Social Media

രാജ്യത്തെ ഏറ്റവും മികച്ച നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നേഴ്സ് ശ്രീമതി ഷീല റാണി.കേരളത്തിൽ നിന്ന് ഈ വലിയ അംഗീകാരം ആദ്യമായി ലഭിക്കുന്ന പാലിയേറ്റീവ് നേഴ്സാണ് കോട്ടയം കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി .അർഹതയ്ക്കുള്ള അംഗീകാരം കഴിഞ്ഞ 12 വർഷത്തോളമായി പെയിൻ ആൻഡ് പാലിയേറ്റീവ് സാന്ത്വന പരിചരണ വിഭാഗത്തിൽ നേഴ്സായി ജോലി ചെയ്യുന്ന കോട്ടയം കിടങ്ങൂർ സ്വദേശിനിയായ വൈക്കത്തുശ്ശേരിൽ ഷീലാ റാണിക്ക് രാജ്യത്തെ പരമോന്നത നേഴ്സിംഗ് പുരസ്കാരമായ 2021ലെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ലഭിച്ചിരിക്കുന്നു. ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ ഈയൊരു അവാർഡിലേക്ക് പരിഗണിക്കുന്നത്‌.

കേരളത്തിൽ നിന്ന് ഈ വലിയ അംഗീകാരം ലഭിച്ച ഏക വ്യക്തിയാണ് കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി .  കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ കൂടല്ലൂർ PHC യിൽ ജോലി ചെയ്യുന്നു. കൂടാതെ കിടങ്ങൂർ PKV വനിതാ ലൈബ്രറിയുടെ സെക്രട്ടറിയുമാണ് , പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന PKV ലൈബ്രറിയുടെ സ്നേഹ സ്വാന്തനം പരിപാടിയ്ക്ക് ചുക്കാൻ പിടിക്കുന്നതും ഷീലാ റാണിയാണ് . തന്റെ കർമ്മനിരതമായ പ്രവർത്തനത്തിലൂടെ സംസ്ഥാന സർക്കാരിന്റേതടക്കം നിരവധി പുരസ്കാരങ്ങളും , ആദരവുകളും , അനുമോദനങ്ങളും തേടിയെത്തിയിട്ടുണ്ട് ഒപ്പം പരിസ്ഥിതി സാമൂഹ്യ പ്രവർത്തനവും കൂടെയുണ്ട്.

ഭർത്താവ് പ്രശസ്ത ജ്യോതിഷ – വാസ്തു വിദഗ്ധൻ ജയചന്ദ്രർ വൈക്കത്തുശ്ശേരിൽ , മക്കൾ അർച്ചന – അക്ഷയ് & ജഗന്നാഥൻ – അടുത്തമാസം ബഹുമാനപ്പെട്ട ഭാരതത്തിന്റെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാർഡ് സമ്മാനിക്കും

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്കിന് സ്വന്തം. 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളർ) മോഹവിലയ്ക്ക് കമ്പനി ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ചു. ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളർ നൽകിയാണ് ഏറ്റെടുക്കൽ.

മസ്കിന്‍റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ കന്പനി ബോർഡ് അംഗീകരിച്ചത്. ട്വിറ്റർ ഏറ്റെടുക്കൽ ഇടപാടുമായി ചർച്ച തുടങ്ങിയതോടെ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയപ്പോൾ ട്വിറ്റർ ഇങ്കിന്‍റെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നിരുന്നു. കരാർ സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റർ കമ്പനി ബോർഡിന്‍റെ തീരുമാനമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ഫോർബ്സിന്‍റെ കണക്കനുസരിച്ച്, ഏകദേശം 279 ബില്യണ്‍ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്ക്. എന്നാൽ അദ്ദേഹത്തിന്‍റെ പണത്തിന്‍റെ ഭൂരിഭാഗവും ടെസ്ല സ്റ്റോക്കിലാണ്. കന്പനിയുടെ ഏകദേശം 17 ശതമാനം മസ്കിനു സ്വന്തമായുണ്ട്. കൂടാതെ സ്വകാര്യ ബഹിരാകാശ കന്പനിയായ സ്പേസ് എക്സുംകൂടിവരുന്പോൽ അളവറ്റ സന്പത്താണ് മസ്കിന്‍റെ കൈവശമുള്ളത്.

