Social Media

കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. മിഷിഗണിൽ താമസിക്കുന്ന ചങ്ങനാശ്ശേരി വലിയ പറമ്പിൽ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 44 ആയി.

അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 47,750 ആയി. ഇതുവരെ രോഗം ബാധിച്ചത് 8,52,703 പേർക്കാണ്. കൊറോണ ബാധിച്ച് ഏറ്റവും അധികം മലയാളികൾ മരിച്ചത് അമേരിക്കയിലാണ്. ഗൾഫ് നാടുകളിലാകെ ഇതുവരെ മരിച്ചത് 16 മലയാളികളാണ്.

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ എസ്എസ് രാജമൗലി. ചിത്രം ബോറടിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രം കണ്ട് പകുതിയെത്തിയപ്പോഴേയ്ക്കും ഉറങ്ങിപ്പോയതായും അദ്ദേഹം പറയുന്നു. തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പാരസൈറ്റിനെ വിമര്‍ശിച്ച് പ്രതികരിച്ചത്. ചിത്രത്തില്‍ ഇന്ററസ്റ്റിംഗ് ആയി ഒന്നും തോന്നിയില്ലെന്നും അദ്ദേഹം പറയുന്നു.

ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള എസ്എസ് രാജമൗലിയുടെ ബാഹുബലി സീരിസ് ലോകം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. മികച്ച ചിത്രങ്ങളെ പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം കേട്ടതിന്റെ അമ്പരപ്പിലാണ് പാരസൈറ്റ് ചിത്രത്തിന്റെ ആരാധകരും. ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന ഏഷ്യന്‍ ചിത്രമായി ചരിത്രമായിരുന്നു.

ജോക്കര്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ഐറിഷ് മാന്‍ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ചായിരുന്നു പാരസൈറ്റിനെ തേടി ഓസ്‌കാര്‍ അവാര്‍ഡ് എത്തിയത്. രാജമൗലിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പാരസൈറ്റ് ആരാധകരും രാജമൗലി ആരാധകരും വാക്ക് തര്‍ക്കവുമായി രംഗത്ത് വന്നിട്ടുണ്ട്.

ലോകം കണ്ട മഹാമാരിയായ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നടത്തിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയിലൂടെ പോപ് ഗായിക ലേഡി ഗാഗ സമാഹരിച്ചത് 979 കോടി രൂപ. ഗായികയുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടത്തിയ വണ്‍ വേള്‍ഡ്: ടുഗെതര്‍ അറ്റ് ഹോം എന്ന പരിപാടിയിലൂടെയാണ് ആണ് ഇത്രയും വലിയ തുക സമാഹരിച്ചത്.

ഏപ്രില്‍ 18ന് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഓണ്‍ലൈന്‍ ലൈവ് പരിപാടിയില്‍ ബോളിവുഡ് താരങ്ങളും അണിനിരന്നിരുന്നു. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരാണ് നിറഞ്ഞു നിന്നത്. ഇതിനു പുറമെ, സ്റ്റീവ് വണ്ടര്‍, പോള്‍ മാക് കാര്‍ട്ട്ണി, എല്‍ടണ്‍ ജോണ്‍, ടെയ്ലര്‍ സ്വിഫ്റ്റ് തുടങ്ങിയവരുമെത്തിയിരുന്നു. ഫണ്ട്റെയ്സറായി ആരംഭിച്ചതല്ലെങ്കിലും പിന്നീട് അമേരിക്കയില്‍ ഈ പരിപാടി ജനപ്രീതി നേടിയതോടെ സംഭാവനകള്‍ ഒഴുകുകയായിരുന്നു.

ഗ്ലോബല്‍ സിറ്റിസണ്‍ എന്ന സംഘടനയാണ് ഈ ഷോയ്ക്കു പിന്നില്‍. പരിപാടിയിലൂടെ ലഭിച്ച വരവ് കൊറോണ വൈറസ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങല്‍ക്കായി വിനിയോഗിക്കുമെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ ട്വീറ്റ് ചെയ്തു.

