Social Media

ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സിഎന്‍എന്‍ അവതാരകന്‍ ക്രിസ് ക്യൂമോയുടെ നഗ്‌ന ദൃശ്യങ്ങളും. തന്റെ ആഢംഭര വീടിന്റെ മട്ടുപ്പാവില്‍ നഗ്‌നായി നില്‍ക്കുകയായിരുന്നു ക്രിസ് ക്യൂമോയാണ് വീഡിയോയില്‍ ഉള്‍പ്പെട്ടത്. ഭാര്യ യോഗ ചെയ്യുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചതായിരുന്നു ഇത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ പിന്‍വലിച്ചെങ്കിലും ആളുകള്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തിരുന്നു.

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയുടെ സഹോദരനാണ് ക്രിസ് ക്യൂമോ. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് കൊട്ടാരസദൃശമായ വീട്ടില്‍ ക്യൂമോ കഴിയുന്നത്.

മാര്‍ച്ചില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയ ക്രിസ് മാസ്‌ക് പോലും ധരിക്കാതെ വീടിന് പുറത്തിറങ്ങിയത് വിവാദമായിരുന്നു. കൊവിഡ് ബാധിച്ച് താന്‍ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ”വൈറസ് എന്നെ ബാധിക്കുന്നതിന് മുമ്പ് എന്തായിരുന്നോ അതിലേക്ക് തിരിച്ചുപോകാന്‍ ഇതുവരെയുമായിട്ടില്ല, എന്നാലും എനിക്ക് ജോലി ചെയ്യാനാകും” എന്നാണ് ക്രിസ് രോഗമുക്തനായതിന് ശേഷം പ്രതികരിച്ചത്.

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് പകരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് അനുശോചനങ്ങള്‍ അറിയിച്ച് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേ. അനുശോചനം അറിയിച്ചുള്ള ട്വീറ്റില്‍ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം അബദ്ധത്തില്‍ ചിരഞ്ജീവിയുടെ ചിത്രം ഉള്‍പ്പെടുത്തുകയായിരുന്നു.

”ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തീരാ നഷ്ടം തന്നെ..കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു” എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. പിന്നീട് അമളി മനസ്സിലാക്കി ശോഭാ ഡേ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ട്വീറ്റ് പ്രചരിച്ചിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ.

പാലക്കാട് ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് വര്‍ഗീയ വിഷം ചീറ്റുന്നവര്‍ കാണണം യഥാര്‍ത്ഥ മലപ്പുറത്തിന്റെ ചിത്രം. മതം നോക്കാതെ ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃകയെന്ന് വ്യക്തമാക്കി ക്ഷേത്ര മുറ്റത്ത് ഒന്നിച്ച് മരം നടുന്ന തങ്ങളുടെയും പൂജാരിയുടേയും ചിത്രം മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

ലോക പരിസ്ഥിതി ദിനത്തിലാണ് പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിനിടയിലും വര്‍ഗീയ വാദികള്‍ക്ക് ചുട്ട മറുപടി നല്‍കുന്ന ചിത്രം വൈറലായത്. മലപ്പുറത്തിന്റെ ഒത്തനടുക്ക്, കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്രമുറ്റത്താണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് ഒരു തൈ നട്ടത്.

മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് നട്ട മരത്തിന് ഇരുവരുംചേര്‍ന്ന് മൈത്രി എന്ന് പേരും നല്‍കി. മുനവ്വറലി തങ്ങള്‍ മണ്ണിലുറപ്പിച്ച ആ സ്വപ്നമരത്തിന് മണികണ്ഠന്‍ എമ്പ്രാന്തിരി ആദ്യ തീര്‍ഥജലം പകര്‍ന്നു. ക്ഷേത്ര മുറ്റത്ത് മരം നടാന്‍ താത്പര്യമുണ്ടെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍കൂടിയായ മുനവ്വറലി തങ്ങള്‍ രണ്ട് ദിവസം മുമ്പാണ് ആഗ്രഹം പ്രകടിപ്പിച്ചത്.

