Social Media

ആറായിരം അടി ഉയരമുള്ള മലയുടെ മുകളിൽ ഊഞ്ഞാലാടി. ഒടുവിൽ പിടിവിട്ട് യുവതികൾ താഴേക്ക് വീണു. സമൂഹമാധ്യമങ്ങളിൽ അമ്പരപ്പും വേദനയുമാകുകയാണ് ഈ നടുക്കുന്ന വിഡിയോ. സാഹസികത ആസ്വദിക്കാൻ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തിൽപ്പെട്ടത്. റഷ്യയിൽ നിന്നുള്ളതാണ് ഈ വിഡിയോ.

സുലാക് മലയിടുക്കിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് യുവതികളെ ഊഞ്ഞാലിൽ ഇരുത്തി ശക്തമായി ആട്ടുകയാണ് യുവാവ്. ഇതിനിടയിൽ വശത്തുള്ള കമ്പിയിൽ ഊഞ്ഞാലിന്റെ ഒരുഭാഗം തട്ടുകയും ഗതി മാറി യുവതികൾ താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഒപ്പമുള്ളവർ നിലവിളിക്കുന്നതും കേൾക്കാം. മലയിടുക്കിന് താഴെ തടി െകാണ്ട് ഉണ്ടാക്കിയ ചെറിയ ഫ്ലാറ്റ്ഫോമിൽ പിടിച്ചുകിടന്ന യുവതികളെ ഒടുവിൽ രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരുക്കുകളോടെ യുവതികളെ ആശുപത്രിയിലെത്തിച്ചു.

 

മൂന്ന് വർഷമായി കൂടെയുള്ള കാമുകന്റെ വിവാഹമാണെന്ന് അറിഞ്ഞ് വിവാഹവെദിക്ക് പുറത്തെത്തി പൊട്ടിക്കരഞ്ഞ് യുവതി. മധ്യപ്രദേശിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ ഹൃദയം തകർത്തിരിക്കുകയാണ്. ഹോശങ്കാബാദിലാണ് സംഭവം. കാൺപൂർ സ്വദേശിനിയായ യുവതിയാണ് വിവാഹവേദിക്ക് പുറത്ത് ‘ബാബൂ… ബാബൂ…’ എന്ന് കരഞ്ഞുനിലവിളിക്കുന്നത്.

തന്റെ ശബ്ദംകേട്ട് കാമുകൻ വരുമെന്ന പ്രതീക്ഷയിലാണ് യുവതി പുറത്തുനിന്നും ഉറക്കെ വിളിക്കുന്നത്. താൻ മറ്റൊരു വിവാഹം കഴിക്കുകയാണെന്ന് തന്നോട് വന്ന് നേരിട്ട് പറയണമെന്നാണ് യുവതി അഭ്യർത്ഥിക്കുന്നത്.

നിരവധിപേർ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയാറല്ലാതെ യുവതി കരയുന്നതാണ് വീഡിയോയിലുള്ളത്. യുവാവിന്റെ കുടുംബം ഒടുവിൽ പോലീസിനെ അറിയിച്ചതോടെയാണ് യുവതി പിന്മാറിയത്.

മൂന്നുവർഷമായി യുവാവിനൊപ്പം ഒരുമിച്ച് താമസിക്കുകയായിരുന്നു ഈ യുവതി. ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലിചെയ്യുന്നത്. വീഡിയോ പകർത്ത് ആരോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ നിരവധിപേരാണ് കണ്ടത്. യുവതിയുടെ അവസ്ഥയിൽ ദുഃഖം രേഖപ്പെടുത്തുകയാണ് ഓരോരുത്തരും.