 

സ്വന്തം ലേഖകൻ

കോവിഡ് 19 ബാധിച്ച് മരിക്കുന്നവരിൽ കൂടുതൽ പേരും ബ്ലാക്ക്, ഏഷ്യൻ ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവർ ആണെന്ന വാർത്ത പരക്കുന്നു. എന്നാൽ ഇതിനെ പറ്റി രണ്ട് വസ്തുതകളാണ് ഡോക്ടർമാർക്ക് പറയാനുള്ളത്, ആളുകൾ തിങ്ങിക്കൂടി താമസിക്കുന്ന പാർപ്പിട വ്യവസ്ഥയിൽ നിന്നുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്, രണ്ടാമതായി സൗത്ത് ഏഷ്യൻ രോഗികൾക്ക് കൂടുതലായി പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ കണ്ടുവരുന്നു. ഏകാന്തവാസം നയിക്കുന്ന രോഗികളെ സംബന്ധിച്ച് സ്മാർട്ട്ഫോൺ വലിയ ഒരു അനുഗ്രഹമാണ്, അവർക്ക് ഉറ്റവരോടും ബന്ധുക്കളോടും ഒപ്പമാണ് എന്ന തോന്നൽ സൃഷ്ടിച്ചെടുക്കാനാവും, എന്നാൽ അതേസമയം തന്നെ സോഷ്യൽ മീഡിയകളിലൂടെ വരുന്ന വ്യാജ വാർത്തകൾ അവരുടെ മാനസികാരോഗ്യത്തെയും, ശുഭാപ്തി വിശ്വാസത്തെയും തകർക്കുന്നുണ്ട്. വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചു പരത്തുമ്പോൾ വെട്ടിലാവുന്നത് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആണ്. ബ്രാഡ്ഫോർഡിലെ ഒരാശുപത്രിയിൽ വെള്ളക്കാർ അല്ലാത്ത രോഗികളെ മരണത്തിനു വിട്ടു കൊടുത്തിരിക്കുകയാണ്, എന്ന വ്യാജ വാർത്ത ആയിരക്കണക്കിനു തവണയാണ് ഫോർവേഡ് ചെയ്യപ്പെട്ടത്.

വാർത്തകളിലൊന്ന് ” എന്റെ വിവരങ്ങൾ പുറത്തു വിടരുത്, ഞാൻ ബി ആർ ഐ ഹോസ്പിറ്റൽ ട്രസ്റ്റിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെ സമുദായത്തിൽ ആർക്ക് രോഗം വന്നാലും കഴിവതും ആശുപത്രിയിൽ പ്രവേശിക്കാതെ ഇരിക്കുക, ചിലപ്പോൾ നിങ്ങൾ ജീവനോടെ തിരിച്ചു വരില്ല. രോഗം മാറാൻ ബ്ലാക്ക് സീഡ് ഓയിൽ പതിവായി കഴിക്കുക”. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാരും ജീവനോടെ മടങ്ങുന്നില്ലെന്നും, ഇനി അഥവാ അവിടെവച്ച് മരണപ്പെട്ടാൽ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ കരിച്ചു കളയും തുടങ്ങിയ വ്യാജവാർത്തകളാണ് അതിവേഗം പ്രചരിക്കുന്നത്. ഇതിനോട് രോഗികൾ പ്രതികരിക്കുന്ന രീതിയും ഡോക്ടർമാർക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിച്ചാൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാതെയാകും. സ്വന്തം സമുദായത്തിൽ ഉള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന മനുഷ്യത്വമില്ലാത്ത രീതിയാണിത്. ഇത്തരത്തിലുള്ള ശബ്ദ സന്ദേശങ്ങളിൽ സ്വന്തം ബന്ധുക്കൾ മരിച്ചതിലുള്ള അടങ്ങാത്ത ദുഖവും രോഷവും ജ്വലിച്ചു നിൽക്കുന്നുണ്ട്. അത്രമാത്രം വിശ്വസനീയമായ രീതിയിൽ ആണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്. സൗത്ത് ഇംഗ്ലണ്ടിലെ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മുസ്ലിം നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇത്തരം വാർത്തകൾ പരത്തുന്നുണ്ട് എന്നത് ആശങ്കാവഹമാണ്‌.

