയുന്നു. ഈ ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകത ഇതിലെ ഗായകരാണ്, പ്രമുഖ പിന്നണി ഗായകരായ വിജയ് യേശുദാസും വിധു പ്രതാപും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
യുവ സംവിധായകന്‍ ശിവപ്രസാദ് കാശിമാങ്കുളം ആണ് ഇതിന്റെ ചിത്രീകരണം ചെയ്തിരിക്കുന്നത്, നിരവധി ഷോര്‍ട്ഫിലിമുകള്‍ മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ ഒക്കെ ചെയ്തു കഴിവ് തെളിയിച്ച ശിവപ്രസാദ് കാളിദാസനെ നായകനാക്കി ഗജം എന്ന ഈ ആല്‍ബം മനോഹരമായി സംവിധാനം ചെയ്തിരിക്കുന്നു. ന്യൂജനറേഷന്‍ സിനിമകളും ഷോര്‍ട്ഫിലിമുകളും മ്യൂസിക്കല്‍ ആല്‍ബങ്ങളും ഒക്കെ കൈകാര്യം ചെയ്തിട്ടുള്ള വളരെ പരിചയ സമ്പന്നന്‍ ആയ ശ്രീകാന്ത് ഈശ്വര്‍ ആണ് ഇതിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുബിത് ബാബു, ബദ്രി കൃഷ്ണ, വിമല്‍, ആല്‍ബിന്‍, പ്രിയങ്ക തുടങ്ങി നിരവധി പേര്‍ ഇതില്‍ അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുരം ലിവേര മ്യൂസിക്സിലെ റിജോ – ജോര്‍ജ് ആണ് സോങ് പ്രോഗ്രാമേഴ്സ്, സൗണ്ട് മിക്‌സിങ് ജോര്‍ജും, മാസ്റ്ററിങ് ഹരിശങ്കറും നിര്‍വഹിച്ചിരിക്കുന്നു. നേരത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഗജത്തിലെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് സനില്‍ സത്യദേവ് ആണ്. എഡിറ്റിംഗ് സാജന്‍ പീറ്റര്‍, കളറിംഗ് ശ്രീകുമാര്‍ വാര്യര്‍.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇത്തരം സൈബര്‍ ക്രിമിനലുകള്‍ ആക്രമിച്ചേക്കാം. അംഗീകൃതമായ ലോഗിങിന് മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ സൗകര്യം ഉപയോഗിക്കുകയെന്നതാണ് ഇത്തരം ആക്രമണങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ സഹയിക്കുന്ന ഒരു മാര്‍ഗം.
ഫേസ്ബുക്കിലെ നമ്മുടെ ആക്ടിവിറ്റികളെ നാം തന്നെ എപ്പോഴും നിരീക്ഷിക്കുന്നത് ഹാക്ക് ചെയ്യപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സഹായിക്കും. കൂടാതെ പാസ്‌വേഡുകള്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുന്നതും സുരക്ഷയ്ക്ക് ഗുണം ചെയ്യും. വ്യത്യസ്ത ഐഡികള്‍ക്ക് വ്യത്യസ്ത പസ്‌വേഡുകള്‍ ഉപയോഗിക്കുക. സാധാരണ ഗതിയില്‍ അല്ലാത്ത നമ്മുടെ അക്കൗണ്ട് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഫോളോ ചെയ്യുക.
1. ഫെയ്സ്ബുക്ക് ഓപ്പണ്‍ ചെയ്ത് മുകളില്‍ വലതുഭാഗത്തുള്ള arrow ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
2. സെറ്റിങ്സ് ക്ലിക്ക് ചെയ്യുക
3. സെറ്റിങ്സ് ടൂള്‍സ് ലിസ്റ്റില്‍ ‘സെക്യൂരിറ്റി ആന്റ് ലോഗിന്‍’ തിരഞ്ഞെടുക്കുക.
4. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണങ്ങളുടെ പൂര്‍ണവിവരങ്ങള്‍ കാണാന്‍ സാധിക്കും. ലോഗിന്‍ ചെയ്ത തീയതിയും കാണാന്‍ സാധിക്കും.
5. അക്കൂട്ടത്തില്‍ നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഏതെങ്കിലും ഉപകരണം കാണുകയാണെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കാം. അങ്ങനെയാണെങ്കില്‍ അതിന് നേരെയുള്ള മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘നോട്ട് യു (Not You) എന്ന ഓപ്ഷന്‍ കാണാം.
6. ശേഷം, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ഫെയ്സ്ബുക്ക് ആവശ്യപ്പെടും. അതിനായി വിശദമായ മാര്‍ഗരേഖയും നിങ്ങള്‍ക്ക് കാണാം. അതില്‍ നിന്നും ആവശ്യമായവ തിരഞ്ഞെടുത്ത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം.
ലോഗിന്‍ ചെയ്യുന്ന സമയത്ത് ഫോണില്‍ ഒടിപി വരുന്ന തരത്തില്‍ നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ക്രമീകരിക്കാമുള്ള സൗകര്യവും ഇന്ന് ലഭ്യമാണ്. ലോഗിന്‍ അറിയിപ്പ് എസ്എംഎസ് ആയോ ഇമെയില്‍ ആയോ ലഭിക്കുന്നതിന് ലോഗിന്‍ അലേര്‍ട്ട് സെറ്റ് ചെയ്യാവുന്നതാണ്. ലോഗിന്‍ അലര്‍ട്ട് സംവിധാനം ഓരോ അക്കൗണ്ടുകളിലും ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ ഓരോ വ്യത്യസ്ത ലോഗിനുകളും നിരീക്ഷിക്കപ്പെടുകയും ജി-മെയിലോ ഫോണോ വഴി മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യുന്നതായിരിക്കും.
യുദ്ധം തുടങ്ങിയത് കടുവയാണെങ്കിലും കരടി വിട്ടുകൊടുത്തേയില്ല. കടുവയും കരടിയും തമ്മിലാണ് പൊരിഞ്ഞ യുദ്ധം തന്നെ നടന്നത്. ആരെയും അമ്പരിപ്പിക്കുന്ന യുദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ ടബോഡ നാഷണല്‍ പാര്‍ക്കിലാണ് സംഭവം.
നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയവരാണ് വീഡിയോ പകര്‍ത്തിയത്. വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന കടുവ, ഇതിനിടയിലാണ് അമ്മക്കരടിയും കുഞ്ഞുമെത്തുന്നത്. കടുവയുടെ സമനില നഷ്ടപ്പെട്ട് കരടിക്ക് നേരെ പാഞ്ഞടുത്തു. പിന്നെ പൊരിഞ്ഞ യുദ്ധം. കരടിക്കായിരുന്നു യുദ്ധത്തിലുടനീളം മുന്‍തൂക്കം.
കരടിയുടെ ദേഹത്തെ വലിയ രോമങ്ങളാണ് രക്ഷയായത്. കടുവ എത്ര ശ്രമിച്ചിട്ടും കരടിയെ മുറുകെ പിടിക്കാന്‍ കഴിഞ്ഞില്ല. കടുവയെ ഓടിച്ചിട്ട് തല്ലുക വരെ ചെയ്തു കരടി. ഒടുവില്‍ കരടി നടന്നു നീങ്ങി, ശാന്തനായി കടുവയും.