 

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ മെഗാസ്റ്റാറായ രജനികാന്തിനെക്കുറിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ? തീര്‍ച്ചയായും ഇല്ല. തമിഴ് ചലച്ചിത്രങ്ങളിലെ നിറസാന്നിധ്യമായ ഈ പ്രശസ്ത നടനെ ഇന്ത്യയിൽ ഉടനീളമുള്ള ഒരു വലിയ ആരാധകവൃന്ദം അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ലോകപ്രശസ്തനായ ഈ നടന്റെ ജനപ്രീതി കാലാകാലങ്ങളായി വൈറലായ അദ്ദേഹത്തിന്റെ സ്റ്റണ്ടുകൾ അനുകരിക്കാൻ പലപ്പോഴും അദ്ദേഹത്തിന്റെ ആരാധകരെ പ്രേരിപ്പിക്കുന്നുവെന്നതാണ് സത്യം.

തലൈവരെ അനുകരിച്ച് സ്റ്റേജിൽ ഒരു രജനി സ്റ്റൈൽ സ്റ്റണ്ട് കാണിച്ചുകൊണ്ട് കാണികളുടെ കൈയ്യടി നേടാന്‍ അദ്ദേഹത്തിന്റെ ഒരു അപരന്‍ ഈ അടുത്ത കാലത്ത് നടത്തിയ ശ്രമം പക്ഷേ പൊട്ടിച്ചിരിയിലാണ്‌ അവസാനിച്ചത്.

Official_niranjanm87 എന്ന ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് തന്റെ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്ത ഒരു വൈറൽ വീഡിയോയിലാണ്‌ ഈ രസകരമായ സംഭവം കാണാനാകുന്നത്. രജനീകാന്ത് ധരിക്കുന്ന രീതിയില്‍ കറുത്ത സ്യൂട്ടും ധരിച്ച്, വെളുത്ത താടിയുമായി അദ്ദേഹത്തിന്റെ ഈ അപരന്‍ സ്റ്റേജിൽ നടത്തിയ തന്റെ സ്റ്റണ്ടുകളിലൂടെ പ്രേക്ഷകരുടെ മുന്നില്‍ ഒന്നു ‘ഷൈൻ’ ചെയ്യാൻ ശ്രമിക്കുകയാണ്‌.

​’രജനീകാന്ത്’ നല്ല സ്റ്റൈലിൽ സ്റ്റേജിൽ വരികയും അവിടെ കിടന്ന പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് കസേരയെ കാലു കൊണ്ട് തട്ടിയെറിയാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, സംഭവം വിചാരിച്ചതു പോലെ നടന്നില്ല. അങ്ങനെ ചെയ്യാൻ ആരംഭിച്ചപ്പോള്‍, അയാളുടെ ബാലൻസ് നഷ്ടപ്പെടുകയും തലകുത്തനെ നിലത്തു വീഴുകയും ചെയ്തു. പോരേ പൂരം, കാണികള്‍ ആര്‍ത്തട്ടഹസിച്ച് തലതല്ലിച്ചിരിക്കുന്നത് നമുക്കു കേള്‍ക്കാം. ഒപ്പം തന്നെ പണി പാളിയ ‘രജനികാന്തി’നെ രക്ഷിക്കാന്‍ ആളുകൾ ഓടിക്കൂടുന്നതും നമുക്കു കാണാം.​

രജനീകാന്തിന്റെ ഈ അപരനെ തിരിച്ചറിയാനോ സംഭവം നടന്ന സ്ഥലം ഏതാണെന്ന് തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല. വൈ​റൽ വീഡിയോ ഇന്റർനെറ്റിൽ ഉണ്ടാക്കിയ പൊട്ടിച്ചിരിയുടെ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല.

വീഡിയോ ആസ്വദിച്ച് ഒന്നു കൂടി നന്നായി ചിരിക്കാൻ ധാരാളം ആരാധകരാണ് വീഡിയോയുടെ കമന്റ് സെക്ഷനിൽ എത്തുന്നത്.