ട്വിറ്റർ ഏറ്റെടുക്കൽ ഇടപാട് നഷ്ടപ്പെടുത്തിയാൽ വലിയൊരു അവസരമാണ് ട്വിറ്റർ ബോർഡിനു നഷ്ടപ്പെടുന്നതെന്ന സൂചന മസ്ക് നൽകിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ട്വിറ്റർ സ്വകാര്യ ആസ്തിയാകണമെന്നാണ് മസ്കിന്‍റെ വാദം. തന്‍റെ വിമർശകരും ട്വിറ്ററിൽ തുടരും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് മസ്ക് ഒടുവിൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

പ്രണയ വിവാഹത്തെയും സാമൂഹ മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു പാസ്റ്ററുടെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമാകുന്നത്. അപ്പനേയും അമ്മയേയും നാണം കെടുത്തുന്ന ധിക്കാരികളായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും കൊന്നുകളയണമെന്നാണ് പാസ്റ്റര്‍ പറയുന്നത്.

പ്രസംഗഭാഗം ഇതിനോടകം വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം സംസാരിക്കുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും കുടുബത്തിനും മാതാപിതാക്കള്‍ക്കും നാണക്കേടുണ്ടാക്കുന്നവരാണ്. അവരെ കൊല്ലണമെന്ന് വേദഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെന്നും പാസ്റ്റര്‍ പ്രസംഗിച്ചു.

‘വളര്‍ത്തി വലുതാക്കി പാട്ടും പ്രാര്‍ത്ഥനയും സണ്‍ഡേ സ്‌കൂളടക്കം സകല കാര്യങ്ങളും പഠിപ്പിച്ച് വന്നു, അവള്‍ ഏതാണ്ടൊക്കെയോ പാകമായപ്പോള്‍ ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ്, ഗുഡ് ഈവനിംഗ് എന്നൊക്കെ അയച്ച ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.

ഗുഡ് മോണിംഗും ഗുഡ് ഈവനിങ്ങൊക്കെ പറഞ്ഞ് തുടങ്ങിയതാ, പിന്നെ കഴിച്ചോ കുടിച്ചോ എന്നൊക്കെയായി, പിന്നെ നീളമുള്ള വാക്കുകളായി, അവസാനം അവന്‍ വിളിച്ചു ഞാന്‍ കഞ്ഞിക്കുഴിയിലുണ്ട്, ഇറങ്ങിപോരാന്‍ പറഞ്ഞു, അവളിറങ്ങിയങ്ങ് പോയി.

ഇങ്ങനെയൊരു സൈസ് നമ്മുടെ വീട്ടിലുണ്ടെങ്കില്‍ എന്ത് ചെയ്യണം അവളെ? അവളെ പുരോഹിതന്മാരുടെ കയ്യില്‍ കൊണ്ടുകൊടുക്കണം, അവര്‍ അവളെ പാളയത്തിന് പുറത്തുകൊണ്ടുപോയി ചുട്ടുകളയും, അവളെ വെച്ചേക്കരുത്. അന്യ പുരുഷന് വിധേയപ്പെട്ട, അപ്പനേയും അമ്മയേയും ആക്ഷേപം വരുത്തിയവളെ വീട്ടില്‍ വെക്കരുത് ചുട്ട് കളയണം.

പിഴച്ച പെണ്‍കുട്ടിയെ ചുട്ട് കളയുകയാണെങ്കില്‍ ധിക്കാരിയായ മകനെ പിടിച്ചുകെട്ടി മൂപ്പന്മാരുടെയും പുരോഹിതന്മാരുടെയും അടുത്ത് കൊണ്ടുപോകണം. അവനെ ഉന്തിതള്ളി പാളയത്തിന് പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലണം’ എന്നുമാണ് പാസ്റ്റര്‍ പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കമന്റുകളിട്ടിട്ടുണ്ട്.

വിവാഹം പല വിധത്തിൽ ആഘോഷിക്കുന്നവർ ഉണ്ട്. ചിലപ്പോൾ ആഘോഷം പലപ്പോഴും അതിരുവിടാറുമുണ്ട്. ഇപ്പോൾ കൈവിട്ട കളി കളിച്ച ആഘോഷത്തിൽ വധു അറസ്റ്റിലായത് ആണ് ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത്. ഫ്‌ലോറിഡ സ്വദേശിയായ വധു ഡാന്യ സ്വോവോഡയാണ് അറസ്റ്റിലായത്. ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയായിരുന്നു ആഘോഷം. ഇതിന് മേൽനോട്ടം വഹിച്ചതാകട്ടെ, ജോയ്‌സെലിൻ ബ്രയാന്റ് എന്ന വനിതയും.

വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലർക്കും സ്വബോധം നഷ്ടപ്പെടുന്നതായും ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതായും തലകറങ്ങുന്നതായും അനുഭവപ്പെട്ടു. ഗുരുതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരും ഏറെ പ്രായംചെന്നവരും എല്ലാം ഇക്കൂട്ടത്തിൽപ്പെടും. അടുത്ത നിമിഷം മരിച്ചുപോകുമോ എന്നുപോലും തോന്നിയതായി ചിലർ പറയുന്നു.

ഡാന്യയുടെയും ഭർത്താവ് ആൻഡ്രൂവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 70 ആളുകളാണ് ഫെബ്രുവരി 19ന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. ആഹാരം കഴിച്ച് അധികം വൈകും മുൻപ് ഭൂരിഭാഗവും ശാരീരികനില മോശമായതിനെ തുടർന്ന് അടിയന്തര സർവീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ മേശയിലാണ് ഭക്ഷണം വിളമ്പിയിരുന്നത്. എന്നാൽ ഈ ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയിരുന്നോ എന്നത് വ്യക്തമല്ല.

മുതിർന്ന സ്ത്രീകളിൽ ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ  അവരുടെ മകൾ അടുക്കള ഭാഗത്തേക്ക് പോയിരുന്നു. അവിടെയുണ്ടായിരുന്ന ജോലിക്കാരിൽ നിന്നുമാണ് ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയ വിവരം അറിഞ്ഞത്. ഡാന്യയോടും ജോയ്‌സെലിനോടും ഇതേപ്പറ്റി ചോദിച്ചപ്പോഴും കഞ്ചാവ് കലർത്തി എന്നായിരുന്നു മറുപടിയെന്ന് ഡാന്യയുടെ സുഹൃത്തായ മിറാണ്ടയും പറയുന്നു. എന്നാൽ തന്റെ പ്രാങ്ക് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഡാന്യ എന്ന് ഇവർ കൂട്ടിച്ചേർത്തു. ആൻഡ്രൂവിനോട് തിരക്കിയപ്പോൾ ഇതേപ്പറ്റി തനിക്ക് അറിവില്ല എന്നായിരുന്നു പലർക്കും ലഭിച്ച മറുപടി.

പരാതികൾ ഉയർന്നതോടെ അധികൃതർ ആഹാരസാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. സൽക്കാരത്തിൽ പങ്കെടുത്ത അതിഥികളുടെ രക്തസാമ്പിളുകളിൽ എല്ലാം കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. പിന്നാലെ ഇതിനെല്ലാം നേതൃത്വം നൽകിയ വധുവിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് രക്ഷപ്പെട്ട കുഞ്ഞിന്റെ സാഹസിക രക്ഷപ്പെടല്‍ വൈറല്‍. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ ചെയ്ത ആ സാഹസം പക്ഷേ അവന്റെ ജീവന്‍ രക്ഷിച്ചു.

വെള്ളിയാഴ്ച ഫിലിപ്പീന്‍സിലെ ബേബേ സിറ്റിയിലായിരുന്നു സംഭവം. തന്റെ ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ മറ്റുള്ള കുട്ടികളെ പോലെ കുടുംബത്തോടൊപ്പം അവനും വീട്ടിലായിരുന്നു. പെട്ടെന്നാണ് കാലാവസ്ഥ മാറിയതും നനഞ്ഞ മണ്ണും പാറകളും അവരുടെ വീട്ടില്‍ നിറഞ്ഞതും. ഇതോടെ രക്ഷപ്പെടാനാണ് കുട്ടി ഫ്രിഡ്ജിനുള്ളില്‍ കയറിയത്.

ഫ്രിഡ്ജില്‍ അടച്ചുപൂട്ടിയ അവന്‍ അടുത്ത 20 മണിക്കൂര്‍ അവിടെ കുടുങ്ങി. ഭാഗ്യവശാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയെ കണ്ടു. ഉടന്‍ കോസ്റ്റ്ഗാര്‍ഡ് എത്തി. സംഭവസ്ഥലത്ത് നിന്ന് അവനെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. അവന്റെ കാല് ഒടിഞ്ഞിരുന്നുവെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല, കുട്ടിയുടെ രക്ഷപ്പെടലിനെ അത്ഭുതത്തോടെയാണ് എല്ലാവരും കണ്ടത്.