 

അതേസമയം, ഇതിനെതിരായി സത്യസന്ധമായ വാർത്തകൾ പുറത്തുവിടാൻ ശ്രമിക്കുന്നുണ്ട്, പല രോഗികളും. രോഗം ഭേദമായവരും, ചികിത്സയിൽ പുരോഗതി നേരിട്ടുകൊണ്ടിരിക്കുന്ന രോഗികളും തങ്ങളുടെ ചെറിയ വീഡിയോകൾ പുറത്തു വിടുന്നുണ്ട്. ബ്രാഡ്ഫോർഡിൽ ചികിത്സയിൽ കഴിയുന്ന അലി ജാൻ ഹൈദർ തന്നെ വ്യാജ വാർത്തകൾ പൊളിച്ചടുക്കുന്ന രീതിയിൽ വീഡിയോ ചെയ്തിരുന്നു. അതിനുശേഷം തങ്ങൾക്ക് ലഭിച്ച പിന്തുണ വളരെ കൂടുതലായിരുന്നു എന്ന് ബ്രാഡ് ഫോർഡിലെ എൻ എച്ച് എസ് സ്റ്റാഫ് പറഞ്ഞു. രോഗം പരത്തുന്നതിന് ചിലർ മുസ്ലീങ്ങളെ വിമർശിക്കുന്നത് കണ്ടു, എന്നാൽ മിക്ക പള്ളികളും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അടച്ചിടുകയായിരുന്നു എന്ന് ബ്രാഡ്ഫോർഡിലെ പള്ളികളുടെ പ്രസിഡണ്ടായ സുൽഫി കരീം പറഞ്ഞു. റമസാൻ മാസം മുഴുവൻ വിശ്വാസികൾ വീടിനകത്തു തന്നെ ചെലവഴിക്കേണ്ടിവരും.

സ്വന്തം ലേഖകൻ

ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിച്ച 27കാരിയായ അമ്മയുടെ കാലുകൾക്ക് ഗുരുതര പരിക്ക്. യുവതലമുറയുടെ ഹരമായ ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിക്കുന്നതിനിടെയാണ് 27കാരിയായ അമ്മയുടെ കണങ്കാലുകൾ തകർന്നത്. കൗണ്ടി ഡർഹാമിലെ ചെസ്റ്റർ -ലെ – സ്ട്രീറ്റിൽ നിന്നുള്ള സഫയർ ചാൾസ്വത്തും കാമുകി നാഡ്ജലെയുമാണ് ‘ഓ നാ നാ ‘ ചലഞ്ച് പരീക്ഷിച്ചത്. പക്ഷേ പ്രതീക്ഷിച്ച ഫലം ആയിരുന്നില്ല അവരെ കാത്തത്. രണ്ടു കുട്ടികളുടെ അമ്മയായ നാഡ്‌ജെലെയുടെ കണങ്കാലുകൾക്ക് സാരമായ ഒടിവുണ്ടെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. സ്ലിം ബർനാനായുടെ ‘ഓ നാ നാ നാ ‘ എന്ന ഭാഗത്തിന് വ്യത്യസ്ത കോണുകളിൽ നിന്ന് കാലുകൾ തട്ടുന്ന ചലഞ്ച് ടിക് ടോക്ക് ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു .


സോഷ്യൽ മീഡിയയിൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരും സജീവമാണ്. സെൽഫി ഭ്രമം ജീവനെടുത്ത സംഭവം നിരവധിയാണ്. ടിക് ടോക്കിൽ തരംഗമാകാനുള്ള ശ്രമത്തിൽ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഉള്ള സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തും വൈറൽ ആക്കാനുള്ള ശ്രമത്തിനിടയിൽ പറ്റുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരത്തെ തുടർന്നാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.

ലോക്ക് ഡൗൺ കാലത്തും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതും ഒരു മലയാളിയുടെ. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ഉഴുന്നവടയെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന ഒരാളുടെ വീഡിയോ ആയിരുന്നു അത്. ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്.

“ഇത് യൂട്യൂബിൽ കണ്ടാണ് ഉണ്ടാക്കിയത്. നടുക്ക് ഓട്ടയുള്ളതിനാൽ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടിൽ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആൾക്കാൾ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വിൽപന നടത്താറുണ്ട്”- ഇതായിരുന്നു വീഡിയോയിൽ ജോസ് എന്നയാൾ പറഞ്ഞിരുന്നത്. നല്ല ഭക്ഷണമാണ് ഇത് നിങ്ങളും ഉണ്ടാക്കി ഉപയോഗിക്കണമെന്ന ഉപദേശവും നൽകുന്നുണ്ട്.

