ഒരു മാസത്തിനു ശേഷം കുഞ്ഞ് എല്‍വിനെ കണ്ടതിന്റെ സന്തോഷത്തിലാണ്
എല്‍ദോസും ഷീനയും, എന്നാല്‍ തൊട്ടപ്പുറത്ത് കണ്ണീര്‍ തുടയ്ക്കുകയാണ് ഡോക്ടര്‍ മേരി അനിത. കുഞ്ഞനുജനെ വിട്ടുപിരിയുന്ന സങ്കടമുണ്ട് നിമ്രോദിനും മനാശെയ്ക്കും മൗഷ്മി ഇസെബെലയ്ക്കും.

കഴിഞ്ഞ ഒരുമാസമായി ഈ ഡോക്ടറമ്മയായിരുന്നു എല്‍വിന്റെ അമ്മ. ‘ഒരു മാസം അവനും ഞാനും മാത്രം, ഇന്ന് കുഞ്ഞിനെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഈശ്വരന്‍ ഏല്‍പിച്ച ഒരു ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷമുണ്ട്. എന്നാലും സങ്കടം എന്നു പറഞ്ഞാല്‍ പോരാ, സഹിക്കാനാവാത്തത്ര സങ്കടമുണ്ട്’ ഡോ. മേരി അനിത പറയുന്നു.

മാതാപിതാക്കളുടെ കോവിഡ് ഫലം പോസിറ്റീവ് ആകുകയും ആറു മാസം മാത്രം പ്രായമായ മകന്‍ നെഗറ്റിവ് ആകുകയും ചെയ്തതിനെ തുടര്‍ന്ന് ആരു നോക്കാനില്ലാത്ത കുഞ്ഞിന് കഴിഞ്ഞ ഒരു മാസമായി അമ്മയായി മാറുകയായിരുന്നു ഡോക്ടര്‍ മേരി അനിത. ഒരു മാസമായി മേരി അനിത, സ്വന്തം കുടുംബത്തില്‍ നിന്ന് അകന്ന് കുഞ്ഞിനോടൊപ്പം ക്വാറന്റിനിലായിരുന്നു.

ഹരിയാനയിലെ ആശുപത്രിയില്‍ നഴ്‌സിങ് ജോലിയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശികളായ ഷീനയ്ക്കും ഭര്‍ത്താവിനും കോവിഡ് പോസിറ്റീവാകുകയും ആറു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തു.

കോവിഡ് പോസിറ്റീവായ ആളുകളുടെ വാര്‍ഡില്‍ എങ്ങനെ കുഞ്ഞിനെ താമസിപ്പിക്കും? മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞിനെ ആരെ ഏല്‍പിക്കും? പെരുമ്പാവൂരിലെ വീട്ടിലുള്ളതു പിതാവിന്റെ മുത്തശ്ശിയും രോഗിയായ മുത്തച്ഛനും മാത്രം. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും അധികൃതരും കുഴങ്ങി. ശിശുക്ഷേമ സമിതി മുന്‍പാകെ പ്രശ്‌നമെത്തി.

ഒടുവില്‍, അന്വേഷണം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് എന്ന സ്ഥാപനം നടത്തുന്ന ഡോ. അനിതയിലെത്തി. ഇത്തരം കുട്ടികള്‍ക്കായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ‘ജ്യോതി’ എന്ന പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ കൂടിയായ അനിത ആ ദൗത്യം ഏറ്റെടുത്തു. അഭിഭാഷകനായ ഭര്‍ത്താവും 3 മക്കളും പിന്തുണച്ചു.

അങ്ങനെ ഉണ്ണിക്കൊപ്പം അനിത കഴിഞ്ഞ 15ന് ക്വാറന്റീനില്‍ പ്രവേശിച്ചു. 19നു കുഞ്ഞിന്റെ രണ്ടാം ടെസ്റ്റിലും ഫലം നെഗറ്റീവ്. കഴിഞ്ഞ 21-ാം തിയതി വരെ ഞാനും ഉണ്ണിയും കളമശ്ശേരി മെഡിക്കല്‍ കോളെജിലായിരുന്നു. കുഞ്ഞിന്റെ ഫലം നെഗറ്റീവായതോടെ 23-ന് രാത്രി ഫ്‌ളാറ്റിലേക്ക് വരുകയായിരുന്നു.

