Social Media

അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോള്‍ അതിനെ സംയമനത്തോടെ നേരിടുന്നവരാണ് യഥാര്‍ഥ ധീരന്മാര്‍. അത്തരത്തില്‍ ധീരയായ യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ബൈക്കിന് തീപ്പിടിച്ചപ്പോള്‍ ബൈക്ക് യാത്രക്കാര്‍ ഇറങ്ങി ഓടി, ഈ സമയം സംയമനം പാലിച്ച് ബൈക്കിലെ തീയണക്കുകയാണ് യുവതി.

എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല, പെട്ടെന്ന് തന്നെ ബൈക്കിന് തീപിടിച്ചു. യാത്രക്കാരനും തൊട്ടടുത്ത് ഇന്ധനം നിറയ്ക്കാന്‍ എത്തിയവരും സംഭവസ്ഥലത്ത് നിന്ന് ഉടന്‍ തന്നെ ഓടിരക്ഷപ്പെട്ടു.

ഈ സമയത്ത് സംയമനം പാലിച്ച് തീ അണയ്ക്കുകയാണ് പെട്രോള്‍ പമ്പ് ജീവനക്കാരി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ യുവതിയുടെ ധീരതയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം കയ്യടക്കുകയാണ്. പ്രവീണ്‍ അംഗുസ്വാമി ഐഎഫ്എസാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.

 

സുനീഷിന്റെ സങ്കടം സൈക്കിള്‍ കള്ളന്‍ കേട്ടില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേട്ടു. ഉരുളികുന്നത്തെ വീട്ടുമുറ്റത്ത് പുത്തന്‍ സൈക്കിളെത്തി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതുപ്രകാരം കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് പുതിയ സൈക്കിളുമായി സുനീഷിന്റെ വീട്ടിലെത്തി പുതിയ സൈക്കിള്‍ ജസ്റ്റിന് കൈമാറി.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഉരുളികുന്നം കണിച്ചേരില്‍ സുനീഷ് ജോസഫ് തന്റെ മോന്‍ ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന് സമ്മാനമായി വാങ്ങിയ സൈക്കിള്‍ മോഷ്ടാവ് കവര്‍ന്നതിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്.

വൈകല്യത്തോട് പോരാടി സുനീഷ് സ്വരുക്കൂട്ടിയ സമ്പാദ്യത്തില്‍ നിന്നും വാങ്ങിയ
സൈക്കിളാണ് കരുണയില്ലാത്ത കള്ളന്‍ കൊണ്ടുപോയത്. മകന്‍ ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന് മൂന്നു മാസം മുന്‍പ് സമ്മാനമായി നല്‍കിയ സൈക്കിളായിരുന്നു. സൈക്കിളിന്റെ വില ആറായിരം രൂപ. പക്ഷേ, സുനീഷ് ഇത് സ്വരുക്കൂട്ടിയ അധ്വാനവും ഈ ജീവിതവും.

ജന്മനാ വൈകല്യത്തോടെ പിറന്നയാളാണ് സുനീഷ്. കാലുകള്‍ കുറുകി അരക്കെട്ടോട് ചേര്‍ന്ന് പിന്നില്‍ പിണച്ചുവെച്ചനിലയില്‍. കൈകള്‍ ശോഷിച്ചത്. വലതുകൈക്ക് തീരെ സ്വാധീനമില്ല. ഇന്നേവരെ കസേരയിലിരുന്നിട്ടില്ല, അതിനാവില്ല സുനീഷിന്. വീടിനുള്ളില്‍ സഞ്ചരിക്കുന്നത് ഒരു കൈകുത്തി അതിന്റെ ബലത്തില്‍ കമിഴ്ന്ന് നീന്തി. കട്ടിലില്‍ മലര്‍ന്നുകിടക്കാന്‍ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന് മാത്രം.