എന്നാൽ വീഡിയോയെ കാത്തിരുന്നത് തെറിയഭിഷേകവും ട്രോളുകളുമായിരുന്നു. ഇതിനിടെ എന്താണ് ശരിക്കും സംഭവിച്ചതെന്നു വ്യക്തമാക്കിയുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

സുഹൃത്തുക്കളെ കാണിക്കാൻ തമാശയ്ക്ക് ചെയ്ത വീഡിയോ ആണിതെന്നാണ്  യുകെ മലയാളിയായ ജോസ് പറയുന്നത്. പണ്ട് നാട്ടിൽ തനിക്ക് വടയും ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകൾ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. വർഷങ്ങൾക്കും ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ സ്ഥലത്തു നിന്നും തെറിവിളി കിട്ടിയെന്നും ഈ ആലുവക്കാരൻ പുതിയ വീഡിയോയിൽ സമ്മതിക്കുന്നു

ലോക്ക്ഡൗണില്‍ അരി കിട്ടാതായപ്പോൾ രാജവെമ്പാലയെ കൊന്നുതിന്ന് ഭക്ഷണമാക്കി.
അരുണാചൽ പ്രാദേശിലാണ് സംഭവം. വേട്ടക്കാരുടെ സംഘമാണ് രാജവെമ്പാലയെ കൊന്ന് ഭക്ഷണമാക്കിയത്. 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി തോളിലിട്ടു നിൽക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

അതേസമയം, കോവിഡ് 19 ലോക്ക്ഡൗൺ കാരണം തങ്ങളുടെ കൈവശം അരിയൊന്നുമില്ലെന്ന് ഒരാൾ വീഡിയോയിൽ പറയുന്നത് കേൾക്കാം. വാഴയിലയിൽ വെച്ചാണ് രാജവെമ്പാലയെ കഷണങ്ങളാക്കി മുറിക്കുന്നതും വൃത്തിയാക്കുന്നതും.രാജവെമ്പാലയെ കൊല്ലുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

മലയാളിയുടെ ലൈംഗിക ആശങ്കൾ കൊറോണക്കാലത്തും തലപൊക്കി. കൊറോണക്കാലത്ത് ലൈംഗികത വേണമോ വേണ്ടയോ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. പങ്കാളിയില്‍ നിന്ന് തനിക്ക് കൊറോണ പകരുമോ? മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പിടുമുറുക്കുമോ തുടങ്ങി ഒരു കൂട്ടം സംശയങ്ങളാണ്. ആശങ്കള്‍ ട്രോളുകളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അതിനു പിന്നില്‍ അല്‍പം കാര്യമുണ്ടെന്ന് പറയുകയാണ് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വൈകിട്ടെന്താ പരിപാടി, അഥവാ കൊറോണക്കാലത്തെ ലൈംഗികത…
കൊറോണക്കാലം തുടങ്ങിയ ഉടനെതന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു വാട്സ് ആപ്പ് ട്രോൾ ഫോർവേഡ് ചെയ്തുതന്നു.
ഒരു വനിത മാസികയുടെ ഓഫീസിലെ ചർച്ചയാണ് വിഷയം.
സബ് എഡിറ്റർ എഡിറ്ററോട് ചോദിക്കുന്നു,
“ബോസ്, വരുന്ന ലക്കത്തിലെ കവർ സ്റ്റോറി എന്താണ് ?
“സംശയമെന്ത്, കൊറോണക്കാലത്തെ ലൈംഗികത !”
സത്യം പറഞ്ഞാൽ ഈ ട്രോളിൽ അല്പം സത്യമുണ്ട്. വനിതയിൽ ഞങ്ങൾ ലൈംഗികതയെക്കുറിച്ച് സീരീസ് എഴുതുന്നതിനാൽ കൊറോണയുടെ തുടക്ക കാലത്ത് തന്നെ ഈ വിഷയത്തിൽ ഒരു ലേഖനം എഴുതുന്നത് ഞങ്ങൾ ചർച്ച ചെയ്തിരുന്നു.