‘എനിക്ക് വിശക്കുന്നു,’ രക്ഷപ്പെടുത്തിയതിന് ശേഷം അവന്‍ ആദ്യമായി പറഞ്ഞ വാക്കുകളിതായിരുന്നു. ബേബേ സിറ്റി ഫയര്‍ സ്റ്റേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പിന്നീട് അവന്‍ അന്വേഷിച്ചത് വീട്ടുകാരെയായിരുന്നു. അവരില്‍ അവന്‍ മാത്രമേ അവശേഷിക്കുന്നു എന്ന സത്യവും വേദനയോടെ അവര്‍ അവനോട് പറഞ്ഞു.

കുട്ടി ഇപ്പോള്‍ ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചുവരുന്നു. അവന്റെ ശരീരത്തില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പ് ഊരി അടിച്ച് യുവതി. വ്യാഴാഴ്ച വൈകുന്നേരം ജബൽപൂർ ജില്ലയിലെ റസൽ ചൗക്കിന് സമീപമാണ് സംഭവം നടന്നത്. പെൺകുട്ടി മർദിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം, പെൺകുട്ടി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പെൺകുട്ടി തന്റെ സ്‌കൂട്ടറിൽ ചൗക്കിൽ നിന്ന് കടന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ സമയം, ഡെലിവറി ബോയ് റോംഗ് സൈഡിൽ നിന്നുമെത്തി പെൺകുട്ടിയുടെ സ്‌കൂട്ടിയിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണു, അതിനുശേഷം അവൾ എഴുന്നേറ്റ് ബൈക്ക് യാത്രികനെ ചെരുപ്പുകൊണ്ട് അടിക്കുകയായിരുന്നു. സമീപവാസികൾ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ആരെയും കൂട്ടാക്കാതെ അടി തുടരുകയായിരുന്നു.

എന്നാൽ സംഭവം നടക്കുമ്പോൾ പെൺകുട്ടി ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ പക്ഷം. വിഷയത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് ഓംതി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് എസ്പിഎസ് ബാഗേൽ പറഞ്ഞു.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിഷുക്കൈനീട്ടം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. കൈനീട്ടം നല്‍കിയതില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണ്. കുഞ്ഞു കൈകളിലേക്ക് കൈനീട്ടം വെച്ച് നല്‍കിയതിനെ വിമര്‍ശിച്ചവര്‍ നന്മ തിരിച്ചറിയാന്‍ കഴിയാത്ത ചൊറിയന്‍മാക്രികള്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു.

കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല അത്. ഒരു രൂപാ നോട്ടില്‍ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല, ഗാന്ധിജിയുടെ ചിത്രമാണുള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയില്‍ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കൈയില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ്. ഈ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്. അവര്‍ ചൊറിയന്‍ മാക്രി പറ്റങ്ങളാണെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

നേരത്തെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയത് വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിമാര്‍ വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാൈണ് ഉത്തരവില്‍ പറയുന്നത്. സുരേഷ്ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ കൈനീട്ടം പോലുള്ള കാര്യങ്ങളുടെ പേരില്‍ ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കൈ നീട്ട പരിപാടിയിലൂടെ സുരേഷ് ഗോപി തൃശൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാകുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണ്. ഇത് തിരിച്ചറിയാന്‍ തൃശൂരിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്നും സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞിരുന്നു.

രണ്ട് ബൾബ് മാറ്റിയിടുന്നതിന് 15 ലക്ഷം ശമ്പളം കിട്ടുക എന്ന് പറഞ്ഞാൽ ആരും ഒന്ന് അമ്പരക്കും. അമേരിക്കൻ എഞ്ചിനീയറായ കെവിൻ ഷമ്മിറ്റിന്റെ ജോലിയെ കുറിച്ചുള്ള വിവരണമാണ് ഇപ്പോൾ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ മാത്രം ബൾബ് മാറ്റിയിടുന്നതിനാണ് ഈ ഉയർന്ന ശമ്പളം ഇദ്ദേഹം കൈപ്പറ്റുന്നത്.