എങ്കിലും തളരാതെ ജീവിതം കെട്ടിപ്പടുത്ത അദ്ഭുതമാണീ യുവാവ്. പിപിറോഡില്‍ കുരുവിക്കൂട്ട് കവലയില്‍ അഞ്ച് വര്‍ഷമായി കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തി അതില്‍നിന്നുള്ള തുച്ഛവരുമാനം കൊണ്ടാണ് ജീവിതം. ഭാര്യ ജിനി, മക്കള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ജെസ്റ്റിന്‍, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ജെസ്റ്റിയ.

ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കള്‍ എടുത്ത് കാറില്‍ കയറ്റിക്കൊണ്ടുവരും. മടക്കയാത്രയും അങ്ങനെതന്നെ. ഓഫീസില്‍ കംപ്യൂട്ടറില്‍ ജോലി ചെയ്യണമെങ്കില്‍ കസേരയില്‍ ഇരിക്കാനാകില്ല. പ്രത്യേകം നിര്‍മിച്ച സോഫയില്‍ കമിഴ്ന്നുകിടന്നാണ് കംപ്യൂട്ടറില്‍ ടൈപ്പിങ് നടത്തുന്നത്.

മുഖ്യമന്ത്രി ഇടപെട്ട് പുതിയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ സുനീഷും ജസ്റ്റിനും കുടുംബവും. വാര്‍ത്ത കണ്ട് വിദേശത്ത് നിന്നുള്‍പ്പെടെ നിരവധി പേര്‍ വിളിച്ച് സൈക്കിള്‍ വാഗ്ദാനം ചെയ്തതായി സുനീഷ് പറഞ്ഞു.

 

ഭൂമിയിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും നന്ദിയുള്ള മൃഗം നായ ആണെന്ന് പറയാറുണ്ട്. ഇവിടെ ആ വാചകത്തിന് അടിവരയിടുകയാണ് ഈ നായയുടെ സ്നേഹം. തുർക്കിയിലെ ഈ നായ ഇന്ന് ലോകമെങ്ങും താരമാണ്. അതിന് കാരണം അവളുടെ കാത്തിരിപ്പാണ്. തന്റെ ഉടമസ്ഥൻ ആശുപത്രിയിലായതോടെ ബോണ്‍കക്ക് എന്ന പെണ്‍നായ ആശുപത്രിക്ക് പുറത്ത് കാവൽ ഇരുന്നു. ഒരാഴ്ചയോളം അവൾ ആ ആശുപത്രിയുടെ വാതിലിൽ കറങ്ങി നിന്നു. 68 വയസുള്ള ഉടമസ്ഥൻ പുറത്തുവരുന്നതും കാത്ത്.

ഈ മാസം 14നാണ് ബോണ്‍കക്കിന്റെ ഉടമ സെമല്‍ സെന്‍ടര്‍ക്കിനെ തലച്ചോറിലെ തകരാറിനെ തുടര്‍ന്ന് ആശുപത്രിയിലായത്. വീട്ടിൽ നിന്നും അദ്ദേഹത്തെ കൊണ്ടുവന്ന ആംബുലൻസിന് പിന്നാലെ ഓടിയെത്തിയ നായ കാവൽ തുടർന്നു. ഇടയ്ക്ക് അവൾ ചുറ്റും നടക്കും. എന്നാലും ആശുപത്രിയുടെ പ്രധാന വാതിലും പരിസരവും വിട്ട് എങ്ങും പോകില്ല. ഓരോ തവണ വാതിൽ തുറക്കുമ്പോഴും അവൾ അകത്തേക്ക് നോക്കും. ഇതോടെ ഈ സ്നേഹം ചർച്ചയായി. ആശുപത്രി ജീവനക്കാരും മറ്റുള്ളവരും അവൾക്ക് ഭക്ഷണം നൽകി. പല തവണ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും പോയതിലും വേഗത്തിൽ അവൾ മടങ്ങിയെത്തി കാവൽ തുടരും.