 

വലിയ ദുരന്തമായി കടലിന്റെ ആഴങ്ങളിൽ മറഞ്ഞിട്ടും ലോകത്ത് സജീവചർച്ചയാണ് ടൈറ്റാനിക് എന്ന കപ്പൽ. ഇപ്പോഴിതാ കടലിന്റെ അടിയിൽ കണ്ടെത്തിയ ടൈറ്റാനികിന്റെ ശേഷിപ്പുകൾ പൂര്‍ണമായും അപ്രത്യക്ഷമാവുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോഹം തിന്നുന്ന ബാക്ടീരിയകളും സമുദ്രജലപ്രവാഹങ്ങളുമാണ് കടലിനടിയില്‍ അന്ത്യവിശ്രമത്തിലുള്ള ടൈറ്റാനിക്കിനെ കാര്‍ന്നു തിന്നുന്നത്. കപ്പലിന്റെ പ്രധാനപ്പെട്ട പലഭാഗങ്ങളും ഇതിനോടകം ഇല്ലാതായതായും റിപ്പോർട്ടിൽ പറയുന്നു.

109 വര്‍ഷം പഴക്കമുള്ള ടൈറ്റാനിക്കിന് ബാക്ടീരിയകള്‍ക്കൊപ്പം സമുദ്രജലപ്രവാഹങ്ങളും വെല്ലുവിളിയാവുന്നുണ്ട്. ബാക്ടീരിയകള്‍ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് അലിയിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്ക് കാര്യമായ അവശേഷിപ്പുകളില്ലാതെ സമുദ്രത്തില്‍ അലിഞ്ഞു ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

‘ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്. അത് പൂര്‍ണമാവും മുൻപ് പരമാവധി വിവരങ്ങള്‍ നമുക്ക് ശേഖരിക്കേണ്ടതുണ്ടെന്ന് ഉത്തര അറ്റ്‌ലാന്റിക്കില്‍ ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പര്യവേഷണത്തിന് പോകുന്ന ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ പ്രസിഡന്റ് സ്റ്റോക്ടണ്‍ റഷ് പറയുന്നു.

സ്വന്തം അനുഭവം പങ്കുവെച്ച ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആത്മവിശ്വാസം കൊണ്ടും കഠിനപ്രയത്‌നംകൊണ്ടും ജീവിതം നെയ്യ്‌തെടുത്ത പെണ്‍കുട്ടിയാണ് ഇന്ന് വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യായ ആനി ശിവ. ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സില്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടിയാണ് 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യായി മാറിയിരിക്കുന്നത്

വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണമോ കിടക്കാന്‍ ഒരു കൂരയോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളില്‍ പരാജയപ്പെട്ട് മരിക്കാനുള്ള ഊര്‍ജം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.

കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച്.
ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസ്സം സൃഷ്ടിച്ചു.
അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍
ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനുംപോയി സോഷ്യോളജിയില്‍ ബിരുദം നേടി.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില്‍ കരുതി.
014-ല്‍ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി.

2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം.

” 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവുംവിറ്റ് ജീവിച്ച… അതേ സ്ഥലത്ത്…ഞാന്‍ ഇന്ന്..; സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്…!??
ഇതിലും വലുതായി എനിക്ക് എങ്ങനെ ആണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക.” എന്നാണ് ആനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അച്ഛനും അമ്മയും ഇല്ലാതെ പറക്കമുറ്റാത്ത മൂന്ന് സഹോദരങ്ങള്‍ക്കായി കൂലിപ്പണി എടുത്ത് താങ്ങാവുകയാണ് 18കാരന്‍ നാഗരാജ്. ബദിയഡുക്ക കുംബഡാജെ കാജ കാരയ്ക്കാട് എസ്.സി. കോളനിയിലെ നാഗരാജ് ആണ് സഹോദരങ്ങളായ ഹര്‍ഷരാജ്, അപര്‍ണ, സനത്ത്രാജ് എന്നിവര്‍ക്കാണ് സ്വന്തം ജീവിതം മാറ്റിവെച്ച് നാഗരാജ് കുടുംബഭാരം ഏറ്റെടുത്തത്.