എന്നാൽ വിചാരിക്കും പോലെ അത്ര നിസാരമല്ല ഈ ജോലി. നല്ല ഉയരമുള്ള ഒരു ടിവി ടവറിന്റെ ഏറ്റവും തുഞ്ചത്ത് ഘടിപ്പിച്ചിരിക്കുന്ന ബൾബ് മാറ്റുകയാണ് ഇദ്ദേഹത്തിന്റെ തൊഴിൽ. ഈ ടവറിന് ഉയരം 1,500 അടിയാണ്. അതിനാൽ അത്രയും ഉയരം കയറി വേണം ടവറിന്റെ അറ്റത്ത് എത്താൻ. അവിടെയാണ് ആറ് മാസം കൂടുമ്പോൾ മാത്രം മാറ്റിവെക്കേണ്ട ബൾബ് ഘടിപ്പിച്ചിരിക്കുന്നത്.

അപകടസാധ്യത ഏറെയുള്ള തൊഴിലായതിനാലാണ് ജോലിക്ക് ഇത്രയുമധികം വരുമാനം. വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതിനാൽ ജോലിഭാരവും കൂടുതലാണെന്നു പറയാം. ജീവൻ പണയം വെച്ച് ഇലക്ട്രിക്കലായുള്ള നിരവധി ടൂളുകൾ ബാക്പാക്കിൽ കരുതി വേണം കെവിന് ഈ ടവർ കയറാൻ.

നിലവിൽ ഈ ജോലി ചെയ്യുന്ന കെവിൻ ഷമ്മിറ്റ് ഒരു ദിവസം മുഴുവൻ എടുത്താണ് പണി പൂർത്തിയാക്കുന്നത്. വളരെ സാവധാനം അത്യധികം ജാഗ്രതയോടെയാണ് കെവിൻ ഒരോ അടിയും മുകളിലേക്കും താഴേക്കും വക്കുക. ഇതിനിടെ ശക്തമായ കാറ്റുവീശിയാലോ മഴ പെയ്താലോ ടവർ കയറിയിറങ്ങുന്നത് വൈകും.

അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിലുള്ള കെഡിഎൽടി ടിവിയുടെ അനലോഗ് ടവറിന്റെ ബൾബാണ് കെവിന് മാറ്റേണ്ടത്. ഈ ജോലി ആർക്കും ചെയ്യാവുന്നതുമല്ല, ചില യോഗ്യതകൾ ഇവർക്ക് ആവശ്യമാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും പ്രത്യേക പരിശീലനവും ലഭിച്ചവർക്ക് മാത്രമാണ് ഈ ജോലിക്ക് അർഹത. കെവിനെ പോലെ നിരവധി പേർ ഇത്തരത്തിൽ ടവറുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം സുരക്ഷ ഒരു ഹെൽമെറ്റും ബെൽറ്റും ധരിക്കുക മാത്രമായിരിക്കും.

 

സോഷ്യല്‍മീഡിയയില്‍ ട്രോളുകളേറെ ഏറ്റുവാങ്ങുന്ന ഒരു വിഭാഗമാണ് ഇന്ത്യന്‍ ടിവി സീരിയലുകള്‍. സ്ഥിരം പ്ലോട്ടുകളുമായി വലിച്ചു നീട്ടിയ എപ്പിസോഡുകളും ‘ഓവറാക്കി ചളമാക്കിയ’ അഭിനയവും ക്ലീഷേ ഡയലോഗുകളുമൊക്കെയായി എപ്പോഴും എയറില്‍ തന്നെയാണ് ഇന്ത്യന്‍ സീരിയല്‍.

ഇതുവരെ നമ്മുടെ നാട്ടിലെ തന്നെ ട്രോളുകളെ സഹിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇനി മുതല്‍ അതല്ല അവസ്ഥ. മറ്റ് രാജ്യക്കാര്‍ വരെ ഇപ്പോള്‍ നമ്മുടെ സീരിയലുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നൈജീരിക്കാരായ മൂന്ന് കണ്ടന്റ് ക്രിയേറ്റേഴ്‌സ് അത്തരത്തിലിറക്കിയ ഒരു സ്പൂഫ് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പോള്‍ സ്‌കാറ്റ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രാഗ്യയും പ്രാഗ്യയുടെ ഭര്‍ത്താവ് രാജുവും സഹാദരിയുമാണ് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. രണ്ട് യുവാക്കളാണ് സ്ത്രീവേഷത്തില്‍. ഇന്ത്യന്‍ സീരിയലുകളിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് ഇവരുടെ വസ്ത്രധാരണം. പ്രധാനകഥാപാത്രമായ പ്രാഗ്യ പടിക്കെട്ടില്‍ നിന്ന് വീഴുന്നതും ഭര്‍ത്താവ് ഓടിയെത്തി ഇവരെ രക്ഷിക്കുന്നതുമാണ് വീഡിയോയുടെ പ്രമേയം.