ഒരു മനുഷ്യനെ പോലും ഒന്നു കുരച്ച് പോലും പേടിപ്പാക്കാതെ കാവലിരുന്ന ആ നായയ്ക്ക് മുന്നിലേക്ക് ഒടുവിൽ വീൽച്ചെയറിൽ ഉടമ എത്തി. വാക്കുകൾ കൊണ്ട് വർണിക്കുന്നതിനും അപ്പുറത്തായിരുന്നു അവളുടെ പ്രതികരണം. വിഡിയോ കാണാം.

ഓര്‍ഡര്‍ ഡെലിവറി ബോയ് തന്നെ റദ്ദാക്കിയ ശേഷം ബര്‍ഗര്‍ ഒളിച്ചിരുന്ന് കഴിച്ച് ഡെലിവറി ബോയി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ കെന്റിഷ് ടൗൺ ഒരു ഉപഭോക്താവിനാണ് വിചിത്ര അനുഭവം ഉണ്ടായത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയായിരുന്നു.

ഓഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവത്തില്‍ ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കുകയും ചെയ്തു.

ഇറാനിൽ ഒരു മനുഷ്യൻ കുളിക്കാതെ ജീവിക്കാൻ തുടങ്ങിയിട്ട് 67 വർഷങ്ങളായി. 87–കാരനായ അമൗ ഹാജിയാണ് വിചിത്ര ജീവിതം നയിക്കുന്നത്. ചാരത്തിലും ചെളിയലും പുതഞ്ഞ ശരീരവുമായി ജീവിക്കുന്ന ഹാജിയെക്കണ്ടാൽ ചിലപ്പോൾ പ്രതിമയാണെന്ന് പോലും തെറ്റിദ്ധരിച്ചേക്കാം.

വെള്ളത്തിനോടുള്ള ഭയമാണ് ഹാജിയെ 7 പതിറ്റാണ്ടുകളോളം കുളിക്കാത്ത മനുഷ്യനാക്കിയത്. കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിക്കുന്നത്.

ചത്ത് ചീഞ്ഞ മൃഗമാംസമാണ് ഹാജിയുടെ പ്രിയഭക്ഷണം. പുകവലിക്ക് അടിമയാണ് ഹാജി. പക്ഷേ വലിക്കുന്നത് ലഹരിയല്ല. മറിച്ച് മൃഗങ്ങളുടെ ഉച്ഛിഷ്ടം പൈപ്പിനുള്ളിൽ നിറച്ച് പുകച്ചാണ് വലിക്കുന്നത്. ഇറാനിലെ ഒറ്റപ്പെട്ട ദ്വീപിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോരുന്നതെന്നാണ് ‍ഇറാൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും.മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.

എസ്‌ഐ വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നുവരുന്നത് കണ്ട് യുവാക്കള്‍ ആദ്യമൊന്നു പകച്ചു. പിന്നെ ബാറ്റ് കയ്യിലെടുത്തു യുവാക്കള്‍ക്കൊപ്പം കൂടി കളിക്കാന്‍. എസ്‌ഐ സ്റ്റെപ്‌റ്റോ ജോണിന്റെ നാടന്‍ ക്രിക്കറ്റ് കളിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. എറണാകുളം കാലടിയിലാണ് ആവേശക്കാഴ്ച അരങ്ങേറിയത്.

കേസിന്റെ ആവശ്യമായി എസ്‌ഐ വാഹനത്തില്‍ പോകുമ്പോഴാണു മറ്റൂരില്‍ ഒരു ഗ്രൗണ്ടില്‍ കുറച്ചു യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്‌ഐ വേഗം വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു. യുവാക്കള്‍ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്‌ഐ ബാറ്റ് കയ്യിലെടുത്തപ്പോള്‍ അവരും ആവേശത്തിലായി.