ദുരിതങ്ങള്‍ക്കിടയിലും കുട്ടികളെ പഠിപ്പിക്കുന്നതിലായിരുന്നു രാഘവന്റെയും സീതയുടെയും ശ്രദ്ധ. രാപകല്‍ ജോലിചെയ്തും കടംവാങ്ങിയും അത്യാവശ്യം സൗകര്യമുള്ള വീടും അവര്‍ നിര്‍മിച്ചു. നാഗരാജ് പ്ലസ് ടു ജയിച്ചെത്തമ്പോഴേക്കും തലയില്‍ അര്‍ബുദം ബാധിച്ച് സീത മരണപ്പെട്ടു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്ന രാഘവന്‍ ഏപ്രില്‍ 13-ന് സ്വയം മരണംവരിക്കുകയായിരുന്നു. ഇതോടെ കുടുംബം അനാഥപ്പെട്ടു.

ദുരന്തങ്ങളില്‍ അടിപതറിയെങ്കിലും വിധിക്ക് കീഴടങ്ങാതെ സഹോദരങ്ങളുടെ ജീവിതം ഭദ്രമാക്കാനുള്ള നീക്കത്തിലാണ് നാഗരാജ്. വല്ലപ്പോഴും കൂലിപ്പണിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. സ്വന്തം പഠനം ഉപേക്ഷിച്ചാലും നാലിലും പത്തിലും പഠിക്കുന്ന അനിയന്മാരെയും അഞ്ചാം ക്ലാസിലെ അനിയത്തിയെയും പഠിപ്പിക്കാനുള്ള ദൃഢനിശ്ചയവുമായി കൂലിവേല ചെയ്യുകയാണ് നാഗരാജ്.

അതിനിടയില്‍ ഐ.ടി.ഐ.യില്‍ ചേര്‍ന്ന് വെല്‍ഡിങ് പഠിച്ച് സ്വയംതൊഴില്‍ ചെയ്യാനും നാഗരാജിന് ആഗ്രഹമുണ്ട്. വീട് നിര്‍മിക്കാനായി രക്ഷിതാക്കള്‍ എടുത്ത കടം ഇപ്പോഴും ബാക്കിയാണ്. എസ്.സി. ബാങ്കില്‍നിന്നെടുത്ത എഴുപത്തഞ്ചായിരം രൂപ വായ്പയില്‍ ഇരുപതിനായിരം മാത്രമേ അടച്ചിട്ടുള്ളൂ. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പന്ത്രണ്ടായിരത്തോളം രൂപയും അടയ്ക്കാന്‍ ബാക്കിയുണ്ട്.

ഈ കടങ്ങളും സഹോദരങ്ങളുടെ പഠിപ്പും നാഗരാജിന് വെല്ലുവിളിയാണ്. പഠനം ഓണ്‍ലൈനാവുമ്പോള്‍ സ്മാര്‍ട്ട് ഫോണും ഓണ്‍ലൈന്‍ ക്ലാസും ഇവര്‍ക്ക് ലഭിക്കുന്നില്ല. കൂലിപ്പണിയില്‍നിന്ന് കിട്ടുന്ന ചെറിയ വരുമാനം ഭക്ഷണത്തിനുതന്നെ തികയാതെ വരുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനോ മാസംതോറും റീചാര്‍ജ് ചെയ്യാനോ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് നാഗരാജ്.

ആമയിറച്ചി കഴിച്ച് 32 പേര്‍ മരിച്ച സംഭവത്തിന് അറുപതാണ്ട് പൂര്‍ത്തിയായി. 1961 മേയ് 29 നാണ് കൊല്ലം ശക്തികുളങ്ങരയില്‍ ആമയിറച്ചി കഴിച്ചതിനെ തുടര്‍ന്ന് ആളുകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മേയ്-ജൂണ്‍ മാസങ്ങളിലായി 32 പേര്‍ മരിച്ചു.

കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ക്കാണ് പാറപ്പുറത്ത് പായല്‍ തിന്നാല്‍ വരുന്ന അളുങ്കാമയെ കിട്ടിയത്. ഭീമന്‍ ആമയാണിത്. നന്നായി ഇറച്ചിയുണ്ടാകുമെന്നതാണ് അളുങ്കാമയുടെ പ്രത്യേകത. ഈ ഇറച്ചി പാകം ചെയ്ത് കഴിച്ചവരിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടത്. മോഹാലസ്യവും ഛര്‍ദിയും വയറിളക്കവുമായി എല്ലാവര്‍ക്കും. ഛര്‍ദി അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ നാട്ടുകാര്‍ ആദ്യം കരുതിയത് കോളറയാകുമെന്നാണ്. എന്നാല്‍, വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് ആമയിറച്ചി കഴിച്ചതാണ് പ്രശ്‌നമെന്ന് കണ്ടെത്തിയത്. ആമത്തോട് പരിശോധിച്ചപ്പോഴാണ് കാര്യം മനസിലായത്.

ആമയിറച്ചിയുടെ അവശിഷ്ടങ്ങള്‍ കഴിച്ച കാക്കകള്‍ പോലും ചത്തൊടുങ്ങി. ആമയിറച്ചി മഞ്ഞളിട്ടു പുഴുങ്ങി പാകം ചെയ്തവര്‍ക്ക് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്നത്തെ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷി കൂടിയായ ജോണ്‍ ജെയിംസ് മാതൃഭൂമി ന്യൂസ് ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കടലില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തില്‍ ജോണ്‍ ജെയിംസും ഉണ്ടായിരുന്നു. ആമയിറച്ചി കഴിച്ച ജോണിന്റെ സഹോദരിയും ഭാര്യയും മരിച്ചെന്നും പറഞ്ഞു.

നോര്‍വേയില്‍ നിന്നെത്തിച്ച മരുന്ന് കുത്തിവെച്ചശേഷമാണ് ആശുപത്രിയില്‍ കിടന്നവര്‍ക്ക് അസുഖം മാറിയത്. ആമകളിലെ സാല്‍മണെല്ല ബാക്ടീരിയയാണ് ദുരന്തത്തിനു കാരണമായതെന്നാണ് പറയുന്നത്.

മാസ്‌ക് ധരിക്കാത്തതിന് വയോധികയെ തടഞ്ഞുവെച്ച് സെക്ടറല്‍ മജിസ്രേട്ട് പിഴ നല്‍കുന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ വയോധിയ്ക്ക് പിഴ നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതിഷേധം ഉയര്‍ന്നതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. പിഴ ഇടാക്കി എന്ന തരത്തില്‍ വരുന്ന പ്രചരണം ശരിയല്ലെന്നും ജാഗ്രത കാണിക്കണമെന്ന നിര്‍ദേശം എഴുതി നല്‍കുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

മൂത്തേടം സ്വദ്ദേശി അത്തിമണ്ണില്‍ അയിഷ എന്ന 85 കാരിയായ വയോധികയ്ക്ക് പിഴ ഈടാക്കി ഉദ്യോഗസ്ഥ രസീത് എഴുതി നല്‍കിയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന ആരോപണം. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് നിഷ്‌കളങ്കതയോടെ മറുപടി പറയുന്ന വയോധികയോട് പേരും വീട്ടും പേരും ചോദിച്ച് മനസ്സിലാക്കി ഒരു രസീത് നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്ടറല്‍ മജിസ്രേട്ടിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഇയര്‍ന്നത്. ‘

അമ്മ മകളുടെയും മകന്റെയും വീടുകളിലേക്ക് പോകാറുണ്ടെന്നും അവരെ തടയാറില്ലെന്നും നല്ലതുപോലെ മക്കള്‍ നോക്കുന്നുമുണ്ടെന്നും വീഡിയോ വൈറലായത് വലിയ വിഷമമുള്ളതായും മകളുടെ ഭര്‍ത്താവ് പറഞ്ഞു. കുട്ടികളുടെ സ്വഭാവമാണ് ഉമ്മക്ക് എന്നും മക്കള്‍ പറയുന്നു.