അമ്പലക്കമ്മിറ്റി സന്തോഷത്തോടെ അനുമതിയും നല്‍കി. ചെയര്‍മാന്‍ സുരേഷ് സിംസ് മുനവ്വറലി തങ്ങളെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തില്‍ രാവിലെ എട്ടുമണിയോടെ മുനവ്വറലി തങ്ങള്‍ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം തൈയുമായി ക്ഷേത്രാങ്കണത്തില്‍ എത്തി.

തുടര്‍ന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് ക്ഷേത്രമുറ്റത്ത് ഐക്യത്തിന്റെ മരം നട്ടു. മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിക്കുന്ന സമയത്ത് ഇതൊരു സന്ദേശമാണ്. മതം നോക്കാതെ ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃകയെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വളരെ സന്തോഷത്തോടെയാണ് ഈ മരം നട്ടത്. എല്ലാ മതസ്ഥരും സൗഹാര്‍ദത്തില്‍ ജീവിക്കുന്ന നാടാണ് മലപ്പുറം. ഉത്സവം നടത്താന്‍വരെ നാട്ടുകാര്‍ ഒന്നിച്ചുനില്‍ക്കുന്നുവെന്നും ഈ സൗഹൃദം എന്നുമെന്നും നിലനിര്‍ത്താനാണ് ശ്രമമെന്നുംത്രിപുരാന്തക ക്ഷേത്രം പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും കൂട്ടിച്ചേര്‍ത്തു.

‘മൈത്രി’ക്ക് പുറമെ ക്ഷേത്രഭാരവാഹികള്‍ ഒരു റമ്പൂട്ടാന്‍ തൈകൂടി അമ്പലമുറ്റത്ത് നട്ടു. വ്യാഴാഴ്ച മലപ്പുറം സെയ്ന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഫാ. കെ.എസ്. ജോസഫ്, പാണക്കാട് സാദിഖലി തങ്ങള്‍ എന്നിവര്‍ ചേര്‍ന്നും മരം നട്ടിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പുകൊണ്ടിടിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വിവാദം ആളിക്കത്തുന്നു. ഹരിയാണ ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ദ് മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറി സുല്‍ത്താന്‍ സിങിനെ ഒരു ദാക്ഷിണ്യവുമില്ലാതെ ചെരുപ്പുകൊണ്ടടിച്ച ബിജെപി നേതാവ് സൊണാലി ഫോഗട്ടാണ് വിവാദത്തിലായിരിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം. ബല്‍സാമന്ദ് മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച് സൊണാലി ഫോഗട്ടും സുല്‍ത്താന്‍ സിങും തമ്മില്‍ തര്‍ക്കമുണ്ടായി. സംസാരത്തിനിടെ ക്ഷുഭിതയായ ഫോഗട്ട് സുല്‍ത്താന്‍ സിങിനെ ചെരുപ്പൂരി അടിക്കുകയായിരുന്നു.

സുല്‍ത്താന്‍ സിങ് തനിക്കെതിരെ സഭ്യതയില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അടിക്കാനിടയായതെന്ന് ഫോഗട്ട് പോലീസിന് മൊഴി നല്‍കി. സംഭവം നടക്കുമ്പോള്‍ പോലീസുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടിരുന്നില്ല.

ഇതിന് പിന്നാലെ ബിജെപി നേതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ‘നിങ്ങളെ പോലെയുള്ളവരില്‍ നിന്നുള്ള അധിക്ഷേപം സഹിച്ചാണോ ഞാന്‍ പ്രവര്ത്തിക്കേണ്ടത്? മാന്യമായ ജീവിതം നയിക്കാന്‍ എനിക്ക് അവകാശമില്ലേ. നിങ്ങള്‍ക്ക് ജീവിച്ചിരിക്കാന്‍ ഒരു തരത്തിലും അര്‍ഹതയില്ല’ എന്ന് ഫോഗട്ട് സുല്‍ത്താന്‍ സിങ്ങിനോട് പറയുന്നത് വ്യക്തമായി കേള്‍ക്കാം.

ഇതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് ബിജെപി നേതാവിനെതിരെ ഉയര്‍ന്നത്. സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സംഭവത്തില്‍ ഫോഗട്ടിനെതിരെ നടപടി സ്വീകരിക്കുമോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വീഡിയോ ട്വിറ്ററിലൂടെ പങ്കു വെച്ചു കൊണ്ട് കുറിച്ചു. സര്‍ക്കാര്‍ജോലി ചെയ്യുന്നത് ഒരു കുറ്റമാണോയെന്നും മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് ശരിയാണോയെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനായി തന്റെ നഗ്നചിത്രം ലേലത്തിന് വെച്ച് അമേരിക്കന്‍ താരം ജെന്നിഫര്‍ ആനിസ്റ്റണ്‍. തന്റെ 25-ാം വയസില്‍ ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് സെലിഗര്‍ പകര്‍ത്തിയ ചിത്രമാണിത്. അദ്ദേഹത്തോടൊപ്പം ചേര്‍ന്നാണ് ആനിസ്റ്റണ്‍ ചിത്രം ലേലം ചെയ്യുന്നത്.

ചിത്രം വിറ്റു കിട്ടുന്ന തുക മുഴുവന്‍ നാഫ്ക്ലിനിക്‌സിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ആനിസ്റ്റണ്‍ പോസ്റ്റ് ചെയ്തു. മാര്‍ക്ക് സെലിഗര്‍ പകര്‍ത്തിയ ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ ഇതുപോലെ ലേലം ചെയ്യുന്നുണ്ട്. ലിയാനാര്‍ഡോ ഡി കാപ്രിയോ, ഓപ്ര വിന്‍ഫ്രേ തുടങ്ങിയവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

‘ദ ഗുഡ് ഗേള്‍’, ‘ഓഫീസ് സ്‌പേസ്’, ‘ദ ബ്രേക്ക് അപ്പ്’, ‘ബ്രൂസ് ഓള്‍മൈറ്റി’, ‘ഡംപ്ലിന്‍’ എന്നിവയാണ് ജെന്നിഫര്‍ ആനിസ്റ്റണിന്റെ ഹിറ്റ് ചിത്രങ്ങള്‍.

 

പ്രമുഖ ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു. ടെലികോം വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സുരക്ഷാ പ്രശ്നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം.

വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വലിയ ഫയലുകള്‍ ഇന്റര്‍നെറ്റ് വഴി കൈമാറുന്നതിന് ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സേവനമാണ് വി ട്രാന്‍സ്ഫര്‍. 2 ജിബി വരെയുള്ള ഫയലുകള്‍ അയക്കാന്‍ സാധിക്കുന്നതായിരുന്നു. വി ട്രാന്‍സ്ഫര്‍ പ്രീമിയം ഉള്ളവര്‍ക്ക് 2 ജിബിയിലും വലിയ ഫയലുകള്‍ സെന്‍ഡ് ചെയ്യാന്‍ സാധിക്കും. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വര്‍ധിച്ചതോടെ വി ട്രാന്‍സ്ഫറിന്റെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു.

മെയ് 18നാണ് ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ആദ്യ നോട്ടിസ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സിന് അയക്കുന്നത്. ആദ്യം രണ്ട് നിശ്ചിത യുആര്‍എലിന് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ വി ട്രാന്‍സ്ഫര്‍ വെബ്സൈറ്റിന് മൊത്തമായി നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ വി ട്രാന്‍സ്ഫര്‍ ഒരു മെസഞ്ചര്‍ സര്‍വീസ് മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാം അയക്കുന്ന ഡേറ്റകള്‍, ഫയലുകള്‍ എന്നിവ അവര്‍ക്ക് ലഭിക്കില്ല.

അതേസമയം, രാജ്യത്ത് വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമല്ല. മാല്‍വെയറുകള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റുകള്‍, പോണ്‍ വെബ്സൈറ്റുകള്‍, ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വെബ്സൈറ്റുകള്‍ എന്നിവ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.

ഫൈസൽ നാലകത്ത്

ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്‍ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച് ഭാഷകളില്‍ മലയാളത്തിന്റെ മഹാ പ്രതിഭകള്‍ ഒത്തുചേർന്ന് FOR THE WORLD എന്ന പേരിൽ ഒരു സംഗീത സമര്‍പ്പണം ഒരുക്കിയിരിക്കുന്നു. ‘A Musical Salute to The Warriors of Humanity’ എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഈ സമാധാന ഗീതം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ മനോഹരമായ ഗാനത്തിന്റെ ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍ ആണ്. ദൃശ്യാവിഷ്‌ക്കാരം ചെയ്തിരിക്കുന്നത് യൂസഫ് ലെന്‍സ്മാന്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാരിയര്‍, റഹ്മാന്‍, മംമ്ത, ജയറാം, നിവിൻ പോളി, ബിജുമേനോന്‍, ജയസൂര്യ,  ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, ആന്റണി വര്‍ഗ്ഗീസ് പെപ്പെ, മനോജ് കെ ജയന്‍, ഇർഷാദ് അലി, ശങ്കര്‍ രാമകൃഷ്ണന്‍,  സിജോയ് വര്‍ഗ്ഗീസ്, അഹാന കൃഷ്ണ, സാനിയ, ലാല്‍ ജോസ്, റോഷന്‍ ആന്‍ഡ്രൂസ്, ആഷിഖ് അബു, സക്കറിയ തുടങ്ങിവരും ഈ സന്തോഷം സോഷ്യല്‍മീഡിയ പേജി വഴി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നീ വ്യത്യസ്തമായ അഞ്ചു ഭാഷകളിലായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.ഇത്രയേറെ  പ്രശസ്ത താരങ്ങൾ ഒരു മ്യൂസിക് വിഡിയോവിന്റെ പ്രൊമോഷന് വേണ്ടി ഒന്നിക്കുന്നത് ഇതാദ്യമായാണെന്നതും ഈ പാട്ടിനെ ശ്രദ്ധെയമാക്കുന്നു.

ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ച രാം സുരേന്ദർ ചിത്രീകരണം പൂർത്തിയായ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത  ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.

ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍, അല്‍ഫോന്‍സ് ജോസഫ്, പ്രശസ്ത ഗായകരായ അഫ്‌സല്‍, സിതാര, വൈഷ്ണവ് ഗിരീഷ് , നിരഞ്ച് സുരേഷ്, കാവ്യ അജിത്, റംഷി അഹമ്മദ്, കൂടാതെ പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ റിയാസ് ഖാദിര്‍ RQ, അറബിക് ഗായകന്‍ റാഷിദ് (UAE) തുടങ്ങിയവര്‍ ആണ് ആലപിച്ചിട്ടുള്ളത്.  ഗാനത്തിന്റെ  മലയാള രചന നിര്‍വഹിച്ചത് ഷൈന്‍ രായംസാണ്. ഹിന്ദിയില്‍ രചിച്ചത് ഫൗസിയ അബുബക്കര്‍ , തമിഴ് രചിച്ചത് സുരേഷ്‌കുമാര്‍ രവീന്ദ്രന്‍, ഇംഗ്ലീഷ് ചെയ്തിരിക്കുന്നത് റിയാസ് ഖാദിര്‍ RQ , അറബിക് രചന റാഷിദ് (UAE) ആണ്.

പ്രൊജക്റ്റ് മാനേജര്‍ : ഷംസി തിരുര്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ഫായിസ് മുഹമ്മദ്. വാര്‍ത്താ പ്രചരണം – എ.എസ്.ദിനേശ് ആണ്. ഈ മനോഹരമായ ഗാനം പ്രേക്ഷകര്‍ക്ക് ഒരുക്കിയിരിക്കുന്നത് ലെന്‍സ്മാന്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ സെലിബ്രിഡ്ജും എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേര്‍ന്നാണ്.

ഭീമന്‍ രാജവെമ്പാലയെ ബക്കറ്റില്‍ വെള്ളമൊഴിച്ച് കുളിപ്പിക്കുന്ന മനുഷ്യന്റെ വീഡിയോ വൈറലായിരിക്കുന്നു. 51 സെക്കന്റുള്ള വീഡിയോയ്ക്ക് ട്വിറ്ററില്‍ ലഭിച്ചത് 73000 വ്യൂ ആണ്. കേരളത്തിലെ വാവ സുരേഷ് ആണിത് എന്നാണ് പലരും പറഞ്ഞത്. എന്നാല്‍ വാവ സുരേഷ് അല്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പാമ്പിന്റെ തലയില്‍ ബക്കറ്റില്‍ നിന്ന് വെള്ളമൊഴിച്ചുകൊടുക്കുന്നു. രാജവെമ്പാല വളരെ ശാന്തമായിരിക്കുന്നു. തലയിൽ ഒന്നുരണ്ട് തവണ തൊട്ടുനോക്കിയ ശേഷം വീണ്ടും വെള്ളമൊഴിക്കുന്നു. അതേസമയം ഇതാരും വീടുകളില്‍ അനുകരിക്കാന്‍ ശ്രമിക്കരുതെന്നും ഫലം അപകടമായിരിക്കുമെന്നും സുശാന്ത നന്ദ മുന്നറിയിപ്പ് നല്‍കുന്നു.

 

വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന മനുഷ്യനെ ജനക്കൂട്ടം കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഈ വീഡിയോ രോഷത്തോടെ പലരും ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെ നഷ്ടപ്പെട്ടതിലും ഇരട്ടിപ്പണം അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തി. എട്ടുലക്ഷത്തോളം രൂപ ഇതിനോടകം അക്കൗണ്ടില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈവണ്ടിയില്‍ മാമ്പഴക്കച്ചവടം ചെയ്തു ജീവിക്കുന്ന ഛോട്ടുവിനെയാണ് ജനക്കൂട്ടം കൊള്ളയടിച്ചത്. ഡല്‍ഹി ജഗത്പൂരിയിലെ ഒരു സ്‌കൂളിന് മുന്നിലായിരുന്നു ഛേട്ടുവിന്റെ കച്ചവടം.

കൊവിഡ് നിയന്ത്രണങ്ങളൊക്കെ ഉള്ളതിനാല്‍ ഒരു വിഭാഗം പേര്‍ ഉന്തുവണ്ടി ഇവിടെ നിന്ന് മാറ്റണം എന്ന് ഛോട്ടുവിനോട് ആവശ്യപ്പെട്ടു. ഇതു അനുസരിച്ച് ഉന്തുവണ്ടി മാറ്റിയിട്ട് തിരികെ വന്നപ്പോള്‍ ഇദ്ദേഹം വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്ന 15 കൂട മാമ്പഴങ്ങള്‍ ജനക്കൂട്ടം കൊണ്ടുപോയിരുന്നു. ഏകദേശം 30,000 രൂപയുടെ മാമ്പഴമാണ് ഇത്തരത്തില്‍ ആളുകള്‍ കൊണ്ടുപോയത്.

ജനം തിക്കിത്തിരത്തി മാമ്പഴവുമായി പോകുന്നത് സമീപത്തെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ഈ വീഡിയോ വൈറലായതിന് പിന്നാലെ എന്‍ഡിടിവി ഛോട്ടുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി. ഇതോടെയാണ് സഹായങ്ങള്‍ എത്താന്‍ തുടങ്ങിയത്.

 

ഐസ് ക്യൂബുകള്‍ മഴയായി പെയ്യുന്ന പ്രതിഭാസമാണ് ആലിപ്പഴം. അപൂര്‍വ്വമായിട്ടേ ആലിപ്പഴം പൊഴിയുന്നത് കാണാറുള്ളൂ. മെക്‌സിക്കോയിലെ മോന്‍ഡെമോറെലോസ് നഗരത്തില്‍ മറ്റൊരു പ്രതിഭാസം കണ്ടു. ആലിപ്പഴം പൊഴിഞ്ഞപ്പോള്‍ കൈയ്യിലെടുത്തു നോക്കിയപ്പോഴാണ് ഞെട്ടിയത്.

ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്‌സിക്കോയില്‍ പൊഴിഞ്ഞ ആലിപ്പഴങ്ങളും. ഇത് ഇപ്പോള്‍ ആളുകളില്‍ കൂടുതല്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ദൈവം തന്ന അജ്ഞാതമായ സന്ദേശമാണെന്ന് പറയുന്നവരും ഏറെ.

ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൂടുതല്‍ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ജോസ് മിഗ്വല്‍ വിനസ് പറഞ്ഞു.

Copyright © . All rights reserved