ബാറ്റിങ്ങും ബോളിങ്ങും ചെയ്തു എസ്‌ഐ അവരിലൊരാളായി മാറി, കുറെ നേരം അവര്‍ക്കൊപ്പം കളിച്ചു. കോളേജ് കാലത്തെ ഓര്‍മകളോടെ എസ്‌ഐ ക്രിക്കറ്റ് നന്നായി ആസ്വദിച്ചു. ‘സാര്‍ സൂപ്പര്‍ പ്ലേയറാ’ എന്ന അഭിനന്ദനം ഏറ്റുവാങ്ങിയാണ് എസ്‌ഐയെ മടങ്ങിയത്.

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച് നടത്തിയ വിവാഹജീവിതം തകർന്ന സങ്കടത്തിലാണ് 31കാരിയായ പിഡു കൗര്‍ കൂട്ടുകാരിയായ സ്പീറ്റി സിംഗിനരികിലെത്തിയത്. തകർച്ചയിൽ നിന്നും കരകയറാൻ ഒരു ആശ്വാസം തേടിയാണ് കുറച്ച് ദിവസം കൂട്ടുകാരിക്കൊപ്പം താമസിക്കാനായെത്തിയത്. എന്നാൽ അതൊരു പുതിയ ജീവിതത്തിലേക്കുള്ള വഴിത്തിരിവായിരുന്നു. സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കുന്ന ഈ ത്രപ്പിൾ പങ്കാളികളുടെ വാർത്ത അന്താരാഷ്ട്ര മാധ്യമമായ ഡെയ്ലി മെയിലാണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.

വ്യവസായികളായ സ്പീറ്റി, ഭർത്താവ് സണ്ണി അവരുടെ രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിനൊപ്പം കുറച്ച് ദിവസം ചിലവഴിച്ച് മടങ്ങാമെന്ന് കരുതിയാണ് പിഡു എത്തിയത്. എന്നാൽ ക്രമേണ സ്പീറ്റിയും പിഡുവും തമ്മിൽ സ്വവർഗ്ഗ പ്രണയത്തിലായി. ബൈ സെക്ഷ്വൽ ആയിരുന്ന സ്പീറ്റിക്ക് പിഡുവിനോട് പ്രണയം തോന്നാന്‍ അധികം സമയം വേണ്ടി വന്നില്ല എന്നാണ് ഇവർ പറയുന്നത്. ഭാര്യയും സുഹൃത്തും പ്രണയത്തിലാണെന്നറിഞ്ഞിട്ടും സണ്ണിക്ക് അതൊരു വലിയ കാര്യമായി തോന്നിയില്ല. പതിയെ ഇയാളും പിഡുവിനോട് അടുത്ത്. മൂവരും തമ്മിൽ പിരിയാനാകാത്ത വിധം അടുത്തതോടെ ‘ത്രപ്പിൾ’ പങ്കാളികളായി ഒരുമിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു.

ഇന്ത്യൻ വംശജരായ മൂന്ന് പേരും നിലവിൽ യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ബാല്യകാല സുഹൃത്തുക്കളായ സണ്ണിയും സ്പീറ്റിയും 2003 ൽ ഇന്ത്യയിൽ വച്ചാണ് വിവാഹിതരായത്. തുടർന്ന് അമേരിക്കയിലേക്ക് ചേക്കേറി. ആറു വർഷത്തിന് ശേഷം ഇവർ കുടുംബ സുഹൃത്തായ പിഡു കൗറിന്‍റെ വിവാഹച്ചടങ്ങിനെത്തിയിരുന്നു. എന്നാൽ ഈ വിവാഹബന്ധം അധികം നീണ്ടു നിന്നിരുന്നില്ല. വിവാഹമോചനം തേടിയ പിഡുവിനെ ആ തകര്‍ച്ചയിൽ നിന്നും മറികടക്കാനും ഒരു മാറ്റത്തിനുമായി സ്പീറ്റി തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഉഭയ ലൈംഗികതയിൽ താത്പ്പര്യമുണ്ടായിരുന്ന സ്പീറ്റിയും പിഡുവും തമ്മിൽ മാനസികമായും ശാരീരികമായും പിരിയാനാകാത്ത വിധം അടുത്തു. ഭർത്താവിനും ഈ ബന്ധത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലാതെ വന്നതോടെ ദമ്പതികൾ പിഡുവിനെ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി മൂവരും ഒന്നിച്ചാണ് കഴിയുന്നത്. ഇതിനിടെ രണ്ട് പേർക്കും ഓരോ കുട്ടികളും ജനിച്ചു. അതേസമയം ഇന്ത്യൻ വംശജയരായ കടുത്ത യാഥാസ്ഥിതിക മനോഭാവമുള്ള ഇവരുടെ കുടുംബാംഗങ്ങൾക്ക് ഈ ബന്ധം അംഗീകരിക്കാനായില്ല. പല ബന്ധങ്ങളും ഇതോടെ നഷ്ടമായെന്നാണ് ഇവർ പറയുന്നത്.