സാധാരണ കാലത്ത് തന്നെ ലൈംഗികത പൊതുരംഗത്ത് പോയിട്ട് പങ്കാളിയോട് പോലും തുറന്നു സംസാരിക്കാൻ മടിയുള്ളവരാണ് മലയാളികൾ. ഇതിപ്പോൾ കൊറോണപ്പേടിയിൽ ഇരിക്കുന്ന മലയാളികളുടെ മുന്നിലേക്ക് ലൈംഗികതയുമായി ചെന്നാൽ അത് അനാവശ്യ വിവാദം ഉണ്ടാക്കിയേക്കാമെന്നും, ഉപയോഗപ്രദമായ മറ്റു ലേഖനങ്ങൾ എഴുതുന്നതിന്റെ മൂഡ് മാറ്റിയേക്കാമെന്നും തോന്നിയതിനാൽ എഴുതിയില്ല.
ഇപ്പോൾ കേരളത്തിലെങ്കിലും കൊറോണപ്പേടി തൽക്കാലം ഒന്ന് കുറഞ്ഞതിനാൽ ഇനി നമുക്ക് കൊറോണക്കാലത്തെ ലൈംഗികതയെ പറ്റി സംസാരിക്കാം.

ആറടി ദൂരത്തിൽ ചാടുന്ന വൈറസ്: വൈറസ് ബാധയുള്ളവരുടെ ആറടി അടുത്ത് എത്തുന്നവർക്കും, വൈറസ് ബാധിതർ സ്പർശിച്ച പ്രതലം സ്പർശിച്ചവർക്കും, വൈറസ് പകരാൻ സാധ്യതയുണ്ടെന്നിരിക്കെ ആറടിയും ചേർന്ന് കിടക്കുന്ന ലൈംഗിക വേഴ്ചയിലൂടെ രോഗം പകരാനുള്ള സാധ്യത വ്യക്തമാണല്ലോ. കോണ്ടം ഉപയോഗിച്ച് എയ്ഡ്സ് സാധ്യത കുറക്കുന്നത് പോലെ മാസ്ക് ഉപയോഗിച്ച് പൂർണ്ണമായും വൈറസിനെ തടഞ്ഞു നിർത്താനാവില്ല.

അതുകൊണ്ടുതന്നെ വൈറസ് പോസിറ്റീവ് ആണെന്ന് അറിയാവുന്നവരും, സംശയത്താൽ ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉള്ളവരും പരസ്പരം ശരീരത്തിൽ സ്പർശിച്ചുള്ള ലൈംഗിക ബന്ധങ്ങൾക്ക് പോകാതിരിക്കുന്നതാണ് ബുദ്ധി.
ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ ! – തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് അതിന്റെ ഭാവി, ലോക്ക് ഡൌണിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ കിട്ടുമോ എന്ന ടെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൊറോണക്കാലം മാനസിക സമ്മർദ്ദങ്ങളുടെയും കാലമാണ്. രോഗം വരുമോ എന്ന ടെൻഷൻ എല്ലാവർക്കും ഉണ്ടാകും. സാധാരണ നിലയിൽ എല്ലാവർക്കും കുറച്ചു സമയമെങ്കിലും വീട്ടിൽ നിന്നും മാറിനിൽക്കാനുള്ള അവസരമോ, മറ്റുള്ളവർ വീട്ടിൽ നിന്നും മാറി നിൽക്കുന്ന അവസരമോ കിട്ടും. ആ അവസരം പക്ഷെ ലോക്ക് ഡൗണിൽ കിട്ടുന്നില്ല. അതുണ്ടാക്കുന്ന ടെൻഷനും കൂടി ചേരുന്പോൾ ലൈംഗികത ആയിരിക്കില്ല പലരുടേയും മുൻഗണനയിലുള്ളത്. അത്തരം പങ്കാളികളെ ലൈംഗികതയും പറഞ്ഞു ചെന്ന് കൂടുതൽ വിഷമിപ്പിക്കരുത്.