അതേസമയം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കരാര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ഹംസയാണ് വീഡിയോ തന്റെ മൊബൈലില്‍ പകര്‍ത്തിയത്. ഉമ്മയെ കണ്ടപ്പോള്‍ തന്റെ ഉമ്മയെ പോലെ തോന്നിച്ചതുകൊണ്ടാണ് ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാല്‍ വീഡിയോ പ്രചരിക്കുന്ന സാഹചര്യം ഉണ്ടാക്കിയതില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന.

വാർഷിക ചെലവിനായി തനിക്ക് അനുവദിക്കുന്ന 1.9 മില്യൺ ഡോളർ (14 കോടിയോളം രൂപ) രൂപ നിരസിച്ച് നെതർലൻഡ്​സിലെ രാജകുമാരി കാതറിന-അമാലിയ. നെതർലൻഡ്​സ്​ രാജാവ് വില്യം അലക്സാണ്ടറിന്‍റെയും മാക്സിമ രാജ്​ഞിയുടെയും മൂത്ത മകളാണ് കാതറിന-അമാലിയ രാജകുമാരി. വരുന്ന ഡിസംബറിൽ അമാലിയക്ക്​ 18 വയസ്സ്​ പൂർത്തിയാകും.

നെതർലൻഡ്​സിലെ നിയമപ്രകാരം പ്രായപൂർത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകൾ അമാലിയ ഏറ്റെടുക്കണം. ഇതിനായിട്ടാണ്​ പ്രതിവർഷം 1.9 മില്യൺ ഡോളർ നൽകുന്നത്. എന്നാൽ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടേയ്ക്ക് കഴിഞ്ഞ ദിവസം അയച്ച കത്തിൽ ഈ പണം വേണ്ടയെന്ന്​ രാജകുമാരി അറിയിക്കുകയായിരുന്നു.

“2021 ഡിസംബർ ഏഴിന്​ എനിക്ക് 18 വയസ്സാകും. അതോടെ നിയമമനുസരിച്ച് ചെലവിനായി തുക നൽകും. എന്നാൽ രാജ്യത്തിനു ഈ തുക തിരിച്ചു നൽകാനായി ഞാൻ ഒന്നും ചെയ്യുന്നില്ല. മറ്റു വിദ്യാർഥികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്​ പ്രത്യേകിച്ച്​ കോവിഡ് മഹാമാരിയുടെ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ,“ രാജകുമാരി കത്തിൽ എഴുതി.

പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഒരു കുഴിയിലേക്ക് താഴ്ന്ന് പോകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്. മഹാരാഷ്ട്രയിലെ ഘട്‌കൊപര്‍ റസിഡന്റ്‌സ് ഏരിയയിലാണ് സംഭവം. കാറിന്റെ ബോണറ്റും മുന്‍ചക്രങ്ങളുമാണ് ആദ്യ താഴ്ന്നു പോയത്.

പിന്നാലെ കാര്‍ പൂര്‍ണമായും മലിന ജലം നിറഞ്ഞ കുഴിയിലേക്ക് താഴ്ന്നു പോകുന്നതായ ദൃശ്യങ്ങളാണ് വീഡിയോയില്‍. കനത്ത മഴയെ തുടര്‍ന്ന് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നതോടെയാണ് കാര്‍ താഴ്ന്ന് പോയത്. കിണര്‍ മൂടിയ ശേഷം അതിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് വച്ച് പാര്‍ക്കിംഗ് ഏരിയ ഉണ്ടാക്കിയത്.

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു പോയതോടെയാണ് കുഴിയിലേക്ക് കാര്‍ വീണ് അപ്രത്യക്ഷമാകാന്‍ കാരണം. എന്നാല്‍ സമീപത്ത് ഉണ്ടായിരുന്ന മറ്റ് വാഹനങ്ങള്‍ക്കൊന്നും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. പിന്നീട് ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ കുഴിയില്‍ നിന്നും പുറത്ത് എടുക്കുകയായിരുന്നു.

 

Copyright © . All rights reserved