എന്നാൽ തങ്ങൾ മൂന്ന് പേരും തമ്മിലുള്ള സ്നേഹത്തിനും ബന്ധത്തിനും ഇതുവരെ കോട്ടം ഒന്നും വന്നിട്ടില്ല. അസൂയ മൂലം പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഇവർ പറയുന്നു. സ്വകാര്യ നിമിഷങ്ങൾ പോലും മൂന്ന് പേരും ഒന്നിച്ചാണ് ചിലവഴിക്കുന്നത്. പരസ്പരം ഒരു രഹസ്യങ്ങൾ പോലും സൂക്ഷിക്കാറില്ല എന്നും സ്പീറ്റി പറയുന്നു. കുടുംബത്തിലേക്ക് മറ്റൊരു പങ്കാളി കൂടി എത്തിയതിൽ സണ്ണിയും സന്തോഷവാനാണ് ആശയങ്ങൾ പങ്കുവെക്കാനും ഫാന്‍റസികൾ നിറവേറ്റാനും ഒരാൾ കൂടി ഉള്ളതിന്‍റെ ആവേശത്തിലാണ് അദ്ദേഹമെന്നാണ് സ്പീറ്റിയുടെ വാക്കുകൾ.

വർഷങ്ങൾ പിന്നിട്ടിട്ടും ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് പലരും ചോദിക്കാറുണ്ട്. പരസ്പരം സ്നേഹിക്കുന്നതും ആ സ്നേഹം മക്കൾക്കും പങ്കു വച്ചു നൽകുന്നതും മാന്ത്രികമായ ഒരു അനുഭവം തന്നെയാണെന്നാണ് ഇതിന് മറുപടിയായി 36 കാരിയായ സ്പീറ്റി പറയുന്നത്.ഒരുമയോടെ മുന്നോട്ട് പോകുന്നതും ഓരോ ദിവസം പോകുന്തോറും കൂടുതൽ കൂടുതൽ സ്നേഹിക്കുന്നതും ഞങ്ങൾക്ക് ലഭിച്ച അനുഗ്രഹം തന്നെയാണെന്നും ഈ യുവതി കൂട്ടിച്ചേർത്തു.

സുഹൃത്തുക്കളുമൊത്ത് പിക്നിക്കിനെത്തിയ 27 കാരി നദിയിൽ വീണ് മരിച്ചു. ഒഡീൽ രാജ്ഗംഗ്പുർ കുംഭർപഡ സ്വദേശി അനുപമ പ്രജാപതിയാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ഒഡീഷയിലെ പ്രമുഖ പിക്നിക് സ്പോട്ടായ സുന്ദർഗഡിലെ കനാകുണ്ടിലെത്തിയതായിരുന്നു അനുപമ. നദിക്കരയിൽ നിന്നും സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

കുത്തിയൊലിക്കുന്ന നദിയിൽ ഒഴുകി പോയ യുവതിയുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിനു നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ദിക്കരയിലെ ഒരു പാറയില്‍ നിന്നും അനുപമ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പിറകിലൂടെ വന്ന ഒരാൾ കാൽവഴുതി ഇതിന്‍റെ ആഘാതത്തിൽ നില തെറ്റിയ യുവതി വെള്ളത്തിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിൽ. നദിയിലെ ശക്തമായ ഒഴുക്കിനെ തുടർന്ന് പെട്ടെന്ന് ആർക്കും സഹായിക്കാനും കഴിഞ്ഞില്ല.

ഒഴുകിപ്പോയ അനുപമയുടെ മൃതദേഹം കാണാതായ ഇടത്തു നിന്നും കുറച്ച് മാറി പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് കണ്ടെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുപത്തിരണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്.

 

നടന്നുപോവുകയായിരുന്ന യുവാവിനെ റോഡിന്റെ വശത്ത് നിന്ന പശുക്കുട്ടി വന്ന് കുത്തി. കുത്ത് കൊണ്ടതോടെ കയ്യിലിരുന്ന കവറും അതിനുള്ളിലെ ഫയലും റോഡിലേക്ക് തെറിച്ചുവീണു. ദേഷ്യം വന്ന യുവാവ് കാലുമടക്കി പശുവിനെ തൊഴിച്ചു. തൊഴിയേറ്റ പശുക്കുട്ടി അമ്മ പശുവിന്റെ അടുത്തേക്ക് മാറി. കഥ അവിടെ കഴിയേണ്ടതാണ്. എന്നാൽ റോഡിൽ തെറിച്ച് വീണ ഫയലുകളും പേപ്പറും വാരിയെടുത്ത ശേഷം ഏതാനും നിമിഷം യുവാവ് കാത്തിരുന്നു.

എന്നിട്ടും കലി അടങ്ങാത വന്നതോടെ റോ‍ഡിന്റെ വശത്ത് കിടന്ന ഇഷ്ടിക എടുത്ത് പശുക്കുട്ടിയെ ക്രൂരമായി ആക്രമിച്ചു. പശുക്കുട്ടിയുടെ തലയിൽ പല തവണ ആവർത്തിച്ച് ഇയാൾ കല്ലുകൊണ്ട് ഇടിച്ചു. ഒടുവിൽ ഗുരുതരമായി പരുക്കേറ്റ പശുക്കുട്ടി എഴുന്നേറ്റ് നിൽക്കാൻ പോലും ആകാതെ തളർന്നുവീണു.

കലി അടങ്ങിയ യുവാവ് ഫയലുമായി മടങ്ങി.എന്നാൽ ഇതെല്ലാം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പശുക്കുട്ടിയെ ആക്രമിച്ച സംഭവം പൊലീസിന്റെ ശ്രദ്ധയിലെത്തി. ഗുരുതരപരുക്കേറ്റ പശുക്കുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് ചികിൽസയ്ക്കായി മാറ്റി. ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

റെയിൽവേ ട്രാക്കിൽ പാഞ്ഞടുക്കുകയായിരുന്ന ട്രെയിനിനു മുന്നിൽ നിന്ന് 60കാരനെ രക്ഷിച്ച പൊലീസ് കോൺസ്റ്റബിളിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മുംബൈയിലെ ദഹിസാർ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് ഇറങ്ങിയ വയോധികൻ ട്രെയിൻ വരുന്നത് കണ്ടപ്പോൾ പിന്നീട് തിരിച്ചുകയറാൻ ശ്രമിച്ച് പരാജയപ്പെടുമ്പോളാണ് പൊലീസുദ്യോഗസ്ഥൻ ഇയാളെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റിയത്.

പ്ലാറ്റ്ഫോമിലേക്ക് കയറാൻ നേരമാണ് പ്രശ്നമുണ്ടായത്. ഈ അപകടം ശ്രദ്ധിച്ച പൊലീസ് കോൺസ്റ്റബിൾ എസ്ബി നിഗം ഇയാളെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസ് കോൺസ്റ്റബിൾ ഇയാളെ അടിക്കുന്നതും വീഡിയോയിൽ കാണാം.

 

RECENT POSTS
Copyright © . All rights reserved