വീഴ്ചയ്ക്കും രക്ഷപെടുത്തലിനുമിടയിലുള്ള സീനുകള്‍ കണ്ടാല്‍ ഇന്ത്യന്‍ സീരിയലുകള്‍ ഒരു തവണയെങ്കിലും കണ്ടിട്ടുള്ള ആരും ചിരിച്ച് പോകും. സീനുകള്‍ക്കിടയില്‍ അനാവശ്യമായി തിരുകിക്കയറ്റുന്ന ഷോട്ടുകളും പ്ലോട്ടിന്റെ വലിച്ചുനീട്ടലുമൊക്കെ ഇവര്‍ തമാശ രൂപത്തില്‍ വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദി ഗ്രേറ്റ് ഫോള്‍ എന്നാണ് ഇവര്‍ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

 

 

View this post on Instagram

 

A post shared by PRAGYA (@paulscata)

കൊല്ലപ്പെട്ട ഗായകന്റെ മൃതദേഹം നിശാക്ലബ്ബിലെ വേദിയില്‍ ചാരിനിര്‍ത്തി ദുഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും. യുഎസ് റാപ്പര്‍ ഗൂന്യൂ എന്നറിയപ്പെട്ടിരുന്നു മാര്‍ക്കറ്റ് മോറോയുടെ മൃതദേഹമാണ് വേദിയില്‍ ചാരിനിര്‍ത്തി ബന്ധുക്കള്‍ ദുഖമാചരിച്ചത്.

ഞായറാഴ്ച രാത്രി വാഷിംഗ്ടണ്‍ ഡിസിയിലുള്ള ബ്ലിസ് എന്ന നൈറ്റ് ക്ലബ്ബിലായിരുന്നു പരിപാടി. ദി ഫൈനല്‍ ഷോ എന്ന് പേരിട്ട പരിപാടിയില്‍ മോറോയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. ഷോയ്ക്കിടെ റെക്കോര്‍ഡ് ചെയ്ത വീഡിയോകളില്‍ കണ്ണ് തുറന്നിരിക്കുന്ന രീതിയില്‍ മോറോയുടെ എംബാം ചെയ്ത മൃതദേഹം വേദിയില്‍ ചാരിനിര്‍ത്തിയിരിക്കുന്നത് കാണാം.

ഡിസൈനര്‍ സ്വെറ്റ്ഷര്‍ട്ടിലും ജീന്‍സിലും ഒരുക്കിയിരിക്കുന്ന മൃതശരീരത്തിനെ വാച്ചും കിരീടവുമൊക്കെ ധരിപ്പിച്ചിട്ടുണ്ട്. മൃതദേഹത്തിന് ചുറ്റിലുമായാണ് ആളുകള്‍ കൂടിനില്‍ക്കുന്നത്. ലേസര്‍ ലൈറ്റുകളുടെ പശ്ചാത്തലത്തില്‍ റാപ്പ് ഗാനങ്ങള്‍ക്ക് ഇവര്‍ ചുവട് വയ്ക്കുന്നുമുണ്ട്‌. നാല്പത് ഡോളറാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിയാളുകളാണ് പരിപാടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒരു മൃതദേഹത്തെ ഇത്രയേറെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം. വീഡിയോ വളരെ അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ഒരു തരത്തിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടു.

എന്നാല്‍ ഗായകന് ഇതിലും നല്ലൊരു യാത്രയയപ്പ് നല്‍കാനാവില്ലെന്നാണ് വിമര്‍ശനങ്ങളോട് കുടുംബത്തിന്റെ പ്രതികരണം. നിശാക്ലബ്ബിലെ വേദിയില്‍ മോറോ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മകന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നും മാതാവ് പാട്രിക് മോറോ പ്രതികരിച്ചു.

കഴിഞ്ഞ മാസം മേരിലാന്റിലെ ഒരു പാര്‍ക്കിങ് പ്രദേശത്ത് വെച്ച് വെടിയേറ്റാണ് മോറോ കൊല്ലപ്പെടുന്നത്. മോറോ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്നും കഴുത്തിലെ ഡയമണ്ട് മാല നഷ്ടപ്പെട്ടിരുന്നുവെന്നും പാട്രിക് ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിശാക്ലബ്ബിലെ ദുഖാചരണം.

Copyright © . All rights reserved