ചുമ്മാ ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും വലിയ സ്‌ട്രെസ് ബസ്റ്റർ ആണ് സെക്സ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇവിടെ അനവധി സാദ്ധ്യതകൾ ഉണ്ട്. സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം. സ്വയംഭോഗത്തിന്റെ ഏറ്റവും വലിയ ഗുണം അത് രോഗം പരത്തുന്നുമില്ല, മറ്റാരുടെയും മൂഡിനെ ആശ്രയിച്ചിരിക്കുന്നുമില്ല എന്നതാണ്. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയുണ്ട്. കൈ സോപ്പിട്ട് ഇരുപത് സെക്കൻഡ് കഴുകാൻ മറക്കേണ്ട. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കിയാലേ പറ്റൂ.
‘എന്തിന്നധീരത ഇപ്പോൾ തുടങ്ങുക എല്ലാം നമ്മൾ പഠിക്കേണം’ – ക്വാറന്റൈണോ ഐസൊലേഷനോ മൂലം പങ്കാളി തൊട്ടടുത്തുണ്ടെങ്കിലും നേരിട്ട് ബന്ധപ്പെടാൻ പറ്റാതിരിക്കുന്നവർക്കും, ലോക്ക് ഡൌൺ മൂലം പങ്കാളികൾ അടുത്തില്ലാത്തവർക്കും ഫോൺ സെക്സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമാണ്. നിങ്ങൾ ഇതിന് മുൻപ് ചെയ്തിട്ടുണ്ടെങ്കിൽ അതൊന്ന് കൊഴുപ്പിച്ചെടുക്കാനും ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയമാണ്. ഈ വിഷയം പരിചയമില്ലാത്തവർക്ക് പരിചയസന്പന്നരിൽ നിന്നും നിർദ്ദേശങ്ങൾ പല ബ്രിട്ടീഷ് പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. നമ്മുടെ പത്രങ്ങൾക്ക് ഇതൊക്കെ എഴുതാൻ നാണമാണ്, അതുകൊണ്ട് ഇന്റർനെറ്റിൽ പോയി പരതിയാൽ മതി.

വീഡിയോ ചാറ്റ് വേണ്ട: ഫോൺ സെക്സിൽ ഹരം മൂത്തു വരുന്നവരും കൊഴുപ്പിക്കാൻ ശ്രമിക്കുന്നവരും ചെയ്യുന്ന അടുത്ത പടിയാണ് വീഡിയോയിൽ പരസ്പരം കണ്ടുകൊണ്ടും കാണിച്ചു കൊണ്ടുമുള്ള സെക്സ്. ലോകം മുഴുവൻ നാളെ നിങ്ങളുടെ വീഡിയോ ചാറ്റ് കാണണം എന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ ആ വഴിക്കു പോകാതിരിക്കുന്നതാണ് നല്ലത്. നഗ്ന വീഡിയോകൾ പകർത്തി അയക്കുന്നതും എല്ലാക്കാലത്തും റിസ്കി പരിപാടിയാണ്. ഡോണ്ട് ഡു… ഡോണ്ട് ഡു.

സെക്സ് ടോയ്‌സ് – യൂറോപ്പിൽ ഈ ലോക്ക് ഡൌൺ കാലത്ത് സെക്സ് ടോയ്സിന്റെ വിൽപ്പനയിൽ നാല്പത് ശതമാനത്തിലേറെ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്തത്. ലോക്ക് ഡൌണിൽ കൂടുതൽ സമയമുണ്ട്, കുറച്ച് മാനസിക സംഘർഷവും. അതുകൊണ്ട് അല്പം സന്തോഷത്തിലേക്ക് തിരിഞ്ഞേക്കാം എന്ന് ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യയിൽ പക്ഷെ ഈ വസ്തുക്കളുടെ ലഭ്യത പ്രായോഗികമായും നിയമപരമായും പ്രശ്നമായതിനാൽ ഈ ഉപദേശം കേട്ട് വിഷമിക്കാം എന്നല്ലാതെ പ്രയോജനമില്ല. പക്ഷെ ‘സാധനം കൈയിലുണ്ടെങ്കിൽ’ എപ്പോഴും കഴുകി വൃത്തിയാക്കി (20 സെക്കൻഡ് റൂൾ മറക്കേണ്ട) വേണം ഉപയോഗിക്കാൻ, കൊറോണക്കാലത്ത് പ്രത്യേകിച്ചും.

പരീക്ഷണത്തിന്റെ കാലം: ‘ഹം തും ഏക് കമരെ മി ബന്ദ് ഹോ’ എന്ന സാഹചര്യമാണ് ഇപ്പോൾ മിക്ക പങ്കാളികൾക്കും. ടെൻഷനടിച്ചതു കൊണ്ട് കൊറോണ പോവുകയോ സാധാരണ ജീവിതം തിരിച്ചു വരികയോ ഇല്ല. പിന്നെ ചെയ്യാവുന്നത് ഈ സമയം പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക എന്നതു മാത്രമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധം ഇതിന് ഉത്തമമാണ്. വളരെ പരിമിതമായ വിഭവങ്ങൾ കൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റുള്ള എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങൾ വരുകയും ചെയ്യുന്ന ഈ കാലം ലൈംഗികതയുടെ എല്ലാ സാധ്യതകളും പരീക്ഷിക്കാൻ പറ്റിയ കാലമാണ്. തന്ത്ര സെക്സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാവുന്നതെന്തും ഇക്കാലത്ത് പരീക്ഷിക്കണം. “ഓ, ആ കൊറോണക്കാലമായിരുന്നു ബെസ്റ്റ്!” എന്ന് നമുക്ക് പിൽക്കാലത്ത് പറയാൻ പറ്റണം.