എറണാകുളത്തെ ഞങ്ങളുടെ ഫ്‌ലാറ്റിലെ തന്നെ മറ്റൊരു ബ്ലോക്കിലാണ് ഉണ്ണിയ്‌ക്കൊപ്പം ഞാനും ക്വാറന്റൈനില്‍ കഴിഞ്ഞത്. ആദ്യത്തെ ദിവസമൊക്കെ അവന്‍ കരച്ചിലും ബഹളവുമുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞതോടെ ഞാനുമായി അവന്‍ സൗഹൃദമായി.

ഭര്‍ത്താവിന്റെയും മക്കളുടെയും പിന്തുണ കൊണ്ടാണെനിക്ക് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ സാധിക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അഞ്ചാംക്ലാസ്സുകാരി മിവ്ഷ്മി ഇസബെല്ലിന് പുറമെ 12-ല്‍ പഠിക്കുന്ന നിംരോധും എഴാം ക്ലാസ്സുകാരന്‍ മനാസെയുമാണ് ഡോ. മേരിയുടെ മക്കള്‍. അഡ്വ.സാബുവാണ് ഭര്‍ത്താവ്.

വൈറ്റിലയിലെ അനിതയുടെ ഫ്‌ലാറ്റില്‍വച്ചായിരുന്നു എല്‍വിനെ അവന്റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. മനസ് പറിച്ചു നല്‍കുന്ന സങ്കടത്തിലാണ് കുഞ്ഞിനെ കൈമാറിയതെന്ന് ഡോ.മേരി അനിത പറയുന്നു. ‘മക്കള്‍ക്കും സങ്കടമായി. അവനും വലിയ സങ്കടമായിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം പോയിട്ടും കളിചിരികളൊന്നുമില്ലെന്നാണ് അറിഞ്ഞത്. അപരിചിത സ്ഥലത്തെത്തിയ പോലെ.

ഇന്നു വൈകിട്ട് നമുക്ക് അവനെ കാണാന്‍ പോയാലോ എന്ന് മക്കള്‍ പറഞ്ഞപ്പോള്‍ നിരുല്‍സാഹപ്പെടുത്തുകയായിരുന്നു… മേരി അനിത പറയുന്നു.

ഡോക്ടര്‍ മേരി അനിതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ലെന്ന് ഡോ. അനിതയുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹജീവികളോട് കാണിക്കുന്ന നിസ്വാര്‍ഥമായ സ്‌നേഹത്തിനും ത്യാഗത്തിനും ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാര്‍ദ്ദമായി നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

അഭൂതപൂര്‍വമായ ഒരു പ്രതിസന്ധിയിലൂടെ നമ്മള്‍ കടന്നു പോകുന്ന ഒരു കാലമാണിത്. ലോകമൊന്നടങ്കം ഒരു മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്. രോഗത്തിനു വിട്ടുകൊടുക്കാതെ ഓരോ മനുഷ്യന്റേയും ജീവന്‍ സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്. അതിനായി എല്ലാവരും ഒത്തൊരുമിച്ച് ഐക്യത്തോടെ നിലയുറപ്പിച്ചേ തീരൂ. ആ ലക്ഷ്യം നിറവേറ്റാന്‍ നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധം മനുഷ്യത്വമാണ്, നമ്മുടെ സഹജീവികളോടുള്ള കറകളഞ്ഞ സ്‌നേഹമാണ്.

ആ സ്‌നേഹത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണ് ഡോ. മേരി അനിതയും കുടുംബവും നമുക്ക് മുന്നില്‍ തീര്‍ത്തത്. അമ്മയും അച്ഛനും ക്വാറന്റൈനില്‍ പോകേണ്ടി വന്ന സാഹചര്യത്തില്‍ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുക്കുകയും, ഒരു മാസത്തോളം ആ കുഞ്ഞിന്റെ സംരക്ഷണ ചുമതല അവര്‍ നിര്‍വഹിക്കുകയും ചെയ്തു. നിസ്വാര്‍ഥമായ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ഈ ഗാഥകളാണ് ഈ കാലത്ത് നമ്മുടെ പ്രതീക്ഷയും പ്രചോദനവുമാകുന്നത്. ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാര്‍ദ്ദമായി നന്ദി പറയുന്നു. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ല. നമ്മളീ കാലവും മറികടന്നു കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകും.