മെക്‌സിക്കൻ നഗരമായ ക്യുർനവാക്കയുടെ മേയർ അഭിമാനപൂർവമായിരുന്നു ഒരു അരുവിക്ക് മുകളിലൂടെയുള്ള നടപ്പാലം ഉദ്ഘാടനം ചെയ്യാനെത്തിയത്. നടന്ന് ഉദ്ഘാടനം ചെയ്യാമെന്ന് കരുതിയപ്പോഴാണ് സംഭവം പാളിയത്. പാലം പൊളിഞ്ഞെന്നു മാത്രമല്ല മേയറടക്കം പാലത്തിലുണ്ടായിരുന്നവരെല്ലാം 10 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്തു.

താഴെ വീണവരില്‍ പ്രാദേശിക ഉദ്യോഗസ്ഥരും, നഗര കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്നു. മരപ്പലകകളും മെറ്റൽ ചങ്ങലകളും കൊണ്ട് നിർമ്മിച്ച തൂക്കുപാലം അടുത്തിടെയാണ് മോടിപിടിപ്പിച്ചത്. പാലം തകര്‍ന്നപ്പോള്‍ ചങ്ങലയുമായി ബന്ധിപ്പിച്ചിരുന്ന മരപ്പലകകള്‍ ഉള്‍പ്പടെ വേര്‍പെട്ടുപോയതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

പാലം തകരുമ്പോള്‍ പാലത്തിൽ ഉണ്ടായിരുന്നവരിൽ മേയർ ജോസ് ലൂയിസ് യൂറിയോസ്‌റ്റെഗുയിയുടെ ഭാര്യയും റിപ്പോർട്ടർമാരും ഉള്‍പ്പെട്ടിരുന്നതായി ക്യൂർനാവാക്ക സ്ഥിതി ചെയ്യുന്ന മോറെലോസ് സംസ്ഥാനത്തിന്റെ ഗവർണർ കുവോഹ്‌റ്റെമോക് ബ്ലാങ്കോ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ ദി ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് നഗര കൗൺസിൽ അംഗങ്ങൾ, മറ്റ് രണ്ട് ഉദ്യോഗസ്ഥർ, ഒരു പ്രാദേശിക റിപ്പോർട്ടർ എന്നിവർക്ക് പരിക്കേറ്റതായും ഇവരെ സ്‌ട്രെച്ചറുകളിലാണ് പുറത്തെടുത്തതെന്നും പ്രാദേശിക ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചതായുമാണ് ക്യൂർനാവാക്ക സിറ്റി സർക്കാർ പ്രസ്താവനയിൽ അറിയിച്ചത്.