‘സ്വപ്നങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു’: ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ചുറ്റിക്കളികൾ (വിവാഹേതര ബന്ധങ്ങൾ) കൂടുകയാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. ലോക്ക് ഡൌൺ കാലത്ത് ഓഫ് ലൈൻ ലൈനടികളും വിവാഹേതരബന്ധങ്ങളും ഒന്നും സാധിക്കില്ലല്ലോ (ഈ വിഷയത്തിൽ സർക്കാർ ഇളവനുവദിച്ചിട്ടില്ല). അതുകൊണ്ടു തന്നെ തൽക്കാലം ഈ സ്വപ്നങ്ങൾക്കൊക്കെ അവധി കൊടുത്ത് വീട്ടിലെ സ്വർഗ്ഗത്തിൽ ഒരു മുറി എടുക്കുന്നതാണ് ബുദ്ധി. അതേസമയം മനുഷ്യന് സഹജമായ സ്വഭാവമായതിനാൽ ഓൺലൈനിൽ മതിലുചാടിയുള്ള ഫ്ലർട്ടിംഗും ലൈംഗികച്ചുവയുള്ള ചാറ്റും കൂടുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പങ്കാളിയുടെ ഫോണും മെസ്സഞ്ചർ ചാറ്റ് ഹിസ്റ്ററിയും ഒന്നും എടുത്ത് പരിശോധിക്കാൻ പോകാതിരിക്കുന്നതാണ് ബുദ്ധി. കാരണം, എന്തെങ്കിലും കണ്ണിൽ പെട്ടാൽ പ്രശ്നം വഷളാകും, കലഹമാകും, ചിലപ്പോൾ അടിപിടിയാകും. ഗാർഹിക അക്രമങ്ങളിൽ അൻപത് ശതമാനം വർദ്ധനയാണ് മറ്റു രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതൊക്കെ ഇപ്പോൾ ഒഴിവാക്കുന്നതാണ് ബുദ്ധി (ഇനി ഇപ്പൊ ഈ ലോക്ക് ഡൌൺ കഴിഞ്ഞാലും ചുറ്റിക്കളികളും പങ്കാളിയുടെ ഫോൺ പരിശോധനയും ഒഴിവാക്കുന്നത് തന്നെയാണ് ശരിയായ കാര്യം എന്ന് കൂടി പറയട്ടെ).

ഓൺ ലൈൻ ഷോ കൂടി വരുന്നു !: വീടിനു പുറത്തിറങ്ങിയാൽ ഏതെങ്കിലും തരത്തിൽ ലൈംഗികമായ കടന്നുകയറ്റം സംഭവിക്കുന്നത് കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈനംദിന യാഥാർഥ്യമാണ്. അടുത്ത് വന്ന് മറ്റാരും കേൾക്കാതെ അശ്ലീലം പറഞ്ഞു പോവുക, പറ്റിയാൽ ശരീരത്തിൽ സ്പർശിക്കുക, കൊച്ചു കുട്ടികളും സ്ത്രീകളും പോകുന്പോൾ നഗ്നത പ്രദർശിപ്പിക്കുക, ഇതൊക്കെ പതിവാണ്. ലോക് ഡൌൺ ആയത് കൊണ്ട് ഇത്തരക്കാർക്ക് അധികം പണിയൊന്നും ഉണ്ടാവില്ല. അവരും വർക്ക് ഫ്രം ഹോം മോഡിലാണ്. ഫേസ്ബുക്കിൽ വന്ന് അശ്ലീലം പറയുക, ലൈംഗിക ചിത്രങ്ങൾ അയക്കുക, മെസ്സഞ്ചർ വീഡിയോ കോളിൽ സ്വന്തം ലൈംഗികത പ്രദർശിപ്പിക്കുക തുടങ്ങിയ പരിപാടികൾക്ക് അവർക്ക് കൂടുതൽ സമയം കിട്ടുന്നു. പോരാത്തതിന് കൊറോണക്കാലത്ത് ആളുകളെ സഹായിക്കാനായി സമൂഹത്തിലെ സ്ത്രീകൾ – ഡോക്ടർമാർ മുതൽ സന്നദ്ധ സേവകർ വരെ – പങ്കുവെക്കുന്ന ടെലഫോൺ നന്പറുകൾ എടുത്ത് ‘ഷോമാൻഷിപ്പ്’ ശക്തിപ്പെടുത്തുന്നതും കൊറോണക്കാലത്തെ ഒരു ദുര്യോഗമാണ്. ശ്രദ്ധിക്കുക.

കുട്ടികളെ ശ്രദ്ധിക്കുക- കുട്ടികളുടെ (ആൺ – പെൺ) നേർക്കുള്ള ലൈംഗിക കടന്നുകയറ്റം കേരളത്തിൽ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ, അറിയുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഈ കൊറോണക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക. സ്വന്തം വീട്ടിലും, അടുത്ത വീട്ടിലും, ഫോണിലും, സൈബർ ഇടങ്ങളിലും അവർക്ക് നേരെ കടന്നുകയറ്റം ഉണ്ടാകാം. ഇത് കൂടാതെ കുട്ടികളുമായി ബന്ധം സ്ഥാപിച്ചെടുത്ത് പിൽക്കാലത്ത് അവരെ ലൈംഗികമായി ഉപയോഗിക്കാൻ തയ്യാറാക്കുന്ന ഗ്രൂമിങ് എന്ന പരിപാടിയിൽ അകപ്പെടാനും സാധ്യതയുണ്ട്. കാരണം കുട്ടികൾ മിക്ക സമയവും ഓണലൈൻ ആണ്, അല്പം വിഷാദത്തിലും ആയിരിക്കുന്ന അവരെ വലയിട്ടു പിടിക്കാൻ എളുപ്പമാണ്. ഇത് സ്വന്തം ബന്ധുക്കളോ അപരിചിതരോ ആകാം. എപ്പോഴും കുട്ടികളുടെ മേൽ ഒരു കണ്ണ് വേണം.
അപ്പോൾ എല്ലാം പറഞ്ഞതുപോലെ. ലോക്ക് ഡൌൺ ആയത് കൊണ്ട്, വൈകിട്ടാവാൻ നോക്കി നിൽക്കേണ്ടതില്ല എന്ന് ഓർമിപ്പിക്കുന്നു.
മുരളി തുമ്മാരുകുടി,

ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടുന്നത് നിരീക്ഷിക്കുന്നതിനായി കേരള പോലീസ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ പകര്‍ത്തിയ നിരവധി വീഡിയോകള്‍ ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ബോര്‍ അടിച്ചിരിക്കുന്ന ആളുകള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വകയും ഇതിലുണ്ടായിരുന്നു.

അത്തരത്തില്‍ പുതിയ ഒരു ട്രോള്‍ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പോലീസ്. ഡ്രോണ്‍ ചരിതം മൂന്നാം ഭാഗം എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ പൊട്ടി ചിരി ഉണര്‍ത്തുന്നതാണ്. വിഡി രാജപ്പന്റെ കഥാപ്രസംഗത്തിലെ ‘ഇവിടെ ആരെങ്കിലും വന്നാലോ ഇവിടെ ആരിപ്പം വരാനാ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

രസകരമാണ് ഈ അപ്പൂപ്പന്‍മാരുടെ ടിക് ടോക്ക് പ്രകടനം. തലയണമന്ത്രം എന്ന ചിത്രത്തിലെ രസകരമായ രംഗത്തിനാണ് ഇവര്‍ ടിക് ടോക്ക് ചെയ്തിരിക്കുന്നത്. ശ്രീനിവാസനായി ഒരു അപ്പൂപ്പന്‍ പകര്‍ന്നാടുമ്പോള്‍ ഡ്രൈവിങ് പഠിപ്പിക്കുന്ന മാമുക്കോയ ആയിരിക്കുകയാണ് മറ്റൊരു അപ്പൂപ്പന്‍. ടിക് ടോക്കും ഡബ്‌സ്മാഷും എല്ലാം യുവതലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് വാദിക്കുന്നവര്‍ കണ്ടിരിക്കണം ഈ അപ്പൂപ്പന്‍മാരുടെ ടിക് ടോക്ക് പ്രകടനം.

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016-ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.

Copyright © . All rights reserved